news-details
ധ്യാനം

പ്രാകൃത മനുഷ്യന്‍ ഭാര്യയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് വീട്ടില്‍ കൊണ്ടുചെല്ലുകയും വലിയ തടിക്കഷണമുപയോഗിച്ച് അവളെ അടിക്കുകയും ചെയ്തു. പഴയകാല ചിത്രങ്ങളിലും ഇപ്രകാരമുള്ള ചിത്രീകരണങ്ങളാണുണ്ടായിരുന്നത്. ശത്രുപക്ഷത്തെ പട്ടാളക്കാരെ അടിമകളാക്കി ബന്ധിച്ചു കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചകളും പതിവായിരുന്നു. എന്നാല്‍ ഇന്ന് അത്തരം കാഴ്ചകള്‍ വിരളമാണ്. ശാസ്ത്രം കൂടുതല്‍ ശാസ്ത്രപരമായി വളര്‍ന്നപ്പോള്‍ പഴയ പല ദൃശ്യങ്ങളും അപ്രസക്തങ്ങളായി മാറി. പുരാതന മനുഷ്യന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ അന്നു പ്രസക്തമായിരുന്നു. ആധുനിക മനുഷ്യനിലേക്കു വന്നപ്പോള്‍ അതിന്‍റെ രൂപവും ഭാവവും മാറിയെന്നു മാത്രം. ആദ്യബിന്ദുവില്‍ നിന്നും പടിപടിയായി പുരോഗമിച്ചു മനുഷ്യന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

കലയിലും സാഹിത്യത്തിലും ഈ മുന്നേറ്റം ദൃശ്യമാണ്. കലയെന്നു പറയുന്നത് ഒരാശയമാണ്. അതിനെ ദൃശ്യമാക്കുന്നത് മനുഷ്യന്‍റെ ബുദ്ധിയാണ്. മനുഷ്യന്‍റെ ബുദ്ധിയുടെ ഉപയോഗത്തിലൂടെ മാത്രമെ ഒരാശയത്തെ ബാഹ്യമായി ആവിഷ്കരിക്കുവാന്‍ കഴിയൂ. മനുഷ്യവംശത്തിന്‍റെ ആദ്യകാല ചരിത്രത്തിലേയ്ക്കു കടന്നു ചെന്നാല്‍ മനുഷ്യനെ ഒരു ചിത്രകാരനായി കാണാം. വളരെ പണ്ടുതന്നെ കുരങ്ങിന്‍റെ പടം വരയ്ക്കുന്ന മനുഷ്യന്‍റെ ചിത്രങ്ങള്‍ കാണാം. എന്നാല്‍ എത്ര കഷ്ടപ്പെട്ടാലും മനുഷ്യന്‍റെ പടം വരയ്ക്കുന്ന ഒരു കുരങ്ങിനെ കാണാന്‍ കഴിയില്ല. മനുഷ്യനെന്ന ജീവി മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാണ്. അവന്‍ സ്രഷ്ടാവും സൃഷ്ടിയുമാണ്. അതാണവന്‍റെ പ്രത്യേകത.

തലച്ചോറിന്‍റെ വലുപ്പമനുസരിച്ചു ബുദ്ധിശക്തിയില്‍ വ്യത്യാസമുണ്ടാകുമെന്ന് മുമ്പ് ധരിച്ചിരുന്നു. ഇന്നതു ശരിയല്ലെന്ന് ശാസ്ത്രം തെളിയിക്കുന്നു. തലച്ചോറിന്‍റെ വലുപ്പത്തെ ആശ്രയിച്ചല്ല ബുദ്ധിശക്തിയെ അളക്കേണ്ടത്. വസ്തുക്കള്‍ തമ്മിലുളള ബന്ധങ്ങളെ കാണുവാനുള്ള കഴിവാണ് ബുദ്ധിശക്തി. ഈ കഴിവ് തലച്ചോറിനപ്പുറമാണ്. ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും മനുഷ്യന്‍ വളരുമ്പോഴും അവന്‍റെയുള്ളിലുള്ള മൃഗീയത ശക്തിയേറിയ ചോദനയായി അവനെ മഥിക്കുന്നു. അവന്‍ അവനെത്തന്നെ ചെറുതാക്കിയതിന്‍റെ പ്രതീകങ്ങളായിരുന്നു ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങള്‍. മൃഗത്തില്‍ നിന്നും പരിണമിച്ചു വന്ന ശരീരത്തേക്കാള്‍ പ്രാധാന്യം ദൈവത്തില്‍നിന്നും ലഭിച്ച ആത്മാവിന് മനുഷ്യന്‍ കൊടുക്കണം. ഒരുവന്‍ അവന്‍റെ ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും ആശ്രയിക്കുന്നതിലുപരി ദൈവത്തിന്‍റെ നടത്തിപ്പില്‍ ശരണം വയ്ക്കണം.

ഭാവികാലം നമ്മുടെ കൈകളിലാണ്. ദൈവത്തോടൊത്തു നടന്ന് ഭാവികാലത്തെ ശോഭനമാക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു യാത്രയാണിതെന്നോര്‍ക്കുക. കവിത നമ്മെ സന്തോഷിപ്പിക്കും. കാരണം അതു നമ്മുടെ വികാരത്തിന്‍റെ ആവിഷ്കാരമാണ്. മനശ്ശാസ്ത്രഗ്രന്ഥങ്ങള്‍ ഭയത്തെപ്പറ്റിയും ആകുലതകളെപ്പറ്റിയും സംസാരിക്കുന്നതുകൊണ്ട് അവയെ നമുക്കു പ്രിയമാണ്. ഇവയെല്ലാം വഴി നാം ജീവിതത്തിന്‍റെ വിവിധ തലങ്ങളെ നമ്മുടെ ഈ കൊച്ചു ഗ്രഹത്തിലൊതുക്കുന്നു. അപ്പോഴും നാം തപ്പിതടവുകയാണ്. ഇതിനപ്പുറത്തുള്ള ഒരു യാഥാര്‍ത്ഥ്യത്തിലേക്കു മനുഷ്യന്‍ നിരന്തരം ആകര്‍ഷിക്കപ്പെടുകയാണ്.

കടന്നു പോകുന്ന സമയം നമ്മുടെ ഭൂതകാലമായി മാറുന്നു. ഇന്നത്തെ സമയം വര്‍ത്തമാനകാലത്തെ സൃഷ്ടിക്കുന്നു. ഇവയെല്ലാംകൂടി ഭാവികാലത്തെ രൂപപ്പെടുത്തും. മനുഷ്യന്‍റെ ജീവിത ദൈര്‍ഘ്യത്തിനിടയില്‍ അവന്‍റെ നിത്യതയും രൂപപ്പെടുന്നു. ജീവിതം ചില സംഭവങ്ങളുടെ വെറും ഒരു തുടര്‍ച്ച മാത്രമല്ല. ദീര്‍ഘവീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളുമെല്ലാമുള്‍പ്പെട്ട ഒരു തലമാണിത്. മനുഷ്യജീവിതം ഒരു സംഗീതം പോലെയാണ് ഒരു പിയാനോയില്‍ ശബ്ദതരംഗങ്ങളുയിര്‍ക്കുന്നത് കൊല്ലന്‍റെ ആലയില്‍ ചുറ്റികകൊണ്ട് ഒരിരുമ്പു ദണ്ഡില്‍ അടിക്കുന്നതുപോലെയല്ല. ആദ്യത്തെ 'നോട്ടുകള്‍' അടുത്ത 'നോട്ടു'മായി ബന്ധപ്പെടുത്തിയാണ് വായിക്കുന്നത്. വായിച്ചു തീര്‍ത്ത സംഗീതത്തിനനുസൃതമായി അടുത്ത വരികള്‍ രൂപപ്പെടുത്തുവാന്‍ നമുക്കു കഴിയും. ഇതുതന്നെയാണ് ജീവിതം.

ഒരു വാക്യം നമ്മള്‍ ശ്രവിക്കുമ്പോള്‍ അതില്‍ ഭൂത, വര്‍ത്തമാന ഭാവികാലങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ ഓര്‍ത്തു ചിരിക്കണം, ഭാവികാലത്തെ സ്വപ്നം കണ്ടു ക്രമപ്പെടുത്തുവാനും മനുഷ്യനു കഴിയും. ഒരു കുതിരയ്ക്ക് അതിനുള്ള കഴിവില്ല. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള പ്രയാണത്തിലാണ് നാം. ധാര്‍മ്മികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യക്തി അതിനനുസൃതമായി ജീവിക്കും. കൃത്യമായി ഒരഡ്രസ്സില്‍ 30 വര്‍ഷക്കാലം ജീവിച്ച വ്യക്തി ആ വാസസ്ഥലത്തേക്കുള്ള കൃത്യമായ വണ്ടി കണ്ടെത്തും. മറ്റൊരു റൂട്ടില്‍ ഓടുന്ന വണ്ടിയില്‍ കയറി സ്വന്തം താമസസ്ഥലത്തെത്താന്‍ ശ്രമിക്കില്ല. ഇന്നലെകളിലെ കൃത്യമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാളയിലേക്കു യാത്ര തിരിക്കും.

ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നവര്‍ പന്തുമായി ഉയരങ്ങളിലേക്ക് ചാടുമ്പോള്‍ മുകളിലുള്ള വളയവും അതിന്‍റെ ദ്വാരവും ശ്രദ്ധിക്കും. ഇന്നലെകളില്‍ നിന്നും നാളയിലേക്കുള്ള ചാട്ടത്തില്‍ വര്‍ത്തമാനകാലത്തെ ശ്രദ്ധിക്കും. നമ്മുടെ വര്‍ത്തമാനകാലജീവിതം നാളത്തെ ജീവിതവുമായി കോര്‍ത്തിണക്കിയിരിക്കുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനത്തിന്‍റെ ഓരോ നിമിഷത്തിലും എം.ഡി. എടുക്കുന്നതിനുള്ള സ്വപ്നത്തിലാണ് ജീവിക്കുന്നത്. നിത്യതയെ ലക്ഷ്യമാക്കി ജീവിക്കുന്ന മനുഷ്യന് ഇവിടുത്തെ ഇപ്പോഴത്തെ സുഖസൗകര്യങ്ങള്‍കൊണ്ടു സന്തോഷിക്കാനാവില്ല. അതിന്‍റെ ഒന്നാമത്തെ കാരണം ഈ ലോകത്തിലുള്ള എല്ലാ നന്മകളും നല്ല സാധനങ്ങളും ഇപ്പോള്‍ തന്നെ കരസ്ഥമാക്കാനാവില്ല. രണ്ടാമതായി ഏതെങ്കിലും ഒന്നിനെ കാര്യമായി പുണരുമ്പോള്‍ മറ്റു ചിലതിനെ വെടിയേണ്ടിവരും. വയോധികനായ മനുഷ്യന്‍റെ പക്വതയുള്ള തീരുമാനങ്ങള്‍ യുവത്വത്തിലെ എടുത്തുചാട്ടത്തിന്‍റെ തീരുമാനങ്ങളെ തള്ളിപ്പറയും. മൂന്നാമതായി വളരെ സുരക്ഷിതത്വമുള്ള ജീവിതം ഞാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ജീവിതത്തിന്‍റെ സാഹസികതകളെ തിരസ്കരിക്കേണ്ടിവരും. ദൈവത്തിലേക്കുള്ള നമ്മുടെ യാത്രയിലെ ദൂരം കാണിക്കുന്ന മൈല്‍ക്കുറ്റികളല്ല ജീവിതാനുഭവങ്ങള്‍. മറിച്ച് ഈ ജീവിതാനുഭവങ്ങളുമായി നമ്മുടെ പ്രയാണം തുടരണം. സെന്‍റ് അഗസ്റ്റിനോടൊപ്പം നമുക്കും പറയാം: "നമ്മുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാണ്, ദൈവത്തില്‍ വിശ്രമം കണ്ടെത്തുന്നതുവരെ".

You can share this post!

വിമര്‍ശകരും, വിമര്‍ശനവും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts