news-details
എഡിറ്റോറിയൽ

No form of art goes beyond ordinary consciousness as film does, straight to our emotions, deep into the twilight room of the soul.

Ingmar Bergman

മാനവചരിത്രത്തിലെ വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും വിളിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് കരുതിയ കാലത്തുനിന്നും സിനിമ ഏറ്റവും ജനകീയമായ കലയായി വളര്‍ന്നു, ഇന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. സാര്‍വ്വലൗകികമായ മാനവികതയുടെ ഭാഷയാണ് സിനിമയെന്ന് ദെലൂസ് പറയുന്നു. സിനിമ ആഗോളതലത്തില്‍ വിനോദോപാധി  മാത്രമല്ല. കലയായി നിലനില്ക്കുമ്പോള്‍ത്തന്നെ കമ്പോളലാഭത്തെ ലക്ഷ്യംവയ്ക്കുന്ന വിപുലമായ ഉപഭോഗവസ്തുകൂടിയാണത്. മറ്റു കലാരീതികളില്‍നിന്നു വ്യത്യസ്തമായി ഇന്ദ്രിയാനുഭവങ്ങളെ പല രീതിയില്‍ ഉപയോഗപ്പെടുത്താനും കഥ മികച്ച രീതിയില്‍ പറയാനുമുള്ള സാധ്യതകള്‍ സിനിമയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ലോകത്തില്‍ വിവിധ ഭാഗങ്ങളിലുള്ള അനുവാചകരിലേക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് എളുപ്പത്തില്‍ എത്താനുള്ള കഴിവും സ്വാധീനശക്തിയും സിനിമയുടെ ജനപ്രീതിക്ക് കാരണമായി. നിങ്ങളുടെ ജീവിതത്തിലെ ശൂന്യതയെയും ഏകാന്തതയെയും നികത്തുവാന്‍ സിനിമയ്ക്കു കഴിയുമെന്നു പറഞ്ഞത് സ്പാനിഷ് സംവിധായകനായ പെട്രോ അല്‍മൊദൊവരാണ്. ജീവിതത്തിന്‍റെ വിരസതയില്‍നിന്ന് രക്ഷപ്പെടാനും കണ്ണുനീരില്ലാത്ത, ദുഃഖങ്ങളില്ലാത്ത ആഗ്രഹങ്ങളില്ലാത്ത, മത്സരങ്ങളില്ലാത്ത ഒരു സങ്കല്പലോകത്തെ സ്വപ്നം കാണാനും സിനിമകള്‍ സഹായിക്കുമെന്നത് സിനിമയുടെ ജനപ്രിയതയേറ്റുന്നു.

വെറുപ്പും വിഭാഗീയതയും മനുഷ്യനില്‍ ഭീതി വിതയ്ക്കുമ്പോള്‍ പ്രതീക്ഷയും സ്വപ്നവും ആത്മവിശ്വാസവും കൈവരിക്കാന്‍ ഒരു പരിധിവരെ പ്രേരിപ്പിച്ച സിനിമകളുണ്ടാകുന്നുമുണ്ട്. ലോകത്തിന്, സമൂഹത്തിന് ഉയര്‍ന്ന സംസ്കാരം രൂപപ്പെടുത്താന്‍, ചിന്തകളെയും ആശയങ്ങളെയും ഉണര്‍ത്താനും ഉന്നതമായ ജീവിതവീക്ഷണത്തെ പുല്‍കാനും സഹായിച്ച സിനിമകളുമുണ്ട്. സാധാരണ മനുഷ്യരുടെ വിശ്രമവേളകളെ സന്തോഷഭരിതമാക്കുക എന്ന ലക്ഷ്യം മാത്രം മുന്നോട്ടുവയ്ക്കുന്ന സിനിമകളുമുണ്ട്. ചരിത്രത്തെയും ആത്മീയതയെയും പാരമ്പര്യങ്ങളെയും മഹത്വ്യക്തിത്വങ്ങളെയും പകര്‍ത്തി ദിശാബോധം പകര്‍ന്ന സിനിമകളുണ്ട്. വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളോടും പാരമ്പര്യങ്ങളോടും കലഹിച്ച് ചട്ടക്കൂടുകള്‍ക്ക് വഴങ്ങാത്ത സിനിമകളുമുണ്ട്.  പൊതു ഇടങ്ങളില്‍ ആളുകള്‍ തുറന്നുപറയാന്‍ നാണിച്ചിരുന്ന, മടിച്ചിരുന്ന വിഷയങ്ങളെ അവതരിപ്പിച്ച് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളവയും, ജാതിവിവേചനം, പുരുഷാധിപത്യം, ബോഡിഷെയിമിംഗ്, ആള്‍ക്കൂട്ട ആക്രമണം, മാരിറ്റല്‍ റേപ്പ്, ലൈംഗിക ദാരിദ്ര്യം, കപടസദാചാരം, സാമ്പത്തികഅസമത്വം തുടങ്ങി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ച് സമൂഹത്തെ കാലത്തിനനുസരിച്ച് രൂപപ്പെടുത്താന്‍ ശ്രദ്ധിച്ച സിനിമകളും പ്രത്യാശ തരുന്നു. കച്ചവടത്തിന്‍റെ പ്രലോഭനങ്ങളില്‍ വീണ് കലയുടെ യഥാര്‍ത്ഥ സത്തയില്‍ നിന്നകന്ന്, സമൂഹത്തോടോ, കാലത്തോടോ സംവദിക്കാന്‍ കഴിയാതെ പോകുന്ന വലിയൊരു വിഭാഗം ചലച്ചിത്രങ്ങളുമുണ്ട്. സത്യസന്ധതയില്‍നിന്ന് വഴുതിമാറി ഭൗതികതയിലേക്കും ലൈംഗികതയിലേക്കും പ്രലോഭനങ്ങളിലേക്കും വഴുതിപ്പോകാന്‍ ഉത്തേജിപ്പിക്കുന്ന സിനിമകളുണ്ട്. ഇങ്ങനെ വിവിധരീതിയില്‍, ശൈലിയില്‍ ഇറങ്ങിയ ചലച്ചിത്രങ്ങള്‍ മനുഷ്യരെ വളര്‍ത്താനും ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിക്കാനും ദുഃഖങ്ങളെല്ലാം മറന്നു ചിരിക്കാനും ചെറുത്തുനില്‍ക്കാനും ജീവിതത്തോട് പോരാടാനും സഹായിച്ചു. ഒപ്പംതന്നെ കച്ചവടം മാത്രമാക്കിയ സിനിമകള്‍ മനുഷ്യന്‍റെ നന്മയെയും ധാര്‍മ്മികതയെയും കവര്‍ന്നെടുക്കുകയും ചെയ്തു.

സിനിമ ലോകവ്യാപകമായ പ്രകാശമാണ്. സൃഷ്ടിയുടെ പേറ്റുനോവ് അനുഭവിച്ച് പിറവികൊള്ളുന്ന സിനിമകള്‍ ആത്മീയമായ ഔന്നത്യത്തിലേക്കും അതിജീവനത്തിലേക്കും നയിക്കും. സിനിമയും ഒരു ആത്മീയതയാണ്. സൃഷ്ടിക്കുന്നവന്‍റെ സത്തയാണത്. അയാളുടെ ഉള്ളില്‍ പേറുന്ന സ്വപ്നങ്ങളെ, കെട്ടിക്കിടക്കുന്ന ക്രിയാത്മകതയെ തുറന്നുവിടുന്നതാണത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തി, ആഗ്രഹപൂര്‍ത്തീകരണത്തിനുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന സിനിമകളെക്കാളുപരി പുതിയ ആഗ്രഹങ്ങളിലേക്കു നയിക്കുന്ന, കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന, അനുഭൂതികളെ മാറ്റിമറിക്കുന്ന സിനിമകളാണ് പ്രേക്ഷകനെ സംവിധായകന്‍റെ പിറകെ കൊണ്ടുവരുന്ന സിനിമകള്‍.

സിനിമ വളരെ വലിയൊരു ലോകമാണ്. വിയറ്റ്നാമിനെക്കുറിച്ചറിയാന്‍ അവിടെ പോകേണ്ടതില്ല. അവിടുത്തെ ചരിത്രവും സാമൂഹികപ്രശ്നങ്ങളും ജീവിതശൈലിയും മനസ്സിലാക്കാന്‍ സിനിമകള്‍ സഹായിക്കും. സിനിമകള്‍ ലോകങ്ങളെ ഒരു കുടക്കീഴിലാക്കുന്നു. വലിയ ലോകത്തിന്‍റെ ആകാശത്തെ വല്ലാതെ ചെറുതാക്കുന്നു. സ്മാര്‍ട്ട്ഫോണുകളുടെ കടന്നുവരവോടെ ലോകസിനിമകളെ സ്വന്തം കൈക്കുള്ളില്‍ വീക്ഷിക്കുവാനും മനസ്സിലാക്കാനും സാധിക്കുന്ന കാലത്തേയ്ക്കാണ് നാം മുന്നേറുക. ചുരുങ്ങിയ ആകാശവുമായി ജീവിക്കുന്നവര്‍ക്ക് നമ്മുടെ തീരങ്ങള്‍ക്കപ്പുറം അര്‍ത്ഥവും ജീവനും സത്യവും ഉണ്ടെന്ന് ഇത്തരം സിനിമകള്‍ പഠിപ്പിക്കുന്നു. യുവജനതയെ ഏറെ ആകര്‍ഷിക്കുന്ന വെള്ളിത്തിര, വികലമായ ഇടമെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യബോധത്തോടെ സിനിമയെ സമീപിക്കാനും കാണാനുമുള്ള അവബോധം സൃഷ്ടിക്കുകയാണ് കൂടുതല്‍ അഭികാമ്യം.

99ഓളം സിനിമകള്‍ ചെയ്ത ശ്രീ ജോണ്‍പോള്‍ തന്‍റെ അനുഭവത്തിന്‍റെ ആഴത്തില്‍ സിനിമാ ലോകത്തെക്കുറിച്ച് സത്യസന്ധമായി, അഴകുള്ള ഭാഷയില്‍ സബീനുമായി നടത്തിയ അഭിമുഖം ഈ ലക്കത്തിന്‍റെ മുതല്‍ക്കൂട്ടാണ്. യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നിന്നു സ്വപ്നങ്ങളുടെ ലോകത്തെ സൃഷ്ടിക്കുന്നതാണ് സിനിമ. കാരണം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്ത് അതിതീവ്രമായ ആഗ്രഹങ്ങള്‍ ഉള്ളതുകൊണ്ടാണെന്നു ജോസ് സുരേഷും, നിര്‍മ്മാണത്തിലും വിതരണത്തിലും ആസ്വാദനത്തിനും കാലാനുഗതമായ കാഴ്ചപ്പാടിനെക്കുറിച്ചും ബദല്‍ശൈലിയെക്കുറിച്ചും പി. കെ. ഗണേശനും ഐ.എഫ്.എഫ്.കെ.യിലെ സിനിമയുടെ കലാമൂല്യത്തെക്കുറിച്ച് അജിത്തും ചലച്ചിത്രകാഴ്ചയുടെ വളര്‍ച്ചയെപ്പറ്റി അജിയും തുടര്‍താളുകളില്‍ നമ്മോടു സംസാരിക്കുന്നു.  

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts