news-details
എഡിറ്റോറിയൽ

ആഗ്നസില്‍നിന്ന് സി. തെരേസയിലൂടെ അമ്മയിലേക്ക്

പുഴയെപ്പറ്റി ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരംഭത്തില്‍ അവള്‍ ചെറുകുട്ടികളെപ്പോലെയാണ്. മധ്യത്തില്‍ അവള്‍ പക്വതയെത്തിയ സ്ത്രീയെപ്പോലെ. കടലിനോട് ചേരുമ്പോള്‍ അവള്‍ ഒരു അമ്മയായി രൂപപ്പെടുമത്രേ. അല്‍ബേനിയായില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ആഗ്നസ് എന്ന പെണ്‍കുട്ടിയെ സിസ്റ്റര്‍ തെരേസയാക്കി മാറ്റിയപ്പോള്‍ കല്‍ക്കട്ടയിലെ സെന്‍റ് മേരീസ് സ്കൂളില്‍നിന്നും അവിടുത്തെ ചേരികളിലേക്കുള്ള യാത്ര സി. തെരേസിനെ മദര്‍ തെരേസയാക്കി മാറ്റി. സമര്‍പ്പണത്തിന്‍റെ വഴിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് അമ്മ അല്ലെങ്കില്‍ അപ്പന്‍ എന്ന സ്ഥാനം. ഇത് അധികാരത്തിന്‍റെ പത്രത്തില്‍ പതിച്ച് കിട്ടുന്നതല്ല മറിച്ച്, ഹൃദയം ചേര്‍ത്ത് ഒപ്പമുള്ളവര്‍ നല്കുന്ന വിളിയാണ്.

വെള്ള ഉടുപ്പിട്ട സന്യാസിനിമാരെ സഹോദരിമാരായാണ് കണ്ടിരുന്നതെങ്കിലും അമ്മ എന്ന സംബോധനയിലേക്ക് അവരില്‍ ചിലരെയെങ്കിലും മാറ്റിയത് അവര്‍ നല്‍കിയ കരുതല്‍ ഒന്നുകൊണ്ട്മാത്രമാണ്. ആറു മാസത്തെ ഇടവക ശുശ്രൂഷയ്ക്കു പോയിരുന്നു. കിട്ടിയ സ്ഥലം മൂന്നാറിനുള്ള വഴിയിലാണ്. തണുപ്പാണോ ചൂടാണോ എന്നൊന്നും അറിയാതെയാണ് അങ്ങോട്ടു ചെന്നത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും തണുപ്പ് അനുഭവിച്ചത്. ചെന്നതിന്‍റെ പിറ്റേദിവസം ആദ്യത്തെ കുര്‍ബാനയ്ക്ക്, കിട്ടിയ ഉടുപ്പുകളെല്ലാം അണിഞ്ഞിട്ടും തണുപ്പത്ത് വല്ലാതെ വിറച്ചുപോയി. അന്ന് വൈകുന്നേരം ഒരു സമ്മാനവുമായിട്ടാണ് മഠത്തിലെ സുപ്പീരിയര്‍ വന്നത്. തുറന്ന പൊതിയില്‍ എനിക്ക് ഒരു സെറ്റ്വര്‍ ആയിരുന്നു, കൂടെ ഒരു ചിരിയും - ഇനിയും രാവിലെ നിന്ന് വിറയ്ക്കാതെ കുര്‍ബാന ചൊല്ലിക്കോണം. അന്നുമുതല്‍ ഇന്നോളം അമ്മ എന്നല്ലാതെ മറ്റൊന്നും അവരെ വിളിച്ചിട്ടില്ല. ആഗ്നസ് സി. തെരേസയായും, സി. തെരേസ മദര്‍ തെരേസയായും ആദ്യം കല്‍ക്കട്ടക്കാര്‍ക്കും പിന്നീട് ലോകംമുഴുവനുമായി മാറിയത് ഇങ്ങനെതന്നെയാവണം.
ഓരോ സമര്‍പ്പിതര്‍ക്കും ഉള്ള ഏററവും വലിയ വിളി ഇതാണ്, അമ്മയാകാന്‍ അപ്പനാകാന്‍. അതിന് ക്രിസ്തു പറഞ്ഞ് തരുന്ന വഴി ലളിതവും - ഒരു മൈല്‍ ദൂരം കൂടുതല്‍ സഞ്ചരിക്കുക. നിങ്ങള്‍ക്ക് താങ്ങാന്‍ ആവുന്ന ദൂരത്തിന് ഒരു പരിധിയുണ്ട്. അവിടെനിന്നും ഉള്ള ഓരോ ചുവടുവയ്പും നിങ്ങള്‍ ഇല്ലാതാകുന്നതിനും നിങ്ങളിലെ അമ്മയെയും അപ്പനെയും ഉണര്‍ത്തുന്നതിനും കാരണമാകും. കാരണം ഇല്ലാതാകലും കാത്തിരിക്കലും ഓരോ അപ്പനിലും അമ്മയിലുമാണ് സംഭവിക്കുന്നത്. ഒരു മൈല്‍ അധിക ദൂരത്തിന്‍റെ അങ്ങേ തലയ്ക്കല്‍ എത്തുമ്പോള്‍ ലോകം നിങ്ങളെ വിളിക്കുന്ന പേരാണ് അമ്മ അല്ലെങ്കില്‍ അപ്പന്‍ എന്നത്.

മദര്‍ തെരേസയുടെ പിന്‍ഗാമി ആയി വന്നത് സി. നിര്‍മ്മലയാണ്. ആദ്യകാലം മുതല്‍ മദറിന്‍റെ കൂടെ ഉണ്ടായിരുന്ന സഹോദരി. അവരെപ്പറ്റി ഇങ്ങനെ വായിച്ചുകേട്ടു, ചുമതലയേറ്റതിനു ശേഷം 'മദര്‍' എന്ന് സംബോധന അരുത് എന്നായിരുന്നു അവരുടെ എളിയ ആവശ്യം. കാരണം സമൂഹത്തില്‍ ഒരു 'മദര്‍' മാത്രം മതിയത്രേ. അതിനെ ഇങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - മദര്‍ തെരേസയോളം സ്നേഹിക്കാനും നല്‍കാനും ഇല്ലാതാകാനും എന്നാകുന്നുവോ അന്നേ ഒരാള്‍ക്ക് 'മദര്‍' എന്ന സംബോധനയ്ക്ക് അര്‍ഹത കൈവരികയുള്ളൂ.

ഒരു സ്ത്രീ അമ്മയായി രൂപപ്പെടുന്നതിനിടയില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അതില്‍ പ്രധാനം ഇഷ്ടാനിഷ്ടങ്ങളുടെ തകിടം മറിച്ചില്‍ ആണ്. ഇത്രയും നാള്‍ സന്തോഷം തന്നിരുന്ന പലതും ഇന്നുമുതല്‍ വേണ്ട എന്നാവുന്നു. ജീവിതത്തില്‍ പലതും ഉപേക്ഷിക്കേണ്ടിവരുന്നു. കല്‍ക്കട്ടയുടെ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ഇങ്ങനെ പലതും ഉപേക്ഷിക്കേണ്ടിവന്നു സി. തെരേസയ്ക്ക്. അതില്‍ ഏറ്റവും പ്രധാനം ലൊറേറ്റോ മഠം നല്കിയ സുരക്ഷിതത്വമായിരുന്നു. അഞ്ചു രൂപയും മൂന്ന് സാരിയുമായി ഒത്തിരിയൊന്നും പരിചയം ഇല്ലാത്ത നാട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്‍റെ നിരാലംബത്വം ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതുതന്നെ. ഇതിനൊപ്പം സ്വാതന്ത്ര്യസമരം അതിന്‍റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയം, ഒരു ക്രിസ്ത്യാനി, ഒരു വെള്ളക്കാരി എന്നു തുടങ്ങുന്ന എല്ലാ പോരായ്മകളും ഉണ്ടായിരുന്നു തെരുവിലെ അവരുടെ ജീവിതത്തിന് അകമ്പടി സേവിക്കാന്‍. പക്ഷേ ഒരു അമ്മ തന്‍റെ കുഞ്ഞിനുവേണ്ടി എങ്ങനെയാണോ ജീവന്‍ കളയുന്ന നിലപാട് എടുക്കുന്നത് അതുപോലെ സി. തെരേസയും ഇഷ്ടങ്ങള്‍ വേണ്ട എന്നുവച്ച് ഇറങ്ങിത്തിരിച്ചു.

നാല് പെണ്‍മക്കള്‍ ഉള്ള ഒരു അമ്മയെ അറിയാം. അഞ്ചാമത്തെ കുഞ്ഞിനെ ഉദരത്തില്‍ പേറുമ്പോള്‍ ചോദിച്ചു, ഇതും പെണ്‍കുഞ്ഞാണെങ്കിലോ? മറുപടി അല്പം നീരസത്തോടെയായിരുന്നു. അതും എന്‍റെ തന്നെയല്ലേ, ഒരു സന്തോഷക്കുറവും ഉണ്ടാകില്ല. സത്യം അഞ്ചാമത്തെ കുട്ടിയും പെണ്‍കുട്ടിയായിരുന്നു. കാണാന്‍ ചെന്നപ്പോള്‍ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു ആ സ്നേഹം. സി. തെരേസിന്‍റെ നിരന്തരമായ സൂക്തങ്ങളിലൊന്ന് ഇപ്രകാരം ആയിരുന്നു, മനുഷ്യര്‍ ഏതു തരക്കാരാണെന്ന് വിധിക്കാന്‍ തുടങ്ങിയാല്‍ അന്നുമുതല്‍ നിങ്ങള്‍ക്ക് അവരെ സ്നേഹിക്കാന്‍ സമയം തികയാതെ വരും. ചുറ്റുമുള്ളവര്‍ നല്ലതല്ലെങ്കില്‍, ഞാനും നല്ലതല്ല, അവര്‍ മോശമെങ്കില്‍ ഞാനും മോശമെന്ന മനുഷ്യന്‍റെ നിലപാടിനെ ക്രിസ്തു എത്ര കൃത്യമായാണ് ഖണ്ഡിച്ചത്. അവന്‍ ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ. 'അതില്‍ എന്തു മേന്മയാണ് ഉള്ളത്.' ലോകം സ്നേഹിക്കാന്‍ യോഗ്യതയുള്ളവരെ തിരയുമ്പോള്‍ സി. തെരേസ കണ്ടുമുട്ടിയവരിലെല്ലാം സ്നേഹിക്കപ്പെടുവാനുള്ള യോഗ്യത കണ്ടെത്തി. അമ്മയുടെ സ്നേഹം അങ്ങനെയാണ് തിരിച്ചുഭേദങ്ങളില്ലാതെ, വിധിക്കലുകള്‍ ഇല്ലാതെ.
ദൈവം നമ്മെ വിളിച്ചത് വിജയിക്കാനല്ല, വിശ്വസ്തരായിരിക്കാനാണ്. അറിയാന്‍ പാടില്ലാത്ത പുതിയ മേഖലകളിലേക്കുള്ള കണ്ണടച്ച കാല്‍വയ്പ്പായിരുന്നു തെരേസയുടെ കല്‍ക്കട്ടാ തെരുവിലേക്കുള്ള പ്രവേശനം. ജയമോ തോല്‍വിയോ അവള്‍ക്ക് വിഷയമായിരുന്നില്ല. അവരുടെ വിഷയം വിശ്വസ്തതയായിരുന്നു. ഇത് വിജയികളുടെ ലോകമാണ്. ജയിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ കളി തുടങ്ങുന്നതിന് മുന്നേ കളിക്കളം ഉപേക്ഷിക്കുവാന്‍ മാത്രം പരാജയത്തെ ഭയപ്പെടുന്നവരുടെ ലോകം. അമ്മമാരൊന്നും പരാജയത്തെ ഭയപ്പെടുന്നവര്‍ അല്ല. ജയിക്കുന്നിടത്തോളം പൊരുതാന്‍ അവര്‍ക്ക് മനസ്സുണ്ട്. മരുന്നിന് പകരം കൈയില്‍ തുപ്പിയവരോട് വീണ്ടും മരുന്നിനു വേണ്ടി ചോദിച്ച് വിജയിച്ച മദറിന്‍റെ കഥകള്‍ എത്രയോ കാലമായി ആളുകളുടെ നാവിലുണ്ട്.

ഏതൊരു അമ്മയും മക്കളെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള പാഠമാണ്. മദര്‍ തന്‍റെ സമൂഹത്തോട് ആവശ്യപ്പെട്ടതും ഇതുതന്നെ. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദ്യം എന്ന് നമ്മുടെ സമൂഹത്തില്‍ വന്നുചേരുന്നുവോ അന്നുമുതല്‍ നമ്മുടെ അധഃപതനം ആരംഭിക്കുന്നു. വാ കീറിയവന്‍ ഇരയെയും നല്കും എന്ന വരരുചിയുടെ വാക്കുപോലെ ജീവിക്കാന്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ മദര്‍ സമൂഹാംഗങ്ങളോട് ആവശ്യപ്പെട്ടു. കാരണം എല്ലാം അവിടുന്നാണ് നല്കുന്നത്.

അങ്ങനെ ഒരു ഓര്‍മ്മ ഇന്നും മനസ്സില്‍ നിലനില്ക്കുന്നുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് പുതിയ വീടിന് വേണ്ടിയുള്ള ആലോചനകള്‍ ആവശ്യമായി വന്നത്. അമ്മയുടെ കൈപിടിച്ച് എല്ലാ ദിവസവും വൈകുന്നേരം കുളിക്കാന്‍ തോട്ടിലേക്ക് നടക്കുമ്പോള്‍ അമ്മ പറഞ്ഞു തരുമായിരുന്നു, വീടിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍. നിന്‍റെ ഇല്ലായ്മകള്‍ നിവര്‍ത്തിക്കാന്‍ മതിയായവനാണ് ദൈവം എന്ന ബോധ്യം അന്നുമുതലാണ് ലഭിച്ചത്. സി. തെരേസ തന്‍റെ സമൂഹത്തെ അതുതന്നെ പഠിപ്പിച്ചു. ദൈവത്തില്‍ ആശ്രയിക്കുക. അമിതമായി ഒന്നും കൂട്ടിവയ്ക്കരുത്. ന്യൂയോര്‍ക്കില്‍ ഭവനം തുറന്നപ്പോള്‍ അവിടുത്തെ കര്‍ദ്ദിനാള്‍ സഹോദരിമാരുടെ ചെലവുകളെപ്പറ്റി ആകുലപ്പെടുന്നത് കണ്ടപ്പോള്‍ സി. തെരേസ പിതാവിനോട് പറഞ്ഞുവത്രേ, "പിതാവേ, ന്യൂയോര്‍ക്കില്‍വച്ച് ദൈവം സ്വയം പാപ്പരായി പ്രഖ്യാപിക്കുമെന്ന് അങ്ങ് കരുതുന്നുവോ?" ദൈവത്തിലുള്ള യഥാര്‍ത്ഥവിശ്വാസം അങ്ങനെയാണ്.
ദൈവം ലോകത്തെ ഇനിയും മടുത്തിട്ടില്ലായെന്നതിനു തെളിവാണത്രേ ലോകത്തെ ഓരോ അമ്മയും കുഞ്ഞും. അസമാധാനം കൂടുമ്പോള്‍ ലോകസമാധാനത്തിന് വേണ്ടിയുള്ള ഒറ്റമൂലിയും സി. തെരേസ പറഞ്ഞുതന്നു - സമാധാനം പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്നു (peace begins with a smile). പരസ്പരം പുഞ്ചിരി സമ്മാനിച്ച് സമാധാനത്തിലേക്ക് ലോകത്തെ നയിക്കുക. കാളിഘട്ടിലെ ആദ്യത്തെ കേന്ദ്രത്തിന്‍റെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഒന്നു ചിരിക്കാനുള്ള സാഹചര്യമൊരുക്കുക. കാരണം സമാധാനം ആരംഭിക്കുന്നത് ഒരു ചെറു പുഞ്ചിരിയോടെയാണ് .

ആഗ്നസ് എന്ന സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് മദറിലേക്കുള്ള ദൂരം ക്രിസ്തു പറയുന്ന ഒരു മൈല്‍ അധിക ദൂരമാണ്. മദര്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഇതുതന്നെ. ഒരു മൈല്‍ അധികദൂരം സഞ്ചരിക്കാന്‍ നീ തയ്യാറാണോ?

സമാധാനത്തിന്‍റെ പാത സാഹോദര്യത്തിലൂടെ എന്നു കാണിച്ചുതന്ന്, അപ്പനായി മാറിയ ഫ്രാന്‍സിസിനെ ഓര്‍ത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. എല്ലാറ്റിലും ദൈവാംശം കണ്ടതു കൊണ്ടുതന്നെ അദ്ദേഹത്തിന് എല്ലാം കൂടപ്പിറപ്പുകളായി. ഇതേ ബോധ്യം സുല്‍ത്താന്‍റെ ഹൃദയത്തെ കീഴടക്കി. അലറി വന്ന ചെന്നായയെ അനുനയിപ്പിച്ചു. കിളികളും പൂക്കളും ആ വാക്കുകള്‍ക്ക് ചെവി കൊടുത്തു. നമുക്കും നടക്കാം ആ ബോധ്യത്തിന്‍റെ പാതയിലേക്ക്. 

You can share this post!

അധ്യാപകര്‍ക്ക് ആദരവോടെ

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts