news-details
സഞ്ചാരിയുടെ നാൾ വഴി

ജലത്തേക്കാള്‍ സാന്ദ്രതയുള്ളതുകൊണ്ടാവണം ചോര ചോരയെ വേഗത്തില്‍ തിരിച്ചറിയുന്നത്. ദൈവത്തെപ്പോലും നമ്മള്‍ പരിചയപ്പെട്ടത് അത്തരം ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ്. അല്ലെങ്കില്‍ എന്തിനാണ് ഒരാളില്‍ത്തന്നെ മൂന്നാളുകള്‍ എന്നൊക്കെ നാം പഠിച്ചുവച്ചത്. ദൈവത്തിനുപോലും ഒറ്റയായ് നില്‍ക്കാനാവില്ല എന്നുപറയുമ്പോള്‍ അതിനെ ദൈവദൂഷണമായ് ഗണിക്കരുതേ.

തെല്ലു ക്രൂരമായ ശാസ്ത്ര നിരീക്ഷണമാണ്. തള്ളമുയലില്‍ നിന്ന് പറിച്ചെടുത്ത നാലു മുയല്‍ക്കുരുന്നുകള്‍... ഓരോന്നിനെയും ദൂരെയെവിടെയോവച്ച്  ചുറ്റികകൊണ്ട് അടിച്ചുകൊല്ലുന്നു. ഓരോ ആഘാതത്തിലും പരീക്ഷണശാലയിലെ അമ്മമുയല്‍ നടുങ്ങുന്നു. നമ്മള്‍ കരുതുന്നതിനേക്കാള്‍ അഗാധമാണ് ബന്ധങ്ങളുടെ അദൃശ്യസംവേദനങ്ങള്‍.

സുഭാഷ് ചന്ദ്രന്‍റെ ഒരു കഥ കുറേക്കാലം മനസ്സിനെ ഭാരപ്പെടുത്തിയിരുന്നു. സര്‍ജറിയില്‍ എടുത്തുമാറ്റിയ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അപകടകരമായ ചില സൂചനകള്‍ കണ്ടിട്ട് കൂടുതല്‍ പരിശോധനയ്ക്ക് മറ്റേതോ ലാബിലേക്ക് മകന്‍റെ കയ്യില്‍ അതു പൊതിഞ്ഞ് ഏല്‍പ്പിക്കുകയാണ്. നഗരതിരക്കില്‍ പെട്ടുപോയ അവന് അത് ഒരു പാത്രമാണെന്ന് പറയേണ്ട ദുര്യോഗമുണ്ടാകുന്നു - പാത്രം! കിളിക്കുഞ്ഞുവിട്ടുപോയ മുട്ടത്തോട്!

 

ബന്ധങ്ങള്‍ നമ്മള്‍ കരുതുന്നതുപോലെ ആകസ്മികമൊന്നുമല്ല. ദൈവം യോജിപ്പിച്ചതെന്ന് ഒരു വിശേഷണം ക്രിസ്തുവിന്‍റെ അധരങ്ങളില്‍ നിന്നും വരുന്നുണ്ട്. അത് എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. സ്വന്തം ബന്ധങ്ങളെ കണ്ണുനനച്ചും കരംകൂപ്പിയും കാണാന്‍ അത് ഒരാളെ സഹായിക്കും. നിലത്തുചൊരിഞ്ഞ കുറേ മുത്തുമണികളില്‍പോലും ഏത് ഏതിനെ തൊടണമെന്നും ഒഴിവാക്കണമെന്നും ചില മുന്‍നിശ്ചയങ്ങളുണ്ടെന്നാണ് സങ്കല്പം. അതത്ര ശാസ്ത്രീയമാവണമെന്നൊന്നുമില്ല. യുക്തിയേക്കാള്‍ ചിലപ്പോള്‍ ജീവിതത്തെ പ്രകാശിപ്പിക്കുന്നത് മിത്തുകളാണെന്നുതോന്നുന്നു. ഒരാള്‍ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്‍റെ ചില്ലയില്‍ പൊടിച്ചുവെന്നതില്‍ നിയതിയുടെ ചില കണക്കും കരുതലും ഉണ്ടാവണം.

 

താരതമ്യേന ദുര്‍ബലമായ ഒരു സ്പീഷീസിനുവേണ്ടിയുള്ള പ്രപഞ്ചത്തിന്‍റെ കരുതലാണ് ബന്ധങ്ങള്‍. ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടതില്ല. പെറ്റുവീണ ആട്ടിന്‍കുട്ടി എത്ര പെട്ടെന്നാണ് തൊടിനിറയെ കൂത്താടുന്നത്. അവനാകട്ടെ എത്രകാലം കാത്തിട്ടാണ് പിച്ചവയ്ക്കുന്നത് അതും എത്രയോപേരുടെ കാവലില്‍. ഇത് ശൈശവത്തിന്‍റെ മാത്രം പ്രതിസന്ധിയല്ല, ജീവിതത്തിന്‍റെ ഓരോ ചുവടിലും ആരെങ്കിലുമൊക്കെ അവനുവേണ്ടി കരുതലോടിരുന്നേപറ്റൂ. ശൈശവത്തില്‍ മാതാപിതാക്കന്മാര്‍, വളര്‍ച്ചയില്‍ ഗുരുക്കന്മാര്‍, യൗവനത്തില്‍ സഖി, വാര്‍ദ്ധക്യത്തില്‍ മക്കള്‍... നിങ്ങള്‍ ഒരു അസാധാരണ മനുഷ്യനല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ ചുമലുകളെ താങ്ങിനിന്നേപറ്റൂ. ബന്ധങ്ങള്‍ ഒരാളുടെ സ്വാഭാവിക ഊന്നുവടികളാണ്.

ബന്ധങ്ങളുടെ ഒരു പശ്ചാത്തലത്തിലാണ് നമ്മള്‍ ക്രിസ്തുവിനെ പരിചയപ്പെടുന്നതുപോലും. ജെസ്സയുടെ വേരില്‍നിന്നു പൊട്ടിയ നാമ്പെന്നാണ് അവനുള്ള വിശേഷണം. നാല്‍പ്പത്തിരണ്ട് തലമുറ നീളുന്ന വംശാവലിയുടെ ഒടുവിലത്തെ പേരാണ് അവന്‍. അബ്രഹാം ഇസഹാക്കിനും ഇസഹാക്ക് യാക്കോബിനും, അങ്ങനെയങ്ങനെ ഓരോരുത്തരില്‍ നിന്ന് ഓരോരുത്തര്‍. അതില്‍ പുണ്യവാനും പാപിയുമുണ്ട് - സതിരത്നങ്ങളും ഗണികകളുമുണ്ട്. നീലരക്തം ഒരു സങ്കല്പം മാത്രം. എന്നാല്‍ ക്രിസ്തുവിനോടുകൂടി ദീര്‍ഘമായ ഒരു വംശാവലിക്ക് പൂര്‍ണ്ണവിരാമമായി. ക്രിസ്തു ആര്‍ക്കും ജന്മം കൊടുത്തില്ല. ഇനിമുതല്‍ പുതിയ നിയമമാണ് - ശരീരം ആവശ്യമില്ലാത്ത പിറവികള്‍. ഒരാള്‍ നിങ്ങള്‍ക്ക് മകനോ മകളോ ആകാന്‍ നിങ്ങളുടെ ഉദരത്തില്‍ പൊടിക്കണമെന്നില്ല - നിങ്ങളുടെ ഔരസവൃക്ഷത്തില്‍ നിന്നും തളിര്‍ക്കണമെന്നുമില്ല. ആസുരമായ ഒരു കാലത്തിനത് തീരെ മനസ്സിലാവില്ല. ഒരു പെണ്‍കുഞ്ഞിനെ മകളായ് ഗണിച്ചതിന്‍റെ പൊല്ലാപ്പ് ഇനിയും തീര്‍ന്നിട്ടില്ല. ശരീരത്തിനുമീതെ ഒന്നുമില്ലെന്ന് കരുതുന്നവരോട് തര്‍ക്കിച്ചുതീര്‍ക്കാനുള്ളതല്ല ഒരാളുടെയും ആയുസ്സ്! ജയ്റോസിന്‍റെ മകളെ മരണനിദ്രയില്‍ നിന്ന് ജീവനിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ബാലികയ്ക്ക് വല്ലതും കഴിക്കാന്‍ കൊടുക്കണമേ എന്ന് അവന്‍ അവളുടെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ക്രിസ്തു ഉപയോഗിച്ച വാക്കിന് മകള്‍ എന്നാണ് അര്‍ത്ഥം എന്ന് ഒരു വേദവ്യാഖ്യാനത്തില്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി.

ക്രിസ്തു, ബന്ധങ്ങളെ ഗൗരവമായിട്ടെടുക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. കടലോരത്തുനിന്ന് മനുഷ്യരെ പിടിക്കാനായി ആ വലിയ മുക്കുവനെ കണ്ടെത്തിയ ഉടനെ അയാളുമൊത്ത് ജ്വരബാധിതയായ ഭാര്യാമാതാവിന്‍റെ കിടക്കയിലെത്തി. രോഗാതുരമായ ബന്ധങ്ങളെ ദൃഢപ്പെടുത്തണമെന്നതിന്‍റെ സൂചനപോലെ. സാധാരണത്വംകൊണ്ടും ചിരപരിചിതത്വം കൊണ്ടും നമ്മള്‍ ബന്ധങ്ങളെ ധ്യാനവിഷയമാക്കുന്നില്ല. ഒരു കാര്യത്തെ ധ്യാനമാക്കുകയെന്നതിന്‍റെ അര്‍ത്ഥം അതിനെ ആസ്വദിക്കുവാന്‍ പഠിക്കുകയെന്നതാണ്. ഒരു കോപ്പ കാപ്പിയുടെ ഗന്ധമറിഞ്ഞ് പതുക്കെപ്പതുക്കെ അതു മൊത്തിക്കുടിക്കുന്നതുപോലെ. നിങ്ങള്‍ കാണുന്നവ കാണാന്‍കഴിഞ്ഞ കണ്ണുകള്‍ എത്രയോ അനുഗ്രഹീതം നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിഞ്ഞ കാതുകള്‍ എത്രയോ അനുഗ്രഹീതം എന്നൊക്കെപ്പറഞ്ഞ് ആ തച്ചന്‍ ജീവിതത്തെ ആസ്വദിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. പലതും കൈവിട്ടുപോകുമ്പോഴാണ് നമ്മള്‍ അത് ഓര്‍മ്മിച്ചെടുക്കുന്നത്. ഉദാഹരണത്തിന് അമ്മ ജീവിച്ചിരുന്നപ്പോള്‍ അമ്മയെ അത്ര പ്രണമിച്ചിട്ടില്ല. ഒരമ്മയും സിനിമകളിലെ കവിയൂര്‍ പൊന്നമ്മയല്ല. ആവശ്യത്തിലേറെ സ്വാര്‍ത്ഥതയുള്ള പാവം സ്ത്രീകള്‍. അതുകൊണ്ടുതന്നെ നമ്മുടെ ആദര്‍ശലോകത്തിന് അവര്‍ തീരെ നിരക്കുന്നില്ല. ഒന്നോര്‍ക്കണം ആ സ്വാര്‍ത്ഥതകൊണ്ടാണ് നമ്മളൊക്കെ തണ്ടും തടിയും ഉള്ളവരായത്. അമ്മ വയല്‍പ്പൂവ് കൊഴിയുന്നതുപോലെ കൊഴിഞ്ഞുപോയതിനുശേഷം നമ്മള്‍ എന്തുചെയ്യും. അമ്മയില്ലാത്തൊരു വീട് എന്തൊരു വീടാണ്. എന്തിനാണ് അത്തരം ഒരു വീട്ടിലേക്ക് ഒരാള്‍ മടങ്ങിച്ചെല്ലുന്നത് Only when you miss, you begin relish.

 

പരസ്പരം പോരാടുന്ന ഒരമ്മയും മകളും. അവള്‍ക്ക് ഇരുപതു വയസ്സുണ്ട്. മകള്‍ക്കുവേണ്ടി കല്ല്യാണമൊക്കെ ആലോചിക്കുന്നുണ്ടോയെന്ന് ഞാന്‍ അവരോട് കുശലം ചോദിച്ചു. അമ്മ പറഞ്ഞു : പരമാവധി നാലുവര്‍ഷം കൂടി, അതിനുള്ളില്‍ അവളെ പറഞ്ഞയക്കണം. അതിനര്‍ത്ഥം പരമാവധി ആയിരത്തിഅഞ്ഞൂറു ദിവസങ്ങള്‍ നിങ്ങള്‍ ഒരുമിച്ചുണ്ടാകും. പിന്നെ സ്നേഹിക്കാനല്ല, കലഹിക്കാന്‍ പോലും നിങ്ങള്‍ക്ക് അവളെ കിട്ടില്ല. കണ്ണീരില്‍ അവര്‍ ശുദ്ധരായി.

 

പരസ്പരം കാവലാവുകയാണ് ബന്ധങ്ങളുടെ ധര്‍മ്മം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഇമവെട്ടാതെ നോക്കിയിരിക്കുന്നു. ഉറങ്ങുന്ന ഉറ്റവരെ നോക്കിയിരിക്കുന്നതിനേക്കാള്‍ മനോഹരമായി എന്തുണ്ട് ജീവിതത്തില്‍. തിരുത്തുന്നതിനേക്കാള്‍ സ്വീകരിക്കാനാണ് ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. ക്രിസ്തുവിന്‍റെ ആ ക്ലാസിക്കല്‍ ഉപമയിലെന്നതുപോലെ. പാടത്ത് കളയുണ്ടെന്ന് പരാതിപറയുന്ന കാര്യസ്ഥന്‍. കളയും വിളയും വേര്‍തിരിക്കാനല്ല, ഒരു തുണ്ടുഭൂമിയായ് ഉറ്റവരെ സ്വീകരിക്കുവാന്‍ പഠിക്കുകയാണ് പ്രധാനമെന്ന് പറഞ്ഞുകൊടുക്കുന്ന അയാളുടെ യജമാനന്‍ ക്രിസ്തുതന്നെയാവണം. അല്ലെങ്കില്‍ തന്നെ ഭൂമിയുടെ വിധിയാളാകാന്‍ ആരാണ് നമ്മളെ ഏല്‍പ്പിച്ചത്. ആദിയിലേ ദൈവം അവനോടു പറഞ്ഞിരുന്നു : ഏതു വൃക്ഷത്തില്‍ നിന്നും കനി ഭക്ഷിക്കാം - നന്മതിന്മകളുടെ വൃക്ഷത്തില്‍ നിന്നൊഴികെ. നന്മതിന്മകളെ നിശ്ചയിക്കേണ്ട അവകാശം അവന്‍റേതല്ല - ദൈവത്തിന്‍റേതാണ്. അത് ലംഘിക്കുകവഴി ഒരാള്‍ ദൈവമാകാന്‍ ശ്രമിക്കുകയാണ്! എന്നിട്ടോ - അയാള്‍ ദൈവമായില്ല എന്നുമാത്രമല്ല ഭേദപ്പെട്ട മനുഷ്യനായിപ്പോലും പരിണമിക്കുന്നില്ല. കളപറിക്കാനുള്ള നമ്മുടെ അമിതവ്യഗ്രതയില്‍ ഉറ്റവരുടെ സുകൃതങ്ങളുടെ വേര് ഉലയുന്നതു കാണുന്നില്ലേ.

ഒരമ്മ പരാതിപ്പെടുകയായിരുന്നു : രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റ് സ്കൂള്‍ബസ് വരുവോളം പഠിക്കുന്ന മൂത്തവന്‍. രണ്ടാമത്തവന്‍ ബസ്സിന്‍റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞുണരുന്നവന്‍. എന്നിട്ടും പള്ളിക്കൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല. കുറച്ചു മീനെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് ഞാഞ്ഞൂലു പിടിച്ചുകൊടുക്കണ്ടെ. കുറച്ചു കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട്, മുട്ടയിടീക്കണമെന്ന അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റകൊടുക്കാന്‍ വേണ്ടിയാണ്! ഒരു വല്യപ്പച്ചനുണ്ട്, അടുത്തുപോയിരുന്ന് പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!

 

അമ്മയെ ശകലം ബോധവത്കരിക്കാമെന്നു തീരുമാനിച്ചു : അമ്മേ, ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് ഗണിച്ചുനോക്കാതെ പറയാനാവും. ആദ്യത്തവന്‍ സിവില്‍സര്‍വ്വീസില്‍തന്നെ ചെന്നുചാടും. അവന്‍റെ അഭിലാഷം പോലെ. ഏതെങ്കിലുമൊരു നഗരത്തില്‍നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. അപ്പോഴും ഏതെങ്കിലും ഒരു ഡോക്ടറിന്‍റെ മുറിക്കുപുറത്ത് ടോക്കണ്‍ എടുത്ത് നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും. കാലമാണ് കളയും വിളയും നിശ്ചയിക്കേണ്ട ഏക ഏകകം.

 

ബന്ധങ്ങളെ ആദരപൂര്‍വ്വം കണ്ടപ്പോഴും ഒരു വീട്ടുതടങ്കലിലായിരുന്നില്ല ക്രിസ്തു. അനുപാതങ്ങള്‍ നിലനിര്‍ത്തുകയാണ് ആരോഗ്യത്തിന്‍റെ ലക്ഷണം. അങ്ങനെയെങ്കില്‍ ക്രിസ്തുവോളം ആരോഗ്യമുള്ള ഏറെപ്പേര്‍ ഉണ്ടാവില്ല. ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ദാമ്പത്യബന്ധങ്ങളില്‍പ്പോലും അതിഭാവുകത്വംകൊണ്ട് നിറം ചേര്‍ക്കരുതെന്ന് അവന്‍ കരുതി. ഏഴ് പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീ നിത്യതയില്‍ ആരുടെ ഭാര്യയായിരിക്കും എന്ന ചോദ്യത്തിന് അവിടെ അവര്‍ കല്യാണം കഴിക്കുകയോ കഴിപ്പിക്കുകയോ ഇല്ല എന്നുപറഞ്ഞ് അവന്‍ പുഞ്ചിരിച്ചത് അതുകൊണ്ടാണ്. ഏതൊരു ബന്ധത്തിന്‍റെയും ആയുസിനെക്കുറിച്ച് അവന് ധാരണയുണ്ട്. കാല്പനികതയല്ല, യാഥാര്‍ത്ഥ്യബോധമാണ് അവന്‍ നമ്മളില്‍ തിരയുന്നത് എന്നു സാരം. അതുകൊണ്ടാണ് വംശീയ-ജൈവീക-ഔരസ കാരണങ്ങള്‍ക്ക് ഉപരിയായി ചില ബന്ധങ്ങള്‍ രൂപപ്പെടേണ്ടതിനെക്കുറിച്ച് അവന്‍ സംസാരിച്ചു തുടങ്ങിയത്.

എല്ലാ അര്‍ത്ഥത്തിലും ഒരു ഗാര്‍ഹിക മനുഷ്യനായിരുന്നു ക്രിസ്തു. വീടുകളോടും അത്താഴങ്ങളോടും അവന്‍ കാട്ടിയ മമത അതിന്‍റെ സൂചനയാണ്. എന്നിട്ടും ഒരാള്‍ക്ക് വളരണമെങ്കില്‍ വീടെന്ന ഗര്‍ഭപാത്രത്തിന്‍റെ പുറത്തുകടക്കണം. അവന്‍ അതിന് ധൈര്യപ്പെട്ടു. അവനെത്തേടി അവന്‍റെ സഹോദരന്മാരും അമ്മയും എത്തിയപ്പോള്‍ അവന്‍ അതാണുപറഞ്ഞത്. ആരാണ് എന്‍റെ അമ്മയും സഹോദരന്മാരും? എന്‍റെ ഹിതമനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവരാണ് അവര്‍. അതോടുകൂടി ബന്ധങ്ങള്‍ക്കുമീതെ പുതിയ അവബോധങ്ങളുടെയും പ്രകാശത്തിന്‍റെയും സ്നാനം ഉണ്ടായി. അങ്ങനെ വിശ്വം ഒരു കിളിക്കൂടുപോലെ അടുപ്പത്തിലും പാരസ്പര്യത്തിലും അവനു വെളിപ്പെട്ടുകിട്ടി. ഭൂമിയെ അദൃശ്യമായൊരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു. അതുകൊണ്ട് ഇനിമുതല്‍ ആരെയും നോക്കി ഉടപ്പിറന്നോനെ, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും. ഒരുവള്‍ ഗണികത്തെരുവില്‍ ഊഴം കാത്തുനില്‍ക്കുന്നു. ഒരുത്തന്‍ ആരുടേയോ പോക്കറ്റടിച്ചു ആ ഓടയ്ക്കു കുറുകേ ഓടുന്നു. ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്കു താഴെ ഉപവാസപ്രാര്‍ത്ഥനയില്‍ ഇരിക്കുന്നു. പല കാരണങ്ങള്‍കൊണ്ട് ചിതറിപ്പോയ എന്‍റെ ഉടപ്പിറന്നോര്‍.

സുകൃതങ്ങളുടെ വഴിയേ നടക്കാന്‍ ദൃഢനിശ്ചയം ചെയ്തവര്‍ക്കുവേണ്ടി അവന്‍ കരുതിവച്ച സമ്മാനം വിശാലമാകുന്ന ഒരു വീടായിരുന്നു. പത്രോസ് ആണ് അതു ചോദിച്ചത്. നിന്‍റെ നാമത്തെപ്രതി ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു. അവന്‍ അവരോടു പറഞ്ഞു : എന്‍റെ നാമത്തിനുവേണ്ടി സ്വന്തം ബന്ധം ഉപേക്ഷിച്ചവര്‍ക്ക് ഈ ഭൂമിയില്‍ വച്ചുതന്നെ നൂറുമടങ്ങു ബന്ധങ്ങള്‍ ഉണ്ടാകും. വീടിനുപുറത്ത് ജീവിക്കാനായി ഒരു കാരണം ഉള്ള ഏതൊരാളോടും ചോദിച്ചുകൊള്ളൂ - അതൊരു സുവിശേഷകനോ തീവ്രവാദിയോ ആകട്ടെ - അവര്‍ക്കു പറയാനുണ്ടാകും അത്തരം ആയിരക്കണക്കിന് മിഴിനിറഞ്ഞ അനുഭവങ്ങള്‍. പെങ്ങളെപ്പോലെ അത്താഴം വിളമ്പുന്നവര്‍, അച്ഛനെപ്പോലെ ഉറക്കത്തില്‍ കരിമ്പടം പുതപ്പിക്കുന്നവര്‍, മകളെപ്പോലെ കൊഞ്ചുന്നവര്‍, ജ്യേഷ്ഠനെപ്പോലെ ശകാരിക്കുന്നവര്‍... പതുക്കെപ്പതുക്കെ പോലെ എന്ന പദം മാഞ്ഞുപോകുന്നു - അവര്‍ അതുതന്നെയാകുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഒരു സ്വപ്നമുണ്ടെനിക്ക്. തിരക്കുള്ള ഒരു റെയില്‍വേസ്റ്റേഷന്‍. സിമന്‍റ് ബഞ്ചിലിരിക്കുന്ന എന്‍റെ മുമ്പിലിരുന്ന് നഖം വെട്ടിത്തരുന്ന ഒരു പെണ്‍കുട്ടി. അവളെ ഞാന്‍ എന്തു പേരിട്ടുവിളിക്കും.

മനുഷ്യബന്ധങ്ങളുടെ അദൃശ്യവും നിഗൂഢവുമായ വഴികളെക്കുറിച്ച് മലയാളത്തില്‍ ഏറ്റവും പ്രകാശത്തിനായ് നിന്നത് ഒ.വി. വിജയന്‍ തന്നെയാവണം. എന്തൊക്കെ ഹൃദ്യമായ ബന്ധങ്ങളാണ് അയാളുടെ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുക. കൂടെക്കിടന്നുറങ്ങുന്ന ഒരു പെണ്‍കുട്ടിയെ തൊടരുതെന്ന് അയാളുടെ വിപ്ലവകാരിയായ കഥാപാത്രം നിശ്ചയിക്കുന്നത് ആ പ്രകാശത്തിലാണ്. ഇനിമേല്‍ പുകവലിക്കരുതെന്ന് പറയുന്ന പെണ്‍കുട്ടി കുഞ്ഞുണ്ണിക്ക് അനുജത്തിയാകുന്നതും അങ്ങനെതന്നെ. മകള്‍ അയാളുടെ എല്ലാമായിരുന്നു എന്നിട്ടും മകളുടെ മരണക്കിടക്കയില്‍ വച്ച് അത് അയാളുടെ മകളല്ലെന്ന് ഭാര്യ ശിവാനി കുമ്പസാരിക്കുന്നു. അവള്‍ മരിച്ചു, പത്രാധിപരോട് ആ വാര്‍ത്ത വിളിച്ചറിയിക്കുവാന്‍ തുടങ്ങുമ്പോള്‍ മകള്‍ എന്നു പറയുവാന്‍ പെട്ടെന്ന് അയാള്‍ക്ക് മടിതോന്നി പിന്നെയോര്‍ത്തു എന്തൊരു അല്പത്തരമാണത്. അങ്ങനെ ഒരു നിമിഷ സന്ദേഹത്തിനുശേഷം കുഞ്ഞിനുവീണ്ടും അവളുടെ അച്ഛനായി.

 

ഒടുവില്‍ എന്തായിരിക്കും നിങ്ങളുടെ ബന്ധങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കാന്‍ പോകുന്ന നിക്ഷേപം. നിങ്ങളിലൂടെ നിങ്ങളുടെ ഉറ്റവര്‍ ആശീര്‍വ്വദിക്കപ്പെടുന്നു. ക്രിസ്തു തന്നെയാണ് ഏറ്റവും നല്ല സൂചന. നല്ല പ്രവാചകന്മാര്‍ പൊതുവേ നല്ല മക്കളല്ല. ഒരു ചെമ്പുനാണയം പോലും തന്‍റെ ഉറ്റവര്‍ക്ക് കൊടുക്കുവാന്‍ ബലമോ താത്പര്യമോ ഉണ്ടായിരുന്ന ആളായിരുന്നില്ല ക്രിസ്തു. എന്നിട്ടും സ്വര്‍ണ്ണനാണയങ്ങള്‍കൊണ്ടു പോലും വാങ്ങാനാവാത്ത ഒരു കാര്യം അവര്‍ക്കുവേണ്ടി അവന്‍ ശേഖരിച്ചു. അത് തന്‍റെ കാലത്തിന്‍റെ ആശീര്‍വാദമാണ്. അവന്‍ പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോള്‍ അവന്‍റെ അമൃതമൊഴികളില്‍ ഹൃദയം നിറഞ്ഞ ഒരു സ്ത്രീ വിളിച്ചു പറഞ്ഞു: നിന്നെ മുലയൂട്ടിയ മാറും നിന്നെ വഹിച്ച ഉദരവും എത്രയോ അനുഗ്രഹീതം. ക്രിസ്തു പറഞ്ഞു അതുപോലെ തന്നെ അനുഗ്രഹീതരാണ് ദൈവവചനം കേള്‍ക്കുകയും പാലിക്കുകയും ചെയ്യുന്നവര്‍. നിങ്ങളിലൂടെ നിങ്ങളുടെ ഉറ്റവരെ ഭൂമി വാഴ്ത്തട്ടെ.

You can share this post!

പാദക്ഷാളനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts