"നീതി ജലംപോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ പോലെയും" (ആമോ 5,24).
ജനതകള്‍ക്കു മധ്യേ സത്യദൈവത്തിനു സാക്ഷികളായി വര്‍ത്തിക്കാന്‍ വിളിക്കപ്പെട്ട ജനം അവരുടെ ദിവ്യദൗത്യ നിര്‍വ്വഹണത്തില്‍ അമ്പേ പരാജയപ്പെട്ടു എന്ന് പ്രവാചകന്മാര്‍ തറപ്പിച്ചു പറഞ്ഞു. അവരുടെ വീഴ്ചകളും ഇടര്‍ച്ചകളും പരാജയകാരണങ്ങളും അതിന്‍റെ ഭീകരമായ ഫലങ്ങളും ഒന്നൊന്നായി ജനതകള്‍ക്കു മുമ്പില്‍ അവര്‍ നിരത്തിവച്ചു. നിഷേധിക്കാനാവാത്തവിധം പഴുതടച്ച് അവതരിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന ജനത്തോട് എന്താഹ്വാനമാണ് പ്രവാചകന്മാര്‍ അടുത്തതായി ദൈവനാമത്തില്‍ നല്കുന്നത്? എന്താണ് കര്‍ത്താവ് അവരില്‍നിന്ന് ആവശ്യപ്പെടുന്നത്?
പ്രവാചകന്മാര്‍ വഴി ദൈവം ജനത്തിന് നല്കുന്ന ആഹ്വാനത്തെ ഒറ്റവാക്കില്‍ സംഗ്രഹിക്കാം. "മടങ്ങി വരുവിന്‍" ഷൂബ് എന്നാണ് ഹീബ്രു മൂലം. തുടക്കത്തിലേക്കു മടങ്ങുക. കടന്നുപോന്ന വഴികള്‍ പരിശോധിക്കുക. നാല്ക്കവലകളില്‍ ശ്രദ്ധിക്കുക. എവിടെയൊക്കെയാണ് വഴിതെറ്റിയതെന്ന് തിരിച്ചറിയുക. അതനുസരിച്ച് പിന്‍തിരിയുക. ഏശയ്യാ മുതല്‍ മലാക്കി വരെ സ്വന്തം പേരില്‍ പുസ്തകങ്ങളുള്ള പതിനാറു പ്രവാചകന്മാരും ഏകകണ്ഠമായി നടത്തുന്ന ആഹ്വാനമാണിത് - മടങ്ങി വരുക!
തിരിച്ചു വരണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ആവശ്യമാണ്. 1. വഴി തെറ്റിയിരിക്കുന്നു എന്നു വ്യക്തമായ അവബോധം. 2. എങ്ങോട്ടാണ് മടങ്ങേണ്ടത് എന്ന തിരിച്ചറിവ്. സാമൂഹ്യ-സാമ്പത്തിക-മതാത്മകതലങ്ങളില്‍ പ്രവാചകന്മാര്‍ അവതരിപ്പിച്ച രൂക്ഷവിമര്‍ശനങ്ങള്‍ ജനങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. ദൈവമായ കര്‍ത്താവ് അരുളിച്ചെയുന്നു; ഞാന്‍ മലിനയല്ല, ബാലിന്‍റെ പിറകേ പോയിട്ടില്ല എന്നു പറയാന്‍ നിനക്കെങ്ങനെ കഴിയും? താഴ്വരയില്‍ പതിഞ്ഞ നിന്‍റെ കാല്പാടുകള്‍ കാണുക; കുറ്റം സമ്മതിക്കുക... നിന്‍റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ രക്തം പുരണ്ടിരിക്കുന്നു. (ജറെ 2, 23- 34). ഇനി ഒന്നേ ചെയ്യാനുള്ളൂ; "അവിശ്വസ്തരായ ഇസ്രായേലേ, തിരിച്ചുവരിക... അവിശ്വസ്തരായ മക്കളേ തിരിച്ചു വരുവിന്‍..." (ജറെ 3, 12,14,22). എങ്ങോട്ടാണ് തിരിച്ചു വരേണ്ടതെന്നും പ്രവാചകന്മാര്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. "കര്‍ത്താവ് അരുളിച്ചെയുന്നു, ഇസ്രായേലേ, നീ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്‍റെ അടുത്തേക്കു വരുക" (ജറെ 4, 1).
എങ്ങനെയാണ് കര്‍ത്താവിന്‍റെ അടുക്കലേക്ക് തിരിച്ചുവരേണ്ടത്? എന്താണ് കര്‍ത്താവ് ആവശ്യപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നീതി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായി പ്രതിധ്വനിക്കുന്നത്. സാമൂഹ്യനീതിയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്ന ആമോസ് രണ്ടു വാക്കുകളില്‍ ഈ ആഹ്വാനം ഒതുക്കിപ്പറയുന്നു. "നീതി ജലം പോലെ ഒഴുകട്ടെ. സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ പോലെയും." മിഷ്പാത്ത്, സ്ദാഖാ എന്ന രണ്ടു ഹീബ്രു വാക്കുകളാണ് ഇവിടെ നീതി - സത്യം എന്നു വിവര്‍ത്തനം ചെയ്യുന്നത്. സാമൂഹ്യനീതിയെക്കുറിച്ചുള്ള പഠനത്തില്‍ ഈ രണ്ടു പദങ്ങള്‍ക്ക് അതുല്യ പ്രാധാന്യമുണ്ട്.
മിഷ്പാത്ത്: "വിധിക്കുക എന്നര്‍ത്ഥമുള്ള "ഫാഫാത്ത്" എന്ന ക്രിയാധാതുവില്‍ നിന്നാണ് 'മിഷ്പാത്ത്' എന്ന നാമത്തിന്‍റെ ഉത്ഭവം. പഴയനിയമത്തില്‍ 422 തവണ ഈ പദം പ്രത്യക്ഷപ്പെടുന്നുണ്ട്. സമൂഹത്തില്‍ നിലനില്ക്കുന്ന നീതിന്യായ വ്യവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും അവശ്യവും അര്‍ഹവുമായതു ലഭിക്കണം. അതിനു വേണ്ട നിയമങ്ങള്‍ ദേശത്തുണ്ടാകണം. ആ നിയമങ്ങള്‍ക്കനുസരിച്ച് ഭരണം നടക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും അര്‍ഹമായതു ലഭിക്കാതെ വന്നാല്‍ അതിന്‍റെ കാരണം കണ്ടുപിടിച്ച് പരിഹരിക്കാന്‍ ഭരണാധികാരികള്‍ക്ക് കടമയുണ്ട്. നിയമനിര്‍മ്മാണമാണ് ഈ കടമയില്‍ ആദ്യത്തെ പടി. ഉടമ്പടിയുടെ പത്തു പ്രമാണങ്ങളെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാകത്തക്ക വിധത്തില്‍ കാലാകാലങ്ങളില്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഭരണാധികാരികള്‍ കടപ്പെട്ടിരിക്കുന്നു.
നിര്‍മ്മിക്കുന്ന നിയമങ്ങള്‍ നടപ്പിലാകുന്നു എന്ന് ഉറപ്പുവരുത്തുന്ന നീതിനിര്‍വ്വഹണാധികാരവും ഭരണാധികാരികള്‍ക്ക് ഉണ്ട്. ആര്‍ക്കെങ്കിലും അര്‍ഹമായ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍, നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നീതി നടത്തിക്കൊടുക്കാന്‍ കടപ്പെട്ടവരാണ് ന്യായാധിപന്മാരും കോടതികളും. ഇങ്ങനെ നീതിനിഷ്ഠമായ നിയമസംഹിതകള്‍, പക്ഷം ചേരാത്ത നീതി നിര്‍വ്വഹണം, മുഖം നോക്കാത്ത ന്യായവിധി പ്രസ്താവനയും നടപ്പിലാക്കലും. ഈ മൂന്നു ഘടകങ്ങളും പ്രവര്‍ത്തനനിരതമാകുന്ന ഒരു സമൂഹസംവിധാനമാണ് മിഷ്പാത്ത് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
"ജലം പോലെ ഒഴുകട്ടെ" എന്ന വിവര്‍ത്തനം മൂലത്തിന്‍റെ ശക്തി മുഴുവന്‍ വെളിപ്പെടുത്തുന്നില്ല. സകല പ്രതിബന്ധങ്ങളെയും തകര്‍ത്തു മുന്നേറുന്ന ഒരു മലവെള്ളപ്പാച്ചില്‍ പോലെയോ സുനാമിത്തിരകള്‍പോലെയോ നീതി ഒഴുകണം. നീതിയുടെ വഴിയില്‍ ഒന്നും തടസ്സമായി നില്‍ക്കരുത്. ഇതാണ് ആമോസ് ആദ്യമേ ഉദ്ദേശിക്കുന്നത്. അപ്രതിഹതമായ ഒരു നീതി പ്രവാഹം - അവിടെ അനീതിയുടെ കോട്ടകള്‍ തകര്‍ന്നടിയും; സിംഹാസനങ്ങള്‍ തകിടം മറിയും; സകല പ്രതിബന്ധങ്ങളും ഇളകിയൊഴുകും. ഇത് ഒരിക്കല്‍ മാത്രം സംഭവിക്കേണ്ട ഒരു പ്രക്രിയ അല്ല എന്ന് അടുത്ത വാക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവാഹം ഒരിക്കലും നിലയ്ക്കരുത്. പ്രതിബന്ധങ്ങള്‍ ഒരിക്കല്‍ തൂത്തെറിഞ്ഞാല്‍ പോരാ; ഇനി ഒരിക്കലും ഉയര്‍ന്നുവരാന്‍ പാടില്ല. സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍പോലെ ഒഴുകണം.
സ്ദാഖാ എന്ന ഹീബ്രുനാമമാണ് 'സത്യം' എന്നു വിവര്‍ത്തനം ചെയ്യുന്നത്. അനേകം ധ്വനികളുള്ള ഒരു പദമാണ് സ്ദാഖാ. പഴയനിയമത്തില്‍ 522 തവണ ഈ പദം പ്രത്യക്ഷപ്പെടുന്നുണ്ട്. മുഖ്യമായും പ്രവാചക ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലുമാണ് ഈ പദം കാണുന്നത്. ദൈവത്തിന് പ്രീതികരമായ ഒരവസ്ഥ, അഥവാ ജീവിതം എന്ന് ഈ പദത്തെ പൊതുവില്‍ വിശേഷിപ്പിക്കാം. നീതി -righteousness എന്ന് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യുന്നു. ദൈവത്തിനു സ്വീകാര്യനായ വ്യക്തി നീതിമാനാണ്, സദ്ദീഖ് എന്നു വിശേഷണം. ദൈവം നല്കിയിരിക്കുന്ന പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുമ്പോഴാണ് ഒരാള്‍ നീതിമാനാകുന്നത്; അപ്പോഴാണ് സമൂഹത്തില്‍ നീതി നടപ്പിലാകുന്നതും നിലനില്‍ക്കുന്നതും.
ഈ അര്‍ത്ഥത്തില്‍ 'ധര്‍മ്മനിഷ്ഠ' എന്ന വിവര്‍ത്തനമായിരിക്കും മൂലത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുക. ഓരോ വ്യക്തിക്കും പ്രത്യേകമായും സമൂഹങ്ങള്‍ പൊതുവായും ഈ പ്രപഞ്ചത്തെ മുഴുവനും സംബന്ധിക്കുന്നതുമായ ദൈവിക പദ്ധതിയെ 'ധര്‍മ്മം' എന്നു വിളിക്കുക കൂടുതല്‍ ഉചിതമാണ്. ദൈവനിശ്ചിതമായ കടമയാണ് ധര്‍മ്മം. അതു നിലനില്‍ക്കുന്നിടത്തേ ശാന്തിയും സമാധാനവും വസിക്കൂ. ധര്‍മ്മ നിഷേധമാണല്ലോ അധര്‍മ്മം. അധര്‍മ്മം ഉന്മൂലനം ചെയ്ത് ധര്‍മ്മം പുനഃസ്ഥാപിക്കുകയാണ് ദൈവിക പദ്ധതി. അതില്‍ പങ്കുചേരാനുള്ള മനുഷ്യന്‍റെ വിളിയെയും ഉത്തരവാദിത്വത്തെയുമാണ് നീതി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനത്തിലൂടെ അനുസ്മരിപ്പിക്കുന്നത്.
സ്ദാഖാ എന്ന പദത്തെ 'സത്യം' എന്നു വിശേഷിപ്പിക്കുന്നതും അര്‍ത്ഥവത്തു തന്നെ. കാരണം ഓരോ വ്യക്തിയെയും വസ്തുവിനെയും സംഭവത്തെയും സംബന്ധിച്ച സത്യം ദൈവഹിതത്തിന്‍റെ ആവിഷ്കരണമായിരിക്കും. ഞാന്‍ സത്യസന്ധമായി ജീവിക്കുമ്പോള്‍ ആ ജീവിതം നീതിനിഷ്ഠമാകും; ദൈവത്തിനു സ്വീകാര്യവും പ്രീതികരവും. അങ്ങനെ സത്യവും നീതിയും അഭേദ്യമാം വിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
"വറ്റാത്ത നീര്‍ച്ചാല്‍ പോലെ" എന്ന പ്രയോഗവും മൂലത്തില്‍ കൂടുതല്‍ ശക്തവും തീവ്രവുമാണ്. ഉരുള്‍പ്പൊട്ടിയൊഴുകുന്ന അതിശക്തമായൊരു പ്രവാഹം പോലെയായിരിക്കണം നീതിനിര്‍വ്വഹണം. നിരന്തരമായി ഈ ഒഴുക്കു തുടരണം. അതാണ് ദൈവം ആഗ്രഹിക്കുന്നത്. അതില്ലാതെ ഇസ്രായേലിനു ദൈവജനമായി തുടരാനാവില്ല; ആര്‍ക്കും ദൈവതിരുമുമ്പില്‍ സ്വീകാര്യനാവാന്‍ കഴിയില്ല. ഈ കാഴ്ചപ്പാട് ആമോസ് തന്നെ പലതവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
"എന്നെ അന്വേഷിക്കുവിന്‍, നിങ്ങള്‍ ജീവിക്കും... നീതിയെ (മിഷ്പാത്ത്) നിലത്തെറിയുകയും ന്യായത്തെ (സ്ദാഖാ) കീഴ്മേല്‍ മറിക്കുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുക എന്നാല്‍ നീതി അന്വേഷിക്കുക, നീതി പ്രവര്‍ത്തിക്കുക, നീതി സ്ഥാപിക്കുക എന്നാണര്‍ത്ഥം എന്ന് ആമോസ് വ്യക്തമാക്കുന്നു. "തിന്മയല്ല, നന്മ അന്വേഷിക്കുവിന്‍... തിന്മയെ വെറുക്കുവിന്‍. നന്മയെ സ്നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍"(ആമോ 5,14-15). നീതിന്യായ കോടതിയാണ് നഗരകവാടം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഗോത്രഭരണകാലത്ത് ഗോത്രത്തലവന്മാര്‍ രാവിലെ നഗരവാതില്ക്കല്‍ വന്നിരിക്കും. പരാതിയുള്ള ആര്‍ക്കും അവരെ സമീപിക്കാം. ഇരുകക്ഷികളുടെയും വാദങ്ങള്‍ കേട്ടു പഠിച്ച് ഉചിതമായ തീരുമാനം ഉടനെ ഉണ്ടാകും. രാജഭരണമായപ്പോഴേയ്ക്കും കോടതികള്‍ക്കു വേറെ സംവിധാനങ്ങളുണ്ടായെങ്കിലും 'നഗരകവാടം' എന്ന പ്രയോഗം നിലനിന്നു. നീതി നിര്‍വ്വഹണമാണ് സമൂഹത്തിന്‍റെ മതാത്മകതയുടെ മാനദണ്ഡമായി പ്രവാചകന്‍ കണ്ടത്.
ആമോസിനു തൊട്ടുപിന്നാലെ വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ പ്രസംഗിച്ച ഹോസിയാ സ്നേഹത്തിന്‍റെ പ്രവാചകന്‍ എന്നാണറിയപ്പെടുന്നത്. സാമൂഹ്യനീതിയേക്കാള്‍ സ്നേഹത്തിനു പ്രാധാന്യം നല്കുന്നുണ്ടെങ്കിലും നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഹോസിയാ പഴുതിടുന്നില്ല. "ബലിയല്ല, സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല, ദൈവജ്ഞാനമാണ് എനിക്കിഷ്ടം"(ഹോസി 6,6) എന്നുദ്ഘോഷിക്കുമ്പോള്‍ ദൈവ-മനുഷ്യബന്ധത്തില്‍ നിലനില്ക്കേണ്ട അടിസ്ഥാനഭാവത്തിലേക്കാണ് പ്രവാചകന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. 'സ്നേഹം' എന്നു വിവര്‍ത്തനം ചെയ്യുന്ന ഹെസെദ് എന്ന ഹീബ്രുവാക്ക് ഉടമ്പടിയിലൂടെ ദൈവം ഉറപ്പുവരുത്തിയിരിക്കുന്ന അചഞ്ചല സ്നേഹത്തെ സൂചിപ്പിക്കുന്നു. ഒരിക്കലും അസ്തമിക്കാത്ത, കുറയാത്ത, മാറ്റമില്ലാത്ത സ്നേഹം ജനത്തിന് ദൈവം വാഗ്ദാനം ചെയ്യുന്നു. അതേ ഉടമ്പടിയിലൂടെ ഈ സ്നേഹം ദൈവത്തോടും സഹജീവികളോടും കാത്തുസൂക്ഷിക്കാന്‍ ജനത്തെ ആഹ്വാനം ചെയ്യുന്നു. ഈ സ്നേഹത്തിന്‍റെ അവശ്യഘടകമാണ് നീതി. ഇതുണ്ടെങ്കിലേ ദൈവത്തെ അറിയാന്‍ കഴിയൂ. നീതി പ്രവര്‍ത്തിക്കാതെ സ്നേഹിക്കാനോ ദൈവത്തെ അറിയാനോ കഴിയില്ല എന്നതു പ്രവാചകന്മാരുടെ പൊതുവായ പ്രബോധനമാണ്.
"നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്‍റെ ഫലങ്ങള്‍ കൊയ്യാം" (ഹോസി 10,12) എന്ന ആഹ്വാനത്തില്‍ 'സ്ദാഖാ' എന്ന പദമാണ് നീതി എന്നു വിവര്‍ത്തനം ചെയ്യുന്നത്. ഹെസെദ് എന്ന പദം കാരുണ്യമെന്നും. 6, 6ല്‍ കണ്ട സ്ഥിരസ്നേഹം തന്നെയാണിത്. നീതി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സ്നേഹവും കരുണയും യാഥാര്‍ത്ഥ്യമാകൂ. "നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സഹായത്തോടെ തിരിച്ചുവരുക(ഷൂബ്) നീതിയും (ഹെസെദ്) സ്നേഹവും(മിഷ്പാത്ത്) മുറുകെ പിടിക്കുക. നിന്‍റെ ദൈവത്തിനുവേണ്ടി കാത്തിരിക്കുക" (ഹോസി 12,6). കര്‍ത്താവിലേക്കു മടങ്ങിവരുകയെന്നാല്‍ നീതിയും അചഞ്ചലസ്നേഹവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക തന്നെയാണെന്ന് ഹോസിയ തറപ്പിച്ചു പറയുന്നു. സ്വന്തം ശക്തിയാല്‍ ജനത്തിന് ഇതു സാധ്യമല്ലെന്നും അതിനാല്‍ ദൈവം തന്നെ ഇതു ദാനമായി നല്കുമെന്നും (ഹോസി2,19) വാഗ്ദാനം ചെയ്തതിനു ശേഷമാണ് ഈ ആഹ്വാനം.