ഒരു കുട്ടിയുടെ വിസ്മയത്തിന്‍റെ ചെപ്പു തുറക്കുന്നത് കളിപ്പാട്ടങ്ങളിലൂടെയാണ്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ കുട്ടിയുടെ കൈകളിലൂടെയും മനസിലൂടെയും കടന്നു പോകുന്ന കളിപ്പാട്ടങ്ങള്‍ക്ക് അവന്‍റെ / അവളുടെ മാനസികവും ബൗദ്ധികവു മായ വളര്‍ച്ചയെ മാത്രമല്ല വ്യക്തിത്വത്തെ തന്നെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്. കയ്യില്‍ കിട്ടുന്നതെന്തും കളിപ്പാട്ടങ്ങളാക്കുന്ന ശൈശവത്തില്‍നിന്നു തുടങ്ങി കൗതുകം ജനിപ്പിക്കുന്നതെന്തും ഇന്നും കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാം. റൈറ്റ് സഹോദരന്മാരുടെ ബാല്യവുമായി ബന്ധപ്പെട്ട ഒരനുഭവമിതാണ്; ആ കാലഘട്ടത്തില്‍ വേനലവധിക്കാലത്ത് അപ്പന്മാര്‍ തങ്ങളുടെ മക്കള്‍ക്ക് ചെറിയ കളിവണ്ടികള്‍ ഉണ്ടാക്കികൊടുക്കുമായിരുന്നു. ഈ വണ്ടികളുമായി കുട്ടികള്‍ വൈകുന്നേരങ്ങളില്‍ കുന്നിന്മുകളിലെ മൈതാനത്തില്‍ ഒത്തുചേരുകയും വണ്ടിയുടെ മികവുകാട്ടി അഹങ്കരിക്കുകയും ചെയ്യുക പതിവായിരുന്നു. കുട്ടികള്‍ക്ക് കളിവണ്ടി നിര്‍മ്മിച്ചു കൊടുക്കാന്‍ സമയമില്ലാത്ത അപ്പന്മാര്‍ റെഡിമെയ്ഡ് കളിവണ്ടികള്‍ പണം കൊടുത്ത് വാങ്ങിയിരുന്നു. എന്നാല്‍ വില്‍ബറിന്‍റെയും ഓര്‍വില്ലിന്‍റെയും അപ്പന്‍ മില്‍ട്ടന് തന്‍റെ കുട്ടികള്‍ക്ക് കളിവണ്ടി ഉണ്ടാക്കി കൊടുക്കുവാനുള്ള സമയവും വാങ്ങാനുള്ള പാങ്ങും ഇല്ലായിരുന്നു. ഇതിനാല്‍ വില്‍ബറും ഓര്‍വില്ലും എട്ട്-പത്ത് വയസുള്ളപ്പോള്‍ തന്നെ സ്വയം കളിവണ്ടി ഉണ്ടാക്കി തുടങ്ങി. റൈറ്റ് സഹോദരങ്ങള്‍ എട്ടാം വയസില്‍ സ്വയം നിര്‍മ്മിച്ച കളിവണ്ടിയില്‍ നിന്നു(മറ്റ് കുട്ടികള്‍ക്ക് ഇല്ലാത്ത പല ഫീച്ചേഴ്സും കൂട്ടിച്ചേര്‍ത്തു) തുടങ്ങിയ അന്വേഷണ ത്വര അവരെ എത്തിച്ചത് 1907 ഡിസംബര്‍ 17 ന് മനുഷ്യന് പറക്കാനുള്ള വിമാനം ലോകത്തിന് കാട്ടിക്കൊടുക്കുന്നിടംവരെയാണ്. അതെ, സാരംഗിലെ ഗോപാലകൃഷ്ണന്‍ സാറും, വിജയലക്ഷ്മി ടീച്ചറും എന്നും പറയാറുള്ളതുപോലെ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ സ്വയം നിര്‍മ്മിക്കട്ടെ. പ്രകൃതിയില്‍ നിന്നും സ്വയം ഉണ്ടാക്കിയിരുന്ന കളിപ്പാട്ടങ്ങള്‍ സാങ്കേതികതയുടെയും സാമ്പത്തിക-സാംസ്കാരിക പുരോഗതിയുടെയും പേരില്‍ ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയായും വിനോദങ്ങളെ വന്യമാക്കി ആനന്ദിപ്പിക്കുന്ന വീഡിയോ ഗെയിമുകളായും ഇന്ന് അരങ്ങ് തകര്‍ക്കുമ്പോള്‍ നഷ്ടമാകുന്നത് വരും തലമുറയെത്തന്നെയാണ്, നമ്മെത്തന്നെയാണ്. ഇനി അതിജീവനം പ്രകൃതിക്കോ മനുഷ്യനോ സാദ്ധ്യമല്ലാത്ത ഒരു കാലത്തേക്ക് ഇത് നമ്മെകൊണ്ടെത്തിക്കാം.
New York Times ന്‍റെ റിപ്പോര്‍ട്ടര്‍ നിക്ക് ബില്‍ട്ടണ്‍ ഒരിക്കല്‍ ആപ്പിള്‍ കമ്പനി സ്ഥാപകനും i-Phone, iPad എന്നിവയുടെ ഉപജ്ഞാതാവുമായ സ്റ്റീവ് ജോബ്സിനോട് ചോദിച്ചു, 'നിങ്ങളുടെ സ്വന്തം കുട്ടികള്‍ക്ക് i-Pad വലിയ ഇഷ്ടമായിക്കാണുമല്ലോ' എന്ന്. സ്റ്റീവിന്‍റെ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു; "ഇല്ല, അവര്‍ ഇതുവരെ അതുപയോഗിച്ചിട്ടില്ല, ഞാന്‍ വീട്ടില്‍ കുട്ടികള്‍ ടെക്നോളജി ഉപയോഗിക്കുന്നത് വളരെ പരിമിതപ്പെടുത്താറുണ്ട്" ദിവസവും വീട്ടില്‍ കുടുംബാംഗങ്ങളോട് ഒരുമിച്ചിരുന്ന് അത്താഴവും ഒരു മണിക്കൂറെങ്കിലും ചരിത്ര സാമൂഹിക അവലോകനങ്ങളും നര്‍മ്മസംഭാഷണങ്ങളും സ്റ്റീവ് ജോബ്സിന്‍റെ ദിനചര്യയുടെ ഭാഗമായിരുന്നു. The Time മാഗസിനില്‍ വന്ന ഒരു അഭിമുഖത്തില്‍ 3-D Robortics ന്‍റെ CEO ക്രിസ് ആന്‍റേഴ്സണ്‍ പറയുന്നത്: "എന്നെയും എന്‍റെ ഭാര്യയേയും ഞങ്ങളുടെ കുട്ടികള്‍ കുറ്റപ്പെടുത്തുന്നത് ഒരു കാര്യത്തിലാണ്, മറ്റ് കുട്ടികളെപ്പോലെ സാങ്കേതിക കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കാറില്ല എന്നതില്‍. ഇല്ല, ഞാന്‍ ഒരിക്കലും ഇതനുവദിക്കില്ല, കാരണം ഈ കളിപ്പാട്ടങ്ങള്‍ എത്രമാത്രം ഒരുവനെ അപായപ്പെടുത്തി എന്നതിന്‍റെ ഉത്തമ ഉദാഹരണം ഞാന്‍ തന്നെയാണ്". അന്താരാഷ്ട്രതലത്തില്‍ ലാഭങ്ങള്‍ മാത്രം ലക്ഷ്യം വച്ച് പടച്ചുവിടുന്ന ഈ കളിപ്പാട്ടങ്ങള്‍ക്ക് നേരിട്ടല്ലാത്ത നിരവധി ഉപയോഗങ്ങള്‍ അവകാശപ്പെടാന്‍ ഉണ്ടെങ്കിലും അവ അനുഭവത്തിന്‍റെയും ജീവന്‍റെയും തലത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ടവയാണ്. പരിണതഫലം തേജസും ഓജസും നഷ്ടപ്പെട്ട 'തലകുനിഞ്ഞ' ഒരു തലമുറയാണ്.
കളിപ്പാട്ടങ്ങള്‍ വെറും ഉപകാരമില്ലാത്ത സമയം കൊല്ലികളാണെന്നും എന്‍റെ കുട്ടി എത്ര വേഗത്തിലാണ് സ്മാര്‍ട്ട് ഫോണും ടാബ്ലറ്റും കൈകാര്യം ചെയ്യുന്നതെന്നും അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളുടെ എണ്ണം ഇന്ന് കൂടി വരുമ്പോള്‍ അതെന്നെ ഭയപ്പെടുത്തുന്നു. ജീവന്‍റെ - കാരുണ്യത്തിന്‍റെ പിന്‍ബലമില്ലാത്ത യാന്ത്രികതയുടെ ഒരു ലോകം നാളെ നിര്‍മ്മിക്കപ്പെടുമല്ലോ എന്നതാണെന്‍റെ ഭയം. ടി.വി.കൊച്ചുബാവയുടെ നിലാവിനെ വീണ്ടെടുക്കുക എന്ന പഴയ ലേഖനത്തില്‍ "Moon, what is that? I don’t want this useless," എന്നു പറയുന്ന 'ഇന്ദു'വിനെപ്പോലെ പ്രകൃതിയോ ചന്ദ്രനോ ഒന്നും ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ അതിശയിപ്പിക്കുന്നില്ല. സദാസമയവും തലതാഴ്ത്തി Gadgetsന്‍റെ മിനുത്ത സ്ക്രീനില്‍ മാത്രം വിരലോടിക്കാനല്ലാതെ, തലയുയര്‍ത്തി ആകാശത്ത് അമ്പിളിമാമനെ നോക്കാനാവുന്നില്ലെന്നുള്ളത് ഒരു തലമുറയുടെ പരിണാമത്തിന്‍റെ ഫലമല്ല, മറിച്ച് കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കാനില്ലാത്ത രക്ഷിതാക്കളുടെ നിവൃത്തികേടിന്‍റെ/ഉപേക്ഷയുടെ ഫലമാണ്.
ഇവിടെ ആനന്ദത്തിന്‍റെ ഉറവ പൊട്ടുന്നത് ഓഫീസിലെ ഒഴിവുവേളകളില്‍ ടുട്ടുമോനുവേണ്ടി പഴയ കാര്‍ഡ് ബോര്‍ഡ് കൂടുകള്‍വച്ച് വലിയ കളിവീടുണ്ടാക്കി അവന്‍ സ്കൂളില്‍ നിന്നും തിരികെ ഫ്ളാറ്റിലെത്തുമ്പോള്‍ അവനെ അതിശയിപ്പിക്കുന്ന ഷൈജുവിനെയും ആറക്കശമ്പളത്തിന്‍റെ സാദ്ധ്യതകളെ ഉപേക്ഷിച്ച് തികച്ചും സാധാരണക്കാരായ കുട്ടികള്‍ക്കായി പാഴ്വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ മെനഞ്ഞെടുത്ത് അവരെ അതിശയത്തിന്‍റെ വിശാലലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന സുബിദിനെയും, അഞ്ച് വയസുള്ള മകനോടൊപ്പം സാറ്റ് (ഒളിച്ചുകളി) കളിക്കാനായി Electronic Arts എന്ന ബില്യണ്‍ ഡോളര്‍ കമ്പനിയിലെ ഉദ്യോഗം വേണ്ടെന്നുവച്ച ജിന്‍സിയെയും ഒക്കെ കാണുമ്പോഴാണ്. കുടിയനാണെങ്കിലും കൂലിപ്പണി കഴിഞ്ഞുവരുന്ന നേരങ്ങളില്‍ ഓലപ്പന്തുണ്ടാക്കി മകനെ ആനന്ദിപ്പിക്കുന്ന അപ്പനും ഇതിനൊരപവാദമല്ല. അവരൊക്കെ ഈ ലക്കം അസ്സീസിക്കു വേണ്ടി, കുട്ടികള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടി മനസ് തുറക്കുന്നുണ്ട്.
ഇത് ക്രിസ്മസ് കാലമാണ്, ദൈവം ഒരു ശിശുവായതോ ക്രിസ്തു ദൈവത്തിന്‍റെ കളിപ്പാട്ടമായി മാറിയതോ? എന്തുമാവട്ടെ, ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ച അസ്സീസിയിലെ വിശുദ്ധ 'ഭ്രാന്തന്' അറിയാമായിരുന്നു ഇത് കുഞ്ഞുങ്ങള്‍ക്ക് പകരുന്ന അതിശയം (അത് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും എന്നത് പരമമായ സത്യം), അത് പകരുന്ന ക്രിസ്താനുഭവവും ആത്മീയാനുഭവവും മറ്റൊന്നിനും പകരംവയ്ക്കാനാവാത്തത്ര വലുതാണെന്ന്. അതിനാലാവണം വീട്ടില്‍ ഉറക്കിയിട്ടിട്ടു പോയ പാതിരാക്കുര്‍ബ്ബാനകളെ ഓര്‍ത്ത് കുട്ടിക്കാലത്ത് വാശി പിടിച്ച് കരഞ്ഞിട്ടുള്ളത്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൊടുത്ത് അടക്കിയിരുത്തി മനസ് സ്വസ്ഥമാക്കാനാഗ്രഹിക്കുന്ന നേരത്ത് അവനോടൊപ്പം സ്വന്തമായി ഒരു പുല്‍ക്കൂട് നിര്‍മ്മിക്കുക. റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കും നക്ഷത്രങ്ങള്‍ക്കുമപ്പുറം സ്വയം നിര്‍മ്മിക്കുന്നതിന്‍റെ ആനന്ദം അനുഭവിക്കുക. ഇത് ഇത്തവണത്തെ ക്രിസ്മസ് സന്ദേശമാവട്ടെ.
കളിപ്പാട്ടങ്ങളെപ്പറ്റി നമുക്ക് ഗൗരവമായി ചിന്തിക്കാം. കാലം എന്നെയും നിന്നെയും ഓര്‍മ്മ പുസ്തകത്തിലെ ബ്ലാക്ക് & വൈറ്റ് ചിത്രം മാത്രമാക്കി മാറ്റുന്നതിന് മുമ്പ് നമുക്ക് വീണ്ടും കളിച്ചു തുടങ്ങാം. കളിക്കോപ്പുകളുണ്ടാക്കാം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും നമുക്കു വേണ്ടി തന്നെയും.
എല്ലാവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍!