അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചനസമരങ്ങള്‍ക്ക് അഗ്നിയും ആവേശവും പകര്‍ന്ന വാക്കുകളുടെ ഉടമ, നടി, നര്‍ത്തകി, ഗായിക, നാടകകൃത്ത്, സംവിധായിക, കവയത്രി, പത്രപ്രവര്‍ത്തക, അധ്യാപിക തുടങ്ങി വിവിധമേഖല കളില്‍ അസാമാന്യ പ്രതിഭ കാഴ്ച്ചവച്ച വനിതയാണ് മയ ആഞ്ജലോ. ശാരീരികമാനസിക പീഡനങ്ങളുടെയും വര്‍ണ്ണവിവേചനത്തിന്‍റെയും തീവ്രമായ ദുരനുഭവങ്ങളെ ഉള്‍ക്കരുത്തുകൊണ്ടൂം ഇച്ഛാശക്തി കൊണ്ടും അതിജീവിച്ച അവര്‍ വസന്തത്തിന്‍റെയും വിമോചനത്തിന്‍റെയും പാട്ടുകാരിയായി മാറി.
നാവികസേനയില്‍ ഡയറ്റീഷ്യനും ഡോര്‍മാനുമൊക്കെയായിരുന്ന ബെയ്ലി ജോണ്‍സന്‍റെയും നഴ്സായിരുന്ന വിവിയന്‍ ജോണ്‍സന്‍റെയും രണ്ടാമത്തെ കുട്ടിയായി 1928 ഏപ്രില്‍ 4 ന് അമേരിക്കയിലെ മിസൗറി പ്രവിശ്യയില്‍ സെയ്ന്‍റ് ലൂയിസിലാണ് മാര്‍ഗരിറ്റ് ആനി ജോണ്‍സന്‍ ജനിച്ചത്. അവള്‍ക്ക് മയ എന്ന ഓമനപ്പേരിട്ടത് ചേട്ടനായ ബെയ്ലി ജൂനിയറായിരുന്നു. മയയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ അവളുടെ മാതാപി താക്കളുടെ സംഘര്‍ഷഭരിതമായ ദാമ്പത്യത്തിന് അന്ത്യമായി. ബെയ്ലി ജോണ്‍സന്‍ അവളെ ദുരെ അര്‍ക്കന്‍സോയിലെ തന്‍റെ അമ്മയുടെ അടുത്തേക്കയച്ചു. അമേരിക്കന്‍ കറുത്തവര്‍ഗ്ഗത്തിന്‍റെ അക്കാലത്തെ സാമ്പത്തിക ദുരവസ്ഥയ്ക്ക് വിരുദ്ധമായി താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു മയയുടെ അച്ഛമ്മയായ ആനി ഹെഡേഴ്സണ്‍. രണ്ടാം ലോകയുദ്ധത്തിന്‍റെയും കഠിനമായ സാമ്പത്തിക മാന്ദ്യത്തിന്‍റെയും അക്കാലത്ത് നാട്ടുകാര്‍ക്ക് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന തന്‍റെ പലചരക്കുകട അവര്‍ വളരെ നന്നായി നടത്തിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛമ്മയുടെ നാട്ടില്‍ പലപ്പോഴും കടുത്ത വംശീയാധിക്ഷേപത്തിനും വിവേചനത്തിനും അവളിരയായി. അച്ഛമ്മയ്ക്കൊപ്പം നാലുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ ആ കുട്ടികളെ അവരുടെ അമ്മയുടെ അടുത്തെത്തിച്ചു.
എട്ടാം വയസ്സിലാണ് മയയുടെ കുഞ്ഞുമനസ്സിനും ശരീരത്തിനും വല്ലാതെ മുറിവേറ്റ ആ സംഭവമുണ്ടായത്. ഫ്രീമാന്‍ എന്നു പേരുള്ള, അമ്മയുടെ ബോയ് ഫ്രണ്ട് അവളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അവളത് തന്‍റെ ചേട്ടനോട് പറഞ്ഞു. അവന്‍ മറ്റ് കുടുംബാംഗങ്ങളോടും. സംഗതി കേസായി. അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേവലം ഒരു ദിവസത്തെ തടവായിരുന്നു ശിക്ഷ! ജയിലില്‍ നിന്നിറങ്ങി നാലുദിവസത്തിനിപ്പുറം അയാള്‍ കൊലചെയ്യപ്പെട്ടു. ആ വാര്‍ത്ത കേട്ട് മയ ആകെ തകര്‍ന്നുപോയി. 'എന്‍റെ ശബ്ദമാണ് അയാളെ കൊന്നത് എന്നെനിക്ക് തോന്നി. ഞാനയാളെ കൊന്നു, കാരണം ഞാനാണ് അയാളുടെ പേരു പറഞ്ഞത്. പിന്നെ ഞാന്‍ കരുതി, ഞാന്‍ ശബ്ദിക്കാന്‍ പാടില്ല. എന്‍റെ ശബ്ദത്തിന് ആരെയും കൊല്ലാനാകും..' പിന്നെയവള്‍ മിണ്ടിയില്ല. ആ മൗനം തുടര്‍ന്നുള്ള അഞ്ചരക്കൊല്ലമാണ് നീണ്ടത്.
ഫ്രീമാന്‍റെ കൊലപാതകത്തെത്തുടര്‍ന്ന് മയയും ചേട്ടനും വീണ്ടും അച്ഛമ്മയുടെ അടുക്കലെത്തിയിരുന്നു. അവിടെയവള്‍ക്ക് സുഹൃത്തും അദ്ധ്യാപികയുമൊക്കെയായി ഒരാളെക്കിട്ടി, ബെര്‍ത ഫ്ളവേഴ്സ്. ബെര്‍ത അവളെ വീണ്ടൂം സംസാരിക്കുവാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ ഡിക്കന്‍സിനെയും ഷേക്സ്പിയറെയും എഡ്ഗാര്‍ അലന്‍ പോയെയുമൊക്കെ മയയ്ക്ക് പരിചയപ്പെടുത്തിയത് ആ നല്ല കൂട്ടുകാരിയായിരുന്നു. ഒപ്പം കറുത്തവര്‍ഗ്ഗ കലാകാരികളായ ഫ്രാന്‍സിസ് ഹാര്‍പര്‍, ആന്‍ സ്പെന്‍സര്‍, ജെസ്സി ഫോസെറ്റ് തുടങ്ങിയവരെയും മയ പരിചയപ്പെട്ടു.
നീണ്ട മൗനത്തിന്‍റെ ആ കൗമാരം അവളെ മറ്റൊരുതരത്തില്‍ ശക്തയാക്കി എന്നുവേണം കരുതാന്‍. പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അസാധ്യമായ ഓര്‍മ്മശക്തിയും ആ മൂകകാലം അവള്‍ക്ക് സമ്മാനിച്ചു. ചുറ്റുമുള്ള ലോകത്തെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനും നിരീക്ഷിക്കുവാനും അറിയുവാനും അത് മയയെ പ്രാപ്തയാക്കിത്തീര്‍ത്തു.
തന്‍റെ പതിനാലാം വയസ്സില്‍ മയ ചേട്ടനൊപ്പം വീണ്ടൂം ഓക്ലന്‍ഡിലുള്ള അമ്മയുടെ അടുക്കലെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് അവള്‍ കലിഫോര്‍ണിയ ലേബര്‍ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാകും മുമ്പുതന്നെ സാന്‍ ഫ്രാന്‍സിസ്കോയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ സ്ട്രീറ്റ് കാര്‍ കണ്ടക്ടറായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മൂന്നാഴ്ച്ചകള്‍ക്കപ്പുറം പതിനേഴാം വയസ്സില്‍ അവള്‍ തന്‍റെ ആദ്യകുഞ്ഞിന് ജന്മം നല്‍കി.
1951ല്‍ വര്‍ഗ്ഗപരമായ കടുത്ത എതിര്‍പ്പുകളും അമ്മയുടെ അനിഷ്ടവും വകവയ്ക്കാതെ, ഗ്രീക്കുകാരനായ സംഗീതജ്ഞന്‍, ടോഷ് ആഞ്ജലോസിനെ മയ വിവാഹം ചെയ്തു. അക്കാലത്ത് മോഡേണ്‍ ഡാന്‍സ് ക്ലാസ്സുകളെടുത്തിരുന്ന മയ അക്കാലത്തെ പ്രമുഖ നൃത്തസംവിധായകനായിരുന്ന ആല്‍വിന്‍ എയ്ലിയും തന്‍റെ ഭര്‍ത്താവുമൊത്ത് ഒരു നൃത്ത സംഘത്തിനുതന്നെ രൂപം നല്‍കി. ആ സംഘം സാന്‍ഫ്രാന്‍സിസ്കോയിലെ കറുത്തവര്‍ഗ്ഗ കൂട്ടായ്മകളിലൊക്കെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു എങ്കിലും അത്ര വലിയ വിജയമായില്ല. മയ തന്‍റെ പുതിയ ഭര്‍ത്താവിനും മകനുമൊപ്പം ന്യൂയോര്‍ക്കിലേക്ക് ചേക്കേറി. ആഫ്രിക്കന്‍ നൃത്തം അഭ്യസിക്കുകയായിരുന്നു ലക്ഷ്യം.
ഒരു വര്‍ഷത്തിനു ശേഷം സാന്‍ഫ്രാന്‍സിസ്കോയിലെത്തിയെ അവള്‍ അവിടുത്തെ ക്ലബുകളിലെ സ്ഥിരം നര്‍ത്തകിയായി. പ്രശസ്തമായ പല നിശാക്ലബുകളിലും 'കാലിപ്സോ' നൃത്തവുമായി അവള്‍ നിറഞ്ഞാടി. മാര്‍ഗരിറ്റ് ജോണ്‍സനെന്നും ചുരുക്കപ്പേരായ റിത എന്നുമൊക്കെ അതുവരെ അറിയപ്പെട്ടിരുന്ന അവള്‍ ഇക്കാലയളവിലാണ് തന്‍റെ പേര് 'കാലിപ്സോ'യ്ക്കിണങ്ങുന്ന തരത്തില്‍ മയ ആഞ്ജലോ എന്നാക്കിമാറ്റിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മയ ഒരു പുതിയ ഒപ്പെറയുമായി യൂറോപ്പുമുഴുവന്‍ സഞ്ചരിച്ചു. സഞ്ചരിക്കുന്ന നാടുകളിലെയൊക്കെ ഭാഷകള്‍ പഠിച്ചെടുക്കാന്‍ മയ വളരെ ഉത്സാഹം കാട്ടിയിരുന്നു. അങ്ങനെ നിരവധി ഭാഷകള്‍ അവള്‍ സ്വായത്തമാക്കി. തന്‍റെ കാലിപ്സോ നൃത്തസംഗീതപാടവത്തിലൂടെ വ്യാപകമായ മാധ്യമശ്രദ്ധ നേടിയെടുക്കാന്‍ അവള്‍ക്കു കഴിഞ്ഞു.
1959ല്‍ നോവലിസ്റ്റായ ജോണ്‍ ഒലിവര്‍ കിലെന്‍സിനെ പരിചയപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. ന്യൂയോര്‍ക്കിലേക്ക് മടങ്ങാനും എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം മയയെ നിര്‍ബ്ബന്ധിച്ചു. അവിടെയെത്തിയ അവള്‍ 'ഹാര്‍ലെം റൈറ്റേഴ്സ് ഗില്‍ഡ്'എന്ന എഴുത്തുകൂട്ടായ്മയില്‍ അംഗമായി. നിരവധി ആഫ്രോ അമേരിക്കന്‍ എഴുത്തുകാരെ പരിചയപ്പെടാന്‍ അതവസരമൊരുക്കി. അങ്ങനെ, മയയുടെ ആദ്യപുസ്തകം പ്രസിദ്ധീകൃതമായി.
അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിനെ അക്കാലത്താണ് മയ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിലാകൃഷ്ടയായ അവള്‍, കറുത്തവര്‍ഗ്ഗക്കാരുടെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ തല്പരയായി. സുഹൃത്തായ ഒലിവര്‍ കിലെന്‍സുമൊത്ത് സതേണ്‍ ക്രിസ്റ്റ്യന്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സി(SCLC)ന്‍റെ ധനസമാഹരണത്തി നായി അവള്‍ സംഘടിപ്പിച്ച 'കാബറേ ഫോര്‍ ഫ്രീഡം' എന്ന കലാരൂപം അസാമാന്യമായ ശ്രദ്ധയാണ് നേടിയത്. SCLC യുടെ വടക്കന്‍ മേഖലാ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സംഘാടനത്തിലും മയ മികവുകാട്ടി.
നിരവധി പ്രശസ്തരായ കലാകാരന്മാരുമൊത്ത് മയ നാടകപ്രവര്‍ത്തനങ്ങളില്‍ മുഴുകി. അക്കാലത്താണ് ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വുസാംസി മേകിനെ പരിചയപ്പെടുന്നത്. ആ പരിചയം വിവാഹത്തോളമെത്തിയില്ലെങ്കിലും മയ മകനോടൊപ്പം മേകിനെ അനുഗമിച്ചു. കെയ്റോയിലെത്തിയ അവള്‍ 'അറബ് ഒബ്സെര്‍വര്‍' എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ അസോസിയേറ്റ് എഡിറ്ററായി. തുടര്‍ന്ന് 1962ല്‍ മകന്‍റെ കോളേജ് വിദ്യാഭ്യാസത്തിനായി മയ ഘാനയുടെ തലസ്ഥാനമായ അക്രയിലേക്ക് കുടിയേറി. അവിടെവച്ച് അവനുണ്ടായ വാഹനാപകടം അവളെ വല്ലാതെയുലച്ചു. എങ്കിലും, ഘാന യൂണിവേഴ്സിറ്റിയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി നേടിയ അവള്‍ നാടുകടത്തപ്പെട്ട ആഫ്രോ അമേരിക്കക്കാരുടെ സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകയായി. പത്രമാസികകളില്‍ എഡിറ്റര്‍, സ്വതന്ത്ര പത്രപ്രവര്‍ത്തക, ഘാന നാഷ്ണല്‍ തിയറ്ററിലെ നാടകപ്രവര്‍ത്തക എന്നിങ്ങനെ സമസ്തമേഖലകളിലും അവിടെയുമവള്‍ തന്‍റെ കയ്യൊപ്പു ചാര്‍ത്തി.
ആയിടെ അക്ര സന്ദര്‍ശിച്ച ആഫ്രോ അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ മാല്‍ക്കം എക്സുമായി അടുത്ത സൗഹൃദം സ്ഥാപിച്ച മയ അമേരിക്കയിലേക്ക് മടങ്ങി. അദ്ദേഹത്തിന്‍റെ സഹായത്തോടെ കറുത്തവര്‍ഗ്ഗത്തിന്‍റെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കായി 'ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി' എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. എന്നാല്‍ മാല്‍ക്കം എക്സ് കൊല്ലപ്പെട്ടതോടെ അവള്‍ ആകെ തകര്‍ന്നു. സഹോദരനൊപ്പം താമസിക്കാന്‍ ഹവാലിയിലേക്ക് യാത്രയായി. ഇടയ്ക്ക് വഴിയിലുപേക്ഷിച്ച ഗായികയുടെയും എഴുത്തുകാരിയുടെയും റോളില്‍ വീണ്ടുമവള്‍ സജീവമായി.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്‍റെ നിര്‍ദ്ദേശാനു സരണം മയ ഒരു ജാഥ സംഘടിപ്പിച്ചുവെങ്കിലും അത് നടക്കും മുമ്പ് 1968 ഏപ്രില്‍ 4 ന് മാര്‍ട്ടിന്‍ ലൂഥറും കൊല്ലപ്പെട്ടത് അവളെ വല്ലാതെ ഉലച്ചുകളഞ്ഞു. ആ ദിനം അവളുടെ നാല്‍പ്പതാം പിറന്നാള്‍ കൂടിയായിരുന്നു എന്നത് കാലത്തിന്‍റെ കറുത്ത ഫലിതമായി. എന്നാല്‍ ആ പ്രതിഭയ്ക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. 'ബ്ലാക് ബ്ലൂസ് ബ്ലാക്' എന്ന പത്തധ്യായങ്ങളുള്ള ടെലിവിഷന്‍ ഡോക്യുമെന്‍ററി എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ട് മയ ആഞ്ജലോ ശക്തമായി തിരികെ യെത്തി. ബ്ലൂസ് സംഗീതവും അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ആഫ്രിക്കന്‍ പാരമ്പര്യവും തമ്മി ലുള്ള ബന്ധത്തെ മനോഹരമായി അവതരിപ്പിച്ച ആ ടെലിവിഷന്‍ പരമ്പര അമേരിക്കയിലെ നാഷണല്‍ എഡ്യൂക്കേഷന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. വൈകാതെ ലോകമെമ്പാടുമുള്ള വായനക്കാരുടെ സ്വീകാര്യതയും മുക്തകണ്ഠമായ പ്രശംസയും നേടിക്കൊടുത്ത ആ ആത്മകഥാ ഖ്യാനം; 'എനിക്കറിയാം, കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്' ((I know why the caged bird sings) പുറത്തിറങ്ങി. മയക്ക് അന്താരാഷ്ടപ്രശസ്തി നേടിക്കൊടുത്ത ആ പുസ്തകം വളരെക്കാലം ഇന്‍റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലുണ്ടായിരുന്നു.
1972ല്‍ മയ ആഞ്ജലോ തിരക്കഥയെഴുതിയ ജോര്‍ജിയ ജോര്‍ജിയ എന്ന സ്വീഡിഷ് ചിത്രം പുറത്തിറങ്ങി. ഒരു കറുത്ത വര്‍ഗ്ഗക്കാരി തിരക്കഥയെഴുതിയ ആദ്യ ചലച്ചിത്രമായിരുന്നു അത്. തുടര്‍ന്നുള്ള ദശകം ആ ബഹുമുഖപ്രതിഭയുടെ വിജയക്കുതിപ്പിന്‍റേതായിരുന്നു. ഏതൊരു കലാകാരിക്കും സ്വപ്നം കാണാന്‍ കഴിയുന്നതി നപ്പുറമുള്ള നേട്ടങ്ങള്‍ അവര്‍ കൊയ്തുകൂട്ടി. റോബെര്‍ട്ട ഫ്ളാക് എന്ന പ്രമുഖഗായികക്കായും ചില ചലച്ചിത്രങ്ങള്‍ക്കായും അവള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി. കഥകളും ഡോക്യുമെന്‍ററികളും ടെലിവിഷന്‍ സ്ക്രിപ്റ്റുകളും നാടകവും ജീവചരിത്രങ്ങളുമെല്ലാം ആ തൂലികയില്‍ നിന്നുയിര്‍ക്കൊണ്ടു. നിരവധി കലാലയങ്ങളും സര്‍വ്വകലാശാലകളും മയ ആഞ്ജലോയെ വിസിറ്റിംഗ് പ്രൊഫസറാക്കി. ചില ടെലിവിഷന്‍ സീരിയലുകളില്‍ അവള്‍ അഭിനയിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍ നല്‍കിയ മുപ്പതിലേറെ ഓണററി ബിരുദങ്ങളുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവളെ തേടിയെത്തി.
പിന്നീട് അദ്ധ്യാപനപര്‍വ്വമായിരുന്നു. പണ്ട് ബിരുദപഠനം നേരേ പൂര്‍ത്തിയാക്കാത്ത മയ ആഞ്ജലോയ്ക്ക് അമേരിക്കന്‍ സര്‍വ്വകലാശാലയായ വേക് ഫോറെസ്റ്റ് യൂണിവേഴ്സിറ്റി റെയ്നോള്‍ഡ്സ് പ്രൊഫസര്‍ഷിപ് എന്ന ആജീവനാന്ത അധ്യാപിക പദവി സമ്മാനിച്ചു. തത്വ ശാസ്ത്രം, നീതിശാസ്ത്രം, ദൈവശാസ്ത്രം, നാടകം, എഴുത്ത് എന്നിങ്ങനെ തനിക്കിഷ്ടമുള്ള മേഖലകളെക്കുറിച്ചെല്ലാം അവള്‍ അവിടെ പഠിപ്പിച്ചു. ഏതാണ്ട് 80 വയസ്സുവരെ ആ അദ്ധ്യാപന തപസ്യ നീണ്ടു.
ഒരു കവയിത്രിയെന്ന നിലയിലും മയ സവിശേഷ ശ്രദ്ധ നേടിയിരുന്നു. 1991ല്‍ ബില്‍ ക്ലിന്‍റണ്‍ അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന വേദിയില്‍ അദ്ദേഹത്തിന്‍റെ ക്ഷണമനുസരിച്ച് സ്വന്തം കവിത On the pulse of morning ആലപിച്ചുകൊണ്ട് അവര്‍ ലോകത്തിന്‍റെതന്നെ ശ്രദ്ധയാകര്‍ഷിച്ചു. ഒരിക്കല്‍ തന്‍റെ എഴുത്തുജീവിതത്തെപ്പറ്റി അവരെഴുതി; ' എഴുത്തുപോലെ മറ്റൊന്നും എന്നെ ഭീതിദയാക്കുന്നില്ല, അതു പോലെ മറ്റൊന്നും എന്നെ തൃപ്തയുമാക്കുന്നുമില്ല. ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന ഒരു നീന്തല്‍ക്കാരന്‍റെ അവസ്ഥയ്ക്ക് സമാനമാണത്. ചുഴിയും തിരയും തണുപ്പും വഴിക്കലുമൊക്കെയുണ്ടാവാം, പക്ഷേ നീന്തിക്കടന്ന് അങ്ങേക്കരയിലെത്തി ഉറച്ച നിലത്ത് ചവിട്ടുമ്പോഴുള്ള ആ നിര്‍വൃതിയുണ്ടല്ലോ.. ആഹാ!'
ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ലക്ഷ്യവും ഇതിനിടെ മയ നേടിയെടുത്തു. 1996ല്‍ 'ഡൗണ്‍ ഇന്‍ ദി ഡെല്‍റ്റ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഒരു ചലച്ചിത്ര സംവിധായികയുടെ തൊപ്പിയും തനിക്കിണങ്ങുമെന്ന് അവള്‍ ലോകത്തിനു കാട്ടിക്കൊടുത്തു. ഇതിനിടെ ആത്മകഥാഖ്യാ നത്തിന്‍റെ ആറു ഭാഗങ്ങള്‍ എഴുതി പ്രസിദ്ധീകരി ച്ചിരുന്നു. ഒടുവില്‍ 2013ല്‍ എണ്‍പത്തഞ്ചാം വയസ്സില്‍ തന്‍റെ അമ്മയുമായുള്ള ബന്ധത്തെപ്പറ്റി മോം & മി & മോം എന്ന പേരില്‍ ആത്മകഥാഖ്യാനത്തിന്‍റെ ഏഴാം ഭാഗവും അവര്‍ അനുവാചകര്‍ക്ക് സമ്മാനിച്ചു.
2014 മെയ് 28ന് എണ്‍പത്താറാം വയസ്സിലാണ് മയ ആഞ്ജലോ അന്തരിക്കുന്നത്. അപ്പോഴും ആത്മകഥാഖ്യാനത്തിന്‍റെ മറ്റൊരു ഭാഗം അപൂര്‍ണ്ണമായി അവരുടെ മേശപ്പുറത്തുണ്ടായിരുന്നു.
ഒരിക്കല്‍ മയ ആഞ്ജലോ എഴുതി 'എന്‍റെ എല്ലാ രചനയും എന്‍റെ ജീവിതവും ഞാന്‍ ചെയ്തതെല്ലാം അതിജീവനത്തെക്കുറിച്ചാണ്. കേവലം ശൂന്യവും, കഷ്ടതനിറഞ്ഞതും ആയാസകരവുമായ അതിജീവനമല്ല; പ്രത്യുത വിശ്വാസവും ധന്യതയും നിറഞ്ഞ അതിജീവനം. ഒരാള്‍ക്ക് ഒരുപാട് പരാജയങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എങ്കിലും ഒരിക്കലുമയാള്‍ പരാജിതനായിപ്പോകരുത്.'