മൊബൈലില്‍ തെളിഞ്ഞ നമ്പര്‍ പരിചയമില്ലായിരുന്നെങ്കിലും അറ്റന്‍റുചെയ്തു.
"ഹലോ അച്ചന്‍ ആശ്രമത്തിലുണ്ടോ?"
"ഇല്ല, യാത്രയിലാ, രണ്ടുമണിക്കൂറിനുള്ളിലെത്തും, ആരാ സംസാരിക്കുന്നത്?"
"അച്ചനെത്തുമ്പോഴേയ്ക്കും ഞാനവിടെവന്നു കണ്ടോളാം." ഫോണ്‍ കട്ടായി.
സ്വരം പരിചയമുള്ളതുപോലെ തോന്നിയെങ്കിലും ആളെ പിടികിട്ടിയില്ല. ആശ്രമമുറ്റത്തെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ പള്ളിയില്‍നിന്നിറങ്ങിവന്നയാള് ഒരുപാടുകാലമായി പരിചയമുണ്ടായിരുന്ന ഒരു ഗള്‍ഫുകാരനായിരുന്നു. പത്തുപതിനാറു കൊല്ലംമുമ്പ് ഞാനവിടെ ധ്യാനിപ്പിക്കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ മലയാളിസമൂഹത്തിന്‍റെ ലീഡറും പള്ളിയിലെ ഏറ്റവും വേണ്ടപ്പെട്ടയാളും, വിശുദ്ധകുര്‍ബ്ബാന കൊടുക്കാനൊക്കെ സഹായിക്കുന്ന യൂക്കരിസ്റ്റിക് മിനിസ്റ്ററും ഒക്കെയായിരുന്നു. ഭാര്യ നേഴ്സും, അയാളന്ന് ടാക്സി ഡ്രൈവറും. മൂന്നുകുട്ടികള്‍, മൂത്തയാളിനന്നു പന്ത്രണ്ടു വയസ്സ്, അള്‍ത്താരബാലനായിരുന്നു. അന്നുമുതലുള്ള പരിചയമാണ്. നാട്ടില്‍വരുമ്പോളൊക്കെ കാണാറുമുണ്ടായിരുന്നു. ഇപ്പോള്‍ ആള്‍ക്ക് അവിടെത്തന്നെ ബിസിനസ്സാണ്. പള്ളിക്കാര്യത്തില്‍ പഴയതിലും സജീവമായിത്തുടരുന്നു. മക്കളുമൂന്നും പഠിച്ചു ജോലിയിലായി. ഭാര്യയ്ക്ക് ഇപ്പോഴും ജോലിയുണ്ട്. കഴിഞ്ഞവര്‍ഷം കാണുമ്പോള്‍വരെയുള്ള വാര്‍ത്തയാണിത്രയും. അവധിക്കുവന്നുപോയിട്ട് അഞ്ചാറു മാസമേ ആയിട്ടുള്ളു. അപ്രതീക്ഷിതമായ ഈ വരവില്‍ എന്തോ പന്തികേടുതോന്നി.
"ഒരത്യാവശ്യത്തിനു വന്നതാണച്ചാ, മകളുടെ കല്യാണമുറപ്പിച്ചുവച്ചിരിക്കുവാ. കല്യാണം ഇവിടെവച്ചു നടത്താനായിരുന്നു പ്ലാന്‍. എല്ലാം ആകെ കുഴഞ്ഞുമറിഞ്ഞു. സമാധാനം കിട്ടാന്‍ ഒരുധ്യാനം കൂടിയിട്ടു പോകാമെന്നോര്‍ത്താണതിനുപോയത്. അത് അതിലും ഗുലുമാലായി. അതിനിടക്കാണ് അച്ചനെവിളിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ ധ്യാനം നിര്‍ത്തി പോകാനൊരുങ്ങിയതാണ്. വളരെ സമാധാനത്തില്‍ ജീവിച്ചിരുന്നതാണ്. ഇന്നലെകൊണ്ട് അതെല്ലാംപോയി."
"ആ അവസാനം താന്‍ പറഞ്ഞത്, പണ്ടാരോ പറഞ്ഞതുപോലെ പോക്കണംകേടായിട്ടാ എനിക്കുതോന്നുന്നത്. ശരിക്കുള്ള സമാധാനത്തിലാണു താന്‍ ജീവിച്ചിരുന്നതെങ്കില്‍, ധ്യാനംകൂടിയാലെങ്ങനാ അതുപോകുന്നത്? സമാധാനക്കേടുണ്ടാക്കുന്നതെന്തോ കാണാതെ കിടന്നു, അല്ലെങ്കില്‍ കാണാന്‍കൂട്ടാക്കാതെ കിടന്നു, അതിപ്പോള്‍ കണ്ടുപിടിച്ചു, അല്ലെങ്കില്‍ കാണേണ്ടി വന്നു, സമാധാനക്കേടായി, അതായിരിക്കില്ലേ ശരി?"
"അച്ചനു സമയമുണ്ടോ അല്പം സംസാരിക്കാന്‍?"
"വന്നിറങ്ങിയതല്ലെയുള്ളു, വാ, ഒരുചായകുടിച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്കിഷ്ടംപോലെ സമയമാ."
നോവലുപോലൊരു ചരിത്രം സമയമെടുത്തയാള്‍ തുറന്നുവച്ചു. പണ്ടുപണ്ട് സായിപ്പുമാരുടെ വകതോട്ടത്തിലെ ഒരു കങ്കാണിയായിരുന്നു വല്യപ്പന്‍. തമിഴനായിരുന്നു. തോട്ടത്തിലെ ലയത്തിലായിരുന്നു താമസം. തോട്ടത്തിന്‍റെ അതിരിലൂടെയുണ്ടായിരുന്ന റോഡു നേരെയാക്കിയപ്പോള്‍ തോട്ടത്തിന്‍റെ ഒരുചെറിയഭാഗം മുറിഞ്ഞു റോഡിനു മറുവശത്തായി. സൂപ്രണ്ടുസായിപ്പു കനിഞ്ഞ് ആ സ്ഥലം വീടുവയ്ക്കാന്‍ വല്യപ്പനു കൊടുത്തു. വല്യമ്മ നിത്യരോഗിയായിരുന്നതു കൊണ്ട് ഒരുമകനെ ഉണ്ടായുള്ളു, അതാണിയാളുടെ അപ്പന്‍. അപ്പന്‍ ചെറുപ്പത്തിലെ ഡ്രൈവിങ്ങുപഠിച്ച്, തോട്ടത്തിലെ ലോറീം ജീപ്പുമൊക്കെ ഓടിക്കുന്ന ജോലികിട്ടി. തോട്ടത്തില്‍തന്നെ പണിയുണ്ടായിരുന്ന ഒരുപെണ്ണിനെ കല്യാണോം കഴിച്ചു. സായിപ്പുമാരു തോട്ടം വിറ്റുവിട്ടുപോയപ്പോള്‍, അപ്പന് അവര് പഴയ ഒരു വില്ലീസ്ജീപ്പ് ദാനംകൊടുത്തിട്ടുപോയി. അങ്ങനെ വീട്ടുപേരുപോലുമില്ലാതിരുന്ന തമിഴന്‍ കങ്കാണീടെ മകന് 'വില്ലീസില്‍' എന്ന വീട്ടുപേരു കിട്ടി. അപ്പന്‍ ആ ജീപ്പു ടാക്സിയോടിച്ചുതുടങ്ങി. കൂട്ടത്തില്‍ കള്ളുകുടീം ചീട്ടുകളീം. അമ്മക്കു പണിയുണ്ടായിരുന്നതുകൊണ്ട് മൂന്നുമക്കളില്‍ മൂത്തവനായ ഇവന് പത്താംക്ലാസ് വരെ പഠിക്കാന്‍പറ്റി. വണ്ടിപ്പണി ഇഷ്ടമായിരുന്നതു കൊണ്ട് ഒരുവര്‍ക്ക്ഷോപ്പില്‍ ജോലിക്കുനിന്നു. അവന്‍റെ തകൃതംകൊണ്ട് രണ്ടുകൊല്ലംകൊണ്ടവന്‍ ഡ്രൈവിങ്ങും പഠിച്ച് ഒന്നാന്തരമൊരു മെക്കാനിക്കായി. വണ്ടി പണിയാന്‍വരുന്നവര്‍ക്കൊക്കെ അവനെ ഇഷ്ടമായി. ഒരിക്കല്‍ പലേടത്തും നോക്കിയിട്ടും ശരിയാകാതിരുന്ന ഒരു ഫോറിന്‍ വണ്ടിയുമായിട്ടൊരു മുതലാളിവന്നു. ദൈവാനുഗ്രഹം കൊണ്ട് അവന്‍ ചില കുനുഷ്ടുപണികളൊക്കെ നടത്തിയപ്പോള്‍ വണ്ടി നല്ല കണ്ടീഷനായി. അവനോടിഷ്ടംതോന്നിയ മുതലാളി ഗള്‍ഫില്‍ ജോലിചെയ്തിരുന്ന മകനോടുപറഞ്ഞ് അഞ്ചാറു മാസത്തിനകം അങ്ങോട്ടു പോകാനേര്‍പ്പാടാക്കി. അതിനുവേണ്ടി ഉണ്ടായിരുന്നതെല്ലാം പണയപ്പെടുത്തി അപ്പന്‍ കാശുമുണ്ടാക്കിക്കൊടുത്തു. ഗള്‍ഫില്‍ ഒരുമലയാളിയുടെ വണ്ടിവര്‍ക്ഷോപ്പിലായിരുന്നു ജോലികിട്ടിയത്. അവന്‍റെ പണി ഇഷ്ടപ്പെട്ട് അവനോടു മമത തോന്നിയതുകൊണ്ട് വര്‍ക്ഷോപ്പുടമ അവനോടു വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. വലിയസാമ്പത്തിക ബാദ്ധ്യത പെട്ടന്നുതീര്‍ക്കാന്‍ ഒരു കുറുക്കുവഴിയും പറഞ്ഞു കൊടുത്തു. മദ്യം കള്ളക്കടത്ത്. അവിടെ ഒരു എമിറേറ്റില്‍ മാത്രമെ മദ്യശാലകളുള്ളു. മറ്റുള്ളിടത്തൊക്കെ നിരോധനമാണ്. കിട്ടുന്നിടത്തു നിന്നുവാങ്ങി വര്‍ക്ഷോപ്പിലെത്തിച്ചാല്‍മതി, ബാക്കിയൊക്കെ ആ പുള്ളി ചെയ്തുകൊള്ളും. കൊടുത്തവിലയുടെ മൂന്നിരട്ടി കമ്മീഷന്‍ കൊടുക്കുകയും ചെയ്യും. ഭയങ്കര റിസ്ക്കാണ്, പിടികൂടിയാല്‍പിന്നെ ഒരിക്കലും പുറംലോകം കാണുകയില്ല, ചിലപ്പോള്‍ തലയുംപോകും. കേട്ടപ്പോഴേ തലമരച്ചു. അയാളു നിര്‍ബ്ബന്ധിച്ചുമില്ല. പിന്നെയറിഞ്ഞു പലരും നാളുകളായി ഇങ്ങനെ ചെയ്യുന്നുണ്ട്, ആരെയും ഇതുവരെ പിടിച്ചിട്ടില്ലെന്നൊക്കെ. കണക്കുകൂട്ടിനോക്കിയപ്പോള്‍ രണ്ടു കൊല്ലം ജോലിചെയ്താല്‍ കിട്ടുന്നകാശ് രണ്ടുമാസംകൊണ്ടുണ്ടാക്കാം. കടമെല്ലാം പെട്ടെന്നു വീട്ടാം. അതുകഴിഞ്ഞതു നിര്‍ത്തുകയും ചെയ്യാം. രണ്ടും കല്പിച്ചിറങ്ങി. ഉച്ചവരെ വര്‍ക്ഷോപ്പില്‍. ഉച്ചകഴിഞ്ഞു കള്ളക്കടത്ത്, വെള്ളിയാഴ്ച്ച അവധിയായതുകൊണ്ട് മുഴുവന്‍ ദിവസവും. അതിനുള്ള ടെക്നിക്കുകളൊക്കെ ഉടമ പഠിപ്പിച്ചു കൊടുത്തു. ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും പിന്നെയതു ഹരമായി. രണ്ടു മൂന്നു മാസംകൊണ്ട് വന്‍തുക സമ്പാദിച്ചു. നിര്‍ത്താന്‍ മനസ്സുപറഞ്ഞപ്പോഴും കാശിന്‍റെ ആര്‍ത്തികാരണം തുടര്‍ന്നു. പലപ്പോഴും വര്‍ക്ഷോപ്പില്‍ പണിക്കുവരുന്ന വണ്ടിയുമായിട്ടും പോകാറുണ്ടായിരുന്നു. അങ്ങനെയൊരിക്കല്‍ പണിക്കുകയറ്റിയിരുന്ന ഒരു ടാക്സി വണ്ടിയുമായി പോയി സാധനവുമായി തിരിച്ചു വരുമ്പോള്‍ ഒരു വലിയ ഹോസ്പിറ്റലിന്‍റെ പടിക്കല്‍വച്ച് നാലഞ്ചു നേഴ്സുമാരു ടാക്സിയാ ണെന്നുകരുതി കൈകാണിച്ചു. ഏതായാലും അയാള്‍ വണ്ടിനിര്‍ത്തി, എല്ലാവരെയും കയറ്റി. മൂന്നുപേരെ അവരു പറഞ്ഞിടത്തിറക്കി, ബാക്കി രണ്ടുപേരുമായി നീങ്ങുമ്പോള്‍ അതിലൊരാള്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു. മലയാളികളാ
ണെന്നറിയാമായിരുന്നതുകൊണ്ട് അയാള്‍ കാര്യംതിരക്കി. ഹോസ്പിറ്റലില്‍ ആ നേഴ്സ് കൈകാര്യം ചെയ്തിരുന്ന വലിയവിലയുള്ള ഒരു ഉപകരണം കേടായി. അവളു മനസ്സറിഞ്ഞ കാര്യമല്ലായിരുന്നെങ്കിലും കുറ്റം അവളുടെമേല്‍ വന്നു. പിറ്റെദിവസംതന്നെ അതിന്‍റെ വിലയ്ക്കുള്ള തുകയടച്ചില്ലെങ്കില്‍ ജോലിയില്ലെന്നായിരുന്നു ശിക്ഷ. കിട്ടുന്നതുമുഴുവന്‍ അതതുമാസം വീട്ടിലേയ്ക്കയച്ചിരുന്ന കല്യാണം കഴിഞ്ഞയാളായിരുന്നു അവര്. കൂടെയുള്ളയാള്‍ കല്യാണം കഴിച്ചതല്ലെങ്കിലും വീട്ടിലേയ്ക്ക് എല്ലാമാസവും പണമയച്ചിരുന്നതു കൊണ്ട് അവരുടെ കൈയ്യിലും കാര്യമായിട്ടൊന്നുമില്ല. അത്രയും വലിയതുക കൊടുത്തു സഹായി ക്കാനാരുമില്ലാതിരുന്നതുകൊണ്ട് ജോലി പോയെന്നുറപ്പാണ്. അയാളധികം ചിന്തിക്കാന്‍ പോയില്ല, കണക്കുകൂട്ടിനോക്കിയപ്പോള്‍ കള്ളക്കടത്തിലുണ്ടാക്കിയതാണെങ്കിലും അവരെ സഹായിക്കാന്‍മാത്രം പണം അയാളുടെ കൈവശമുണ്ടായിരുന്നു. തിരിച്ച് എന്ന്, എങ്ങനെതരുമെന്നു പോലും ചോദിക്കാതെ പിറ്റെദിവസം അയാളു പണമവര്‍ക്കെത്തിച്ചുകൊടുത്തു, അവളു ജോലിയിലും തുടര്‍ന്നു. തൊട്ടടുത്തദിവസം ഉച്ചകഴിഞ്ഞ് ഇയാളെ അന്വേഷിച്ച് അവരു വര്‍ക്ഷോപ്പിലെത്തി. പുറത്തുപോയിരിക്കയാ ണെന്നറിഞ്ഞപ്പോള്‍ അയാളെത്തുന്നതുവരെ അവരുകാത്തുനിന്നു. തീരാത്ത നന്ദിപറഞ്ഞു. വീട്ടുകാര്യങ്ങളൊക്കെ ദീര്‍ഘനേരം സംസാരിച്ചു, അതിനിടയില്‍ കാശുണ്ടാക്കാന്‍ മദ്യം കള്ളക്കടത്തു നടത്തുന്ന കാര്യവും അയാള്‍ പറഞ്ഞു. യാത്രപറയുമ്പോളാണ്, വെള്ളിയാഴ്ച പള്ളിയില്‍ ചെല്ലണമെന്നും അച്ചന്‍ കാണണമെന്നാവശ്യപ്പെട്ടെന്നും അവരുപറഞ്ഞത്. മടിതോന്നി. മലയാളി അച്ചന്മാരില്ല, സായിപ്പച്ചനാണ്. കുര്‍ബ്ബാന ഇംഗ്ലീഷിലായതുകൊണ്ട് ഒന്നുരണ്ടുപ്രാവശ്യം കൊണ്ടു പോക്കുനിര്‍ത്തിയിരുന്നു. അവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പിന്നത്തെ വെള്ളിയാഴ്ച പോയി. കുര്‍ബ്ബാനകഴിഞ്ഞ് അവരുമൊത്ത് അച്ചനെക്കണ്ടു. അവരു നല്ല മണിമണിയായിട്ട് ഇംഗ്ലീഷില്‍ പറഞ്ഞതൊന്നും അയാള്‍ക്കു മനസ്സിലായില്ലെങ്കിലും അവസാനം ഒരു കുരിശു രൂപവും ഇംഗ്ലീഷ്ബൈബിളും കൊടുത്ത് അച്ചന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു പോകുന്നവഴി, കൊടുത്തകാശു മുഴുവന്‍ എത്രയും നേരത്തെ കൂട്ടുകാരെല്ലാരുംകൂടി തിരിച്ചുകൊടുക്കാമെന്നും ഇനിയുമൊരിക്കലും കള്ളക്കടത്തിനു പോകരുതെന്നും അവരു പറഞ്ഞപ്പോള്‍ ആകെ മനപ്രയാസായി. പക്ഷേ തിരിച്ചുചെന്നപ്പോളറിഞ്ഞു, മദ്യംകടത്തിയ ആരെയൊക്കെയോ അന്നു പോലീസുപിടിച്ചെന്ന്. ഞെട്ടിവിറച്ചുപോയി. അന്നു പള്ളിയില്‍ പോയില്ലായിരുന്നെങ്കില്‍!! അതോടെ അപ്പണി നിര്‍ത്തി. വര്‍ക്ഷോപ്പില്‍ ഒതുങ്ങി.
അവരു രണ്ടുമായി മിക്കവാറും കണ്ടുമുട്ടാറുണ്ടായിരുന്നു. കല്യാണംകഴിച്ച കൂട്ടുകാരത്തിയാണ്, ഒരുവെള്ളിയാഴ്ച പള്ളിമുറ്റത്തുവച്ച് നേരിട്ടതു ചോദിച്ചത്, മറ്റെയാളെ കല്യാണം കഴിക്കാന്‍ തയ്യാറാണോന്ന്. വെറും വര്‍ക്ഷോപ്പുതൊഴിലാളിയാ യതുകൊണ്ട് അയാളങ്ങനെയൊന്നു പ്രതീക്ഷിച്ചതല്ലായിരുന്നു. തന്നെയല്ല കടമൊന്നും വീട്ടാന്‍ പറ്റിയില്ല, കൈയ്യിലിപ്പോള്‍ കാര്യമായ നീക്കിയിരിപ്പില്ല, കയറിക്കിടക്കാന്‍ പറ്റിയ വീടുപോലും നാട്ടിലില്ല. അതെല്ലാം പറഞ്ഞപ്പോള്‍ അവരവതരിപ്പിച്ച പ്രതിവിധി കേട്ടപ്പോളാണ് അവരു നന്നായി ആലോചിച്ചാണു വന്നതെന്നുറപ്പായത്. പിന്നത്തെ മാസംമുതല്‍ അവളുടെ ശമ്പളം സ്വര്‍ണ്ണം വാങ്ങാന്‍ വേണ്ടി സൂക്ഷിക്കുകയാണെന്നു വീട്ടിലേയ്ക്കറിയിച്ചിട്ടുണ്ടെന്ന്. സ്വര്‍ണ്ണം വാങ്ങാതെ അതുമുഴുവന്‍ അയാള്‍ക്കു കൊടുക്കാമെന്ന്. അയാള്‍ക്കു കിട്ടുന്നതും അവളുടെ ശമ്പളവുംകൊണ്ട് കടമെല്ലാം വീട്ടാം, എത്രയുംവേഗം കൂട്ടുകാരത്തിക്കു കൊടുത്ത കാശും അവരുതരും, അങ്ങനെ വീടുംവയ്ക്കാം, അതുകഴിഞ്ഞുമതി കല്യാണമെന്ന്. എന്തുകൊണ്ടാണിത്ര താത്പര്യം എന്നു ചോദിച്ചപ്പോള്‍ കാശിനെക്കാള്‍ മനുഷ്യനെ സ്നേഹിക്കുന്ന ആളായതുകൊണ്ടാണെന്നുത്തരം. മറ്റാരോടുമാലോചിക്കാനില്ലാതിരുന്നതുകൊണ്ട് അത്ര ഉദാരമായ വ്യവസ്ഥയില്‍ അയാളും സമ്മതിച്ചു. അപ്പോള്‍തന്നെ അവരുമൊത്തു സായിപ്പച്ചന്‍റെയടുത്തുപോയി. ശരിയെന്നു തോന്നുന്നതുചെയ്യാന്‍ അദ്ദേഹവും പറഞ്ഞു. ആറുമാസത്തിനുള്ളില്‍ കടമെല്ലാം വീട്ടാനായി. കൂട്ടുകാരത്തിക്കുകൊടുത്ത പണവും തിരിച്ചുകിട്ടി. വീടുപണിക്ക് ഏര്‍പ്പാടാക്കി. ഗള്‍ഫില്‍പോയി രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്രയും സമ്പാദിച്ചതില്‍ നാട്ടുകാര്‍ക്കൊക്കെ അത്ഭുതമായി. പണത്തിന്‍റെ മുക്കാല്‍ഭാഗവും സ്ത്രീധനംപോലെ കൈപ്പറ്റിയ അവളുടെ ശമ്പളമാണെന്ന് മറ്റാര്‍ക്കു മറിയില്ലല്ലോ. വീടുവെഞ്ചരിപ്പും കല്യാണവും ഒന്നിച്ചുനടത്താനുള്ള തീരുമാനത്തില്‍, കല്യാണം നടത്താനുള്ള കാശു കടവുംവാങ്ങി രണ്ടുപേരും അവധി ശരിയാക്കി നാട്ടിലെത്തി. ഇടവകപ്പള്ളിപണി നടക്കുന്ന സമയം. ഗള്‍ഫുകല്യാണമല്ലേ, പള്ളിക്ക് ഒരുലക്ഷംരൂപാ സംഭാവന വേണമെന്ന് വികാരിയച്ചന്‍ വിധിച്ചു. കടമാണെന്നുള്ള സത്യമൊക്കെപ്പറഞ്ഞിട്ടും അച്ചന്‍ അയഞ്ഞില്ല. നിവൃത്തിയില്ലാതെ, ഉറപ്പിച്ച കല്യാണം അടുത്ത അവധിക്കു വരുമ്പോൾ നടത്താം എന്ന തീരുമാനത്തിലെത്തി. മറ്റു മാര്‍ഗ്ഗമില്ലാതെ അവരും അതംഗീകരിച്ചെങ്കിലും, അതു പെണ്ണിനോടും വീട്ടുകാരോടും കാണിക്കുന്ന വഞ്ചനയാണെന്നു മനസ്സാക്ഷിക്കുത്തു തോന്നിയതുകൊണ്ട്, അവധികഴിഞ്ഞു പോകുന്നതിനുമുമ്പ് അവളുടെയും അപ്പന്‍റെയും ആങ്ങളമാരുടെയും സമ്മതത്തോടെ മറ്റാരെയുമറിയിക്കാതെ അവരു വിവാഹം രജിസ്റ്റര്‍ചെയ്തു, തിരിച്ചുചെല്ലുമ്പോള്‍ കൂട്ടുകാരെകാണിക്കാന്‍ ഫോട്ടോയുമെടുത്തു. അവധികഴിഞ്ഞെത്തിയ ദിവസംതന്നെ സായിപ്പച്ചന്‍റെ അടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞു. ഒന്നിച്ചു താമസിക്കാന്‍ വരട്ടെ എന്നദ്ദേഹം പറഞ്ഞു. രണ്ടുമൂന്നുമാസത്തെ ഒരുക്കത്തിനുശേഷം അദ്ദേഹത്തിന്‍റെ മുമ്പില്‍വച്ച് അയാള്‍ അവളുടെ കഴുത്തില്‍ താലിമാലയിട്ടു. അവരൊന്നിച്ചു താമസിക്കാനുംതുടങ്ങി. ഗള്‍ഫില്‍വച്ചു കല്യാണം നടന്നെന്നു നാട്ടിലേയ്ക്കുമറിയിച്ചു. വികാരിയച്ചന്‍ തുക കുടിശ്ശികയായി പള്ളിക്കണക്കിലുമെഴുതി. ഈ സത്യങ്ങളൊന്നും മക്കള്‍ക്കുപോലും ഇന്നുവരെയും അറിഞ്ഞുംകൂടാ. രണ്ടുവര്‍ഷംകൂടി കഴിഞ്ഞപ്പോളാണ് സായിപ്പച്ചന്‍റെകൂടെയൊരു മലയാളിയച്ചന്‍ സ്ഥിരമായെത്തിയത്. അതോടെ പള്ളിയിലെ അടുത്ത ആളായി. മലയാളിലീഡറായി. കുട്ടികളു മൂന്നായി. ആ കാലഘട്ടത്തിലാണ് ഞാനവിടെച്ചെല്ലു ന്നതും പരിചയപ്പെടുന്നതും.
അവരവധിക്കു വരാറുണ്ടായിരുന്നെങ്കിലും ഒരിക്കലും ഒരുമിച്ചു നാട്ടില്‍ വന്നിട്ടില്ല. വീട്ടിലെ കാര്യങ്ങളും അയാള്‍ നടത്തി. ഇളയസഹോദരിയെ കല്യാണംകഴിച്ചയച്ചു. അനുജനെ പഠിപ്പിച്ചു. എംഎ ബിഎഡ് പാസ്സായ അവന് ഇടവകയിലെ സ്കൂളില്‍ വേക്കന്‍സി ഉണ്ടായിട്ടും ചോദിച്ചതുക കൊടുക്കാഞ്ഞതുകൊണ്ടും, പഴയ പള്ളിക്കുടിശികയുടെ കണക്കുപറഞ്ഞും ജോലികൊടുത്തില്ല. അതിന്‍റെ പ്രതിഷേധംകൊണ്ടും, അടുത്തുതന്നെ ഉണ്ടായിരുന്ന മറ്റൊരു ക്രിസ്തീയസമുദായത്തിന്‍റെ സ്ഥാപനത്തില്‍ കാശുകൊടുക്കാതെതന്നെ ജോലി കൊടുത്തതുകൊണ്ടും ആ സമുദായത്തിലെ ഒരു ടീച്ചറിനെയും കല്യാണംകഴിച്ച് അവന്‍ സഭമാറി. അപ്പന്‍ മരിച്ചപ്പോള്‍ അടക്കുന്നതിനുപോലും പള്ളിക്കുടിശികയുടെപേരില്‍ പ്രശ്നമുണ്ടായി. അതെല്ലാം പരിഹരിച്ച് പഴയ കുടിശ്ശികയും തീര്‍ത്ത് മകളുടെകല്യാണം നാട്ടില്‍ നടത്താനുള്ള തീരുമാനത്തോടെ കാര്യങ്ങള്‍ ശരിയാക്കാന്‍ നാട്ടിലെത്തി. അപ്പോഴാണ് വികാരിയച്ചന്‍ പറയുന്നത്, പഴയകുടിശ്ശികമാത്രം തീര്‍ത്താല്‍പോരാ, പാരിഷ്ഹാള്‍പണി പണമില്ലാതെ മുടങ്ങിക്കിട ക്കുകയാണ്, അതിനൊരു രണ്ടുലക്ഷംരൂപ സംഭാവനവേണം, ഗള്‍ഫില്‍ ഒത്തിരിവര്‍ഷമായില്ലേ, പണമില്ലായ്കയില്ലല്ലോ എന്നൊക്കെ. തൊട്ടടുത്തു തന്നെ വേറൊരുപള്ളീടേം, മറ്റൊരു സഭയുടെയും രണ്ടുവമ്പന്‍ ഹാളുകളുള്ളപ്പോള്‍ ഇവിടെയെന്തിനാണിനിയുമൊരു പാരിഷ്ഹോള്‍ എന്നുചോദിച്ചപ്പോള്‍ അച്ചനരിശപ്പെട്ട് അയാള്‍ ഒറിജിനല്‍ ഇടവകക്കാരനല്ലെന്നും വല്യപ്പന്‍ പാണ്ടിക്കാരനായിരുന്നു എന്നുംവരെ പറഞ്ഞതുകൊണ്ടു പിണങ്ങിപ്പിരിഞ്ഞു. എന്നാല്‍പിന്നെ ഒരു ധ്യാനംകൂടി സമാധാനത്തില്‍ തിരിച്ചുപോകാമെന്നുവച്ചു ധ്യാനത്തിനുവന്നു. ഇന്നലെ വൈകുന്നേരത്തെ പ്രാര്‍ത്ഥനയില്‍ കല്യാണംകഴിക്കാതെ ഒന്നിച്ചുജീവിക്കുന്നവരും, പുരോഹിതരോടു കലഹിക്കുന്നവരും, മാന്യതയുടെ മൂടുപടമിട്ടാലും തമ്പുരാന്‍റെ ശിക്ഷവരും എന്നൊരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്‍റെ കാര്യമാണല്ലോ പറഞ്ഞതെന്നോര്‍ത്തു ചങ്കുപൊട്ടുന്നതു പോലെതോന്നി. രാത്രിയായിരുന്നതുകൊണ്ട് ഇന്നാണിറങ്ങിപ്പോന്നത്. അന്നേരമാണെന്നെ വിളിച്ചതുപോലും.
"കാശിന്‍റെ ആര്‍ത്തിക്ക് ആദ്യം അല്പം വൃത്തികേടുകാണിച്ചെങ്കിലും, പിന്നെ ഒരു തേന്ന്യാസത്തിനും ഞാന്‍ പോയിട്ടില്ലച്ചാ. നിവൃത്തിയില്ലാഞ്ഞതുകൊണ്ടുമാത്രമാണു പള്ളിയില്‍വച്ചു കെട്ടാതിരുന്നത്. മക്കളെ നല്ല വിശ്വാസത്തിലാണു വളര്‍ത്തിയത്. വര്‍ഷങ്ങളായി ഭാര്യയുടെ ശമ്പളത്തിന്‍റെയും എന്‍റെ വരുമാനത്തിന്‍റെയും ദശാംശം കൃത്യമായി മാറ്റിവച്ച് ഞങ്ങള്‍ ചാരിറ്റിക്കു കൊടുക്കുന്നുണ്ട്, അച്ചനുതന്നെ എത്രയോപ്രാവശ്യം തന്നിട്ടുണ്ട്. എന്നിട്ടും അനാവശ്യമായ പണിക്കു കാശുകൊടുക്കാത്തതിന് അച്ചനോടു കലഹിച്ചതിനും ശിക്ഷവരും എന്നു കേട്ടപ്പോള്‍ വല്ലാത്ത മനപ്രയാസം, ഞാനെന്തു ചെയ്യണമച്ചാ?"
"സമാധാനക്കേടുണ്ടാക്കുന്നതെന്തോ കാണാതെകിടന്നു, അതല്ലെങ്കില്‍ കാണാന്‍കൂട്ടാ ക്കാതെ കിടന്നു, അതിപ്പോള്‍ കണ്ടുപിടിച്ചു, അല്ലെങ്കില്‍ കാണേണ്ടിവന്നു, സമാധാനക്കേടായി എന്നുഞാനാദ്യമേ പറഞ്ഞതു ശരിയാണെന്ന് ഇപ്പോളുറപ്പായില്ലേ? ഒന്നാമത്തേത്, കാശിന്‍റെ ആര്‍ത്തിക്ക് ആദ്യം അല്പം വൃത്തികേടുകാണിച്ചതു തമ്പുരാന്‍ പൊറുത്തോ, ശിക്ഷിക്കുമോ എന്നൊക്കെയുള്ള സംശയം തന്‍റെയുള്ളിലെ ന്നുമുണ്ടായിരുന്നു. ആ കാശുകൊണ്ട് ഗതിമുട്ടിയ ആ സ്ത്രീയോടു താന്‍ കരുണകാണിച്ചപ്പോള്‍ തമ്പുരാന്‍ തന്നോടും കരുണകാണിച്ച് ആ തോന്നി യാസത്തില്‍നിന്നും തന്നെ പിന്തിരിപ്പിച്ചതു താന്‍ മറന്നു. ദൈവം തന്നോടു സമൂലംപൊറുത്തു എന്നുള്ളതിന് അതില്‍കൂടുതലെന്തു തെളിവു വേണം? രണ്ടാമത്തേത് നിങ്ങളുടെ കല്യാണക്കാര്യം. താന്‍ വിമാനയാത്ര ചെയ്യുന്നയാളല്ലേ, സാധാരണ വിമാനംനിലത്തിറങ്ങിയാല്‍ വാതില്‍തുറക്കാനും പുറത്തുവരാനും പത്തിരുപതു മിനിറ്റെങ്കിലുമെടുക്കാറില്ലേ? കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ദുബായ്എയര്‍പോര്‍ട്ടില്‍ എമിറേറ്റ്സ് വിമാനം ഇടിച്ചിറങ്ങിക്കത്തിയതു താന്‍ കേട്ടുകാണുമല്ലോ? വെറും 90 സക്കന്‍റുകൊണ്ട് 250 യാത്രക്കാരെയും പുറത്തിറക്കാന്‍ സാധിച്ചതെങ്ങനെയാ? സമര്‍ത്ഥരായ സ്റ്റാഫ് വിമാനത്തിന്‍റെ പത്ത് എമര്‍ജന്‍സി വാതിലുകളും ഒന്നിച്ചുതുറന്ന് സര്‍വ്വരെയും സുരക്ഷിതരായി പുറത്തിറക്കി. അതാണ് 'എമര്‍ജന്‍സി എക്സിറ്റി'ന്‍റെ ലക്ഷ്യം. ചിലര്‍ക്കൊക്കെ ചെറിയ പരിക്കുപറ്റിക്കാണുമായിരിക്കും, കുറെ സാധനങ്ങളും നഷ്ടപ്പെട്ടുകാണും. എന്നിട്ടും അവരാരും നേരെചൊവ്വേ ഇറങ്ങാന്‍ പറ്റിയില്ലേന്നും പറഞ്ഞു കാറിക്കോണ്ടുനടന്നോ? രക്ഷപെട്ടതിനു ദൈവത്തിനു നന്ദി പറഞ്ഞുകാണില്ലേ? തന്‍റെ കല്യാണവും ഒരു 'എമര്‍ജന്‍സി എക്സിറ്റാ'യി രുന്നു. സാധാരണവഴിക്കു നടക്കാതെവന്നപ്പോള്‍ തമ്പുരാനൊരു 'എമര്‍ജന്‍സി എക്സിറ്റു' തനിക്കു തുറന്നുതന്നു എന്നു കരുതിയാല്‍മതി. പിന്നെ മൂന്നാമത്തേത്, അച്ചനുമായിട്ടു സ്റ്റണ്ടുകൂടിയ കാര്യം. സാധാരണ, കുറെ ഇടവകക്കാരുകാണും, അവര്‍ക്കായിരിക്കും അതുമിതും പണിയണമെന്നു അച്ചന്മാരെ ക്കാള്‍ നിര്‍ബ്ബന്ധം, ചിലര്‍ക്കെങ്കിലും അതുകൊണ്ടെന്തെങ്കിലും നേട്ടവും കാണുമായിരിക്കും. തന്നെപ്പോലെ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുമാത്രമേ നേരേ നോക്കിക്കാര്യം പറയൂ. അല്ലാത്ത ഇടവകക്കാരാരും അച്ചന്മാരോട് എതിര്‍ത്തുപറയാന്‍ പോകാറില്ല, പോയാല്‍ അവര്‍ക്കു പണികിട്ടുകേംചെയ്യും. ദശാംശമൊക്കെ കൃത്യമായി സംഭാവനചെയ്യുന്ന തന്‍റെകാര്യം പറഞ്ഞാല്‍, കാശുണ്ടെന്നുകരുതി അനാവശ്യത്തിന് ആരുചോദിച്ചാലും കൊടുക്കാന്‍ തനിക്കു കടപ്പാടില്ലെന്നു മാത്രമല്ല, കൊടുക്കുന്നതാ യിരിക്കും തെറ്റ്. പക്ഷെ കൊടുക്കാന്‍ മനസ്സുള്ള മറ്റാരെയും പിന്തിരിപ്പിക്കാനും പോകണ്ട. ആവശ്യമെന്നു തോന്നുന്നവര്‍ കൊടുക്കട്ടെ. ഇനിയും ഒട്ടും സമയം കളയണ്ടാ, ധ്യാനമന്ദിരത്തില്‍ നിന്നും 'എക്സിറ്റ്' അടിക്കാതെ പോന്നതല്ലെ, ഞാനിവി ടുന്നു തനിക്കൊരു 'എമര്‍ജന്‍സി എക്സിറ്റ്' അടിക്കു കയാണ്, പോയി ബാക്കി ധ്യാനംകൂടെകൂടി സമാധാനത്തില്‍ പോ."