ഒരു മരണാനുസ്മരണത്തിനു പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ആ പള്ളിയില്‍. പഴയതു പൊളിച്ചുമാറ്റി പുതിയ പള്ളിയുടെ പണി നടന്നുകൊണ്ടിരുന്നതിനാല്‍ പാരിഷ് ഹാളിലായിരുന്നു ദേവാലയ കര്‍മ്മങ്ങളൊക്കെ നടത്തിയിരുന്നത്. എത്തിയിട്ടുള്ള വിവരം ബ. വികാരിയച്ചനെ അറിയിക്കുവാന്‍ പള്ളിമുറിയില്‍ ചെന്നു. ആദ്യമായി കണ്ടുമുട്ടുന്നതായിരുന്നതുകൊണ്ട് അദ്ദേഹവുമായി വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അല്പം തിടുക്കത്തില്‍ ഒരു മാന്യന്‍ കയറിവന്നു. വാതിലില്‍ മുട്ടുകപോലും ചെയ്യാതെ നേരെ അകത്തേയ്ക്കു കയറിവന്നപ്പോള്‍ പള്ളിക്കാര്യത്തിലെ പ്രമുഖന്മാരിലാരെങ്കിലും ആയിരിക്കും എന്ന് ഊഹിച്ചു. മുറിയില്‍ എന്നെ കണ്ടപ്പോള്‍ ഒന്നു ശങ്കിച്ചുനിന്നു. ഒരു കാര്യം പറയാനാണ് അച്ചനോടു പുറത്തേക്കൊന്നു ചെല്ലാമോ എന്നുചോദിച്ചു.
"ഈ അച്ചനിരിക്കുന്നതുകൊണ്ടാണെങ്കില്‍ സാരമില്ല, കാര്യം പറഞ്ഞോളൂ. അല്‍പംമുമ്പു ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞ കാര്യം പറയാനാണെങ്കില്‍ ആളിതുവരെ ഇവിടെ എത്തിയിട്ടില്ല."
"കാര്യം അതുതന്നെയാണ്. ആളുടനെയെത്തും എന്നറിയാവുന്നതുകൊണ്ടാണ് ഫോണ്‍ ചെയ്തു പറഞ്ഞതാണെങ്കിലും അച്ചനോടുനേരിട്ട് ഒന്നുകൂടി പറയാന്‍ ഞാനോടി വന്നത്. പിടികൂടാന്‍ പറ്റിയ അവസരമൊത്തുവന്നിരുക്കുന്നതാണ്. അച്ചന്‍ സ്റ്റേണ്‍ ആയിട്ടുനിന്നു കാര്യം പറയണം.
"ഫോണ്‍ ചെയ്തപ്പോള്‍തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ, പിടികൂടാന്‍ പറ്റിയ അവസരമാണെങ്കിലും സാഹചര്യം തീരെ മോശമാണ്. ഇടഞ്ഞുനില്‍ക്കുന്ന വീട്ടുകാരുംകൂടെ ആയതുകൊണ്ട് ഇപ്പോള്‍ ഈ സെമിത്തേരി പ്രശ്നമൊക്കെ ചൂടായിനില്‍ക്കുന്ന സമയത്ത് അയാള്‍ക്കു വല്ല ദുര്‍ബ്ബുദ്ധിയും തോന്നിയാല്‍ വല്യവിഷയമാകും. ഏതായാലും ഞാന്‍ പറഞ്ഞുനോക്കാം."
"അച്ചനിങ്ങനെ പേടിച്ചിരുന്നാല്‍ പണോമുണ്ടാകത്തില്ല, പണീം തീരത്തില്ല."
വന്നപ്പോളുണ്ടായിരുന്ന ആവേശമില്ലാതെ അത്രയുംപറഞ്ഞ് ആള് ഇറങ്ങിപ്പോയി.
"കൈക്കാരനാണ്. ഭയങ്കര ആത്മാര്‍ത്ഥതയാണ് പള്ളിക്കാര്യത്തില്‍. ഇന്നുവെളുപ്പിന് ഈ ഇടവകക്കാരനൊരു കാരണവര് പെട്ടെന്നൊരു അസുഖംവന്ന് എറണാകുളത്ത് ആശുപത്രിയില്‍ എത്തുമ്പോളേക്കും മരിച്ചു. വീട്ടുകാരു വിളിച്ചു പറയുന്നതിനുമുമ്പുതന്നെ ഈ കൈക്കാരന്‍ എന്നെ വിളിച്ചു വിവരംഅറിയിച്ചു. പള്ളിപണിക്കു കാശുതരാതെ നിസ്സഹകരിച്ചുനില്‍ക്കുന്ന വീട്ടുകാരാണ്. അടക്കിന്‍റെ കാര്യം പറയാന്‍ അവരു വരുമ്പോള്‍ പിടികൂടണം എന്നു പറഞ്ഞായിരുന്നു രാവിലെ വിളിച്ചത്. പുള്ളിക്കാരന്‍ പറഞ്ഞതു ശരിയാണ്, പിടികൂടാന്‍ പറ്റിയ അവസരമാണ്. പക്ഷേ ഇപ്പഴത്തെ ഈ മൊബൈല്‍ ഫോണും വാട്സാപ്പും ഒക്കെയുള്ളതുകൊണ്ട് ഇവിടെ പറഞ്ഞുതീരുന്നതിനുമുമ്പ് അതു ലോകംമുഴുവന്‍ അറിയും." അതായിരുന്നു അച്ചന്‍റെ ആശങ്ക.
വാട്സ് ആപ് വിദ്യ കണ്ടുപിടിച്ച ആളിനോട് ശരിക്കും ആദരവുതോന്നി, മനസ്സില്‍ നന്ദിയുംപറഞ്ഞു. കൈക്കാരന്‍ പറഞ്ഞതും വികാരിയച്ചന്‍ പറഞ്ഞതും വെറുതെ കേട്ടുകൊണ്ടിരുന്നെങ്കിലും, ഇരുവരുടെയും സംസാരത്തില്‍ ആവര്‍ത്തിച്ചുകേട്ട 'പിടി കൂടാന്‍' പ്രയോഗം ദഹനക്കേടുണ്ടാക്കി. അവസരംനോക്കി വിശ്വാസിയെ 'പിടികൂടണം' പോലും!! അതും പണത്തിനുവേണ്ടി! കടിക്കാത്തിടത്തു ചൊറിയരുതെന്നാണല്ലോ കാരണവന്മാരു പറഞ്ഞുവച്ചിരിക്കുന്നത്. അതുകൊണ്ടു കൂടുതലുചിന്തിക്കാന്‍പോയില്ല, സംഗതിവിട്ടുകളഞ്ഞു.
തിരുക്കര്‍മ്മങ്ങളൊക്കെക്കഴിഞ്ഞ് പാരിഷ്ഹാളിന്‍റെ പിന്നറ്റത്തു മറച്ചുകെട്ടിയ ഭാഗത്തായിരുന്നു മന്ത്രാപ്രാര്‍ത്ഥനയും ഭക്ഷണവും. പ്രാര്‍ത്ഥന കഴിഞ്ഞയുടനെ, പണിക്കാരു കാത്തിരിക്കുന്നു എന്നുപറഞ്ഞു വികാരിയച്ചന്‍ ഭക്ഷണത്തിനു നിന്നില്ല. പങ്കെടുക്കാനെത്തിയവര്‍ പല സ്ഥലങ്ങളില്‍നിന്നും വന്നവരായിരുന്നതുകൊണ്ടു സ്വാഭാവികമായും മിക്കവരുടെയും സംസാരവിഷയം നാളുകളായിട്ട് ഇഴയുന്ന പള്ളിപണിയായിരുന്നു. അറിയാതെപോലും അതിനെപ്പറ്റി ഒരു കമന്‍റും പറയാനിടവരാതിരിക്കുവാനായി, ഉപചാരമോര്‍ത്ത് ഒരുകപ്പു കാപ്പിയും ഒരുണ്ണിയപ്പവും പഴവും തിന്ന് വേണ്ടപ്പെട്ടവരോടു യാത്രയുംപറഞ്ഞു വിട്ടുപോന്നു. പള്ളിമുറിയില്‍ചെന്നു തോള്‍സഞ്ചിയുമെടുത്ത് അച്ചനോടു യാത്രപറയാന്‍ ചെല്ലുമ്പോള്‍ മുറിയിലാരോ ഉണ്ടായിരുന്നതുകൊണ്ട് വരാന്തയിലെ മേശപ്പുറത്തുണ്ടായിരുന്ന പത്രവുംവായിച്ചു കാത്തുനിന്നു. അതുകൊണ്ട് പത്തുപതിനഞ്ചു മിനിറ്റു പോയതറിഞ്ഞില്ല. അകത്തുണ്ടായിരുന്ന ആളിറങ്ങിവന്ന ഉടനെ കയറിച്ചെന്ന് യാത്രപറഞ്ഞപ്പോള്‍ അച്ചനാകെ അസ്വസ്ഥനായിരുന്നു.
"മുമ്പേ ഞാന്‍ പറഞ്ഞ ആളാണച്ചാ ഇപ്പോള്‍ ആ ഇറങ്ങിപ്പോയത്. അപ്പന്‍റെ അടക്കിനു സമയം നിശ്ചയിക്കാന്‍ വന്നതായിരുന്നു. ഞാനാകെ ത്രിശങ്കുവിലാണച്ചാ. മുമ്പുണ്ടായിരുന്ന അച്ചന്‍റെ നിര്‍ബ്ബന്ധത്തിനു തുടങ്ങിവച്ച പള്ളിപണിയാണ്. കാശുകാരു കുറച്ചുപേര് അച്ചനന്നു സപ്പോര്‍ട്ടുണ്ടായിരുന്നു. പള്ളിയകത്ത് ഇടം കുറവായിരുന്നെങ്കിലും ഒരമ്പതുകൊല്ലംകൂടി ഒരാക്ഷേപവുമില്ലാതെ നില്ക്കാനുള്ള ആരോഗ്യമുണ്ടായിരുന്ന പള്ളിയായിരുന്നു പൊളിച്ചത്. പണിതുടങ്ങി താമസിയാതെയായിരുന്നു നോട്ടുനിരോധനം വന്നത്. അതോടെ അച്ചന്‍റെകൂടെനിന്ന കാശുകാരുവരെ കാലുമാറി. ഇടവകയില്‍ ചേരിതിരിഞ്ഞു വഴക്കായി. ഒടുവില്‍ അച്ചനിവിടുന്നു മാറേണ്ടിവന്നു. എല്ലാം സമാധാനത്തിലാക്കി പണിതീര്‍ക്കാന്‍ ഇങ്ങോട്ടു പറഞ്ഞുവിട്ടതാണ് എന്നെ. ഇടവകയിലെ ഓരോവീടിനും പിരിവിട്ടിരിക്കുകയാണ്. കുറച്ചു തന്നവരും, ഒട്ടുംതരാത്തവരും, തരാമെന്ന് പറയുന്നവരും, ഒരു പൈസപോലും തരില്ല എന്നു കട്ടായം പറഞ്ഞിരിക്കുന്നവരുമുണ്ട്. ഞാനിവിടെവന്നിട്ട് ആറുമാസമായി. ഇത്രയുംനാളുകൊണ്ട് ഇടവകയിലെ തൊണ്ണൂറുശതമാനം വീട്ടുകാരെപ്പറ്റിയും ഞാന്‍ നേരിട്ടു മനസ്സിലാക്കി. ഇടത്തരക്കാരാണ് അതില്‍ മുക്കാലും കുടുംബങ്ങള്‍. അവരില്‍ മിക്കവരും ഏതെങ്കിലും തരത്തില്‍ പലിശയ്ക്കു കടമെടുത്ത് കഷ്ടപ്പെട്ടു ജീവിക്കുന്നവരാണ്. മക്കളുടെ പഠനത്തിനും, വീട്ടുചെലവിനുംപോലും തികയാതെ, മാന്യതയോര്‍ത്തു പുറത്തുപറയാതെ ഞെരുങ്ങുന്നവരാണ് അധികവും. എങ്ങാനും ആശുപത്രിയില്‍ കയറേണ്ടിവന്നാല്‍, എന്തെങ്കിലും വില്‍ക്കാമെന്നുവച്ചാല്‍ വാങ്ങാന്‍ ആളുപോലുമില്ലാത്ത കാലമാണിന്ന്. ജീവിക്കാന്‍ കഷ്ടപ്പെടുന്നു ഈ ജനത്തില്‍നിന്നും ഞെക്കിപ്പിഴിഞ്ഞാല്‍ ദൈവം ക്ഷമിക്കില്ലെന്നു മേലധികാരികളെ അറിയിച്ചപ്പോള്‍ കഷ്ടപ്പാടൊക്കെ എന്നും എല്ലായിടത്തുമുണ്ട്, അതിനൊക്കെയൊപ്പം തമ്പുരാനു കൊടുക്കാനും വിശ്വാസികളെ പരിശീലിപ്പിക്കണ്ടതു വികാരിയുടെ ഉത്തരവാദിത്വമെന്ന് ഉത്തരവും! കൊണ്ടുനടക്കാനും പറ്റില്ല, ഇട്ടിട്ടു പോകാനും പറ്റില്ലാത്ത അവസ്ഥ. അതിനിടയിലാണ് ഇയാളെപ്പോലെയുള്ളവരുടെ നിസ്സഹകരണം. നല്ല സമ്പന്നമായ കുടുംബമാണ്. ആത്മീയകാര്യങ്ങളില്‍ ഒരു കുറ്റവും പറയാനുമില്ല. വലിയ ഉദാരശീലനാണെന്നാണു കേട്ടിരിക്കുന്നത്. പക്ഷേ പള്ളിപണിക്ക് സാമ്പത്തികമായി ഒരു സഹായവും ചെയ്യത്തില്ല. ഇയാളെപ്പോലെതന്നെ ഇയാളുടെ സഹോദരന്മാരും, അവരുടെ സ്വാധീനത്തിലുള്ളവരും. അച്ചന്‍ തെരുതെരെ വാച്ചില്‍നോക്കുന്നതുകണ്ടു, പോകാന്‍ തിരക്കുകാണും. ആരോടും പറഞ്ഞിട്ടു കാര്യമില്ലാത്ത കാര്യമാണെന്നറിയാം, എന്നാലും ഒരാശ്വാസത്തിനു പറഞ്ഞുപോയതാണ്. എന്തു ചെയ്യാം."
എന്താണു ചെയ്യേണ്ടതെന്നു പറയാന്‍ നാവിന്‍തുമ്പത്തുണ്ടായിരുന്നെങ്കിലും കടിക്കാത്തിടത്തെന്നല്ല, കടിക്കുന്നിടത്തുപോലും ചൊറിയാതിരിക്കുന്നതാണ് പലപ്പോഴും ഉചിതം എന്നു വിവേകം താക്കീതു ചെയ്തതുകൊണ്ട്, എന്തെങ്കിലുമൊന്നു പറഞ്ഞ് അവസാനിപ്പാക്കാന്‍വേണ്ടി, 'ഞാനീ ഇടവകക്കാരനല്ലല്ലോ അച്ചാ' എന്നും പറഞ്ഞു സ്തുതിയുംചൊല്ലി പിരിഞ്ഞു.
പള്ളിമുറ്റത്തുണ്ടായിരുന്ന വണ്ടിയുടെ അടുത്തേയ്ക്കു വേഗം നടക്കുമ്പോള്‍ അതിനടുത്തു പാര്‍ക്കുചെയ്തിരുന്ന കാറിനടുത്തു മൊബൈല്‍ഫോണില്‍ സംസാരിച്ചു നിന്നിരുന്നയാള് എന്‍റെയടുത്തേക്കു നടന്നുവരുന്നതുകണ്ട് ഞാന്‍ നടപ്പിനു വേഗതകുറച്ചു.
"ഒരു സംശയം തീര്‍ക്കാന്‍വേണ്ടി കാത്തുനിന്നതായിരുന്നു. അച്ചന്‍ വികാരിയച്ചന്‍റെ മുറിയിലേക്കു കയറിയപ്പോള്‍ ഇറങ്ങിപ്പോന്നതു ഞാനായിരുന്നു."
"ഓ.., ഇദ്ദേഹത്തിന്‍റെ ഫാദറാണോ മരിച്ചത്?"
"വികാരിയച്ചന്‍ അത്രയും പറഞ്ഞെങ്കില്‍, അതില്‍ കൂടുതലും പറഞ്ഞുകാണുമല്ലോ."
"പറഞ്ഞു, ഈ ഇടവകയിലെ വളരെ നല്ല കുടുംബങ്ങളിലൊന്നാണ് നിങ്ങളുടേതെന്നു പറഞ്ഞു."
"ചാച്ചന്‍ മരിച്ചു ശരീരം മോര്‍ച്ച്വറിയില്‍ ഇരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതു ശരിയല്ലല്ലോ; അതുകൊണ്ടു ചിരിക്കുന്നില്ല. അടക്കിനു സമയംചോദിച്ചു ചെന്നപ്പോളും പള്ളിപണിക്കു കാശുചോദിക്കുന്ന ഇങ്ങേരെപ്പോലെയുള്ളവരോടു മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, എന്‍റെയപ്പന്‍ എന്നെ പഠിപ്പിച്ചത് അതല്ലാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍ വല്ല വൈദ്യുതി ശ്മശാനത്തിലും പോയി ചാച്ചനെ ദഹിപ്പിച്ചേനേം. അച്ചനോട് അതും പറഞ്ഞാണ് ഞാനിറങ്ങിപ്പോന്നത്. എന്തുചെയ്യണമെന്നറിയാതെ വല്ലാത്ത വിഷമത്തിലാണ് ഞാനീ പള്ളിമുറ്റത്തുനിന്നത്. ദൈവാനുഗ്രഹത്തിന്, അച്ചനിപ്പോള്‍ പള്ളിമുറിയില്‍നിന്നിറങ്ങയ ഉടന്‍തന്നെ അങ്ങേരെന്നെ വിളിച്ചു, സോറിപറഞ്ഞു. ഞാന്‍ പറഞ്ഞസമയത്തുതന്നെ കര്‍മ്മങ്ങള്‍ നടത്താമെന്നും പറഞ്ഞു. ഏതായാലും അത്രയും സമാധാനമായി. വാസ്തവത്തില്‍ ഒരു സംശയം തീര്‍ക്കാന്‍വേണ്ടിയാണ് ഞാനിവിടെ വെയ്റ്റ് ചെയ്തത്. അച്ചന്‍റെ പേരെനിക്കറിഞ്ഞുകൂടാ. എന്നിരുന്നാലും പള്ളിമുറിയുടെ വാതില്‍ക്കല്‍വച്ച് അച്ചനെക്കണ്ടപ്പോള്‍ പത്തിരുപത്തഞ്ചുകൊല്ലംമുമ്പ് ഭരണങ്ങാനത്തുവച്ച് യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ധ്യാനംനടത്തിയത് അച്ചനായിരുന്നോ എന്നൊരു സംശയംതോന്നി. അതൊന്നുറപ്പാക്കാന്‍വേണ്ടിയാണ് ഞാനിവിടെനിന്നത്."
സംസാരിച്ചു നടന്ന് ഞങ്ങള്‍ അങ്ങേരുടെ വണ്ടിക്കടുത്തെത്തിയിരുന്നു.
"അച്ചന്‍ വണ്ടിയില്‍ കയറിയാല്‍ എവിടെയാണെന്നു പറഞ്ഞാല്‍ ഞാന്‍ കൊണ്ടുചെന്നാക്കാം, പോകുന്നവഴിക്കു സംസാരിക്കുകയും ചെയ്യാം."
എനിക്കു വണ്ടിയുണ്ട് എന്നു പറഞ്ഞപ്പോള്‍ പള്ളിപണിക്കാരു താമസിച്ചിരുന്ന അടുത്തുണ്ടായിരുന്ന ഷെഢിലേക്കു കയറിനിന്നു. വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ആ ധ്യാനത്തിന് എന്‍റെ കൂടെയുണ്ടായിരുന്ന അച്ചന്മാരെപ്പറ്റിയും, അതിലും വ്യക്തമായി ഞാനന്നു പങ്കുവച്ച ചില ചിന്തകളെയും അയാള്‍ ഓര്‍മ്മയില്‍നിന്നും നിരത്തിയപ്പോള്‍ അങ്ങേരു സംശയിച്ച ആളു ഞാന്‍തന്നെ എന്നുറപ്പായി.
"എങ്കില്‍ അച്ചന്‍തന്നെയാണ് ഇന്നത്തെ എന്‍റെ ഈ ഗതികേടിനു കാരണം."
അതുപറഞ്ഞ് അങ്ങേരു ചിരിച്ചില്ലായിരുന്നെങ്കില്‍ ഞാനാകെ വിഷമിച്ചു പോയേനേം.
"ആ ധ്യാനത്തിന്‍റെ അവസാനത്തോടടുത്ത് സേവനത്തെപ്പറ്റി അച്ചന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളിലൊരാള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ചോദിച്ച സംശയത്തിന് ഉത്തരമായി, അന്നു ഞങ്ങളു ചെറുപ്പക്കാര് ഒത്തിരിപ്പേരെ ആവേശംകൊള്ളിച്ച കുറെ ചിന്തകളായിരുന്നു അച്ചന്‍ അവതരിപ്പിച്ചത്. ദശാംശം എന്നുള്ളത് പഴയനിയമ കാഴ്ചപ്പാടാണെന്നായിരുന്നു അന്നച്ചന്‍ പറഞ്ഞത്. കര്‍ത്താവു പഠിപ്പിക്കുന്നതു ദശാംശമല്ല പാതിയുമല്ല, മുഴുവനാണെന്നും, നിനക്കുള്ളതും നിന്നെത്തന്നെയുമെന്നാണു കര്‍ത്താവു പറഞ്ഞുതന്നതെന്നും, ദശാംശം കൊടുക്കുമ്പോള്‍ നിയമപ്രകാരം കൊടുത്തു എന്ന ആത്മസംതൃപ്തി മാത്രംകിട്ടുമ്പോള്‍, അളവില്ലാതെ കൊടുക്കുന്നവനു കിട്ടുന്നത് ഹൃദയംനിറയുന്ന അനുഭവമാണെന്നും അച്ചന്‍ പറഞ്ഞത് മറന്നിട്ടില്ല. അച്ചനെ മറന്നു പോയെങ്കിലും, അതെല്ലാം സംഭവങ്ങളും അനുഭവങ്ങളും ചേര്‍ത്ത് വളരെ കണ്‍വിന്‍സിങ് ആയിട്ട് അച്ചന്‍ വിശദീകരിച്ചു പറഞ്ഞതു മറന്നിട്ടില്ല. സാമ്പത്തികമായി സഹായിക്കേണ്ട രീതിയെപ്പറ്റി അച്ചനന്നു തറപ്പിച്ചു പറഞ്ഞത് മനസ്സിലിപ്പോഴുമുണ്ട്. നീട്ടുന്ന കൈകളിലെല്ലാം വിളമ്പരുത്; അത് നാട്ടുകാരുടെയാണെങ്കിലും, വീട്ടുകാരുടെയാണെങ്കിലും, അപ്പന്‍റെയോ അമ്മയുടെയോ മക്കളുടെയോ കൈകളാണെങ്കിലും, പള്ളിയുടെയും അച്ചന്‍റെയും മെത്രാന്‍റെയും കൈകളിലേക്ക് ആണെങ്കിലും അളന്നു മാത്രമെ കൊടുക്കാവൂ; അര്‍ഹിക്കുന്നത്രമാത്രമേ വിളമ്പാവൂ. കാരണം, ആര്‍ത്തി മനുഷ്യനു സഹജമായ ബലഹീനതയാണ്; ആര്‍ത്തിക്കാരനു കൊടുക്കുന്നത് ദൈവത്തോടു കാണിക്കുന്ന അവിശ്വസ്തതയാണ്.
കൈ നീട്ടാത്തവനാണെങ്കിലും അര്‍ഹിക്കുന്നവനെങ്കില്‍ കൊടുക്കുകയും വേണം. അതെല്ലാം അന്നു മനസ്സില്‍ കുറിച്ചിട്ട തിരിച്ചറിവുകളായിരുന്നു. അതിനുമുമ്പോ അതില്‍ പിന്നെയോ വല്യധികം ധ്യാനമൊന്നും കൂടിയിട്ടില്ലെങ്കിലും, അന്ന് അച്ചന്‍ പറഞ്ഞതൊക്കെ പറ്റുന്നതുപോലെ പാലിച്ചു സമാധാനമായി ഇന്നും ജീവിക്കുന്നുണ്ട്. സത്യത്തില്‍ ഈപള്ളിപണിക്കു കാശു കൊടുക്കാത്തതും അന്നച്ചന്‍ പറഞ്ഞ ആ പ്രിന്‍സിപ്പിള്‍സ് അനുസരിച്ചാണ്. അതാണു മുമ്പേ ഞാന്‍ പറഞ്ഞത് അച്ചന്‍ കാരണമാണ് ഞാനീ ഗതികേടിലായതെന്ന്."
"പള്ളി പണിക്കു പണംകൊടുക്കരുതെന്നു ഞാനൊരിക്കലും ഒരിടത്തും പ്രസംഗിച്ചിച്ചിട്ടില്ല."
"ആര്‍ത്തിക്കാരനു കൊടുക്കരുതെന്നും, അര്‍ഹിക്കുന്നതേ വിളമ്പാവൂ എന്നും അച്ചനന്നു പറഞ്ഞത് ഞാന്‍ ഒരുപാടുപേര്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. സത്യത്തില്‍ അച്ചാ, അച്ചനോടായതുകൊണ്ടു ഞാന്‍ പറയുകയാണ്, പള്ളിപണിക്ക് എന്‍റെ വിഹിതമായി പള്ളിക്കണക്കില്‍ നിശ്ചയിച്ച് എന്നെ അറിയിച്ചിരുന്നതിനേക്കാള്‍ ഏറെതുക, പള്ളിപണി തുടങ്ങിയ ഈ കാലത്തിനിടയില്‍ അര്‍ഹിക്കുന്നവര്‍ക്കു ഞാന്‍ വിളമ്പിയിട്ടുണ്ട്. പഴയ പള്ളിക്ക് അത്യാവശ്യ ഇടയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയല്ലാതെ പൊളിച്ചുമാറ്റി പുതിയതു പണിയേണ്ടതിന്‍റെ ആവശ്യമില്ലെന്ന് കാര്യകാരണങ്ങളോടുകൂടെ അന്നു ഞങ്ങളു കുറേപ്പേരു പറഞ്ഞതാണ്. അതിനുള്ള പ്ലാനും ഞങ്ങള്‍ അവതരിപ്പിച്ചതായിരുന്നു. അത്രയും ചെയ്യുവാനുള്ള ചെലവു മുഴുവന്‍ വഹിക്കുവാനും തയ്യാറാണെന്നു പറഞ്ഞിട്ടും, പള്ളിപൊളിച്ചുതന്നെ പണിയണമെന്ന് അന്നത്തെ അച്ചനു നിര്‍ബ്ബന്ധമായിരുന്നു. അതിനു സഹകരിക്കില്ല എന്ന് അന്നുതന്നെ ഞാന്‍ വ്യക്തമാക്കിയതുമായിരുന്നു. കൈ നീട്ടിയത് പള്ളിയും അച്ചനുമാണെങ്കിലും, അര്‍ഹിക്കാത്ത കൈയ്യിലേക്ക് ഞാന്‍ വിളമ്പിയില്ല, അത്രേയുള്ളു. വാശികൊണ്ടല്ല, ധാര്‍മ്മികമായ പ്രതിഷേധം. അതാണു സത്യം."
ഇടയ്ക്കിടയ്ക്കു വന്നുകൊണ്ടിരുന്ന ഫോണ്‍കോളുകള്‍ മുഴുവന്‍ അയാള്‍ കട്ടുചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോള്‍വന്ന കോള്‍ കട്ടുചെയ്യാതെ എന്നോട് എക്സ്ക്യൂസ് പറഞ്ഞ് അല്‍പം മാറിനിന്ന് സംസാരിച്ചു. അങ്ങേര് എടുത്തിരിക്കുന്ന നിലപാടിനോട് നൂറുശതമാനവും യോജിപ്പാണ് എനിക്കുണ്ടായിരുന്നതെങ്കിലും, നിലവില്‍ എന്തു മറുപടി പറഞ്ഞ് ഒഴിവാകും എന്നു ചിന്തക്കാനേതായാലും ഇടവേളകിട്ടി. ആവശ്യത്തിനല്ലാതെ ആര്‍ഭാടത്തിനും പ്രസ്റ്റീജിനുംവേണ്ടി പണിയുന്ന ഒരുപള്ളി പണിക്കും സംഭാവന കൊടുക്കരുതെന്ന് അവസരംകിട്ടിയപ്പോളൊക്കെ ഒരുപാടുപേര്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. വന്‍തുക കൊടുക്കുവാനൊരുങ്ങിയിരുന്ന പല പ്രവാസികളെയും, ലക്ഷങ്ങള്‍ ഓഫര്‍ കൊടുത്തിരുന്ന പല സമ്പന്നരെയും പിന്തിരിപ്പിച്ച് പാവങ്ങള്‍ക്കു കൊടുപ്പിച്ചിട്ടുമുണ്ട്. പക്ഷേ, ഈ വികാരിയച്ചന്‍റെ നിസ്സഹായാവസ്ഥ, യാദൃശ്ചികമായിട്ടെങ്കിലും മനസ്സിലാക്കാനിടയായതുകൊണ്ട്, ഇയാളെ പിന്തുണയ്ക്കാന്‍ മനസ്സുവന്നില്ല.
"വികാരിയച്ചനായിരുന്നു ഇപ്പോള്‍ വിളിച്ചത്. നമ്മളു സംസാരിച്ചുനില്‍ക്കുന്നത് അച്ചന്‍കണ്ടു, അതുകൊണ്ടു നമ്മളു സംസാരിച്ചുകഴിയുമ്പോള്‍ അച്ചനെ ഒന്നുകണ്ടിട്ടു പോകാന്‍ പറ്റുമോന്നു ചോദിച്ചു. നാളത്തെ അടക്കിന്‍റെ കാര്യവുംവീണ്ടും പറഞ്ഞു."
സമ്മര്‍ദ്ദമൊക്കെ അയഞ്ഞ മുഖമായിരുന്നു അപ്പോള്‍. അദ്ദേഹം എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ മുഴുവന്‍ ഞാനും അംഗീകരിക്കുന്നു എങ്കിലും ചില പ്രതിസന്ധി ഘട്ടങ്ങളില്‍, ചില ഇളവുകളും അയവുകളും അനിവാര്യമായി വരുമെന്ന്, കുറെസമയമെടുത്തിട്ടാണെങ്കിലും ബോദ്ധ്യപ്പെടുത്തികൊടുത്തു. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയിലൂടെ തമ്പുരാന്‍ തന്ന ഈ അവസരത്തെ 'പിടികൂടണ'മെന്നും, അച്ചന്‍തന്നെ വിളിച്ച സ്ഥിതിക്ക്, ശാന്തമായിരുന്നു കേട്ടും ചിന്തിച്ചും, അപ്രതീക്ഷിതമായി കടന്നുപോയ അപ്പന്‍റെ ആത്മശാന്തിക്കും ഉപകരിക്കുന്ന തീരുമാനമെടുക്കുവാന്‍ സാധിക്കട്ടെ എന്നും ഞാന്‍ കൊടുത്ത നിര്‍ദ്ദേശം മുഖവിലക്കുതന്നെ സ്വീകരിച്ച് അച്ചന്‍റെ അടുത്തേക്ക് ആളു പോകുന്നത് കണ്ട്, ഞാന്‍ വണ്ടി സ്റ്റാര്‍ട്ടുചെയ്തു. കഥാന്ത്യം: ആര് ആരെ പിടികൂടിയോ ആവോ?