news-details
എഡിറ്റോറിയൽ

അന്ധനായ എട്ടുവയസ്സുകാരന്‍ മുഹമ്മദ്  ടെക്റാനിലെ ഒരു അന്ധവിദ്യാലയത്തില്‍ പഠിക്കുന്നു. വേനലവധിക്കു മറ്റു കുട്ടികളെല്ലാം അവരവരുടെ വീടുകളില്‍ പോയപ്പോള്‍ പിതാവിന്‍റെ വരവും കാത്തുനില്‍ക്കുകയാണ് അവന്‍. അന്ധനായ മകനെ ഒരു ബാധ്യതയായി കണക്കാക്കുന്ന അവന്‍റെ പിതാവ് വളരെ വൈകിയാണ് എത്തുന്നത്. അവധിക്കാലത്തുകൂടി മുഹമ്മദിനെ സ്കൂളില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അയാള്‍ അതു സാധ്യമല്ലെന്നറിഞ്ഞ് മകനെയുംകൊണ്ട് ഗ്രാമത്തിലേക്കു പോകുന്നു. സഹോദരിമാരും മുത്തിശ്ശിയുമൊത്തുള്ള ആഹ്ലാദകരമായ അവധിക്കാലത്തിനിടയില്‍ പിതാവ് അവനെ അന്ധനായ ആശാരിക്കടുത്ത് ജോലിക്കായി നിര്‍ത്തുന്നു. അവന്‍റെ ആഗ്രഹങ്ങളെ, അവധിക്കാലത്തിന്‍റെ ഭംഗികളെ അങ്ങനെ ചവിട്ടിമെതിക്കുന്നു. ദ കളര്‍ ഓഫ് പാരഡൈസ് എന്ന മജീദ് മജിദിയുടെ സിനിമ അവധിക്കാലത്തിന്‍റെ പൊള്ളുന്ന ഓര്‍മ്മയാണ്.

പഠനത്തിന്‍റെ ഭാരമില്ലാത്ത, ആഹ്ലാദത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഒരവധിക്കാലംകൂടി വന്നുചേര്‍ന്നിരിക്കുന്നു.

ചില ഓര്‍മ്മകള്‍  

* പോയിരുന്നു പഠിക്കൂ എന്ന ശാസന ഇല്ലാത്ത, മനസ്സുനിറയെ കളിക്കാന്‍ ലഭിക്കുന്ന കാലം.

* കുന്നുകളും അരുവിയും ഇടവഴികളും പാറകളും പുല്‍മേടുകളും പ്രകൃതിയുമായി വളരെ അടുത്തനിന്ന കുട്ടിക്കാലം.

* പ്ലാവ്, മാവ്, കശുമാവ്, കമ്പിളിനാരകം, ചാമ്പങ്ങ തുടങ്ങി എല്ലാം ഫലംചൂടി നില്ക്കുന്ന കാലം. മരത്തില്‍ കയറി പഴങ്ങള്‍ പറിച്ചുതിന്നുന്ന കാലം.

* പരിമിതിയുടെ വീട്ടിടങ്ങളായിരുന്നെങ്കിലും വിവരസാങ്കേതികവിദ്യയുടെ അഭാവമുണ്ടായിരുന്നെങ്കിലും പണിചെയ്തും പൊടിയിലും ചെളിയിലും കളിച്ചും കളിവീട് പണിതും അയല്‍പക്കക്കാരുടെ വീടുകളില്‍പോയും വളര്‍ന്നുവന്ന കുട്ടിക്കാലം.

ആധുനികകാലത്ത് സാങ്കേതികവിദ്യയുടെ വരവോടെ അവധിക്കാലം എങ്ങനെ ചെലവഴിപ്പിക്കണമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. മുറിക്കുള്ളില്‍ അടിമകളാകാതെ നന്നായി കളിച്ചു നമ്മുടെ കുട്ടികള്‍ വളരട്ടെ. ഇലക്ട്രോണിക്

ഉപകരണങ്ങളോട് ഒരു പരിധിവരെ വേണ്ട എന്നു പറയാന്‍ അവര്‍ക്കു സാധിക്കട്ടെ. പുതിയ കളികളെപ്പറ്റി ചിന്തിച്ച് ക്രിയാത്മകത രൂപപ്പെടട്ടെ. മുറ്റത്തും പറമ്പിലും ഉയരുന്ന ആര്‍പ്പുവിളികളോടൊപ്പം ജയിക്കാനും പരാജയപ്പെടാനും ഇണങ്ങാനും പിണങ്ങാനും, നേതൃത്വപാടവവും ഭാവനാശക്തിയും വളര്‍ത്തിയെടുക്കാനും പഠിക്കട്ടെ. മാനസികവും ശാരീരികവുമായ ബലം കളികളിലൂടെ വളര്‍ത്തിയെടുക്കട്ടെ. ആധുനികമാതാപിതാക്കന്മാരില്‍ ചിലര്‍ ഇതൊക്കെ നേരംപോക്കും ഉപയോഗരഹിതമെന്നും ചിന്തിക്കുകയും കളിച്ചുനടക്കാനുള്ളതല്ല, മത്സരബുദ്ധിയോടെ, ഗൗരവത്തോടെ പഠിക്കാനുള്ളതാണ് ജീവിതമെന്നും കരുതുന്നു. അതിനിരയാകുന്ന കുട്ടികള്‍ ശാരീരികവും മാനസികവും ആത്മീയവുമായി ബലഹീനരായിരിക്കും.

ഏതു ജോലിയും മഹത്തരമാണെന്ന് പഠിപ്പിക്കേണ്ട കാലംകൂടിയാണ് അവധിക്കാലം. കഷ്ടപ്പാടുകള്‍ മനസ്സിലാക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അദ്ധ്വാനത്തിന്‍റെ മഹത്ത്വം മനസ്സിലാക്കാനും ആത്മവിശ്വാസം വളര്‍ത്താനും ജോലികള്‍ ഉപകരിക്കുന്നു. മാതാപിതാക്കളോടൊപ്പം ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കാനും വെള്ളമൊഴിക്കാനും വീടിനകം സുന്ദരമാക്കാനും അതില്‍ ആനന്ദം കണ്ടെത്താനും കഴിയുന്നരീതിയില്‍ അവരെ പ്രബുദ്ധരാക്കണം. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ കുട്ടികള്‍ അവധിക്കാലത്ത് 25000ത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചതും പത്തനംതിട്ട മരിയാപുരം ഭവന്‍സ് സ്കൂളിലെ അവധിക്കാലം ആഘോഷമാക്കി പച്ചക്കറികൃഷി നടത്തിയതും അനുകരണീമായ ചില മാതൃകകളാണ്.

ലോകത്ത് നമ്മളാഗ്രഹിക്കുന്ന മാറ്റം നമ്മിലാദ്യം തുടങ്ങണം എന്നുദ്ബോധിപ്പിച്ച മഹാത്മാവിന്‍റെ വാക്കുകള്‍ക്ക് ജീവന്‍ കൊടുത്ത് പരിസ്ഥിതിസൗഹൃദജീവിതത്തിലേക്ക് കാലെടുത്തുവച്ച സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റാ റ്റ്യുന്‍ബര്‍ഗ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് പ്രചോദനമാകട്ടെ.

അവധിക്കാലം അറിവിന്‍റെ വൈവിധ്യങ്ങളിലേക്കുള്ള യാത്ര കൂടിയാണ്. ശരീരത്തിനും മനസ്സിനും ആത്മാവിനും വേണ്ടുന്ന വിവിധ കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിച്ചെടുക്കാന്‍ വായനയാണ് സഹായിക്കുക. മുന്നോട്ടുള്ള ജീവിതയാത്രയില്‍ വഞ്ചിതരാകാതിരിക്കാനും ശ്രദ്ധയോടും ഭംഗിയോടും കൂടി ജീവിക്കാനും വിവിധതരത്തിലുള്ള വായനകള്‍ ഉപകരിക്കും. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍നിന്ന് ഏകാന്തതയുടെ തടവുകളില്‍നിന്ന് രക്ഷപ്പെടാന്‍ വായന ഉപകരിക്കും.

 രോഗികളായവരെയും പ്രായമുള്ളവരെയും സന്ദര്‍ശിക്കുക അപ്രായോഗികമായതുകൊണ്ട്  ഫോണില്‍ക്കൂടി സൗഹൃദസംഭാഷണം, കൗതുകവസ്തുനിര്‍മ്മാണം, ശാസ്ത്രപരീക്ഷണങ്ങള്‍, സര്‍ഗാത്മക എഴുത്തുകള്‍, ഹോബികള്‍ വളര്‍ത്തിയെടുക്കല്‍, നല്ല സിനിമകള്‍, പ്രോഗ്രാമുകള്‍ കാണല്‍ തുടങ്ങിയവയിലൂടെ സര്‍ഗ്ഗശേഷിയെ, ഭാവനയെ വളര്‍ത്തുന്നതും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമാകണം അവധിക്കാലം.

ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും അവധിക്കാലം കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ദ കളര്‍ ഓഫ് പാരഡൈസ് എന്ന സിനിമയിലെ മുഹമ്മദ് എന്ന കുട്ടിയുടെ ദുരനുഭവം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ. ജോലികിട്ടാന്‍, അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവധിക്കാലത്തിന്‍റെ ഭംഗിയെ നശിപ്പിക്കരുത്. ജീവിതത്തില്‍ ആര്‍ജ്ജിക്കണമെന്ന സ്വാര്‍ത്ഥചിന്ത മാത്രം കുത്തിവയ്ക്കുന്ന മാതാപിതാക്കള്‍ കുട്ടിയുടെ നന്മയുടെ, മൂല്യങ്ങളുടെ, മനുഷ്യത്വത്തിന്‍റെ ചിറകരിയുന്നു.

കൊറോണ വൈറസ് ബാധയുടെ ഈ അവധിക്കാലം കുട്ടികളെ ഭീതിയുടെ ഏകാന്തതടവിലാക്കാതെ ക്രിയാത്മകമായി സര്‍ഗഭാവനകള്‍ വളര്‍ത്തിയെടുക്കുന്ന കാലമായി ഉപയോഗപ്പെടുത്താം. കൊറോണയെപ്പറ്റി മാത്രം ചിന്തിച്ചുചിന്തിച്ചു ആശങ്കയില്‍ ചെലവഴിക്കുന്ന അവധിക്കാലമല്ല, പ്രാര്‍ത്ഥനയുടെയും പ്രതീക്ഷയുടെയും ആത്മീയമായ വളര്‍ച്ചയുടെയും കാലമാകട്ടെ.

വൈറസ് ഭീതിയുടെ ഇടയിലും അവധിക്കാലത്തെ എങ്ങനെ ക്രിയാത്മകമാക്കാമെന്ന് വിവിധ മേഖലകളില്‍ വൈദഗ്ദ്യമുള്ളവര്‍ ഈ ലക്കത്തില്‍ സംസാരിക്കുന്നു. ഉയിര്‍പ്പ് ക്രിസ്തുവിനെ കൂടുതല്‍ മനുഷ്യനാക്കിയെന്നു ജോസ് സുരേഷും മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ഉത്ഥിതനോടൊപ്പം ഉയിര്‍ത്തെഴുന്നേല്ക്കണമെന്ന് സഖേറും സ്നേഹമാണ് ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും കാതലെന്ന് മാര്‍ട്ടിനച്ചനും ഉയിര്‍പ്പിന്‍റെ തിരിച്ചറിവായി പറഞ്ഞുവയ്ക്കുന്നു.

ഉത്ഥാനതിരുനാള്‍ ആശങ്കകളുടെ നടുവിലും പ്രതീക്ഷയും പ്രത്യാശയും അതിജീവനത്തിനുള്ള ബലവും പകരട്ടെ. ഏവര്‍ക്കും അസ്സീസി കുടുംബത്തിന്‍റെ ഉത്ഥാനതിരുനാള്‍ ആശംസകള്‍.  

You can share this post!

നോമ്പുകാലം

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts