ചുരുങ്ങിയ ആകാശമാണ് ദുഃഖം എന്നൊരു നിര്‍വചനമുണ്ട്. പെട്ടെന്നൊരാളുടെ മുഴുവന്‍ ശ്രദ്ധയും അയാളിലേക്കു തന്നെ ഏകാഗ്രമാകുന്നു. ഒരേ നേരത്ത് ഇതൊരു കെണിയും മോക്ഷവുമാണ്.
ലോകമിപ്പോള്‍ ദൂരെ ദൂരെയാകുന്നു. അതിനും നിങ്ങള്‍ക്കുമിടയില്‍ ഇനിയെന്ത്? അവര്‍ ആരവം മുഴക്കുന്നു, പോപ്കോണ്‍ കൊറിക്കുന്നു, മാനിക്വിനുകളെക്കണക്ക് അണിഞ്ഞൊരുങ്ങുന്നു. ഒന്നും നിങ്ങളെ തൊടുന്നില്ല. ഉള്‍ത്തടം പരിണാമത്തിലെ ഗ്രേറ്റ്റിഫ്റ്റ് പോലെ പിളര്‍ന്നുപോകുമ്പോള്‍ ഉറ്റവരുടെ കുശലങ്ങള്‍ പോലും കഠിനാഘാതമായി മാറുന്നു. എന്തിനാണ് ഇത്രയും സങ്കടങ്ങളുമായി ഒരു നിലനില്പിനെ ദൈവം പടച്ചത്. കഥകളുടെയൊക്കെ പൊരുള്‍ പിടുത്തം കിട്ടുന്നത് മധ്യവയസ്സിലാണ്. ദുഃഖിതനായ രാജാവിനോട് സന്തുഷ്ടനായൊരു മനുഷ്യന്‍റെ കുപ്പായം കണ്ടെത്തി ധരിക്കുക എന്ന പ്രതിവിധി കൊടുത്തു ഗുരു. ആരംഭത്തില്‍ സരളമായി അനുഭവപ്പെട്ട ഒരു കാര്യം പെട്ടെന്ന് ക്ലേശകരമായി. ഓരോരുത്തരും അവരവരുടെ തട്ടകങ്ങളില്‍ അതൃപ്തരും വിഷാദികളുമായിരുന്നു. ഒടുവില്‍ സന്തുഷ്ടനായ ഒരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ക്ക് കുപ്പായമില്ലായിരുന്നു! എന്തെങ്കിലും ഒരു ഭൗതികവ്യവഹാരം ഉള്ളൊരാള്‍ക്ക് വിഷാദത്തെ ബൈപാസ് ചെയ്യുക അസാധ്യമാണ്.
മനുഷ്യനായിരിക്കുന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണ് ഈ കരച്ചില്‍. ഓര്‍മ്മകള്‍ തീവ്രവും അഗാധവുമാകുന്നതനുസരിച്ച് ദുഃഖത്തിന്‍റെ നിരപ്പു വര്‍ദ്ധിക്കുന്നു. മൃഗങ്ങള്‍ നാം മനസ്സിലാക്കുന്ന രീതിയില്‍ ദുഃഖിക്കാറില്ലെന്ന് നിരീക്ഷിച്ചിട്ടില്ലേ? അകിടുതേടിയെത്തിയ കിടാവിനെ തള്ളപ്പശു പുറംകാലുകൊണ്ട് തട്ടിമാറ്റിയതിന്‍റെ പേരില്‍ ഒരു കിടാവും കവിതയെഴുതിയിട്ടില്ല. മനുഷ്യനാണ് വാര്‍ദ്ധക്യത്തിലും അമ്മ പുരട്ടിയ ചെന്നിനായകത്തെ ക്കുറിച്ച് പതംപറയുന്നത്. ചുരുക്കത്തില്‍ ഓര്‍മ്മകള്‍ക്കു കൊടുക്കുന്ന വിലയാണ് ദുഃഖം.
ദൈവം പുലരിക്കിനാവില്‍ പ്രത്യക്ഷപ്പെട്ട്, 'നിനക്കെന്തുവേണം; ഈ കൈയില്‍ വിസ്മൃതിയുണ്ട്, മറ്റേ കൈയില്‍ വിഷാദവും?'
'എനിക്ക് ദുഃഖം മതി!'
സങ്കടങ്ങളില്‍ അത്ര സങ്കടപ്പെടാനൊന്നുമില്ല എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. പ്രവാചകന്മാര്‍ ആ നസ്രായനെ വിളിച്ചിരുന്നത് സങ്കടങ്ങളുടെ മനുഷ്യന്‍ എന്നാണ്. അയാളുടെ ഭാഗ്യവചനങ്ങളില്‍ ഇങ്ങനെയും ഒരു കാര്യമുണ്ട്: 'കരയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ക്ക് സമാശ്വാസമുണ്ടാകും.' എന്തിനെയോര്‍ത്താണോ കരഞ്ഞത് അവയ്ക്കു പരിഹാരമുണ്ടാകും എന്ന അര്‍ത്ഥത്തില്‍ തന്നെയാവണമെന്നില്ല. കരച്ചില്‍ തന്നെയാണ് സമാശ്വാസം. അതിന്‍റെ ആനുകൂല്യമില്ലായിരുന്നു വെങ്കില്‍ സേഫ്റ്റിവാല്‍വ് അടഞ്ഞ പ്രഷര്‍കുക്കര്‍ പോലെ എന്നേ നിങ്ങള്‍ ചിന്നിച്ചിതറിയേനെ. അതുകൊണ്ടാണല്ലോ, ഒരു ദുരന്തത്തെ അഭിമുഖീക രിച്ച മനുഷ്യന്‍ എന്തിനു കരഞ്ഞു എന്നതല്ല, എന്തുകൊണ്ട് കരഞ്ഞില്ല എന്ന് പരസ്പരം ആരാഞ്ഞ് നമ്മളിങ്ങനെ ഭാരപ്പെടുന്നത്.
on the joys and pains of life' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം വായിച്ചു. തലക്കെട്ടില്‍ ഭംഗിയുണ്ട്. സങ്കടങ്ങള്‍ വിരിഞ്ഞാലും ചിലപ്പോള്‍ ആനന്ദത്തിന്‍റെ ഒരു തേന്‍കണം കിട്ടിയെന്നിരിക്കും; വേദനിപ്പിക്കുന്ന ഏതൊരു മണല്‍ത്തരിയും മുത്തായി മാറുമെന്ന ലളിതമായ പ്രകൃതിപാഠംപോലെ.