news-details
സഞ്ചാരിയുടെ നാൾ വഴി

"May be that's why life is so precious. No rewind or fast forward... just patience and faith."
-Cristina Marrero

ഹൃദയൈക്യമുള്ള കുറച്ച് ഡോക്ടര്‍മാരുടെ ഒത്തുചേരല്‍ ഈ കോവിഡ്കാലത്തിനു തൊട്ടുമുന്‍ പുണ്ടായിരുന്നു. 'താവു' എന്നൊരു ചങ്ങാതിക്കൂട്ടത്തിന്‍റെ താല്പര്യത്തിലായിരുന്നു അത്. പതിനഞ്ചോളം വരുന്ന ഡോക്ടര്‍മാരുടെ ഒരു സൗഹൃദ സമൂഹം ഒരു ചെറിയ ക്ലിനിക്കില്‍ മാസത്തില്‍ രണ്ടു പ്രാവശ്യം ടേണെടുത്ത് വൈകുന്നേരങ്ങളില്‍ ആ പരിസരത്തുള്ളവരുടെ ആരോഗ്യ ആശങ്കകള്‍ക്ക് സമാധാനത്തില്‍ ഉത്തരം നല്‍കുകയും ആരെ കാണണമെന്നൊക്കെ നിര്‍ദേശിക്കുകയും ചെയ്യുന്നു; ഒരുതരം ഹെല്‍ത് കണ്‍സള്‍ട്ടന്‍സി. A patient doctor  എന്നൊരു റ്റാഗാണ് അതിനുവേണ്ടി കരുതിയത്; സമാധാനമുള്ള ഒരു ഡോക്ടര്‍. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മമണ്ഡലങ്ങളിലും ആ ഒരു നാമവിശേഷണം ആഴത്തില്‍ പതിയേണ്ടതുണ്ടെന്നു തോന്നുന്നു. ദൈവദൂതന്മാരെക്കണക്കാണ് ഇപ്പോഴും വൈദ്യന്മാരെ നമ്മള്‍ കരുതുന്നത്. ഒരു ആശുപത്രിവാര്‍ഡിലൊക്കെ റൗണ്ട്സിനു വരുന്ന ഡോക്ടറുടെ ഏരിയല്‍ ചിത്രമെടുത്താല്‍ വേദപുസ്തകത്തിലെ കുളിപ്പടവുകളിലേക്ക് തിരയിളക്കി വരുന്ന മാലാഖാമാരായിട്ടുതന്നെ തോന്നും. അവര്‍ സമാധാനത്തില്‍ പറഞ്ഞുതന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ?

സുവിശേഷഭാഷയില്‍ പരിശുദ്ധാത്മാവിന്‍റെ ഒന്‍പതു ഫലങ്ങളില്‍ ഒന്നാണ് patience കുറേ ക്കൂടി പ്രശാന്തതയോടെ കേള്‍ക്കാന്‍ കഴിയാത്തതു കൊണ്ടുമാത്രം ഞാന്‍ ചിതറിച്ച ചിലരുടെ ഓര്‍മ കനമുള്ളതാണ്. ക്രോധത്തിന്‍റെ കനലില്‍ ഭൂമിയിലെ വൈക്കോല്‍പ്പുരകള്‍ക്ക് തീ പിടിക്കുന്നു.

 

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒരു പഴങ്കഥയുണ്ട്. മരുഭൂമിയിലെ ചൂടിനെ ഒഴിവാക്കാന്‍ സന്ധ്യ മയങ്ങുന്നതുവരെ പുഴയോരത്ത് കാത്തിരിക്കേണ്ടിവന്ന മൂന്ന് യാത്രികര്‍. അവരോട് തീരത്തുനിന്ന് വെള്ളാരങ്കല്ലുകള്‍ ശേഖരിക്കാനാണ് ഒരു അശരീരി ആവശ്യപ്പെട്ടത്. 'ഇനി മതി'യെന്നു പറഞ്ഞുതീരുമ്പോള്‍ ഒരു കാര്യം കൂടി മുഴങ്ങി, 'എങ്ങും നിര്‍ത്താതെ യാത്ര തുടരുക. നാളെ പ്രഭാതത്തില്‍ ഒരേ നേരത്ത് ആനന്ദവും ദുഃഖവും തരുന്ന വര്‍ത്തമാനം നിങ്ങളെ കാത്തിരിപ്പുണ്ട്'. പുലരിയില്‍ അത് അച്ചട്ട് സംഭവിച്ചു. കരുതിയ കല്ലുകള്‍ വൈഡൂര്യങ്ങളായി. ഒപ്പം, ഖേദവും വന്നുമൂടി; കുറേക്കൂടി ശേഖരിക്കാമായിരുന്നു. ഏതൊരു സുകൃതവുമായും ബന്ധപ്പെട്ട് സംഭവിക്കാവുന്ന വീണ്ടുവിചാരമാണിത്: കുറേക്കൂടി നന്നായി, കുറേക്കൂടി ശബ്ദം താഴ്ത്തി, കുറേക്കൂടി കണ്ണുകളിലേക്ക് ഉറ്റുനോക്കി, കുറേക്കൂടി ശ്രദ്ധയോടുകൂടി ചില കാര്യങ്ങള്‍ സംവദിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!

 

'പേഷ്യന്‍സി'ന്‍റെ ഗ്രീക്ക് പദം makrothumia എന്നാണ്; രണ്ടു പദങ്ങള്‍ ചേര്‍ന്നാണത്. ആദ്യപാ തിയുടെ അര്‍ത്ഥം 'ക്ഷോഭം' എന്നും രണ്ടാമത്തേതിന്‍റേത് 'മെല്ലെ' എന്നും. ചുരുക്കത്തില്‍ being able to handle one's own anger slowly.. ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്നതുപോലെയാണ്. വശങ്ങളിലെ അടയാളപ്പലകകള്‍ നോക്കിയും ലാന്‍ഡ്മാര്‍ക്കുകള്‍ ശ്രദ്ധിച്ചും ഗൂഗിള്‍ നിര്‍ദേശങ്ങള്‍ കേട്ടും തീരെ പതുക്കെയാണ് വണ്ടി പോകുന്നത്. അതുകൊണ്ടുതന്നെ ചുറ്റിനും നിന്ന് ഹോണ്‍ മുഴക്കങ്ങളും അമര്‍ഷത്തിന്‍റെ ശരീരഭാഷകളുമുണ്ടാവുന്നു. അതു സാരമില്ല. പുതിയൊരു ലോകത്തേക്ക് പ്രവേശിച്ച സാധകന് മെല്ലെ സഞ്ചരിച്ചേ തീരൂ.

സെമിനാരിയില്‍ വച്ചാണ്. വളരെയേറെ അംബീഷ്യസായ ഒരു ചങ്ങാതി പെട്ടെന്ന് ബുദ്ധനാവുന്നു. വിലപിടിപ്പുള്ള ജീന്‍സുകള്‍ ചങ്ങാതിമാര്‍ക്ക് കൈമാറുന്നു. പേന, പുസ്തകമൊക്കെ പങ്കിടുന്നു. മുടിഞ്ഞ പ്രാര്‍ത്ഥന. പെട്ടെന്നുണ്ടായ ഭാവവ്യത്യാസത്തിന് കാരണം തിരക്കി.

'നിന്നോടായതുകൊണ്ട് പറയാം. എനിക്കധികം ദിനങ്ങളില്ല. ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു അസുഖമുണ്ടെനിക്ക്, കണ്ണില്‍ നിന്ന് രക്തത്തുള്ളികള്‍ പൊടിക്കുന്നു'.

സ്വാഭാവികമായി നമ്മളും ഭയന്നു. നേത്ര ഡോക്ടറുടെ മുറിയില്‍ ഒറ്റയ്ക്ക് കയറാന്‍ ധൈര്യമില്ലാത്തതുകൊണ്ട് കൂടെ കയറി. രോഗവിവരം പറഞ്ഞു. അദ്ദേഹമാകട്ടെ, മരണാസന്നനായ ഈ രോഗിയെ നോക്കാന്‍ പോലും കൂട്ടാക്കാതെ ഒരു ഓയിന്‍മെന്‍റ് എഴുതിത്തന്നു. അന്നതിന് 20 രൂപയായിരുന്നു വില. മടങ്ങിവരുമ്പോള്‍ ചങ്ങാതി ചോദിച്ചു, 'നമ്മുടെ ജീന്‍സ് തിരിച്ചുപിടിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?'

Subconjunctival hemorrhage എന്നാണ് ഓയിന്‍മെന്‍റ് പോലും ആവശ്യമില്ലാത്ത ഈ കണ്ണില്‍ക്കേടിനു പേരെന്ന് ഡോ. മിലാനി. 

You can share this post!

പാദക്ഷാളനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts