news-details
അക്ഷരം

മലമുഴക്കിയും ബെന്യാമിനും

"സൂര്യനും കാറ്റും മഴയും വേനലും മഞ്ഞും എല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ നിഷ്കളങ്കതയും ഉദാരതയും വിവരണാതീതമാണ്. ആരോഗ്യവും ആഹ്ലാദവും എല്ലാം എന്നെന്നേക്കുമായി അവ നല്‍കുന്നു. തന്നെയുമല്ല, ഏതെങ്കിലുമൊരു മനുഷ്യന്‍ എപ്പോഴെങ്കിലും ദുഃഖിക്കുകയാണെങ്കില്‍ പ്രകൃതിയിലും അതിന്‍റെ പ്രതിഫലനം കാണുന്നു, സൂര്യന്‍റെ തിളക്കം മങ്ങുന്നു, കാറ്റുകള്‍ മനുഷ്യരെപ്പോലെതന്നെ നെടുവീര്‍പ്പിടുന്നു, മേഘങ്ങള്‍ മഴയാകുന്ന കണ്ണീര്‍ പൊഴിക്കുന്നു, വൃക്ഷങ്ങള്‍ മധ്യവേനലില്‍ അവയുടെ ഇലകള്‍ പൊഴിക്കുകയും വിലാപവസ്ത്രം ധരിക്കുകയും ചെയ്യുന്നു. മനുഷ്യവര്‍ഗ്ഗത്തോട് പ്രകൃതിക്ക് അത്രമാത്രം സഹഭാവമുണ്ട്. ഇങ്ങനെയൊക്കെയാവുമ്പോള്‍ എനിക്ക് ഭൂമിയോളം തന്നെ ധിഷണ ഉണ്ടാവേണ്ടതല്ലേ? ഞാന്‍ ഭാഗികമായി എന്നെ കരുപ്പിടിപ്പിച്ച ഇലകളും കായ്കനികളും തന്നെയല്ലേ?" 'വാര്‍ഡ'നില്‍ തോറോ ചോദിക്കുന്നതാണിത്. വലിയൊരു പാരസ്പര്യത്തിന്‍റെ ദര്‍ശനമാണ് അദ്ദേഹം ആവിഷ്ക്കരിക്കുന്നത്. നമുക്കിടയിലൂടെ, കാടുകളിലൂടെ സഞ്ചരിക്കുന്ന എന്‍.എ. നസീര്‍ സമാനമായ ദര്‍ശനവും മൂല്യബോധവുമാണ് അവതരിപ്പിക്കുന്നത്. നസീറിന്‍റെ പുതിയ പുസ്തകം 'മലമുഴക്കി'യും നമുക്കു മുമ്പില്‍ തുറന്നിടുന്നത് ഇതേ കാഴ്ചപ്പാടാണ്. കാടിന്‍റെ, പ്രകൃതിയുടെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്ന അദ്ദേഹം എല്ലാറ്റിനെയും സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം എടുത്തുപറയുന്നു. സെന്‍മനസ്സുള്ള, സൂഫി ഹൃദയമുള്ള ഒരു സഞ്ചാരിയെയും മനുഷ്യനെയുമാണ് നാമിവിടെ സന്ധിക്കുന്നത്.

"കാട്ടുള്‍ത്തടങ്ങളിലെ ദീപ്തമായ ചില ഓര്‍മ്മകളാണ് മലമുഴക്കി എന്ന ഈ പുസ്തകം. ഭൂമിയുടെ ഉര്‍വരതയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന വേരുകള്‍ കണക്കെയും വനവൃക്ഷങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മരവള്ളികള്‍പോലെയുമാണ് എന്‍റെ പുസ്തകങ്ങളൊക്കെ പ്രിയപ്പെട്ട നിങ്ങളിലേക്ക് ചേര്‍ത്തുവയ്ക്കുന്നത്" എന്ന് അദ്ദേഹം ആമുഖമായി പ്രസ്താവിക്കുന്നു. നസീര്‍ സംസാരിക്കുന്നത് കാടിന്‍റെ, മരങ്ങളുടെ, ജീവജാലങ്ങളുടെ, മണ്ണിന്‍റെ പക്ഷത്തുനിന്നാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് മനുഷ്യകേന്ദ്രീതമല്ല. നിശ്ശബ്ദരായവര്‍ക്കുവേണ്ടിയാണ് ഗ്രന്ഥകാരന്‍ സംസാരിക്കുന്നത്. പാരിസ്ഥിതികമായ ദൈവികതയുടെ വെളിച്ചമാണ് നസീറിന്‍റെ യാത്രയില്‍നിന്ന്, വാക്കുകളില്‍ നിന്ന് പ്രസരിക്കുന്നത്. "നഗരങ്ങളുടെ മാലിന്യങ്ങളില്‍നിന്നുമെത്തിയ നമ്മെ കാട് തഴുകിത്തലോടി ശുദ്ധരാക്കുന്നു. ഞൊടിയിടയില്‍ നിശ്ശബ്ദരാകുകയായി നാം. ഗാഢവും ദീര്‍ഘവുമായ ചില മാതൃതലങ്ങളുണ്ട് കാടിന്. പ്രണയംപോലെ അലിവുള്ള എന്തൊക്കെയോ മായികത അവിടെയുണ്ട്. പോകപ്പോകെ ഒരു ധ്യാനപശ്ചാത്തലം ഒരുങ്ങുകയായി... നമ്മള്‍ കാട്ടില്‍ കാടായിത്തീരുന്നു" എന്നെഴുതുന്നു നസീര്‍. ആത്മീയതയുടെ മറ്റൊരു തലമാണ് പ്രകാശിപ്പിക്കുന്നത്. പാരിസ്ഥിതികാത്മീയതയുടെ ചൈതന്യമാണ് അദ്ദേഹം നമുക്കു നല്‍കുന്നത്.

മലമുഴക്കിയില്‍ ചിത്രങ്ങളും കുറിപ്പുകളുമാണുള്ളത്. നസീറിന്‍റെ ചിത്രങ്ങള്‍ ഏറെ സംസാരിക്കുന്നുണ്ട്. ഓരോ ചിത്രത്തിനു മുന്നിലും ധ്യാനനിരതരാകുമ്പോള്‍ നാം പ്രകൃതിയെ ഉള്ളിലേക്കാവാഹിക്കുകയാണ്. അറിയാതെ നാം ഈ പ്രകൃതിപ്രതിഭാസങ്ങള്‍ക്കു മുന്നില്‍ വിനമ്രരാകും. 'ആ നിമിഷങ്ങള്‍ക്കൊരു ധ്യാനത്തിന്‍റെ സൗന്ദര്യം ഉണ്ടായിരിക്കണം' എന്നു നാമറിയുന്നു. 'കാട്ടില്‍ നിറയുന്ന ഇത്തരം മനോഹരവും സ്വപ്നാത്മകവുമായ ദൃശ്യവിരുന്നുകള്‍ നല്‍കുന്ന അനുഭൂതിക്കപ്പുറം എന്ത് ധ്യാനം!' എന്നാണ് നസീര്‍ ചോദിക്കുന്നത്. ഇതാണ് യഥാര്‍ത്ഥധ്യാനം എന്നുകൂടി നാം മനസ്സിലാക്കുകയാണിവിടെ. 'മനുഷ്യര്‍ ഇത്തരം പാരസ്പര്യങ്ങളെക്കുറിച്ച് ഇനിയും ഏറെ പഠിക്കാനും സ്വജീവിതത്തില്‍ തിരിച്ചറിയാനും ഉണ്ട്' എന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പാരസ്പര്യത്തില്‍നിന്ന് വിഘടിച്ചതിന്‍റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

അനിര്‍വചനീയമായ ആത്മാനുഭൂതിയില്‍ ലയിച്ചാണ് നസീര്‍ നടക്കുന്നതെന്ന് നാമറിയുന്നു. കാട്ടിലെ ഓരോ ചെറുജീവജാലവും നമ്മളെയാണ് കണ്ടെത്തുന്നത് എന്നു പറയുമ്പോള്‍ കേന്ദ്രം മനുഷ്യനല്ലാതാവുകയാണ്. മനുഷ്യന്‍ കേന്ദ്രമാകുമ്പോള്‍ എല്ലാം മനുഷ്യനുവേണ്ടിയുള്ളതാകുന്നു. കേന്ദ്രം മാറുമ്പോള്‍ വീക്ഷണവും ദര്‍ശനവും മാറുന്നു. ഈ വീക്ഷണവ്യതിയാനമാണ് നസീറിന്‍റെ അടിസ്ഥാന ദര്‍ശനം. ആദിവാസി വിഭാഗത്തെക്കുറിച്ച് പറയുമ്പോള്‍ "അവര്‍ക്കുള്ളില്‍ പുറമെ കാണുന്നതിനെക്കാള്‍ അധികം കാട് അകത്തു തഴച്ചുവളര്‍ന്നു നില്പുണ്ട്" എന്നു പറയുന്നത് നസീറിനും ബാധകമാണെന്നു നാം തിരിച്ചറിയുന്നു. "എല്ലാ തിരക്കുകളും എല്ലാ അന്വേഷണങ്ങളും അവസാനിച്ച്, അകം ശൂന്യമാകുന്ന നിമിഷങ്ങളില്‍ അവിടം കാട് നിറയുന്നു" എന്നതാണ് യാഥാര്‍ത്ഥ്യം. "യുക്തിബോധത്തിന്‍റെ അകത്തളങ്ങളില്‍നിന്നുപോലും നിര്‍വചിക്കാനാവാത്ത കാടുമായുള്ള ഒരു സ്നേഹഭാഷണമായിരുന്നു ചിലവേള എനിക്കത്. ആര്‍ദ്രമായതെന്തോ ഹൃദയത്തെ തൊടുന്നപോലെ" നസീറിന്‍റെ എല്ലാ ഗ്രന്ഥങ്ങളും യാത്രകളും കാടുമായുള്ള സ്നേഹഭാഷണമായി മാറുന്നു. ആര്‍ദ്രമായതെന്തോ നമ്മെയും വന്നു തൊടുന്നു. അതു തിരിച്ചറിയണമെങ്കില്‍ നമ്മുടെ സ്പര്‍ശിനികള്‍ ആര്‍ദ്രമായിരിക്കണമെന്നു മാത്രം.

കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും നമുക്ക് തെറ്റായധാരണകളാണുള്ളത്. "നമുക്കു ചുറ്റും ഭയപ്പെടുത്തുന്ന ജീവനുകളല്ല ഉള്ളതെന്നും അനുകമ്പയോടെ നമ്മെ തിരിച്ചറിയുന്നവയൊക്കെയാണുള്ളതെന്നും ഇത്തരം കൂടിച്ചേരലുകള്‍ മൊഴിയുന്നു" എന്നാണ് നസീര്‍ പറയുന്നത്. മനുഷ്യനെക്കാള്‍ ക്രൂരത കാണിക്കുന്ന മൃഗങ്ങള്‍ ഒരിടത്തുമില്ല എന്ന സത്യമാണ് നാം മനസ്സിലാക്കുന്നത്. പച്ചപ്പുകള്‍ക്ക് ഏറ്റവും അപകടകാരികളായ മനുഷ്യരെ വന്യജീവികളാണ് പേടിക്കുന്നത് എന്നതാണ് വസ്തുത. 'ഒരിടവും എനിക്കു മാത്രമുള്ളതല്ല എന്ന തിരിച്ചറിവല്ലേ യഥാര്‍ത്ഥത്തില്‍ കാട്ടറിവ്' എന്ന ചോദ്യമാണ് നസീര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത്.

നസീറിന്‍റെ 'ഓരോ ചുവടിലും ധ്യാനാത്മകത നിറയുന്നു. കാടിന്‍റെ കരുതലില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ മിഴികള്‍ അകത്തേക്കാണ് തുറന്നിരിക്കുന്നത്. മൃദുവായി പൊഴിയുന്ന മഞ്ഞുമഴപോലെ...' ഗ്രന്ഥകാരന്‍ ഇങ്ങനെ കവിയായി മാറുന്ന സന്ദര്‍ഭങ്ങള്‍ ഈ ഗ്രന്ഥത്തില്‍ നിരവധിയാണ്. പ്രകൃതിയെ നമിക്കാത്ത കവികളില്ലല്ലോ. നസീറിന്‍റെ ഉള്ളില്‍ കാടും ജീവജാലങ്ങളും നിറയുമ്പോള്‍ വാക്കുകളില്‍ കവിതയും സംഗീതവും നിറയുന്നു. കാല്പനികമായ മനസ്സുകൊണ്ടാണ് അദ്ദേഹം എല്ലാം ഒപ്പിയെടുക്കുന്നത്. സമ്പൂര്‍ണ്ണമായ സംലയനത്തിലേക്ക് വളരുന്നതാണ് നസീറിന്‍റെ മനസ്സ് എന്നതാണ് സത്യം. ആ പാരസ്പര്യത്തില്‍ നിന്നാണ് ധ്യാനാത്മകവും ആത്മീയവുമായ നിമിഷങ്ങള്‍ പിറവികൊള്ളുന്നത്. "ഒരു ചെറുപൂവുപോലും നമ്മള്‍ക്ക് ഓരോ മുന്നറിയിപ്പു നല്കുന്നു. നാമത് ഗൗരവത്തില്‍ എടുത്തേ മതിയാകൂ. അല്ലെങ്കില്‍ ഇനിയും നമ്മെ കാത്തിരിക്കുന്നത് ഭയാനകമായ പ്രകൃതിക്ഷോഭങ്ങളായിരിക്കും" എന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

'നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്ന ഏതൊക്കെയോ മൂല്യങ്ങള്‍ ഇത്തരം ജീവികള്‍ക്കിടയില്‍ ഉണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തലുകളെ'ക്കുറിച്ചാണ് നസീര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നത്. 'കാട്ടിലായിരിക്കുമ്പോള്‍ ഓരോ നിമിഷവും തുറന്ന മനസ്സോടെ കാടായിത്തീരുക' എന്നാണ് അദ്ദേഹം വിളിച്ചുപറയുന്നത്. 'നാട്ടിലെ മൂല്യങ്ങള്‍ കാട്ടിലേക്കല്ല കൊണ്ടുപോകേണ്ടത്, കാട്ടിലെ മൂല്യങ്ങള്‍ നാട്ടിലേക്കാണ് കൊണ്ടുവരേണ്ടത്' എന്നാണദ്ദേഹം നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

'കൂട്ടത്തോടെ സഞ്ചരിക്കുമ്പോഴല്ല കാട് വെളിപ്പെടുന്നത്. തനിച്ചു സഞ്ചരിക്കുമ്പോഴാണ്' എന്ന് നസീര്‍ കാണുന്നു. അപ്പോഴാണ് കാട് ഉള്ളില്‍ കടക്കുന്നത്. ഉള്ളില്‍ കാടുള്ള മൃഗമായി മാറുകയാണ് ഗ്രന്ഥകാരന്‍. അപ്പോള്‍ കാടിനെതിരായ ഒരു ചലനത്തെയും അദ്ദേഹത്തിന് പൊറുപ്പിക്കാനാവില്ല. വികസനത്തിന്‍റെ പേരില്‍ നാം തകര്‍ത്തെറിഞ്ഞ പ്രകൃതി പകരം ചോദിച്ചുതുടങ്ങിയ കാലത്ത് നസീര്‍മൊഴികള്‍ക്ക് പ്രസക്തിയേറുന്നു. 'പുല്‍ത്തുമ്പിലെ മഞ്ഞുകണങ്ങളും ശലഭങ്ങളും നീരൊഴുക്കുകളുടെയും കിളിക്കൊഞ്ചലുകളുടെയും കാട് ഇന്നെവിടെയാണ്' എന്ന ചോദ്യം മുഴങ്ങിനില്‍ക്കുന്നു.

'കലഹപൂര്‍ണ്ണമായിരിക്കുന്ന ഒരു ലോകത്തെ നനവുള്ളതാക്കിത്തീര്‍ക്കുവാനും അതുവഴി മനുഷ്യമനസ്സുകളില്‍ പച്ചയുടെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുവാനും ഇത്തരം ജീവിവര്‍ഗങ്ങള്‍ തീര്‍ക്കുന്ന ജീവസ്പന്ദനങ്ങള്‍ എന്നാണിനിയും വിവേകപൂര്‍വ്വം തിരിച്ചറിയുക" എന്ന ചോദ്യത്തോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്. നമ്മുടെയുള്ളില്‍ കാടിനെയും ജീവജാലങ്ങളെയും വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും നിറയ്ക്കുകയാണ് നസീര്‍. ഒരു മൂല്യബോധത്തിലേക്കാണ് അദ്ദേഹം ക്ഷണിക്കുന്നത്. മഹത്തായ പാരസ്പര്യത്തിന്‍റെ സന്ദേശമാണ് നസീര്‍ നമുക്ക് നല്‍കുന്നത്.

(മലമുഴക്കി - എന്‍. എ. നസീര്‍ - മാതൃഭൂമി ബുക്സ്)

 

അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു

ബെന്യാമിന്‍റെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു' എന്ന പുസ്തകം. ജീവിതം, കാലം, രാഷ്ട്രീയം, മതം, വിദ്യാഭ്യാസം, സംസ്കാരം, സമകാലികപ്രശ്നങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍. തനിക്കു പറയാനുളളത് തെളിമയോടെ പറയുന്നു ഗ്രന്ഥകാരന്‍. നിര്‍ഭയമായ അഭിപ്രായപ്രകടനങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഉള്‍ക്കാഴ്ചകളും ചിന്തകളുംകൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.

'ചരിത്രം സംഭവിച്ച കാലം' മുതല്‍ 'വിഷാദത്തിനുള്ള മരുന്നാണ് എനിക്ക് എഴുത്ത്' വരെ പതിമൂന്നു പ്രഭാഷണങ്ങളാണ് ഇതിലുള്ളത്. തകഴി ശിവശങ്കരപിള്ളയെന്ന വലിയ എഴുത്തുകാരന്‍റെ കൃതികളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമാണ് ആദ്യലേഖനം. ചരിത്രത്തിന്‍റെ പ്രത്യേകസന്ധിയില്‍ തകഴിയുടെ കടന്നുവരവിനെ പ്രതിഷ്ഠിക്കുന്ന ബെന്യാമിന്‍ ശ്രദ്ധേയനിരീക്ഷണങ്ങള്‍ നടത്തുന്നു. മണ്ണില്‍ ചവിട്ടിനിന്ന വലിയ എഴുത്തുകാരനെ പല വിതാനങ്ങളില്‍ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍.

കഥയുടെ സാമൂഹികപ്രസക്തിയെപ്പറ്റി ബെന്യാമിന്‍ അന്വേഷിക്കുന്നുണ്ട്. കഥകള്‍ എങ്ങനെയാണ് നമ്മെ സ്വാധീനിക്കുന്നതെന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം സ്വന്തം നിരീക്ഷണങ്ങളില്‍ എത്തിച്ചേരുന്നു. മരിയോ വര്‍ഗാസ് ചോസയുടെ കാഴ്ചപ്പാടാണ് ബെന്യാമിനും പങ്കുവയ്ക്കുന്നത്. "സാഹിത്യം പുഷ്ടിപ്പെട്ടതോടെയാണ് മനുഷ്യസമൂഹം ഉയര്‍ന്നസംസ്കാരം, സ്വാതന്ത്ര്യം, നീതി എന്നിവ സ്വായത്തമാക്കിയത്. അതു നേരത്തെ ഉണ്ടായിരുന്നതല്ല. സാഹിത്യത്തിനു നന്ദി പറയുക. അങ്ങനെ ഒരു ബോധം വളര്‍ത്തിയതിന്, അതിനുവേണ്ടി നമ്മെ പ്രലോഭിപ്പിച്ചതിന്, മനോഹരമായ ഭാവനകളിലൂടെ നമ്മുടെ ഉള്ളിലെ ക്രൂരതയെ ഇല്ലായ്മ ചെയ്യാന്‍ സഹായിച്ചതിനും. കഥ പറച്ചിലുകള്‍ കഥ പറയാന്‍ തുടങ്ങിയ കാലത്ത് നമ്മള്‍ കൂടുതല്‍ ക്രൂരന്മാര്‍ ആയിരുന്നു. നമ്മള്‍ കൂടുതല്‍ ബാര്‍ബേറിയന്മാരും നിഷ്ഠൂരരും ആയിരുന്നു. കഥകള്‍ നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കി". യോഡയുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ബെന്യാമിന്‍ തന്‍റെ ചിന്തകള്‍ പടുത്തുയര്‍ത്തുന്നത്.

ബെന്യാമിന്‍റെ ശ്രദ്ധേയമായ പ്രഭാഷണമാണ് 'അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു'. എല്ലാവര്‍ക്കും പുറത്തെ ക്രിസ്തുവിനെ മതി. അകത്തെ ക്രിസ്തുവിനെ എല്ലാവരും കൈയൊഴിഞ്ഞിരിക്കുന്നു. ബൈബിളില്‍ ഉടനീളം നമുക്ക് രണ്ടുക്രിസ്തുവിനെ കാണാന്‍ സാധിക്കും. പുറത്തെ ക്രിസ്തുവും അകത്തെ ക്രിസ്തുവും എന്നാണ് അദ്ദേഹം എടുത്തുപറയുന്നത്. രണ്ടുവീക്ഷണങ്ങളെ താരതമ്യം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. അകത്തെ ക്രിസ്തു 'പലായനങ്ങളുടെ, പ്രവാസത്തിന്‍റെ, കണ്ണീരിന്‍റെ, പ്രാര്‍ത്ഥനയുടെ, വേദനയുടെ, ഗദ്സമേനിലെ ധ്യാനത്തിന്‍റെ, ചമ്മട്ടി അടിയുടെ, ക്രൂരമരണത്തിന്‍റെ ക്രിസ്തുവാണ്' എന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. 'ഉള്ളിലെ ക്രിസ്തുവിനെ തിരഞ്ഞുചെന്നിട്ട് എത്രകാലമായി എന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ ഒന്നുമില്ലാതെ, കാരണങ്ങള്‍ ഒന്നുമില്ലാതെ മനുഷ്യകുലത്തിനുവേണ്ടി നീറിപ്പുകയുന്ന ഒരു ക്രിസ്തുവിനെ കാണാന്‍' എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്.

'ഓരോ നോവലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ സഹോദരനെ അന്വേഷിച്ചുപോകലാണ്' എന്നാണ് ബെന്യാമിന്‍ പറയുന്നത്. 'എവിടെ നിന്‍റെ സഹോദരന്‍!' എന്ന ആദിമമായ ചോദ്യത്തിനുത്തരമാണ് ഓരോ എഴുത്തും എന്നതാണ് ഈ കാഴ്ചപ്പാട്. ദുര്‍ബലനെ ഒഴിവാക്കിക്കൊണ്ടുള്ള എഴുത്ത് നീതിനിറഞ്ഞതല്ല എന്നുകൂടി അദ്ദേഹം സൂചിപ്പിക്കുന്നു.

ആത്മീയതയും സര്‍ഗ്ഗാത്മകതയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. 'മതാനുഷ്ഠാനങ്ങളില്‍ മാത്രം വേരൂന്നി നില്‍ക്കുന്ന ഒറ്റമരമല്ല ആത്മീയത' എന്നതാണ് ബെന്യാമിന്‍ തിരിച്ചറിയുന്നത്. 'മനുഷ്യന്‍ അവന്‍റെ ഹൃദയംകൊണ്ട് ചെയ്യുന്ന ഏതു പ്രവൃത്തിയിലും ആത്മീയത കണ്ടെത്താം എന്നാണ്' അദ്ദേഹം കരുതുന്നത്. "മറ്റൊരര്‍ത്ഥത്തില്‍ ആത്മീയതയുടെ സ്പര്‍ശമുണ്ടാകുമ്പോഴാണ് ഒരു പ്രവൃത്തി മഹത്തരമായിത്തീരുന്നത്, അല്ലെങ്കില്‍ അത് ജീര്‍ണ്ണിച്ച ഒരു കര്‍മ്മം മാത്രമായി അവശേഷിക്കും" എന്നു പ്രസ്താവിക്കുമ്പോള്‍ ആത്മീയതയുടെ സാധ്യതകള്‍ വിപുലമാകുകയാണ്. മാനവികതയ്ക്കായുള്ള അന്വേഷണമായി എഴുത്തുമാറുന്നതും അതുകൊണ്ടാണ്.

'അമ്മ എനിക്ക് തന്നേച്ചുപോയ വിഷാദമാണ് നിങ്ങള്‍ക്ക് സാഹിത്യമായി തിരിച്ചുനല്‍കുന്നത്' എന്നു പറയുന്ന ബെന്യാമിന്‍ എഴുത്തിലൂടെ വിഷാദത്തെ മറികടക്കാന്‍ ശ്രമിക്കുന്നു.

ഈ പുസ്തകം നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. തെളിമയുള്ള ദര്‍ശനമാണ് ബെന്യാമിന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം ഒന്നും കാണാതിരിക്കുന്നില്ല.

(അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു - ബെന്യാമിന്‍ - ഗ്രീന്‍ ബുക്സ്)

You can share this post!

രണ്ടു യാത്രകള്‍

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts