news-details
അക്ഷരം

സംസ്കാരത്തിന്‍റെ പടവുകള്‍

വീണ്ടും മാര്‍കേസ്!

മാര്‍കേസിന്‍റെ ഭൗതികസാന്നിദ്ധ്യം ഇല്ലാതായിട്ട് വര്‍ഷങ്ങളാകുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയസാന്നിദ്ധ്യം നമുക്കിടയിലുണ്ട്. മാര്‍കേസിന്‍റെ മരണശേഷമാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ ഗ്രന്ഥ രൂപത്തിലായത്. അതുപോലെ തന്നെ ശ്രദ്ധേയമാണ് 'The last Interview and their Conversations'  എന്ന ചെറുപുസ്തകം. മഹാനായ ഒരെഴുത്തുകാരന്‍റെ എഴുത്തിലേക്കും ജീവിതത്തിലേക്കുമുള്ള വഴിത്താരയായി ഈ വാക്കുകള്‍ മാറുന്നു. സ്വന്തം കൃതികളുടെ ആത്മാവിലേക്കുള്ള എത്തിനോട്ടമാണ് ഈ അഭിമുഖങ്ങള്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ലാറ്റിനമേരിക്കയുടെ ചരിത്രത്തെ മുഴുവന്‍ വാറ്റിയെടുത്ത പ്രതീകാത്മക രചനയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ചരിത്രവും രാഷ്ട്രീയവും ഇഴചേരുന്ന എഴുത്തായിരുന്നു മാര്‍കേസിന്‍റേത്.' കുലപതിയുടെ ശരത്കാലത്തില്‍ അധികാരം എങ്ങനെ കടന്നുവരുന്നുവെന്നും അദ്ദേഹം എടുത്തുപറയുന്നു. ചരിത്രത്തോട് അധികാരത്തെ ചേര്‍ത്തുവയ്ക്കുകയാണ് അദ്ദേഹം. അധികാരത്തിന്‍റെ സൂക്ഷ്മരൂപങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലുമുണ്ട് എന്ന് മാര്‍കേസ് നിരീക്ഷിക്കുന്നു.

പാശ്ചാത്യ ചിന്തയിലെ യുക്തിയുടെ ആധിപത്യത്തിനു ബദലായിട്ടാണ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ നിലനില്പെന്ന് മാര്‍കേസ് പറയുന്നുണ്ട്. യുക്തിവാദികള്‍ക്ക് മനസ്സിലാക്കാനാവാത്ത മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്‍റെ രാവണന്‍കോട്ടകള്‍ ആവിഷ്കരിച്ച എഴുത്തുകാരുടെ വഴികള്‍ വ്യത്യസ്തമായിരുന്നു. ലാറ്റിനമേരിക്കയുടെ ഏകാന്തതയെയാണ് അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അതില്‍ രാഷ്ട്രീയവും ചരിത്രവും സംസ്കാരവും മിത്തുകളുമെല്ലാം ഇടകലരുന്നു. നോമ്പിനെ യാഥാര്‍ത്ഥ്യത്തിന്‍റെ കാവ്യാത്മകാവിഷ്കാരമായി അദ്ദേഹം പരിവര്‍ത്തിപ്പിക്കുന്നു. രേഖീയവും ചാക്രികവുമായ കാലത്തെ അടയാളപ്പെടുത്തുന്ന ദൗത്യം എപ്രകാരമാണ് സാഹിത്യം ഏറ്റെടുക്കുന്നതെന്ന് മാര്‍കേസ് പ്രസ്താവിക്കുന്നു. "As a writer, I’m interested in power, because in it can found all the greatness and misery of human existance" എന്നു പറഞ്ഞ മാര്‍കേസിനെ നാം ഈ അഭിമുഖങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നു. സമകാലിക ഭാരതത്തില്‍ അധികാരം എങ്ങനെയെല്ലാം മനുഷ്യജീവിതത്തില്‍ ഇടപെടുന്നു എന്നു മനസ്സിലാക്കാന്‍ കൂടി മാര്‍കേസിന്‍റെ ചിന്തകള്‍ സഹായകമാകും.


ജീവിതം നിരന്തര ജനനമാണ്

 



ഇന്ത്യന്‍ നവ സിനിമയുടെ അഗ്രദൂതരില്‍ ഒരാളാണ് മൃണാള്‍സെന്‍. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഒരു കാലത്തിന്‍റെ ചരിത്രവും സംസ്കാരവും വെളിപ്പെടുത്തുന്നതോടൊപ്പം മനുഷ്യജീവിതത്തിന്‍റെ അസാധാരണ മുഹൂര്‍ത്തങ്ങള്‍ വരച്ചിടുകയും ചെയ്യുന്നു. മൃണാള്‍സെന്‍ എന്ന മഹാചലച്ചിത്രകാരന്‍റെ ആത്മകഥയാണ് 'നിരന്തര ജനനം' (Always Being Born). മനുഷ്യജീവിതവും കര്‍മ്മങ്ങളും നിരന്തര ജനനമാണെന്നാണ് ഈ കലാകാരന്‍ വെളിപ്പെടുത്തുന്നത്. നിരന്തരം ജനിക്കാത്തവന്, പുതുക്കാത്തവന് സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണ് എന്നാണ് അദ്ദേഹം എടുത്തു പറയുന്നത്. കാലത്തിന്‍റെ ശിഥില ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ നിറയുന്നത്. "ഞാന്‍ ഭൂതകാലത്തെ സമകാലിക ബോധത്തില്‍ സന്നിവേശിപ്പിക്കുന്നു. ഭൂതവും വര്‍ത്തമാനവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂതവും വര്‍ത്തമാനവുമായി ഇടതടവില്ലാതെ സംവദിച്ചുകൊണ്ട്" അദ്ദേഹം തന്‍റെ ജീവിതം ആവിഷ്കരിക്കുന്നു.


മൃണാള്‍സെന്നിന്‍റെ ഓരോ സിനിമയുടെ പിന്നിലും കഥയുണ്ട്. അത് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഊടും പാവുമാണ്. സാഹിത്യവും സിനിമയും എല്ലാം ചിന്താവിഷയമാകുന്നു. ജീവിതത്തിലേക്കുള്ള ആഞ്ഞുമുങ്ങലാണ് അദ്ദേഹത്തിന് സിനിമയും സാഹിത്യവുമെല്ലാം. ജീവിതത്തെ സമഗ്രമായിക്കാണുകയാണ് ഈ കലാകാരന്‍റെ രീതി. "ഒരു മീഡിയത്തെ മറ്റൊന്നിലേക്ക് പറിച്ചുനടുമ്പോള്‍, അത് പുനഃസൃഷ്ടിച്ച്, പുനര്‍ നിര്‍വചിച്ച് വിഷയത്തെ പുനരാവിഷ്കരിക്കുക എന്നത് എന്‍റെ ഭാഗത്തു നിന്നുള്ള കര്‍ത്തവ്യമാണ്" എന്ന് വിശ്വസിച്ചു മൃണാള്‍സെന്‍. "ഓര്‍ക്കുക, നിങ്ങള്‍ വൈവിധ്യമാര്‍ന്ന മാധ്യമത്തെ തൊടുമ്പോള്‍ മനുഷ്യനെയാണ് തൊടുന്നത്. നിങ്ങള്‍ മാധ്യമത്തിന് വിധേയമായിരിക്കുന്നതുപോലെ മനസ്സാക്ഷിക്കും വിധേയരായിരിക്കുന്നു. ലോകത്തേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, ചില തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. അല്ലെങ്കില്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ നേടുന്നു അല്ലെങ്കില്‍ നശിക്കുന്നു. സുരക്ഷിതരായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ വെറുതെ നിലനില്ക്കുന്നു" എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. ഈ വാക്കുകളില്‍ മൃണാള്‍ജിയുടെ ദര്‍ശനമുണ്ട്. "വിശ്വസിച്ചാലും ഇല്ലെങ്കിലും, നാം ആരായിരുന്നാലും ചെറുതോ വലുതോ, നമ്മിലെല്ലാവരിലും സാധാരണത്വത്തിന്‍റെ ഒരു മണ്ഡലം ഉണ്ട്. നമ്മള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകാന്‍ തുടങ്ങുന്ന നിമിഷം, പ്രതിസന്ധിയുടെ ആഴം കൂടാന്‍ തുടങ്ങുന്നു. കാരണം, എല്ലാം ആദ്യം മുതല്‍ ഒരിക്കല്‍ കൂടി തുടങ്ങാന്‍ ഒരു വഴിയുമില്ല. നമ്മുടെ തീരുമാനങ്ങളെ തിരുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല" എന്ന വിശ്വാസമുള്ളതുകൊണ്ടാണ്  താന്‍ 'നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നു എന്ന് മൃണാള്‍സെന്‍ പറയുന്നത്.' വിശ്വാസം സംഭവിക്കുന്നത് എപ്പോഴും ശരിയായിരിക്കുമ്പോഴല്ല, മറിച്ച് തെറ്റു പറ്റുമോ എന്നു ഭയപ്പെടുമ്പോഴാണ്' എന്ന നീല്‍ ബോറിന്‍റെ ചിന്തയാണ് അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രരേഖയായി 'നിരന്തരജനനം' മാറുന്നു. നമ്മെ പ്രചോദിപ്പിക്കുന്ന, അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന, ഉണര്‍ത്തുന്ന ഗ്രന്ഥമാണിത്. (നിരന്തര ജനനം: മൃണാള്‍സെന്‍, വിവ: കെ.എന്‍. ഷാജി, കറന്‍റ് ബുക്സ്, തൃശ്ശൂര്‍)



ഫാസിസത്തിന്‍റെ നാളുകളില്‍...
 


 
2014-ല്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ച് എഴുത്തുകാരനാണ് പാട്രിക് മോദിയാനോ. കാഫ്കെയന്‍ വഴികളിലൂടെ സഞ്ചരിച്ച ഈ എഴുത്തുകാരന്‍ തീക്ഷ്ണമായ ഒരു കാലഘട്ടത്തെയാണ് തന്‍റെ കൃതികളിലൂടെ ആവിഷ്ക്കരിച്ചത്. 'ഡോദാ ബ്രൂഡര്‍: ചരിത്രത്തില്‍ ഇല്ലാത്തവര്‍' എന്ന കൃതി നാസി കാലഘട്ടത്തെ അത്യഗാധമായി ചിത്രീകരിക്കുന്നു. മഠത്തില്‍ നിന്ന് കാണാതായ ഡോറാ ബ്രൂഡര്‍ എന്ന ബാലികയെ അന്വേഷിച്ചു നടത്തുന്ന യാത്രയിലൂടെ ഫാസിസത്തിന്‍റെ നാളുകളിലെ മനുഷ്യജീവിത സമസ്യകള്‍ ചുരുളഴിയുന്നു. കാലത്തെയും ചരിത്രത്തെയും കനല്‍ ചിതറുന്ന ഓര്‍മ്മകളുമായി എഴുത്തുകാരന്‍ കൂട്ടിയിണക്കുന്നു.

ജീവിതത്തെ തത്വചിന്താപരമായി നോക്കിക്കാണുന്ന എഴുത്തുകാരനെ നാം ഇവിടെ കാണുന്നു. ഓരോ വാക്കും കാലത്തിന്‍റെ രാവണന്‍ കോട്ടയിലെ പ്രതിധ്വനികളായി മാറുന്നു. "സമയമെടുക്കും. കാലം മായ്ച്ചു കളഞ്ഞതിനെ പുനരുദ്ധരിക്കാന്‍ സമയമെടുക്കും." എന്നതാണ് യാഥാര്‍ത്ഥ്യം. ഫാസിസം പലതിനെയും മായ്ച്ചു കളയുന്ന ഹിംസയുടെ പ്രത്യയശാസ്ത്രമാണ്. അതില്‍ നിന്ന് ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. 'ലജ്ജാവഹമായ രഹസ്യങ്ങള്‍ മറഞ്ഞു കിടക്കുന്ന വിസ്മൃത കാലത്തിന് ജാഗരൂകതയോടെ കാവല്‍ നില്‍ക്കുന്നവനായി' മാറുകയാണ് നോവലിസ്റ്റ്.  ഓര്‍മ്മകള്‍ കൊണ്ട് അധികാരത്തെ പ്രതിരോധിക്കുന്ന കലയായി എഴുത്തു മാറുന്നത് അങ്ങനെയാണ്. പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണം ബഹുരൂപിയായി മാറുന്നു. അധികാരത്തിന്‍റെ ഭിന്ന മുഖങ്ങള്‍ അനാവൃതമാകുന്നത് നമുക്കു കാണാം.

ഒരാള്‍ അപ്രത്യക്ഷമാകുമ്പോള്‍ 'ഒരുതരം ശൂന്യത, എന്തോ ഒരു അഭാവം' നമ്മെ ബാധിക്കുന്നു. "ഇവിടെ ആരും അധികനേരം തങ്ങില്ല, ഈ കൂട്ടുപാതയില്‍ നിന്ന് ഓരോരുത്തര്‍ക്കും അവരവരുടേതായ പാതകള്‍ തെരഞ്ഞെടുക്കാം. നാലു ദിശകളിലേക്കും പോകാം." എങ്കിലും മതില്‍ക്കെട്ടുകള്‍ ഈ യാത്രയ്ക്കു വിലങ്ങുതടിയാകും.

'അതാണ് അധികാരത്തിന്‍റെ ശക്തി. ഇതു തിരിച്ചറിഞ്ഞവനാണ് " അന്നെനിക്കനുഭവപ്പെട്ട ശൂന്യത ഇന്നും എനിക്കോര്‍മ്മയുണ്ട്. പണ്ട് ഉണ്ടായിരുന്നതെന്തൊക്കെയോ തട്ടിത്തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന നഷ്ടബോധം' എന്നു പറയുന്നത്.

ഫാസിസത്തിന്‍റെ നാളുകള്‍ ആളുകളെ വേര്‍തിരിക്കുകയായിരുന്നു. "നിങ്ങള്‍ ഇനം തിരിക്കപ്പെടുകയാണ്. ഒരിക്കലും കേട്ടിട്ടു കൂടിയില്ലാത്ത ഗ്രൂപ്പുകളിലേക്ക് നിങ്ങള്‍ ഉള്‍പ്പെടുത്തപ്പെടുന്നു. നിങ്ങളാരെന്നതുമായി ഈ തരം തിരിക്കലിന് ഒരു ബന്ധവുമില്ല. ഹാജരാകാന്‍ ഉത്തരവു വരുന്നു. തരം തിരിക്കുന്നു. തടവിലിടുന്നു. ഇതിന്‍റെയൊക്കെ അര്‍ഥമെന്താണ്? ഇതൊക്കെ എന്തിന്? ഹോ! ഒന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍" എന്ന നായകന്‍റെ വിലാപം എഴുത്തുകാരന്‍റേതും ആണ്. 'ചുറ്റുമുള്ള കനത്ത ഇരുട്ടിലേക്ക് ദീപസ്തംഭത്തിലെ സെര്‍ച്ചു ലൈറ്റെന്ന പോലെ വെളിച്ചം വീശാനാണ് ഞാനീ പുസ്തകം എഴുതുന്നത്' എന്നതാണ് സത്യം. "അത്യാഹിതങ്ങള്‍ ചിലരെ മാത്രം തേടിയെത്തുന്നത് എന്തുകൊണ്ട്!" എന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നു.

"പാരീസ് നഗരത്തില്‍ എവിടെയൊക്കെ ഡോറയുടെ കാല്പാടുകള്‍ പിന്തുടര്‍ന്നു ഞാന്‍ ചെന്നുവോ അവിടമൊക്കെ നിശ്ശബ്ദവും നിശൂന്യവുമായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്." എന്നു പറയുന്ന എഴുത്തുകാരന്‍ ഒരു കാലഘട്ടത്തെയാണ് വരച്ചിടുന്നത്. "പാവം, അവളുടെ അമൂല്യരഹസ്യം, നമ്മെ കളങ്കപ്പെടുത്തിയേക്കാവുന്ന, ഉന്മൂലനം ചെയ്തേക്കാവുന്ന, കശാപ്പുകാര്‍ക്കും ചട്ടങ്ങള്‍ക്കും ജര്‍മന്‍ അധികാരികള്‍ക്കും ലോക്കപ്പിനും തടങ്കല്‍പ്പാളയങ്ങള്‍ക്കും എന്തിന് ചരിത്രത്തിനും കാലപ്രവാഹത്തിനു പോലും ആ രഹസ്യത്തെ അവളില്‍ നിന്നും വേര്‍പിരിക്കാനാവില്ല" എന്നെഴുതി  അവസാനിപ്പിക്കുമ്പോള്‍ ഒരു കാലം തെളിഞ്ഞു വരുന്നു.


(ഡോറാ ബ്രൂഡര്‍: ചരിത്രത്തില്‍ ഇല്ലാത്തവര്‍, പാട്രിക്മോദിയാനോ, വിവ: പ്രഭാ ആര്‍. ചാറ്റര്‍ജി, ഗ്രീന്‍ ബുക്സ്)
 

 

ഏതേതോ സരണികളില്‍
 


ആത്മകഥയും യാത്രയും ചരിത്രവുമെല്ലാമുള്ള അക്ഷരങ്ങളാണ്, സി.വി. ബാലകൃഷ്ണന്‍റെ 'ഏതേതോ സരണികളില്‍' എന്ന ഹൃദ്യമായ പുസ്തകം. യൗവനകാലത്ത് ബംഗാളില്‍ ജീവിച്ചതിന്‍റെ അനുഭവ സാന്ദ്രമായ വിവരണമാണ് ഈ ഗ്രന്ഥം. ബംഗാളിലെ ഒരു കാലത്തെ രാഷ്ട്രീയവും സിനിമയും സംസ്കാരവും ജീവിതവുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. എല്ലാറ്റിനെയും ആത്മാവുകൊണ്ട് തൊട്ടറിയുകയാണ് സി.വി. ബാലകൃഷ്ണന്‍. 'ആയുസ്സിന്‍റെ പുസ്തകം' എന്ന മഹത്തായ നോവലിന്‍റെ രചനാ പശ്ചാത്തലവും ഈ പുസ്തകത്തില്‍ വിശദമാക്കപ്പെടുന്നു. വര്‍ത്തമാന കാലവും ഭൂതകാലവും ഇഴ നെയ്യുന്ന നല്ല അനുഭവമാണ് ഈ ഗ്രന്ഥത്തെ ചേതോഹരമാക്കുന്നത്. അനേകം വ്യക്തികളും സന്ദര്‍ഭങ്ങളും എഴുത്തുകാരന്‍റെ ഓര്‍മ്മകളോടു ചേര്‍ന്നു നില്‍ക്കുന്നു. താന്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും മനസ്സിലേക്കും നന്മകളിലേക്കും ദൈന്യങ്ങളിലേക്കും എഴുത്തുകാരന്‍റെ ശ്രദ്ധ പതിക്കുന്നു. സത്യജിത്റായിയും മദര്‍തെരേസയുമെല്ലാം ഗ്രന്ഥത്തിന്‍റെ ഭാഗമാകുന്നു. "നമുക്കു ദൈവത്തെ കാണേണ്ടതുണ്ട്. പക്ഷേ, ഒച്ചയിലും ബഹളത്തിലുമല്ല. ദൈവം നിശ്ശബ്ദതയുടെ കളിക്കൂട്ടുകാരനാണ്. മരങ്ങളും പൂക്കളും വയലിലെ പുല്ലും നിശ്ശബ്ദതയില്‍ വളരുന്നതു കാണുക. താരകങ്ങളും ചന്ദ്രനും സൂര്യനും നിശ്ശബ്ദതയില്‍ എങ്ങനെ ചലിക്കുന്നുവെന്ന് കാണുക. ആത്മാവുകളെ തൊടാന്‍ നിശ്ശബ്ദത കൂടിയേ തീരു' എന്ന മദര്‍തെരേസയുടെ വാക്കുകള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു. സാഹിത്യവും കലയും സിനിമയുമെല്ലാം തനതായ രീതിയില്‍ സി.വി. ബാലകൃഷ്ണന്‍ കണ്ടെത്തുന്നത് ഉന്മേഷദായകമാണ്.

"മഹാ നഗരത്തിന് അലോസരപ്പെടുത്തുന്ന ഇരമ്പമല്ലാതെ അത്രമേല്‍ സൗമ്യവും ഹൃദയഹാരിയുമായ ഒരു ശബ്ദം കൂടിയുണ്ടെന്ന്" ബോദ്ധ്യമായ എഴുത്തുകാരനെ നാം 'ഏതേതോ സരണികളില്‍' കണ്ടുമുട്ടുന്നു, "എല്ലാ ആഗ്രഹങ്ങളും നിറവേറുന്നില്ല. വേര്‍പിരിഞ്ഞ യാത്രികര്‍ ഏതെങ്കിലും പാതയില്‍ വീണ്ടും കണ്ടുമുട്ടണമെന്നുമില്ല. ഷൂസെ സരമാ ഗോ പറഞ്ഞതുപോലെ, യാത്ര ഒരിക്കലും അവസാനിക്കുന്നില്ല; യാത്രികര്‍ മാത്രം ഒടുങ്ങുന്നു." എന്ന സത്യത്തിനു മുന്നില്‍ നാം നില്‍ക്കുന്നു.
(ഏതേതോ സരണികളില്‍ - സി.വി. ബാലകൃഷ്ണന്‍, മാതൃഭൂമി ബുക്സ്)

You can share this post!

അടിയാളപ്രേതവും അമ്മക്കല്ലും

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts