news-details
ഇടിയും മിന്നലും

ഒലത്തിയ ചിരിയിലെ 'ക്ലൂ'

വൈകുന്നേരത്ത് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഫോണ്‍ വന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. സര്‍ക്കാരുദ്യോഗസ്ഥനാണ്. ഭാര്യയും ജോലിക്കാരി. മൂന്നുമക്കള്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. എന്നെ വിളിച്ചതിന്‍റെ ഉദ്ദേശ്യം വിവരശേഖരണം. എന്‍റെ ഉടമസ്ഥതയില്‍ ഒരു വൃദ്ധമന്ദിരമുണ്ടോ എന്നറിയണം. ഭാവനയില്‍പോലും ഒന്നില്ലെന്നു ഞാന്‍ പറഞ്ഞു. എങ്കില്‍പിന്നെ അടുത്തെങ്ങാനും ഉണ്ടോ എന്നായി. ഉണ്ടെന്നറിയിച്ചു. അവിടത്തെ വ്യവസ്ഥകള്‍, ഫീസ് ഇതെല്ലാം അറിയണം. ആ സ്ഥാപനത്തിന്‍റെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും നിര്‍ത്താനുള്ള താല്പര്യമില്ലാതെ അവിടെ സീറ്റു കിട്ടുമോ എന്നായി. അതിനെപ്പറ്റി കൃത്യം പറയാന്‍ എനിക്കു ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ അയാളൊന്നു ചിരിച്ചു.

'അച്ചന്‍ പറഞ്ഞാല്‍ കിട്ടുമെന്നൊരാളു പറഞ്ഞു.' അയാള്‍ സമ്മര്‍ദ്ദം തുടങ്ങി. സത്യം പറഞ്ഞാല്‍ ആ സ്ഥാപനത്തിലെത്ര പേര്‍ക്കുള്ള സൗകര്യമുണ്ടെന്നുപോലും എനിക്കിന്നും അറിവില്ല.

'പറഞ്ഞവര്‍ക്ക് ആളുമാറിയതോ, തെറ്റുപറ്റിയതോ ആയിരിക്കണം.' ഞാന്‍ വ്യക്തമാക്കി. അപ്പോഴും അയാള് നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ഒലത്തിയ' ചിരി! എവിടെയോ മിസ്റ്റേക്കുണ്ടെന്നു മനസ്സു മന്ത്രിച്ചു.

'എന്നാല്‍ ശരി നിര്‍ത്തട്ടെ.' ഞാന്‍ ഫോണ്‍ കട്ടുചെയ്യാനൊരുങ്ങിയപ്പോള്‍ അയാളൊരു റിക്വസ്റ്റ്:

'അച്ചാ, ഒരു മിനിറ്റ്. തുകയുടെ കാര്യത്തില്‍ പ്രശ്നമില്ല.'

പെട്ടെന്നെനിക്കു ക്ലൂ കിട്ടി. ഒരു ചെറിയ കമ്മീഷന്‍ തരാമെന്നായിരിക്കണം സൂചന! അയാളുടെ ചിരീലെ ഫൗള് അതായിരിക്കണം എന്നു ഞാനൂഹിച്ചു. മനസ്സില്‍ പെട്ടെന്നൊരാശയം. നിന്നു കൊടുത്തേക്കാം.

'തുകയെത്രയാണെന്നൊക്കെ അവരുമായിട്ടു സംസാരിച്ചിട്ടുവേണ്ടേ?'

'അതൊക്കെ അച്ചനൊന്നെടപെട്ടാല്‍ മതി. അവരു കുറച്ചു തരും.' അയാള്‍ക്കു വല്ലാത്ത ഉറപ്പ്.

'രണ്ടരലക്ഷമാണ് അവരുടെ നിരക്ക്. വിശദമായ വ്യവസ്ഥകളിലൊന്നും ഞാനിടപെടില്ല.'
അവരെന്തു തുകയാണ് വാങ്ങുന്നതെന്ന് ഇന്നുവരെ എനിക്കറിയില്ലെങ്കിലും അങ്ങനങ്ങു പറഞ്ഞു.

"അതിലൊക്കെ വളരെ കുറഞ്ഞ തുകയ്ക്കും അവിടെ കിട്ടുമെന്നാണു ഞാനറിഞ്ഞത്.' അയാള്‍ക്കു പരിഭവം.
"എങ്കില്‍ നിങ്ങളു നേരിട്ടു കാര്യങ്ങള്‍ നടത്തിക്കൊള്ളൂ.'
ഞാനൊഴിഞ്ഞു മാറാന്‍ ഭാവിച്ചു.

'അച്ചനിടപെട്ട് അതൊരു ഒരു ലക്ഷമാക്കിത്തരണം. പത്തുപതിനായിരം രൂപായെങ്കിലും പള്ളിക്കും തരാം. പള്ളിക്കും പല ആവശ്യങ്ങളുള്ളതാണല്ലോ.'

സര്‍ക്കാര്‍ മുറയിലുള്ള വെട്ടുമേനി പത്തുശതമാനം ഇടനിലക്കാരനായ എനിക്കും! മാന്യമായ ഓഫര്‍. മുമ്പ് അയാളു ഫിറ്റുചെയ്തമാതിരി ഒരു 'ഒലത്തിയ ചിരി' ഞാനുമങ്ങു പാസ്സാക്കി. ഏതാണ്ട് ഉറപ്പിച്ച മട്ടില്‍. നേരിട്ടുവന്നു കാണാനൊരു ഡേറ്റും സമയവും തീരുമാനിച്ച് സംസാരമവസാനിപ്പിച്ചു. ഇനിയിപ്പോള്‍ ആളു വരുമ്പോള്‍ എന്തു ചെയ്യുമെന്നുള്ളതായി എന്‍റെ അങ്കലാപ്പ്. ഏതായാലും ആളിങ്ങു വരട്ടെ എന്നു കരുതി കാത്തിരുന്നു.

പറഞ്ഞ ദിവസം ആളെത്തി. അപ്പനുവേണ്ടിയാണ് സീറ്റ്. അമ്മ അനുജന്‍റെ കൂടെയാണ്. രണ്ടാണ്മക്കളെയുള്ളൂ. അതുകൊണ്ട് വീതം വച്ചപ്പോള്‍ അവരേം പങ്കിട്ടെടുത്തു. ജോലിയുള്ളതുകാരണം നാട്ടില്‍നിന്നും ടൗണിനടുത്തേക്കു പോന്നതാണ്. അനുജനും ജോലിയായി വേറൊരു സ്ഥലത്ത്. നാട്ടിലുണ്ടായിരുന്ന വീടൊഴികെയുള്ള വസ്തുവിറ്റ് രണ്ടുപേര്‍ക്കുമായി അപ്പന്‍ വീതിച്ചു. വീടും അഞ്ചുസെന്‍റും അമ്മേടെ പേരില്‍ എഴുതിവച്ചിരിക്കുന്നു. അത് അപ്പന്‍റെയും അമ്മയുടെയും കാലശേഷം വീതിച്ചെടുക്കാനാണ് വില്‍പ്പത്രം. എന്നിട്ടും അപ്പനറിയാതെ അമ്മയെക്കൊണ്ട് ഒപ്പിടീച്ച് ആ വസ്തുവും വിറ്റ് പണം ഇരുവരും വീതിച്ചെടുത്തു. എന്നോടു പറഞ്ഞില്ലെങ്കിലും രണ്ടുമൂന്നു ലക്ഷം വീതമെങ്കിലും കിട്ടിക്കാണണം.

അപ്പനിപ്പോള്‍ ഒരുവിധം ആരോഗ്യമുണ്ട്. ഉടനെയെങ്ങും അപ്പനെ വൃദ്ധമന്ദിരത്തിലാക്കാനല്ല. ഇപ്പഴേ ബുക്കു ചെയ്തിടുന്നു എന്നേയുള്ളു.
 അയാളുടെ ന്യായം കേള്‍ക്കേണ്ടേ! ഇളയകുട്ടി യു.കെ.ജി.യില്‍ പഠിക്കുന്നു. അവന്‍ 5-ാം സ്റ്റാന്‍ഡേര്‍ഡില്‍ എത്തുന്നതുവരെ അപ്പന്‍ ഇവിടെത്തന്നെയുണ്ടാകണം. അപ്പോഴേക്കും ഇയാള്‍ റിട്ടയര്‍ ചെയ്യും. അപ്പഴത്തേക്ക് അപ്പനു തീരെ ക്ഷീണമാകും. അന്നങ്ങോട്ടോടിച്ചെന്നാല്‍ ഒരുടത്തും സ്ഥലം കിട്ടത്തില്ലല്ലോ. അന്നത്തേയ്ക്കു തുകയും കൂടും. അതുകൊണ്ട് ഇപ്പഴേയങ്ങ് ബുക്കു ചെയ്യാമെന്ന്. നല്ല സ്നേഹമുള്ള മകന്‍! വളരെ മുന്‍കരുതലോടെ അപ്പനെ നോക്കുന്ന മകന്‍!

എന്തായാലും ഒറ്റവര്‍ഷത്തില്‍ കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് അവര്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് വളരെ മെയ്വഴക്കത്തോടെ ഞാന്‍ തടിയൂരി. ആള് അല്പം ഇഛാഭംഗത്തോടെ വേറെഇടം തേടാമെന്നു പറഞ്ഞു യാത്രയായി.

ആളിന്‍റെ ഊരും പേരുമൊക്കെക്കിട്ടിയിരുന്നതുകൊണ്ട് അവിടവുമായി പരിചയമുള്ള ഒന്നുരണ്ടു പേരുമായി താമസിയാതെ അവിടെയടുത്ത് ഒരാവശ്യത്തിനായി ചെന്നപ്പോള്‍ ആ വീട്ടിലും ഒന്നു കയറി. പകലായിരുന്നു. കാര്‍ന്നോരുമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ആവഴി പോയപ്പോള്‍ കയറിയതേയുള്ളു എന്നു പറഞ്ഞു പരിചയപ്പെടുത്തി. മകനും മരുമകളും ജോലിക്കാരാണെന്നും ജോലിക്കു പോയെന്നും, കുട്ടികള്‍ മൂന്നു പേരും സ്കൂളിലാണെന്നും വിശദീകരിച്ചു. വീടുകാവലാണു പണി. ഉച്ചയ്ക്കത്തേക്കുള്ളതുകൂടി വച്ചിട്ടാണ് രാവിലെ എല്ലാവരും പോകുന്നത്. ആകെ മടുത്തു. ഒരു മാര്‍ഗ്ഗവുമില്ല. നാട്ടിലൊരു വീടു ചുമ്മാതെ കിടപ്പുണ്ട്. തനിച്ചായാലും അവിടെപ്പോയി താമസിക്കണമെന്നുണ്ട്. ഇവിടെയാളില്ലെന്നു പറഞ്ഞു മകന്‍ സമ്മതിക്കില്ല.

പാവം അറിഞ്ഞിട്ടില്ല ആ വീടുംപറമ്പും മക്കളു വിറ്റുകഴിഞ്ഞെന്ന്! ആകാവുന്ന കാലത്ത് ഒത്തിരിബുദ്ധിമുട്ടീം പട്ടിണി കിടന്നും മക്കളെ പഠിപ്പിച്ചു. സമ്പാദ്യവുമുണ്ടാക്കി. മക്കളിന്നു നല്ലനിലയിലുമായി. എങ്ങനെയെങ്കിലും മകന്‍ റിട്ടയര്‍ ചെയ്യുമ്പോഴെങ്കിലും നാട്ടില്‍പോയി സ്വന്തം വീട്ടില്‍ താമസിച്ചു മരിക്കണം. ആ ഒറ്റ ആഗ്രഹവുമായി കാത്തിരിക്കുന്ന പാവം!

മകന്‍ അപ്പനുവേണ്ടി 'അനാഥാലയം' തേടുന്ന വിവരം അറിയാതെ ആത്മശാന്തിയില്‍ ജീവിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു. മകന്‍ വന്നപ്പോള്‍ ഇങ്ങനൊരച്ചന്‍ ചെന്നിരുന്ന കാര്യം അങ്ങേര് അയാളോടു പറഞ്ഞു കാണുമോ ആവോ!! 

You can share this post!

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts