news-details
ധ്യാനം

സ്വര്‍ഗ്ഗം നമ്മുടെ മുമ്പില്‍

ദൈവത്തിന്‍റെ വലതുകരം ഫ്രാന്‍സിസിനെ സ്പര്‍ശിച്ചപ്പോള്‍ അന്നുവരെയുണ്ടായിരുന്ന മനോഭാവങ്ങളില്‍ സമ്പൂര്‍ണ്ണമായ മാറ്റം വന്നു. ലോകസുഖങ്ങളുടെ ആഴങ്ങളില്‍ പരിസരം മറന്നു മുങ്ങിപ്പോയ ഫ്രാന്‍സിസ് പുതിയ മനുഷ്യനായി മാറി. കണ്ണുകളെ പ്രകാശിപ്പിക്കുന്ന സ്വര്‍ഗ്ഗീയമായ ഒരു നിശബ്ദതയിലേക്കു ഫ്രാന്‍സിസ് പ്രവേശിച്ചു. ദൈവികരഹസ്യങ്ങളുടെ മേല്‍ ഹൃദയം പതിപ്പിക്കുവാന്‍ നിശബ്ദത ഫ്രാന്‍സിസിനെ സഹായിച്ചു. അദ്ദേഹത്തിന്‍റെയുള്ളില്‍ ദൈവത്തിനൊരിടമുണ്ടെന്നും ആ 'ഇടം' തിരിച്ചറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ദൈവത്തിന്‍റെ ശാന്തമായ മത്സരങ്ങള്‍ ഫ്രാന്‍സിസ് അനുഭവിച്ചു തുടങ്ങി. നിശബ്ദതയെ അദ്ദേഹം ആഴമായി സ്നേഹിച്ചു.

ഓരോരുത്തര്‍ക്കും അവനവന്‍റെ ലോകം പണിയുവാനുള്ള അവസരം ദൈവം നല്‍കുന്നു. നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ചു സ്വര്‍ഗ്ഗമോ, നരകമോ നമുക്കു പണിയാം. ജീവിതം ഒരു സമ്മാനമാണ്. ഒരുപാടു സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സമ്മാനം. മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുവാനുള്ളതാണ് ഈ ജീവിതമെന്ന് ഓരോരുത്തരും തിരിച്ചറിയണം. ഈ തിരിച്ചറിവ് ഫ്രാന്‍സിസിനെ തിരിച്ചു നടത്തി. ക്രിസ്തുവിനും, മനുഷ്യവംശത്തിനുമായി തന്നെത്തന്നെ കൊടുത്തു തീര്‍ക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. ആ തിരുമാനം പ്രവൃത്തിപഥത്തിലെത്തിച്ചു.

സമൂഹത്തില്‍ ഒരു മാടമ്പിയായി തെളിഞ്ഞു നില്‍ക്കുവാനാഗ്രഹിച്ചവനായിരുന്നു ഫ്രാന്‍സിസ്. യുദ്ധത്തിലെ പരാജയവും, പെറൂജിയായിലെ ജയില്‍വാസവും മറ്റൊരു ലോകത്തിലേയ്ക്ക് ഫ്രാന്‍സിസിനെ എത്തിച്ചു. ഉള്ളിലേക്കും പുറത്തേക്കുമുള്ള ഒരു യാത്ര ഫ്രാന്‍സിസ് ആരംഭിച്ചു. തന്‍റെ ശൂന്യതയെ കാണുവാനും ദൈവത്തിന്‍റെ വലിയ ശക്തിയെ തിരിച്ചറിയുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അപ്പൂലിയായിലേക്കുള്ള യുദ്ധവഴിയില്‍ നേരിട്ട "യജമാനനെയാണോ ഭൃത്യനെയാണോ സേവിക്കേണ്ടത്" എന്ന ചോദ്യം ഹൃദയത്തില്‍ ആഴമായി പതിഞ്ഞു. ഇന്നുവരെ സേവിച്ചത് ഭൃത്യനെയാണെന്നും ഇതുവരെ യജമാനനെ സേവിച്ചിട്ടില്ലെന്നും മനസ്സിലായി. ആ നിമിഷം മുതല്‍ യജമാനനു തൃപ്തികരമായവ ചെയ്യുവാന്‍ ഫ്രാന്‍സിസ് ശ്രമിച്ചു. തന്നില്‍നിന്നു തന്നെ സ്വയം ഓടി ഒളിക്കുന്നവന് സ്വയം കണ്ടെത്താനാവില്ല. അവന്‍ അവന്‍റെ കവചങ്ങള്‍ കളയണം. അഹന്തയുടെ കുതിരപ്പുറത്തു നിന്നും താഴെ വരണം. വീണ്ടും പുത്തനായി ആരംഭിക്കണം. സൂര്യനുദിക്കുന്നതുപോലെ ഓരോ ദിവസവും പുത്തനാകണം. ട്രാക്ക് ഉള്ള റോഡാണ് ജീവിതം. ജീവിതട്രാക്കിലൂടെ കൃത്യമായി ഓടി ലോകത്തെ നവീകരിക്കണം. ആ ഓട്ടം ഫ്രാന്‍സിസ് ആരംഭിച്ചു. പിമ്പില്‍ ഉപേക്ഷിച്ച ലോകവും മുമ്പില്‍ ക്രൂശിതന്‍റെ മുഖവും തെളിഞ്ഞു നിന്നു. ഫ്രാന്‍സിസ് മുമ്പിലേക്ക് നോക്കി ഓട്ടമാരംഭിച്ചു.

ക്രിസ്തുവിനെപ്പോലെ ജീവിക്കുവാന്‍ സഹോദരന്മാര്‍ അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മനസ്സിലാക്കി. വ്യത്യസ്തമായ സ്വഭാവമുള്ളവന്‍ എന്‍റെ വ്യക്തിത്വത്തെ നശിപ്പിക്കുകയല്ല മറിച്ച് ധന്യമാക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു. ആ വിശ്വസാഹോദര്യം വളര്‍ന്ന് വന്ന് സകല സൃഷ്ടികളെയും സ്വാധീനിക്കുന്നു. ആ സാഹോദര്യത്തില്‍ ഫ്രാന്‍സിസും ക്ലാരയുമെല്ലാം ഒന്നായി. ചുറ്റിസഞ്ചരിച്ച യേശുവിനെപ്പോലെ ഫ്രാന്‍സിസും സഹോദരന്മാരും യാത്ര ചെയ്തു. നിശബ്ദതയില്‍ പ്രാര്‍ത്ഥിച്ച യേശുവിനെപ്പോലെ ക്ലാരയും സഹോദരിമാരും പ്രവര്‍ത്തിച്ചു. ആ മനോഹരമായ സാഹോദര്യബന്ധങ്ങള്‍ ഒരു ജനത്തെ സ്വാധീനിച്ചു. ബഥാനിയായിലെ മറിയത്തെപ്പോലെ ക്ലാരയും സഹോദരിമാരും കര്‍ത്താവിന്‍റെ പാദത്തിലിരുന്നു വചനം ശ്രവിച്ചു. ധ്യാനിച്ചും കര്‍ത്താവുമായുള്ള ബന്ധത്തില്‍ തടസ്സം നില്‍ക്കുന്നതെല്ലാം ഫ്രാന്‍സിസ് ഉപേക്ഷിച്ചു. അതായിരുന്നു ഫ്രാന്‍സിസ്കന്‍ ദാരിദ്ര്യം. തന്‍റെ പ്രതീക്ഷയ്ക്കൊത്തുയരാത്തവരെയും ഫ്രാന്‍സിസ് നെഞ്ചോടു ചേര്‍ത്തു പിടിച്ചു. പുതിയ ലോകക്രമത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാതൃക ഫ്രാന്‍സിസില്‍ ലോകം ദര്‍ശിച്ചു.

പോര്‍സ്യുങ്കുല ദേവാലയത്തില്‍ ഫ്രാന്‍സിസിന്‍റെ സ്നേഹസമൂഹം രൂപമെടുത്തു. ആരും പോകാത്തിടത്തും ചെല്ലാത്തിടത്തും ഫ്രാന്‍സിസും സഹോദരന്മാരും എത്തി. സുല്‍ത്താന്‍റെ കൊട്ടാരത്തില്‍ ധൈര്യത്തോടെ കടന്നുചെന്ന് ക്രിസ്തുവിനെ പ്രഘോഷിച്ച ഫ്രാന്‍സിസിനെ ലോകം അത്ഭുതത്തോടെ നോക്കി നിന്നു. അപരനിലൊളിഞ്ഞിരിക്കുന്ന സത്യത്തെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ പ്രേഷിത ദൗത്യമെന്ന് ഫ്രാന്‍സിസ് നമ്മെ പഠിപ്പിച്ചു.

യേശുവിന്‍റെ വചനത്തെ പിന്തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് പലരും ഭയപ്പെടുന്നു. യേശുവിന്‍റെ വചനത്തില്‍ നിന്നും ഭയം പലരെയും അകറ്റുന്നു. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടാ എന്ന ദൈവവചനം ഫ്രാന്‍സിസിനെ സ്പര്‍ശിച്ചു. പക്ഷികളോടും പൂക്കളോടും അദ്ദേഹം സംസാരിച്ചു. വലിയ കല്ലുകള്‍ക്കുള്ളിലെ ഗുഹ പര്‍ണ്ണശാലയായി കണ്ടെത്തി. അറിവില്‍ നിന്നുയരുന്ന ശൂന്യമായ വാക്കില്‍ നിന്നും പ്രകൃതി പഠിപ്പിച്ച വാക്കുകള്‍കൊണ്ട് ഹൃദയം നിറഞ്ഞു. ദൃശ്യപ്രപഞ്ചം ദൈവത്തിന്‍റെ വെളിപാടുപുസ്തകമാക്കി അദ്ദേഹം വായിച്ചു ധ്യാനിച്ചു. അര്‍ത്ഥമില്ലാത്ത സന്തോഷം നല്‍കുന്ന പലതും നമ്മുടെ ചുറ്റിലുണ്ട്. അവയെ ഉപേക്ഷിക്കുമ്പോഴാണ് സ്വര്‍ഗ്ഗീയ ആനന്ദം നമുക്കു ലഭിക്കുകയെന്ന് അസ്സീസിയിലെ വിശുദ്ധന്‍ സ്വജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നു.
ഒരിക്കല്‍ക്കൂടി ഒക്ടോബര്‍ 4-ന് ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ മറക്കാതിരിക്കാം. ദൈവത്തിലേക്ക് ദൃഷ്ടികളുയര്‍ത്താനും, മനുഷ്യരില്‍ മുറിവേറ്റ ക്രിസ്തുവിന്‍റെ മുഖം കണ്ടെത്താനും നമുക്കു കഴിയട്ടെ. ആരെയും വെറുക്കാതെ ഉപേക്ഷിക്കാതെ ക്രിസ്തുവില്‍ ഒന്നായി കാണാം. മതിലുകളില്ലാത്ത യുദ്ധമില്ലാത്ത ഒരു സ്നേഹസമൂഹത്തിന്‍റെ വളര്‍ച്ചക്കായി നമുക്കു പരിശ്രമിക്കാം. ഏതു ചെറിയ കാര്യത്തിലും യജമാനന്‍റെ മനസ്സ് മനസ്സിലാക്കി നമുക്കു ജീവിക്കാം.

You can share this post!

ബുദ്ധിക്കപ്പുറം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts