news-details
ഇടിയും മിന്നലും

'ഇടുക്കിപൊട്ടാഭിഷേകധ്യാനം'

"ഒരുങ്ങിയോ... ?"

വല്ലപ്പോഴുമൊക്കെ വിളിച്ചു കത്തിവയ്ക്കുന്ന ഒരു സരസനായ വക്കീല്‍സുഹൃത്തിന്‍റെ ചോദ്യമായിരുന്നു മൊബൈലില്‍. എന്തെങ്കിലും കുസൃതി ആചോദ്യത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നതുകൊണ്ട് അതിനുചേരുന്ന ഒരു മറുപടി ഞാനും കൊടുത്തു:

"ഒരുങ്ങിയോന്നോ, പണ്ടേ റെഡി. സാമാന്യം വലിയ രണ്ടുരുള നല്ല പഞ്ഞീംകൂടെ ഒരുകവറിലിട്ട്, 'വടിയായാല്‍ മൂക്കില്‍ വയ്ക്കാനുള്ളത്' എന്നു വലിയ അക്ഷരത്തില്‍ അതിന്‍റെ പുറത്തെഴുതി വില്‍പത്രത്തിന്‍റെകൂടെ മേശപ്പുറത്തു വച്ചിട്ടുമുണ്ട്. അതുപോരേ ഒരുക്കം?"

"മിടുക്കന്‍. ചുരുങ്ങിയ നാളുകളെ ഇനിയുള്ളു, ജൂലൈ ഏഴ് അല്ലെങ്കില്‍ എട്ട്. മുല്ലപ്പെരിയാറും ഇടുക്കീം എല്ലാംപൊട്ടും. എല്ലാംതീരും. നോട്ടര്‍ഡാമുസ് പ്രവചിച്ചത് ഒന്നും മാറിപ്പോയിട്ടില്ലെന്ന് ഓര്‍ത്തോളണം."

"പക്ഷേ, തത്ക്കാലം അതില്‍നിന്നു ഞാന്‍ തടിയൂരും. കാരണം മുല്ലപ്പെരിയാറും ഇടുക്കീം ഒന്നും എത്താത്തിടത്താണിപ്പോള്‍ ഞാനുള്ളത്. അതെല്ലാം കഴിയുന്നതുവരെ ഇവിടുന്ന് അങ്ങോട്ടെങ്ങും പോകാതിരുന്നാല്‍ മതിയല്ലോ. തന്‍റെ ചോദ്യം കേട്ടപ്പം ഞാനോര്‍ത്തത് താന്‍ പറഞ്ഞുവരുന്നതു കൊറോണാടെ കാര്യമാണെന്നാ."

"ഓ, അതു നിങ്ങളച്ചന്മാര്‍ക്കു വെറും പുല്ലല്ലേ. ഇന്നാളാ ഭയങ്കരന്‍ നിപ്പാപനി വന്നപ്പംപോലും, ഒരൊറ്റ ദിവ്യന്‍ ധ്യാനഗുരു ഒറ്റയ്ക്കു പ്രാര്‍ത്ഥിച്ചിട്ടു കല്‍പിച്ചപ്പോള്‍ നിപ്പാ ചുമ്മാ ചപ്പായിപ്പോയില്ലേ!! ഇപ്പോ അതാണോ സ്ഥിതി? ഒരു പണീമില്ലാതെ പ്രാര്‍ത്ഥനേം പടച്ചുവിട്ടോണ്ടിരിക്കുന്ന എത്ര ആള്‍ദൈവങ്ങളാ! അവരെല്ലാം കളം ഒന്നു മൂക്കാന്‍ നോക്കിയിരിക്കുവാ. എല്ലാടത്തും പടര്‍ന്നു മൂപ്പാകുമ്പോള്‍ നോക്കിക്കോ, അവരെല്ലാംകൂടെ ഒന്നിച്ചൊരൊറ്റ പ്രയോഗമങ്ങു നടത്തും. അതോടെ കണ്ടോ, കൊറോണായല്ല അവന്‍റെ ഉപ്പൂപ്പായെവരെ അവര് ചൊവ്വായിലേക്കു നാടുകടത്തും."
"ഭൂമീലെങ്ങും സ്ഥലം കിട്ടാത്തതുകൊണ്ടായിരിക്കും ചൊവ്വായിലേക്ക്!"

"അല്ലെന്നേ, അതൊക്കെ പരിശുദ്ധാത്മാവ് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നതാണെന്നേ. എന്തായാലും എന്നെങ്കിലും ഇതൊന്നു ശമിക്കുമല്ലോ. അച്ചന്‍ നോക്കിക്കോ, അന്നേരം അവരു പറയാന്‍തുടങ്ങും അവരത്ര മുട്ടിപ്പായിട്ടു പ്രാര്‍ത്ഥിച്ചതുകൊണ്ടു തമ്പുരാന്‍ കരുണകാണിച്ചതാണെന്ന്. ഫെബ്രുവരീലും മാര്‍ച്ചിലുമൊക്കെ ഈ ദിവ്യന്മാരു പറഞ്ഞോണ്ടിരുന്നത് എന്താരുന്നു? അമേരിക്കേലും ഇറ്റലീലുമൊക്കെ കോവിഡ് 19 വല്ലാതെ പടര്‍ന്നപ്പോളും, ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ ഒട്ടും പടരാതിരുന്നത് ഇവിടുത്തെ ധ്യാനമന്ദിരങ്ങളിലൊക്കെ ഈ ദിവ്യന്മാരു നടത്തിയ എണ്ണമില്ലാത്ത ധ്യാനംകാരണമാണെന്നാ. ഇപ്പം കണ്ടമാനം പടര്‍ന്നപ്പോള്‍ അവരു പറയുന്നു, പള്ളീംതുറന്നു കുര്‍ബ്ബാനേം തുടങ്ങിയിട്ടും, റ്റീവീയില്‍ കുര്‍ബ്ബാനകണ്ടു ശീലമായ ജനത്തിനിപ്പോള്‍ പള്ളീപോകാനൊന്നും താത്പര്യമില്ലാതായി അതുകൊണ്ടാണെന്ന്. കഴിഞ്ഞദിവസം പത്രത്തില്‍ അച്ചനും വായിച്ചുകാണുമല്ലോ, വടക്കേ ഇന്‍ഡ്യയിലൊരു ബാബാ, അങ്ങേരുടെ കൈമുത്തിയാലോ, അങ്ങേരു രോഗീടെ കൈമുത്തിയാലോമതി കൊറോണാ പോകുമെന്നുംപറഞ്ഞു മുത്തിയും മുത്തിച്ചും അവസാനം കുഴിയിലായെന്ന്. നമ്മുടെ ഈ ആള്‍ദൈവങ്ങളും സിദ്ധന്മാരുമൊക്കെ അങ്ങനെ വല്ല മുത്തീരും തുടങ്ങിയിരുന്നെങ്കില്‍ കുറെയെണ്ണമെങ്കിലും ഒഴിവായിക്കിട്ടിയേനേം."

"തന്‍റെ ഈ പുളിച്ച നാക്കുകാരണം താന്‍ നോക്കിക്കോ, ഒരുമാസത്തിനകം തന്നേം കൊറോണാ പിടിക്കും."

"പിടിച്ചാലും എന്നെ കൊണ്ടുപോകത്തൊന്നുമില്ല, അമ്പതാകുന്നതെയുള്ളു. അച്ചന്‍ സൂക്ഷിച്ചോ, പിടിച്ചെങ്കില്‍ ഉറപ്പാ, മേശപ്പുറത്തു കവറിലിട്ടുവച്ചിരിക്കുന്ന പഞ്ഞീടെകാര്യത്തിനു തീരുമാനമാകും."

അയാളോടു വര്‍ത്തമാനം പറഞ്ഞുതുടങ്ങിയാലിങ്ങനെയാ, ചിരിച്ചു മടുക്കും.

"വളിപ്പുനിര്‍ത്തിയിട്ടു താന്‍ വിളിച്ചതെന്തിനാണെന്നു പറ."

"അതിനുമുമ്പ് അച്ചനാ കൊറോണാക്കാര്യം പറഞ്ഞ് ഞാന്‍ പറയാന്‍വന്ന വിഷയം മാറിപ്പോയതല്ലേ. നമ്മുടെ ഫ്രാന്‍സുകാരന്‍ പ്രവാചകനുണ്ടല്ലോ, നോട്ടര്‍ഡാമുസ്. അങ്ങേരു പത്തിരുനൂറുകൊല്ലംമുമ്പ് എഴുതിവച്ചിട്ടുപോയതൊക്കെ ഇതുവരെ വള്ളിപുള്ളി മാറ്റംവരാതെ സംഭവിച്ചിട്ടുണ്ടെന്നും, മുല്ലപ്പെരിയാറും ഇടുക്കിയുമെല്ലാം താമസിയാതെ പൊട്ടുമെന്ന് അങ്ങേരു കൃത്യമായി അതില്‍ പറഞ്ഞിട്ടുണ്ടെന്നും അച്ചന്മാരും അല്ലാത്തവരും, വല്യ ദിവ്യന്മാരുമൊക്കെ കുറേനാളായിട്ടു പറഞ്ഞുകൊണ്ടിരിക്കുന്നത് അച്ചനറിയാമല്ലോ. സഭേടെ ഭാഗത്തുനിന്ന് അതിനെപ്പറ്റി വല്ല ഇടയലേഖനമോ വിശദീകരണമോവല്ലോം ഉണ്ടോ, ലോക്ഡൗണായതുകൊണ്ട് പള്ളീല്‍വായിക്കാന്‍ പറ്റാത്തതുകൊണ്ട് അറിയാതെ പോയതുവല്ലോമാണോ എന്നൊക്കെ ഒന്നറിയാനായിരുന്നു ഞാന്‍ വിളിച്ചത്."

"അതുകൊള്ളാം, ഇത്രേംനേരം ഗീര്‍വാണം കത്തിച്ച തനിക്കും ലേശം പേടിയായിത്തുടങ്ങിയിയെന്നര്‍ത്ഥം."

"പെരിയാറിനടുത്തു താമസിക്കുന്ന എനിക്കു ലേശമല്ല, വല്ലാത്ത പേടിയൊണ്ട്. ഇതു കൊറോണാ പോലെ കട്ടിലേല്‍ക്കെടന്നു മര്യാദയ്ക്കങ്ങു കാറ്റുപോയിട്ടു കുഴീല്‍വയ്ക്കുന്ന ഏര്‍പ്പാടല്ലല്ലോ. അറബിക്കടലില്ലേ ചെന്നു തീരൂ! ജൂലൈ ആദ്യത്തെ രണ്ടാഴ്ച വല്ല മലബാറിലോ അട്ടപ്പാടീലോ വല്ലോംപോയി കുടുംബസമേതം കെടന്നു ധ്യാനിച്ചേക്കാമെന്നുവച്ചാല്‍, വല്ലതും സംഭവിച്ചാല്‍ രക്ഷപെടുകേം ചെയ്യാമായിരുന്നു, ഇല്ലെങ്കില്‍ അഭിഷേകവുമായി തിരിച്ചങ്ങെത്തുകേം ചെയ്യാമായിരുന്നു. പക്ഷേ, കൊറോണാ കാരണം ഇപ്പോളതൊന്നും നടക്കത്തില്ലല്ലോ. എന്താ പിന്നൊരു പോംവഴി എന്നാലോചിച്ചപ്പോളാണച്ചനെ വിളിക്കാമെന്നോര്‍ത്തത്."

"ഇതും തന്‍റെ അടുത്ത നമ്പരാണെന്നെനിക്കുറപ്പാ. ഇടുക്കിപൊട്ടുന്നെങ്കില്‍ അതിനുകീഴെതന്നെ ചെന്നുനിന്ന് അതുകാണാന്‍ ഓടുന്ന ടൈപ്പാ താനെന്ന് എനിക്കറിയാം."

"ധ്യാനമന്ദിരങ്ങളൊക്കെ അടഞ്ഞുകിടന്നതു നന്നായി. അല്ലെങ്കില്‍ ഈ നേരംകൊണ്ട്, കഴിഞ്ഞപ്രളയകാലത്ത് ചില ആള്‍ദൈവങ്ങള്‍ ലോകാവസാനം വരുന്നെന്നുംപറഞ്ഞു വിശ്വാസികളെ വിരട്ടിയതുപോലെ, നോട്ടര്‍ഡാമുസ് പറഞ്ഞെന്നുംപറഞ്ഞ്, ഈ ധ്യാനഗുരുക്കന്മാരെല്ലാംകൂടെ, ഇടുക്കിഡാം തകര്‍ന്ന് നശിക്കാന്‍ പോകുന്ന നാലഞ്ചു ജില്ലകളിലെ വിശ്വാസികളെ മുഴുവന്‍ പേടിപ്പിച്ചു വെകിളി പിടിപ്പിച്ച്, അതിനു തടയിടാന്‍വേണ്ടി പ്രത്യേക 'ഇടുക്കിപൊട്ടാഭിഷേകധ്യാനോം' സംഘടിപ്പിച്ച്, ദുരന്തപ്രതിരോധ ജാഗരണപ്രാര്‍ത്ഥനേം നടത്തി, വെഞ്ചരിച്ചതിരീം വിതരണംചെയ്ത്, എന്നുവേണ്ട, ഒരു കോലാഹലമായിരുന്നേനേം. തമ്പുരാന്‍ അനുഗ്രഹിച്ചു ലോക്ഡൗണ്‍ കൊണ്ടുവന്നതുകൊണ്ട് അതൊന്നും സംഭവിച്ചില്ല. മുല്ലപ്പെരിയാറുവിഷയത്തിലൊക്കെ ശരിക്കും ഭയന്നിരിക്കുന്ന ഒത്തിരി ജനങ്ങളുണ്ട്. അതിനും പുറമെ ഒരിക്കലും തെറ്റാത്ത പ്രവചനമാണ് എന്നുംപറഞ്ഞ് പടച്ചുവിടുന്ന വെറും ഭാവനാകഥകളെ ഭയപ്പെടാതെ, ദൈവത്തിന്‍റെ പരിപാലനയില്‍ ആശ്രയിച്ചു പ്രത്യാശയോടെ ജീവിക്കാന്‍ വിശ്വാസിസമൂഹത്തെ ഉത്തേജിപ്പിക്കുന്ന വല്ല ആശ്വാസസന്ദേശവും ഇടയന്മാര്‍ അജഗണത്തിനു നല്‍കിയിട്ടുണ്ടോ എന്നറിനായിരുന്നു ഞാന്‍ വിളിച്ചത്."

"കുറെ ഞരമ്പുരോഗികള്‍ ഈ പടച്ചുവിടുന്നതെല്ലാം അപ്പാടെ വിശ്വസിക്കാന്‍, താന്‍ വിചാരിക്കുന്നതുപോലെ തിരുമണ്ടന്മാരൊന്നുമല്ലല്ലോ നമ്മുടെ ജനങ്ങള്‍."

"അവിടെ അച്ചനുതെറ്റിപ്പോയി. മാര്‍പ്പാപ്പായ്ക്കു വെടിയേറ്റതും, ഒബാമ ഭരിച്ചതും, മോദി ജയിച്ചതുംപോലും കൃത്യമായി പ്രവചിച്ച ആളാണ് നോട്ടര്‍ഡാമുസ് എന്നും മറ്റുമുള്ള അടിക്കടിയുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലെ വാര്‍ത്തകളും മറ്റും ഒരുപാടു സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്ന്, അച്ചനറിയില്ലെന്നഭിനയിച്ചാലും, ഒത്തിരിപ്പേരുടെ സംസാരത്തില്‍നിന്നും എനിക്കറിയാം. ഇങ്ങനെയൊരു ഘട്ടത്തില്‍ നോട്ടര്‍ഡാമുസിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ പ്രവചനത്തെപ്പറ്റിയും, ഈ കേള്‍ക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളും കിംവദന്തികളുമാണെന്ന് ആധികാരികമായി വിശ്വാസികളോടു പറഞ്ഞുകൊടുക്കുവാന്‍ കഴിയുന്നവരു നിങ്ങളൊക്കെയല്ലെ?"

"താനിപ്പോള്‍ പറഞ്ഞതുപോലെ വെറും ഊഹാപോഹങ്ങളും കിംവദന്തികളുമാണെന്നുറപ്പുള്ളതായതുകൊണ്ട് അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നതല്ലെ ബുദ്ധി?"
"അച്ചനീ ധ്യാനഗുരുവിന്‍റെ ഭാഷേല്‍ പറയാതെ ഞങ്ങളു പറയുന്ന ഭാഷേല്‍ പറ, വെറും ഊഹാപോഹങ്ങളും കിംവദന്തികളുമാണെങ്കിലും ഇതെല്ലാം വായിച്ചുംകേട്ടും ഭയന്നിരിക്കുന്ന ഒത്തിരിപ്പേരില്ലേ?"

"കാണുമായിരിക്കും."

"അവരോട്, ഇതെല്ലാം വെറും ഭാവനകളാണെന്നും, വലിയ ഭൂകമ്പമൊക്കെ ഉണ്ടായാല്‍ എവിടെയും എന്ത് അത്യാഹിതവും സംഭവിക്കാമെന്നും, നോട്ടര്‍ഡാമുസിന്‍റെ പ്രവചനമെന്നു പറഞ്ഞു പ്രചരിക്കുന്നതൊക്കെ വെറും സങ്കല്‍പങ്ങള്‍ മാത്രമാണെന്നും പറഞ്ഞുകൊടുക്കാന്‍ അച്ചനും ധൈര്യപ്പെടാത്തത് ഒരുപക്ഷേ അങ്ങനെയെങ്ങാനും സംഭവിച്ചെങ്കിലോ എന്ന് അച്ചനും സംശയമുണ്ടായിട്ടാണെന്നു ഞാന്‍ പറഞ്ഞാല്‍ അച്ചനു നിഷേധിക്കാന്‍ പറ്റുമോ?"

"താന്‍ വക്കീലാണെങ്കിലും തന്‍റെയീവക്കീല്‍ ഭാഷേല്‍ ചോദിക്കാതെ സാധാരണ മനുഷേന്മാരു ചോദിക്കുന്നതുപോലെ മര്യാദക്കു ചോദിക്ക്."

"വക്കീല്‍ ഭാഷേല്‍ ചോദിച്ചതിനു കാരണമുണ്ട്. കുറെ സിസ്റ്റേഴ്സും ഒന്നുരണ്ടച്ചന്മാരും ഒരു വലിയവിശ്വാസി സമൂഹവുമൊക്കെയുണ്ടായിരുന്ന ഒരു സദസില്‍ വലിയ അഭിഷേകമുണ്ടെന്ന് അറിയപ്പെടുന്ന ഒരു സിദ്ധന്‍, അടുത്തനാളില്‍, അദ്ദേഹത്തിന് ഉപവസിച്ചുപ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവു നേരിട്ടു വെളിപ്പെടുത്തിക്കൊടുത്തതാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട്, ഒരു സന്ദേശം വിളമ്പുന്നതുകേട്ടു: 'നിങ്ങളാരു ഒന്നും പേടിക്കേണ്ട, മുല്ലപ്പെരിയാറും പൊട്ടില്ല, ഇടുക്കീം തകരില്ല, ഭയപ്പെടേണ്ട, പരിശുദ്ധാത്മാവാണ് പറയുന്നത്' എന്ന്. അത്രയും കേട്ടപ്പോളേക്കും സദസിലുണ്ടായിരുന്നവര്‍ക്കെല്ലാം ഭയങ്കര ആശ്വാസം."

"ഇങ്ങനൊരു സത്യം വിളിച്ചു പറയാന്‍ ഉപവാസോം വെളിപാടുമൊന്നും വേണ്ട, വെറും വിവരോം വെളിവും മാത്രം മതിയെന്ന് ജനമറിയുന്നില്ലല്ലോ. അതുകൊണ്ടായിരിക്കണം ജനം അങ്ങനെ പ്രതികരിച്ചത്. ചില കാര്യങ്ങളെപ്പറ്റിയൊക്കെ നോട്ടര്‍ദാമുസ് വ്യക്തമായി പറഞ്ഞിട്ടുള്ളവ സംഭവിച്ചിട്ടുണ്ടെന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷേ അദ്ദേഹം കുറിച്ചുവച്ചിരിക്കുന്നവ മുഴുവന്‍തന്നെ കവിതാരൂപത്തിലും, അലങ്കാരഭാഷയിലും, വെളിപാടുശൈലിയിലും കോറിയിട്ടവയാണ് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന വാക്കുകളും അലങ്കാരങ്ങളും ശൈലികളുമൊക്കെ അതു വായിക്കുന്നവന്‍റെ ഭാവനയ്ക്കനുസരിച്ചു വ്യാഖ്യാനിക്കാനും അര്‍ത്ഥംകല്‍പിക്കാനുമാകുന്ന രീതിയിലാണുതാനും. അപ്രകാരം വ്യാഖ്യാനിച്ചാണ്, പില്‍ക്കാലത്തുണ്ടായ പല ചരിത്രസംഭവങ്ങളെയും അദ്ദേഹത്തിന്‍റെ പ്രവചനപ്രകാരം സംഭവിച്ചവയാണ് എന്നു സ്ഥാപിച്ചെടുത്തിട്ടുള്ളത് എന്നതാണു സത്യം. അദ്ദേഹത്തിന്‍റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ എന്നപേരില്‍, ഇടുക്കിയുടെ തകര്‍ച്ചയെപ്പറ്റിയുംമറ്റും അടുത്തകാലത്ത് പ്രചരിച്ചിട്ടുള്ള തള്ളുകളും ഇതുപോലെ ഭാവനാകല്‍പിതം മാത്രമാണ് എന്നതാണ് പരമാര്‍ത്ഥം."

"ഇപ്പോളീ പറഞ്ഞത് അതുപടി ബഹുജനസമക്ഷം എത്തിച്ച്, ഈ വ്യാജപ്രവാചകന്മാരെയും തന്ത്രശാലികളായ ദര്‍ശനക്കാരെയും മൂലക്കിരുത്തണമെന്നാണ് എനിക്കു ബഹുമാനപ്പെട്ട ഇടിയുംമിന്നലും മുമ്പാകെ സമര്‍പ്പിക്കാനുള്ള അപേക്ഷ."

"അപേക്ഷ ഉപേക്ഷിക്കാതെ കൈക്കൊണ്ടിരിക്കുന്നു, ആമ്മേന്‍." കട്ട്.

You can share this post!

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts