നമ്മുടെ മനസ്സ് ഇവിടെ എങ്ങുമല്ല. ഓരോരോ ഇതളുകളായി ഗുരുക്കന്മാര്‍ തങ്ങളെത്തന്നെ വെളിപ്പെടുത്താന്‍ അനുവദിക്കുമ്പോള്‍ ആ പരിമളം വക്കോളം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ തക്ക നിശ്ശബ്ദതയോ നിഗൂഢതയോ നമുക്കില്ല. പലകാരണം കൊണ്ടാവാമത്. എങ്കിലും അതില്‍ നിശ്ചയമായും നമ്മുടെ ഉള്‍ഭീതികളും ആകുലതകളുമുണ്ട്. ഹൃദയം ഒരു നിശ്ചലത്തടാകം ആകാത്തിടത്തോളം കാലം നമ്മള്‍ ഒന്നിനേയും പ്രതിബിംബിപ്പിക്കുന്നില്ല. വചനത്തിന്‍റെ വിത്തിനെ ഞെരുക്കിക്കളയുന്ന മുള്ളുകളിലൊന്ന് ജീവിതവ്യഗ്രതയാണെന്ന് ക്രിസ്തുതന്നെ വിശദീകരിക്കുന്നുണ്ടല്ലോ. അതായത് അപ്പത്തെക്കുറിച്ചുള്ള ആകുലത. ജീവിതത്തിന്‍റെ നിലനില്‍പ്പിനും, സുരക്ഷിതത്തിനും, ആഹ്ളാദത്തിനും അനിവാര്യമാകുന്ന ഏതൊരു ഘടകത്തേയും അപ്പം എന്ന പേരിടാവുന്നതാണ്.
വഞ്ചിയില്‍ സംഭവിച്ചതതാണ്. തിന്മയുടെ പുളിമാവിനെക്കുറിച്ചാണ് ക്രിസ്തു അവരോട് പറഞ്ഞുതുടങ്ങിയത്. വാലല്ലാത്തതെല്ലാം അളയിലായെന്ന് സമ്മതിക്കുന്ന കുട്ടികള്‍ തന്നെ അവരും! (പഴയ കഥയാണ് : മലയാളം മാഷ് വൃത്തത്തിലും പിന്നെ ചതുരത്തിലും ആഘോഷമായി ആടിത്തിമിര്‍ക്കുമ്പോള്‍ പുറത്തേക്കു നോക്കിയിരിക്കുന്ന ശിഷ്യന്‍. പുറത്തൊരു പാമ്പ് മാളത്തില്‍ കയറുകയാണ്. തെല്ലു അശ്രദ്ധയിലാണ് പ്രിയശിഷ്യനെന്ന് മനസ്സിലാക്കിയ മാഷ് എവിടം വരെ ആയെടാ എന്ന് അവന്‍റെ ശ്രദ്ധയെ പരീക്ഷിക്കുമ്പോള്‍ പറഞ്ഞ മറുപടി). കൈവശം കരുതാതിരുന്ന അപ്പത്തെക്കുറിച്ചാണ് ക്രിസ്തു ആനുഷംഗികമായി പരാമര്‍ശിക്കുന്നത് എന്ന് അവര്‍ കരുതി. അങ്ങനെ സ്വയം ഭാരപ്പെടുകയും അപരനെ ഭാരപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം ഇന്നലകളെ പാടെ മറന്നുകളയുന്നവര്‍ എന്നാണ് ക്രിസ്തു അതിനെ കുറ്റപ്പെടുത്തിയത്. അപ്പക്കഷ്ണങ്ങളില്‍ നിന്നും അടയാളങ്ങളുടെ വിരുന്നുകള്‍ സംഭവിച്ചപ്പോഴൊക്കെ ബാക്കിവന്ന കുട്ടകളുടെ എണ്ണംപോലും അവര്‍ മറന്നു എന്ന് ആരായുന്നു. ഇല്ല മറന്നിട്ടില്ല. ഓരോ പ്രാവശ്യവും നമ്മളെ സ്തബ്ധരാക്കുന്ന വിധത്തില്‍ അവന്‍ സംരക്ഷണം നല്‍കിയിട്ടും അടുത്ത പ്രതിസന്ധിയില്‍ നമ്മളെത്ര ഭാരപ്പെടുന്നു. ഭൂതകാലത്തിന്‍റെ സ്മൃതി കൊണ്ടുതന്നെ വര്‍ത്തമാനാകുലതകളെ ഒരാള്‍ക്ക് അതിജീവിക്കാവുന്നതേയുള്ളൂ.
ആകുലത ഭയത്തിന്‍റെ തന്നെ തെല്ലു ഗുരുത്വം കുറഞ്ഞ എക്സ്പ്രഷനാണ്. സ്നേഹത്തിന്‍റെ അപൂര്‍ണ്ണതകൊണ്ടാണ് ഒരാള്‍ ഭയപ്പെടുന്നതെന്ന് എത്രകൃത്യമായി യോഹന്നാന്‍ നിരീക്ഷിക്കുന്നുണ്ട് (1 യോഹ. 4:18). സാര്‍ത്ര് തുടങ്ങിയ എഴുത്തുകാരെ മനസിലാക്കാന്‍പോലും യോഹന്നാന്‍റെ നിരീക്ഷണം സഹായകമായേക്കും. വല്ലാതെ ഭയചകിതനായ ഒരു മനുഷ്യനെ കുറിച്ചാണല്ലോ അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. മനുഷ്യന്‍ തുറിച്ചു നോക്കുന്നു (There is no glance, people only do stare) എന്നയാളുടെ പ്രലപനം ഉണ്ട്. സ്നേഹപൂര്‍വ്വം നിങ്ങളെ ഒരാള്‍ ഉറ്റുനോക്കുമ്പോള്‍ അത് തുറിച്ചുനോട്ടമായി തോന്നുന്നതെന്തേ? ഉള്ളിലെ സ്നേഹത്തിന്‍റെ രസമാപിനി മൈനസിലേക്ക് കടന്നു വെന്നല്ലാതെ മറ്റെന്തു കാരണം? ഉള്ളില്‍ നിറയുകയും ചുറ്റിലും പൊതിയുകയും ചെയ്യുന്ന ഒരു സ്നേഹാനുഭവം കൊണ്ടാണ് ഭയത്തേയും ഭയത്തിന്‍റെ പെഡിഗ്രിയില്‍പ്പെട്ട ആകുലതകളേയും ഒരാള്‍ നേരിടാന്‍.
ജീവന്‍റെ സമൃദ്ധിയെ വല്ലാതെ ദുര്‍ബലമാക്കുന്ന ആകുലതകളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ക്രിസ്തു മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 24 മുതല്‍ 34 വരെയുള്ള വാക്കുകളില്‍ പറഞ്ഞുതരുന്നതിന്‍റെ യുക്തിയും ലാവണ്യവും നല്ലൊരു ധ്യാനവിചാരമാണ്. അവയെ വില്ല്യം ബാര്‍ക്ലിയില്‍ നിന്നും സ്വീകരിച്ച ഒരു പ്രചോദനത്തോടെ ഏതാണ്ട് ഏഴ് ചുവടുകളായി ക്രമപ്പെടുത്താവുന്നതാണ്.
ജീവന്‍റെ സഹസ്രദളപത്മത്തെ ധ്യാനിക്കുക എന്നതാണ് ആദ്യത്തേത്. എന്താണീ ജീവന്‍? നമുക്കൊരു എത്തും പിടിയും കിട്ടുന്നില്ല. ഒരു ലാബിലും അത് രൂപപ്പെടുകയുമില്ല. ഭൂമിയുടെ അചേതനയുടെ മീതെ ദൈവം നിശ്വസിക്കുന്നതാണ് ജീവന്‍. മണ്ണുകൊണ്ട് മെനഞ്ഞ ഉടലില്‍ ദൈവം നിശ്വസിച്ചു എന്നു പറയുന്നത് അതാണ്. അനാദിയോളം ജീവന്‍ ഡീക്കോഡ് ചെയ്യാനാവാത്ത ഒരു നിഗൂഢതയായിത്തന്നെ നിലനില്ക്കും. അതുമായി തുലനം ചെയ്യുമ്പോള്‍ അപ്പമോ, വസ്ത്രമോ, ചങ്ങാതിയോ ഒന്നും അത്ര സാരമുള്ളതല്ല. ഏറ്റവും വലുത് സമ്മാനിക്കാന്‍ മനസായ ഒരാള്‍ അതുമായി ബന്ധപ്പെട്ട അനുബന്ധഘടകങ്ങള്‍ തരാന്‍ മനസ്സാകുന്നു. വാ കീറിയവന്‍ ഇരകൊടുക്കുന്നു എന്നതാണ് സാരം. വയറ്റാട്ടി ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന നിമിഷമാണിത്. കുഞ്ഞ് കരയുന്നുണ്ടോ-ആ കരച്ചിലിലൂടെയാണ് മണ്‍കുടത്തില്‍ ആദ്യത്തെ നിശ്വാസം പ്രവേശിക്കുന്നത്. ജീവന്‍ നല്‍കിയവന്‍ തന്നെ അതിനെ സംരക്ഷിച്ചുകൊള്ളും. ഒരു തിരി തെളിച്ചവനറിയാം എങ്ങനെ അതിനെ അണയാതെ കാക്കണമെന്ന്; പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതുകൊണ്ട് പറയിയുടെ മക്കളൊന്നും നശിച്ചു പോയിട്ടില്ല. ആ നാറാണത്തു ഭ്രാന്തനുപോലും എന്തൊരു സൗന്ദര്യമാണ്! ഇത്തിരി പോന്ന ഒരു കുഞ്ഞിനെ കുട്ടയിലാക്കി പുഴയിലേയ്ക്ക് ഒഴുക്കി വിടുന്ന മറ്റൊരമ്മ. ഒരു തിരയില്‍ നിശബ്ദമാകാവുന്നതേയുള്ളൂ ജീവന്‍റെ ഈ നിശ്വാസം. ഇല്ല അതങ്ങനെ സംഭവിച്ചു കൂടാ. നീരാട്ടിനായി സഖികളോടൊത്ത് കടവില്‍ ഒരുവള്‍ വരും എന്നതാണ് പ്രത്യാശ. മോശയെക്കുറിച്ചാണ് പരാമര്‍ശം. ചവിട്ടേല്‍ക്കുന്തോറും കൂടുതല്‍ മുളയുണ്ടാകുന്ന ചില വാഴവിത്തു പോലെയാണ് ജീവിതം.
പ്രപഞ്ചത്തെ ധ്യാനിക്കുകയാണ് അടുത്ത ചുവട്. വിതക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഒരു വയല്‍ക്കിളിയും ഇന്നോളം പട്ടിണി കിടന്നിട്ടില്ല. ഒരു ജീവജാലവും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ കാര്യങ്ങളെ സരളമായി കരുതുന്നു എന്ന് വിചാരിക്കണ്ട. മനുഷ്യന്‍റെ ആസുരത തൊടാത്തിടങ്ങളിലൊക്കെ ഇപ്പോഴും അതങ്ങനെയൊക്കെ തന്നെയാണ്. വേട്ടയ്ക്കുപോയ കുറേപ്പേരെ അത്ഭുതപ്പെടുത്തിയതാണ് - ഉള്‍വനങ്ങളില്‍ വല്ലാതെ മുറിവേറ്റു കിടക്കുന്ന ഒരു കുറുനരി. ഇരതേടാനാവതില്ലാത്ത അവന്‍ എന്തു ചെയ്യും. കാട്ടിലെ പച്ചയ്ക്ക് വളമാകാനല്ലാതെ. എന്നിട്ടും അങ്ങനെയല്ല സംഭവിച്ചത്. മാസങ്ങള്‍ക്കുശേഷം അവര്‍ അവിടെ എത്തുമ്പോള്‍ അത് മരിച്ചിട്ടില്ല. തെല്ലു നിരീക്ഷിച്ചപ്പോള്‍ കണ്ടു, ഒരു സിംഹം അതിനായി കണ്ടെത്തിയ ഇരയില്‍നിന്ന് ഒരു ഇറച്ചിതുണ്ട് മുറിവേറ്റ കുറുനരിക്കിട്ടുകൊടുത്ത് നടന്നു പോവുകയാണ്. പ്രവാചകന്മാര്‍ അത് നന്നായി അനുഭവിച്ചിട്ടുണ്ടാവും. മനുഷ്യരെക്കാളുപരിയായി തിര്യക്കുകളുടെ സഹജബോധത്തോടെ അവര്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞതുകൊണ്ടാണത്. അത്തരം നിമിഷങ്ങളില്‍ പ്രവാചകന് കാക്കപോലും ചിലപ്പോള്‍ അപ്പം കൊടുത്തേക്കും. കാക്കയുടെ പ്രൊഫഷന് നിരക്കാത്തൊരു അനുഭാവമാണിത്. അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടുതീരാന്‍ കാത്തിരിക്കുകയാണല്ലോ അതിന്‍റെ ധര്‍മ്മം. വയല് കൊയ്യുമ്പോള്‍ മറന്നുപോയ കറ്റ തിരികെ എടുക്കരുതെന്നും ഒലിവുപഴങ്ങള്‍ കുലുക്കിയിടുമ്പോള്‍ ശിഖരങ്ങളില്‍ അവശേഷിക്കുന്ന പഴങ്ങള്‍ പറിച്ചെടുക്കരുതെന്നും മുന്തിരിപ്പഴം ശേഖരിക്കുമ്പോള്‍ നിലത്തുവീണത് പെറുക്കി എടുക്കരുതെന്നും അത് പരദേശികള്‍ക്കും അനാഥര്‍ക്കും വേണ്ടി മാറ്റിവെയ്ക്കാന്‍ വേണ്ടിയാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പിക്കാനാണ്.
ആകുലതകളുടെ അര്‍ത്ഥശൂന്യതയറിയുകയാണ് അടുത്ത ചുവട്. ആകുലതകള്‍കൊണ്ട് ആരും ആയുസ്സിന്‍റെ ഒരു മുഴം തികച്ചും വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ഉയരം കൂട്ടുന്നില്ലന്ന് മറ്റൊരു വായനയുമുണ്ട്. ബസ്സ് വരാന്‍ വൈകുന്നു എന്ന് നമ്മള്‍ ഒരുമിച്ചിരുന്ന് ആകുലപ്പെട്ടതുകൊണ്ട് അതൊരിക്കലെങ്കിലും നേരത്തെ വന്നു നമ്മള്‍ കണ്ടിട്ടില്ലല്ലോ! ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നില്ലെന്ന് മാത്രമല്ല അതുവഴി കുറച്ചധികം അത് കുറഞ്ഞു കിട്ടുന്നു എന്നും മനസ്സിലാക്കാന്‍ വലിയ ഐക്യു ആവശ്യമില്ല. പകര്‍ച്ചവ്യാധി പിടിപ്പെട്ട ഒരു ദേശത്ത് നൂറുപേരുടെ ആയുസെടുക്കാന്‍ പോയ മരണദൂതന്‍ ആയിരംപേരുടെ ജീവനൊടുക്കി തിരിച്ചുവന്നു. അതിന്‍റെ പേരില്‍ ദൈവം അയാളോട് കലഹിച്ചെന്ന ഒരു പേര്‍ഷ്യന്‍ കഥയുണ്ട്. സംഭവിച്ചത് അതല്ല. നൂറുപേരുടെ മരണം കേട്ട തൊള്ളായിരത്തോളം പേര്‍ പേടിച്ചു മരിച്ചതാണെന്ന് മരണദൂതന്‍റെ കൂള്‍ കൂള്‍ മറുപടി.
ആകുലത അനാത്മികമാണെന്ന് അസന്ദിഗ്ധമായി ക്രിസ്തു പഠിപ്പിക്കുന്നു. വിജാതീയരാണ് ഇങ്ങനെയൊക്കെ ആകുലപ്പെടുന്നത്. ആരാണീ വിജാതീയര്‍? നിശ്ചയമായും അന്യമതസംസ്കാരങ്ങള്‍ ഉള്ളവരല്ല, ദൈവത്തെ അപ്പനായി കാണാന്‍ പ്രകാശം കിട്ടാത്തവര്‍ എന്നാണതിനര്‍ത്ഥം. ഭൂമിയില്‍ ആരെയും അപ്പനെന്നു വിളിക്കരുതെന്ന് ക്രിസ്തു പഠിപ്പിച്ചത് ജീവിതത്തിന്‍റെ ക്രമങ്ങളെ തെറ്റിക്കാനല്ല. മറിച്ച് ശിരസിനുമീതെയുള്ള ആ പിതാവിനെ ഓര്‍മ്മിപ്പിക്കാനാണ്. പന്ത്രണ്ടാം വയസ്സില്‍ ദൈവമാണ് തന്‍റെ പിതാവെന്ന് മേരിയോട് പറഞ്ഞുകൊടുത്ത കുട്ടിയായിരുന്നു അവന്‍. ഇതാ മറ്റൊരാള്‍-ശാഠ്യക്കാരനായ അപ്പന്‍ തിരികെ ചോദിച്ചതെല്ലാം സ്നേഹപൂര്‍വ്വം കൊടുത്തിട്ട് ഒടുവില്‍ ഉടുത്തിരുന്ന അങ്കിപോലും അഴിച്ച് നഗ്നനായി ഇനി എനിക്കും ഒരേയൊരു പിതാവേയുള്ളൂ എന്നു മന്ത്രിച്ച് ആകാശങ്ങളിലേക്ക് മിഴിയുയര്‍ത്തി നില്‍ക്കുന്ന അസ്സീസിയിലെ ചെറുപ്പക്കാരന്‍. ദൈവം പിതാവാണെന്ന് പ്രകാശം കിട്ടിയവര്‍ എന്തിനെയോര്‍ത്ത് ഭാരപ്പെടാന്‍. നമ്മളുടെ ശാഠ്യം ഇല്ലാതെ തന്നെ നമുക്കെന്താണാവശ്യമെന്നറിയുകയും അസാധാരണമായ കരുതലോടെ അതുറപ്പാക്കുകയും ചെയ്യുന്ന ഒരു പിതാവിനെ പരിചയപ്പെടുത്തുകയായിരുന്നു ക്രിസ്തുവിന്‍റെ കര്‍മ്മം.