news-details
ഇടിയും മിന്നലും

'സീനിയര്‍ സിറ്റിസണാനുഭവധ്യാനം'....

അനുഭവം' ചേര്‍ത്തു പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ധ്യാനപരമ്പരകളില്‍ ഏറ്റവും ലേറ്റസ്റ്റാണ് എന്‍റെയീ 'സീനിയര്‍ സിറ്റിസണാനുഭവ ധ്യാനം'. ദമ്പതികളും, വിഭാര്യരും, വിധവകളുമായി അറുപതോളം വൃദ്ധരെ സംരക്ഷിക്കുന്ന ഒരു 'പീസ് ഹോം'ലെ അന്തേവാസികള്‍ക്കുവേണ്ടി, ബ. സിസ്റ്റേഴ്സ് ആവശ്യപ്പെട്ട പ്രകാരം നടത്തിയ ധ്യാനത്തിന്, അവരുതന്നെ കൊടുത്ത പേരാണ് 'സീനിയര്‍ സിറ്റിസണാനുഭവ ധ്യാനം'.

ധ്യാനത്തിനവിടെത്തി പീസ്ഹോമിന്‍റെ മുറ്റത്തു വണ്ടിനിര്‍ത്തിയയുടന്‍ ചെടി നനക്കുകയായിരുന്ന ഒരു ചേട്ടന്‍ ഓടിവന്ന് പാര്‍ക്കുചെയ്യാനുള്ള സ്ഥലം കാണിച്ചുതന്നു. പുറത്തിറങ്ങിയ ഉടനെ ബാഗുംവാങ്ങി എന്നെ ഗസ്റ്റുറൂമില്‍ കൊണ്ടുചെന്നാക്കി, സിസ്റ്ററിനെ വിളിച്ചുകൊണ്ടു വന്നശേഷം അയാളു തിരിച്ചുപോയി, ചെടി നനയ്ക്കാന്‍. അതുകഴിഞ്ഞ് വണ്ടിയും കഴുകി. സന്ധ്യക്കുമുമ്പ് ആ കോമ്പൗണ്ടില്‍ പലടത്തായിക്കി ടന്ന ചാരുബഞ്ചുകളില്‍ ഇരിപ്പുണ്ടായിരുന്ന, തനിയെനടക്കാന്‍ വിഷമമുണ്ടായിരുന്ന പലരെയും അയാള്‍ താങ്ങിനടത്തി മുറികളില്‍ എത്തിക്കുന്നതു കണ്ടു. സന്ധ്യയായപ്പോള്‍ ലൈറ്റെല്ലാം ഓണ്‍ ചെയ്ത് കുരിശുമണിയടിച്ചതും അയാള്‍തന്നെ. അതുകഴിഞ്ഞ് ചാപ്പലില്‍ചെന്ന് എല്ലാ സീറ്റിലും പാട്ടുപുസ്തകങ്ങള്‍ നിരത്തുന്നതുകണ്ടു. എനിക്കു ഭക്ഷണം കൊണ്ടുവന്നതും ആളുതന്നെ. മുമ്പില്‍ മൂന്നാലു പല്ലുമാത്രമെ ഉള്ളെന്ന് ചിരിച്ചപ്പോള്‍ മനസ്സിലായി. എഴുപത്തഞ്ചു വയസ്സെങ്കിലും കാഴ്ചയില്‍ മതിക്കുമെങ്കിലും ആരും പെട്ടെന്നു ശ്രദ്ധിക്കുന്ന ചുറുചുറുക്കുള്ള പെരുമാറ്റം.

"അപ്പിച്ചേട്ടാ പാത്രംകഴുകാന്‍ നിക്കണ്ടാ കേട്ടോ, നേരത്തെ പോയി ധ്യാനത്തിന് ഒരുങ്ങിക്കോ." ഞാന്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ പാത്രങ്ങളുമായി പോകുമ്പോള്‍ അയാളോടു സിസ്റ്റര്‍ വിളിച്ചുപറഞ്ഞു.

"ബാലവേല പോലെ വൃദ്ധവേലയും ശിക്ഷാര്‍ഹമാക്കണ്ടതാണ്. പാവം, ഇത്രയും പ്രായമായവരെയൊക്കെ പെന്‍ഷനും കൊടുത്ത് വീട്ടിലിരുത്തേണ്ടതാ." തമാശുപോലെ സിസ്റ്ററിനോടു ഞാന്‍ പറഞ്ഞു.

"അപ്പിച്ചേട്ടന്‍റെ കാര്യമാണച്ചന്‍ പറഞ്ഞതെങ്കില്‍ തെറ്റിപ്പോയി. പുള്ളിക്കാരന്‍ ജോലിക്കാരനല്ലച്ചാ, അന്തേവാസിയാ. മക്കളിവിടെക്കൊണ്ടാക്കിയതല്ല, സ്വന്തം ഇഷ്ടപ്രകാരം ഇവിടെവന്നു താമസിക്കുന്നതാ. ഭാര്യക്കു വേണ്ടിയുള്ള പണവുമടച്ചിട്ടുണ്ട്. അവരു വന്നിട്ടില്ല, മകന്‍റെ കൂട്ടത്തിലാണ്. രാവിലെ ഞങ്ങളാരും ഉണരുന്നതിനുമുമ്പെ എഴുന്നേറ്റ് അപ്പിച്ചേട്ടന്‍ ഗേറ്റുതുറക്കും. പള്ളിതുറന്നു കുരിശുമണിയുമടിക്കും. തൊഴുത്തില്‍ചെന്ന് കറവക്കാരനെ സഹായിച്ച് പാല് കുശിനിയിലെത്തിക്കും. ഇതെല്ലാംകഴിഞ്ഞ് എല്ലാര്‍ക്കുംമുമ്പേ ചാപ്പലിലും എത്തും. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ പിടിച്ചുനടത്തി പള്ളീലെത്തിക്കും. ആരും കാണാത്തിടത്തൊക്കെ അപ്പിച്ചേട്ടന്‍റെ കണ്ണെത്തും. നമ്മളൊക്കെ ആലോചിച്ചു വരുമ്പോഴേയ്ക്കും അപ്പിചേട്ടന്‍ ചെയ്തുകഴിഞ്ഞിരിക്കും. വേറൊരു രസമച്ചനുകേള്‍ക്കണോ, നാലാമത്തെ മുറിയില്‍ താമസിക്കുന്ന ഒരു പീറ്ററുചേട്ടനുണ്ട്. എല്ലാരും പുള്ളിയെ വിളിക്കുന്നതു റോബോട്ടെന്നാ. കാരണം ആള്‍ക്ക് തിരിയാനും കുനിയാനും നിവരാനും ഒന്നുംപറ്റില്ല. യന്ത്രമനുഷ്യന്‍ നടക്കുന്നപോലെ വടിപോലെ പതുക്കയെ നടക്കാന്‍പറ്റൂ. ഒന്നിനും രണ്ടിനുമൊന്നും ആള്‍ക്ക് തീരെ കണ്ട്രോളില്ല. എന്നാലും പുള്ളിക്കാരന്‍ വരാന്തേല്‍കൂടെ നടക്കാനിറങ്ങും. നടക്കുന്നതിനിടയില്‍ പോകണമെന്നു തോന്നിയാല്‍ പെട്ടെന്നു നടക്കാനും പറ്റില്ലല്ലോ. അന്നേരം പുള്ളിക്കാരന്‍ എന്നാചെയ്യുമെന്നറിയാമോ, അവിടെത്തന്നെ നിന്നോണ്ട് ഉറക്കെയൊരൊറ്റച്ചിരിയാണ്. റോബോട്ടിന്‍റെ ചിരികേള്‍ക്കു മ്പോളേ എല്ലാര്‍ക്കുമറിയാം, വരാന്തേല്‍ അപ്പിയിട്ടെന്ന്. അതുകേട്ടാല്‍ ആദ്യം ഓടിച്ചെല്ലുന്നത് അപ്പിച്ചേട്ടനാ. ഉടനെതന്നെ റോബോട്ടിനെ അടുത്തുള്ള ടോയിലറ്റില്‍കയറ്റി വാട്ടര്‍സര്‍വ്വീസ് നടത്തി കുട്ടപ്പനാക്കി മുറീല്‍ കൊണ്ടാക്കും. എന്നിട്ടൊന്നും മിണ്ടാതെ അടുത്തപണിനോക്കി പോകുകേംചെയ്യും. പറമ്പില്‍ കാണുന്ന കാടുംപടലുമൊക്കെ പറിച്ചു കൊണ്ടുവന്ന് മരുന്നാണെന്നും പറഞ്ഞ് അരച്ചും അരിഞ്ഞുമൊക്കെ ഓരോരുത്തര്‍ക്കും കൊടുക്കുന്നതു കാണാം. എന്നാപറഞ്ഞാലും അവരുടെ അസുഖമൊക്കെ മാറുന്നുമുണ്ട്. അപ്പിച്ചേട്ടനെ കണ്ടില്ലെങ്കില്‍ പീസ് ഹോമില്‍ ആര്‍ക്കും പീസില്ല, അപ്പിയെന്തിയേന്നു ചോദിച്ചോണ്ടിരിക്കും. അപ്പിച്ചേട്ടനോട് പലപ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുള്ളതാ, ഇവിടെ ഞങ്ങളൊക്കെയുണ്ട്, ഇത്രയും കഷ്ടപ്പെടണ്ടാന്ന്. അപ്പോചോദിക്കും, ചെയ്യരുതാത്തതുവല്ലോം ചെയ്തെങ്കില്‍മാത്രം വിലക്കിയാല്‍ പോരേന്ന്. അതുകൊണ്ട്, ധ്യാനം കഴിയുമ്പോള്‍ അച്ചന്‍തന്നെ ചേട്ടനോടൊന്നു ചോദിക്കണേ, പെന്‍ഷന്‍വാങ്ങി മുറീലെങ്ങാനും ഇരുന്നാല്‍ പോരേന്ന്. അന്നേരം കേള്‍ക്കാം അച്ചന് അപ്പിച്ചേട്ടന്‍റെ നാക്കിന്‍റെ മൂച്ച്. ആര്‍ക്കും അപ്പിച്ചേട്ടനെ പറഞ്ഞുതോല്‍പിക്കാന്‍ പറ്റില്ലച്ചാ. എടുത്താല്‍ പൊങ്ങാത്ത ഒരു മുതലാ അച്ചാ അപ്പിച്ചേട്ടന്‍." പക്കാ പാലാഭാഷയില്‍ പാലാക്കാരത്തി സിസ്റ്റര്‍ അപ്പിച്ചേട്ടന്‍റെ സ്വഭാവചരിത്രം അവതരിപ്പിച്ചു.

ധ്യാനത്തിന്‍റെ രണ്ടാംദിവസം വൈകുന്നേരം ഞാനൊന്നു നടക്കാനിറങ്ങി. ഗേറ്റുകടന്നപ്പോളുണ്ട് അപ്പിച്ചേട്ടന്‍ ഒരു ഏത്തക്കുലയുമായി വരുന്നു. എന്‍റെ കൂട്ടത്തില്‍ ചുമ്മാനടക്കാന്‍ പോരുന്നോന്നു ചോദിച്ചപാടേ, വാഴക്കുല അവിടെവച്ചിട്ട്, ആ വേഷത്തില്‍തന്നെ എന്‍റെകൂടെപ്പോന്നു. പോകുന്ന വഴി കൈയ്യിലുണ്ടായിരുന്ന കാന്താരിമുളക് ഭദ്രമായിട്ടു തോളില്‍കിടന്ന തുവര്‍ത്തിന്‍റെ മൂലയ്ക്കു കെട്ടിയിട്ടു. അല്പം മുന്നോട്ടു ചെന്നപ്പോള്‍, ഒരു മിനിറ്റിച്ചാ ഇതാവരുന്നു എന്നു പറഞ്ഞ് ഒറ്റയോട്ടത്തിന് വഴിയരികിലെ കയ്യാലയില്‍ പടര്‍ന്നുകിടന്ന കാട്ടുവള്ളിയില്‍നിന്നും അഞ്ചാറു പഴങ്ങളും പറിച്ച്, ഓടിക്കൂട്ടത്തിലെത്തി.

"എനിക്കറിയാം അച്ചനിപ്പോള്‍ മനസ്സിലോര്‍ത്തതെന്താണെന്ന്. എന്‍റെയൊരു നട്ടു ലൂസാണെന്നല്ലേ?"

"ഒന്നുരണ്ടെണ്ണമെങ്കിലും ലൂസും അഞ്ചാറെണ്ണം ഓവര്‍ടൈറ്റും ആണെന്നുറപ്പാ."

"ഇങ്ങനെ വല്ലവളിപ്പും പറയുന്നത് അച്ചനിഷ്ടമാണെന്നു തോന്നിയതുകൊണ്ടാ വിളിച്ചപ്പളേ കൂടെക്കൂടിയത്. എന്‍റച്ചാ, സര്‍വ്വത്ര നട്ടും ബോള്‍ട്ടും ഇളകീം ദ്രവിച്ചുമൊക്കെ പോയവരെയല്ലേ ഇവിടെ കൊണ്ടുവന്നാക്കുന്നത്. അതിലൊരെണ്ണമാണു ഞാനുമെന്നു കൂട്ടിയാല്‍മതി. പിന്നെ ഞാനാ പൂടപ്പഴം പറിച്ചതേ, നമ്മടെ റോബോട്ടിനു കൊടുക്കാനാ. വഴിയരികിലുള്ളതെല്ലാം സാധാരണ പിള്ളേരു പറിച്ചു തിന്നുന്നതാ. ഇതവരു കാണാതെനിന്നതാ. കണ്ടപ്പളേ പറിച്ചതുകൊണ്ടഞ്ചാറു കിട്ടി. കാട്ടു പഴമാണെങ്കിലും ചുമ്മാതിന്നാന്‍ രസമായതു കൊണ്ട് ഒരുദിവസം ഞാനഞ്ചാറെണ്ണം പറിച്ചു പോക്കറ്റിലിട്ടു. വരാന്തേല്‍ റോബോട്ടിനെക്കണ്ടപ്പോള്‍ ഒരെണ്ണം കൊടുത്തിട്ടു പറഞ്ഞു, അതു തിന്നാല്‍ ഒന്നിനും രണ്ടിനും നല്ല കണ്ട്രോളു കിട്ടുമെന്ന്. പുള്ളി അപ്പളേ തിന്നു. പറഞ്ഞപോലെ ഫലിച്ചു. പിറ്റെദിവസോം കൊടുത്തു. അതും ഫലിച്ചു. ഇപ്പം കിട്ടുമ്പോളൊക്കെ കൊണ്ടെക്കൊടുക്കും. ഫലോമുണ്ട്. അതോടെ എനിക്കു വലിയ പേരായി. വേറൊരു പുള്ളിക്ക് ഗ്യാസിന്‍റെ വല്യപ്രശ്നം. ഒണക്കപ്പാള കീറുന്നപോലെയാ ചെലനേരത്തങ്ങു വിടുന്നത്. അടുത്ത മുറീലുള്ളവരുപോലും പേടിച്ചു പോകും. പുള്ളിക്കു കൊടുക്കാനാ ഈ കാന്താരി. രണ്ടുമൂന്നു കാന്താരി അരച്ച് ശകലം എണ്ണയു മൊഴിച്ച്, ഒരുനുള്ള് അരിപ്പൊടീം അല്പം ഉപ്പുംചേര്‍ത്തങ്ങു കൊടുക്കും. അതങ്ങുചെന്നാല്‍ പുള്ളിക്കു മോഷന്‍ കണ്ടീഷന്‍. ഒന്നുവിടണമെന്നു വച്ചാല്‍ പോലും പിന്നെ ഗ്യാസു കിട്ടാനുമില്ല. പിന്നെയെന്‍റെച്ചാ, അപ്പഴപ്പഴത്തെ സൗകര്യത്തിന് ഈ പരിസരത്തുള്ള ഒരുമാതിരിപ്പെട്ട എല്ലാത്തിന്‍റേം എലേം തൊലീം ഞാനെടുക്കാറുണ്ട്. അതൊന്നരച്ച് അന്നേരംകിട്ടുന്ന മഞ്ഞളുപൊടിയോ, മല്ലിപ്പൊടിയോ എന്തെങ്കിലും അല്പം എണ്ണേംകൂടെച്ചേര്‍ത്ത് അസുഖക്കാര്‍ക്കൊക്കെ അങ്ങു കൊടുക്കും. മിക്കവരുടേം അസുഖം മാറുകേംചെയ്യും. ഇവരുടെ അസുഖമൊക്കെ അധികവും ഒരു തോന്നലല്ലേ യച്ചാ. നമ്മളൊന്നടുത്തിരുന്ന്, ഇച്ചിരി വെടീംപറഞ്ഞ്, പുറമൊക്കെയൊന്നു തടവിക്കൊടുത്ത്, ഒന്നു കുരിശുംവരച്ചിട്ടങ്ങു കൊടുത്താലുണ്ടല്ലോ, കാന്താരിവേണ്ട, തകരയെല അരച്ചുകൊടുത്താലും അവരുടെ അസുഖം മാറും. പിന്നേം വരും. പിന്നേം കൊടുക്കണം. നമ്മക്കെന്നാ ചേതം. പറമ്പിലെ പുല്ലും, അടുക്കളേലെ പൊടീം, നമ്മടെ കൈയ്യും. ഈ പൊടിക്കൈയ്യെന്നു പറയുന്നത് ഇതിനാണച്ചാ. ഇതിനൊന്നും ഇപ്പമാര്‍ക്കും നേരമില്ലാത്തതു കൊണ്ടല്ലേ ഇവിടെക്കൊണ്ടെ തള്ളുന്നത്.

ഇതൊക്കെയാണെന്‍റെയൊരു സൈക്കോളജി."

"അപ്പിച്ചേട്ടന്‍റെ നാടും വീടുമൊക്കെ?"

"അതൊക്കെ ഞാന്‍ പറഞ്ഞുതുടങ്ങിയാല്‍ ഒത്തിരിനേരമെടുക്കും. അതിനുമുമ്പ് അച്ചനോടു വേറൊരു കാര്യം പറയണമെന്നുണ്ടായിരുന്നു. അതുംകൂടെ പറയാമെന്നോര്‍ത്താ കൂടെക്കൂടിയത്. അച്ചനോടു ഞാനതു പറയുന്നതു ശരിയാണോന്ന റിയില്ല. എന്നാലും അച്ചന്‍ കൂട്ടിനു വിളിച്ച സ്ഥിതിക്കു ധൈര്യമായിട്ടങ്ങു പറയാന്‍പോകുവാ. അച്ചാ, ധ്യാനമായതുകൊണ്ട് രണ്ടുദിവസമായി ആരുംതന്നെ പുറത്തിറങ്ങിക്കണ്ടില്ല. അല്ലെങ്കില്‍ സാധാരണ നടക്കാവുന്നവരൊക്കെ പകലു മിക്കവാറും പുറത്തെ ബഞ്ചുകളില്‍ കാണുന്നതാ. മിക്കവരും ഏതുനേരവും ഗേറ്റിലേക്കുതന്നെ നോക്കിയിരിക്കുന്നതുകാണാം, ആരെയെങ്കിലും പ്രതീക്ഷിച്ചായിരിക്കും. പക്ഷേ ആരുമങ്ങനെ ഇവരെയാരേം കാണാന്‍ വരാറുമില്ല. ചിലര് ഒറ്റക്കിരുന്നു കരയും. ചിലരു പിറുപിറുക്കും. മിക്കവരുമിരുന്ന് നെടുവീര്‍പ്പിടുന്നതുകാണാം. ചിലരെയൊക്കെ കണ്ണുതുറന്നിരിക്കുമ്പോള്‍ പോലും അടുത്തു ചെന്നു വിളിച്ചാലും അറിയാറില്ല. ഞാനിങ്ങനെ ഓടിപ്പാഞ്ഞു നടക്കുന്നതുകൊണ്ട് മിക്കവരും എന്നോടു മിണ്ടാന്‍വരും. എല്ലാര്‍ക്കും പറയാനുള്ളത്, അച്ചന്‍ ധ്യനത്തിനു പറഞ്ഞതൊക്കെത്തന്നെയാ. മക്കളുടെ നന്ദികേട്, മരുമക്കളുടെ അഹന്തയും ധിക്കാരവും, കൂടപ്പിറപ്പുകളുടെയൊക്കെ അവഗണന. അവര്‍ക്കൊക്കെവേണ്ടി ആയകാലം ജീവിച്ചു. ഇപ്പോളാര്‍ക്കും വേണ്ടാതായി, ഇവിടെ ക്കൊണ്ട് തള്ളിയിട്ടു പോയി, ദൈവം അവരോടു ചോദിക്കട്ടെ. എന്തുപറയാനാ, ആയകാലത്ത് നല്ലതു പോലെ വല്ലോം തിന്നുകുടിച്ചു സുഖിച്ചു ജീവിച്ചാരുന്നെങ്കില്‍ അതെങ്കിലുമുണ്ടാരുന്നു. അതെല്ലാം മക്കളെയോര്‍ത്തന്നു വേണ്ടെന്നുവച്ചു. ഇനീം പറഞ്ഞിട്ടെന്നാ കാര്യം. ഇതൊക്കെയാണച്ചാ, എന്നും കേള്‍ക്കുന്നത്. എനിക്കിവരെ ഉപദേശിക്കാനൊന്നും അറിയത്തില്ല. അതുകൊണ്ട് എല്ലാം കേട്ടിരിക്കത്തേയുള്ളു. എന്നാലും അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കവരോടു പറയാന്‍ തോന്നുന്നതാ ഇപ്പളച്ച നോടു പറയാമെന്നോര്‍ത്തത്. അത് അച്ചന്‍ ധ്യാനത്തില്‍ പറഞ്ഞപോലെ, മക്കളങ്ങനെയാ അവരോടു പൊറുക്ക്, നിങ്ങള്‍ക്കു പ്രായമായില്ലേ അവരോടു ക്ഷമിക്ക്, തമ്പുരാനല്ലേ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം തരുന്നത്, അവരല്ലല്ലോ, എന്നൊന്നുമല്ല. അങ്ങനെ ചുമ്മാ മയക്കുവെടി വച്ചിട്ട് എന്താണച്ചാ കാര്യം? നല്ല ഇടിവെട്ടു പ്രയോഗമെ ഇവരുടടുത്തു നടക്കത്തൊള്ളു. മയത്തിനു പറഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല. ഞാന്‍ ചോദിക്കട്ടച്ചാ, കുടിച്ചുകുടിച്ചു കരളു ദ്രവിച്ചുപോയതിന് പട്ടക്കടക്കാരനെയാണോ പഴിക്കണ്ടത്? അപ്പനമ്മമാരു സ്നേഹിച്ചു ജീവിക്കാതെ സമ്പാദിച്ചുകൂട്ടാന്‍വേണ്ടി മാത്രം കഷ്ടപ്പെട്ടപ്പോള്‍ മക്കളുടെ ഉള്ളിലും തലയിലും കയറിനിറഞ്ഞത് സമ്പാദിച്ചുകൂട്ടാനുള്ള ലഹരിയാ. ആ ലഹരിമൂത്തപ്പോള്‍ അവരുടെ കരളെല്ലാം ദ്രവിച്ചുപോയി, കരളിലാണല്ലോ സ്നേഹം, കരളുദ്രവിച്ച മക്കളെങ്ങനെ അവരുടെ അപ്പനേം അമ്മേം സ്നേഹിക്കും? ഇനീം പറയാനുണ്ടച്ചാ, ചിക്കന്‍ഫ്രൈയും ഫാസ്റ്റുഫുഡുമെല്ലാം കണക്കില്ലാതെ വലിച്ചുകേറ്റി, ഞരമ്പിനകത്തെല്ലാം നെയ്കേറിമുറ്റി, ചോരയോട്ടം തടസ്സപ്പെട്ട്, ഹൃദ്രോഗം വന്നതിന് കോഴിക്കടക്കാരനെ പഴിച്ചിട്ടെന്തുകാര്യം? ആര്‍ക്കുംകൊടുക്കാതെ ആര്‍ത്തിയോടെ വാരിക്കൂട്ടി, മറ്റുള്ളവര്‍ക്ക് ഉണ്ടെങ്കിലുമില്ലെങ്കിലും സ്വന്തംകാര്യം മാത്രം നോക്കി, സ്വന്തം തന്തേം തള്ളേം പോലും ശുശ്രൂഷിക്കാതെ നല്ലപ്രായത്തില്‍ ഇവരൊക്കെ കുട്ടകളിച്ചു ജീവിച്ചപ്പം അതു കണ്ടുവളര്‍ന്ന മക്കളുടെ ഞരമ്പിലും സ്വന്തം സുഖത്തിന്‍റെമാത്രം കൊഴുപ്പാ കയറി നിറഞ്ഞത്. അങ്ങനെ ചോരയോട്ടം തീരെയില്ലാതെ അവരുടെ ഹൃദയമങ്ങു മരച്ചുപോയി. അനുകമ്പയും കരുണയുമൊക്കെ ഹൃദയത്തിലല്ലേ അച്ചാ. ഹൃദയം മരച്ചുപോയ മക്കളെങ്ങനെ അപ്പനമ്മമാരോട് അനുകമ്പകാണിക്കും? അച്ചനതു കൊണ്ടിവരോട്, മക്കളേം മറ്റുള്ളവരേം എപ്പഴും കുറ്റംപറഞ്ഞോണ്ടിരിക്കാതെ, നല്ലപ്രായത്തില്‍ അവരുടെയൊക്കെ കൈയ്യിലിരിപ്പ് എങ്ങിനെയൊക്കെ ആയിരുന്നെന്ന് ഒന്നു ചിന്തിച്ചുനോക്കാന്‍ പറ. എന്നിട്ടവരോട്, സ്വന്തം നെഞ്ചത്തു കൈവച്ച്, തെറ്റുപറ്റി തമ്പുരാനെ ക്ഷമിക്കണേന്ന്, കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ പറ. അതിനവരു മനസ്സായാല്‍, ഇപ്പഴത്തെ അവരുടെ നെടുവീര്‍പ്പും, കരച്ചിലുമൊക്കെ മാറി, ഇനിയുള്ളകാലം അടിച്ചു പൊളിച്ചു ജീവിക്കാമെന്നു പറ."

"ഈ സൈക്കോളജിയെല്ലാം കയ്യിലിരുന്നിട്ടാണോ അപ്പിച്ചേട്ടനുപദേശിക്കാനറിയില്ലെന്നു പറഞ്ഞത്?"

"അതൊക്കെ പറയേണ്ടവരു പറയണമച്ചാ. ഇതുംപറഞ്ഞോണ്ടു ഞാനങ്ങോട്ടു ചെന്നാലൊ ണ്ടല്ലോ കപ്പതിന്നാന്‍ വായിലിനി ആകെ ബാക്കിയുള്ള ഈ അഞ്ചാറു പല്ലുകൂടെ അവരു തല്ലി ക്കൊഴിക്കും. എനിക്കിതൊക്കെയൊന്നു പറയാന്‍ പറ്റാത്തതുകൊണ്ട് ഞാനിതെല്ലാം ഡയറീല്‍ എഴുതിവച്ചിട്ടുണ്ടച്ചാ. അതുകൊണ്ടല്ലേ ഇങ്ങനെ വെള്ളംപോലെയിപ്പം വായീന്നിങ്ങുവന്നത്."

"ഈ പ്രായത്തില്‍പോലും ഇത്രേം ശൗര്യം, അപ്പോ നല്ല പ്രായത്തില്‍ അപ്പിച്ചേട്ടനാരായിരുന്നു മോന്‍! ഡയറീലതെല്ലാം എഴുതിയിട്ടുണ്ടാകുമല്ലോ അല്ലേ, അതൊന്നു വായിക്കാന്‍ തരുമോ?"

"അച്ചന്‍ പറഞ്ഞതു ശരിയാ. നല്ല പ്രായത്തില്‍ ഈ അപ്പിയൊരു ഒന്നൊന്നര മോനാരുന്നു. അതു നാളെയും അച്ചന്‍ നടക്കാന്‍ കൂട്ടുവിളിച്ചാല്‍ കാച്ചാം. ഇപ്പം നമുക്കു ഡയറീടെ കാര്യം പറയാം. എന്‍റെ ഡയറീടെ പേര്, 'ഗ്രോ ഓള്‍ഡ് ഗ്രേസ്ഫുളി.' ഇംഗ്ലീഷുകേട്ട് അച്ചന്‍ അന്തംവിടണ്ടാ. ഡയറിതന്ന അച്ചന്‍ അതിന്‍റെ ആദ്യത്തെ പേജില്‍ എഴുതിത്തന്നതാ അത്. എന്‍റെ അഞ്ചുമക്കളില്‍ നാലുപേരും നാലുനാട്ടിലാണച്ചാ. അവരുടെയൊക്കെക്കൂടെപ്പോയി താമസിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള മകളുടെ കൂട്ടത്തിലായിരുന്നപ്പം അവിടെ ഹോസ്പിറ്റലില്‍ കൗണ്‍സലിങ്ങൊക്കെ കൊടു ക്കുന്ന ഒരു മലയാളിയച്ചനുണ്ടായിരുന്നു. മകള് എന്നേം കൂട്ടി അച്ചനെ പരിചയപ്പെടാന്‍ ചെന്നപ്പോള്‍ അങ്ങേരു തന്നതാണ് ആ ഡയറി. എഴുതിയിരിക്കുന്നതു വായിക്കാന്‍ എനിക്ക് ഇംഗ്ലീഷ് അറിയത്തില്ലെന്നു പറഞ്ഞപ്പം അച്ചനതിന്‍റെ അര്‍ത്ഥം പറഞ്ഞുതന്നു, 'നല്ല ഐശ്വര്യത്തോടെവേണം അപ്പൂപ്പനാകാനെന്ന്'. എന്നിട്ടുപറഞ്ഞു, ഇവടെ കാര്യമായിട്ടു വേറെ പണിയൊന്നുമില്ലല്ലോ, ചുമ്മാ മനസ്സില്‍ തോന്നുന്ന നല്ലകാര്യങ്ങളെല്ലാം ഡയറീലെഴുതിവെക്കണമെന്ന്. പള്ളിക്കൂടത്തില്‍ പോയകാലത്തു നോട്ടുപോലും എഴുതാറില്ലാതിരുന്ന ഞാനത് അപ്പഴേ മറന്നു. നാട്ടിലേക്കു തിരിച്ചുപോരുന്നതിന്‍റെ തലേദിവസം യാത്രപറയാന്‍ ചെന്നപ്പോള്‍ അച്ചന്‍ ചോദിച്ചു ഡയറി എഴുതിത്തുടങ്ങിയോന്ന്. ഇല്ലെന്നു പറഞ്ഞപ്പം അച്ചനവിടെയിരുത്തി ഒരൊറ്റപ്പിടിപ്പീര്. 'അപ്പച്ചന്‍ചേട്ടന്‍റെ മോള്‍ക്ക് അപ്പനെപ്പറ്റിപ്പറയുമ്പം കഴുത്തിനുചുറ്റും നാക്കാണെന്നിവിടെ എല്ലാരും പറയാറുണ്ട്. അതുകൊണ്ടാണ് നല്ലയൊരു ഡയറി തന്നത്. നമ്മുടെനാട്ടിലെ സമ്പ്രദായം ചേട്ടന് അറിയാമല്ലോ. വയസ്സായാല്‍ വയ്യാതായെന്നും പറഞ്ഞു ചടഞ്ഞുകൂടി ഇരിക്കും. എന്നിട്ട് എല്ലാത്തിലുംചെന്നു തലയിട്ട് കുളമാക്കുകേംചെയ്യും. മക്കള്‍ക്കും സ്വൈര്യം കൊടുക്കില്ല, കാണുന്നതിനെല്ലാം കുറ്റോം പറയും, പരാതിതീര്‍ന്ന സമയോമില്ല. കുടുംബത്തിലെപ്പോഴും സമാധാനക്കേടും. മടുക്കുമ്പോള്‍ മക്കളുവല്ല വൃദ്ധമന്ദിരത്തിലും കൊണ്ടാക്കും. അവിടെ കരച്ചിലും പല്ലുകടിയുമായി നരകിക്കുകയും ചെയ്യും. അപ്പച്ചന്‍ചേട്ടാ, അവസാന നിമിഷംവരെ ആസ്വദിച്ചു ജീവിക്കാനാണു ദൈവം തമ്പുരാന്‍ ആയുസ്സു തരുന്നത്, നരകിക്കാനല്ല. ഐശ്വര്യമായിട്ട് അപ്പൂപ്പനാകാന്‍ പറഞ്ഞത് അതുകൊണ്ടാണ്. അതിനൊരൊറ്റപ്പണിയേ ഉള്ളു. കൊല്ലന്‍റെ ആലേലെ പട്ടീടെ സ്വഭാവം ചേട്ടന് അറിയാമോ? കൊല്ലന്‍ ഇരുമ്പു പഴുപ്പിച്ച് ചുറ്റിക കൊണ്ടിടിക്കുമ്പോള്‍ ചെവിക്കല്ലുപൊട്ടുന്ന സ്വരമാണ്. പക്ഷേ ചുറ്റികയല്ല, കൂടംകൊണ്ടടിക്കുന്ന സ്വരംകേട്ടാലും കൊല്ലന്‍റെ പട്ടി ഇടക്കൊക്കെ തലപൊക്കിയൊന്നു നോക്കിയിട്ടു പിന്നേം ചുരുണ്ടു കൂടി കിടന്നുറങ്ങും. എന്നാല്‍ കള്ളന്‍റെ കുടീലെ പട്ടീടെ കാര്യമോ? അതെത്ര ഉറക്കമാണെങ്കിലും ഒരില വീണാലറിയും, ഒരീച്ച പറന്നാല്‍ ഉണരും. എപ്പോഴും ജാഗ്രത. ഐശ്വര്യമായിട്ടു വൃദ്ധരാകുക എന്നു പറഞ്ഞാല്‍ കള്ളന്‍റെ കുടീലെ പട്ടിയെ കണ്ടു പഠിക്കുക എന്നുതന്നെയാണ്. കഴിഞ്ഞതെല്ലാം ഓര്‍ത്തും, പണ്ടത്തേതൊക്കെ പറഞ്ഞും ചടഞ്ഞു കൂടി ഇരിക്കാനല്ല, ജാഗ്രത. കണ്ണുതുറന്നിരിക്കുക, ചുറ്റും നോക്കിയാല്‍ നമ്മളെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യാനുണ്ടാകും. ആരും വിളിക്കാനും പറയാനുമൊന്നും കാത്തുനില്ക്കരുത്. ആരെക്കൊണ്ടും ഒന്നും ചെയ്യിപ്പിക്കാനും നോക്കണ്ടാ. ആരേം ഒട്ടു നന്നാക്കാനും പോകണ്ട. ഫലമെന്താ യിരിക്കുമെന്നറിയാമോ? പ്രായത്തോടൊപ്പം ഐശ്വര്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഒരുകാര്യംകൂടെ ചെയ്യുന്നതു നല്ലതാ. നല്ലതുവല്ലോം തോന്നുമ്പോഴും, കേള്‍ക്കുമ്പോഴും, കാണുമ്പോഴും എഴുതിവയ്ക്കുക. എന്നിട്ട് വല്ലപ്പോഴുമൊക്കെ അതെടുത്തു വായിക്കുക. വാര്‍ദ്ധക്യം സംതൃപ്തമാകും.

അന്നു രാത്രീല്‍തന്നെ അച്ചനാ പറഞ്ഞതുമുഴുവന്‍ ഞാനെഴുതിവച്ചു. അത് ഈ കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ പലവട്ടം വായിച്ച് ഇപ്പോള്‍ മിക്കവാറും മനപ്പാഠമായി. അങ്ങനെ ഐശ്വര്യമായിട്ട് അപ്പൂപ്പനാകാനാണച്ചാ ഞാനിവിടെ വന്നു കൂടിയത്. എനിക്കിപ്പോള്‍ ചുമ്മാതിരിക്കാന്‍ ഒട്ടും നേരമില്ലച്ചാ. എവിടെ നോക്കിയാലും എപ്പോഴും ചെയ്യാനെന്തെങ്കിലുമുണ്ട്. അച്ചാ, വേറൊരുകാര്യം. ഇവിടെവരുന്ന അച്ച ന്മാരും പ്രാര്‍ത്ഥനക്കാരും ധ്യാനക്കാരുമെല്ലാം, ഇവരുടെ കഷ്ടപ്പാടിനെപ്പറ്റിയും, ഇവരനുഭവിക്കുന്ന അവഗണനയെപ്പറ്റിയും, ഇവരു സഹിക്കുന്ന ഒരുപാടു രോഗങ്ങളെപ്പറ്റിയുമൊക്കെ വലിച്ചു നീട്ടിപ്പറയുന്നതു കേള്‍ക്കുമ്പോള്‍ ഇവരൊക്കെ ഏങ്ങിയേങ്ങി കരയുന്നതു കാണാം. ഇങ്ങനെയൊക്കെപ്പറഞ്ഞ് ഇവരുടെ ഉണങ്ങിയ ചൊറിയെല്ലാം മാന്തിയിളക്കി ഉപ്പുംമുളകും തിരുമ്മി ഇവരെയിരുത്തി കരയിച്ചിട്ടെന്നാകിട്ടാനാ അച്ചാ. അച്ചനിതുവരെ അത്രേമൊന്നും പറഞ്ഞില്ലെങ്കിലും അച്ചന്‍റേം പറച്ചിലിന്‍റെ ലൈനതുതന്നെയാ. എന്നാപറയാനാച്ചാ, അറിയാതെയാണേലും മദറമ്മേം സിസ്റ്റേഴ്സുംപോലും കാണിക്കുന്നതും ഇതൊക്കെ തന്നെയാ. ഇവിടെ വരുന്ന അച്ചനെപ്പോലുള്ളവരോട് ഇവരെപ്പറ്റി പറയുമ്പം, ഇവരുടെ കേള്‍ക്കെത്തന്നെ, ഇവര്‍ക്കിത്ര മക്കളുള്ളതാ, അവരൊക്കെ അമേരിക്കേലാ, വല്ലപ്പോഴുമൊന്നു വിളിക്കത്തേയുളളു,  ഇവരൊത്തിരി കഷ്ടപ്പെട്ടതാ, ഇപ്പളിവര്‍ക്കപ്പിടി അസുഖമാ എന്നൊക്കെപ്പറഞ്ഞ്, ഇവരുടെ ചൊറിയെല്ലാം കിള്ളിപ്പറിച്ചോണ്ടിരിക്കും. ഇല്ലാത്ത താണേലും ഇവര്‍ക്ക് നല്ല സന്തോഷമാണെന്നും, ഒരുത്തരും വിളിക്കാറില്ലെങ്കിലും മിക്കവാറും ആരെങ്കിലുമിവരെ വിളിക്കാറുണ്ടെന്നും, ഉണങ്ങിയാണിരിക്കുന്നതെങ്കിലും ഇപ്പം കണ്ടാല്‍ നല്ല ചെറുപ്പമായി, ഉഷാറായിട്ടിരിക്കുന്നെന്നുമൊക്കെ ചുമ്മാ ഒന്നു പറഞ്ഞാല്‍ പോരെയച്ചാ, ഈ ചൊറിയെല്ലാം മാന്തിപ്പൊളിക്കാതെ. ഇതൊക്കെയാണച്ചാ എന്‍റെയൊരു സൈക്കോളജി. ഇവരോട് ആ കള്ളന്‍റെ കുടീലെ പട്ടീടെ കാര്യമൊക്കെ അങ്ങോട്ടു പറഞ്ഞുകൊടുക്കച്ചാ. അപ്പോക്കാണാം കളി. വടിപോലെ നടക്കുമ്പോള്‍ വരാന്തേല്‍ കണ്ട്രോളു പോകുന്ന റോബോട്ടു പീറ്ററു ചേട്ടന്‍പോലും അപ്പിയിടാന്‍ വണ്‍റ്റൂത്രീ പറഞ്ഞ് ടോയ്ലറ്റിലേക്കോടുന്നത്چഅപ്പോകാണാം. അച്ചനിനീം പതുക്കെ നടന്നു വന്നാല്‍മതി. ഞാന്‍ ചെല്ലട്ടെ. വാഴക്കുല വഴീലിരിക്കുന്നതെയുള്ളു. രാവിലത്തെ ഇഡ്ഢലിക്കുള്ള സാമ്പാറിലിടാനുള്ളതാ. അച്ചന്‍ നാളേം നടക്കാന്‍ പോകുന്നുണ്ടെങ്കില്‍ വിളിച്ചാല്‍മതി ഞാനുംവരാം."

ഒരു മറുപടിക്കും കാത്തു നില്ക്കാതെ ആളൊരൊറ്റയോട്ടമായിരുന്നു. സിസ്റ്ററു പറഞ്ഞതു നൂറുശതമാനവും ശരിതന്നെ, അപ്പിച്ചേട്ടന്‍ എടുത്താല്‍ പൊങ്ങാത്ത ഒരു മൊതലുതന്നെയാ! ഏതായാലും ബാക്കി ധ്യാനവിഷയങ്ങള്‍ മുഴുവന്‍ ആ രാത്രികൊണ്ടു ഞാന്‍ പൊളിച്ചെഴുതി!

You can share this post!

പൂ.ദ.വി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts