news-details
അക്ഷരം

ഉള്ളുരുക്കങ്ങള്‍

ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍


കെ. അരവിന്ദാക്ഷന്‍റെ ഏറ്റവും പുതിയ പുസ്തകമാണ് 'ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍'. വര്‍ത്തമാന കാലത്ത് ഇന്ത്യ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളാണ് അദ്ദേഹം വിശദമാക്കുന്നത്. ഫാസിസത്തിന്‍റെ കടന്നുകയറ്റം നമ്മുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് തകിടം മറിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു. ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അരവിന്ദാക്ഷന്‍ എല്ലാം വിശകലനം ചെയ്യുന്നത്. ഗാന്ധിയും അംബേദ്കറുമെല്ലാം ഉയര്‍ത്തിപ്പിടിച്ച ചില മൂല്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ നാടിന്‍റെ ഹൃദയമാണ് തകരുന്നതെന്ന തിരിച്ചറിവാണ് ഓരോ ലേഖനത്തെയും ശ്രദ്ധേയമാക്കുന്നത്. "നമ്മുടെ മണ്ണിലെ അനേകം സംസ്കൃതികളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ജനകീയധാതുക്കളുപയോഗിച്ചുള്ള അഹിംസാത്മകമായ ഒരു സാമൂഹ്യ- ആത്മീയ - സാംസ്കാരിക വിപ്ലവത്തിനു മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ഗാന്ധിയും അംബേദ്ക്കറും ഗൗതമബുദ്ധനും നാരായണഗുരുവും ലോഹ്യയും സമ്പുഷ്ടമാക്കുന്ന ഒരു സംവാദം നമുക്ക് ആരംഭിച്ചേ തീരൂ. 'ഫാസിസ്റ്റു കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍' അതിലേക്കുള്ള ഒരു സൂചനയാണ്" എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ എഴുതുന്നു. സമഗ്രമായ സംവാദത്തിലൂടെ മാത്രമെ ഫാസിസത്തെ ചെറുക്കാനാവൂ.


'തോക്കും വാക്കും' മുതല്‍ 'അടിമച്ചങ്ങല പൊട്ടിക്കാനുള്ള നിമിഷം' വരെ മുപ്പത്തിമൂന്നു ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. വര്‍ത്തമാനകാലം നേരിടുന്ന വിഭിന്നങ്ങളായ പ്രതിസന്ധികള്‍ വിശകലനം ചെയ്യുന്നതോടൊപ്പം ബദല്‍ അന്വേഷണങ്ങളും അരവിന്ദാക്ഷന്‍ നടത്തുന്നു. മാനവികവും പാരിസ്ഥിതികവുമായ സമഗ്രതയാണ് ഗ്രന്ഥകാരന്‍റെ ദര്‍ശനത്തിന്‍റെ കാതല്‍. ആഴത്തില്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുന്ന കാലത്ത് മാനവികതയുടെ വെളിച്ചം അത്രമേല്‍ പ്രിയതരമാണ്. അടിസ്ഥാനപരമായ ചില തിരുത്തലുകളിലൂടെ മാത്രം സംജാതമാകുന്നതാണ് ഭാസുരഭാവി എന്നതാണ് പ്രധാനം.


"ഗാന്ധി രൂപപ്പെടുത്തിയതു പോലെ ധാര്‍മ്മികതയിലും നീതിയിലും സത്യത്തിലും അടിസ്ഥാനപ്പെടുത്തിയ ജനാധിപത്യ മൂല്യങ്ങളിലൂടെ മാത്രമേ സവാര്‍ക്കറിസത്തിന്‍റെ അധാര്‍മ്മികതയെ പ്രതിരോധിക്കാനാവൂ' എന്ന് അരവിന്ദാക്ഷന്‍ എടുത്തു പറയുന്നു. ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഊന്നിയുള്ള ജനാധിപത്യത്തിനു വേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. "ചരിത്രത്തിന്‍റെ ദൗത്യം ഓരമ്മപ്പെടുത്തലാണ്, പ്രതിരോധത്തിനായുള്ള ഓര്‍മ്മപ്പെടുത്തല്‍. ചരിത്രം ചത്ത വാക്കല്ല. കെട്ട പ്രതീകവുമല്ല.


അസമത്വവും അക്രമവും പൗരാവകാശ ധ്വംസനവും യുദ്ധവെറിയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആയുധങ്ങളാക്കി അധികാരത്തിന് കുറുക്കുവഴികള്‍ തേടുന്നവര്‍ക്കെതിരെയുള്ള സത്യാഗ്രഹ സമരങ്ങളാണ്. ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയുള്ള അഹിംസോന്മുഖമായ പ്രതിരോധങ്ങളാണ് എന്നു ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു.

 
"ഹിംസ ഹിംസകൊണ്ട് ജയിച്ച ചരിത്രം ഭൂമിയിലില്ല. സചേതനമായ  അഹിംസ മാത്രമേ, അഹിംസയുടെ ജീവവായുവായ സംഭാഷണം കൊണ്ടേ ഹിംസയെ അധഃകരിക്കാനാവൂ" എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രതിരോധം ക്രിയാത്മകമാകൂ. വെറുപ്പിന്‍റെ, ഹിംസയുടെ ശക്തി ഉയര്‍ന്നു നില്‍ക്കുമ്പോള്‍  അതിനെ പ്രതിരോധിക്കാന്‍ അഹിംസാത്മകതയുടെ മൂല്യങ്ങള്‍ക്കേ സാധിക്കൂ.' ഭൂമിയുടെ അതിജീവനവും അതിലൂടെയേ സാധ്യമാകൂ. 'വെറുപ്പ് എന്നത് എല്ലാത്തരം ആസക്തികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചൂഷണവും ഭയവും അധര്‍മ്മവും അനീതിയും അസമത്വവുമാണ്.' ഞാനും ഇതരമനുഷ്യരും അചേതനവസ്തുക്കളും, മണ്ണും ജലവും ആകാശവും പരസ്പര ബന്ധിതമാണെന്ന ബുദ്ധബോധം മനുഷ്യനില്‍ അങ്കുരിക്കണം' എന്നും കുറിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ ബദല്‍ മൂല്യങ്ങളിലേക്കാണ് കൈ ചൂണ്ടുന്നത്.


'ജീവന്‍റെ ജനിതക ചരിത്രത്തില്‍ മനുഷ്യനില്‍ പ്രജ്ഞ രൂപപ്പെട്ടതോടെ സചേതനമായ കാരുണ്യത്തിന്‍റെ അദൃശ്യമായ നീരൊഴുക്കുമുണ്ടായിട്ടുണ്ട്. മനുഷ്യചരിത്രം - ഹിംസയുടെയും ആധിപത്യത്തിന്‍റെയുമായി രേഖപ്പെടുത്തുന്നവര്‍ക്ക് കാരുണ്യത്തിന്‍റെ നീരൊഴുക്ക് കാണാന്‍ കഴിയാറില്ല' എന്നതും പ്രധാന കാഴ്ചപ്പാടാണ്. നമുക്ക് അതിജീവിക്കണമെങ്കില്‍ കരുണയുടെ ജീവന്‍ സജീവമാകേണ്ടതുണ്ട്.


നവലിബറല്‍ മുതലാളിത്തത്തിന് ബദല്‍ മാക്സാണോ ഗാന്ധിയാണോ എന്ന് അരിവിന്ദാക്ഷന്‍ അന്വേഷിക്കുന്നുണ്ട്. സംവാദസാധ്യതയാണ് ഇവിടെയും പ്രധാനം. ബദലുകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ സംവാദവും ഒഴിവാക്കാനാവില്ല. പുതിയ മുതലാളിത്തത്തിന് ക്രിയാത്മകവും ധാര്‍മ്മികവുമായ ഒരു ബദല്‍ പ്രതിരോധമാണ് ഉയര്‍ന്നുവരേണ്ടത്. അസമത്വത്തിന്‍റെ സമ്മര്‍ദ്ദശാസ്ത്രത്തിനു പകരം വയ്ക്കാന്‍ ചിലത് കണ്ടെത്താതെ  മനുഷ്യവംശത്തിന് അധികകാലം മുന്നോട്ടു പോകാനാവില്ല.


പൊതുബോധത്തിന്‍റെ മരണം നമ്മെ ഗ്രസിച്ചിരിക്കുന്നു. 'മൗനസമ്മതം അതീവഗുരുതരമാണ്; ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജനാധിപത്യവിരുദ്ധമായ നിലപാടാണ്'. പൗരന്മാരുടെ നിസംഗതയാണ് ഫാസിസത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കുന്നത്. "എല്ലാ രാഷ്ട്രീയ പക്ഷങ്ങളും മൂല്യങ്ങളും മൂലധനത്തിന് അടിയറവു പറയുമ്പോള്‍, സാധാരണക്കാരന്‍ വലതുപക്ഷത്തിന്‍റെ ഘോഷത്തിലും ശബ്ദത്തിലും വായ്ത്താരിയിലും നിന്നുപോകുന്നു. സത്യാനന്തരകാലം മനുഷ്യന്‍റെ പ്രാകൃതമായ വാസനകളുടെയും അയുക്തികങ്ങളായ നിലപാടുകളുടെയും അന്തമില്ലാത്ത ആര്‍ത്തികളുടെയുമാണ്". അതുകൊണ്ടാണ് ബദല്‍ അന്വേഷണങ്ങള്‍ ദുഷ്കരമാകുന്നത്.


"എല്ലാക്കാലത്തും ഈ ദൈവധാതുവിനെ വിറ്റ് കാശാക്കുന്നവരും ചൂഷണം ചെയ്ത് അധികാരത്തിലെത്തുന്നവരുമുണ്ട്. ലോകം ഇന്ന് നേരിടുന്നത് ഈ വിപത്തിന്‍റെ ഭയാനകതയാണ്" എന്ന് നിരീക്ഷിക്കുന്ന കെ. അരവിന്ദാക്ഷന്‍ മര്‍മ്മത്തിലാണ് തൊടുന്നത്. എല്ലാ ആചാര്യന്മാരെയും രാഷ്ട്രീയാധികാരത്തിനായി ചൂഷണം ചെയ്യുന്നവരില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.


മതവും ജാതിയും വര്‍ഗ്ഗവും അതിര്‍ത്തികളും മനസ്സില്‍ നിന്നും മാറ്റിനിര്‍ത്തി മാനസികമായി ചിന്തിക്കാനാണ് അരവിന്ദാക്ഷന്‍ പ്രലോഭിപ്പിക്കുന്നത്. വെറുപ്പിന്‍റെ വൈറസുകളെ ഇല്ലാതാക്കിയാല്‍ മാത്രമേ ഫാസിസത്തെ അകറ്റാനാവൂ. ജനാധിപത്യത്തിന്‍റെ വഴി സംവാദത്തിന്‍റേതാണ്. 'വ്യക്തിയിലായാലും സമൂഹത്തിലായാലും ഭൂമിയിലായാലും പ്രപഞ്ചത്തിലായാലും പ്രതീക്ഷ കൈവിടാനുള്ള ഒരു കാരണവുമില്ല' എന്ന വിശ്വാസം നമുക്കു ശക്തിയാകട്ടെ.


(ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍ -കെ. അരവിന്ദാഷന്‍ -  പ്രിന്‍റ് ഹൗസ്, കോഴിക്കോട്)


നല്ല മലയാളം


ചാക്കോ സി. പൊരിയത്തിന്‍റെ 'നല്ല മലയാളഭാഷ' എന്ന ഗ്രന്ഥം ഏറെ പ്രധാനപ്പെട്ട ഭാഷാ ചിന്തകളാണ് അവതരിപ്പിക്കുന്നത്. 'നമ്മുടെ മലയാളഭാഷയെന്ന അമ്മമൊഴി നിന്ദാപമാനങ്ങളും അവഗണനകളും ഏറെ നേരിടുന്ന 'കെട്ട' ഒരു കാലഘട്ടത്തിലെത്തിയിരിക്കയാണെന്ന തിരിച്ചറിവു നല്‍കിയ സങ്കടമാണ് ഇങ്ങനെയൊരു പുസ്തകത്തിന്‍റെ രചനയ്ക്കു പ്രേരണയായത്" എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ രേഖപ്പെടുത്തുന്നു. അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഉദാഹരണങ്ങളായെടുത്ത് അദ്ദേഹം നല്ല ഭാഷയുടെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്നു. ഭാഷാശുദ്ധിക്കു വേണ്ടിയുള്ള സമരമാണിത്. ഭാഷയെ തിരിച്ചു പിടിക്കുക എന്നാല്‍ സംസ്കാരത്തെ. നന്മയെ തിരിച്ചു പിടിക്കലാണ് എന്ന് നാമറിയുന്നു. "ഒരു സംസ്കാത്തിന്‍റെ വസന്തമോ ജീര്‍ണിക്കലോ ആദ്യം വെളിപ്പെടുന്നത് അതിന്‍റെ ഭാഷയിലാണ്" എന്ന ഒക്ടാവിയോ പാസിന്‍റെ നിരീക്ഷണം ചാക്കോസാര്‍ എടുത്തു കാണിക്കുന്നുണ്ട്. നമ്മുടെ സംസ്കാരം ജീര്‍ണ്ണിക്കുന്നത് ഭാഷ ചിതറിപ്പോകുന്നതു കൊണ്ടാണ്. അതിനുള്ള കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും  ഈ ഭാഷാസ്നേഹി നിര്‍ദ്ദേശിക്കുന്നു. ഭാഷാ സ്നേഹികള്‍ക്കും നമ്മുടെ സംസ്കാരം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം വിലപ്പെട്ടതാണ്.
(നല്ല മലയാളം - ചാക്കോ സി. പൊരിയത്ത് - മീഡിയ ഹൗസ്, ഡെല്‍ഹി) 

You can share this post!

എവിടമിവിടം

ഡോ. റോയി തോമസ്
അടുത്ത രചന

മാനം തൊട്ട മണ്ണ്

ഡോ. റോയി തോമസ്
Related Posts