എനിക്കു തോന്നുന്നു: പുരോഹിതന് ജീവിതത്തില്‍ കൂട്ടു വേണ്ടെന്ന്.. വെളിയില്‍ യുദ്ധങ്ങള്‍ തുടരും, ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടാകും. ക്ഷാമം കഠിനമായിത്തീരും. മനുഷ്യര്‍ കള്ളന്മാരും വേശ്യകളും രോഗികളുമായി തരംതിരിക്കപ്പെട്ടുകൊണ്ടിരിക്കും. അവരെ ദൈവത്തിന്‍ മഹത്വമറിയിക്കാന്‍ നിയുക്തനായ അയാള്‍ തൻറെ ഭാര്യയെ പരിഗ്രഹിക്കുകയായിരിക്കും. അടഞ്ഞ വാതില്‍ തൊട്ട് ആരെല്ലാമോ നിലവിളിക്കും. പക്ഷേ അത് തുറക്കപ്പെടില്ല. (ആയുസ്സിൻറെ പുസ്തകം/സി. ബാലകൃഷ്ണന്‍)
പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.വി.ബാലകൃഷ്ണൻറെ ആയുസ്സിൻറെ പുസ്തകം, സൗഹൃദങ്ങളില്‍ ഒരു സമ്മാനപുസ്തകമായിരുന്നു. അത് വായിച്ചിട്ട് കൂട്ടുകാരി എഴുതി: ശരിക്കും, എന്താണീ സെലിബസി? അതിൻറെ അര്‍ത്ഥം അവള്‍ക്കറിയാഞ്ഞിട്ടല്ല...
അവളുടെ ചോദ്യം പൊതുവേ സന്ദേഹിയായ ഒരു സെമിനാരിക്കാരനെ വല്ലാതെ പരിഭ്രമിപ്പിച്ചു. ഒരാള്‍ എന്തിനാണ് ഒറ്റക്ക് നടക്കുന്നത്. കുരുവിയും കുറുനരിയും പോലും വീട് കെട്ടുന്ന ഭൂമിയില്‍ അയാളെന്തു കൊണ്ടാണ് ഒരു കൂര പണിയാത്തത്. വംശാവലിയുടെ പുസ്തകത്തില്‍ അയാള്‍ക്ക് ശേഷം ഒരു പേരില്ലാത്തതെന്തുകൊണ്ട്...?
ദാമ്പത്യത്തെക്കാള്‍ മീതെയാണ് ബ്രഹ്മചര്യമെന്ന് പഠിപ്പിക്കുന്ന ഒരു സൂചനപോലുമില്ല സുവിശേഷത്തില്‍. സ്വന്തമായി ഒരു വീട് കെട്ടിയുയര്‍ത്താതെ കടന്നുപോയപ്പോഴും ഗാര്‍ഹിക പശ്ചാത്തലങ്ങളിലായിരിക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു. തൻറെ അടുക്കലേക്ക് വന്നവരുടെ രോഗാതുരമായ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ദൈവമൊരാളാണ് സ്ത്രീയെയും പുരുഷനെയും കൂട്ടിച്ചേര്‍ത്തതെന്ന് പഠിപ്പിച്ചു. സഹജമല്ലാത്ത ഒരു തരം ശാഠ്യത്തോടുകൂടി ദാമ്പത്തിൻറെ അവിഭാജ്യതയെ പഠിപ്പിച്ചു.
എന്നിട്ടും അയാളെന്തുകൊണ്ടാണ് അവിവാഹിതനായി നിന്നത്? ചെറുപ്രായത്തിലെ ആണും പെണ്ണും വിവാഹിതരാവുന്ന ഒരു സംസ്കാരത്തില്‍ മുപ്പതു വയസ്സിനു മീതെയുള്ള ഒരവിവാഹിതന്‍ ആവശ്യത്തിലേറെ മനുഷ്യരുടെ പുരികം ചുളിച്ചിരുന്നു. അവനെ ഷണ്ഡന്‍ എന്നു വിളിക്കാന്‍ പോലും അവൻറെ കാലം ധൈര്യപ്പെട്ടു എന്ന സൂചനകളുണ്ട് - വിവാഹയോഗ്യനല്ലാത്തവന്‍ തന്നെ!
ചെറുപുഞ്ചിരിയോടെ ക്രിസ്തു അതു സ്വീകരിച്ചു. എന്നിട്ട് അത്തരക്കാരെ മൂന്നുതരത്തില്‍പെടുത്താമെന്ന് പറഞ്ഞു. ആദ്യത്തേത് പ്രകൃതിയുടെ കൈത്തെറ്റ് പോലെ ചില മനുഷ്യര്‍. ആണിനും പെണ്ണിനും ഇടയിലെ നോ-മാന്‍സ് ലാന്‍ഡില്‍ പെട്ടുപോകുന്ന സങ്കടജന്‍മങ്ങള്‍. രണ്ടാമത്തേത് സമൂഹം അപ്രകാരമാക്കുന്നവര്‍. ഒരു സ്മോളില്‍ പങ്കുചേര്‍ന്നില്ലെങ്കില്‍, ഭാര്യയെ കമന്‍റടിച്ചവനെ ഒന്നു പൊട്ടിച്ചില്ലെങ്കില്‍, മതിലുകെട്ടുമ്പോള്‍ ഒരു സെന്‍റിമീറ്റര്‍ ഉള്ളിലോട്ട് കേറിപോയതിൻറെ പേരില്‍ അയല്‍ക്കാരന്‍ ഉറങ്ങുമ്പോള്‍ അത് തള്ളിയിട്ടില്ലെങ്കിലൊക്കെ അവര്‍ ചോദിക്കുന്നു, നീ ആണാണോ? അങ്ങനെ നിരന്തരമായ സജഷനുകളിലൂടെ സമൂഹം കാസ്റ്ററേറ്റ് ചെയ്യുന്ന മനുഷ്യര്‍. മൂന്നാമത്തേത് ദൈവരാജ്യത്തെ പ്രതി (ദൈവരാജ്യത്താല്‍ എന്നൊരു പാഠഭേദം കൂടിയുണ്ട്) അപ്രകാരമായിരിക്കാന്‍ നിശ്ചയിച്ചവരുമുണ്ട്. പഴയനിയമത്തിലെ ഉറിയായെപ്പോലെ. ദാവീദ് എത്ര നിര്‍ബന്ധിച്ചിട്ടും എന്തിന്, മദ്യപിപ്പിച്ചിട്ട് പോലും, യുദ്ധഭൂമിയില്‍ നിന്ന് കൊട്ടാരത്തിലേക്കെത്തിയ അയാള്‍ വീട്ടില്‍ പോയി തന്‍െറ ഭാര്യയെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല: അവിടുത്തെ ദാസരും എൻറെ സ്നേഹിതരും ദൂരെ പോര്‍ക്കളത്തിലാണ്. അവരോടൊപ്പം കര്‍ത്താവിൻറെ വാഗ്ദത്ത പേടകമുണ്ട്. ഇതൊക്കെ മറന്ന് ഞാനെങ്ങനെ എൻറെ ഭാര്യയോടൊത്ത് പോയി ആഹ്ലാദിക്കും, എന്നാണ് അയാളുടെ മറുചോദ്യം.!
ഇതാണ് ശരിക്കുമുള്ള ബ്രഹ്മചര്യം. വ്യക്തമായ ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ട് ചില മനുഷ്യര്‍ തങ്ങള്‍ക്ക് അര്‍ഹമായ ആഹ്ലാദങ്ങള്‍ പോലും വേണ്ടെന്ന് വെക്കുന്ന ഒരു ജീവിതക്രമം. അങ്ങനെയൊരു വെളിച്ചമില്ലെങ്കില്‍ ഒരാള്‍ അവിവാഹിതനായി കടന്നുപോകുന്നതിനെക്കാള്‍ ബോറ് പരിപാടിയെന്തുണ്ട്?
നിത്യതയുടെ ചില ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി സെലിബസിയെ വായിച്ചെടുക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. ഏഴുപുരുഷന്‍മാരെ വിവാഹം കഴിച്ച സ്ത്രീയുടെ കഥയ്ക്കൊടുവിലാണവര്‍ അവനെ വല്ലാതെ കുഴപ്പിച്ചേക്കുമെന്ന് കരുതിയ ഒരു ചോദ്യം ചോദിച്ചത്: നിത്യതയില്‍ ഇവള്‍ ആരുടെ ഭാര്യയായിരിക്കും? ക്രിസ്തു ഊറി ചിരിച്ചിട്ടുണ്ടാവും. അവിടെ ആരും കല്ല്യാണം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല. ആരും ആരെയും സ്വന്തമാക്കാത്ത, എല്ലാവരും എല്ലാവരുടെയും സ്വന്തമായ ഒരിടമാണ് നമ്മുടെ എസ്ക്കറ്റളോജിക്കല്‍ സങ്കല്പമെങ്കില്‍ അതിൻറെ ഒരു ജൈവ അടയാളമാണ് അയാളുടെ ബ്രഹ്മചര്യം.
കുറച്ച് ആലങ്കാരികമായി ചിന്തിക്കുമ്പോള്‍ സമരിയാക്കാരിയായ അന്വേഷിയുടെ കഥയിലെ ആറാമത്തെ പുരുഷനായി നില്ക്കാനുള്ള ക്ഷണമാണതെന്നു തോന്നുന്നു. കണ്ടുമുട്ടുന്ന മുഴുവന്‍ സ്ത്രീകളുടെയും സങ്കടമിതാണ്, കണ്ടുമുട്ടുന്ന ഓരോ പുരുഷനും ഒരേപോലെ. അഞ്ചുപേരും ഒരുപോലെ. അലച്ചിലുകളൊക്കെ അയാള്‍ക്ക് വേണ്ടിയാണ് - ഇന്ദ്രിയങ്ങളുടെ ചരടോ തൊട്ടിയോ ആവശ്യമില്ലാതെ എൻറെ ജീവിതത്തെ പ്രകാശിപ്പിക്കുവാന്‍ പോകുന്ന ഒരാള്‍. ശരീരത്തിൻറെ മീഡിയമില്ലാതെ ഒരാളെ പ്രകാശിപ്പിക്കുവാന്‍ ബലമുള്ള ഒരൊറ്റ ബന്ധമേയുള്ളൂ - ഗുരു. ആ ഗുരു പാരമ്പര്യത്തോട് ചേര്‍ന്ന് നില്ക്കുന്നവര്‍ ഇന്ദ്രിയാതീതമായ ചില ബന്ധങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് സാരം.
പതിവ് കളങ്ങളില്‍ നിന്ന് നിങ്ങളുടെ സ്നേഹമെന്ന പക്ഷി വിശാലമായ ആകാശം തിരയുന്നു എന്നൊരു ആഹ്ലാദവുമുണ്ട് സെലിബസിയില്‍. ബൃഹത്താവുന്നതാണ് ബ്രഹ്മം. സ്നേഹം വിശാലമാകുന്നതാണ് ബ്രഹ്മചര്യം. ഒരു ബ്രഹ്മചാരിയും വീടുപേകഷിക്കുന്നില്ല. അയാളുടെ വീടിന്റെ ചുവരുകള്‍ വികസിക്കുകയും മേല്‍ക്കൂര ഉയരുകയും ചെയ്യുന്നുവെന്നെയുള്ളൂ. അതാണ് എൻറെ നാമത്തെ പ്രതി ചില ബന്ധങ്ങള്‍ ഉപേക്ഷിച്ചവര്‍ക്ക് നൂറുമടങ്ങ് ബന്ധങ്ങള്‍ ഉണ്ടാവുമെന്ന് ക്രിസ്തു പറഞ്ഞതിൻറെ സൂചന. ക്രിസ്തുവിനെപ്പോലെ അയാളും ആര്‍ക്കും ജന്‍മം കൊടുക്കില്ല. ഇനി മുതല്‍ പുതിയ നിയമമാണ് - ശരീരം ആവശ്യമില്ലാത്ത പിറവികള്‍. ഒരാള്‍ നിങ്ങള്‍ക്ക് മകനോ മകളോ ആകാന്‍ നിങ്ങളുടെ ഉദരത്തില്‍ പൊടിക്കണമെന്നില്ല - നിങ്ങളുടെ ഔരസ വൃക്ഷത്തില്‍ നിന്ന് തളിര്‍ക്കണമെന്നുമില്ല. അസുരമായ ഒരു കാലത്തിനത് തീരെ മനസ്സിലാവുന്നില്ലയെന്നത് ഗൗരവമായി എടുക്കേണ്ട. ശരീരത്തിന് മീതെ ഒന്നുമില്ലെന്ന് കരുതുന്നവരോട് തര്‍ക്കിച്ചു ജയിക്കാനുള്ളതല്ല ഒരാളുടെയും ആയുസ്സ്. ജയ്റോസിൻറെ മകളെ മരണനിദ്രയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ബാലികയ്ക്ക് വല്ലതും കഴിക്കാന്‍ കൊടുക്കണമേയെന്ന് അവന്‍ അവളുടെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ക്രിസ്തു ഉപയോഗിച്ച വാക്കിന് മകള്‍ എന്നാണ് അര്‍ത്ഥമെന്ന് ഒരു വേദവ്യാഖ്യാനത്തില്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി.
ശരീരത്തില്‍ വാഴുന്ന ദൈവത്തെക്കുറിച്ചുള്ള ധ്യാനം കൂടിയാണ് ബ്രഹ്മചര്യം. ആ പുരാതന ക്ഷേത്രത്തിൻറെ പേരാണ് ശരീരം. ദൈവം മണ്ണുകൊണ്ട് അവനെ രൂപപ്പെടുത്തി. നാസാരന്ധ്രങ്ങളില്‍ ശ്വസിച്ചുവെന്ന് വേദം. അങ്ങനെയാണ് ഉടല്‍ ക്ഷേത്രമായത്. അവിടുത്തെ ശ്വാസമെന്നാല്‍ അവിടുത്തെ സാന്നിദ്ധ്യമെന്നുതന്നെ അര്‍ത്ഥം. അതു മനുഷ്യന്‍ മറന്നുതുടങ്ങിയപ്പോഴാണ് ക്രിസ്തുവിനു വീണ്ടും ശരീരത്തില്‍ പിറക്കേണ്ടി വന്നത്. ഒരു ദേവാലയത്തിൻറെ പൂമുഖത്തുനിന്ന് ക്രിസ്തു ഇങ്ങനെ വിളിച്ചു പറഞ്ഞു. ഈ ദേവാലയം തകര്‍ക്കുക, ഞാനതിനെ മൂന്നു ദിവസം കൊണ്ട് ഉയര്‍ത്തും. അവൻ്റെ കേള്‍വിക്കാര്‍ ആര്‍ത്തുചിരിച്ചു. നാല്പത്താറു സംവത്സരംകൊണ്ട് ഉയര്‍ത്തിയ ദേവാലയം! തൻ്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് അവനത് പറയുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല എന്ന് യോഹന്നാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അത്തരം ഒരു ക്ഷേത്രബോധം രൂപപ്പെട്ട ഒരാളുടെ മിഴി അയാളുടെ വിളക്കാകുന്നു. പ്രകാശത്തോടും ആദരവോടും കൂടി സ്വന്തം പരിസരങ്ങളെ നോക്കാനുള്ള ഒരു അനുശീലനമാകണം ബ്രഹ്മചര്യം. നീ ഞങ്ങളുടെ മിഴികളില്‍ നോക്കുക, ഞങ്ങള്‍ സ്ത്രീകളാണെന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കാത്തവിധത്തില്‍.. ഇത്തരം വിചാരങ്ങള്‍ സെക്സിൻ്റെ നിരാസമല്ല. ഒരു സത്രം വേറൊരു സത്രത്തെ തിരയുന്നതല്ല, ഒരു ക്ഷേത്രം വേറൊരു ക്ഷേത്രത്തെ തിരിച്ചറിയുന്നതാണ് സഹശയനം.
ഗാന്ധിയാണ് ഒരുപക്ഷേ ബ്രഹ്മചര്യ വിചാരങ്ങളെ ഏറ്റവും ഗൗരവമായെടുത്ത ഒരാള്‍. അതില്‍ ഒരു കുറ്റബോധത്തിൻ്റെ നിമിത്തമുണ്ട്. ഇരട്ട ലജ്ജയെന്ന പേരില്‍ തൻ്റെ ആത്മകഥയില്‍ അദ്ദേഹമത് രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛന്‍ മരണശയ്യയിലാണ്. എന്നിട്ടും ആ രാത്രിയില്‍ അയാളോടൊപ്പമായിരിക്കുന്നതിനേക്കാള്‍ ഗര്‍ഭിണിയായ കസ്തൂര്‍ബയുമായി കിടപ്പുമുറിയിലായിരിക്കാന്‍ അയാളിഷ്ടപ്പെട്ടു. അവിടെയായിരിക്കുമ്പോള്‍ മുറിക്കു പുറത്തു കൊട്ട്. അച്ഛന്‍ കടന്നുപോകുന്നു. ആത്മനിന്ദ കൊണ്ട് അയാള്‍ പുകഞ്ഞു. ശരീരത്തിൻ്റെ ചരടുകളില്ലാതെ ആരോഗ്യകരമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ സാധ്യമാണോ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു സത്യാന്വേഷണ പരീക്ഷണം. അതിൻ്റെ പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടിട്ടുണ്ട് അയാള്‍. ഒടുവില്‍ ഗാന്ധി ഇങ്ങനെ അതിനെ നിര്‍വ്വചിച്ചു: "ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷന്‍ പതുക്കെ പതുക്കെ സ്ത്രീയാകുകയാണ്. ഫലത്തില്‍ ഒരു കൂട്ടുകാരിയോടു തോന്നുന്ന സ്വാതന്ത്യം ഒരു സ്ത്രീയ്ക്ക് അയാളോട് അനുഭവപ്പെട്ടെന്നിരിക്കും. കാര്യങ്ങളപ്പോള്‍ അങ്ങനെയാണ്. ഒരാളുടെ ഷാര്‍പ്പായ ജന്‍ഡര്‍ എഡ്ജുകള്‍ സൗമ്യമാകുന്ന പ്രക്രിയയാണ് ബ്രഹ്മചര്യം. അതുകൊണ്ട്തന്നെ അയാളാരേയും വയലേറ്റു ചെയ്യുന്നില്ല.
അസ്സീസിയിലെ ഫ്രാന്‍സിസിൻ്റെ ബ്രഹ്മചര്യ ഗ്രാഫില്‍ പ്രകടമായ മൂന്നു തലങ്ങളുണ്ട്. ആദ്യത്തേത് കഠിന നിഷ്ഠകളുടെ ഒരു കാലം. ഒരുതരം എസ്തറ്റിക് ഡിസ്റ്റന്‍സ്. ഒരു വസ്തുവിനെ വ്യക്തമായി കാണണമെങ്കില്‍ അതില്‍ സൂകഷിക്കേണ്ട ഒരകലം. വ്യക്തിബന്ധങ്ങളിലും ഈ സൗന്ദര്യദൂരത്തിന് ഇടമുണ്ട്. രണ്ടാമത്തേത് ചിരിച്ചു തള്ളാവുന്ന ഒരു വിചാരം. ചില പ്രിയങ്ങളൊക്കെ രൂപപ്പെടുന്നുണ്ട്. എങ്കിലും അതിനിട കൊടുക്കുന്നില്ല. തലക്കുമീതെ കിളികള്‍ പറന്നുപോകരുതെന്ന് ആര്‍ക്കും ശഠിക്കാനാവില്ല. മരണനേരത്ത് അത് കുറേക്കൂടി ശ്രേഷ്ഠമാകുന്നു. ജക്കോബ എന്നൊരു സ്നേഹിത അവിടെയെത്തുന്നു. ആവൃതിയുടെ നിയമങ്ങള്‍ അനുവദിക്കാത്തതുകൊണ്ട് അവളുടെ പ്രവേശനത്തെ തടഞ്ഞു, സഹസന്യാസികള്‍. അതറിഞ്ഞപ്പോള്‍ ഫ്രാന്‍സിസ് പറഞ്ഞു: ബ്രദര്‍ ജക്കോബയെ അകത്തേക്കു കൂട്ടിക്കൊണ്ടു വരിക! ഇപ്പോള്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാത്ത വിധത്തില്‍ അയാള്‍ക്ക് തൻ്റെ കാലത്തെ കാണാനാവുന്നുണ്ട്. ഇതാണ് അതിന്‍െറ ഒപ്റ്റിമം.
തിരുവത്താഴ അനുസ്മരണത്തില്‍ നിന്നാണ് ഒരാള്‍ തൻ്റെ സെലിബസിയുടെ ഊര്‍ജ്ജം കണ്ടെത്തേണ്ടതെന്ന് തോന്നുന്നു. അപ്പവും വീഞ്ഞും ഉയര്‍ത്തി അയാളെന്താണ് പറയുന്നത്: അവന്‍ തൻ്റെ ശരീരത്തെ എടുത്ത് വാഴ്ത്തി. വാഴ്ത്തിയ ശരീരബോധമാണ് സെലിബസി.
അവള്‍ വീണ്ടും ചോദിക്കുന്നു: ഒറ്റവാക്കിലെന്താണ് ഈ സെലിബസി.സ്നേഹം ശുദ്ധമാകുന്ന പ്രക്രിയയാണത്. ഒരു കാരണവുമില്ലാതെ ഒരാള്‍ക്ക് സ്നേഹിക്കാനാവുമ്പോള്‍ അയാള്‍ പതുക്കെ പതുക്കെ ഒരു ക്രിസ്തുപോലുമായേക്കും!