news-details
ഇടിയും മിന്നലും

ഭാര്യ ഒരു വല്യ സംഭവമാ...

കൊറോണാകാലമായതുകൊണ്ട് പുറത്തൊരിടത്തും യാതൊരു പരിപാടികളുമില്ലാതെയിരുന്നപ്പോളാണ് വളരെ അടുപ്പവും പരിചയവുമുള്ള ഒരു സ്ഥാപനത്തില്‍നിന്നും ഒരു റിക്വസ്റ്റ് വന്നത്. എല്ലാദിവസവും കുര്‍ബ്ബാനചൊല്ലി അവരെ സഹായിച്ചിരുന്ന അച്ചനു കോവിഡ് ബാധിച്ചതുകൊണ്ട് രണ്ടാഴ്ചത്തേക്ക് അവര്‍ക്കു കുര്‍ബ്ബാനയില്ല, അവിടെച്ചെന്നു താമസിച്ച് അവര്‍ക്കു കുര്‍ബ്ബാന ചൊല്ലിക്കൊടുക്കാമോന്ന്. പോയിവരാൻ പറ്റാത്ത ദൂരമായതുകൊണ്ട് രണ്ടാഴ്ച അവിടെ ചെലവഴിച്ചു. തിരിച്ചുപോരാറായപ്പോള്‍ അവരുടെതന്നെ വാഹനത്തില്‍ എന്നെ യാത്രയാക്കി. രണ്ടുമൂന്നു മണിക്കൂര്‍ യാത്രയുണ്ട്. വണ്ടിയിലേക്കു കയറുമ്പോള്‍ ഡ്രൈവറോട് ഒരു 'ഗുഡ്മോര്‍ണിങ്' പറഞ്ഞു. അപ്പോളാണ് വളരെ സ്വരംതാഴ്ത്തി എനിക്കുമാത്രം കേള്‍ക്കാന്‍ പാകത്തിന്  അയാളുടെ കമന്‍റ്:

"തമ്മില്‍ത്തമ്മില്‍ മുഖംപോലുമൊന്നു കാണാന്‍പറ്റത്തില്ല മാസ്ക്കുകാരണം. എന്നാലും നമ്മളുപറയും 'ഗുഡ്'മോര്‍ണിങ്ങെന്ന്."

അതിനു മറുപടിപറയാതെ മുഖത്തെ മാസ്ക്കു വലിച്ചുതാഴ്ത്തി അയാളുടെ മുഖത്തേക്കുനോക്കി ഞാനുച്ചത്തില്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു. വണ്ടിനീങ്ങി. സാമാന്യം പ്രായമുള്ള ഡ്രൈവറെ പലപ്പോഴും അവിടെ കാണാറുണ്ടായിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല.

കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ പേരുചോദിച്ചു. പേരുമാത്രം പറഞ്ഞു ഞാന്‍ നിര്‍ത്തിയതുകൊണ്ടായിരിക്കാം അയാള്‍ പറഞ്ഞു:

"അച്ചനധികം സംസാരിക്കുന്ന ആളല്ല, വല്ലതും ചോദിച്ചാലേ വര്‍ത്തമാനം പറയത്തുള്ളു എന്നു പോന്നപ്പോള്‍തന്നെ സിസ്റ്റേഴ്സ് പറഞ്ഞിരുന്നു."

അതിനു മറുപടിയും ഒരു ചിരിയില്‍ ഞാനൊതുക്കി. ആള്‍ക്ക് എന്തെങ്കിലുമൊക്കെ മിണ്ടണമെന്നുണ്ടെങ്കിലും എന്‍റെ നിസ്സഹകരണം തടസ്സമായിക്കാണും എന്നു തോന്നിയതുകൊണ്ട് ഞാനും ആളുടെ പേരും നാടുമൊക്കെ  ചോദിച്ചറിഞ്ഞു.

"ഇവിടെ ജോലിക്കുവന്നിട്ട് ഒത്തിരിക്കാലമായിക്കാണുമല്ലേ? നാട്ടില്‍നിന്നും ഇത്രേം ദൂരെവന്ന് ഈ പണിചെയ്യണമെങ്കില്‍ നല്ല ശമ്പളവും കാണുമായിരിക്കുമല്ലോ."

"ഇല്ലച്ചാ, കുറച്ചുനാളെ ആയുള്ളു ഞാനിവിടെ വന്നിട്ട്. കൃത്യം പറഞ്ഞാല്‍ കഴിഞ്ഞ വല്യ ലോക്ഡൗണ്‍ കഴിഞ്ഞയുടനെയാണ്. ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരനായിരുന്നച്ചാ. റിട്ടയര്‍ ചെയ്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളു. ഭാര്യയും സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു. കഴിഞ്ഞവര്‍ഷം അവളും റിട്ടയറായി."

"മക്കള്‍?"

"മൂന്ന്. മകളാണ് ഇളയത്. അവളു ഡിഗ്രിക്കുപഠിക്കുന്നു. രണ്ട് ആണ്‍മക്കളില്‍ മൂത്തവനു സര്‍ക്കാരുജോലിയുണ്ട്. രണ്ടാമത്തവന്‍ ഗള്‍ഫില്‍. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു, അവരുടെ ഭാര്യമാര്‍ക്കും ജോലിയുണ്ട്."

"നിങ്ങളു രണ്ടും സര്‍ക്കാര്‍ ജീവനക്കാരായിരുന്നതുകൊണ്ട് മകളെ കെട്ടിക്കാനുള്ളതും ഏതായാലും കരുതിവച്ചിട്ടുമുണ്ടാകുമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ രണ്ടുപേരുടെയും പെന്‍ഷനും ഇവിടുത്തെ ഈ ജോലിയും കൂടെയാകുമ്പോള്‍ കൊറോണാ പിടിക്കാതിരുന്നാല്‍ ഇനിയുള്ളകാലം അടിച്ചുപൊളിച്ചു ജീവിക്കാമെന്നു സാരം."

"അച്ചനിപ്പളീ പറഞ്ഞതുതന്നെയാണ് മിക്കവരും പറയാറുള്ളത്. ഇതെല്ലാമുണ്ടായിട്ടും പിന്നെയും ഈ ഡ്രൈവര്‍ ജോലിക്കു പോന്നതിനെപ്പറ്റി പലരും കളിയാക്കാറുമുണ്ട്. അച്ചനിപ്പോള്‍ പറഞ്ഞതും ഏതാണ്ട് ആ അര്‍ത്ഥത്തിലാണല്ലോ. ഇങ്ങനെ പറയുന്ന ആരോടും ഞാന്‍ തിരിച്ചൊന്നും പറയാറില്ലെങ്കിലും ഇപ്പോള്‍ സമയമുള്ളതുകൊണ്ട് അച്ചനോടു ചില സത്യങ്ങള്‍ പറയാം. എന്‍റെ ചെറുപ്പത്തില്‍ എന്‍റെ അപ്പന്‍ റോഡുപുറമ്പോക്കില്‍ താമസിച്ചിരുന്ന കൂലിപ്പണിക്കാരനായിരുന്നു. ഞങ്ങളു നാല് ആണ്‍മക്കളില്‍ ഇളയവനായ ഞാന്‍ മാത്രമാണ് പത്താംക്ലാസ് വരെ എത്തിയത്. അപ്പനുമമ്മയും ചേട്ടന്മാരുമെല്ലാം ദിവസവും പണിക്കുപോകുമായിരുന്നെങ്കിലും, അമ്മ വെള്ളിയും ശനിയും പോകാറില്ലായിരുന്നു. ആ രണ്ടുദിവസവും അമ്മയും ഞാനും മുടങ്ങാതെ പള്ളീല്‍ പോകുമായിരുന്നു. പത്താംക്ലാസിലെ പരീക്ഷയ്ക്കുമുമ്പ് കുര്‍ബ്ബാന കഴിഞ്ഞയുടനെ അമ്മ എന്നെയുംകൂട്ടി ഞങ്ങടെ പള്ളീല്‍ അന്നുതാമസിച്ചിരുന്ന ഒത്തിരി പ്രായമുണ്ടായിരുന്ന ഒരു വല്യച്ചന്‍റെയടുത്തു പോയി. അച്ചന്‍ എന്‍റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. അന്ന് അച്ചന്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല:

'എടാ കൊച്ചനെ നീ ജയിക്കാന്‍ വേണ്ടിയൊന്നും ഞാന്‍ പ്രാര്‍ത്ഥിച്ചില്ല. നിനക്കു നല്ലതുവരണേന്നു മാത്രം പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അതുപോരെ?'

പത്തില്‍ തോറ്റു. ഞാനച്ചന്‍റെയടുത്തുതന്നെ ചെന്നു സങ്കടം പറഞ്ഞു. എന്‍റെ കണ്ണുനീരുകണ്ട് അച്ചനന്ന് അച്ചന്‍റെ മേശയുടെ വലിപ്പില്‍നിന്നും തപ്പിയെടുത്ത് മൂന്ന് ഒറ്റരൂപാനോട്ടുകള്‍ തന്നിട്ട്, അച്ചന്‍റെ ബന്ധുവിന്‍റെ വണ്ടിവര്‍ക്കുഷോപ്പിലേക്കു പറഞ്ഞുവിട്ടു. വര്‍ക്ഷോപ്പിലെ ആശാനില്‍നിന്നും വണ്ടിപ്പണീം ഡ്രൈവിങ്ങും പഠിച്ചു. അങ്ങനെയാണു പിന്നീടെനിക്കു സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റാനായത്.

കല്യാണം കഴിഞ്ഞു ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും ജോലികിട്ടി. അങ്ങനെ ഇല്ലായ്മയില്‍നിന്നും പിടിച്ചുകയറിയ ഒരു കുടുംബമാണു ഞങ്ങളുടേത്. ഇപ്പോള്‍ ചേട്ടന്മാരൊക്കെ എന്നെക്കാളും നല്ലനിലയിലായി. അപ്പനുമമ്മയും എന്‍റെ കൂട്ടത്തിലായിരുന്നു. എന്‍റെ ഭാര്യയും മക്കളും നന്നായിട്ടവരെ നോക്കി. അപ്പനാദ്യം മരിച്ചു. അഞ്ചുവര്‍ഷംമുമ്പ് അമ്മയും മരിച്ചു. ആണ്‍മക്കളു രണ്ടും പഠിക്കാന്‍ അത്ര സമര്‍ത്ഥരല്ലായിരുന്നെങ്കിലും രണ്ടുപേര്‍ക്കും ദൈവാനുഗ്രഹംകൊണ്ടു ജോലിയുംകിട്ടി, അവര്‍ക്കു നല്ല ഭാര്യമാരെയുംകിട്ടി. മകളു മിടുക്കിയാണ്, അവളു പഠിക്കുന്നു. അവളുടെ സര്‍വ്വ ചെലവുകളും ഗള്‍ഫിലുള്ള മകന്‍ സ്വയം ഏറ്റെടുത്തു നടത്തുന്നു. വീട്ടുചെലവു മുഴുവന്‍ എന്‍റെ കൂടെയുള്ള ഇളയവനും. ഞങ്ങള്‍ക്കുകിട്ടുന്ന പെന്‍ഷന്‍ വാസ്തവത്തില്‍ മിച്ചമാണെന്നു പറയാം. ഇത്രയുമാണ് ചുരുക്കമായി എന്‍റെ കുടുംബചരിത്രം.

റിട്ടയര്‍ ചെയ്തുകഴിഞ്ഞപ്പോഴും നല്ല ആരോഗ്യം. മരുന്നുകഴിക്കേണ്ടതായ യാതൊരസുഖവുമില്ല. ചുമ്മാതെയിരിക്കാന്‍ മടിയായതുകൊണ്ട് സെക്കന്‍ഡ്ഹാന്‍ഡ് കാറൊരെണ്ണമെടുത്ത് ടാക്സിപ്പണി തുടങ്ങി. മക്കള്‍ക്ക് അതിഷ്ടപ്പെട്ടില്ല. പെന്‍ഷന്‍കൊണ്ടു തികയുന്നില്ലെങ്കില്‍ അവരു തന്നോളാം. പെങ്ങളെ കെട്ടിക്കാനും കൂടുതല്‍ സമ്പാദിക്കണ്ട, അതും അവരു നടത്തിക്കൊള്ളാം, ഞാന്‍ വെറുതെ ഇരുന്നാല്‍മതിയെന്ന്. ഏതായാലും ആ സമയത്തായിരുന്നു കൊറോണാ വന്നതും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ. വണ്ടിക്ക് ഓട്ടമില്ലാതെയായതോടെ മക്കളു പറയുന്നതുപോലെ ചെയ്യാന്‍ ഭാര്യയും നിര്‍ബ്ബന്ധിച്ചു. അങ്ങനെ ടാക്സിവണ്ടി വിറ്റു. ഭാര്യയും ആ സമയത്തു റിട്ടയറായി.

എന്‍റെ കൂടെ ജോലിചെയ്തിരുന്ന പലര്‍ക്കും, പരിചയമുണ്ടായിരുന്ന ഒത്തിരിപ്പേര്‍ക്കും കൊറോണ പിടിച്ചു. അവരില്‍ പലരും സാമ്പത്തികമായി വല്ലാതെ വിഷമത്തിലാണെന്ന് എനിക്കറിയാമായിരുന്നു. ഭാര്യയുമായി ആലോചിച്ചപ്പോള്‍ അവളാണു പറഞ്ഞത്, എന്‍റെ പെന്‍ഷന്‍ എടുക്കണ്ട, അവളുടെ പെന്‍ഷന്‍ മുഴുവന്‍ അങ്ങനെയുള്ളവരെ സഹായിക്കാന്‍ കൊടുക്കാമെന്ന്. കുറെ കഴിഞ്ഞപ്പോള്‍ അതുകൊണ്ടും തികയാതെവന്നപ്പോള്‍ ഞങ്ങളാലോചിച്ച് എന്‍റെ പെന്‍ഷനും അതിനായിട്ട് എടുത്തുതുടങ്ങി. സത്യത്തില്‍ അവസാനം വട്ടച്ചെലവിനുപോലും കൈയ്യില്‍ കാശില്ലാതെ വന്നപ്പോള്‍ മക്കളോടു ചോദിക്കാന്‍ മടിയായതുകൊണ്ട്, കുറെ ദൂരെ എവിടെയെങ്കിലും ഒരു ജോലി കണ്ടുപിടിക്കാനാലോചിച്ചു. അങ്ങനെയാണ് ഉദ്യോഗത്തിലായിരുന്ന കാലത്തു പരിചയപ്പെട്ട ഒരു സിസ്റ്റര്‍ വഴി ഇവിടെ എത്തിപ്പെടാനിടയായത്. ചുമ്മാതെയിരുന്നു മടുത്തതുകൊണ്ടാണെന്നു മക്കളോടു പറഞ്ഞു.

ശമ്പളത്തിന്‍റെ കാര്യം അച്ചന്‍ മുമ്പേ ചോദിച്ചില്ലേ, സത്യത്തില്‍ ഇവിടെ ശമ്പളമൊന്നുമില്ലച്ചാ. അതു പ്രതീക്ഷിച്ചല്ല ഞാന്‍ വന്നതും. എന്‍റെ കാര്യങ്ങള്‍ മക്കളെ ബുദ്ധിമുട്ടിക്കാതെ നടക്കണം, അത്രമാത്രം. ഭാര്യയും ഞാനും മാത്രമറിഞ്ഞാണ് ഞാനിതെല്ലാം ചെയ്തിരുന്നതും. ഞാനോര്‍ത്തു അവളതൊന്നും ആരോടും പറയില്ലെന്ന്. കഴിഞ്ഞദിവസം, 'കൈക്കാശിനുവേണ്ടി ചാച്ചന്‍ ബുദ്ധിമുട്ടണ്ടാ, ഇലക്ഷന്‍ ഡ്യൂട്ടിക്കുപോയതിനു എക്സ്ട്രാകിട്ടിയ കാശാണ്, ഇതു കൈയ്യിലിരിക്കട്ടെ, അമ്മ കാര്യങ്ങളൊക്കെ ഞങ്ങളോടു പറയാറുണ്ട്' എന്നും പറഞ്ഞ് മകന്‍ എന്‍റെ കൈയ്യിലേക്കു കുറെ നോട്ടുകള്‍ തന്നപ്പോളാണ് അവളിതെല്ലാം മക്കളോടു പറയാറുണ്ടായിരുന്നു എന്നു ഞാനറിഞ്ഞത്."

സംസാരം ഒന്നു നിര്‍ത്തിയിട്ട്, ഞാന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരിക്കണം അയാള്‍ എന്‍റെ നേരെ നോക്കി.

"നമിക്കുന്നു സഹോദരാ, സോറി, ഞാന്‍ നിങ്ങളെ തെറ്റിധരിച്ചതില്‍ ക്ഷമിക്കണം."

"അച്ചനെക്കൊണ്ടു ക്ഷമ ചോദിപ്പിക്കുവാന്‍ പറഞ്ഞതല്ലച്ചാ. ഞാനീ ജോലിചെയ്യുന്നിടത്തുപോലും ഇതൊന്നും ആരോടും ഞാന്‍ പറഞ്ഞിട്ടില്ലച്ചാ. എന്തോ, അച്ചനോടിപ്പോള്‍ പറയണമെന്നുതോന്നി, അങ്ങുപറഞ്ഞുപോയെന്നുമാത്രം. അന്ന് ആ വല്യച്ചന്‍പറഞ്ഞ വാക്കുകളും, തന്ന അനുഗ്രഹവും, സമ്മാനിച്ച മുഷിഞ്ഞുനാറിയ ആ മൂന്ന് ഒറ്റരൂപാനോട്ടുകളും ഞാന്‍ ഓര്‍മ്മിക്കാത്ത ദിവസങ്ങളില്ലച്ചാ."

ഒരു നിശ്വാസത്തോടുകൂടെ അയാള്‍ നിശബ്ദനായപ്പോള്‍ ഉള്ളില്‍ ഉടക്കിവലിക്കുന്ന മുള്ളുകളുടെ നൊമ്പരം. എത്രയോ ഇല്ലാത്തവര്‍ക്ക്, ഇഷ്ടംപോലെ ഉള്ളവരില്‍നിന്നും വാങ്ങിക്കൊടുത്തിട്ട്, ഞാന്‍ ഒത്തിരി കൊടുത്തു എന്നു വമ്പുപറഞ്ഞിരിക്കുന്നു! അതിനൊന്നും ആ മുഷിഞ്ഞ മൂന്നുനോട്ടിന്‍റെ വിലയില്ലല്ലോ തമ്പുരാനേ! ആ വല്യച്ചനെപ്പോലെ പ്രാര്‍ത്ഥിക്കാനും സാധിച്ചിട്ടില്ലല്ലോ ദൈവമേ!

"അച്ചാ, ഞാനല്‍പം മിണ്ടാതിരുന്നത്, ഒരിക്കലും ആരോടും പറയണ്ട എന്നോര്‍ത്തിരുന്ന ഒരുകാര്യം തികട്ടി തികട്ടി വന്നതുകൊണ്ടാണ്. ഒന്നുകൂടെ ആലോചിച്ചപ്പോള്‍ എന്‍റെ ചില തീരുമാനങ്ങള്‍ ശരിയാണോ എന്ന് അച്ചനോടു ചോദിക്കുകയും ചെയ്യാമല്ലോ എന്ന് ഓര്‍ത്തതുകൊണ്ടു പറയാമെന്നുവച്ചു. എന്‍റെ വൈഫ് ഇന്നത്തെ പിള്ളേരുടെ ഭാഷേല്‍ പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാ കേട്ടോ അച്ചാ. അവളു തന്ത്രശാലിയാ. ചരടുവലിച്ചു കാര്യങ്ങളൊക്കെ നടത്തും, പക്ഷേ ആരുമൊട്ട് അറിയുകയുമില്ല. അവളെന്നാ പറഞ്ഞാലും മക്കളു സാധിച്ചുകൊടുക്കുകയുംചെയ്യും.

ഈയിടെ അവളുതന്നെ വിഷമത്തോടെ എന്നോടു പറഞ്ഞ ഒരുകാര്യമാണ് ഇപ്പോളത്തെ എന്‍റെ വിഷയം. ഞങ്ങളുടേത് ഒരു ചെറിയ ഇടവകയാണ്. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് അധികവും. ഇടവകയായതിന്‍റെ ഇരുപത്തിയഞ്ചാംവര്‍ഷം ആചരിക്കുന്നതിന് ആഘോഷമൊഴിവാക്കി ഒരു പാവപ്പെട്ട കുടുംബത്തിനു വീടുവച്ചുകൊടുക്കുവാന്‍ ഇടവകയോഗം തീരുമാനിച്ചു. മൂന്നുലക്ഷം രൂപയാണ് എസ്റ്റിമേറ്റ് അനുസരിച്ച് ചെലവു കണക്കാക്കിയത്. ഞങ്ങളു രണ്ടുപേരുടെയും രണ്ടുമാസത്തെ പെന്‍ഷന്‍ തുക അതിനായി കൊടുക്കാന്‍ ഞങ്ങളു തീരുമാനിച്ചു. ഇടവകയിലെ ഇടത്തരക്കാരെന്നുള്ളനിലക്ക് അത്രയും വലിയതുക ഞങ്ങളു കൊടുത്തു എന്ന് ആരും അറിയരുതെന്ന് അവള്‍ക്കു നിര്‍ബ്ബന്ധം. അതുകൊണ്ട് പല ഗഡുക്കളായി, പലരില്‍നിന്നും പിരിച്ചതാണ് എന്നുപറഞ്ഞ് പ്രാര്‍ത്ഥനാക്കൂട്ടായ്മവഴി ഭാര്യ ആ തുകയത്രയും കൊടുക്കുകയും ചെയ്തു. കൊറോണ കാരണം അപ്രതീക്ഷിതമായുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ പണിതീര്‍ക്കാന്‍ ആവശ്യമായ തുക തികയാതെ വന്നപ്പോള്‍ അവള്‍ ഗള്‍ഫിലുള്ള മകനോടു വിവരം പറഞ്ഞു. അവനത് അവിടെ അവരുടെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ അറിയിച്ച് അവിടുന്നു സംഭരിച്ച പണംകൂടി അയച്ചപ്പോള്‍ വീടുപണിയും കഴിഞ്ഞു നല്ലയൊരുതുക മിച്ചവും വന്നു.

ഞങ്ങളു രണ്ടുപേരുടെയും പെന്‍ഷനും രണ്ടുമാസമായി മുടങ്ങിക്കിടക്കുകയായിരുന്ന സമയത്താണ് കൊറോണാമൂലം വളരെ കഷ്ടപ്പെട്ടിരുന്ന ഒരു കുടുംബത്തെ സഹായിക്കേണ്ടിവന്നത്. കൈയ്യില്‍ പൈസ ഇല്ലാതിരുന്നതുകൊണ്ടും പള്ളിയിലെ വീടു പണിതുകഴിഞ്ഞു നല്ലതുക ബാക്കിയുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ടും അവരെ വികാരിയച്ചന്‍റെ അടുത്തേക്കു ഭാര്യ പറഞ്ഞുവിട്ടു. പക്ഷേ, കമ്മറ്റി തീരുമാനമനുസരിച്ചു ബാക്കിവന്ന തുകകൊണ്ട് പള്ളിമുറ്റത്ത് ഇന്‍റര്‍ലോക്കട്ട പതിപ്പിക്കാന്‍ തീരുമാനിച്ചുപോയി എന്നുപറഞ്ഞ് വണ്ടിക്കൂലി മാത്രംകൊടുത്ത് അവരെ പറഞ്ഞുവിട്ടു!

ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടുമാസത്തെ പെന്‍ഷനും, മകന്‍ ഗള്‍ഫില്‍നിന്ന് അയച്ചതും കൈയ്യില്‍ വച്ചിരുന്നെങ്കില്‍ നമുക്ക് എത്രയോപേരെ സഹായിക്കാമായിരുന്നു എന്ന് ഈ ദാനത്തിനെല്ലാം ചുക്കാന്‍ പിടിച്ച അവളു കഴിഞ്ഞദിവസം പറഞ്ഞപ്പോള്‍, ഇതുപോലെ പലതും കണ്ടിട്ടുള്ളതുകൊണ്ടു പള്ളിക്ക് ഇനി ഒന്നും കൊടുക്കില്ലെന്നു ഞാന്‍ പറഞ്ഞു. അപ്പോളും അവളെന്നെ ഓര്‍മ്മപ്പെടുത്തിയത് പണ്ടത്തെ വല്യച്ചന്‍റെ മുഷിഞ്ഞ മൂന്നു നോട്ടുകളെപ്പറ്റിയാണ്. അച്ചനെന്തുപറയുന്നച്ചാ, ഞാന്‍ പള്ളിക്കു കൊടുക്കണോ?"

"ഞാനൊരു അച്ചനാണെങ്കിലും, ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്തുവാന്‍ എന്നെക്കാളും അനുഭവജ്ഞാനവും, നന്മയും തനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പോരെങ്കില്‍ പറഞ്ഞുതരാന്‍ പറ്റിയ 'ഒരു വലിയ സംഭവം' തന്‍റെ കൂടെയുണ്ടല്ലോ, തന്‍റെ ഭാര്യ. നിങ്ങളുരണ്ടുംകൂടെ കൂടുമ്പോള്‍ ദൈവത്തിനും മനസ്സാക്ഷിക്കും നിരക്കുന്ന ശരിയുത്തരം തനിക്കു കിട്ടും."

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts