news-details
ഇടിയും മിന്നലും

രോഗിയായ ഒരു ബന്ധുവിനെക്കാണാന്‍ പെട്ടെന്നു ദീര്‍ഘമായ ഒരു മലബാര്‍യാത്ര വേണ്ടിവന്നു. കൂടുതല്‍ ബസ്സൗകര്യംനോക്കി നഗരത്തിലെ ബസ്റ്റാന്‍റിലെത്തി. രാത്രി എട്ടുമണികഴിഞ്ഞ സമയം. കണ്ണൂര്‍വരെയെത്താന്‍ ഒന്നുരണ്ടുബസ്സുകള്‍ താമസിയാതെ ഉണ്ടായിരുന്നെങ്കിലും എനിക്കെത്തേണ്ടിടത്തുകൂടി പോകുന്ന ഒരുബസ് അതുകഴിഞ്ഞുണ്ടെന്നറിഞ്ഞതുകൊണ്ട് അതിനുപോകാന്‍ തീരുമാനിച്ചു. സമയംപോക്കാന്‍ ഒരന്തിപ്പത്രവുംവാങ്ങി, ഒരു ചായകുടിക്കാന്‍വേണ്ടി സ്റ്റാളില്‍ ചെന്നപ്പോള്‍ മുമ്പില്‍നിന്നയാള്‍ ചായ വാങ്ങിക്കഴിഞ്ഞ് അവിടെത്തന്നെനിന്നുകൊണ്ട് സ്റ്റാളുകാരനുമായിട്ടു നീണ്ട വര്‍ത്തമാനം.

"എക്സ്ക്യൂസ് മി." ഞാനല്പം ഉറക്കെപ്പറഞ്ഞു. അയാള്‍ ഒരു 'സോറി സോറി'യും പറഞ്ഞ് മാറിത്തന്നു. ചായയും, കൊടുത്തകാശിന്‍റെ ബാക്കിയും തന്നപ്പോള്‍ ഞാന്‍ "താങ്ക് യൂ" പറഞ്ഞു. സോറി പറഞ്ഞു മാറിനിന്ന മാന്യന്‍ എന്നെ വല്ലാതെ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ ഞാനും ആളെ ആകമാനമൊന്നു നോക്കി. കണ്ടാല്‍ പരമയോഗ്യന്‍. ഡീസന്‍റ്ഡ്രസ്സും, ഷൂസും, സ്യൂട്കേയ്സും ആകെയൊരു ഫോറിന്‍ലുക്ക്. ചായക്കപ്പ് വേസ്റ്റുപാട്ടയിലിട്ട്, വിശ്രമമുറിയില്‍ ചെല്ലുമ്പോള്‍ നിറയെ ആളാണ്. ബസ്സുവരാന്‍ ഇനിയും ഏറെനേരമുണ്ടുതാനും. ഒരൊഴിഞ്ഞകോണില്‍ തറയില്‍ പത്രംവിരിച്ച് ഞാനിരുന്നു. അല്പംകഴിഞ്ഞപ്പോള്‍ ഫോറിന്‍ലുക്കുകാരനും ചുറ്റിനടന്നിട്ട് ഇരിക്കാനിടംകിട്ടാതെ ഞാനിരുന്നതിനടുത്തുതന്നെ വന്ന് തറയിലിരുന്നു.

"ഒരു സംശയം ചോദിച്ചോട്ടെ?" അല്പംകഴിഞ്ഞപ്പോള്‍ ആളിന്‍റെ നിവേദനം. അനുകൂലഭാവത്തില്‍ ഞാന്‍ തലകുലുക്കി. അയാള്‍ കുറച്ചുകൂടി അടുത്തേയ്ക്കു ചേര്‍ന്നിരുന്നു.

"ചായക്കാരനോടു ഞാനതു ചോദിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സാറു ചായക്കു വന്നത്. നമ്മുടെ നാട്ടില്‍ ആരും സാധാരണ ആര്‍ക്കും നന്ദിയൊന്നും പറയാറില്ലല്ലോ. എന്നാല്‍ സാറു ചായക്കാരനോടു 'താങ്ക് യൂ' പറയുന്നതു കേട്ടപ്പോള്‍ മാന്യനാണെന്നു തോന്നി. അതുകൊണ്ടാണ് സാറിനോടുതന്നെ കാര്യം ചോദിച്ചാലോ എന്നോര്‍ത്തത്. ഇവിടെനിന്നും കട്ടപ്പനക്ക് എന്തു ദൂരംകാണും സാറേ?"

"കൃത്യം അറിയില്ല, ഒരു നൂറ്റിയിരുപതു കിലോമീറ്ററടുത്തു കാണും." ഞാന്‍ എന്‍റെ ഊഹം പറഞ്ഞു.

"ടാക്സിക്കാരോടു ചോദിച്ചപ്പോള്‍, രാത്രിയായതുകൊണ്ട് മൂവായിരം രൂപയാകും, അവിടെത്താന്‍ മൂന്നു മണിക്കൂറിലധികമെടുക്കുമെന്നും പറഞ്ഞു. ഞാനാലോചിച്ചപ്പോള്‍ അവിടെത്തുമ്പോള്‍ പാതിരായാകും, യാതൊരു പരിചയവുമില്ലാത്ത നാടും. ഇവിടുന്നു വെളുപ്പിന് അവിടെത്തുന്ന വല്ല രാത്രിബസ്സുമുണ്ടോ എന്നന്വേഷിക്കാമെന്നുവച്ചു വന്നതാണ്. വെളുപ്പിന് ഒരുമണി കഴിയുമ്പോളൊരെണ്ണമുണ്ടെന്നറിഞ്ഞു. എനിക്കിവിടെ യാതൊരു പരിചയവുമില്ല. പത്തുമുപ്പതു വര്‍ഷമായിട്ടു ഞാന്‍ ഗള്‍ഫിലാണ്. ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നു വരുന്നവഴിയാണ്. വൈകുന്നേരമായാല്‍ ഇവിടുന്നാണ് കട്ടപ്പനയ്ക്കു ബസുകിട്ടാനെളുപ്പം എന്നറിഞ്ഞതുകൊണ്ടാണ് ഇവിടെയെത്തിയത്." വിളിച്ചയാള്‍ എടുക്കാതിരുന്നതുകൊണ്ടാകാം എന്നോടു സംസാരിക്കുന്നതിനിടയില്‍ അയാള്‍ പലപ്രാവശ്യം ഫോണ്‍ചെയ്യാന്‍ ശ്രമിക്കുന്നതുകണ്ടു.

"തിരക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും നല്ലത് ഇവിടെയെങ്ങാനും മുറിയെടുത്തു താമസിച്ചിട്ട്, നാളെരാവിലെ പോകുന്നതാ. വെളുപ്പിന് ഇഷ്ടംപോലെ വണ്ടികളുമുണ്ട്." ഞാന്‍ നിര്‍ദ്ദേശിച്ചു.

"അപ്പന്‍ മരിച്ച ആണ്ടിന് രണ്ടുദിവസം കൂടിയേ ഉള്ളു. അതിനു നാട്ടിലെത്തണം. മലബാറില്‍ ..... ല്‍ ആണ്. എനിക്ക് ഒരനുജനേയുള്ളു. അവന്‍ താമസിക്കുന്നതവിടെയാണ്. അപ്പനെ അടക്കിയിരിക്കുന്നതും അവിടെയാ.  പന്ത്രണ്ടാംവര്‍ഷമാണ്. എല്ലാവര്‍ഷവും മുടങ്ങാതെ ഞാന്‍ വരാറുണ്ട്. ഏതായാലും സാറു പറഞ്ഞതുതന്നെയാണു നല്ലതെന്നു തോന്നുന്നു. ഇവിടെ മുറിയെടുത്തുതാമസിച്ചിട്ടു രാവിലെ പോകാം." അയാള്‍ എഴുന്നേറ്റു.
"ഞാനൊരു അച്ചനാണ്. ഇദ്ദേഹമെന്നെ സാറെസാറേന്നു വിളിച്ചിട്ടും നേരത്തെപറയാതിരുന്നത് ആവശ്യമില്ലാതെ പരിചയപ്പെടുത്തേണ്ടല്ലോന്നോര്‍ത്താണ്. എന്നാലും അപ്പന്‍റെയാണ്ടിന് പന്ത്രണ്ടു വര്‍ഷമായിട്ടും മുടങ്ങാതെ മറുനാട്ടില്‍നിന്നും വരുന്നുണ്ടെന്നു കേട്ടപ്പോള്‍ എനിക്കു താങ്കളോടു ബഹുമാനം തോന്നുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ." ഞാനും യാത്ര പറഞ്ഞു.

"താങ്ക് യു ഫാദര്‍, കണ്ടപ്പോള്‍ അച്ചനാണെന്നാദ്യം എനിക്കു തോന്നിയാരുന്നു. പക്ഷെ നിലത്തു പടിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ അച്ചനല്ലെന്നാണോര്‍ത്തത്."

"ഒത്തിരിനേരം നില്ക്കാന്‍ വിഷമമാണ്. മുട്ടിനു വേദനതുടങ്ങും, വെയിറ്റിംങ്റൂമില്‍ സീറ്റില്ല. അതുകൊണ്ടു കിട്ടിയിടത്തങ്ങിരുന്നു. അല്ലാതെന്തു ചെയ്യും."

"ഞാനെന്‍റെ കാര്യം പറഞ്ഞതല്ലാതെ അച്ചനെങ്ങോട്ടാണു യാത്രയെന്നുപോലും ചോദിച്ചില്ല." പോകാനെഴുന്നേറ്റയാള്‍ പിന്നെയും നിന്നു.

"അത്യാവശ്യമില്ലാതെ ഞാനങ്ങോട്ടാരോടും കാര്യമായിട്ടൊന്നും പറയാറുമില്ല. സത്യം പറഞ്ഞാല്‍ ഞനിപ്പോള്‍ ഒരാവശ്യത്തിനു മലബാറിനാണു യാത്ര. നിങ്ങളുടെ അനുജന്‍ താമസിക്കുന്നു എന്നുപറഞ്ഞ സ്ഥലത്തുനിന്നും അരമണിക്കൂര്‍കൂടി പിന്നെയും പോകണം എനിക്ക്. ഒരു മണിക്കൂറു കൂടിയിരുന്നാല്‍ ഒറ്റവണ്ടിക്കവിടെയിറങ്ങാം. അത്രയും സമയമുള്ളതുകൊണ്ടാണു നിലത്തുപടിഞ്ഞിരുന്നത്."

"അച്ചനിപ്പളെവിടെയാ?"

"അതുകൂടെ പറഞ്ഞാല്‍ ഇദ്ദേഹം അന്തംവിടും. അതുകൊണ്ടാണു ഞാനതു നേരത്തെ മിണ്ടാതിരുന്നത്. ഞാനിപ്പോള്‍ കട്ടപ്പനയിലാണ്."

"എന്‍റെ പ്രാര്‍ത്ഥന ദൈവംകേട്ടു. ആ നാടെങ്ങാനും പരിചയമുള്ള ഒരാളെ കാണിച്ചുതരണേന്നു മാത്രമായിരുന്നു എയര്‍പോര്‍ട്ടിലിറങ്ങിയപ്പോള്‍ മുതലെന്‍റെ പ്രാര്‍ത്ഥന. അച്ചാ, കട്ടപ്പനയിലുള്ള ഒരച്ചനെക്കാണാനാണു ഞാനീപ്പോകുന്നത്. ആ അച്ചനെ ഞാന്‍ കണ്ടിട്ടുമില്ല, പരിചയവുമില്ല. എന്‍റെയമ്മ മരിച്ചിട്ടു രണ്ടുകൊല്ലമായി. അപ്പന്‍ മരിച്ചതില്‍പിന്നെ അമ്മ എന്‍റെകൂട്ടത്തില്‍ ഗള്‍ഫിലായിരുന്നു. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഈ അച്ചനെ കാണണമെന്ന്. അമ്മയ്ക്കും, അച്ചന്‍റെപേരോ അച്ചനെവിടെയാണെന്നോ ഒന്നും അറിഞ്ഞുകൂടായിരുന്നു. അമ്മേടെ ബൈബിളില്‍ സൂക്ഷിച്ചിരുന്ന പത്തുനൂറുപേരുള്ള ഒരു പഴയ ഗ്രൂപ്ഫോട്ടോയുണ്ടായിരുന്നു. ആ ഫോട്ടായില്‍ ആ അച്ചനുമുണ്ട്. അതുകാണിച്ചിട്ടാണമ്മ പറഞ്ഞിരുന്നത് ആ അച്ചനെ ഒന്നൂടെ കാണണമെന്ന്. നാട്ടില്‍ വരുമ്പോള്‍ ഊരും പേരുമറിയാത്ത അച്ചനെതേടിപ്പിടിക്കാന്‍ ഞാനത്ര മിനക്കെട്ടുമില്ല. മരിക്കുന്നതിന് ഒരുവര്‍ഷംമുമ്പ് അമ്മയെ നാട്ടില്‍ അനുജന്‍റെ കൂട്ടത്തിലാക്കി. മരിക്കുമ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു. അപ്പോഴും അമ്മ പറഞ്ഞു ഞാന്‍ പോയി ആ അച്ചനെ കാണണമെന്ന്. അടുത്തനാളിലായി പലപ്രാവശ്യം അമ്മയെ സ്വപ്നംകാണുന്നു. അതുകൊണ്ടിത്തവണ അപ്പന്‍റെ ആണ്ടിനുവരുമ്പോള്‍ എങ്ങിനെയെങ്കിലും കണ്ടുപിടിക്കണമെന്നു തീരുമാനിച്ചു. ഗള്‍ഫിലെ ഞങ്ങളുടെ പള്ളീലെ മലയാളിയച്ചനെ ഫോട്ടായുമായി ചെന്നുകണ്ടു. ഫോട്ടോ തീരെ മങ്ങിയതായിരുന്നതുകൊണ്ട് അച്ചന്‍റെ ഊഹം ശരിയാണോ എന്നറിയാന്‍ അച്ചന്‍ കൂടെയുള്ള വേറൊരു മലയാളിയച്ചനേം വിളിച്ചു. രണ്ടുപേരും നോക്കിയിട്ട് ഒരു പേരുതന്നെ പറഞ്ഞു. അതു ഞാന്‍ കുറിച്ചുവാങ്ങിച്ചു. ആളു ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോളെവിടെയാണെന്നോ ഫോണ്‍നമ്പരോ ഒന്നും അവരുടെ കൈയ്യിലില്ലെന്നും സംഘടിപ്പിച്ചു താരാമെന്നും സമ്മതിച്ചു. ഒരാഴ്ച്ചകഴിഞ്ഞു ചെന്നപ്പോള്‍ ഫോണ്‍ നമ്പരും കിട്ടി. ആ അച്ചനിപ്പോള്‍ കട്ടപ്പനയിലാണെന്നും പറഞ്ഞു. എയര്‍പോര്‍ട്ടിലിറങ്ങിയപ്പോള്‍ മുതല്‍ ആ ഫോണ്‍നമ്പരില്‍ ഞാന്‍ വിളിക്കുന്നുണ്ട്. ഫോണ്‍ റിങ്ങുചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. ഇറങ്ങിത്തിരിച്ചതല്ലെ, ഏതായാലും പോയിനോക്കാമെന്നുവച്ചു, അമ്മയുടെ ആഗ്രഹം സാധിക്കാന്‍ ശ്രമിച്ചെന്നെങ്കിലും ഒരാശ്വാസവുമാകുമല്ലോ. ഫോട്ടോ പഴയതാണെങ്കിലും അച്ചനൊന്നു നോക്കിക്കേ, ഈ അച്ചനെ കട്ടപ്പനയിലെങ്ങാനും കണ്ടിട്ടുണ്ടോ എന്നറിയാമല്ലോ." അയാള്‍ നിലത്തു കുത്തിയിരുന്നു പെട്ടിയുടെ നമ്പര്‍ലോക്കുതുറന്ന് മുകളില്‍തന്നെവച്ചിരുന്ന കവറില്‍നിന്നൊരു ഫോട്ടോയെടുത്ത് എന്‍റെ മുമ്പില്‍പിടിച്ചു. അതിന്‍റെ വലത്തെമൂലയടുത്ത് രണ്ടാംനിരയില്‍ നില്ക്കുന്ന അച്ചനെ അയാള്‍ തൊട്ടുകാണിച്ചു.

"അമ്മ ധ്യാനത്തിനു പോയപ്പോള്‍ ധ്യാനത്തിനുണ്ടായിരുന്നവരുടെ ഗ്രൂപ്പുഫോട്ടോയാണെന്നാ പറഞ്ഞത്. അമ്മ പറഞ്ഞതുവച്ചു നോക്കിയാല്‍ എണ്‍പത്തൊന്നിലോ, എണ്‍പത്തിരണ്ടിലോ ആയിരിക്കും."

ഞാന്‍ ഫോട്ടോ വാങ്ങി, ഒന്നേ നോക്കേണ്ടിവന്നുള്ളു. ഫോട്ടോ തിരിച്ചുകൊടുത്തു. ഞാനെന്‍റെ ജൂബ്ബായുടെ പോക്കറ്റില്‍നിന്നും ഫോണെടുത്തുനോക്കി. നാലുമണിക്കു ഞാനൊരു ഡോക്ടറെകാണാന്‍ ക്ലിനിക്കില്‍ കയറിയപ്പോള്‍ ഫോണ്‍ സൈലന്‍റാക്കിയിരുന്നു. പിന്നീടക്കാര്യം മറന്നു. ഞാനുടന്‍തന്നെ ഫോണ്‍ സ്പീക്കറിലാക്കി.
"എനിക്കീ അച്ചനെ പരിചയമുണ്ടെന്നു തോന്നുന്നു. ഏതായാലും മുമ്പേ വിളിച്ച നമ്പറില്‍ ഒന്നൂടെ വിളിച്ചുനോക്കിക്കേ. അച്ചനെടുക്കുമായിരിക്കും." ഞാന്‍ പറഞ്ഞു. അയാള്‍ വിളിച്ചു. എന്‍റെ ഫോണ്‍ റിങ്ങുചെയ്യാന്‍ തുടങ്ങി. അയാളും അതു കേട്ടെങ്കിലും ശ്രദ്ധിച്ചില്ല. ഞാനുടനെ കട്ടുചെയ്തു.

"ഫോണടിച്ചായിരുന്നച്ചാ, പക്ഷെ കട്ടുചെയ്തു."

"സാരമില്ല, ഒന്നൂടെ വിളിച്ചുനോക്കിക്കേ." ഞാന്‍ പറഞ്ഞു. അയാള്‍ റീ ഡയല്‍ ചെയ്തു. എന്‍റെ ഫോണ്‍ വീണ്ടുമടിക്കാന്‍ തുടങ്ങി. അടിച്ചു തീരുന്നതുവരെ എടുക്കാതെ ഞാന്‍ അതയാളെകാണിച്ചു. അപ്പോഴേക്കും ആള്‍ക്കു കാര്യം പിടികിട്ടി. അയാള്‍ പെട്ടിതാഴെയിട്ട് എന്‍റെ കൈയ്യില്‍ കയറിപ്പിടിച്ചു. ഒന്നും മിണ്ടാനാവാതെനിന്ന അയാളുടെ കണ്ണുനിറയുന്നു, കൈ വിറയ്ക്കുന്നു.

"അപ്പോള്‍ നിങ്ങളുടെ കട്ടപ്പനയാത്ര ഒഴിവാക്കാമല്ലേ? മലബാര്‍ യാത്രയ്ക്ക് എനിക്ക് ഒരു കൂട്ടുമായി." ഞാനത്രയും പറഞ്ഞിട്ടും അയാള്‍ക്കു മിണ്ടാനാവുന്നില്ല. കണ്ണുനിറഞ്ഞൊഴുകുന്നുണ്ട്.

"പൂ ചോദിച്ചാല്‍ പൂന്തോട്ടം തരുന്നവനാണു ദൈവമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരത്ഭുതം ജീവിതത്തിലാദ്യമായിട്ടാ. അച്ചനാ ചായക്കാരനോട് 'താങ്ക് യൂ' പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനച്ചനെ ശ്രദ്ധിക്കില്ലായിരുന്നു."

"ഇദ്ദേഹമിങ്ങനെ പിന്നാലെ വന്നില്ലായിരുന്നെങ്കില്‍ നാളെ രാവിലെ ഞാന്‍ മലബാറിലും താന്‍ കട്ടപ്പനയിലുമെത്തുകയും ചെയ്തേനേം."

അപ്പോള്‍ തുടങ്ങി വെളുപ്പിന് യാത്രപറഞ്ഞുപിരിയും വരെയും വാതോരാതെ അയാള്‍ സംസാരിച്ചു. ലക്ഷംവീടു കോളനിയിലായിരുന്നു കുഞ്ഞുന്നാളില്‍ താമസം. അപ്പനെ അന്നേ വെറുപ്പായിരുന്നു. വലതുകാല്‍മുട്ടിനുതാഴെ വീര്‍ത്തു പൊട്ടിയൊഴുകുന്ന രോഗമുണ്ടായിരുന്നു അപ്പന്. എന്നും വൈകിയേ വീട്ടിലെത്താറുണ്ടായിരന്നുള്ളു. ടൗണില്‍നിന്നും പെറുക്കുന്ന പ്ലാസ്ററിക്കൂടുകളില്‍ മണ്ണുനിറച്ച് പൂച്ചെടികളും, പഴച്ചെടികളുമൊക്കെ നടും, അതുകൊണ്ടുനടന്നു വില്ക്കും. റബറും മറ്റും ബഡ്ഡുചെയ്യാനും നല്ലവശമായിരുന്നു. അവറാന്‍ എന്നായിരുന്നു അപ്പന്‍റെ പേര്. എല്ലാവരും വിളിച്ചിരുന്നത് 'തട്ടിപ്പവറാന്‍' എന്നായിരുന്നു. സ്കൂളില്‍ പോയിരുന്ന കാലത്ത് എല്ലാവരും അവനെ വിളിച്ചിരുന്നത് 'തട്ടിപ്പേ'ന്നായിരുന്നു. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതുകൊണ്ട് നാലാം ക്ലാസ്സിലായപ്പോള്‍ അമ്മ കരഞ്ഞുപറഞ്ഞ് വികാരിയച്ചന്‍ അവനെ അച്ചന്മാരുനടത്തുന്ന അനാഥാലയത്തിലാക്കി. രണ്ടുവയസ്സുതാഴെ ഒരജനുണ്ടായി. ആരോഗ്യവുമില്ലാതെ പഠിക്കാനും കഴിവില്ലാതെ രണ്ടാം ക്ലാസ്സുവരെ മാത്രമെ അവന്‍ പഠിച്ചുള്ളു. പിന്നീടായിരുന്നു കോട്ടയംജില്ലയില്‍നിന്നും നാടുവിട്ട് മലബാറിലേക്കുപോയത്. പത്താംക്ലാസ്സു കഴിഞ്ഞ് വീട്ടിലെത്തി അവന്‍ വെല്‍ഡിങ്ങ് പഠിച്ചു. ആ സമയത്തവിടെ ധ്യാനിപ്പിക്കാനെത്തിയ ഒരച്ചന്‍ അമ്മയുടെ കണ്ണീരുകണ്ട് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ അവനു ചെറിയജോലി തരപ്പെടുത്തി. രണ്ടുകൊല്ലംകഴിഞ്ഞ് ആ അച്ചന്‍റെ തന്നെ ഇടപാടില്‍ ഗള്‍ഫിലെ ഒരുകമ്പനിയില്‍ വെല്‍ഡറായി  ജോലികിട്ടി. രാവും പകലും മടിയില്ലാതെ ജോലി ചെയ്തതുകൊണ്ട് കമ്പനി നല്ല വളര്‍ച്ചയിലായി. രണ്ടുമൂന്നുകൊല്ലംകൊണ്ട് അല്പംസ്ഥലവും താമസിക്കാനൊരു വീടുമൊക്കെവാങ്ങി. ഗള്‍ഫില്‍ത്തന്നെ ജോലിയുണ്ടായിരുന്ന ഒരു നേഴ്സിനെ കല്യാണവുംകഴിച്ചു. ആ സമയത്തായിരുന്നു ഇറാക്കുയുദ്ധം. എല്ലാം ഇട്ടെറിഞ്ഞിട്ടു പോരേണ്ടിവന്നു. മൂന്നുകൊല്ലംകഴിഞ്ഞു ജോലികിട്ടിതിരിച്ചുപോയ ഭാര്യയുടെകൂടെ രണ്ടുമക്കളുമായി അയാളുംപോയി. ചെറിയതോതില്‍ തുടങ്ങിയ കമ്പനി വളര്‍ന്നു. പത്തറുപതു സ്റ്റാഫുള്ള ഒരുവലിയ കമ്പനിയാണിപ്പോള്‍. മക്കള്‍ രണ്ടും പഠിച്ച് ആസ്ത്രേലിയയിലും അമേരിക്കയിലും ജോലിയായി. നല്ലശമ്പളമുള്ള അവര്‍ക്കു രണ്ടുപേര്‍ക്കും അപ്പന്‍റെസ്വത്ത് ആവശ്യമില്ലാത്തതു കൊണ്ട് നാട്ടിലുള്ള അപ്പന്‍റെ അനുജന് അതു കൊടുത്തേക്കാന്‍ പറഞ്ഞിരിക്കുകയാണ്. അനുജനും കല്യാണംകഴിച്ചിരുന്നു. മൂന്നുകുട്ടികളുണ്ട്. അവരൊക്കപ്പഠിക്കുന്നു. കഷ്ടിച്ചുകഴിഞ്ഞുകൂടാനുള്ള സമ്പത്തേ അവനുള്ളു. അതുകൊണ്ട് അടുത്തനാളില്‍ വാങ്ങിയ ഒരുതോട്ടം അവന്‍റെപേരില്‍ എഴുതാം എന്നുപറഞ്ഞപ്പോള്‍ എഴുത്തുംവായനയും അറിയാത്ത അനുജന്‍ പറഞ്ഞു പോലും: 'അതുവേണ്ട, അപ്പന്‍ പഠിപ്പിച്ച ബഡ്ഡിംങ്പണികൊണ്ട് ന്യായമായ വരുമാനമുണ്ടാക്കുന്നുണ്ട്. അദ്ധ്വാനിക്കാത്തകാശു കൈയ്യില്‍വന്നാല്‍ അതു മക്കളെയും നശിപ്പിക്കും മക്കളായിട്ടും നശിക്കും, അതുകൊണ്ടു ചേട്ടനതു വല്ല അനാഥമന്ദിരത്തിനും കൊടുത്താല്‍മതി'യെന്ന്!  

"ഞാനച്ചനെക്കാണാനാഗ്രഹിച്ചതു മറ്റൊരു കാര്യത്തിനുവേണ്ടിക്കൂടിയാ. അനാഥശാലയില്‍ പഠിച്ചിരുന്നകാലം മുതല്‍ അപ്പന്‍ മരിക്കുന്നതുവരെ ഞാനൊരിക്കലും അപ്പനുമമ്മയുമൊത്ത് ജീവിച്ചിട്ടില്ല. അപ്പനോടെനിക്കു മനസ്സില്‍ വല്ലാത്ത വെറുപ്പായിരുന്നു. അപ്പനുണ്ടാക്കിയ 'തട്ടിപ്പവറാന്‍' എന്ന ദുഷ്പേരുകാരണമാണു നാടുവിടേണ്ടിവന്നത്. സത്യത്തില്‍ അപ്പനെ അങ്ങനെ എല്ലാവരും വിളിച്ചിരുന്നതിന്‍റെ കാരണമൊക്ക അപ്പന്‍മരിച്ചുകഴിഞ്ഞ് അമ്മ എന്‍റെകൂടെത്താമസമാക്കിയശേഷം അമ്മ പറഞ്ഞാണറിഞ്ഞത്. എവിടെനിന്നെങ്കിലും, വഴിയില്‍കിടന്നായാലും, എന്തിന്‍റെയെങ്കിലും വിത്തോ, കുരുവോ കിട്ടിയാല്‍ അപ്പനതു നട്ടുമുളപ്പിക്കും. സാധാരണകാണാത്ത ഒന്നാണെങ്കില്‍ അപ്പനതിനൊരു പുതിയപേരിടും. എന്നിട്ട് അപ്പനുപോലുമറിയില്ലാത്ത ആ മരത്തിന്‍റെ അതിനില്ലാത്ത ഗുണമെല്ലാംപറഞ്ഞ് ആള്‍ക്കാരെക്കൊണ്ടു വാങ്ങിപ്പിക്കും. ചിലപ്പോളതു വെറും കാട്ടുമരമായിരിക്കും. വീടുകയറിയിറങ്ങിയായിരുന്നു വില്പന. അങ്ങനെയാണപ്പനു 'തട്ടിപ്പവറാന്‍' എന്ന പേരുവന്നത്. അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ലാത്ത അപ്പന്‍റെ പലതട്ടിപ്പുനാടകങ്ങളും അമ്മപറഞ്ഞിട്ടുണ്ട്. എനിക്കു രണ്ടുവയസ്സുള്ളപ്പോള്‍ അമ്മ ഗര്‍ഭിണിയായി. നാലുമാസമായപ്പോള്‍ വയറ്റില്‍വേദനയായിട്ട് ആശുപത്രിയില്‍ ചെന്നപ്പോള്‍ വയറ്റില്‍മുഴ. അമ്മക്കുംകുട്ടിക്കും അപകടമായതുകൊണ്ട് അബോര്‍ഷന്‍നടത്തി മുഴമാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. അമ്മക്കും അപ്പനും അതിനു താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് അമ്മ ധ്യാനത്തിനുപോയത്. ധ്യാനത്തില്‍ പ്രാര്‍ത്ഥിച്ചുകഴിഞ്ഞ് അച്ചനാണമ്മക്കു ധൈര്യം കൊടുത്തുവിട്ടത്. എന്നിട്ടും എട്ടാംമാസത്തില്‍ വലിയചെലവുള്ള ഓപ്പറേഷന്‍വേണ്ടിവന്നു. ജീവനാണു വലുതെന്നുംപറഞ്ഞ് വില്ക്കാവുന്നതെല്ലാം അപ്പന്‍വിറ്റു. എന്നിട്ടും കാശുതികയാതെവന്നപ്പോള്‍ രണ്ടുദിവസത്തേക്ക് അപ്പനെക്കണ്ടില്ല. ഏതായാലും ആവശ്യത്തിനു പണവുമായിട്ടാണ് അപ്പന്‍ പിന്നെവന്നത്. നാളുകള്‍കഴിഞ്ഞാണ് അപ്പന്‍ അമ്മയോടു സത്യംപറഞ്ഞത്. ആ രാത്രിയില്‍ നേരത്തെ കണ്ടുവച്ചിരുന്ന ഒരു ഗ്രാമ്പൂതോട്ടത്തില്‍കയറി നല്ലതഴപ്പുള്ള തലനോക്കി പത്തിരുനൂറ്റമ്പതെണ്ണം മുറിച്ചെടുത്തുചാക്കിലാക്കി വീട്ടിലെത്തിച്ചു. ചെടിനടാന്‍ നിറച്ചുവച്ചിരുന്ന പ്ലാസ്റ്റിക്കൂടുകളില്‍ രാത്രിതന്നെ ആ തലയെല്ലാം കുത്തിയിറക്കി വെള്ളമൊഴിച്ചു. പാതിരാത്രി, പഞ്ചായത്തിലെ തൂപ്പുകാരു വേസ്റ്റുവാരുന്ന പെട്ടിപോലെയുള്ള ഉന്തുവണ്ടി അടിച്ചുമാറ്റി അതില്‍ കൂടയെല്ലാം പെറുക്കിക്കയറ്റി അതും ഉന്തി നടപ്പുതുടങ്ങി. പിറ്റെദിവസം വൈകുന്നേരമായപ്പോഴേക്കും പത്തുനാല്പതു കിലോമീറ്ററകലെ നേരത്തെകണ്ടിട്ടുണ്ടായിരുന്നെങ്കിലും യാതൊരു പരിചയവുമില്ലാതിരുന്ന ഒരു നേഴ്സറിയിലെത്തി, 'ഗ്രാമ്പൂത്തൈ' ആണെന്നുപറഞ്ഞ് ഒന്നാകെ നേഴ്സറിക്കാരനു വിറ്റു. മനപ്പൂര്‍വ്വം ജോലിക്കാരൊക്കെപോയ നേരംനോക്കി ചെന്നതിനാല്‍ അപ്പന്‍തന്നെ അതെല്ലാമിറക്കവവച്ചുകൊടുത്തതുകൊണ്ട് കാര്യങ്ങള്‍ ഒന്നുകൂടെ എളുപ്പമായി. രാവിലെ വെള്ളമൊഴിക്കാന്‍ മറക്കരുതെന്നു പറഞ്ഞേല്പിച്ച് കാശുംവാങ്ങി ആ രാത്രിമുഴുവന്‍ കാലിവണ്ടിയുന്തി വെളുക്കുംമുമ്പേ നാട്ടിലെത്തി, ആരുമറിയാതെ വണ്ടി കിടന്നിടത്തുകൊണ്ടിട്ടു. ആ കാശുംകൂട്ടിയാണ് അമ്മയെ ആശുപത്രീന്നിറക്കിയത്. അമ്മയും അനിയനും ജീവനോടെയിരുന്നത് അപ്പന്‍റെ കഷ്ടപ്പാടും അച്ചന്‍റെ പ്രാര്‍ത്ഥനയും കൊണ്ടാണെന്നുംപറഞ്ഞ് അമ്മ കരയുമായിരുന്നു. അതേസമയം, അപ്പന്‍ കള്ളത്തരം കാണിച്ചതുകൊണ്ടാണ് അനിയന്‍ കഴിവില്ലാത്തവനായിപ്പോയതെന്നും അമ്മക്കു വിഷമമുണ്ടായിരുന്നു. പറ്റിച്ചു കാശുണ്ടാക്കിയാലും വീടുപോറ്റാനല്ലാതെ ഒരുബീഡി പോലുംവാങ്ങി അപ്പന്‍ കാശുകളയത്തില്ലായിരുന്നു. കാലുവയ്യാത്തതു കൊണ്ട് വീടുപുലര്‍ത്താന്‍ വേറെവഴിയില്ലാത്തതിനാല്‍ ദൈവംതന്നെ കാണിച്ചുകൊടുക്കുന്ന ബുദ്ധിയാ, അല്ലാതെ അതൊന്നും തട്ടിപ്പല്ലെന്നും, അതുകൊണ്ടാണ് ഒരിക്കലും ആരും പിടികൂടാതിരു ന്നതെന്നുമായിരുന്നു അപ്പന്‍റെ വാദംപോലും. എന്തായാലുമച്ചാ, എനിക്കിന്ന് ആവശ്യത്തിലധികം പണമുണ്ട്. കോടികളുടെ ആസ്തിയുള്ള ബിസിനസ്സുണ്ട്. നാട്ടില്‍വന്നാല്‍ താമസിക്കാന്‍ തോട്ടവും വീടും വാങ്ങിയിട്ടിട്ടുണ്ട്. മക്കള്‍ നാലോഅഞ്ചോ പ്രാവശ്യമെ നാട്ടില്‍ വന്നിട്ടുള്ളു. നാട്ടിലേക്ക് അവരില്ലെന്നു നേരത്തെ പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കിപ്പോഴും ഭാരിച്ച ശമ്പളമുണ്ട്. ഞാനതുചോദിക്കാറില്ല. അവളു വലിയ ദാനധര്‍മ്മക്കാരത്തിയാ. അപ്പന്‍ ചെയ്ത കള്ളത്തരത്തിനു പരിഹാരമായി അച്ചന്‍ പറയുന്നു തുക, അതെത്ര ലക്ഷമായാലും കോടിയായാലും ഞാന്‍ തരാന്‍തയ്യാറാണച്ചാ. അപ്പനൊരു തട്ടിപ്പുകാരനായിരുന്നു എന്നോര്‍ത്ത് എനിക്കത്രമാത്രം അപ്പനോട് ഉള്ളില്‍ വെറുപ്പായിരുന്നച്ചാ. അമ്മ പറഞ്ഞ് കുറെകാര്യങ്ങള്‍ അറിഞ്ഞപ്പോളാണ് ഞങ്ങള്‍ക്കുവേണ്ടി തട്ടിപ്പുകാരനെന്ന ദുഷ്പ്പേരു ജീവിതകാലം മുഴുവന്‍ ചുമന്ന അപ്പനെ വേണ്ടതുപോലെ ശുശ്രൂഷിക്കാന്‍ പറ്റിയില്ലല്ലോന്നുള്ള കുറ്റബോധം തോന്നിയത്. അതുകൊണ്ടാണ് ഒറ്റവര്‍ഷവും മുടങ്ങാതെ ഞാനപ്പന്‍റെ ആണ്ടിനു വരുന്നത്. ഞാന്‍ പറഞ്ഞതിന് അച്ചനൊരു മറുപടി പറഞ്ഞില്ല, എത്രരൂപാ ഞാന്‍തരണം?" ഞാന്‍ അതിനോടു പ്രതികരിച്ചില്ല.

"എത്രയായാലും മടിക്കണ്ടച്ചാ, ഒന്നിച്ചോ തവണകളായിട്ടോ, അച്ചനൊന്നു പറഞ്ഞാല്‍മതി. അച്ചനെ ഇവിടെ കണ്ടുമുട്ടിയ ഈ അത്ഭുതംതന്നെ എനിക്കു തമ്പുരാന്‍തന്ന അടയാളമാണ്." അയാളുടെ പ്രോത്സാഹനം.

"തന്നെ കണ്ടുമുട്ടിയത് എനിക്കും ഒരടയാളമാണു സഹോദരാ. വാസ്തവത്തില്‍ കുറച്ചുകാശു താങ്കളോടു ചോദിക്കണമെന്നുതന്നെ ഞാനുമൊന്നോര്‍ത്തായിരുന്നു. പക്ഷെ തന്‍റെ അനുജന്‍റെ വാക്കുകളിലൂടെ എനിക്ക് അതിനുള്ള ഉത്തരം തമ്പുരാന്‍തന്നു, കിട്ടുമെന്നുകരുതി ആര്‍ത്തി വേണ്ടെന്ന്!! തന്‍റെയപ്പന്‍ സ്വര്‍ഗ്ഗത്തിലുണ്ട്. തന്‍റെ പണം ഒരച്ചനേം ഏല്പിക്കേണ്ട. എന്നെ തമ്പുരാന്‍ തന്‍റെമുമ്പില്‍ ബസ്റ്റാന്‍റിലെത്തിച്ചതുപോലെ, ആവശ്യക്കാരനെ തന്‍റെ മുമ്പില്‍ വേണ്ടസമയത്ത് തമ്പുരാന്‍തന്നെ എത്തിച്ചുതരും. അവര്‍ക്കൊക്കെ ഇരുചെവിയറിയാതെ വേണ്ടതുകൊടുക്ക്. ഈ അത്ഭുതത്തിന്‍റെ ശരിയായ വ്യാഖ്യാനം അതാണ്." രാത്രി യാത്രയില്‍ മുഴുവന്‍ പറഞ്ഞിട്ടും തീരാതെ, പിന്നെയും പറയാന്‍ ബാക്കി കിടപ്പുണ്ടായിരുന്നു!!

You can share this post!

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts