news-details
ഇടിയും മിന്നലും

പീസ് ഹോമിലെ 'സീനിയര്‍ സിറ്റിസണാനുഭവധ്യാന'ത്തിന്‍റെ നാലാംദിവസം വൈകുന്നേരം നടക്കാന്‍ കൂട്ടിന് അപ്പിച്ചേട്ടനെ കാത്തുനില്‍ക്കുമ്പോള്‍ സിസ്റ്റര്‍ ആ വഴി വന്നു.

"അച്ചന്‍ അപ്പിച്ചേട്ടനെ കാത്തു നില്ക്കുകയാണെന്നറിയാം. ഇന്നലത്തേം ഇന്നത്തേം അച്ചന്‍റെ പ്രസംഗം കേട്ടപ്പളേ മനസ്സിലായി അപ്പിച്ചേട്ടന്‍റെ ഡയറിവായിച്ചെന്ന്.  അച്ചനോടത്ര ഇഷ്ടം തോന്നിയതുകൊണ്ടാ പുള്ളിക്കാരനതച്ചനു വായിക്കാന്‍ തന്നത്. ഞാന്‍ പലപ്രാവശ്യം ചോദിച്ചിട്ടും തന്നിട്ടില്ല. പക്ഷേ ഞാനത് അപ്പിച്ചേട്ടനില്ലാത്ത നേരത്തു മുറീല്‍കയറി  കട്ടുവായിച്ചിട്ടുണ്ട്. അപാരചിന്തകളാ എഴുതിവച്ചിരിക്കുന്നത്.  അതുപോലെതന്നെയാ പുള്ളി കാണിക്കുന്ന പണികളോരോന്നും. അപ്പിച്ചേട്ടനെ ഇവടെല്ലാരും വിളിക്കുന്ന പേര് അച്ചനറിയാമോ? ചുക്ക്. ഇതിനുമുമ്പിവിടിരുന്ന വികാരിയച്ചന്‍ കൊടുത്തപേരാ. പള്ളീല്‍ ചെന്നാലും അപ്പിച്ചേട്ടനിങ്ങനെ തന്നെയാ. ഒരു ഞായറാഴ്ച കുര്‍ബ്ബാന തുടങ്ങിയപ്പോള്‍ അച്ചനല്പം തപ്പലുപോലെ. ഒന്നുരണ്ടു പ്രാര്‍ത്ഥന തെറ്റിക്കുകയുംചെയ്തു. ആരുമതത്ര കാര്യമാക്കിയില്ല. പക്ഷേ അപ്പിച്ചേട്ടനു കാര്യം പിടി കിട്ടി. ഓടിച്ചെന്ന് കുമ്പസാരക്കൂട്ടിലിരുന്ന കൊച്ചച്ചനെ വിളിച്ചിറക്കി, വികാരിയച്ചന്‍റെ മുറിതുറപ്പിച്ച്, മേശപ്പുറത്തിരുന്ന കണ്ണാടിയെടുത്ത് അഞ്ചുമിനി റ്റിനകം അള്‍ത്താരയിലെത്തിച്ചു. അതാണപ്പിച്ചേട്ടന്‍. അന്നു പ്രസംഗത്തിനിടയില്‍ വികാരിയച്ചന്‍ പറഞ്ഞു:

'ചുക്കില്ലാത്ത കഷായമില്ലെന്നു നിങ്ങളു കേട്ടിട്ടില്ലേ? അത്ര ഗുണമുണ്ട് ചുക്കിന്. അതുപോലെ നമ്മുടെയിടയിലെ ചുക്കാണ് പീസ്ഹോമിലെ അപ്പിച്ചേട്ടന്‍. എവിടെ ആവശ്യമുണ്ടോ, ആരും പറയാതെ അപ്പിച്ചേട്ടനവിടെയെത്തും. ഇന്നാണെങ്കില്‍ പള്ളിനിറയെ ആളുകളുണ്ടായിരുന്നിട്ടും ഇത്രയും പ്രായമുള്ള അപ്പിച്ചേട്ടന്‍ മാത്രമല്ലേ കണ്ടറിഞ്ഞെത്തിയുള്ളു സഹായത്തിന്. അപ്പിച്ചേട്ടനെ കണ്ടുപഠിക്കണം.'

കുര്‍ബ്ബാനകഴിഞ്ഞ് അപ്പിച്ചേട്ടനെ അവിടെങ്ങുമാരും കണ്ടുമില്ല. ഏതായാലും അന്നുമുതല്‍ അപ്പിച്ചേട്ടനു പുതിയ പേരുകിട്ടി, ചുക്ക്. ഡയറിവായിച്ചപ്പോള്‍ അച്ചനു മനസ്സിലായിക്കാണുമല്ലോ, അപ്പിച്ചേട്ടന്‍ വെറും ചുക്കല്ലച്ചാ, ഒരു മഹാസംഭവമാ." അപ്പിച്ചേട്ടന്‍ വരുന്നതുകണ്ട് സിസ്റ്ററു പെട്ടെന്നു നിര്‍ത്തി.

"ഇന്നെങ്ങോട്ടാ അപ്പിച്ചേട്ടാ, കഴിഞ്ഞദിവസം അച്ചനേം കൊണ്ടുപോയി ഉപദേശിച്ചു വഷളാക്കി. അതിന്‍റെ ബാക്കിയായിരിക്കും ഇന്ന് അല്ലേ?"

"അതിനു മദറെ, തലക്കകത്ത് വ, വള്ളി, വര, പൂജ്യം, ഉള്ളവരോടേ പറഞ്ഞിട്ടു കാര്യമുള്ളു." അതുകേട്ട് സംഗതി പിടികിട്ടാതെ സിസ്റ്ററവിടെ നില്ക്കുമ്പോള്‍ ഞങ്ങളു നടന്നു.

"അപ്പിച്ചേട്ടന്‍ ആ പറഞ്ഞത് എനിക്കും അത്രയങ്ങോട്ടു പിടികിട്ടിയില്ല കേട്ടോ."
"എന്‍റച്ചാ, വെറും സിമ്പിള്‍ സൈക്കോളജി. വ, യ്ക്കു വള്ളിയിട്ടാല്‍ വി, വര കൂടെചേര്‍ത്താല്‍ വിവര, പൂജ്യംകൂടാകുമ്പോള്‍ പിടികിട്ടിയോ, വിവരം. മദറിനു വിവരമില്ലെന്നു മുഖത്തുനോക്കി പറയുന്നതു മര്യാദയല്ലല്ലോന്നു കരുതി അല്പം സൈക്കോളജി അടിച്ചതാ." ചിരിച്ചു ചിരിച്ചു ചുമച്ചുപോയി. ചിരി കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:

"ചുക്കു കാണുമോ അപ്പിച്ചേട്ടാ, തൊണ്ടക്കു സുഖമില്ല, ചുക്കുകാപ്പിയുണ്ടാക്കാനാ."
"അതിനെന്താ അച്ചാ ഞാനുണ്ടാക്കാ..." ഞാനുറക്കെച്ചിരിച്ചപ്പോള്‍ അപ്പിച്ചേട്ടനവിടെ നിര്‍ത്തി.

"ഓ.. മദറമ്മ അച്ചനോടേതാണ്ടൊക്കെപ്പറഞ്ഞല്ലേ?"

"ഏതാണ്ടൊന്നുമല്ല, ചുക്കു നല്ലതാണെന്നേ പറഞ്ഞുള്ളു. അതുപോട്ടെ, അപ്പിച്ചേട്ടന്‍റെ ഒറിജിനല്‍ പേരെന്താ?"

"പള്ളീലിട്ടപേര് അപ്രേന്‍, വീട്ടിലുള്ളവരു വിളിക്കുന്നത് അപ്പി, നാട്ടുകാരു വിളിക്കുന്നപേര് അപ്പച്ചന്‍, ഇവിടെവന്നുകഴിഞ്ഞു കിട്ടിയത് അച്ചനിപ്പം പറഞ്ഞത്."

"ഞാനൊരു കാര്യം പറയട്ടെ, വെറുതെ ഊതാന്‍ പറയുന്നതല്ല കേട്ടോ, അപ്പിച്ചേട്ടന്‍ സെമിനാരീല്‍ പോയിരുന്നെങ്കില്‍ ഇപ്പംവല്ല കര്‍ദ്ദിനാളുമായേനേം, രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഒന്നുമല്ലാതായേനേം, പോലീസിലാരുന്നെങ്കില്‍ നമ്മുടെ ഋഷിസാര്‍ മാറിയിരുന്നേനേം."

"അച്ചനിനി ഊതാന്‍വേണ്ടിത്തന്നെ മാര്‍പ്പാപ്പായോ, പ്രധാനമന്ത്രിയോ ആരൊക്കെ ആകുമായിരുന്നു എന്നു പറഞ്ഞാലും, എന്‍റെ ഉള്ളിലൊരു പഴയ ഞാനുണ്ടച്ചാ. ആ എന്നെ ഞാന്‍ മറന്നാലെ ആരെങ്കിലും ഊതുമ്പോള്‍ ഞാന്‍ വീര്‍ക്കൂ. ഇവിടാര്‍ക്കും അറിയില്ലാത്ത, നാട്ടുകാരും വീട്ടുകാരുമൊക്കെ ഏതാണ്ടു മറന്നുകഴിഞ്ഞ ഒരുഭൂതകാലമുണ്ടെനിക്ക്. എല്ലാരും എന്നെ ചുക്കാ, മുളകാന്നൊക്കെപ്പറഞ്ഞു വല്ലാതങ്ങു പൊക്കിയടിക്കുമ്പോളും ഞാന്‍ എന്‍റെയാ പഴയ എന്നെ ഓര്‍ക്കും. ഇന്നു ഞാനെന്താണോ അതെല്ലാം എന്‍റെ ഭാര്യേടെ നന്മകൊണ്ടു മാത്രമാണച്ചാ.  നാലുസഹോദരന്മാരില്‍ മൂന്നാമനാണ് ഞാന്‍. അപ്പന്‍ നല്ല അദ്ധ്വാനിയായിരുന്നു. ഞങ്ങളെ സ്കൂളില്‍ വിട്ടെങ്കിലും പത്താംക്ലാസ്സിലെത്തുംമുമ്പ് ഓരോരുത്തരായി അപ്പനെ സഹായിക്കാന്‍ പറമ്പിലിറങ്ങി. അങ്ങനെ എല്ലാരുംകൂടെ പണിത് അപ്പന്‍ തെളിച്ചെടുത്ത പത്തിരുപതേക്കറു ഭൂമി മുഴുവന്‍ നല്ല ആദായമാക്കി. വല്ലപ്പോഴുമൊക്കെ അപ്പനല്‍പം കള്ളു കുടിക്കുമായിരുന്നെങ്കിലും വീട്ടില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. ഞങ്ങളുനാലു പേരും കല്യാണംകഴിച്ചു. നാലുപേര്‍ക്കും അപ്പന്‍ വീതവുംതന്നു. എനിക്കുംകിട്ടി നാലേക്കര്‍. അപ്പന്‍ തന്നെ എനിക്കു വീടുംവച്ചുതന്നു. മൂന്നു മക്കളാകുന്നതുവരെ ഞാന്‍ വളരെ ഡീസന്‍റായിരുന്നു. മൂത്തവനെ സ്കൂളില്‍ വിടാറായപ്പോളാണ് ദുര്‍മ്മോഹം കയറിയത്. മൂന്നും നല്ല മിടുക്കന്മാരാണ്‍മക്കള്‍. അവരെ പഠിപ്പിച്ച് വല്യ ജോലിക്കാരാക്കണം. പക്ഷേ സ്കൂളില്‍ പോകാന്‍ മൂന്നുമൈല്‍ നടക്കണം. ഹൈസ്കൂള്‍ അതിലും ദൂരെയാണ്. ബസ്സോടുന്ന വഴിയുമല്ല. എങ്ങനെയെങ്കിലും കാശുണ്ടാക്കി ടൗണിനടുത്തല്പം സ്ഥലംവാങ്ങി വീടുവയ്ക്കണം. ഭാര്യയോടു പറഞ്ഞപ്പോള്‍ നന്നായിട്ടുപണിയെടുത്ത്, പറ്റുന്നതുപോലെ ചെലവുംചുരുക്കി നോക്കാമെന്നവളും സമ്മതിച്ചു. അങ്ങനിരിക്കുമ്പോളാണറിഞ്ഞത്, പത്തിരുപതു മൈലകലെ വനത്തോടുചേര്‍ന്ന റവന്യൂഭൂമി, സര്‍ക്കാരു മൂന്നുകൊല്ലത്തേക്കു കൃഷിചെയ്യാന്‍ പാട്ടത്തിനു കൊടുക്കുന്നുണ്ടെന്ന്. അപ്പനോടാലോചിച്ചപ്പോള്‍ കാട്ടില്‍ പോയിക്കിടന്നു മല്ലിടാന്‍ പോണോ, ഉള്ളതിനകത്തു പണിയെടുത്താല്‍പോരേന്നു ചോദിച്ചു. ഭാര്യയും അതുതന്നെപറഞ്ഞു. അതൊന്നും കൂട്ടാക്കാതെ, എത്രകഷ്ടപ്പെട്ടായാലും കാശുണ്ടാക്കാനുള്ള ആര്‍ത്തിയില്‍, രണ്ടുമൂന്നു കൂട്ടുകാരു കൂടി നാലഞ്ചേക്കറു പാട്ടത്തിനെടുത്തു. അവിടെത്തന്നെ കുടിലുകെട്ടി താമസമാക്കി. വെട്ടംവീഴുമ്പോള്‍ തൂമ്പായും കൂന്താലിയുമായിട്ടിറങ്ങിയാല്‍ കണ്ണിലിരുട്ടു കയറുമ്പോളേ കയറൂ. നിലാവുണ്ടെങ്കില്‍ രാത്രീലുംപണിയും. രാവിലെ ഒരുവലിയ കലത്തില്‍ കപ്പയും വേറൊരു കലത്തില്‍ ചോറും വച്ചാല്‍ അത്താഴംവരെയുള്ള ഭക്ഷണമായി. ഒണക്ക മീനോ ചെമ്മീനോ മാങ്ങായിട്ടു ചാറുവച്ചാല്‍ മൂന്നാലുദിവസത്തേയ്ക്കു കൂട്ടാനുമായി. ആദ്യമൊക്കെ ശനിയാഴ്ച വീട്ടില്‍ ചെല്ലുമായിരുന്നു. പിന്നെയതു രണ്ടാഴ്ചയിലൊന്നായി, മാസത്തിലൊന്നായി. ഭാര്യയും മക്കളും കരഞ്ഞുപറയുമ്പോളും പണിയിലായിരുന്നു കമ്പം.

രാത്രി കാട്ടുപന്നിയെയും മുള്ളനേയുമോടിക്കാന്‍ ഒരാളെങ്കിലും ഉണര്‍ന്നിരിക്കണം. പകലത്തെ പണിയുംകഴിഞ്ഞ് ഉണര്‍ന്നിരിക്കാന്‍ വേണ്ടി വലിതുടങ്ങി. നവംമ്പര്‍ മുതലങ്ങോട്ടു കോച്ചുന്ന തണുപ്പാണ്, കൂട്ടുകാരുകൊണ്ടുവന്ന വാറ്റുചാരായംകുടിച്ചു തണുപ്പുമാറ്റി. അതു മനസ്സിലായ ഭാര്യ ചെല്ലുമ്പോളൊക്കെ കരഞ്ഞുപറയാറുണ്ടായിരുന്നെങ്കിലും അവളൊരിക്കലും പിണങ്ങിയില്ല. ആദ്യവര്‍ഷം നല്ല ലാഭമായിരുന്നു. രണ്ടാം വര്‍ഷം വലിയകണക്കുകൂട്ടലില്‍ നാലഞ്ചുപണിക്കാ രെയും കൂടെക്കൂട്ടി.  പണിക്കാരു രാവിലെതന്നെ കുടിച്ചിട്ടായിരുന്നു പണിക്കിറങ്ങുന്നത്. രാത്രിയില്‍ ചീട്ടുകളിയും കുടിയും. അവരുടെകൂടെയിരുന്നു ചീട്ടുകളി പഠിച്ചു. അതു പിന്നെ ഹരമായി. പലദിവസങ്ങളിലും പണിയാന്‍പോലും ഇറങ്ങാതിരുന്നു കളിച്ചു. തലേവര്‍ഷം ലാഭംകിട്ടിയതു മുഴുവന്‍ കളിച്ചുതീര്‍ന്നപ്പോള്‍ കടംവാങ്ങി അതുവച്ചു ചീട്ടുകളിച്ചു. ആ വര്‍ഷം കിട്ടിയ ആദായംമുഴുവന്‍ കടംവീട്ടാനെ തികഞ്ഞുള്ളു. അതേസമയം കൂടെയുണ്ടായിരുന്ന പണിക്കാരു സ്വന്തമായി പറമ്പു പാട്ടത്തിനു പിടിക്കുകേംചെയ്തു.

മക്കളുടെ കരച്ചിലും ഭാര്യേടെ തോരാത്ത കണ്ണുനീരും കണ്ടിട്ടും ഒരു ഭ്രാന്തുപോലെയായിരുന്നു പിന്നെ. ബാക്കിയുള്ള ഒറ്റവര്‍ഷംകൊണ്ട് മുഴുവന്‍ തിരിച്ചുപിടിക്കാനുള്ള വാശി. മൂന്നു ബ്ലേഡുകാരോടായി  വന്‍പലിശയ്ക്കു കടമെടുത്ത് പിന്നേം പണിതുടങ്ങി. പനിപിടിച്ചൊരുമാസം കിടന്നുപോയതോടെ പണിമുടങ്ങി, കുടി മുടങ്ങിയുമില്ല. രാത്രി കൂട്ടിനുവന്ന കൂട്ടുകാരുമായി കളിയുംകുടിയും തുടര്‍ന്നു, രാത്രി പന്നിയെ ഓടിക്കാന്‍പോലും പോകാതെ. നട്ടതിലധികവും അതുങ്ങളു തിന്നു തീര്‍ത്തു. കടംവാങ്ങിയ കാശുംതീര്‍ന്നു. ഒന്നുമില്ലാതെ വെറുംകൈയ്യോടെ, പാട്ടവുംതീര്‍ന്നു, ബ്ലേഡിലെ കടം ബാക്കിയും. അതു വീട്ടാന്‍ വസ്തുവിന്‍റെ ഏറ്റവും ആദായമുണ്ടായിരുന്ന രണ്ടേക്കര്‍ വിറ്റു. ഒരുപരാതിയും പറയാതെ ഭാര്യ രണ്ടുമൂന്ന് അയല്‍ വീടുകളില്‍ അടുക്കളപ്പണിചെയ്തു വീട്ടുചെലവിനുള്ളതുണ്ടാക്കി. മസസ്സുമടുത്തു വീട്ടിലിരുന്നപ്പോള്‍ പറമ്പിലിറങ്ങി പണിയാനും മടി. ഏതുനേരവും അട്ടഹസിക്കുന്ന എന്നെ കാണുന്നതുതന്നെ മക്കള്‍ക്കു പേടി. ഉച്ചയാകുമ്പോള്‍ സിറ്റിയിലിറങ്ങും, ചീട്ടുകളിക്കാനും കള്ളുകുടിക്കാനും കൂട്ടുകാരിഷ്ടം പോലെ. വൈകി വീട്ടിലെത്തുമ്പോള്‍ മക്കളുറങ്ങിക്കഴിയും, ഭാര്യ ഭക്ഷണം കഴിക്കാതെ കാത്തിരിക്കും. കള്ളും കപ്പയുമടിച്ചിട്ടു ചെല്ലുന്ന കാരണം മിക്കപ്പോഴും അത്താഴം കഴിക്കാറില്ലായിരുന്നു, അവളും കഴിക്കാതെ കിടക്കും. അക്കാലത്തിനിടയില്‍ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ടായി. എന്നെങ്കിലും നേരത്തെ വീട്ടിലെത്തുമ്പോള്‍ ഭാര്യേംപിള്ളേരും പ്രാര്‍ത്ഥിക്കുന്നതു കണ്ടാല്‍ ചീത്തവിളിച്ച് മണ്ണുവാരി എറിയുമായിരുന്നു. അതുകാരണം കാറിക്കൂവിയുള്ള എന്‍റെ വരവുകേള്‍ക്കുമ്പോഴേ പ്രാര്‍ത്ഥനനിര്‍ത്തി മക്കളൊക്കെ ഒളിക്കുമായിരുന്നു. എന്നിട്ടും കരഞ്ഞുപറയുകയ ല്ലാതെ ഭാര്യ എന്നെ കുറ്റപ്പെടുത്തിയില്ല. ചേട്ടന്മാരുടെ വീട്ടുപടിക്കല്‍ കൂടിപോരുമ്പോള്‍ അവരു പ്രാര്‍ത്ഥിക്കുന്നതുകേട്ടാല്‍ അവിടെക്കയറി തെറിവിളിച്ചിട്ടുണ്ട്. ഒരുരാത്രി വീട്ടില്‍കിടന്നു ബഹളംവച്ചപ്പോള്‍ അപ്പന്‍വന്നു വഴക്കുപറഞ്ഞു. അപ്പന്‍കുടിക്കുന്നതുകണ്ടാ ഞാനും കുടി പഠിച്ചത്, കൊണദോഷിക്കാന്‍ പോരണ്ടാന്നു പറഞ്ഞപ്പനോടു തട്ടിക്കയറി. അപ്പന്‍ തലയുംകുനിച്ചിറങ്ങിപ്പോയി. അതുകണ്ട ഭാര്യ ഉറക്കെക്കരഞ്ഞു. ആ അരിശത്തിനു പിന്നേംപോയി കുടിച്ചു. വല്ലപ്പോഴും കുടിക്കാ റുണ്ടെങ്കിലും ഒരുവാക്കുപോലും ചീത്തപറഞ്ഞിട്ടില്ലാത്ത, അപ്പന്‍റെ ശാപം വരുത്തിവയ്ക്കല്ലേന്ന് പിറ്റെദിവസംരാവിലെ ഭാര്യ പറഞ്ഞുകരഞ്ഞപ്പോള്‍ അപ്പനോടു ക്ഷമചോദിക്കാനുള്ള ധൈര്യത്തിനു വേണ്ടി രാവിലെതന്നെ ചെന്നുകുടിച്ചിട്ടു കാശു കൊടുക്കാനില്ലെന്നു പറഞ്ഞപ്പോള്‍ ഷാപ്പുകാരന്‍ തെറിപറഞ്ഞു. അതിന് അയാളെ തല്ലി. അതറിഞ്ഞ് അയാളുടെ മക്കളു വഴീല്‍ പിടിച്ചുനിര്‍ത്തി അന്ന് അടിച്ചു പറിച്ചതാണച്ചാ എന്‍റെവായിലെ പല്ലുമുഴുവന്‍. അതുമറക്കാതിരിക്കാനാണച്ചാ മക്കളുപറ ഞ്ഞിട്ടും ഇതുവരെ ഞാന്‍ പല്ലു വയ്ക്കാത്തത്. അന്നത്തെ ആശുപത്രിചികിത്സയുടെ കാശുമുഴുവന്‍ അപ്പനാണുകൊടുത്തത്. അതോടെ മര്യാദയ്ക്കു ജീവിക്കാന്‍ തീരമാനിച്ചതായിരുന്നു. പക്ഷെ ആശുപത്രീന്നിറങ്ങിവരുംവഴി, മക്കള്‍ക്കെതിരെ ഞാന്‍ കേസിനു പോകാഞ്ഞതിനു നന്ദിയായി ഷാപ്പുകാരന്‍ ഫ്രീയായിട്ടു സല്‍ക്കരിച്ചു. അതോടെ പിന്നെയും കുടിച്ചുലക്കില്ലാതെ വഴിയില്‍കിടപ്പു പതിവായി. കൂട്ടുകാരൊക്കെ ഒരുവകയായിരുന്നു. കുടികഴിഞ്ഞാല്‍ പെണ്ണുങ്ങടെ കൂടെപ്പോയതും, മരുമക്കളെ കയറിപിടിച്ചതുമൊക്കെയായിരുന്നു അവര്‍ക്കു പറയാനുള്ളത്. പക്ഷേ അച്ചാ, എത്ര പൂസായിട്ടും എന്‍റെ ഭാര്യേടെ നന്മയോര്‍ത്ത് ഞാനൊരിക്കലും ഒരുവൃത്തികേടിനും പോയിട്ടില്ല.

ഒരുദിവസം രാത്രീല്‍ ഷാപ്പിലിരിക്കുമ്പോള്‍ കൂടെക്കുടിച്ചുകൊണ്ടിരുന്നയാളിന്‍റെ മകന്‍ കയ്യിലൊരു കുറുവടിയുമായി പാഞ്ഞുകയറിവന്നു. വന്ന പാടെ നീയെന്‍റെ ഭാര്യേക്കേറിപ്പിടിക്കും അല്ലേടാന്നും ചോദിച്ച് ഒറ്റയടിയായിരുന്നു അപ്പന്‍റെ തലക്കിട്ട്. അയാളു തലവെട്ടിച്ചതുകാരണം അടികൊണ്ടതു തോളിനാണ്. ഓടാന്‍ എഴുന്നേറ്റപ്പോള്‍ കാലിനിട്ടും കൊടുത്തു. നിലത്തുകിടന്നയാള്‍ കാറി. ഉടനെയവന്‍ മേശയില്‍കിടന്ന തവിയെടുത്ത് അപ്പന്‍റെ വായില്‍ കുത്തിക്കയറ്റി. ആരെങ്കിലും പോലീസിലെങ്ങാനും പറഞ്ഞാല്‍, കൊന്നിട്ടു ജയിലില്‍ പോകുമെന്നും പറഞ്ഞ് അവന്‍പിന്നെ എന്‍റെനേരെവന്നു. ഞാനിറങ്ങിയോടി. അവന്‍ പുറകെയുണ്ടെന്നോര്‍ത്തു ലക്കില്ലാതെയോടി എവിടെയോ ചെന്നുവീണു. അതു പള്ളിപ്പറമ്പിലായിരുന്നു. ഓര്‍മ്മവരുമ്പോള്‍ വികാരിയച്ചനെ മുമ്പില്‍ കണ്ടപ്പോളാണ് പള്ളിമുറിയിലാണെ ന്നറിഞ്ഞത്. അച്ചന്‍ തോര്‍ത്തുംസോപ്പും തന്നു. കുളികഴിഞ്ഞ് ഭക്ഷണവുംതന്നു. അപ്പോഴേക്കും ഭാര്യ ഒരുബാഗില്‍ എന്‍റെ തുണിയുമായെത്തി. അച്ചന്‍ വിളിപ്പിച്ചതായിരുന്നു. ഞാനൊരാഴ്ച കഴിഞ്ഞേ വീട്ടില്‍ചെല്ലൂ, എന്നുപറഞ്ഞ് അവളെ തിരിച്ചുവിട്ടു. എന്നെയുംകൂട്ടി അച്ചന്‍ ഭരണങ്ങാനത്ത് അസ്സീസി ധ്യാനമന്ദിരത്തിലെത്തി അവിടെയുണ്ടാ യിരുന്ന ആര്‍മണ്ടച്ചനെ ഏല്പിച്ചു. ധ്യാനത്തിന്‍റെ അവസാനം അച്ചന്‍ എല്ലാവരുടെയും മുമ്പില്‍വച്ച് എന്‍റെതലയില്‍ കൈവച്ച്, ഇവനും അബ്രാഹത്തിന്‍റെ പുത്രനാണ്, ഇവന്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നു എന്നുപറഞ്ഞ് അനുഗ്രഹിച്ചുവിട്ടു. വീട്ടില്‍വന്നപ്പോള്‍ എല്ലാവര്‍ക്കും വലിയസന്തോഷം. ഒത്തിരി സമ്പാദിക്കാന്‍ പോയി പത്തുവര്‍ഷംകൊണ്ട് മാനംമുഴുവനും സ്വത്തുപാതിയും നശിപ്പിച്ചിട്ടുചെന്നിട്ടും ആര്‍ക്കും പരാതിയില്ല. അന്നുവൈകുന്നേരം പത്തുവര്‍ഷങ്ങള്‍ക്കുശേഷം ആണ്‍മക്കളെ മൂന്നുപേരെയുംകൂട്ടി ആറ്റില്‍പോയി, കുളിക്കാന്‍. കുഞ്ഞുങ്ങളായിരുന്നപ്പോള്‍ എല്ലാ ദിവസവും അവരുമായി പോയിരുന്നതാണ്. കുളികഴിഞ്ഞു മൂത്തവരെ ഇരുവശത്തും, ഇളയവനെ മടിയിലും ഇരുത്തി, പണ്ട് അപ്പന്‍റെകൂടെ വെറും ഭൂമിയില്‍ പണുത് നല്ലനിലയിലെത്തിയ ചരിത്രം മുതല്‍ ഒത്തിരി കാര്യങ്ങളവരോടു പറഞ്ഞു. ഒടുവില്‍, പാവം അവരുടെഅമ്മ അയലത്ത് അടുക്കളപ്പണിക്കുപോയി അവരെ നോക്കേണ്ടിവന്നതില്‍ കണ്ണുനീരോടെ അവരോടു ക്ഷമചോദിച്ചു. അവരും കരഞ്ഞു. ചാച്ചന്‍ പാവമാണ്, അറിയാതെ കുടിച്ചു പോകുന്നതാണ്, ചാച്ചനുവേണ്ടി എന്നും പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അമ്മ എന്നും അവരോടു പറഞ്ഞു കൊടുക്കുമായിരുന്നെന്നവരുപറഞ്ഞു.  അന്നവിടിരുന്ന് അവര് എനിക്കൊരു വാക്കുതന്നു, അവരുപഠിച്ചോളാം, നല്ലനിലയിലും എത്തിക്കോളാം, ചാച്ചനൊരിക്കലും കുടിക്കാതിരുന്നാല്‍മാത്രം മതിയെന്ന്. ഞാനവരെ കെട്ടിപ്പിടിച്ചുകരഞ്ഞു. സമയംപോയതറിഞ്ഞില്ല. അനക്കംകേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഭാര്യയും കൊച്ചുങ്ങളും പുറകില്‍. വൈകിയിട്ടും ഞങ്ങളെ കാണാഞ്ഞിട്ട് അവര് അന്വേഷിച്ചിറങ്ങിയതായിരുന്നു. ഞങ്ങളങ്ങനെ കെട്ടിപ്പിടിച്ചിരിക്കുന്നതുകണ്ടപ്പോള്‍, അവളുംകൂടെ ചാച്ചന്‍റെ മടിയിലൊന്നിരുന്നോട്ടേന്നുള്ള ഇളയമോളുടെ ചോദ്യം കേട്ട് കരച്ചിലടക്കാനായില്ലച്ചാ. ആ കുഞ്ഞുങ്ങളെയും മടിയിലിരുത്തി, ഭാര്യയുമടുത്തിരുന്ന് ഒരു കൊന്തയുംചൊല്ലിക്കഴിഞ്ഞ് വീടിനടുത്ത് എത്തുമ്പോള്‍ മുറ്റത്ത് ആള്‍ക്കൂട്ടം. ചേട്ടന്മാരും അനിയനും അപ്പനും അമ്മയുമെല്ലാവരുമുണ്ട്.

"നീ വല്ലാതെ പേടിപ്പിച്ചുകളഞ്ഞല്ലോടാ അപ്പീ. നീ ധ്യാനംകഴിഞ്ഞു വന്നെന്നറിഞ്ഞു നിന്നെയൊന്നു കാണാന്‍ വടീംകുത്തി ഇവിടെ വന്നപ്പം, വെളക്കും കത്തിച്ചുവച്ച്, പെരേം പൂട്ടാതെ, ആരേം ഇവിടെ കാണാഞ്ഞപ്പോള്‍ ഞാനങ്ങു വെരണ്ടുപോയി. അന്നേരം ഞാനിവരെയെല്ലാം വിളിച്ചുകൂവി വരുത്തിയതാ." അപ്പനതു പറഞ്ഞപ്പോള്‍ ഓടിച്ചെന്ന് അപ്പന്‍റെ കാല്ക്കല്‍വീണു.
അനിയന്‍ സന്മനസ്സോടെ, അവനുവച്ചിരുന്ന, അപ്പന്‍റെയുമമ്മയുടെയും വീതംകൂടെ എനിക്കുതന്നു. അതിന്‍റെ ആദായംകൊണ്ടു മക്കളെ പഠിപ്പിച്ചു. ഞാന്‍ വാക്കുതെറ്റിച്ചില്ലച്ചാ. മക്കളും വാക്കുപാലിച്ചു. അവരഞ്ചുപേരും പഠിച്ചു. ഇളയവന്‍ റെയില്‍വേയിലാണ്. അവന്‍ മാത്രമേ നാട്ടിലുള്ളു. മൂത്തവരു രണ്ടും, ഇളയ പെണ്‍മക്കളും കുടുംബത്തോടെ ജോലിയുമായി വിദേശത്താണ്. അഞ്ചുമക്കള്‍ക്കും ഞങ്ങളു രണ്ടുപേരെയും കൂടെവേണം. അതു കൊണ്ട് ആര്‍ക്കും വിഷമമുണ്ടാകാതിരിക്കാന്‍ ഞാനൊരു പണിചെയ്തച്ചാ. മൂത്തവരു രണ്ടുപേരോടും പറഞ്ഞ്, ഈ പീസ് ഹോമില്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്ഥിരതാമസത്തിനുള്ള പണമടപ്പിച്ചു. കാലം മാറിയില്ലെയച്ചാ. മക്കളൊക്കെ പലനാട്ടിലായി. അവര്‍ക്കു കുടുംബമായി, നല്ലനിലയിലായി. ഇനിയും അവരുടെകൂടെ താമസിച്ചാല്‍ അവരുടെ മക്കളെ വളര്‍ത്തലും രീതികളും, വീടുനടത്തിപ്പുമൊന്നും ഞങ്ങള്‍ക്കു പിടിച്ചെന്നുവരത്തില്ല. അന്നേരം ഞങ്ങളു പ്രതികരിക്കും. പ്രതികരിച്ചാല്‍ അവര്‍ക്കു വിഷമംവരും. പ്രതികരിക്കാതിരുന്നാല്‍ ഞങ്ങള്‍ക്കു വിഷമമാകും. അതു മനസ്സിലൊതുക്കും, ചിലപ്പോളതു പൊട്ടലും ചീറ്റലുമാകും. രണ്ടുകൂട്ടര്‍ക്കും കൊള്ളാനും തള്ളാനുംപറ്റാത്ത അവസ്ഥ വരും. തന്നെയല്ലച്ചാ, എത്രയായാലും കുറെക്കഴിയുമ്പോള്‍ അവരുടെ തിരക്കിനിടയില്‍ ഞങ്ങള്‍ അവര്‍ക്കൊരു ബാധ്യതയുമാകും. ഇപ്പളെല്ലാര്‍ക്കും നല്ല സ്നേഹമാ. അതു പോകാതിരിക്കാന്‍വേണ്ടിയാ ഞാനീവഴി നോക്കിയത്. ആവശ്യം സാധിച്ചുകഴിഞ്ഞതുകൊണ്ട്, അനിയന്‍ തന്ന വീതം അവനു തന്നെ തിരിച്ചെഴുതിക്കൊടുത്ത്, ഭാര്യയോട് ആര്‍ക്കും ഭാരമാകുന്നതിനുമുമ്പ് പോന്നേക്കാനും പറഞ്ഞ്, ഞാന്‍ മുമ്പിലിങ്ങുപോന്നു. എന്‍റെ തന്നിഷ്ടം കൊണ്ടുണ്ടായ നാശം മക്കള്‍ക്കേല്‍ക്കാതെ, എന്‍റെ ഭാര്യേടെ മിടുക്കുകൊണ്ട് അവരു രക്ഷപെട്ടു, ഞാനും. അതുകൊണ്ടച്ചാ, ഈ പല്ലില്ലാത്ത അപ്പി ചുക്കല്ല, വെറും ചുണ്ണാമ്പാണെന്നു പറഞ്ഞാലും ഒട്ടു ചൊള്ളത്തുമില്ല, പുണ്യാളനാ മാലാഖായാന്നൊക്കെ പറഞ്ഞാലും ഒട്ടു വീര്‍ക്കത്തുമില്ല. പഴയതോരോന്നോര്‍ത്തു ഞാന്‍ വിഷമിച്ചപ്പോളൊക്കെ ഭാര്യയാ പറഞ്ഞുതന്നത്, കറുത്തബോര്‍ഡേലല്ലേ തമ്പുരാന് എഴുതിപ്പഠിപ്പിക്കാന്‍ പറ്റൂ, അതുകൊണ്ട് ബോര്‍ഡു കറുത്തതാണെന്നും പറഞ്ഞു കരയാതെ, കറുത്ത ബോര്‍ഡിലെ വെളുത്ത എഴുത്തുകള്‍ വായിച്ചു പഠിക്കാന്‍. അങ്ങനെ വായിച്ചു പഠിച്ചതാണച്ചാ അപ്പീടെ ഡയറീലുള്ളതു മുഴുവന്‍. വെറും പൊള്ളയായിരുന്ന വ, യ്ക്ക് വള്ളിയിട്ട്, വര യും ചേര്‍ത്ത്, പൂജ്യവുമിട്ട് ഈ അപ്പിയെ ഇന്ന് ചുക്ക് ആക്കിയത് അവളാണച്ചാ, എന്‍റെ ഭാര്യ. അച്ചനിനി നടന്നോ, എനിക്കഞ്ചാറു പൂടപ്പഴോം, കാന്താരീം കൂടെ പറിക്കണം."

എന്‍റെ പ്രതികരണമെന്താണെന്നുപോലും നോക്കാതെ അപ്പിച്ചേട്ടന്‍ വേഗം തിരിച്ചുനടന്നു. കടഞ്ഞെടുക്കാന്‍ ആളില്ലാതെ, മാറ്ററിയാന്‍ ഉരകല്ലില്ലാതെ കടന്നു പോകുന്ന, ഇതുപോലെയുള്ള എത്രയോ അറിവിന്‍റെ 'വിവര' സംഭരണികള്‍, സമകാല സമൂഹത്തിന്‍റെ ചവറ്റുകുട്ടകളായ വൃദ്ധമന്ദിരങ്ങളില്‍ പുകഞ്ഞു തീര്‍ന്നുപോകുന്നു!!

You can share this post!

പൂ.ദ.വി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts