news-details
അക്ഷരം

ഗുഡ്ബൈ മലബാറും കടല്‍വീടും

ഗുഡ്ബൈ മലബാര്‍

മാവേലിമന്‍റം, ബസ്പുര്‍ക്കാന, നാടുഗദ്ദിക എന്നീ കൃതികളിലൂടെയും 'കനവ്' കൃതികളിലൂടെയും ശ്രദ്ധേയനാണ് കെ. ജെ. ബേബി. അദ്ദേഹത്തിന്‍റെ വിവിധ തരത്തിലുള്ള അന്വേഷണങ്ങള്‍ നമ്മുടെ സാംസ്കാരികബോധത്തെ അഗാധമാക്കുകയും ദീപ്തമാക്കുകയും ചെയ്തിട്ടുണ്ട്. കെ. ജെ. ബേബിയുടെ പുതിയ നോവല്‍ 'ഗുഡ്ബൈ മലബാര്‍' സവിശേഷമായ ചരിത്രസംഭവങ്ങളെ അടയാളപ്പെടുത്തുന്നു. 'മലബാര്‍ മാന്വല്‍' എന്ന ഗ്രന്ഥത്തിന്‍റെ രചിതാവായ വില്യം ലോഗന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് നോവലിന്‍റെ പരാമര്‍ശവിഷയം. കൊളോണിയല്‍ കാലഘട്ടത്തിലെ മലബാറിന്‍റെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും മനുഷ്യജീവിതവുമെല്ലാം സൂക്ഷ്മമായി ആവിഷ്കരിക്കുന്ന മലബാര്‍ മാന്വലിനെ പിന്തുടര്‍ന്ന് ബേബി അവതരിപ്പിക്കുന്നത്. ലോഗന്‍റെ ഭാര്യ ആനിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

മലബാറിലെ ഒരു കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം ആലേഖനം ചെയ്യുകയാണ് നോവലിസ്റ്റ്. ലോഗന്‍റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും നോവലില്‍ കടന്നുവരുന്നു. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തെന്നും ഈ നോവലില്‍  ബേബി അന്വേഷിക്കുന്നു. ചരിത്രത്തെ സര്‍ഗാത്മകമായി പിന്തുടരുകയാണ് ഈ എഴുത്തുകാരന്‍. ചരിത്രം പ്രശ്നവത്കരിക്കപ്പെടുന്ന കാലത്ത് നാം വീണ്ടും ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നാണ് നോവല്‍ വിളിച്ചുപറയുന്നത്. "ലോഗന്‍റെ വൈയക്തികവും ധൈഷണികവും ഔദ്യോഗികവുമായ ജീവിതവും അദ്ദേഹം കാണുകയും അറിയുകയും ചെയ്ത അക്കാലത്തെ മലബാറിലെ ജനജീവിതവും  ഊടുംപാവും പോലെ ഈ ആഖ്യാനം നെയ്തെടുക്കാന്‍ ബേബി ഉപയോഗിക്കുന്നു. അതിലൂടെ ഒരു കാലഘട്ടം അതിന്‍റെ നാടകീയമായ സംഘര്‍ഷങ്ങളും സങ്കടങ്ങളുമായി പുനഃസൃഷ്ടിക്കപ്പെടുന്നു" എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു.

ആനിയുടെ കണ്ണിലൂടെയാണ് നോവല്‍ മുന്നേറുന്നത്. "ആ താഴ്വാരങ്ങളിലുള്ള നാനാതരം സസ്യങ്ങളും ജീവികളും ഒരിക്കലും വറ്റാത്ത ഉറവകളും ഉണ്മകളും വരുംതലമുറകള്‍ക്കും കാണാറും കേള്‍ക്കാറുമാകണേയെന്ന് ആനിയും പ്രാര്‍ത്ഥിച്ചിരുന്നു" എന്നെഴുതുമ്പോള്‍ ലോഗന്‍റെ 'മലബാര്‍ മാന്വലി'ന്‍റെ രചനയുടെ പിന്നിലെ ലക്ഷ്യം വെളിവാകുന്നു. അങ്ങനെ രേഖപ്പെടുത്തപ്പെട്ട ചരിത്രം നമുക്കുമുന്നില്‍ വെളിച്ചമായി നില്‍ക്കുന്നു. ഒരു കാലം ചുരുള്‍നിവര്‍ന്ന് പലതും കാണിച്ചുതരുന്നു. അന്യദേശത്തുനിന്ന് ഇവിടെയെത്തിയവര്‍ ഭാവികാലത്തിനായി രേഖപ്പെടുത്തിവച്ചത് മൂല്യവത്താണെന്ന് നാമറിയുന്നു. "കാലത്തിന്‍റെ ഇത്തരം സൂചനകളെ മനസ്സിലാക്കി വെളിപ്പെടുത്തിയവരെ നമ്മള്‍ പ്രവാചകരെന്നും വിളിച്ചിരുന്നു" എന്ന് ഒരു കഥാപാത്രം പറയുന്നതിന് അനേകം ധ്വനിഭേദങ്ങളുണ്ട്.

"സൂര്യനെത്തേടി വളഞ്ഞുപോകുന്ന വൃക്ഷത്തുഞ്ചംപോലെ വിശപ്പിന്‍റെ പൊരുളിലേക്ക്, അവനവനിലേക്കുതന്നെ ഓരോരുത്തരും ചുരുണ്ടുകൂടുന്നത്" നോവലിസ്റ്റ് കാണുന്നുണ്ട്. ചരിത്രത്തില്‍ സാധാരണ മനുഷ്യനും ഇടമുണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ചരിത്രത്തെ മുകളില്‍നിന്നു കാണുകയല്ല, താഴെ നിന്ന് കാണുകയാണു വേണ്ടതെന്ന് കെ. ജെ. ബേബിക്കറിയാം. അപ്പോള്‍ ചരിത്രത്തിലെ കാഴ്ചകള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു. വലിയവരെന്നു  കരുതിയവര്‍ വലുതാകുകയും ചെയ്യുന്നു. ഈ അട്ടിമറിപ്പിലൂടെയാണ് പുതിയ കാലം പിറക്കുന്നത്. 'മലബാര്‍  സാധാരണ ജനങ്ങളുടെ വിശ്വാസങ്ങളും ജീവിതങ്ങളും എല്ലാം കൂടിക്കലര്‍ന്ന മണ്ണാണ്' എന്ന തിരിച്ചറിവില്‍ നിന്നാണ് അരികുജീവിതങ്ങളെ ചരിത്രവത്കരിക്കുന്നത്. 'തലമുറകളിലൂടെ ജനിച്ചുമരിച്ചുപോയ മനുഷ്യരുടെ  സ്വപ്നങ്ങളും കണ്ണുനീരും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും എല്ലാം അടിഞ്ഞുകൂടിയ മണ്ണാണ്" മലബാര്‍ എന്നതാകുന്നു യാഥാര്‍ത്ഥ്യം. 'അദ്ധ്വാനിക്കുന്നവരുടെ വിണ്ടുകീറിയ കാലുകളിലെ വിള്ളലുകളില്‍ നിന്നും ഒഴുകിയ ചോരയും കൂടി കലര്‍ന്നതാണീ മണ്ണ്, പശിമയുള്ള മണ്ണ്' എന്നും നോവലിസ്റ്റ് എടുത്തുപറയുന്നു. 'അവരെയും ബഹുമാനിച്ചു ശീലിക്കേണ്ടതുണ്ട്' എന്നും നാം മനസ്സിലാക്കുന്നു.

ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നാം കടന്നുവന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കല്‍ കൂടി പഴയകാലം തിരിച്ചുവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന വര്‍ത്തമാനകാലസന്ദര്‍ഭത്തില്‍ ഈ ഓര്‍മ്മകള്‍ സുപ്രധാനമാണ്. സങ്കുചിതമായ ഓരോ വ്യവസ്ഥയും അതിരുകള്‍ നിര്‍മ്മിക്കുകയാണ്. അതിരുകളെ മായ്ച്ചുകളയുന്ന മാനവികതയാവണം നാം സ്വപ്നം കാണേണ്ടത്. മുന്നോട്ടുപോകണമെങ്കില്‍ ചിലതെല്ലാം പിന്നില്‍ ഉപേക്ഷിക്കേണ്ടതുണ്ട്. 'ഉള്‍ജ്ഞാനം വന്നവര്‍ക്കേ ഉറക്കറകള്‍ വിടാമ്പറ്റൂ' എന്നു പറയുന്നതാണ് സത്യം. ഉള്ളില്‍ അറിവുനിറയുമ്പോള്‍ അതിരുകള്‍ മറയും. മനുഷ്യര്‍ക്ക് ഇത്രമാത്രം മനുഷ്യത്തമില്ലാത്തവരാകാന്‍ പറ്റുമോ? എന്ന് ആനി ചോദിക്കുന്നത് അതിരുകളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ്.  

'എവിടെ നോക്കിയാലും നിറയെ വിസ്മയങ്ങളാണ്. ജീവികളിലും സസ്യങ്ങളിലും എല്ലാം കണ്ട് നടക്കാന്‍ രസമാണ്. നിറയെ അത്ഭുതങ്ങളാണ്'. ഈ അത്ഭുതങ്ങളും വിസ്മയങ്ങളും എഴുതിവയ്ക്കാനാണ് ലോഗന്‍ ശ്രമിച്ചത്. കെ.ജെ. ബേബിയും ഈ വിസ്മയങ്ങള്‍ കാണാതിരിക്കുന്നില്ല. 'ഇവിടെയുള്ള ദൈവസ്ഥാനം കാണാതെ എങ്ങനെ സ്വര്‍ഗം  കാണാനാകും' എന്ന ചോദ്യം വളരെ പ്രസക്തമാണ്. 'ഈ ഇടത്താവളത്തില്‍ ഇത്തിരി അധികാരമോ അംഗീകാരമോ കിട്ടുമ്പോഴേക്കും ഓരോ നിമിഷവും വായു വലിച്ചാണു താന്‍ ജീവിക്കുന്നതെന്നുപോലും മനുഷ്യര്‍ മറന്നുപോകും' എന്ന മനുഷ്യസ്വഭാവവും നോവലിസ്റ്റ് കാണുന്നു.

"സൈലന്‍റ്വാലിയിലെ നിശ്ശബ്ദതയെ ഇഷ്ടപ്പെടുന്ന പൂമ്പാറ്റകളെയും കിളികളെയും ഉറവകളെയും ആദരിക്കുന്ന വരുംതലമുറകളിലാരെങ്കിലും ലോഗനെയും ഓര്‍ക്കാതിരിക്കില്ല" എന്ന് കെ. ജെ. ബേബി കുറിക്കുന്നു. വില്യം ലോഗനെയും ചരിത്രസന്ദര്‍ഭങ്ങളെയും സാധാരണ മനുഷ്യസമൂഹത്തെയും സംസ്കാരത്തെയും ഒരിക്കല്‍കൂടി നാം കണ്ടുമുട്ടുകയാണ് 'ഗുഡ്ബൈ മലബാറി'ല്‍. ചരിത്രത്തിന്‍റെ കണ്ണിലൂടെയാണ് നോവലിസ്റ്റ് എല്ലാം നോക്കിക്കാണുന്നത്. ഓര്‍മ്മകള്‍ തിരിച്ചെടുക്കേണ്ട കാലമാണിത്. അസത്യങ്ങളും അര്‍ത്ഥസാധ്യതകളും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് സമൂഹത്തെ അന്ധമാക്കുന്ന കാലത്ത് ഈ നോവല്‍ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കാന്‍ സഹായിക്കുന്നു.

(ഗുഡ്ബൈ മലബാര്‍ - കെ. ജെ. ബേബി. ഡി. സി. ബുക്സ്)


കടല്‍ ആരുടെ വീടാണ്

ബഹുസ്വരമാണ് കവിതയുടെ രീതികള്‍. സൂക്ഷ്മമായ അനുഭവാവിഷ്കാരമാണ് കവിതയില്‍ സംഭവിക്കുന്നത്. അനുഭവങ്ങളെയും കാലത്തെയും ചേര്‍ത്തുനിര്‍ത്തുന്ന കവിതകള്‍ വെളിച്ചത്തിന്‍റെ അധ്യായങ്ങള്‍ വിരചിക്കുന്നു. 'കടല്‍ ആരുടെ വീടാണ്' എന്ന പുസ്തകത്തിലെ കവിതകളിലൂടെ മോന്‍സി ജോസഫ് അന്വേഷിക്കുന്നത് കാലത്തിന്‍റെ അര്‍ത്ഥമാണ്. 'സമയമെന്ന പ്രഹേളികയാണ് മോന്‍സിയെ സംഘര്‍ഷപ്പെടുത്തിയത്' എന്ന് കെ. ബി.പ്രസന്നകുമാര്‍ ശരിയായ വിധം നിരീക്ഷിക്കുന്നു.

'ഉള്ളില്‍ ഒളിച്ചിരിക്കാന്‍
ആഗ്രഹിക്കുന്ന ഒരു മനുഷ്യകിരണം മാത്ര'മായാണ് കവി സ്വയം കാണുന്നത്.
'കാലത്തിന്‍റെ ശയ്യയില്‍
ഒരു ചെറിയ കുഞ്ഞിനെപ്പോലെ
ഞാന്‍ മയങ്ങുന്നു' എന്നും കവി എഴുതുന്നു. കാലത്തിലാണ് നാം ഒഴുകുന്നത്. നമ്മെ ഗ്രസിച്ചിരിക്കുന്ന ശക്തിയാണ് കാലം. ചിലപ്പോള്‍ കാലം ദൈവം തന്നെയായി മാറും. ദൈവവും കാലവും മനുഷ്യബോധത്തെ ചൂഴ്ന്നുനില്‍ക്കുന്നു. എന്നാല്‍ ഈ ദൈവത്തെയല്ല നാം അറിയുന്നത്. നമ്മുടെ ദൈവം  'അദൈവ' മാണെന്ന് മോന്‍സി തിരിച്ചറിച്ചറിയുന്നുണ്ട്. യഥാര്‍ത്ഥദൈവമാണ് കവിസങ്കല്പത്തിലുള്ളത്.  തെമ്മാടിക്കൂട്ടങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിടുന്നില്ല. ദൈവത്തിന്‍റെ പേരില്‍, മതത്തിന്‍റെ പേരില്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ കാലത്തെ വീണ്ടും ഇരുണ്ടതാക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥദൈവത്തെ കാണിച്ചുതരാന്‍ കവി ശ്രമിക്കുന്നു.

'എനിക്ക് ബുദ്ധനെയാണ് ഇഷ്ടം
മോഹങ്ങള്‍ ഊരിക്കളഞ്ഞ്
യാത്ര ചെയ്തവന്‍' എന്ന് തന്‍റെ ദര്‍ശനം കവി വിളിച്ചുപറയുന്നുണ്ട്.
'ബുദ്ധന്‍ സ്വച്ഛന്ദം സുന്ദരമായി
ഒഴുകി, കാലത്തിലൂടെ
ബോധം തൂവല്‍പോലെ' എന്നും എഴുതുമ്പോള്‍ അസാധാരണമായ ഉണര്‍വിലേക്ക് കയറുകയാണ്.
'യേശു കണ്‍ട്രിബാറില്‍' എത്തിപ്പെടുന്നതിനെപ്പറ്റി കവി എഴുതുന്നു. ഈ കാലത്ത് യേശുവിന് എവിടെയാണ് സ്ഥാനം? വാക്കില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന പേരാണ് യേശു എന്നത്. 'പള്ളി എന്നു കേട്ടതും  യേശു കയ്പോടെ പുഞ്ചിരിച്ചു' എന്ന് എഴുതുന്ന കവി സൂക്ഷ്മവിമര്‍ശനമാണ് നടത്തുന്നത്. യേശുവും പള്ളിയും തമ്മില്‍ വലിയ ബന്ധമില്ല എന്ന യാഥാര്‍ത്ഥ്യമാണ് കവി ചൂണ്ടിക്കാണിക്കുന്നത്.
'ഒരു ദൈവമെങ്കിലും ഉണ്ടായിരുന്നെങ്കില്‍
എത്ര നല്ലതായിരുന്നു
ലോകത്തിന് അത് എത്ര നന്നായിരുന്നു' എന്നാണ് കവി ചിന്തിക്കുന്നത്.


മനുഷ്യജീവിതം സമഗ്രമായി പരിവര്‍ത്തനവിധേയമായ കാലമാണിത്. വിപണി നമ്മെ സ്വക്ഷേത്രത്തില്‍ തളച്ചിട്ടു. ഭൗതികനേട്ടങ്ങള്‍ക്കായി മനുഷ്യന്‍ എല്ലാം പരിത്യജിച്ചിരിക്കുന്നു. മൂല്യങ്ങളുടെ കുഴമറിച്ചില്‍ എല്ലാറ്റിനെയും ധൂസരമാക്കിയിരിക്കുന്നു. ദൈവവും വിശ്വാസങ്ങളും എല്ലാം ഈ കാലത്തിന്‍റെ വ്യാഖ്യാനങ്ങളില്‍ അഗോചരമാകുന്നു.
'ഇന്ന് ജീവിച്ചിരിക്കുന്നതിന്‍റെ
ഏറ്റവും വലിയ വൃത്തികേട്
ഞാന്‍ എന്നെക്കുറിച്ച്
മാത്രമോര്‍ക്കുന്നു എന്നതാണ്.
എവിടെ മറ്റെയാള്‍!
മറ്റെയാള്‍ തീരെയില്ല
എന്‍റെ ലോകത്ത് ഞാന്‍ മാത്രം'
അങ്ങനെ ചുരുങ്ങിപ്പോയ ഒരു ലോകമാണ് ഇന്നുള്ളത്. ഇത് മനുഷ്യനെ വ്യക്തിപരമായും, സമൂഹത്തെ മുഴുവനും ബാധിച്ചിരിക്കുന്ന സ്വാര്‍ത്ഥതയുടെ രോഗമായി പടരുന്നു. അപരനില്ലാത്ത ലോകമാണ് ലാഭകരം എന്ന് ഏവരും കരുതുന്നു.
'സൂര്യന്‍റെ മകള്‍' എന്ന കവിത നമ്മെ ഏറെ അസ്വസ്ഥരാക്കുന്നു. 'അപാരസന്തോഷത്തിന്‍റെ മനുഷ്യബിന്ദുപോലവള്‍' ജീവിക്കുമ്പോള്‍ പെണ്‍കുട്ടിയായതിന്‍റെ പേരില്‍ പീഡിതയാവുന്നു. 'ബലാത്സംഗത്തിനുള്ള മിനിമം പ്രായം രണ്ടുവയസ്സായി കുറയ്ക്കുന്ന പ്രമേയം പാര്‍ലമെന്‍റ് എതിരില്ലാതെ പാസാക്കി' എന്നാണ് കവി എഴുതുന്നത്. പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് അദ്ദേഹം. ഉപഭോഗവസ്തുമാത്രമായിത്തീരുന്ന സ്ത്രീ ഇടമില്ലാത്തവളായിത്തീരുന്നു.
'പെട്ടെന്നൊരു നാള്‍
തീരെ പ്രതീക്ഷിക്കാതെ
ലോകത്തുനിന്ന്
സ്നേഹം എങ്ങോട്ടോ
ഓടിപ്പോയി
മനുഷ്യന്‍ എന്ന പേരില്‍
ഒരു കൂട്ടം ജീവികള്‍
തെരുവിലൂടെ മൊബൈലില്‍
വൃത്തികെട്ട വിഡ്ഢിച്ചിരി ചിരിച്ച്
ഒച്ചയിട്ട് നടന്നു
ആരുമില്ലാത്തവര്‍' -- ഇതാണ് ഇന്നിന്‍റെ യഥാര്‍ത്ഥ ചിത്രം. നമ്മുടെ കാലത്തിന്‍റെ ചിത്രം. 'ദൈവത്തെ വഴിപാടില്‍ ഒതുക്കിക്കൊണ്ട് മനുഷ്യന്‍ ഹിംസാത്മകനടനം നടത്തുന്ന കാലം.'  ഈ കാലത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിതകളാണ് മോന്‍സി ജോസഫിന്‍റേത്. സ്നേഹനിര്‍ഭരമായ കാലത്തെ സ്വപ്നം കാണുന്ന കവിതകളാണവ.

(കടല്‍ ആരുടെ വീടാണ് - മോന്‍സി ജോസഫ് - മാതൃഭൂമി ബുക്സ്)

You can share this post!

അടിയാളപ്രേതവും അമ്മക്കല്ലും

ഡോ. റോയി തോമസ്
അടുത്ത രചന

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
Related Posts