news-details
എഡിറ്റോറിയൽ

എല്ലാവരും എന്താ നിന്‍റെ പിന്നാലെ

മഹനീയമായ ഒരാദര്‍ശമല്ല മറിച്ച് ജീവിതം ക്രമപ്പെടുത്തേണ്ട ചട്ടങ്ങളാണ് സുവിശേഷമെന്ന് തോന്നിത്തുടങ്ങിയ കാലത്താണ് ഫ്രാന്‍സീസ് എന്‍റെയും പ്രിയപ്പെട്ട പുണ്യവാളനാകുന്നത്. ക്രിസ്തുവിനെ അഗാധമായി പ്രണയിച്ച് അവന്‍റെ വാക്കുകളെ (സുവിശേഷത്തെ) അക്ഷരംപ്രതി ഗൗരവമായി എടുത്തുകൊണ്ട്, ചുണ്ടിലൊരു ഗാനവും നൃത്തച്ചുവടുകളുമായി ആനന്ദത്തോടെ സുവിശേഷം ജീവിച്ച ഫ്രാന്‍സിസ് 800 വര്‍ഷങ്ങള്‍ക്കു പിന്നില്‍ നിന്ന് വന്ന് എന്നെയും തൊട്ടു, നിങ്ങളെയൊക്കെ തൊട്ടപോലെ. ഇപ്പോഴും നമ്മെ തൊടുന്നുണ്ട് അയാള്‍.

"എല്ലാവരും എന്താ നിന്‍റെ പിന്നാലെ" (why after you Francis) എന്ന് സഹോദരന്‍ മാസ്സെയോ ഫ്രാന്‍സിസിനോട് ചോദിക്കുന്നുണ്ട്. തന്‍റെ അനുഗ്രഹങ്ങള്‍കൊണ്ട് ലോകത്തിലെ ശക്തന്മാരെയും ഉന്നതന്മാരെയും ലജ്ജിപ്പിക്കാന്‍ ഏറ്റവും നിസ്സാരനായ തന്നെ ദൈവം തിരഞ്ഞെടുക്കുകയായിരുന്നു എന്നും, ദൈവകൃപയില്‍നിന്ന് തനിക്ക് സാധ്യമായതിലും പുണ്യപൂര്‍ണത ഏതൊരാള്‍ക്കും സാധ്യമാണെന്നതിന് താനൊരു ദൃഷ്ടാന്തം മാത്രമെന്നും മറുപടി പറഞ്ഞ് ഫ്രാന്‍സിസ് വിനീതനാകുന്നു.  

തനിക്ക് ഏറ്റവും ശ്രേഷ്ഠമെന്ന് തോന്നിയതിന്‍റെ പിന്നാലെ ആയിരുന്നു ഫ്രാന്‍സിസ് എപ്പോഴും സഞ്ചരിച്ചിരുന്നത്. ചെറുപ്പത്തില്‍ പ്രായത്തിന്‍റെ മോഹങ്ങളും തെല്ലുമുതിരുമ്പോള്‍ പ്രഭു പദവിയൊക്കെയായിരുന്നു അത്. ദൈവം അയാളെ യജമാനന്‍ ആര്, ഭൃത്യനാര് എന്ന ചില ചോദ്യങ്ങള്‍ കൊണ്ട് ഉലച്ച്, തനിക്ക് ഏറ്റവും ശ്രേഷ്ഠവുമായത് ദൈവമാണെന്ന് തിരിച്ചറിവിലെത്തിക്കുന്നുണ്ട്. ദൈവമയാളെ പിടികൂടിയശേഷം പിന്നീടെല്ലാം ദൈവമായിരുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള അന്വേഷണങ്ങളും അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയുമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. ഏതൊരന്വേഷിയേയും മോഹിപ്പിക്കുന്ന ജീവിത സാധന.

ഫ്രാന്‍സിസിന് എല്ലാം വളരെ ലളിതവും വ്യക്തവുമായിരുന്നു. അത് അങ്ങനെയാകുവോളം പ്രാര്‍ത്ഥനയോടെ കാത്തിരിക്കാന്‍ മടിയുമില്ലായിരുന്നു. താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ അതിന് ജീവിതം കൊടുത്തു കഴിഞ്ഞു. അങ്ങനെ എല്ലാം വളരെ ലളിതമായി കണ്ടതുകൊണ്ടാണ് ഫ്രാന്‍സിസും ഫ്രാന്‍സിസ്കന്‍ ജീവിത ശൈലിയും മനുഷ്യഹൃദയങ്ങളില്‍ ഇത്രയും ഇടം കണ്ടെത്തിയത്.

ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവം ഫ്രാന്‍സിസിന് വളരെ ലളിതമായ ഒരനുഭവമായിരുന്നു. അതുകൊണ്ട് തന്നെ ക്രിസ്തു പഠിപ്പിച്ചതുപോലെ പിതാവേ എന്ന് ആ പരമസ്നേഹചൈതന്യത്തെ വിളിക്കാന്‍ അയാള്‍ക്ക് ദൈവശാസ്ത്രവിചിന്തനങ്ങളോ യുക്തിഭദ്രതയോ ആവശ്യമായിരുന്നില്ല. ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ഈശോ എന്തു പഠിപ്പിച്ചു, സുവിശേഷം എന്തു പറയുന്നു എന്നതിനപ്പുറം കാര്യകാരണങ്ങള്‍ ആവശ്യമില്ലായിരുന്നു. അയാളുടെ മുഴുവന്‍ കാരണവും (Reasons) ക്രിസ്തുവായിരുന്നു.

നൈയാമികമായ ഒരടിത്തറ തന്‍റെ സമൂഹത്തിന് വേണം എന്ന ആവശ്യം നേരിട്ടപ്പോള്‍ എത്രനിസ്സാരമായാണ്, "വാ നമുക്ക് സുവിശേഷം നോക്കാം" എന്ന് ഫ്രാന്‍സിസ് പറയുന്നത്. അങ്ങനെ, മുതിര്‍ന്ന് പോയി എന്ന് സ്വയംകരുതുന്ന നമുക്ക് വിചിത്രവും ബാലിശവുമായി തോന്നാവുന്ന നിഷ്കളങ്കതയോടെ  സുവിശേഷം തുറന്ന് ഇപ്രകാരം വായിക്കുന്നു.

"പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക" (Mt. 19.21). "യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്" (Mt. 10/10). "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (Lk. 9/23). എന്നിട്ട് ആനന്ദത്തോടെ വിളിച്ചു പറയുന്നു. ഇതാണ് വേണ്ടത്, ഇതാണ് ഞാന്‍ തെരഞ്ഞെത്, ഇതാണ് നമ്മുടെ നിയമം. ആദ്യനിയമം റോമിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചപ്പോഴും അതുതന്നെയായിരുന്നു കുറവായി ചൂണ്ടിക്കാട്ടിയത്. ഇത് കുറേ ബൈബിള്‍ വചനങ്ങള്‍ മാത്രമാണല്ലോ. ഇതാണ് ദൈവം തനിക്ക് വെളിപ്പെടുത്തിയ ജീവിതശൈലി ഇതല്ലാതെ മറ്റൊന്നും ആവില്ല, ദൈവത്തെ ധിക്കരിക്കാന്‍ തനിക്കാവില്ലയെന്ന് ഫ്രാന്‍സിസ് പറയുന്നു. തനിക്കു വെളിപ്പെട്ടുകിട്ടിയ ജീവിത രീതി വളരെ ലളിതമായിരിക്കുന്നതുപോലെ തന്‍റെ സഹോദരന്മാര്‍ക്കു കൈമാറി വ്യാഖ്യാനങ്ങളില്ലാതെ സ്വീകരിക്കാന്‍ പഠിപ്പിച്ചു. ഒത്തിരി വ്യാഖ്യാനങ്ങള്‍ക്കു ശേഷവും ഞങ്ങള്‍ക്കിത് ജീവിക്കാനാകുന്നില്ലല്ലോ എന്നൊരു സങ്കടം ബാക്കി.

സമ്പന്നതയുടെ, പ്രാമാണ്യത്വത്തിന്‍റെ സുഖപരതയുടെ ഔന്നത്യത്തില്‍ നിന്ന് കണ്ണുംപൂട്ടിയുള്ള എടുത്തുചാട്ടമായിരുന്നു ഫ്രാന്‍സിസിന്‍റേത്. അരക്ഷിതാവസ്ഥകളിലേക്കും, ദാരിദ്ര്യത്തിലേക്കും, വേദനകളിലേക്കും, നിന്ദനങ്ങളിലേക്കുമൊക്കെ... താഴെ താഴ്വാരത്തില്‍ പീഡിതരുടെയും ദരിദ്രരുടെയും നിസ്സാരരായവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കൂടെ പീഡിതനും നിന്ദിതനുമായി ക്രിസ്തുവുണ്ടെന്നും ആ ക്രിസ്തുവാണ് തന്‍റെ സ്നേഹമെന്നും മാര്‍ഗ്ഗമെന്നുമുള്ള ഉറച്ച ബോധ്യത്തോടെയുള്ള എടുത്തുചാട്ടം. പക്ഷേ അത് ആ കാലത്ത്, എല്ലാകാലത്തുമെന്നപോലെ, ഒരു ഭോഷത്തമായി കരുതപ്പെട്ടു. എങ്കിലും ആ ഭോഷത്തം ആയിരുന്നു സത്യമെന്ന് കാലം തെളിയിക്കുന്നു.

പെട്ടെന്ന് ഒരുനാള്‍ വിശുദ്ധനായി മാറിയ ഒരാളായിട്ടല്ല ഫ്രാന്‍സിസിനെ ചരിത്രം നമുക്കു പരിചയപ്പെടുത്തുക. നടക്കാന്‍ പഠിക്കുന്ന കുട്ടിയെ കണക്ക് ഒരുപാട് വീണ്, ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി, ഒത്തിരി തോറ്റ്, നിരന്തരം പ്രലോഭിതനായി നമ്മളെപ്പോലെ ജീവിച്ച, എന്നാല്‍ ഒരിക്കലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ, ദൈവം തോല്‍ക്കരുതെന്ന് വാശിയുള്ള ഒരു പടയാളിയെപ്പോലെ പൊരുതി ജയിച്ചു. എത്രയേറെ വീണിട്ടും തകര്‍ന്നിട്ടും പിന്നെയും എഴുന്നേറ്റ് ആ സ്നേഹത്തിനു പിന്നാലെ ഓടിയ, പൊട്ടിച്ചിരികള്‍കൊണ്ടും നൃത്തംകൊണ്ടും ആനന്ദത്തോടെ ആ സ്നേഹത്തെ ഉദ്ഘോഷിച്ച, ഉന്മാദിയെപ്പോലെ ആ ചൈതന്യത്തെ പ്രണയിച്ച ഫ്രാന്‍സിസ് ആരെയാണ് മോഹിപ്പിക്കാത്തത്. നമ്മളെപ്പോലെ നന്മയ്ക്കും തിന്മയ്ക്കുമിടയില്‍ നിരന്തരം വിഭജിക്കപ്പെട്ട ഒരാള്‍. ഫ്രാന്‍സിസ് നമ്മുടെയും ഉള്ളിലെ ഒരു സാധ്യതയാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് അസ്സീസിയിലെ ഈ ദരിദ്ര ഭിക്ഷുവിനോട് നമുക്കിത്രയും ഇഷ്ടം തോന്നുന്നത്.

എത്രപറഞ്ഞാലും എഴുതിയാലും മതിവരാത്ത, മടുപ്പു തോന്നാത്ത കഥകളില്‍ പിന്നെയും തളിര്‍ക്കുന്ന ഫ്രാന്‍സിസിനെക്കുറിച്ച് ബോബിയച്ചന്‍, തന്‍റെ ആന്തരിക ലോകത്തെ പ്രകാശിപ്പിക്കുന്ന ഫ്രാന്‍സിസിനെക്കുറിച്ച് വി.ജി. തമ്പി, കവിതയായി ജീവിച്ച ഫ്രാന്‍സിസിനെക്കുറിച്ച് സുനില്‍.സി.ഇ. എന്നിവരും ഈ ലക്കത്തില്‍ നമ്മോട് സംവദിക്കുന്നു.
ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ആശംസകള്‍...

You can share this post!

ലാവണ്യമുള്ളവര്‍

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts