news-details
ഇടിയും മിന്നലും

കഴുകിയിട്ടിരുന്ന തുണിയെല്ലാം അല്‍പം വെയിലുകിട്ടിയപ്പോള്‍ ഉണങ്ങാന്‍ വിരിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു ഒരുകാറുവന്നു പുറത്തു നിറുത്തിയത്. അതില്‍നിന്നും ഒരു വൃദ്ധന്‍ ബദ്ധപ്പെട്ട് ഇറങ്ങുന്നതുകണ്ടപ്പോള്‍ വേഗം അങ്ങോട്ടിറങ്ങിച്ചെന്നു വിവരമന്വേഷിച്ചു.

"നേരിട്ടു പരിചയമില്ല. ജോസുവെട്ടിക്കാട്ടച്ചനെ അന്വേഷിച്ചുവന്നതാണ്. കട്ടപ്പനയിലാണെന്നറിഞ്ഞ് അവിടെച്ചെന്നപ്പോള്‍ അവിടെനിന്നുംമാറി, ഇവിടെയാണെന്നുപറഞ്ഞു വഴീംപറഞ്ഞുതന്നു. അങ്ങനെ എത്തിയതാ. അദ്ദേഹമിവിടെയുണ്ടോ?"

"ആളിവിടെത്തന്നെയുണ്ട്, കയറിയിരിക്കാം."

"മകനാണു വണ്ടിയോടിക്കുന്നത്, അവനൂടെ ഒന്നു വന്നോട്ടെ." നടക്കാന്‍ ബുദ്ധിമുട്ടുളളതുകൊണ്ടു സഹായത്തിനാണെന്നു മനസ്സിലായി.

"നടക്കാന്‍ സഹായത്തിനാണെങ്കില്‍ ഞാന്‍പിടിച്ചോളാം, വാ." ആളു കൈ നീട്ടിത്തന്നു, പിടിച്ചുനടത്തി കയറ്റിയിരുത്തി. നാടുംവീടുമൊക്കെ ചോദിച്ചറിഞ്ഞപ്പോള്‍ ഈ കോവിഡു കാലത്ത് ഇത്രയും ദൂരം കഷ്ടപ്പെട്ടു യാത്രചെയ്തതോര്‍ത്ത് വിഷമംതോന്നി. അപ്പോളേക്കും മകനും കയറിവന്നു.

"ഒന്നു വിളിച്ചുചോദിച്ചിട്ടു വന്നിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നല്ലോ."
"അതു ഞാന്‍ പറഞ്ഞതായിരുന്നു. അന്നേരം ഇവനാ പറഞ്ഞത്, എല്ലാടത്തും കൊറോണാ ആയതുകൊണ്ട് വിളിച്ചുചോദിച്ചാല്‍ അച്ചന്‍ കാണാന്‍ വരാന്‍ സമ്മതിക്കത്തില്ല. നേരെയങ്ങു ചെല്ലാമെന്ന്. അച്ചനെ ഒന്നു വിളിക്കാമോ?"

"ഞാന്‍ നേരത്തെ പറഞ്ഞില്ലേ, അച്ചന്‍ ഇവിടെത്തന്നെയുണ്ടെന്ന്, ഇനിയെന്തിനാ വിളിക്കുന്നത്?" ഞാന്‍ ചിരിച്ചപ്പോളാണ് ആള്‍ക്കു കാര്യം മനസ്സിലായത്.

"ഈശോയേ, ഞാനോര്‍ത്തത് ഒത്തിരി പ്രായമുള്ളയാളാ അച്ചനെന്നാ."

"പ്രായമൊക്കെ ഒത്തിരി ഒണ്ടന്നേ, അതുപോട്ടെ, എന്തായിരുന്നു വന്നകാര്യം?"

"എന്‍റെയൊരു വിഷമം പറയാനായിരുന്നു. എന്‍റെ മൂത്തമകന്‍റെ കാര്യമാണ്. ഒത്തിരിനാളുമുമ്പ് അച്ചനവനെ അറിയാമായിരുന്നു. ഇപ്പോ മറന്നുപോയിക്കാണും. അവനിപ്പോള്‍ ഒരുവര്‍ഷമായിട്ട് ഒരു വൃദ്ധമന്ദിരത്തില്‍ സഹായിയായിട്ടു .." ഒട്ടും പ്രതീക്ഷിക്കാതെ തോളില്‍കിടന്ന ടര്‍ക്കിയില്‍ മുഖംമറച്ച് ആളു തേങ്ങാന്‍തുടങ്ങി.

"ഇനി ചാച്ചന്‍ മിണ്ടണ്ടാ, ഞാന്‍ പറഞ്ഞോളാം. അച്ചാ, ഞങ്ങളു മൂന്നുമക്കളാണ്. ഞാന്‍ ഇളയമകനാണ്. ഇളയ പെങ്ങളെയും കെട്ടിച്ചു. ഞാനും കല്യാണംകഴിച്ചതാണ്. എന്‍റെകൂടെയാണ് ചാച്ചനും ചേട്ടനും. ചാച്ചന്‍റെയീ കരച്ചിലുകണ്ടു ഞാന്‍ മടുത്തു. അമ്മ മരിച്ചിട്ട് ഒരുകൊല്ലമായി. അതു കഴിഞ്ഞപ്പോള്‍ മുതലാണ് ഇത്രയും കൂടുതലായത്. 'മരിക്കാറായി, കണ്ണുനീരോടെ കണ്ണടയേണ്ടിവരു'മെന്നും പറഞ്ഞാണ് കരച്ചില്. അതുകൊണ്ടാണ് ചാച്ചനേം കൂട്ടി ഞാന്‍വന്നിരിക്കുന്നത്."

വളരെ വിചിത്രമായ ഒരു കേസുകെട്ടായിരുന്നു തുടര്‍ന്ന് അപ്പനുംമകനുംകൂടെ ഒരുമണിക്കൂറുകൊണ്ടു പറഞ്ഞുതീര്‍ത്തത്. രണ്ടു കുട്ടികളായതിനുശേഷം വിവാഹബന്ധംപിരിഞ്ഞയാളാണ് മൂത്തമകന്‍. വിദേശത്തായിരുന്നു. ഉന്നത വിദ്യാഭ്യാസമുണ്ട്. യാതൊരു ദുശ്ശീലങ്ങളുമില്ല. ബന്ധംതകര്‍ന്നു നാട്ടിലെത്തിക്കഴിഞ്ഞ് വീട്ടില്‍തന്നെയായിരുന്നു. സാമാന്യം നല്ല സാമ്പത്തികമുള്ളതുകൊണ്ട് വേറെ ജോലിക്കൊന്നും പോയില്ല.

മകളുടെ കല്യാണം കഴിഞ്ഞ് അപ്പന്‍ സ്വത്ത് രണ്ട് ആണ്‍മക്കള്‍ക്കുമായി വീതംവച്ച് വില്‍പത്രമെഴുതിയപ്പോള്‍ മൂത്തമകന്‍ അതിനു സമ്മതിച്ചില്ല. മരണംവരെ ആ വീട്ടില്‍താമസിക്കാനുള്ള അനുവാദമല്ലാതെ മറ്റെന്തെങ്കിലും തന്‍റെപേരില്‍ വില്‍പത്രത്തില്‍ എഴുതിയാല്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുമെന്നുവരെ അയാള്‍ ശാഠ്യംപിടിച്ചപ്പോള്‍ അപ്പന് വില്‍പത്രം തിരുത്തേണ്ടിവന്നു. മാത്രമല്ല, അപ്പന്‍റെ പേരില്‍വച്ചിരുന്നതുപോലും കാലശേഷം ഇളയ അനുജനുമാത്രമവകാശപ്പെട്ടതായിരിക്കുമെന്ന് അവന്‍ എഴുതിപ്പിച്ചു.

അനുജന്‍റെ മക്കള്‍ക്ക് അവരുടെ അപ്പനേക്കാളും സ്നേഹം ഇയാളോടായിരുന്നു. അവര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും റ്റ്യൂഷന്‍ കൊടുത്തിരുന്നതും ഇയാളായിരുന്നു. അമ്മ മരിച്ച് അധികംകഴിയുംമുമ്പ്, എവിടെയാണു പോകുന്നതെന്നു പറയാതെ അയാള്‍ പതിവില്ലാതെ പലപ്പോഴും പുറത്തുപോയി ചിലപ്പോളൊക്കെ ഒരുദിവസം വൈകിയായിരുന്നു തിരിച്ചു വരാറുണ്ടായിരുന്നത്. പെട്ടെന്നൊരുദിവസം, ഒരാഴ്ചത്തേയ്ക്ക് ഒരു ധ്യാനത്തിനു പോകുവാണെന്നുംപറഞ്ഞ് സ്യൂട്കേസുമായി പോയി. എന്തൊക്കെയോ അയാള്‍ ഒളിക്കുന്നു എന്നു തോന്നിയതുകൊണ്ട് പിറ്റെദിവസം ചേട്ടന്‍ പോകുമെന്നു പറഞ്ഞിരുന്ന ധ്യാനമന്ദിരത്തിലേക്കു അപ്പന്‍ അനുജനെ പറഞ്ഞുവിട്ടു. അവനവിടെ ചെന്നന്വേഷിച്ചപ്പോള്‍ അവിടെ ഒരിക്കലും അങ്ങനെ ഒരാള്‍ എത്തിയിട്ടില്ല എന്നറിഞ്ഞു. മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. അറിയാമായിരുന്ന എല്ലാ ധ്യാനമന്ദിരങ്ങളിലും രണ്ടുദിവസംകൊണ്ട് അന്വേഷിച്ചിട്ടു ഫലമുണ്ടായില്ല. കേസുകൊടുത്തും പരസ്യപ്പെടുത്തിയും വലിയവിഷയമാക്കാതെ ഒരാഴ്ച കാത്തിരിക്കാന്‍തന്നെ അവരു തീരുമാനിച്ചു. പക്ഷേ ആ ദിവസങ്ങളില്‍ ഒറ്റദിവസവും അപ്പന്‍ ഉറങ്ങിയിട്ടില്ലായിരുന്നു. ആറാംദിവസം രാവിലെ ആളു തിരിച്ചുവന്നു, പക്ഷേ സ്യൂട്കേസ് കൈവശമില്ലായിരുന്നു. അതിനെപ്പറ്റിചോദിച്ചപ്പോള്‍ ഒരാഴ്ചകഴിഞ്ഞ് ഒന്നുകൂടെ ധ്യാനിക്കണം എന്നുണ്ട്, അതുകൊണ്ട് അതവിടെത്തന്നെ വച്ചിട്ടുപോന്നു എന്നുപറഞ്ഞു. കള്ളമാണു പറഞ്ഞതെന്നറിയാമായിരുന്നെങ്കിലും അപ്പോള്‍ കൂടുതലൊന്നും ആരും ചോദിച്ചില്ല. എങ്കിലും, ചേട്ടനും അനിയനും തമ്മില്‍ ഒന്നും ഒളിക്കാറില്ല എന്നറിയാമായിരുന്നതുകൊണ്ട് എങ്ങനെയെങ്കിലും ചേട്ടന്‍റെ അടുത്തുകൂടി സത്യം അറിയണമെന്ന് അപ്പന്‍ ഇളയവനോടു പറഞ്ഞു. ഉച്ചയ്ക്ക് ഉണ്ടുകൊണ്ടിരുന്നപ്പോള്‍ മക്കളെയുംകൂട്ടി കനാലില്‍ ചൂണ്ടയിടാന്‍ പോകാന്‍ ചേട്ടന്‍ പ്ലാനിടുന്നതു കേട്ടപ്പോള്‍ അതിനൊരു അവസരവും വീണുകിട്ടി. അവരു ചൂണ്ടയുമായിപോയി കുറെക്കഴിഞ്ഞപ്പോള്‍ അനിയനും പിന്നാലെചെന്നു. കുട്ടികളെ ചൂണ്ട ഏല്‍പിച്ച് ചേട്ടനെ മാറ്റിനിര്‍ത്തി ധ്യാനമന്ദിരങ്ങളിലെല്ലാം തെരഞ്ഞകാര്യവും അപ്പന്‍റെ ഉറങ്ങാത്ത രാത്രികളെപ്പറ്റിയുമൊക്കെ പറഞ്ഞപ്പോള്‍ ചേട്ടന്‍ സത്യംപറഞ്ഞു. ധ്യാനത്തിനൊന്നുമല്ല പോയതെന്നും, ഒരു വൃദ്ധമന്ദിരത്തില്‍ സേവനത്തിനു പോയതായിരുന്നെന്നും ഇനിയും അങ്ങോട്ടുതന്നെ പോകാനാണു പ്ലാനെന്നുമെല്ലാം. വിവരമറിഞ്ഞ്, പോകരുതെന്ന് അപ്പന്‍ ഒരുപാടു നിര്‍ബ്ബന്ധിച്ചെങ്കിലും, എപ്പോള്‍ വേണമെങ്കിലും വരാമല്ലോ എന്ന ന്യായംപറഞ്ഞ് പിറ്റത്തെ ആഴ്ച അയാള്‍ പോകുകതന്നെചെയ്തു. അതു രണ്ടാഴ്ചനീണ്ടു. പിന്നീടത് രണ്ടുമാസമായി. ഇപ്പോള്‍ വീട്ടില്‍വന്നിട്ട് ആറുമാസമായി. ആരുമായും യാതൊരു പ്രശ്നവുമില്ലാതാനും. പലരെക്കൊണ്ടും പറയിപ്പിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

പത്തിരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, കുടുംബബന്ധം തകര്‍ന്നു തിരിച്ചുനാട്ടിലെത്തയകാലത്ത് പലപ്രാവശ്യം എന്‍റെയടുത്ത് അയാള്‍ വന്നിരുന്നു എന്ന് അപ്പനറിയാമായിരുന്നു. ആ വിഷമഘട്ടത്തില്‍ അവനെ രക്ഷിച്ചതു ഞാനാണെന്ന് അയാള്‍ അപ്പന്‍റെയടുത്തു പലപ്പോഴും പറയാറുണ്ടായിരുന്നത് ഓര്‍മ്മിച്ചാണ് എന്നെ നേരിട്ടുപരിചയമില്ലെങ്കിലും പലയിടത്തും അന്വേഷിച്ച് ഇപ്പോള്‍ എന്‍റെയടുത്തു വന്നിരിക്കുന്നത് എന്നുപറഞ്ഞു. രണ്ട് അപേക്ഷകളാണ് ആ അപ്പനുണ്ടായിരുന്നത്. അപ്പനുള്ള കാലത്തോളമെങ്കിലും മകന്‍ വീട്ടില്‍തന്നെ താമസിക്കുക, വല്ലപ്പോഴും സേവനത്തിനു പൊയ്ക്കൊള്ളട്ടെ. രണ്ടാമത്തേത,് ഒരു ചെറിയ ഓഹരിയെങ്കിലും അവന്‍റെ പേരില്‍ എഴുതിവയ്ക്കാന്‍ അവനെക്കൊണ്ടു സമ്മതിപ്പിക്കുക.
പണ്ടെങ്ങോ കണ്ടിട്ടുള്ളതല്ലാതെ, പത്തിരുപതുകൊല്ലങ്ങളായി യാതൊരു ബന്ധവുമില്ലാത്ത, മുഖഛായപോലും ഓര്‍മ്മയില്ലാത്ത അവനെ കണ്ട് ഞാനിത് അവനെക്കൊണ്ടു സമ്മതിപ്പിക്കണം. മൊബൈല്‍നമ്പറും തന്നു. ആ വൃദ്ധപിതാവിന്‍റെ നിറകണ്ണുകള്‍ക്കുമുമ്പില്‍, ആവുന്നതുചെയ്യാമെന്നു സമ്മതിക്കുകയല്ലാതെ എനിക്കു മറ്റുമാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നു നോക്കാമെന്ന് ഉറപ്പുകൊടുത്ത് അവരെ യാത്രയാക്കി. അന്നുരാത്രിതന്നെ ഞാന്‍ അയാളെ മൊബൈലില്‍ വിളിച്ചു. എന്‍റെ പേരുപറഞ്ഞയുടനെ അയാള്‍ക്കു മനസ്സിലായി. ഞാന്‍ ഒന്നും പറയുന്നതിനുമുമ്പുതന്നെ അയാള്‍ എല്ലാം ഊഹിച്ചെടുത്തെന്നുറപ്പായിരുന്നു. കാരണം ഫോണില്‍ ഒന്നും സംസാരിക്കുന്നില്ല, നേരിട്ടുവന്നുകണ്ടുകൊള്ളാമെന്ന് ഉറപ്പുതന്നു. പറഞ്ഞദിവസംതന്നെ അയാള്‍ വരികയുംചെയ്തു.

പത്തിരുപതു വര്‍ഷത്തെ ഇടവേളയിലെ ചരിത്രമൊക്കെ സംസാരിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ വിഷയത്തിലേക്ക് വന്നു. സ്വന്തമായി ഒരു വരുമാനവുമില്ലാതെ അപ്പന്‍റെയും അനുജന്‍റെയും ചെലവില്‍ കഴിയുന്ന ബുദ്ധിമുട്ട് ഓര്‍ത്തു മാത്രമാണ് ഇങ്ങനെയൊരു സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നായിരുന്നു അയാളുടെ വിശദീകരണം. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി ഒരു സൂചനപോലും അപ്പന്‍റെയും അനുജന്‍റെയും മറ്റാരുടെയും ഭാഗത്തുനിന്നുമൊരിക്കലും ഉണ്ടായിട്ടില്ലെന്നും എല്ലാവരുമായി വളരെനല്ല ബന്ധമാണുള്ളതെന്നും, ആരുമായും യാതൊരു പ്രശ്നങ്ങളുമില്ലെന്നും അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

"താന്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാണെനിക്കിഷ്ടമെങ്കിലും സാധിക്കുന്നില്ല. എന്‍റെ കോമണ്‍സെന്‍സിന് അതപ്പാടെ അങ്ങോട്ട് അംഗീകരിക്കാന്‍ ഒരുമടി. ചികഞ്ഞുമാന്തി തനിക്കു പറയാന്‍ ഇഷ്ടമില്ലാത്തതു വല്ലതുമുണ്ടെങ്കില്‍ പറയിപ്പിക്കാന്‍ എനിക്കൊട്ടു താത്പര്യവുമില്ല. എന്നിരുന്നാലും, ഇനി ഒത്തിരി ആയുസ് ഉണ്ടാവുകയില്ലെന്ന് തനിക്കും ഊഹിക്കാവുന്ന, തന്‍റെ അപ്പന്‍റെ കണ്ണുനീരിന്‍റെ മുമ്പില്‍ ഞാന്‍ വാക്കുകൊടുത്തതുകൊണ്ട്, പരിഹരിക്കാവുന്ന മറ്റെന്തെങ്കിലും വിഷയങ്ങള്‍ തന്‍റെയീ തീരുമാനങ്ങള്‍ക്കു പിന്നിലുണ്ടെങ്കില്‍ അറിയാന്‍ ആഗ്രഹമുണ്ട്. പണ്ട് എന്‍റെയടുത്തു വരാറുണ്ടായിരുന്ന ഓര്‍മ്മയും തനിക്കുണ്ടാകുമല്ലോ."

അതുവരെയുണ്ടായിരുന്ന അയാളുടെ ജോവിയല്‍ മൂഡെല്ലാം പെട്ടെന്നു മാറി. മുഖം മ്ലാനമായി. അതു മനസ്സിലാക്കി അയാള്‍ക്കു ചിന്തിക്കാനും തീരുമാനിക്കാനും അവസരംകൊടുക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു:

"താനിവിടെയിരിക്ക്, ഞാനുടനെവരാം."

അഞ്ചാറു മിനിറ്റുകൊണ്ട് രണ്ടുകപ്പു കടുംകാപ്പിയുമുണ്ടാക്കി ഞാന്‍ തിരിച്ചുവന്നു. മിണ്ടാതെയിരുന്നു കാപ്പി ഊതിക്കുടിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ മനസ്സുതുറക്കാന്‍ തുടങ്ങി.

"ഞാന്‍ പറഞ്ഞത് അച്ചന്‍ വിശ്വസിക്കുകയില്ലെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. കൂടുതല്‍ ചോദിച്ചാലും എന്തെങ്കിലുമൊക്കെപ്പറഞ്ഞൊഴിഞ്ഞ്, പിന്നെവരാം എന്നുപറഞ്ഞു തടിതപ്പാമെന്നായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നതും. പക്ഷേ, എന്നെയോര്‍ത്തു കരയുന്ന ചാച്ചന്‍റെ കണ്ണുനീരിന്‍റെ കാര്യംപറഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത വിഷമം. ഉള്ളകാര്യം പറഞ്ഞാല്‍ ആര്‍ക്കും അതിന് പ്രതിവിധിയുമുണ്ടാക്കാനാവുകയുമില്ല. ആരും അതു വലിയകാര്യമായി ഒട്ടംഗീകരിക്കുകയുമില്ല. അതറിയാവുന്നതുകൊണ്ടാണ് ഞാന്‍ പറയാതിരിക്കുന്നതും."

"എല്ലാത്തിനും പ്രതിവിധിയുണ്ട് എന്നു ഞാനും വിശ്വസിക്കുന്നില്ല. എന്നിരുന്നാലും പ്രതിവിധിയില്ലാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തന്നെത്താനെ കണ്ടെത്തിയ വഴികൂടാതെ, ആരോടെങ്കിലുമൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ വേറെ വഴികളും കണ്ടെത്താനായേക്കാമല്ലോ; പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ഒരുതെറ്റും ചെയ്യാതെ വേദനിക്കുന്ന കുടുംബത്തിലുള്ളവരുടെ കാര്യംകൂടി കണക്കിലെടുക്കുമ്പോള്‍."

"വിവാഹബന്ധം തകര്‍ന്ന് അച്ചന്‍റടുത്തുവന്നപ്പോള്‍ ഞാന്‍ പറയാതിരുന്ന എന്‍റെതന്നെ ഒരു വീക്നെസ്സ് ഉണ്ട്. ഇനി അതുകൂടെ പറഞ്ഞാലെ ചാച്ചന്‍റെ കണ്ണുനീരിന്‍റെ ശരിക്കുള്ള കാരണം അച്ചനു മനസ്സിലാകൂ. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എല്ലാവരും എന്നെ വിളിച്ചിരുന്ന ഒരു പേരുണ്ടായിരുന്നു, 'ഒഴിച്ചില്‍'. എന്‍റെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരിക്കല്‍ അരിശപ്പെട്ട് പരസ്യമായി എന്നെ വിളിച്ച ആ പേര് കോളേജിലെ വിളിപ്പേരായി മാറിയതായിരുന്നു. നന്നായിട്ടു പഠിക്കുമായിരുന്നു. ബാഡ്മിന്‍റണിനും വോളിബോളിനും ബെസ്റ്റ് പെര്‍ഫോമര്‍ ആയിരുന്നു. പക്ഷേ ആരു നിര്‍ബ്ബന്ധിച്ചാലും ഒരിക്കലും ഒരു മത്സരത്തിലും ഞാന്‍ പങ്കെടുക്കില്ലായിരുന്നു. എന്തെങ്കിലും കാരണംപറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു. അങ്ങനെയിരിക്കെ അടുത്തടുത്തുണ്ടായിരുന്ന രണ്ടുമൂന്നു കോളേജുകളിലെ ഹോസ്റ്റലുകള്‍ തമ്മിലുള്ള മത്സരത്തിനു കളിക്കണമെന്ന് വാര്‍ഡന്‍ ഹോസ്റ്റല്‍ മീറ്റിങ്ങില്‍വച്ചു കല്‍പിച്ചപ്പോള്‍ തീരെ സുഖമില്ല, ഒഴിച്ചിലാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അരിശപ്പെട്ട് അദ്ദേഹം പറഞ്ഞു: "എല്ലാവരും വേഗം മാറിക്കൊടുക്ക്, ഈ 'ഒഴിച്ചില്‍' പുറത്തേക്കു പോകട്ടെ." ഞാന്‍ പുറത്തിറങ്ങി പോവുകയും ചെയ്തു. എങ്കിലും പേര് ഉറച്ചു: 'ഒഴിച്ചില്‍.' അച്ചനോര്‍ക്കുമായിരിക്കും അതിപ്പോള്‍ പറയാനെന്താ കാരണമെന്ന്. ഇംഗ്ലീഷ് ലിറ്ററേച്ചറിനു എംഎയ്ക്ക് അഞ്ചാം റാങ്കുണ്ടായിരുന്നു. എന്നിട്ടും പാസ്സായികഴിഞ്ഞു വീട്ടിലിരുന്നതല്ലാതെ ആരൊക്കെ നിര്‍ബ്ബന്ധിച്ചിട്ടും വേറൊന്നിനും പോയില്ല. എനിക്ക് ഒരു ജോലീം ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നച്ചാ. ഒരുപാടു വായിക്കുമായിരുന്നു. പിന്നെ അത്യാവശ്യം വീട്ടിലെ ജോലിക്കൊക്കെ കൂടും അത്രമാത്രം. കല്യാണം കഴിച്ചാല്‍ നന്നാകും എന്ന അമ്മയുടെ നിര്‍ബ്ബന്ധപ്രകാരമായിരിക്കാം ചാച്ചന്‍ കല്യാണാലോചന തുടങ്ങി. എനിക്ക് അതിനോടും വലിയ താത്പര്യം ഇല്ലായിരുന്നെങ്കിലും രണ്ടു നിബന്ധനകള്‍ ഞാന്‍വച്ചു. സ്ത്രീധനം വാങ്ങിക്കില്ല, ഏതെങ്കിലും പാവപ്പെട്ട കുടുംബത്തില്‍നിന്നുമുള്ള പെണ്ണിനെ മതി. നിവൃത്തിയില്ലാതെ അതിനു സമ്മതിച്ച് ചാച്ചന്‍ അന്വേഷണം തുടങ്ങി. കോളേജിലും ഹോസ്റ്റലിലും അഞ്ചുവര്‍ഷം ഒന്നിച്ചുണ്ടായിരുന്ന ഒരു സഹപാഠി എനിക്കുണ്ടായിരുന്നു. അത്ര അടുപ്പമുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും അവന്‍ വീട്ടില്‍ വരികയും താമസിക്കുകയും ചെയ്തിട്ടുമുണ്ടായിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ക്കും അവനെ അറിയാമായിരുന്നു. അതുകൊണ്ട് ചാച്ചന്‍ അവനോടും എന്‍റെ കല്യാണക്കാര്യം പറഞ്ഞു. അവനാണ് എന്‍റെ കല്യാണത്തിന്‍റെ ബ്രോക്കര്‍. അവനെ കുറ്റപ്പെടുത്താനില്ല. കാരണം എല്ലാം പറഞ്ഞിട്ടായിരുന്നു നീക്കങ്ങള്‍. അവന്‍റെ വീട്ടില്‍ വര്‍ഷങ്ങളായിട്ടുള്ള ആശ്രിതരായി ജോലിയും ചെയ്ത് അവരുടെ പറമ്പില്‍ താമസിച്ചിരുന്ന കൂലിപ്പണിക്കാരന്‍റെ മകളായിരുന്നു അവന്‍ കണ്ടുപിടിച്ച പെണ്ണ്. അവന്‍റെ അപ്പന്‍തന്നെ സഹായിച്ചു അവളെ ബിഎസ്സി നേഴ്സിങ് പഠിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന പെണ്ണ്. വിവാഹം കഴിഞ്ഞാല്‍ ഗള്‍ഫിനു പോവുകയും ചെയ്യാം. ജോലിയും മറ്റും ഉള്ളതുകൊണ്ട് എനിക്കു താത്പര്യമില്ലായിരുന്നെങ്കിലും, ജോലിയുണ്ടെന്നതൊഴിച്ചാല്‍ എന്‍റെ ഡിമാന്‍റുകള്‍ക്കു ചേരുമെന്നു പറഞ്ഞു ചാച്ചന്‍ വല്ലാതെ നിര്‍ബ്ബന്ധിച്ചു. തീരെ പാവങ്ങളാണ്, സ്ത്രീധനം തരാനുമില്ല. കല്യാണവും നടന്നു. എല്ലാം തകര്‍ന്നു കഴിഞ്ഞപ്പോള്‍, ചാച്ചന്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഈ കല്യാണം നടന്നതെന്ന് ഞാന്‍ പരാതി പറഞ്ഞപ്പോളൊക്കെ, ഒരിക്കലും ഗള്‍ഫില്‍ ജോലിചെയ്ത് കാശുപ്രതീക്ഷിച്ചല്ല, ജോലിയുള്ള ഒരു പെണ്ണിന്‍റെ കൂടെയാകുമ്പോള്‍ എന്‍റെ 'ഒഴിച്ചില്‍' സ്വഭാവം മാറും, ഞാന്‍ നന്നാകും എന്നായിരുന്നു ചാച്ചന്‍റെ വലിയ പ്രതീക്ഷ എന്ന് അമ്മ പല പ്രാവശ്യം എന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ചനു മനസ്സിലായിക്കാണും ചാച്ചന്‍റെ കരച്ചിലിന്‍റെ ശരിക്കുള്ള കാരണം."

"അതു ഞാന്‍ സമ്മതിക്കുന്നു. ശരിയാണ്, അതിനിനി പ്രതിവിധിയൊന്നുമില്ല. അതു ഞാന്‍ അങ്ങേരെ പറഞ്ഞുബോധ്യപ്പെടുത്താന്‍ നോക്കാം. പക്ഷെ തനിക്കു വീതംപോലും വേണ്ടെന്നു പറയുമ്പോള്‍ അതു തന്‍റെ അപ്പനോടു പകരം വീട്ടാനാണെന്നായിരിക്കില്ലേ അങ്ങേരു ചിന്തിക്കുക. അതായിരിക്കില്ലേ അങ്ങേരെ കൂടുതല്‍ വിഷമിപ്പിക്കുന്നതും?"

"അയ്യോ എന്‍റച്ചാ, ഞാനങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. അച്ചനറിയാമോ, ഇപ്പോളും രാത്രിയില്‍ എന്നെ ആരോ കൊല്ലാന്‍വരുന്നെന്നു സ്വപ്നംകണ്ടു ഞാന്‍ ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്. തകര്‍ന്നുപോയ എന്‍റെ കുടുംബചരിത്രം പണ്ടു ഞാനച്ചനോടു കുറെയൊക്കെ പറഞ്ഞിട്ടുള്ളത് അച്ചന്‍ മറന്നുപോയിക്കാണും. ഇപ്പോള്‍ വേണമെങ്കിലും എന്നെ കുടുക്കാന്‍പറ്റുന്ന ഒന്നാന്തരം തെളിവുകള്‍ അവളുടെ കൈയ്യിലുണ്ടച്ചാ.

ഞങ്ങളുടെ കല്യാണംകഴിഞ്ഞു വിസിറ്റിംഗ് വിസയില്‍ ഞാനും ഗള്‍ഫിലെത്തി. പിന്നെ അവിടെ തുടരാന്‍വേണ്ടി ചെറിയ ഓരോ പണികളൊക്കെ ചെയ്തുനോക്കിയെങ്കിലും എനിക്കൊന്നിലും താത്പര്യമില്ലായിരുന്നു. ഒരു കുട്ടിയാകുന്നതുവരെയും ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നെയാണ് അവളുപറഞ്ഞത് ഇംഗ്ലണ്ടിനു പോകാന്‍ ഒന്നാന്തരം ചാന്‍സു വന്നിട്ടുണ്ട് അവളുടെ കൂട്ടുകാരികള് നാലുപേരും ഒപ്പമുണ്ടെന്ന്. എനിക്കതിന് എതിര്‍പ്പോ താത്പര്യമോ തോന്നിയില്ല. അവള്‍ക്ക് അതാണിഷ്ടമെങ്കില്‍ പോയേക്കാമെന്നു ഞാന്‍ പറഞ്ഞു. അഞ്ചാറുമാസംകൊണ്ട് അതെല്ലാം ശരിയായി. ഞങ്ങള്‍ യുകെയിലെത്തി. അവിടെ എത്തി അധികം താമസിയാതെ അവളു പറയാന്‍തുടങ്ങി,  അവളുടെ കൂട്ടുകാരികളുടെ ഹസ്ബന്‍സിനൊക്കെ ജോലിയുണ്ട്, എനിക്കു വിദ്യാഭ്യാസമുണ്ടല്ലോ, കൊച്ചിനേംനോക്കി വെറുതെ വീട്ടിലിരിക്കാതെ ഞാനും ജോലിയന്വേഷിക്കണമെന്ന്. പിന്നെ നിര്‍ബ്ബന്ധം തുടങ്ങി. ഞാനൊരു ശ്രമം നടത്തിനോക്കി. പക്ഷേ വിഷമംപിടിച്ച ചില കോഴ്സുകള്‍കൂടി ചെയ്താലെ അവിടെ ജോലിക്കു സാധ്യതയുള്ളു എന്നു മനസ്സിലായതോടെ ഞാന്‍ പിന്മാറി. അതിന്‍റെ പേരില്‍ കലഹം തുടങ്ങി. രണ്ടാമതൊരു കുട്ടികൂടെ വേണമെന്നു ഞാന്‍ നിര്‍ബ്ബന്ധിച്ചിട്ടും അവള്‍ എതിര്‍ത്ത് ഒഴിഞ്ഞുമാറി. പക്ഷേ അപ്രതീക്ഷിതമായി അവള്‍ പ്രഗ്നന്‍റ് ആയി. അതോടെ ശണ്ഠ വല്ലാതായി. അബോര്‍ട്ടു ചെയ്യണമെന്ന് അവള്‍. ഞാന്‍ എതിര്‍ത്തു. അതോടെ അവള്‍ ഭയങ്കരമായ പ്രതിഷേധത്തിലായി. ഭക്ഷണമുണ്ടാക്കിത്തരാതെയായി. കുട്ടിയെ നോക്കാന്‍ ആയയെ ആക്കി. അവള്‍ക്കു വമ്പന്‍ ശമ്പളമുണ്ടായിരുന്നു. എനിക്കു ഭക്ഷണത്തിനുപോലും അവളുടെ മുമ്പില്‍ കൈനിട്ടേണ്ടിവന്നു. പലപ്പോഴും തരാറുമില്ലായിരുന്നു. വീട്ടിലറിയിക്കാന്‍ നാണക്കേട്. അവള്‍ക്ക് അവളുടെ കൂട്ടുകാരികളുടെ ഫുള്‍ സപ്പോര്‍ട്ടും.

ഒരു സുപ്രഭാതത്തില്‍ അവള്‍ ഡ്യൂട്ടിയ്ക്കു പകരം എയര്‍പോര്‍ട്ടിലേക്കാണു പോയത്. തിരിച്ചുവന്നത് അവളുടെ അപ്പനെയും അമ്മയെയും കൊണ്ടാണ്. ഞാന്‍ അന്തംവിട്ടുപോയി. ആറുമാസം ഗര്‍ഭിണിയായതുകൊണ്ട് അമ്മയുടെ സഹായം വേണംപോലും! അതോടെ രണ്ടു ബെഡ്റൂമുകളുണ്ടായിരുന്നതില്‍ ഒന്നില്‍ അവളും കുട്ടിയും വേലക്കാരിയും. മറ്റതില്‍ അപ്പനുമമ്മയും. ഞാന്‍ സിറ്റൗട്ടില്‍! ഭക്ഷണം കഴിക്കുമ്പോള്‍ വിളിക്കാറില്ലായിരുന്നു. ചിലപ്പോള്‍ ബാക്കിയുള്ളത് അവിടെ വച്ചിരുന്നതു കിട്ടിയെങ്കിലായി. അച്ചാ കുറെനാളുമുമ്പ് വിദേശത്ത് ഒരു ഭര്‍ത്താവ് ഭാര്യയെ വഴിയിലിട്ടു കുത്തിക്കൊന്ന സംഭവം ഓര്‍ക്കുന്നില്ലേ? ആ സംഭവത്തിന്‍റെ ബാക്ഗ്രൗണ്ട് എനിക്കറിയില്ലെങ്കിലും അങ്ങനെ ചെയ്യത്തക്കരീതിയില്‍ അളമുട്ടിയ ഭര്‍ത്താക്കന്മാരുണ്ടച്ചാ അവിടെയൊക്കെ. ഒരുഅവധി ദിവസം അവരെല്ലാം ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന് ഒരു മണിക്കൂറായിട്ടും എഴുന്നേറ്റു മാറാതിരുന്നപ്പോള്‍, വിശന്നിരുന്ന എനിക്കു കലികയറി. ഞാന്‍ കയറിച്ചെന്ന് ആ പാത്രമെല്ലാം തട്ടിത്താഴെയിട്ട് അവളുടെ കഴുത്തിനു കയറിപ്പിടിച്ചു. വേലക്കാരത്തി പോലീസിനു ഫോണ്‍ചെയ്തു. അവരുടനെ വന്നു, ഞാനഴിക്കകത്തുമായി. ഒരാഴ്ചകഴിഞ്ഞ്, ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത തെറ്റെല്ലാം ഞാന്‍ ചെയ്തെന്നും, മാപ്പുചോദിച്ചുകൊണ്ട് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും എഴുതിക്കൊടുക്കാമെങ്കില്‍ അവള്‍ എന്നെ പുറത്തിറക്കാമെന്നറിയിച്ചു. ഗത്യന്തരമില്ലാതെ എനിക്കതുചെയ്യേണ്ടിവന്നു. യാതൊരു പ്രകോപനവുമില്ലാതെ മാനസികരോഗിയേപ്പോലെ ഞാന്‍ പെരുമാറി എന്ന് വേലക്കാരിയെക്കൊണ്ടും അവള്‍ എഴുതിച്ചുവാങ്ങി. അതെല്ലാം അവളുടെ കൈയ്യിലുണ്ട്. കുറച്ചുകാലംകൂടെ അവിടെ പിടിച്ചുനിന്നതിനിടയില്‍ വിവാഹമോചനത്തിന് പലപ്രാവശ്യം ഞാന്‍ ശ്രമിച്ചപ്പോളും അവള്‍ തന്ത്രപൂര്‍വ്വം അടവുകളിറക്കി ഒഴിഞ്ഞുമാറി. എത്രകൊല്ലം കഴിഞ്ഞാലും പറ്റാവുന്നതിന്‍റെ പരമാവധി എന്നെ ദ്രോഹിക്കുമെന്നും വേറെ കല്യാണം കഴിക്കാന്‍ എന്നെ സമ്മതിക്കത്തില്ലെന്നും അവള്‍ മുഖത്തുനോക്കി എന്നോടു പറഞ്ഞിട്ടുമുണ്ട്. നാട്ടില്‍വന്നുകഴിഞ്ഞ് വിളിച്ചപ്പോളൊക്കെ അങ്ങോട്ടുമിങ്ങോട്ടും ചീത്തപറഞ്ഞു. എന്നെ കുടുക്കുമെന്ന് അവളു പറഞ്ഞപ്പോളൊക്കെ ഒരു കോഴിയെപ്പോലും കൊല്ലാന്‍ ധൈര്യമില്ലാത്ത ഞാന്‍ അവളു നാട്ടില്‍ എത്തുമ്പോള്‍ അവളെ കൊല്ലുമെന്നും പലപ്രാവശ്യം പറഞ്ഞു. അതെല്ലാം അവളുടെ അടവായിരുന്നു എന്നു പിന്നീടാണച്ചാ ഞാനറിഞ്ഞത്. ഞങ്ങളുടെ കല്യാണത്തിന് ബ്രോക്കറായിരുന്നെന്നു മുമ്പുഞാന്‍ പറഞ്ഞ എന്‍റെ സഹപാഠി ഇപ്പോള്‍ ഞങ്ങളുപഠിച്ച ആ കോളേജിലെ ലക്ചറര്‍ ആണ്. അവനുമായിട്ട് അവള്‍ക്ക് കോണ്ടാക്റ്റ് ഉണ്ട്. അയാള്‍ പറഞ്ഞാണു ഞാനറിഞ്ഞത്, ഞാന്‍ അവളെ കൊല്ലുമെന്നു ഒരോ പ്രാവശ്യവും പറഞ്ഞതൊക്കെ അവളു റെക്കോര്‍ഡു ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്ന്! എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാന്‍വേണ്ടിത്തന്നെയായിരുന്നു അവളു പലപ്പോഴും വിളിച്ചു വഴക്കുകൂടിയിരുന്നതുപോലും! ഏതായാലും എനിക്കു ജീവിതാവസാനംവരെയും സ്വൈര്യം തരില്ലെന്നും എന്നെ ഭിക്ഷയെടുപ്പിക്കുമെന്നുപോലും അവള്‍ അയാളോടു പറഞ്ഞിട്ടുണ്ട്. അതിനിടയില്‍ അപ്പന്‍ വില്‍പത്രമെഴുതിയിട്ടുണ്ടോയെന്നും അവള്‍ അയാളോട് അന്വേഷിച്ചു. അതറിഞ്ഞപ്പോളാണ് എനിക്ക് അപകടം മണത്തത്. അവളിപ്പോളും നിയമപരമായി എന്‍റെ ഭാര്യയാണ്. ചാച്ചന്‍ മരിച്ചുകഴിയുമ്പോള്‍ മക്കളുമായിവന്ന് അവകാശത്തിനു കേസുകൊടുക്കാനും എന്നെ കുത്തുപാളയെടുപ്പിക്കാനുമാണ് അവളുടെ തന്ത്രമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് എന്‍റെ പേരില്‍ ഒരു സെന്‍റുപോലും എഴുതിവെയ്ക്കരുതെന്ന് ചാച്ചനോടു ഞാന്‍ നിര്‍ബ്ബന്ധിച്ചത്. അല്ലാതെ ചാച്ചനോടുള്ള അരിശംകൊണ്ടൊന്നുമല്ല."

പറഞ്ഞുതുടങ്ങിയതു മടിച്ചുമടിച്ചായിരുന്നെങ്കിലും, പിന്നെപ്പിന്നെ ആവണക്കെണ്ണ കഴിച്ചിട്ടുള്ള 'ഒഴിച്ചിലു' പോലെ അയാളങ്ങു പറഞ്ഞുനിര്‍ത്തി. കേട്ടിട്ടില്ലാത്ത ഇതുപോലെയുള്ള എത്രയെത്ര പിന്നാമ്പുറ ചരിത്രങ്ങള്‍ ഒരോ ദുരന്തങ്ങളുടെയും പിന്നിലുണ്ടെന്നോര്‍ത്തുപോയി. ഏതായാലും അടുത്തൊരുദിവസം ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഉപദേശംതരാന്‍ വൈഭവമുള്ള നല്ല ഒരുവക്കീലുമായി വീട്ടിലെത്തി എല്ലാവരുമൊന്നിച്ചിരുന്നു കാര്യങ്ങള്‍ സംസാരിക്കാമെന്നു തീരുമാനിച്ചു പിരിഞ്ഞു, അല്ല ഒഴിഞ്ഞു!! 

You can share this post!

കൊറോണാ പാഠം...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts