(സത്യദീപം(ഇംഗ്ലീഷ്) ചീഫ് എഡിറ്റര്‍  ഫാ. പോള്‍ തേലക്കാട്ട് മേജര്‍ ആര്‍ച്ച് ബിഷപ്
മാര്‍ വര്‍ക്കി വിതയത്തിലുമായി നടത്തിയ സംഭാഷണം)

? വൈദികരും സന്ന്യസ്തരും ആണ് ഏത് സഭയുടെയും ശക്തിയും ഊര്‍ജ്ജവും. സീറോ-മലബാര്‍ സഭയുടെ അധികാരി എന്ന നിലയില്‍ സീറോ-മലബാര്‍ സഭയിലെ വൈദികരെയും സന്ന്യസ്തരെയും പറ്റി അങ്ങയുടെ  അഭിപ്രായം എന്താണ്

$ നമ്മുടെ വൈദികരും സന്ന്യസ്തരും സഭയുടെ യഥാര്‍ത്ഥ ശക്തിയാണ്. വൈദികവൃത്തിയിലേക്കുള്ള ദൈവവിളി നമ്മുടെ സഭയില്‍ അധികം കുറഞ്ഞിട്ടില്ല. പക്ഷേ സിസ്റ്റേഴ്സാകാനുള്ള സന്ന്യാസവിളിക്ക്  ഓരോ വര്‍ഷവും എണ്ണത്തില്‍ കുറവ് സംഭവിക്കുന്നു. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. നേഴ്സുമാര്‍ക്ക് ആകര്‍ഷകമായ ജോലിയുടെ സാദ്ധ്യത ഇപ്പോള്‍ ഉണ്ട്. ചിലര്‍ പറയുന്നത് മൊത്തത്തില്‍ നോക്കുമ്പോള്‍ സിസ്റ്റേഴ്സ് ആകാന്‍ വരുന്നവരുടെ എണ്ണത്തില്‍ കുറവില്ല എന്നാണ്. നമുക്ക് കുറവ് അനുഭവപ്പെടാന്‍ കാരണം സന്ന്യാസിനീസഭകളുടെയും(സെക്കുലര്‍) ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും എണ്ണത്തില്‍ വന്ന വര്‍ധനയാണ്. ചേരാന്‍ വരുന്ന അര്‍ത്ഥിനികള്‍ പലയിടങ്ങളിലേക്കായി വിഭജിക്കപ്പെട്ട് പോകുന്നതു കൊണ്ട് ദൈവവിളി കുറയുന്നതായി തോന്നുന്നു എന്നേയുള്ളൂ.

? നമ്മുടെ സെമിനാരികളില്‍ ഭരണനിര്‍വ്വഹണത്തെ സംബന്ധിച്ച് അധികമൊന്നും പഠിപ്പിക്കുന്നില്ല. അവിടുത്തെ പാഠ്യപദ്ധതിയില്‍ ആദ്ധ്യാത്മികതയ്ക്കും ദൈവശാസ്ത്രത്തിനുമൊക്കെയാണ് ഊന്നല്‍. എന്നിട്ടും എന്താണ് സംഭവിക്കുന്നത്

$ വ്യക്തിത്വരൂപീകരണം, നമ്മുടെ അജപാലന പരിശീലനത്തിന്‍റെ ഭാഗവും പ്രധാന ലക്ഷ്യവുമാണ്. അജപാലന പരിശീലനം എന്നു പറയുമ്പോള്‍ ജനങ്ങളുമായി എങ്ങനെ ഇടപെടണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. മിക്കപ്പോഴും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കുന്നത് വൈദികര്‍ക്ക് മാനവിക പരിശീലനം കുറവാണെന്നാണ്. ഉദാഹരണത്തിന് ഇടവകജനങ്ങളുമായി ഇടപെടുമ്പോള്‍ പാവപ്പെട്ടവരെയും പണക്കാരെയും അവര്‍ വേര്‍തിരിച്ച് കാണുന്നു. സെമിനാരികളില്‍ അജപാലന പരിശീലനത്തിന് ഒത്തിരി പ്രാധാന്യം നല്‍കുന്നു. അതേ പ്രാധാന്യം തന്നെ മിഷണറി ഫോര്‍മേഷനും നല്‍കേണ്ടത് ആവശ്യമാണ്. എല്ലാവര്‍ക്കും നല്കിയില്ലെങ്കിലും മിഷനില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെങ്കിലും അത് നല്‍കണം. അക്രൈസ്തവരുമായി ബന്ധപ്പെടേണ്ടത് എങ്ങനെയെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം.

? സീറോ-മലബാര്‍ സഭ വളരെ പുരാതനമായ സഭയാണ്. പക്ഷേ അതിന് അതിന്‍റേതായ ദൈവശാസ്ത്ര ചിന്തകളില്ല. നമ്മുടെ ദൈവശാസ്ത്രം അതിന്‍റെ ആരംഭദശയില്‍തന്നെ മുടന്തുകയാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്

$ ബൗദ്ധികമായി ഒരുപാട് കഴിവുള്ളവരുടെ ഇടയില്‍ മാത്രമേ വിജയകരമായി യൂണിവേഴ്സിറ്റി പരിശീലനം നടപ്പിലാക്കാന്‍ കഴിയൂ. ശരാശരി ബുദ്ധിയുള്ള ഒരാള്‍ക്ക് മികച്ച ഒരു ദൈവശാസ്ത്രജ്ഞന്‍ ആകാനാവില്ല. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്ന് പ്രചോദനം നേരിട്ട് കിട്ടണം. യൂണിവേഴ്സിററി തലത്തില്‍ ചിന്തോദ്ദീപകമായ ലേഖനങ്ങളും പുസ്തകങ്ങളും എഴുതാന്‍ കഴിവുള്ള നിപുണരായ വ്യക്തികള്‍ അധികമൊന്നും നമുക്കില്ല. മിക്ക അദ്ധ്യാപകരും ഒരു നോട്ട് ഉണ്ടാക്കി ക്ലാസ്സെടുക്കും. അത് കുട്ടികള്‍ക്ക് കൊടുക്കും. അവരുടേതായ വിഷയങ്ങളില്‍ ഉണ്ടാകുന്ന പുതിയ വികാസങ്ങളൊന്നും അവര്‍ ശ്രദ്ധിക്കാന്‍ മെനക്കെടാറില്ല. പ്രൊഫസേഴ്സ് കൂടുതല്‍ വായിക്കണം. കൂടുതല്‍ പഠിക്കണം. നമ്മുടെ പ്രൊഫസേഴ്സ് കൂടുതല്‍ സമയവും ക്ലാസെടുക്കാനാണ് ചെലവഴിക്കുന്നത്. അതൊരു സാധാരണ ജോലിയാണ്. ഇരുപത് വര്‍ഷവും അതില്‍ കൂടുതലുമായിട്ട് ഒരേ നോട്ട് തന്നെ പഠിപ്പിക്കുന്ന ചില പ്രൊഫസേഴ്സ് നമ്മുടെ ഇടയിലുണ്ട്.

നമ്മുടെ സഭയുടെ ഒരുപാട് പണം ഇത്തരം ഫാക്കല്‍റ്റികളില്‍ ഉപയോഗമില്ലാതെ നഷ്ടപ്പെടുകയാണ്. എല്ലാവര്‍ക്കും ഡോക്ടറേറ്റ് വേണം. നമുക്ക് ഡോക്ടറേറ്റ് ഉള്ളവര്‍ നൂറുകണക്കിന് ഉണ്ട്. അവരെന്താണ് ചെയ്യുന്നത്? റോമിലെയും, ബെല്‍ജിയത്തിലെയും വാഷിംഗ്ടണിലെയും, മറ്റു രാജ്യങ്ങളിലേയുമൊക്കെ പഠനത്തിനു വേണ്ടി എത്ര കോടി രൂപയാണ് നാം  ചെലവാക്കിയിരിക്കുന്നത്? അതിനു തക്ക ഫലം അവരില്‍ നിന്നും കിട്ടുന്നുണ്ടോ? ഒരു പുനര്‍ ചിന്ത ഇക്കാര്യത്തിലാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ സെമിനാരികള്‍ക്ക് അയാളെ ആവശ്യമാണ് എന്ന് തോന്നാത്തപക്ഷം ഒരു വ്യക്തിയെ ഞാന്‍ ഡോക്ടറേറ്റിന് അയയ്ക്കില്ല. അന്‍പത് വര്‍ഷം മുമ്പ്  സെമിനാരിയില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്നതിന് ഏകദേശം ഒരു ലക്ഷം രൂപ മതിയായിരുന്നു. ഇന്ന് എത്രലക്ഷം രൂപ ഒരു സെമിനാരി വിദ്യാര്‍ത്ഥിയുടെ പരിശീലനത്തിന് വേണം എന്ന് വെറുതെ ഒന്ന് ഭാവന ചെയ്തു നോക്കൂ. ഓരോ മാസവും ഏകദേശം 30000, 40000 രൂപ ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ചെലവാകുന്നുണ്ട് പക്ഷേ എന്താണ് അതിന്‍റെ ഫലം? എന്നെ അമ്പരപ്പിക്കുന്നത് ഇത്തരം ആളുകള്‍ക്കുവേണ്ടി നാം ഇങ്ങനെ പണം ചെലവാക്കിക്കൊണ്ടേ ഇരിക്കുന്നു എന്നതാണ്.

? കുറച്ചുകൂടി വിശദീകരിക്കാമോ

$ രൂപതാ വൈദികരുടെ ഇടയിലാണെങ്കില്‍ ബിഷപ്പിനോടുള്ള അനുസരണമൊക്കെ ഇപ്പോള്‍ കുറയുകയാണ്. കൂടുതല്‍ സുഖത്തിനുവേണ്ടി, സന്തോഷത്തിനുവേണ്ടിയുള്ള ദാഹം അവരുടെ ഇടയില്‍ കൂടുന്നു; കാറുകളൊക്കെ സ്വന്തമാക്കാനാണ് അവരുടെ ആഗ്രഹം. സീറോ-മലബാര്‍ വൈദികര്‍ സാധാരണയായി മദ്യം ഉപയോഗിക്കാത്തവരാണ്. കഴിഞ്ഞ കാലങ്ങളില്‍ വൈദികര്‍ എല്ലാവരുടേയും സുഹൃത്തുക്കളും തത്വചിന്തകരും ആയിരുന്നു. കാരണം അന്ന് വൈദികനായിരുന്നു കൂടുതല്‍ അറിവുള്ള വ്യക്തി. ജനം അദ്ദേഹത്തിന്‍റെ അറിവില്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശം തേടിയിരുന്നു. ഇന്ന് ധാരാളം അല്‍മായര്‍ വൈദികരേക്കാളും അഭ്യസ്തവിദ്യരാണ്. ജനങ്ങള്‍ അവരെയാണ് ഉപദേശങ്ങള്‍ക്കു വേണ്ടി സമീപിക്കുന്നത്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന വൈദികര്‍ കഴിവുള്ളവരും കഠിനാധ്വാനികളുമാണെന്നത് ഒരുപരിധിവരെ ശരിയാണ്. പക്ഷേ വിദേശത്ത് പോകുന്നവരില്‍ ചിലരെങ്കിലും കൂടുതല്‍ സുരക്ഷിതത്വവും സുഖവും നിറഞ്ഞ ജീവിതമാണ് തേടുന്നത്. ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹമൊന്നുമല്ല അത്തരക്കാരെ നയിക്കുന്നത്.

ഒരുപരിധിവരെ സന്ന്യസ്തരെ സംബന്ധിച്ചും ഇത് ശരിയാണ്. അവര്‍ക്ക് അവരുടെ ഉയര്‍ന്ന നിലയിലുള്ള ജീവിതശൈലി താങ്ങാനുള്ള കരുത്തുണ്ട്. അവരുടെ സ്ഥാപനങ്ങള്‍ അവര്‍ക്ക് ആവശ്യമായ പണം നേടിക്കൊടുക്കുന്നുണ്ട്. ഇപ്പോള്‍ സന്ന്യാസജീവിതത്തിന് ജനങ്ങളുടെ ഇടയില്‍ വലിയ ആദരവൊന്നും ഇല്ല. അതിനുകാരണം പ്രധാനമായും ലളിതജീവിതമൊന്നുമല്ല. പിന്നെയോ മേലധികാരികളോടുള്ള അവരുടെ വിധേയത്വത്തെക്കുറിച്ചുള്ള ചില ചിന്തകളാണ്. സന്ന്യസ്തര്‍ക്ക് ആവശ്യമുള്ളതെന്തും അവരുടെ കമ്യൂണിറ്റിയില്‍ നിന്നു തന്നെ കിട്ടുന്നു. അവരുടെ കമ്യൂണിറ്റിക്ക് ധാരാളം പണം പല മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ കമ്യൂണിറ്റി അംഗങ്ങള്‍ ചോദിക്കുന്നതെന്തും അവര്‍ക്ക് കിട്ടുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സ്വയം ത്യജിക്കലും പരിത്യാഗവും ആത്മസമര്‍പ്പണവുമൊക്കെ ഒത്തിരി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഞാന്‍ തീര്‍ച്ചയായും ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. നമ്മുടെ വൈദികരുടേയും സന്ന്യസ്തരുടേയും ജീവിതം ഒരു പരിണാമ ഘട്ടത്തിലാണ്. ഇവിടെ ഇപ്പോള്‍ വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റേയും മേഖലയില്‍ ഒരുപാട് ഇടിവ് സംഭവിച്ചിരിക്കുന്നു. എല്ലാവരും മോശക്കാരാണ് എന്ന് പറയുകയല്ല എന്‍റെ ഉദ്ദേശ്യം. നമുക്ക് ഇപ്പോഴും വിശുദ്ധരായ നിരവധി വൈദികരും ബ്രദേഴ്സും സിസ്റ്റേഴ്സും ഉണ്ട്.

? വൈദികരെ സംബന്ധിച്ച് അമേരിക്കയില്‍ ഉണ്ടായ രണ്ടു പ്രധാന അപവാദങ്ങള്‍ ആണ് ലൈംഗിക അപവാദവും സാമ്പത്തിക അപവാദവും. നമുക്കും അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇത്തരം  അപവാദങ്ങള്‍ നേരിടേണ്ടി വരുമോ? അങ്ങയുടെ കാഴ്ചപ്പാട് എന്താണ്

$ അമേരിക്കയിലെ പല രൂപതകളും ഒത്തിരിപ്പണം നഷ്ടപ്പെടുത്തിയത് ലൈംഗികാപവാദത്തെ തുടര്‍ന്നാണ്.  30, 40 വര്‍ഷങ്ങള്‍ക്കു മുമ്പ് യുവ വൈദികര്‍ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്ന കേസുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ചില കേസുകളൊക്കെ കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. എന്നിരുന്നാലും മാര്‍പ്പാപ്പ മാപ്പു ചോദിച്ചു. മാനുഷിക ബലഹീനതകൊണ്ട് വന്ന അപവാദങ്ങളാണിതൊക്കെ.

സെക്സുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, കേരളത്തിലെ അവസ്ഥവെച്ചുകൊണ്ട് നമുക്ക് ഒരു വിധി പറയാന്‍ പറ്റില്ല. അമേരിക്കയില്‍ പോലും 30, 40 വര്‍ഷത്തോളം ഇതേപ്പറ്റി ജനങ്ങള്‍ ഒന്നും മിണ്ടാതെ ഇരുന്നു. പക്ഷേ ഒരിക്കല്‍ തുടങ്ങിയാല്‍ അത് പെട്ടെന്ന് പടരും. തീര്‍ച്ചയായും മനുഷ്യന്‍റെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നാണ് സെക്സ്. അതുകൊണ്ട് ഈ മേഖലയില്‍ പരാജയങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. ഒരു കാര്യം ചിന്തിക്കണം സീറോ-മലബാര്‍ സഭയില്‍ 6000 ത്തോളം വൈദികരുണ്ട്. ഇത്തരം അപൂര്‍വ്വം കേസുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ശുഭാപ്തി വിശ്വാസി ആണ്. അമേരിക്കയില്‍ കത്തോലിക്കര്‍ക്കെതിരായുള്ള മാധ്യമങ്ങള്‍ ആണ് ഈ വിഷയത്തെ വലിയ പ്രശ്നമാക്കിയത്. അതുപോലെ തന്നെയാണ് ഇവിടുത്തെ മാധ്യമങ്ങളും ചെയ്യുന്നത്. മതങ്ങളോടുള്ള അസൂയയും വിരോധവും ആണ് ഇതിന്‍റെ പിന്നില്‍. അവരുടെ സ്വന്തം സഹോദരന്‍റെ ഒരു പരാജയമായി കണക്കാക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല. ക്രിസ്ത്യാനിയോ ഹിന്ദുവോ ആയിക്കൊള്ളട്ടെ ആരെങ്കിലും നന്നായി ചെയ്യുന്നു എങ്കില്‍ നാമെല്ലാം അതില്‍ സന്തോഷിക്കണം.

പണവും അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ചാണെങ്കില്‍, അതിന് ഓരോ രൂപതയിലും വ്യത്യാസമുണ്ട്. ചില വൈദികര്‍ പണം സ്വന്തമാക്കുന്നതില്‍ അതീവ തല്പരരാണ്. അവര്‍ ആ പണത്തിന് അവരുടെ മുറിയില്‍ കാവലിരുന്ന് അവസാനം അതുപയോഗിക്കാതെ മരിച്ച് പോകുന്നു. അങ്ങനെയുള്ള ധാരാളം കേസുകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്‍റെ രൂപതയിലുള്ള വൈദികരുടെ ലളിത ജീവിതം എന്നെ ഒത്തിരി സന്തോഷിപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. അവര്‍ പണത്തിനു പിന്നാലെ ഭ്രാന്തുപിടിച്ച് നടക്കുന്നവരല്ല.

? അവരുടെ അജപാലന ജീവിതത്തെപ്പറ്റി എന്ത് പറയുന്നു

$ വിദേശത്ത് പോയിരിക്കുന്നവരുടെ അജപാലന പ്രവര്‍ത്തനങ്ങളേക്കാളും നല്ലതാണ് അവരുടെ അജപാലന പ്രവര്‍ത്തനം. അവര്‍ കഠിനാധ്വാനികളാണ്. ഇരുപത്തിനാലു മണിക്കുറൂം ജോലി ചെയ്യുന്നവര്‍. മിക്ക ദിവസങ്ങളിലും അവര്‍ കുമ്പസാരം കേള്‍ക്കാറുണ്ട്. ജീവിതം വളരെ അലസമായി കൊണ്ടുപോകണമെന്നാഗ്രഹിക്കുന്ന ഒരു ചെറിയ ഗണം വൈദികര്‍ ചിലപ്പോള്‍ ഉണ്ടാകാം. എങ്കിലും വ്യക്തിപരമായി പറഞ്ഞാല്‍ ഇവിടുത്തെ വൈദികരെപ്പറ്റി എനിക്ക് നല്ല മതിപ്പാണ്.

? സന്ന്യാസ ജീവിതം വളരെക്കാലമായി നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ആണല്ലോ അങ്ങ്. ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ സന്ന്യാസവ്രതങ്ങളുടെ അര്‍ത്ഥവും പ്രസക്തിയും എന്താണ്

സത്യസന്ധമായി ജീവിക്കുകയാണെങ്കില്‍ സന്ന്യാസവ്രതത്തിനും സന്ന്യാസജീവിതത്തിനും വളരെ വലിയ അര്‍ത്ഥമുണ്ട്. പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍, സഭകളുടെ സ്ഥാപകര്‍ ലക്ഷ്യം വെച്ച ആ സന്ന്യാസ ജീവിതം ഇന്ന് വളരെ വിരളമായി തീരുകയാണ.് എല്ലാ മേഖലയിലും വിശ്വാസം ക്ഷയിച്ചിരിക്കുന്നു. അതിന്‍റെ ഫലമായി ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങളുടെ അനുഷ്ഠാനത്തിലും ലളിതജീവിതത്തിലും ഇടിവ് വന്നിരിക്കുന്നു. ദാരിദ്ര്യവ്രതം ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടിരിക്കുന്നത്, പ്രത്യേകിച്ച് വിദേശത്ത് പോകുന്നവരുടെ കാര്യത്തില്‍. അവരുടെ മുറികളില്‍ ഏറ്റവും മുന്തിയ, വിലകൂടിയ സാധനങ്ങള്‍ നമുക്ക് കാണാം. സാധാരണക്കാര്‍ക്കതൊന്നും സ്വന്തമാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും പറ്റില്ല. ദരിദ്രനായ യേശുവിന്‍റെ ലളിതജീവിതത്തിന് ഈ രീതിയില്‍ നമുക്ക് സാക്ഷ്യം വഹിക്കാനാവില്ല. നമ്മുടെ വൈദികര്‍ പാവപ്പെട്ടവര്‍ക്കായി ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് എന്‍റെ അഭിപ്രായം.  നമ്മുടെ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നു എന്നതിനെക്കാളുപരിയായി പണം ഉണ്ടാക്കുന്നതിനുവേണ്ടി നിലകൊള്ളുന്നു എന്ന ഒരു തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. അഡ്മിഷനുവേണ്ടിയും നിയമനങ്ങള്‍ക്കുവേണ്ടിയും ചിലര്‍ പണം വാങ്ങുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് തീര്‍ച്ചയായും ഉതപ്പ് നല്‍കുന്ന കാര്യമാണ്. സന്ന്യസ്തരെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ബിഷപ്പുമാര്‍ക്ക്  ലഭിക്കുന്ന സൂചന, സുപ്പീരിയേഴ്സിന് അവരുടെ സ്ഥാപനങ്ങളില്‍ വേണ്ടത്ര നിയന്ത്രണം ഇല്ല എന്നാണ്. ഇത്തരം മോശമായ പ്രവണതകളെ ബിഷപ്പുമാര്‍ തിരുത്തണം. സിസ്റ്റേഴ്സിനെപ്പറ്റി വളരെയധികം പരാതികള്‍ നാം കേള്‍ക്കുന്നില്ല. പൊതുവായി പറഞ്ഞാല്‍ സന്ന്യാസ ജീവിതത്തിന് മൊത്തത്തില്‍ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു.

? സന്ന്യാസ ജീവിതം നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ മൂലം സന്ന്യാസജീവിതത്തിനു വരള്‍ച്ച നേരിടുമോ അവസാനം? യൂറോപ്പിലൊക്കെ ഇങ്ങനെയല്ലേ സംഭവിച്ചത്

$ ഇതൊക്കെ പല കാര്യങ്ങളെ ആശ്രയിച്ച് നില്‍ക്കുന്ന കാര്യമാണ്. ജനങ്ങള്‍ പൊതുവില്‍ കരുതുന്നത് സന്ന്യാസജീവിതം അധപ്പതിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. ഞാനേറ്റവും ഊന്നല്‍ കൊടുക്കുന്നത് ലളിതജീവിതത്തിനും ദാരിദ്ര്യവ്രതത്തിനുമാണ്. അന്‍പത് വര്‍ഷമായി ഞാന്‍ നയിക്കുന്ന വൈദികജീവിതത്തിലേക്ക്  ഒന്നു തിരിഞ്ഞു നോക്കിയാല്‍ എന്തുമാത്രം ത്യാഗങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞതോടെ അതെല്ലാം അപ്രത്യക്ഷമായി.

? ഇന്ന് സന്ന്യാസ ജീവിതം വളരെ എളുപ്പമുള്ള ഒന്നാണ് എന്നാണോ അങ്ങ് പറയുന്നത്

$ എളുപ്പമുള്ളതാണോ അല്ലയോ എന്നത് ഓരോ വ്യക്തിയുടേയും തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ നിയമങ്ങളില്‍ നാം അനുഷ്ഠിക്കേണ്ട ഒത്തിരി പ്രായശ്ചിത്തങ്ങളും ത്യാഗങ്ങളും ഉണ്ട്. എന്നാല്‍ അത്തരം ആശയങ്ങള്‍ പോലും ഇന്നത്തെ സന്ന്യസ്തരുടെ ഇടയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു, ഏതാണ്ട് മുഴുവനായി തന്നെ. സീറോ-മലബാര്‍സഭ അല്ലെങ്കില്‍ സിറിയന്‍സഭ അവരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്‍റെ പേരില്‍ വളരെയധികം അറിയപ്പെട്ട സഭയാണ്. ഇന്ന് സന്ന്യസ്തരില്‍ ഈയൊരു ചിന്ത പോലും ഇല്ലാതായിരിക്കുന്നു. വളരെ കൂടുതല്‍ സുരക്ഷിതത്വവും വളരെ കുറച്ചുമാത്രം ത്യാഗങ്ങളും അനുഭവിക്കുന്ന ഒരു ശൈലി ആയി സന്ന്യസ്ത ജീവിതം മാറിയിരിക്കുന്നു.

? ഇതൊരു ആത്മഹത്യാപരമായ പ്രവണതയല്ലേ

$ ഒരു സംശയവുമില്ല. ഇത് തികച്ചും ആത്മഹത്യാപരം തന്നെ. ഇക്കാരണം കൊണ്ടാണ് ഈശോ പറഞ്ഞത്: "പ്രായശ്ചിത്തം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ നശിക്കും." പ്രായശ്ചിത്തം എന്നതുകൊണ്ട് ഇന്ന് ഞാനുദ്ദേശിക്കുന്നത് സ്വന്തം ശരീരത്തെ പീഡിപ്പിക്കണമെന്നോ കയ്പ്നീര്‍ കഴിക്കണമെന്നോ അല്ല, മറിച്ച് നമ്മുടെ ജീവിതത്തില്‍ ആഡംബര ജീവിതത്തിന്, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്, ടിവിയില്‍ കാണുന്ന കാര്യങ്ങള്‍ക്ക്, അതുപോലെയുള്ള മറ്റുകാര്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണം. തെറ്റായ മൂല്യങ്ങളിലേക്ക് നമുക്ക് എളുപ്പത്തില്‍ ചെന്നു ചാടാം. ബ്രഹ്മചര്യവ്രതത്തിനെതിരായ പ്രലോഭനങ്ങളില്‍ പോലും നാം പെട്ടെന്ന് വീണു പോകാം. എന്‍റെ കഠിനാധ്വാനം ആണ് എന്‍റെ പ്രായശ്ചിത്തം എന്നതാണ് പുതിയ ദൈവശാസ്ത്രം. ഇത് പറയുന്നവര്‍ ശരിക്കും കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കില്‍ ഈ പറയുന്നതൊക്കെ ശരിയായിരിക്കാം.

? മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഉപഭോഗ സംസ്കാരവും ലോകത്തിന്‍റെ മൂല്യങ്ങളും മഠങ്ങളിലേക്കും സന്ന്യാസഭവനങ്ങളിലേക്കും കയറിയിരിക്കുന്നു എന്നല്ലേ അങ്ങ് അര്‍ത്ഥമാക്കിയത്

$ അതേ. ഒരു സംശയവും ഇല്ല. പ്രലോഭിപ്പിക്കുന്ന മാധ്യമങ്ങളുടെ സ്വാധീനം പോലും ലോകത്തിലേതുപോലെ തന്നെ സന്ന്യാസഭവനങ്ങളിലും വന്നിരിക്കുന്നു. നാം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും നിയന്ത്രണം വച്ചില്ലെങ്കില്‍, നമ്മുടെ സന്ന്യാസവിളിയോട് വിശ്വസ്തത പുലര്‍ത്താന്‍ കഴിയാതെ വരും. അതുകൊണ്ട് സന്ന്യാസജീവിതത്തില്‍ കൂടുതല്‍ കര്‍ശനമായ പ്രായശ്ചിത്തങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആദ്യകുര്‍ബാന സ്വീകരണവും, മനസ്സമ്മതവും കല്യാണവുമെല്ലാം വലിയ ആഘോഷത്തിനുള്ള അവസരമാണ്. അവര്‍ ധാരാളം പണം ഇത്തരം ആഘോഷങ്ങള്‍ക്ക് ചെലവാക്കുന്നു. സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടിയും അവര്‍ ഇഷ്ടം പോലെ പണം ചെലവാക്കുന്നു. സ്ത്രീകള്‍ മണിക്കൂറുകളോളം ഇരുന്ന് സീരിയല്‍ കാണുന്നു. അവരുടെ പ്രധാനദൗത്യം അവരുടെ ജോലികള്‍ നിര്‍വ്വഹിക്കുക, പ്രാര്‍ത്ഥിക്കുക എന്നതാണ്. അവരുടെ ജോലികള്‍ വളരെയധികം ശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. അതുതന്നെ അവരുടെ പ്രായശ്ചിത്തം ആണ് എന്ന വാദവും ഞാന്‍ ഒരു പരിധിവരെ അംഗീകരിക്കുന്നു. പക്ഷേ ശാരീരികമായ പ്രായശ്ചിത്തങ്ങളും നമുക്ക് വേണം. അത് ആരോഗ്യത്തിനും നല്ലതാണ്. ദിവസം അഞ്ചു നേരം ഐസ്ക്രീം കഴിക്കുന്നത്, എല്ലാ തവണയും ചോറിന്‍റെ കൂടെ ഇറച്ചി കൂട്ടുന്നത്, മദ്യപാനം, പുകവലി ഇതെല്ലാം നമ്മുടെ ആരോഗ്യം തകര്‍ക്കും. ത്യാഗപൂര്‍ണ്ണമായ ജീവിതം സന്ന്യാസത്തില്‍ നിന്നുപോലും പോയിരിക്കുന്നു. സന്ന്യസ്തരുടെ വസ്ത്രം ധരിക്കുന്നെങ്കിലും അവരുടെ ആശ്രമവളപ്പിനുള്ളില്‍ അവര്‍ക്ക് വേണ്ടതെല്ലാം, തോന്നുന്നതെല്ലാം അവര്‍ ചെയ്യുന്നു. ഇത് എല്ലാ സന്ന്യാസഭവനത്തെയും സംബന്ധിച്ച് സത്യമാകണമെന്നില്ല. ഇപ്പോഴും പ്രായശ്ചിത്തങ്ങളും ത്യാഗപൂര്‍ണ്ണമായ ജീവിതവും ആശയടക്കവും അനുഷ്ഠിക്കുന്ന സന്ന്യാസഭവനങ്ങള്‍ ഉണ്ട്.

? ജനങ്ങളുടെ ഇടയില്‍ വൈദികര്‍ക്കെതിരായ ചിന്താഗതി വളരുന്നു എന്നത് അങ്ങ് കാണുന്നുണ്ടോ

$ ഓ! തീര്‍ച്ചയായും. ഇത് വളരെ വ്യക്തമാണ്. പക്ഷേ വൈദികര്‍ക്കെതിരേ ജനങ്ങള്‍ പറയുന്ന എല്ലാ ആരോപണങ്ങളും സത്യമല്ല. നീതികരിക്കാനുമാവില്ല. ചില അത്മായര്‍ തന്നെ നല്ല ക്രിസ്തീയ ജീവിതം നയിക്കുന്നവരല്ല. ഒരുപാട് ആളുകള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാനുള്ള സ്വാഭാവിക പ്രവണത ഉണ്ട്. ഇങ്ങനെയുള്ള വിമര്‍ശനങ്ങളുടെ പിന്നില്‍ വ്യക്തിപരമായ വിചിന്തനം ഒന്നും ഇല്ല.

? വൈദികരും അത്മായരും തമ്മിലുള്ള അകലം വര്‍ധിക്കുകയാണോ

അത് വര്‍ധിക്കുകയാണ്. ഞാനതിന്‍റെ കാരണങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ച് അറിഞ്ഞിട്ടില്ല. ഒരു കാരണം എനിക്ക് തോന്നുന്നത് ബിഷപ്പുമാരും വൈദികരും ഇടവകയിലെ അത്മായ നേതൃത്വത്തോട് വേണ്ടത്ര ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നു എന്നതാണ്. വിശ്വാസത്തില്‍ വന്ന ഇടിവാണ് മറ്റൊരു കാരണം. ജനങ്ങള്‍ക്ക് വേണ്ടത്ര വിശ്വാസപരിശീലനം കിട്ടുന്നില്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയില്‍ അത്മായരുടെ റോളിനെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും അവര്‍ അറിയുന്നില്ല. "ജനതകളുടെ പ്രകാശത്തില്‍" ഇതേക്കുറിച്ച് ഒരുപാട് കാര്യം പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ വൈദികരോട് എതിരുള്ളവരാകാന്‍ മാധ്യമങ്ങളും കാരണമാകുന്നു. ചില ഇടവകകളില്‍ ചില ആളുകളോടുള്ള ഇടവക വികാരിയുടെ പെരുമാറ്റവും അവരില്‍ നീരസം ഉണ്ടാക്കുന്നു. ചിലര്‍ ഉത്തമ ക്രൈസ്തവജീവിതം നയിക്കാന്‍ വളരെയധികം അധ്വാനിക്കുന്നു. ഇത്തരം ആളുകള്‍ പോലും വൈദികരോടും ബിഷപ്പുമാരോടും വലിയ അടുപ്പമൊന്നും വേണ്ട എന്ന് കരുതുന്നു. വളരെ വിചിത്രമായ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് ഇതാണ്, ഒരാള്‍ക്ക് ഇടവക വികാരിയോട് ദേഷ്യം തോന്നിയാല്‍ അയാള്‍ പള്ളിയില്‍ പോകുന്നത് നിര്‍ത്തുന്നു. ഇങ്ങനെയുള്ള ഒരു ക്രിസ്ത്യാനിയോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഇടവക വികാരിയോടുള്ള ഇഷ്ടം കൊണ്ടാണോ അതോ ഈശോയിലുള്ള വിശ്വാസം കൊണ്ടാണോ? നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഈശോയെ ആരാധിക്കുന്നതിനു വേണ്ടിയാണ്. ഇടവക വികാരി എന്നോട് നന്നായി പെരുമാറിയില്ല എന്നത് പള്ളയില്‍ പോകാതിരിക്കാനുള്ള ഒരു കാരണമല്ല. നിങ്ങളും വികാരി അച്ചനും തമ്മിലുള്ള പ്രശ്നം നിങ്ങള്‍ തന്നെ പറഞ്ഞുതീര്‍ക്കണം. നിങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടായിരിക്കണം നിങ്ങള്‍ പള്ളിയില്‍ പോകുന്നതും കുമ്പസാരിക്കുന്നതും കുര്‍ബാന സ്വീകരിക്കുന്നതുമെല്ലാം.
ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം ഇതാണ്, സാധാരണ ജനങ്ങളുടെ വിശ്വാസജീവിതത്തെ അവരുടെ വികാരിമാരുടെ ജീവിതശൈലിയും ജനങ്ങളുടെ സമീപനവും സ്വാധീനിക്കുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് ചിലരൊക്കെ സഭ വിട്ടത്. അവരിപ്പോള്‍ വര്‍ധിച്ച തീക്ഷ്ണതയോടെ സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുക ആണ്. കത്തോലിക്ക സഭ നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറയാണ് എന്ന കാര്യം നാം ഓര്‍ക്കണം. ഞാന്‍ ഈശോയെ സ്നേഹിക്കുന്നു, അതേ സമയം സഭയെ വെറുക്കുന്നു എന്ന് പറയാനാവില്ല. കാരണം ഈശോയെയും സഭയെയും രണ്ടായി വേര്‍തിരിക്കാന്‍ ആവില്ല. ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍, അത് ജനമധ്യത്തില്‍ പറഞ്ഞ് ഇത്തരക്കാര്‍ സാധാരണക്കാരെ വീണ്ടും സഭയില്‍ നിന്ന് അകറ്റുന്നു. ഇത്തരം ആളുകളെ സത്യസന്ധമായ സംഭാഷണത്തിനായി സഭാധികാരികള്‍ സ്വാഗതം ചെയ്യണം. വൈദികരുടെയും ബിഷപ്പുമാരുടെയും ഇടയില്‍ വന്ന പരാജയങ്ങളെപ്പറ്റി ഗൗരവത്തോടെ തന്നെ ചര്‍ച്ച നടത്തട്ടെ. കൂടുതല്‍ ആശയ വിനിമയവും സൗഹാര്‍ദ്ദപരമായ പരിശ്രമങ്ങളും ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. തെറ്റു മുഴുവനും ജനങ്ങളുടെ ഭാഗത്തല്ല. ജനങ്ങളുടെ വിമര്‍ശനത്തോട് ബിഷപ്പുമാര്‍ പ്രതികരിക്കുന്ന രീതി മാറ്റേണ്ടതുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

? വൈദികരും സന്ന്യസ്തരും ബിഷപ്പുമാരും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് സാധാരണക്കാരില്‍ നിന്നല്ല അവരുടെ ഇടയില്‍ നിന്നു തന്നെ ആണ്. വിമര്‍ശനത്തിന് ഗുണപരമായ, സൃഷ്ടിപരമായ ഒരു പങ്കില്ലേ

$ ഞാന്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ്, പ്രത്യേകിച്ച് ആരാധനക്രമ പ്രശ്നത്തില്‍. ചില കാര്യങ്ങളില്‍ ഞാന്‍ തെറ്റാണ് ചെയ്തത് എന്ന് തോന്നിയവര്‍ എന്‍റെ അടുത്ത് വന്ന് നേരിട്ട് കാര്യം പറയുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവരങ്ങനെ ചെയ്യില്ല. അതാണ് അവരുടെ സംസ്കാരം. ഒന്നാമതായി ബിഷപ്പ് ഹൗസില്‍ വന്ന് എന്നെ കാണാന്‍ പറ്റുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് ഭയം തോന്നിയിരിക്കണം. എന്‍റെ അടുത്ത് വന്ന് കാര്യങ്ങളൊക്കെ നേരിട്ട് സംസാരിച്ച ഒരുപാട് കേസുകളും ഉണ്ട്. ചിലരൊക്കെ എന്‍റെ അടുത്ത് കുമ്പസാരം കൂടി കഴിഞ്ഞിട്ടാണ് മടങ്ങിപ്പോയത്. ബിഷപ്പുമാര്‍ എപ്പോഴും ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റുന്നവര്‍ ആയിരിക്കണം. നമ്മുടെ മിക്ക രൂപതകളിലും ഇതല്ല സ്ഥിതി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സമീപിക്കാവുന്ന വിധത്തില്‍ ബിഷപ്പ് ഹൗസിന്‍റെ വാതിലുകള്‍ തുറന്നു കിടക്കണം. പക്ഷേ ബിഷപ്പ് ഹൗസിന്‍റെയും വൈദിക ഭവനങ്ങളുടേയും ആഡംബരങ്ങള്‍ പാവപ്പെട്ടവരെ അവിടെ നിന്നും അകറ്റുന്നു. അതിന്‍റെ അടുത്ത് പോലും പോകാന്‍ അവര്‍ക്ക് മടി തോന്നുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത്, വൈദിക ഭവനങ്ങളൊക്കെ ഒരു യാചകനു പോലും താന്‍ സ്വാഗതം ചെയ്യപ്പെടുന്നു എന്നു തോന്നിക്കത്തക്കവിധം അത്രമാത്രം ലളിതമായ രീതിയില്‍ ആയിരിക്കണം എന്നാണ്.

? അങ്ങ് വൈദികനായിട്ട് അന്‍പത്തിനാല് വര്‍ഷം ആയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഈ ജീവിതം അങ്ങയുടെ ഉള്ളില്‍ ഉയര്‍ത്തുന്ന വികാരം എന്താണ്.

$ നല്ല ചോദ്യം. ഇപ്പോഴും എന്‍റെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് കുര്‍ബാന അര്‍പ്പിക്കുന്നതാണ്. എന്‍റെ ചെറുപ്പകാലം മുതല്‍ എല്ലാദിവസവും ഞാന്‍ കുര്‍ബാനയില്‍ പങ്കെടുക്കുമായിരുന്നു. കുര്‍ബാന അര്‍പ്പിക്കുന്നതിനുമുമ്പ് ചെറുതെങ്കിലും തീക്ഷ്ണമായ രീതിയില്‍ ഞാന്‍ ഒരുങ്ങും. ഒരു വൈദികനെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെ മുഴുവന്‍ നവീകരണവും വരുന്നത് കുര്‍ബാനയില്‍ നിന്നാണ്. കുര്‍ബാന ഇല്ലായിരുന്നെങ്കില്‍ ഈ ലോകം വളരെ മോശപ്പെട്ട സ്ഥലമായി ഇപ്പോള്‍ മാറിയിരുന്നേനെ. എളിമയോടും സ്നേഹത്തോടും വിശ്വാസത്തോടും കൂടി നാം കുര്‍ബാന അര്‍പ്പിച്ചാല്‍ സാത്താന്‍ കൊണ്ടുവരുന്ന എല്ലാ തിന്മയുടെ ശക്തിയെയും നമുക്ക് പ്രതിരോധിക്കാം. കാരണം യേശുനാഥന്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തു കഴിഞ്ഞു. ഞാനത് കുര്‍ബാനയില്‍ നവീകരിക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ പിതാവിന് അവിടുത്തെ ആത്മാവില്‍ വീഞ്ഞ് കാഴ്ചയായി സമര്‍പ്പിക്കുമ്പോള്‍ അത് യേശുവിന്‍റെ തിരുരക്തമായി മാറുന്നു. അപ്പം യേശുവിന്‍റെ ശരീരമായും. ഇതെല്ലാം അര്‍പ്പിക്കുന്നത് ലോകത്തിന്‍റെ പാപപരിഹാരത്തിനായിട്ടാണ്.

('Straight From the Heart'എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഉടന്‍തന്നെ ജീവന്‍ബുക്സ് പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തില്‍നിന്നും വൈദികജീവിതത്തിനു പ്രസക്തമായ കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് അനുരൂപപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇവിടെ).

You can share this post!

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

ടി.ജെ.
അടുത്ത രചന

ക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞവർ

ജീവൻ
Related Posts