Beyond the Margins അമ്മയാകുന്നത് അന്നത്തെ സുവിശേഷപ്രഘോഷണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണ് അന്നാട്ടിലെ ചില സാമൂഹികപ്രവര്‍ത്തകര്‍ കാണാന്‍ എത്തിയത്. വിശേഷങ്ങള്‍ ഒക്കെ പങ്കുവയ്ക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ അവളില്‍ നടുക്കം ഉളവാക്കി. ഉസലംപെട്ടി എന്ന തമിഴ്നാട്ടിലെ കുപ്രസിദ്ധസ്ഥലമായിരുന്നു അത്. ജനിക്കുന്നതു പെണ്‍കുഞ്ഞാണെങ്കില്‍ പിന്നെ ആ കുഞ്ഞ് അധികനേരം ഭൂമിയില്‍ ഉണ്ടാകില്ല. നാലു നെന്മണിയില്‍, ചില പച്ചിലമരുന്നുകളില്‍, മൂന്ന് അടി താഴ്ചയിലുള്ള കുഴിയില്‍ ഒക്കെ ആ കുഞ്ഞുകരച്ചില്‍ അവസാനിക്കും. അപ്പോഴത്തെ ഒരാവേശത്തില്‍ അവള്‍ പറഞ്ഞു: "ആ കുഞ്ഞുങ്ങളെ എനിക്കു തരൂ, ഞാന്‍ വളര്‍ത്തിക്കോളാം." നാട്ടില്‍ എത്തി അധികം വൈകാതെ ആ സന്നദ്ധപ്രവര്‍ത്തകരുടെ വിളിവരുന്നു: "ഒരു കുഞ്ഞിനെ രക്ഷിച്ചിട്ടുണ്ട്, ഞങ്ങള്‍ എവിടെ എത്തിക്കണം?" എന്തുചെയ്യണമെന്നറിയാത്ത, തീരുമാനം എടുക്കാനാവാത്ത അവസ്ഥ. അപ്പനും അമ്മയും ഉപേക്ഷിച്ച, മരണത്തിന് വിധിക്കപ്പെട്ട ഒരു കുരുന്നിന് ജീവിതം കൊടുക്കണോ? അതോ തന്നെ കാത്തിരിക്കുന്ന ശോഭനമായ ഒരു ഭാവി, ജീവിതം, സ്വന്തമായി ഒരു കുടുംബം. രണ്ടിനുമിടയില്‍ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍. അപ്പോഴേക്കും വീണ്ടും ഫോണ്‍ വന്നു. "ഞങ്ങള്‍ക്ക് അധികനേരം സൂക്ഷിക്കാനാവില്ല. കുഞ്ഞിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയേ പറ്റൂ." അപ്പോള്‍ പറഞ്ഞ "Yes' ഇന്ന് 12 പെണ്‍കുട്ടികളുടെ ജീവനാണ്, ജീവിതമാണ്. രണ്ടു കുഞ്ഞുടുപ്പും രണ്ടു കവര്‍ പാല്‍പ്പൊടിയും കൊണ്ട് ഒരു ചോരക്കുഞ്ഞിനെ അവളെ ഏല്പിച്ച് അവര്‍ മടങ്ങിപ്പോയി. എങ്ങനെ കുഞ്ഞിനെ എടുക്കണമെന്നുപോലും അറിയാതിരുന്ന അവള്‍ പിന്നെ എല്ലാം പഠിച്ചെടുത്തു. ഒന്നിനു പുറകെ ഒന്നായി, വലിയ പ്രായവ്യത്യാസമില്ലാതെ, 12 പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവള്‍ അമ്മയായി. പത്തനംതിട്ട ജില്ലയില്‍, റാന്നിക്കടുത്തുള്ള മന്ദമരുതി, കാഞ്ഞിരത്തുംമൂട്ടില്‍ കെ. സി. ഉമ്മന്‍റെയും ഏലിയാമ്മയുടെയും എട്ടുമക്കളില്‍ ഒരാളാണ് അമ്മിണി ഉമ്മന്‍ എന്ന സിസ്റ്റര്‍ അമ്മിണി. പതിനഞ്ചാംവയസ്സില്‍ ലഭിച്ച അത്ഭുതകരമായ ഒരു രോഗസൗഖ്യത്തിലൂടെ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അങ്ങനെ ദൈവം ദാനമായി കൊടുത്ത ജീവിതം, ദൈവത്തിനായി ജീവിക്കാന്‍ തീരുമാനിച്ചു. മാര്‍ത്തോമ്മാ സഭയുടെ കീഴില്‍ അവര്‍ സുവിശേഷവേലയ്ക്കായി പുറപ്പെട്ടു. അങ്ങനെ സുവിശേഷപ്രഘോഷണമായി ഭാരതപര്യടനം നടത്തുന്നതിനിടയിലാണ് ഉസലംപെട്ടിയിലുമെത്തിയത്. കാര്‍മ്മല്‍ മേഴ്സി ഹോം എന്ന അവരുടെ വീട് ഇന്ന് ദൈവപരിപാലനയുടെ ഇടം കൂടിയാണ്. ജാതിമതഭേദമെന്യേ ഒരുപാടു നല്ല മനുഷ്യരുടെ സ്നേഹം മൂലമാണ് ഈ 12 കുട്ടികളെയും വളര്‍ത്താന്‍ സിസ്റ്ററിന് കഴിഞ്ഞത്. ആ സുമനസ്സുകളെ അവര്‍ നന്ദിയോടെ സ്മരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിയനുസരിച്ച് വിദ്യാഭ്യാസം നല്കുന്നു. ഇപ്പോള്‍ 3 പേര്‍ വിവാഹിതരായി. അതിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് അവര്‍. ഒരു കൊച്ചുമകള്‍ കൂടി നല്കുന്ന ആനന്ദം. സ്വന്തം സൗകര്യങ്ങള്‍ മാത്രം നോക്കുന്ന മനുഷ്യര്‍ പെരുകുന്ന ഭൂമിയിലാണ് സി. അമ്മിണിയെപ്പോലുള്ളവര്‍ ക്രിസ്തുവിന്‍റെ പ്രതിരൂപങ്ങളാകുന്നത്. ജീവനും ജീവിതവുമൊക്കെ തന്‍റെ ആരുമല്ലാതിരുന്ന കുരുന്നുകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച്, 12 കുഞ്ഞുങ്ങളെയല്ല 12 കുടുംബങ്ങളെയാണവര്‍ രൂപപ്പെടുത്തുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ താണ്ടിയത് അത്രയും കഠിനപാതകളും മുള്‍വഴികളും ഒക്കെതന്നെ. എന്നാലും അപരര്‍ക്കായി ജീവിതം മുറിച്ചു നല്കുമ്പോള്‍ ലഭിക്കുന്നത്ര ആനന്ദം മറ്റെന്തിലാണ് ലഭിക്കുക. കാര്‍മ്മല്‍ മേഴ്സിഹോം തലച്ചിറ, പത്തനംതിട്ട 9061894227