news-details
ഇടിയും മിന്നലും

ഓട്ടക്കലവും പൊട്ടക്കുടവും

ഗള്‍ഫില്‍നിന്നുവന്ന ഫോണ്‍കോളായിരുന്നു, അയാളുടെ അപ്പനെ ക്രിസ്മസ്സിനുമുമ്പു ഞാന്‍ പോയൊന്നുകാണണമെന്നായിരുന്നു അപേക്ഷ. അമ്മ മരിച്ചുകഴിഞ്ഞ് അപ്പനെ വൃദ്ധമന്ദിരത്തിലാക്കിയിരിക്കുകയാണ്. ഒറ്റമകനെയുള്ളു. ആണ്ടുതോറും അവധിക്കുവരുന്നതാണ്, മിക്കവാറും വിളിച്ചന്വേഷിക്കാറുമുണ്ട്. ഇത്തവണയും ക്രിസ്മസ്സിനു നാട്ടില്‍ വരുമെന്ന് അപ്പനുവാക്കുകൊടുത്തതായിരുന്നു, അവധി തരപ്പെട്ടില്ല, കിട്ടിയാലുടനെ എത്തുമെന്നറിയിക്കാന്‍ വിളിച്ചപ്പോള്‍ അപ്പന്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടുചെയ്തു. അതുകൊണ്ടാണ് അപ്പനേംമകനേം അടുത്തറിയാവുന്ന എന്നോടൊന്നു പോകാമോ എന്ന മകന്‍റെ അപേക്ഷ. സമയമുണ്ടാക്കി അവിടെച്ചെന്നപ്പോള്‍ അപ്പന്‍റെ പരിഭവം മറ്റൊന്നാണ്, മകന്‍ വിളിച്ച് അവധിക്കു വരുകേലെന്നു മാത്രംപറഞ്ഞിട്ടു പെട്ടെന്നു ഫോണ്‍ കട്ടാക്കിപോലും. രണ്ടുപേരും ഓര്‍ത്തതു മറ്റെയാളു ഫോണ്‍ കട്ടാക്കിയെന്നായിരുന്നു. നെറ്റുവര്‍ക്കു കാണിച്ച നേരുകേട്!
 
അന്തേവാസികള്‍ ഫോണ്‍നേരിട്ടുവിളിക്കാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സിസ്റ്റേഴ്സ് ഫോണ്‍ കണക്റ്റുചെയ്തുകൊടുക്കും അതായിരുന്നു അവിടുത്തെ പതിവ്. ഏതായാലും എന്‍റെ മൊബൈലില്‍ അവന്‍റെ നമ്പറുണ്ടായിരുന്നതുകൊണ്ട് ഞാനുടനെതന്നെ അവനൊരു മിസ്ഡ്കോളുവിട്ടു. അവന്‍ ഉടനെ തിരിച്ചുവിളിച്ചു.
 
"ഞാന്‍ അച്ചന്‍റെ ഒരു മിസ്കോളുവരാത്തതില്‍ വിഷമിച്ചിരിക്കുകയായിരുന്നു. അച്ചന്‍ അപ്പനെകാണാന്‍ പോയാരുന്നോ? അപ്പന്‍റെ വിഷമം മാറിയോ?"
 
ഞാന്‍ മറുപടി പറയാതെ അപ്പന്‍റെ കൈയ്യിലേക്കുതന്നെ ഫോണ്‍ കൊടുത്തു. അപ്പനുംമകനും തമ്മിലുള്ള സംസാരം കുറെനേരം നീണ്ടു. അവസാനം സന്തോഷത്തോടെ അയാള്‍ എന്‍റെനേരെ ഫോണ്‍ നീട്ടി. 
 
"അച്ചാ, അപ്പനോടു പറയണ്ട, വാസ്തവത്തില്‍ അവധിയില്ലാത്തതല്ലച്ചാ, ജോലിപോയി. തിരിച്ചുപൊയ്ക്കോളാനാണ് സ്പോണ്‍സര്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചുള്ള ഫ്ളൈറ്റ് ചാര്‍ജേ ആകെ കൈവശമുള്ളു. എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിന്ന് വേറൊരുജോലി കിട്ടുമോന്നു നോക്കണം. അപ്പനോടച്ചനതു പറഞ്ഞേക്കരുത്. ജീവിക്കുന്നത്രയുംകാലം അപ്പനെ വിഷമിപ്പിക്കാതെ നോക്കണം." അവന്‍ എന്നോടു നേരത്തെ പറഞ്ഞിട്ടുള്ളതും അല്ലാത്തതുമായ കുറെകാര്യങ്ങള്‍ അവന്‍ പിന്നെ സംസാരിച്ചു. സാധാരണ പലരില്‍നിന്നും കേള്‍ക്കുന്നതില്‍നിന്നും വ്യത്യസ്ഥമായ കുറെകാര്യങ്ങള്‍.
 
അത്രയും കഷ്ടത്തിലാണ് അവന്‍റെ അവസ്ഥ എന്നെനിക്കറിയില്ലായിരുന്നു. നല്ലനിലവാരമുള്ള ഒരു അഗതിമന്ദിരത്തില്‍ മാസംതോറും നല്ലതുക നല്‍കിയാണ് അവന്‍ അപ്പനെ താമസിപ്പിച്ചിരിക്കുന്നത്. നല്ലവരുമാനമവനുണ്ടായിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. അവനുകിട്ടുന്നതുമുഴുവനുമാണ് അവന്‍ അപ്പനുവേണ്ടി അയച്ചുകൊടുത്തുകൊണ്ടിരുന്നത് എന്നുഞാനറിഞ്ഞിരുന്നില്ല.
 
പത്തുപതിന്നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി ഗള്‍ഫിനു പോകുന്നതിനുമുമ്പു ധ്യാനിക്കാന്‍ വന്നപ്പോളാണ് അവനെ പരിചയപ്പെട്ടത്. തുടര്‍ന്നാണവന്‍റെ വീടുമായി പരിചയപ്പെടുന്നതും. തീരെ ദരിദ്രകുടുംബമായിരുന്നു അവന്‍റേത്. മക്കളായിട്ട് ഇവന്‍മാത്രം. അമ്മ മാനസികരോഗിയായിരുന്നു. ചെറിയതോതില്‍ ആസ്ത്മാ രോഗികൂടി ആയിരുന്ന അപ്പന്‍ പണിയെടുത്തുണ്ടാക്കുന്നതുകൊണ്ട് അമ്മയുടെ ചികിത്സക്ക് തികയാറില്ലായിരുന്നു. അതുകൊണ്ട് അവന് ഹൈസ്കൂളിനപ്പുറത്തേയ്ക്കു പഠിക്കാന്‍ സാധിച്ചില്ല. പത്തില്‍ പഠിക്കുമ്പോള്‍തന്നെ ഒരു ലോറിവര്‍ക്ക്ഷാപ്പില്‍ പണിക്കുപോയിത്തുടങ്ങി. അതിന്‍റെ ഉടമയുടെ ഒരുമകന്‍ ഗള്‍ഫിലായിരുന്നതുകൊണ്ട് അയാളുടെ കരുണയില്‍ ഇരുപതാംവയസ്സില്‍ ഗള്‍ഫിനു പോയതാണ്. പട്ടിണികിടന്നും അമ്മയെ ചികിത്സിക്കുന്ന അപ്പന്‍റെയും അമ്മയുടെയും രക്ഷ മാത്രമായിരുന്നു അവന്‍റെ ഉദ്ദേശ്യം. ഇപ്പോള്‍ മുപ്പത്തിനാലു വയസ്സായെങ്കിലും കല്യാണം കഴിച്ചിട്ടില്ല. ആദ്യകാലങ്ങളില്‍ കിട്ടിയ ശമ്പളംമുഴുവന്‍ അമ്മയുടെ ചികിത്സയ്ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി അയച്ചുകൊടുത്തു. നാലുവര്‍ഷംമുമ്പ് അമ്മ മരിച്ചു. അതുകഴിഞ്ഞ് വലിവ് കലശലായ അപ്പനെ സമ്മതിപ്പിച്ച് അവന്‍ ഈ അഗതി മന്ദിരത്തിലാക്കിയതാണ്. അതിനെ ശക്തമായി ഞാനന്നെതിര്‍ത്തു. കല്യാണംകഴിച്ച് അപ്പനെയുംനോക്കി നാട്ടിലെങ്ങാനും വല്ല ജോലിയുംചെയ്തു ജീവിക്കാന്‍ ഞാനവനോടന്നു പിണങ്ങിപ്പറഞ്ഞപ്പോഴായിരുന്നു അവന്‍ കുറെകാര്യങ്ങള്‍ തുറന്നു പറഞ്ഞത്. നാട്ടില്‍നിന്നാല്‍ കൂലിപ്പണിചെയ്യാനുള്ള വിദ്യാഭ്യാസമെയുള്ളു. കല്യാണവുംകൂടി കഴിച്ചാല്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുമ്പോള്‍ രോഗികൂടിയായ അപ്പനെ വേണ്ടപോലെ നോക്കാന്‍ പറ്റാതെവരും.
 
"എന്‍റെ അപ്പനെനിക്കു ദൈവമാണച്ചാ. എനിക്കപ്പനുമമ്മയും അപ്പന്‍തന്നെയായിരുന്നു. ഈ അപ്പന്‍റെ സുഖം കഴിഞ്ഞിട്ടുമതി എനിക്കു കല്യാണോം സമ്പാദ്യോമൊക്കെ. അല്ലെങ്കിലെനിക്കു ലോട്ടറിയടിക്കണം. അതൊരു അത്യാഗ്രഹമാണെന്നറിയാമെങ്കിലും, ആകെ ഞാന്‍ചെയ്യുന്ന ദുര്‍ച്ചെലവ് അല്പംകാശു മീതിവയ്ക്കാന്‍പറ്റിയാല്‍ അതുകൊണ്ട് വല്ലപ്പോഴും ലോട്ടറിയെടുക്കുന്നതുമാത്രമാണ്." തുടര്‍ന്ന് അന്നവന്‍ പറഞ്ഞകാര്യങ്ങള്‍ നല്ലതുപോലെ ഓര്‍മ്മയിലുണ്ടായിരുന്നതുകൊണ്ടാണ് അവന്‍ ഫോണില്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ ഞാനാ വൃദ്ധസദനത്തിലെത്തിയത്. 
 
ഏതാണ്ടു നാലുവയസ്സുകാലം മുതലുള്ള കാര്യങ്ങള്‍ അവനോര്‍മ്മയുണ്ടായിരുന്നു. അമ്മയവനെ താലോലിച്ചതോ, മുടിയീരിക്കൊടുത്തതോ, കുളിപ്പിച്ചതോ, ഭക്ഷണം വിളമ്പിക്കൊടുത്തതോ ഒന്നും അവനോര്‍മ്മയില്ല. കാരണം അവന്‍റെയമ്മ അതൊന്നും അവനു ചെയ്തുകൊടുത്തിട്ടില്ല. വല്ലപ്പോഴും ഭക്ഷണം ഉണ്ടാക്കിയെങ്കിലായി. സദാസമയവും അമ്മ കിടപ്പായിരുന്നു. അല്ലെങ്കില്‍ പിറുപിറുത്തുകൊണ്ടു നടക്കും. വസ്ത്രംമാറില്ല, കുളിക്കില്ല, എല്ലാത്തിനും അപ്പന്‍ വേണമായിരുന്നു. മരുന്നു മുടങ്ങിയാല്‍ അമ്മ വയലന്‍റാകുമായിരുന്നു, കാണുന്നതെല്ലാം വലിച്ചെറിയുകയും അപ്പനെ വല്ലാതെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതെല്ലാമായിട്ടും അപ്പന്‍ ഒരിക്കലും തിരിച്ച് ഉപദ്രവിച്ചു കണ്ടിട്ടില്ല. അവനാറേഴുവയസ്സായപ്പോള്‍മുതല്‍ കാപ്പിയനത്താനും കഞ്ഞിവയ്ക്കാനും അപ്പന്‍ പഠിപ്പിച്ചു. ഭക്ഷണംകഴിക്കാന്‍ മടിച്ചു ചുരുണ്ടുകൂടിക്കിടക്കാറുണ്ടായിരുന്ന അമ്മയെ പിടിച്ചെഴുന്നേല്‍പിച്ച് കഞ്ഞികോരിക്കൊടുത്തിരുന്നത് അപ്പനാണ്. പിന്നീട് അത് അവനേറ്റെടുത്തു.
 
വികാരിയച്ചനും സിസ്റ്റേഴ്സുമൊക്കെ അമ്മയെ എവിടെയെങ്കിലും സ്ഥാപനത്തിലാക്കാമെന്നു പലപ്രാവശ്യം അപ്പനോടു പറയുന്നത് അവന്‍ കേട്ടിട്ടുണ്ട്. അപ്പോളൊക്കെ, 'എനിക്കു പറ്റാതാകുമ്പോള്‍ ഇവനുണ്ട്, ഇവനു പറ്റുകേലെങ്കില്‍ അന്നേരം ഇവനതുചെയ്തോളും; ഇപ്പോളിവളെ നോക്കാന്‍ ഞാന്‍മതി,' എന്നുപറഞ്ഞപ്പന്‍ അവരെ ഒഴിവാക്കുന്നതും അവന്‍ കണ്ടിട്ടുണ്ട്. അവനും വര്‍ക്ഷാപ്പില്‍ പണിക്കുപോയിത്തുടങ്ങിക്കഴിഞ്ഞാണ്, ഒരുദിവസം, അമ്മയെടുത്തെറിഞ്ഞ പാത്രംകൊണ്ട് അപ്പന്‍റെ നെറ്റിപൊട്ടി ചോരയൊഴുകുന്നതുകണ്ടപ്പോള്‍ അവനും അപ്പനോടു ചോദിച്ചുപോയി, 'അമ്മയെക്കൊണ്ടുപോയി വല്ലടത്തും ആക്കാന്‍മേലേ'ന്ന്. അന്നവനെ ചേര്‍ത്തുപിടിച്ച് ഒന്നു തേങ്ങിയിട്ട്, നെറ്റിയിലൂടെ ഒഴുകിയ ചോരതുടച്ചതല്ലാതെ അപ്പോളപ്പനൊന്നും പറഞ്ഞില്ല. അന്നുരാത്രി എപ്പോഴോ അവനുണര്‍ന്നപ്പോള്‍ അടുത്ത കട്ടിലില്‍ കിടന്ന അപ്പനെ കണ്ടില്ല. നോക്കിയപ്പോള്‍ മുറിയുടെ മുറ്റത്തേക്കുള്ള കതകു ചാരിയിട്ടേയുണ്ടായിരുന്നുള്ളു. അവന്‍ എഴുന്നേറ്റിരുന്നു. കുറേനേരം കാത്തിട്ടും കാണാഞ്ഞപ്പോള്‍ അവന്‍ സാവധാനം എഴുന്നേറ്റു വെളിയില്‍ചല്ലുമ്പോള്‍ അപ്പന്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്കുന്നു. അവനടുത്തുചെന്നതും മുട്ടുകുത്തിയതുമൊന്നും അപ്പനറിഞ്ഞില്ല. കുറെകഴിഞ്ഞപ്പോള്‍ അപ്പന്‍ പിന്നെയുംപിന്നെയും കണ്ണുനീരുതുടക്കുന്നതുകണ്ടപ്പോള്‍ അവന്‍ചെന്ന് അപ്പനെ കെട്ടിപ്പിടിച്ചു. ഒന്നുംമിണ്ടാതെ അവന്‍റെ തലയില്‍ കൈവച്ചുകൊണ്ട് അന്ന് അപ്പന്‍പറഞ്ഞ വാക്കുകളവന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നു. 'എന്നെ തള്ളിയാലും മോനെ നീ നിന്‍റെ പെറ്റ അമ്മയെ ഒരിക്കലും തള്ളിപ്പറയരുത്. നീ രാവിലെയതു പറഞ്ഞപ്പോള്‍മുതല്‍ നിനക്കതിനു മനസ്സുതോന്നിക്കരുതേന്നൊറ്റ പ്രാര്‍ത്ഥനയായിരുന്നു ദൈവംതമ്പുരാനോടിതുവരെ ഞാന്‍. ഉറങ്ങിക്കിടന്ന നീയിപ്പോള്‍ എന്‍റടുത്തുവന്നതു തമ്പുരാന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടതിനു തെളിവായിരുന്നാല്‍ മതിയായിരുന്നു.' അന്ന് അപ്പന്‍റെകാലുപിടിച്ചു ക്ഷമചോദിച്ചു. ആ വരാന്തയിലിരുന്ന് അന്നപ്പന്‍ അന്നുവരെ അവനറിവില്ലാതിരുന്ന ഒരുപാടുകാര്യങ്ങള്‍ പറഞ്ഞു. 
 
ഞായറാഴ്ചകളില്‍പോലും പള്ളിയില്‍പോകാന്‍ നിര്‍ബ്ബന്ധം പിടിക്കാതിരുന്ന അപ്പന്‍റെ വിശ്വാസത്തിന്‍റെ ആഴം അന്നവനറിഞ്ഞു. അന്ന് അപ്പനവനോടൊരു രഹസ്യം പറഞ്ഞു. അവന്‍റെ അമ്മ എഴുതിയ ഒരു പ്രേമലേഖനത്തിന്‍റെ കാര്യം. ആ കത്തു കൈമാറിയതോ, വികാരിയച്ചനും! തൊട്ടടുത്ത ഇടവകയിലായിരുന്നു അവന്‍റെ അമ്മയുടെ വീട്. നല്ലമനുഷ്യരെങ്കിലും തീര്‍ത്തും ദരിദ്രര്‍. പെണ്ണുകാണലും കല്യാണനിശ്ചയവും കഴിഞ്ഞ് ഒത്തുകല്യാണത്തിനുള്ള തീയതിയും ഉറപ്പിച്ചതിന്‍റെ അടുത്തദിവസം അവരുടെ വികാരിയച്ചന്‍ പള്ളിക്കൈക്കാരനെ പറഞ്ഞുവിട്ടു, പള്ളിപ്പറമ്പില്‍ കുറച്ചു പണിയുണ്ട് വേണമെങ്കില്‍ ചെന്നുകണ്ട് ഉടമ്പടി ഉറപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. പള്ളിപ്പറമ്പിലെ പണിയല്ലെ, കെട്ടാന്‍പോകുന്ന പെണ്ണിന്‍റെ ഇടവകയുമല്ലേ എന്നുകരുതി, കൈക്കാരന്‍റെ കൂടെത്തന്നെപോയി. വികാരിയച്ചന്‍ കൈക്കാരനേം കൂടെനിര്‍ത്തി പണികളെല്ലാം പറഞ്ഞേല്‍പിച്ചുകഴിഞ്ഞ് കൈക്കാരന്‍ പോയി. അപ്പോഴാണു വികാരിയച്ചന്‍ ഒരു രഹസ്യം പറഞ്ഞത്. അവിടെ പണിക്കാരെ കിട്ടാഞ്ഞിട്ടല്ല, കെട്ടാന്‍ഉറപ്പിച്ചിരിക്കുന്ന പെണ്ണ് ഏല്പിച്ച ഒരു പ്രേമലേഖനം, നേരിട്ട് ആരുമറിയാതെ കൊടുക്കാനാണ് അച്ചന്‍ വിളിപ്പിച്ചതെന്ന്. കെട്ടാന്‍പോകുന്ന ചെറുക്കനോടു നേരിട്ടുപറയാന്‍ പറ്റാതെപോയ ചിലകാര്യങ്ങള്‍ എഴുതിയിട്ടുണ്ട്, അത് ആരുമറിയാതെ ആള്‍ക്ക് ഒന്നെത്തിച്ചുകൊടുക്കാന്‍ സഹായിക്കണമെന്നുപറഞ്ഞ് ആ പെണ്‍കുട്ടി എത്തിയിരുന്നെന്നും, അച്ചന്‍ വായിച്ചിട്ടു കൊടുത്താല്‍മതിയെന്നുപറഞ്ഞ് കവറില്ലാതെയാണവളത് ഏല്പിച്ചതെങ്കിലും അച്ചനതു വായിച്ചില്ലെന്നുംപറഞ്ഞാണു പോക്കറ്റില്‍നിന്നും അച്ചനന്നാ കത്തെടുത്തുകൊടുത്തത്. അച്ചന്‍റടുത്തുനിന്നും അല്പം മാറിനിന്ന് കത്തുവായിച്ചു. ശരിക്കും ആത്മാര്‍ത്ഥതയുള്ള ഒരു പ്രേമലേഖനം തന്നെയായിരുന്നു അത്. അവള്‍ക്കുതന്നെ അറിയാത്ത എന്തോ അസുഖം അവള്‍ക്കുണ്ട്, എന്തോ തലയ്ക്കുപെരുപ്പുപോലെതോന്നും; പിന്നെകുറേ മണിക്കൂറത്തേയ്ക്കോ, ചിലപ്പോള്‍ ഒന്നുരണ്ടുദിവസത്തേയ്ക്കോ എന്താണു സംഭവിച്ചതെന്നുപോലും അവള്‍ക്കറിയില്ലെന്നും, നാലുവര്‍ഷംമുമ്പ് മൂന്നാലു പ്രാവശ്യം അങ്ങനെ ഉണ്ടായെന്നും, കുറെനാളത്തേയ്ക്കു സ്ഥിരമായി മരുന്നുകഴിക്കണമെന്നു ഡോക്ടറു പറഞ്ഞതനുസരിച്ച് കഴിക്കുന്നുണ്ടെന്നും, അതുകൊണ്ട് രണ്ടുവര്‍ഷമായി അസുഖമുണ്ടായിട്ടില്ലെന്നും അവള്‍ എഴുതിയിരുന്നു. കല്യാണംകഴിച്ചാല്‍തന്നെയും നല്ല വിലയുള്ള മരുന്നുംകൂടി ആയതുകൊണ്ട് ഒരു നല്ലമനുഷ്യന്‍റെ ജീവിതം താന്‍മൂലം തകരാന്‍ ഇടയാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് കത്തെഴുതുന്നതെന്നും അതില്‍ എഴുതിയിരുന്നു. ഉറപ്പിച്ചിട്ടു വാക്കുമാറിയെന്നുള്ള ചീത്തപ്പേരുണ്ടാകാതിരിക്കാന്‍, കത്തുകിട്ടിയാലുടനെ വികാരിയച്ചന്‍റെയടുത്ത് വിവരം പറഞ്ഞാല്‍മതി അവള്‍തന്നെ എന്തെങ്കിലും ന്യായംപറഞ്ഞു പിന്മാറിക്കൊള്ളാം എന്നും അവള്‍ എഴുതിയിരുന്നു. വിവരം അറിയിക്കാതെതന്നെ പന്മാറാമായിരുന്നെങ്കിലും അത് ഇയാളെപ്പറ്റി സംശയങ്ങള്‍ക്കിടയാക്കും എന്നുള്ളതുകൊണ്ടാണ് രഹസ്യമായി ഈവിവരം അറിയിക്കുന്നതെന്നും ചേര്‍ത്തിരുന്നു. എല്ലാം അറിഞ്ഞിട്ടും വിവാഹത്തിനു തയ്യാറാണെങ്കില്‍ അവള്‍ക്കു പൂര്‍ണ്ണസമ്മതമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
 
പിറ്റെദിവസം ഉടമ്പടിപറഞ്ഞപ്രകാരം പള്ളിപ്പറമ്പില്‍ പണിക്കുവരുമെന്നും വരുമ്പോള്‍ കത്തിനുള്ള മറുപടി പറയാമെന്നുംപറഞ്ഞ് അപ്പന്‍ കത്ത് അച്ചന്‍റെകൈയ്യില്‍ത്തന്നെ മടക്കിക്കൊടുത്തപ്പോള്‍ അച്ചനതു വാങ്ങാന്‍മടിച്ചു. എങ്കിലും അച്ചനും വായിച്ചുകൊള്ളട്ടെ എന്നുകരുതി നിര്‍ബ്ബന്ധിച്ച് ഏല്‍പിച്ചിട്ടാണ് അപ്പനന്നു തിരിച്ചുപോന്നത്.
 
അന്നുവൈകുന്നേരം പണികഴിഞ്ഞെത്തിയ അപ്പന്‍റെ അഛനോടുമാത്രം ആ കത്തിന്‍റെ ഉള്ളടക്കം അപ്പന്‍ പറഞ്ഞു. ശാന്തമായി അല്പനേരം ചിന്തിച്ചിരുന്നശേഷം അന്നപ്പന്‍റെയഛന്‍ കൊടുത്ത ഉപദേശമപ്പനോര്‍ക്കുന്നുണ്ടായിരുന്നു. 'ഓട്ടയുള്ള കിണ്ണത്തീന്നും കഞ്ഞികുടിക്കാം, ബുദ്ധിമുട്ടി ഒരുവിരലുകൊണ്ട് ഓട്ടയടച്ചു പിടിക്കേണ്ടിവരും; വക്കുപൊട്ടിയ കലത്തീന്നു കാപ്പീംകുടിക്കാം, കഷ്ടപ്പെട്ട് വശംതിരിച്ചു പിടിക്കേണ്ടിവരും; അതിനു നിനക്കു മനസ്സുണ്ടോന്നുള്ളതാണു നീ കണക്കെടുക്കേണ്ടത്. നിനക്കുമില്ലേ ലേശം വലിവിന്‍റെ അസുഖം? തമ്പുരാന്‍ ചേരുംപടിയേ ചേര്‍ക്കൂ; ആലോചിച്ചേ തീരുമാനമെടുക്കാവൂ, പിന്നീടു പരാതി പറയരുത്, തിരിച്ചുവരവില്ലാത്ത തീരുമാനമാണെന്നോര്‍ത്തോണം.' ആ രാത്രി അപ്പനുറങ്ങിയില്ലെന്നാണു പറഞ്ഞത്. ഓട്ടയുള്ളകലവും, വക്കുപൊട്ടിയകുടവും മനസ്സില്‍ നിറഞ്ഞുനിന്നു പോലും. പിറ്റെദിവസം പണിക്കുചെന്നപ്പോള്‍ അപ്പന്‍ അച്ചനോട്, ഒത്തുകല്യാണത്തിനു മാറ്റമില്ലെന്നുമാത്രം അറിയിച്ചു. കത്തുവായിച്ചിരുന്ന അച്ചനും, 'പിന്നീടു, പറ്റിപ്പോയീന്നു തോന്നരുത്' എന്നുമാത്രം പറഞ്ഞു.
 
ഓട്ടക്കലവും പൊട്ടക്കുടവും സമയത്തിന്‍റെതികവില്‍ ഒന്നായി. ഓട്ടയും പൊട്ടലും മറ്റാരുമറിഞ്ഞിരുന്നില്ലെന്നുമാത്രം!
 
'ഈ ഓട്ടക്കലത്തെ മറന്നാലും, ഒന്നുമറിയാതെ അകത്തുകിടക്കുന്ന ആ പാവം പൊട്ടക്കുടത്തെ മറക്കല്ലെ മകനേ'ന്ന് അന്നു രാത്രി അപ്പന്‍ പറഞ്ഞത്, ഒരിക്കലും മായാതെ ഉള്ളില്‍ കിടപ്പുണ്ട്.
മറ്റൊരു സംഭവവും അപ്പനന്നു പറഞ്ഞു. കല്യാണംകഴിഞ്ഞ് അവന്‍റെ അമ്മയ്ക്കസുഖം തുടങ്ങിയത് രണ്ടാമത്തെ ഗര്‍ഭം അലസിപ്പോയതോടെയായിരുന്നു. ചികിത്സയ്ക്കും നല്ലതുകയായി, സ്ഥിരം കഴിക്കാനുള്ളത് വിലകൂടിയ മരുന്നുമായിരുന്നു. വലിവുകാരണം പണിക്കുപോക്കുംമുടങ്ങി. ഇടവകപ്പള്ളിയില്‍ സഹായത്തിന് ഒരപേക്ഷവച്ചു. പള്ളിക്കിത്ര അടുത്തുകിടന്നിട്ടും, മിക്കപ്പോഴും ഞായറാഴ്ചകളില്‍ പള്ളീല്‍ ചെല്ലാത്തതിനാല്‍ സഹായം നിഷേധിച്ചു. അതിനെപ്പറ്റിയും അപ്പന്‍ പറഞ്ഞു: 'ഭയങ്കര മനപ്രയാസം തോന്നിയെങ്കിലും പൊട്ടക്കുടത്തിനു കാവലിരിക്കുന്ന ഓട്ടക്കലമാണു ഞാനെന്ന് എനിക്കല്ലേ അറിയാവൂ. മറ്റാര്‍ക്കും അതു മനസ്സിലാകില്ല. ആരുടെയും അടുത്തുപിന്നെ കൈനീട്ടാന്‍ പോയിട്ടില്ല, അവളെയും പറ്റുന്നതുപോലെനോക്കി, നിന്നെയും വളര്‍ത്തി. നീ വളര്‍ന്നു, നീയിപ്പം എന്നോളമായി. ഇനി നിനക്കു തീരുമാനിക്കാം. എന്തുവേണമെന്ന്. അമ്മയെ വല്ലയിടത്തും കൊണ്ടാക്കണമോയെന്ന്. എന്നാലും എല്ലാ ഞായറാഴ്ചയും പള്ളീല്‍പോകാത്ത ഈ ഓട്ടക്കലത്തിന്‍റെ പ്രാര്‍ത്ഥനയും തമ്പുരാന്‍ കേട്ടെന്ന് ഞാനാശ്വസിക്കുകയാണ്.'
 
"എന്‍റെപ്പന്‍ എനിക്കു ദൈവമാണച്ചാ. എന്‍റെയമ്മയും അപ്പനും അപ്പന്‍തന്നെയാ. അതുകൊണ്ടാണ് എന്‍റെ കല്യാണോം സമ്പാദ്യോമൊക്കെ അതുകഴിഞ്ഞുമതിയെന്നു ഞാന്‍ പണ്ടു പറഞ്ഞത്. എനിക്കൊരു ജോലികിട്ടാന്‍വേണ്ടി അച്ചന്‍ പ്രാര്‍ത്ഥിക്കണം. അപ്പനെ നോക്കാനൊള്ളതു കിട്ടിയാല്‍ മതി. അതിനുള്ള പഠിപ്പും കഴിവുമൊക്കെയേ എനിക്കുള്ളു. പിന്നെ ലോട്ടറി ഇനീം ഞാനെടുത്തുകൊണ്ടിരിക്കും." അതും പറഞ്ഞവന്‍പൊട്ടിച്ചിരിച്ചപ്പോള്‍ ചിരിച്ചെന്നുവരുത്തി ഞാന്‍ ഫോണ്‍ കട്ടാക്കി.

You can share this post!

തേങ്ങാമുറിപോയാലും...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts