news-details
കവർ സ്റ്റോറി

ഇടം തേടുന്നവര്‍ക്കൊരു ഇടയനാദം

ഗോതമ്പുമണി നിലത്തുവീണ് അഴിയണം. ജീവന്‍ അതിന്‍റെ അനന്തസാദ്ധ്യതകളുമായി വിത്തില്‍ ഉറങ്ങുന്നു. വൃക്ഷം വിത്തില്‍ നിഹിതമായിരിക്കുന്നു. മണ്ണും വളവും വായുവും വെള്ളവുമൊക്കെ ഉള്ളിലേക്ക് ഒന്നും നിക്ഷേപിക്കുന്നില്ല. ഉള്ളില്‍ ഉള്ളതിനെ പുറത്തേയ്ക്കു വിന്ന്യസിക്കാനായി തട്ടി ഉണര്‍ത്തുന്നു എന്നു മാത്രം. ദൈവത്തിന്‍റെ വിത്ത്, വചനം, ഭൂമിയില്‍ വിതക്കപ്പെട്ടതാണ് ഓരോ വ്യക്തിയും. കാരണം, ഏതൊരുവനും ആദ്യം ജനിക്കുന്നത് ആരുടെയെങ്കിലും ഉദരത്തിലോ ഹൃദയത്തിലോ അല്ല, ദൈവത്തിന്‍റെ മനസ്സിലാണ് എന്നാണ് വേദപാഠം. നീ എന്‍റേതാണ് എന്നു കുഞ്ഞിനോട് ഉടമസ്ഥാവകാശം മുഴക്കുന്ന മാതാപിതാക്കളോട് പ്രവാചകനായ ഖലില്‍ ജിബ്രാന്‍ പറയുന്നു, നിങ്ങള്‍ക്കു തെറ്റി, കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല, അവര്‍ നിങ്ങളിലൂടെ വന്നു എന്നു മാത്രം. പരിസ്ഥിതിയിലൂടെയും പാരസ്പര്യത്തിലൂടെയും പ്രകൃതിയുടെ മടിത്തട്ടില്‍ - നിലത്ത് - വീണ്, അഴിയേണ്ടതാണ് ഓരോ മനുഷ്യജന്മവും. മനുഷ്യന്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവനല്ല, വിളിക്കപ്പെട്ടവനാണ്. നിലത്തുവീണഴിഞ്ഞ് ഓരോരുത്തരും അവരവരായി വളര്‍ന്ന് ജീവിതത്തികവിലെത്തണമെന്നത് ദൈവിക പദ്ധതിയാണ്, ഓരോരുത്തരുടേയും ഉത്തരവാദിത്വവുമാണ്.  ഈ ജീവിതത്തികവെന്നത് നമ്മുടെ സാധാരണ ഭാഷയിലെ വ്യക്തിത്വവികാസം തന്നെയാണ്. ആരുടേയും വ്യക്തിത്വവികാസത്തെയോ, അതിന്‍റെ പരിധികളെയൊ നിശ്ചയിക്കുവാനോ നിര്‍ണ്ണയിക്കുവാനോ നിഷേധിക്കുവാനോ മറ്റാര്‍ക്കും കഴിയില്ല, അതിനവകാശവുമില്ല. കാരണം ഓരോ വ്യക്തിയും ചരിത്രത്തില്‍ ഒന്നുമാത്രം. ആരും ആരെയും വളര്‍ത്തുന്നില്ല വളര്‍ത്തേണ്ടതുമില്ല. അപരനെ അനുഗ്രഹിക്കുവാനുള്ള ആന്തരികവളര്‍ച്ചയും അതിന്‍റെ പുറത്തേക്കുള്ള പ്രസരണവും ശരിയോയെന്ന് കൃത്യമായി മോനിട്ടര്‍ ചെയ്യപ്പെടുന്നത് അതിനുള്ള തടസ്സങ്ങളെ സ്വന്തം വ്യക്തിത്വത്തിന്‍റെ ഇടനാഴികളില്‍തന്നെ കൂടുതല്‍ കൂടുതല്‍ ആഴത്തിലും വ്യക്തതയിലും സ്വയം കണ്ടെത്തുമ്പോഴാണ്. സമാനതകളും സഹയാത്രികരുമില്ലാത്ത ഏകാന്തയാത്ര ശരിയായ വഴിയിലും ദിശയിലുമാണെന്നുറപ്പ് സ്വന്തം പരിമിതികളെ ആഴത്തില്‍ തിരിച്ചറിഞ്ഞ് സ്വയം സ്നേഹിക്കുന്നവര്‍ക്കു മാത്രമുള്ളതാണ്.

വ്യക്തിത്വവികാസത്തെപ്പറ്റിയും ജീവിതത്തികവിനെക്കുറിച്ചുമുള്ള മിഥ്യാധാരണകള്‍ തന്നെയാണ് ഈ കാലത്തിന്‍റെയും തലമുറയുടെയും ഏറ്റവും കാതലായ നഷ്ടവും ശാപവുമെന്നു തോന്നുന്നു. ഇരിക്കുന്ന കസേരയും അണിയുന്ന ആടയാഭരണങ്ങളും കൈയാളുന്ന ആയുധങ്ങളും തന്ത്രങ്ങളുമൊക്കെയാണ്, വളര്‍ച്ചയുടെയും വ്യക്തിത്വ വികസനത്തിന്‍റെയുമൊക്കെ അടയാളങ്ങള്‍ എന്ന് തെറ്റിദ്ധരിക്കുന്ന സമൂഹം. എവിടെയെങ്കിലും പോയി എങ്ങനെയെങ്കിലും നാലു കാശുണ്ടാക്കി, ആരെങ്കിലുമൊക്കയായി വാ, അടിപൊളിയായി ജീവിക്കുക - ഈയൊരു സന്ദേശം മാത്രമല്ലെ ഇന്നു മാതാപിതാക്കള്‍ക്കും മതത്തിനും സമൂഹത്തിനും വ്യക്തികള്‍ക്കു കൊടുക്കാന്‍ കഴിയുന്നുള്ളൂ? പണിയും പണവും വാഗ്ദാനം ചെയ്യുന്നവര്‍ക്കു പിണിയാളുകളെ പരുവപ്പെടുത്തലല്ലെ പരിശീലകരുടെയും പരിശീലനക്കളരികളുടെയും മുഖ്യഅജണ്ട? ആരുമല്ലാത്തവന്‍റെയും ഒന്നുമില്ലാത്തവന്‍റെയും ആത്മദുഃഖവും അന്യതാബോധവുമായി, എന്തെങ്കിലുമൊക്കെ എവിടെനിന്നെങ്കിലും വാരിക്കൂട്ടി, അണിഞ്ഞും പൊതിഞ്ഞും ഒളിച്ചുവച്ചും പ്രദര്‍ശിപ്പിച്ചുമൊക്കെ ആരെങ്കിലുമാകാന്‍, നഗരങ്ങളില്‍ ചേക്കേറി, തലങ്ങും വിലങ്ങും നെട്ടോട്ടമോടുന്ന ആളുകളുടെ ആള്‍ക്കൂട്ടം. വിമാനത്താവളങ്ങളിലൊ, വണ്ടിയാപ്പീസുകളിലൊ വഴിയമ്പലങ്ങളിലൊ മാത്രമല്ല കുടുംബങ്ങളിലും സന്ന്യാസ ഭവനങ്ങളിലുമെല്ലാം ഇന്നാള്‍ക്കൂട്ടത്തിലലയുന്ന അപരിചിതരായ ഏകാകികള്‍ മാത്രം. ആള്‍ക്കൂട്ടം മറികടക്കാന്‍ കഴിയാത്ത ഭീരുക്കള്‍. ഭയപ്പെടണ്ട, എന്നായിരുന്നു യേശുവിന്‍റെ പ്രബോധനങ്ങളുടെയെല്ലാം ആമുഖം. ആരെയും ഒന്നിനെയും ഭയപ്പെടേണ്ടതില്ലാത്ത വ്യക്തിയോട് എന്തിനെയും ഏതിനെയും എപ്പോഴും ഭയപ്പെടണമെന്നാണ് മുലപ്പാലിനോടൊപ്പം സമൂഹം വ്യക്തികള്‍ക്കു കൊടുക്കുന്ന സന്ദേശം. ദൈവത്തെ ഭയപ്പെടണം. മനുഷ്യനെ  ഭയപ്പെടണം. ആര്‍ക്ക് ആരെയാണ് ഭയപ്പെടേണ്ടതില്ലാത്തത്. നട്ടുച്ചക്കു നടുറോഡില്‍ തന്നെയല്ലെ കൊള്ളയും കൊലയും കവര്‍ച്ചയും ഇന്നു കൂടുതല്‍ ആത്മവിശ്വാസത്തോടെ അരങ്ങേറുന്നത്. അക്രമികള്‍ക്കോടിക്കയറാനും പിടിക്കപ്പെടാതെ ഒളിച്ചിരിക്കാനും ഇന്നിരുട്ടും കാടും വിജനതകളുമാവശ്യമില്ല. വേദങ്ങളും ജനാധിപത്യങ്ങളും ഒരുക്കുന്ന പകല്‍ വെളിച്ചവും, ആള്‍ക്കൂട്ടവും എണ്ണിയാല്‍ത്തീരാത്ത സേവനസുശ്രൂഷാമേഖലകളും സ്ഥാപനങ്ങളുമൊക്കെയുണ്ട്. ആയുധങ്ങളും തന്ത്രങ്ങളുമില്ലാതെ ഇവിടെ ആര്‍ക്കാണ് പിടിച്ചുനില്‍ക്കാനാവുക. എത്ര വാളെടുക്കാത്തവനും വാളെടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നതില്‍ ആത്ഭുതപ്പെടാനില്ല. കാരണം ആര്‍ക്കും ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയും കാലവും. എന്തെങ്കിലും നേടി എങ്ങനെയെങ്കിലും ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ എല്ലാ വഴികളും തേടുന്ന, മതവിരോധിക്കു മനസ്സാക്ഷി മണ്ണാങ്കട്ടയാണെങ്കില്‍, മതവിശ്വാസിക്കതാരോ മുതുകത്തു കെട്ടിവച്ച മാറാപ്പാണ്. പണം പെട്ടിയിലും മനസ്സാക്ഷി മതത്തിലും ഭദ്രമായി സൂക്ഷിക്കപ്പെടാമെന്നത് ആധുനിക സമൂഹം കണ്ടെത്തിയ തികച്ചും സ്വീകാര്യമായ ഒരു സംവിധാനമാണ്. മുതുകത്തെ മാറാപ്പ് എവിടെയെങ്കിലുമൊന്നിറക്കിവച്ച് ആരെയെങ്കിലും സൂക്ഷിക്കാന്‍ ഏല്‍പിച്ചാല്‍, അങ്ങേയറ്റം അരോചകവും അനുസ്യൂതവുമായുള്ള അതിന്‍റെ ഇടപെടലുകളും വിചാരണകളുമില്ലാതെ, മറ്റാരെയുംപോലെ മത്സരക്കളത്തില്‍ അഭ്യാസങ്ങളും ആയുധപ്രയോഗങ്ങളും അതിജീവനങ്ങളുമൊക്കെ തീര്‍ത്തും ആയാസരഹിതമാക്കാനാവുന്നു. അസ്തിത്വത്തിന്‍റെ ആത്മാവായി നിലനില്‍ക്കാന്‍ ഓരോ വ്യക്തിയുടെയും ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടതും അവന്‍ ദൈവത്തിന്‍റെ ഭൂമിയിലേക്കുള്ള തുടര്‍ച്ചയാണെന്ന് അനുസ്യൂതം മന്ത്രിക്കാന്‍ ദൈവത്തിന്‍റെ സ്വരവും സാന്നിദ്ധ്യവുമായി അവനോടൊപ്പം വളരേണ്ടതുമായ മനസ്സാക്ഷിയെ അവന്‍റെ ഉള്ളില്‍ നിന്നും പുറത്തെടുത്ത് മണ്ണാങ്കട്ടയും മാറാപ്പുമാക്കി മാറ്റിയതാരാണ്, അതു സംഭവിച്ചതെങ്ങനെയാണ്, അതിന്‍റെ പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയുമെങ്ങനെ, അതില്‍ മതത്തിന്‍റെ പങ്കും പങ്കാളിത്തവുമെന്താണ്, ഇതൊക്കെ ഒരു പുരോഹിതവര്‍ഷത്തിന്‍റെ അന്വേഷണത്തിന് അജണ്ടയാക്കുന്നത് ഏറെ അഭികാമ്യവും അനിവാര്യവുമാണെന്നു തോന്നുന്നു.

തന്നെത്തന്നെ വിശ്വസിക്കാന്‍ കഴിയാത്തവന്, മറ്റാരെയും, ദൈവത്തെപ്പോലും, വിശ്വസിക്കാനും വിശ്വസിപ്പിക്കാനുമാവില്ല. സ്വത്വം കവര്‍ച്ചചെയ്യപ്പെട്ട്, സ്വന്തം ആത്മാവില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട ആധുനിക മനുഷ്യന് ദൈവം മാത്രമല്ല സ്വന്തം ജീവിതവും പിടികിട്ടാത്ത സമസ്യയാണ്. സഞ്ചാരപഥങ്ങളൊന്നും വ്യക്തമല്ലാത്ത വിശാലസമുദ്രത്തിലെവിടെയോ കപ്പല്‍ച്ചേതം ചെയ്യപ്പെട്ടവനാണവന്‍. സമുദ്രത്തിന്‍റെ ചുഴികളില്‍ കറങ്ങിത്തിരിയുന്ന ആധുനിക മനുഷ്യന് സമീപസ്ഥനും സഹായിയും പ്രതീക്ഷയുമാകാന്‍ മാത്രം സമുദ്രത്തിന്‍റെ ചുഴികളില്‍ എറിയപ്പെട്ടവനായിരുന്നു,

 

അസ്സീസിയിലെ ഫ്രാന്‍സിസ്. മറ്റാരെയും പോലെ അവനും ആള്‍ക്കൂട്ടത്തിലായിരുന്നു. സക്കേവൂസിനെയും പൗലോസിനെയും പോലെ യേശുവിനാല്‍ ആകര്‍ഷിക്കപ്പെട്ട്, ഫ്രാന്‍സിസും ആള്‍ക്കൂട്ടം മറികടന്ന് മുമ്പേകയറി ഓടിയവനാണ്. ജീവിതായോധനത്തിന് ആള്‍ക്കൂട്ടവും മുഖ്യധാരകളും നിശ്ചയിച്ചുകൊടുത്ത ഭദ്രതകളുടെ അവസാനത്തെ പുറങ്കുപ്പായവും മതത്തെ സാക്ഷിനിറുത്തി ഫ്രാന്‍സിസ് ഉരിഞ്ഞുമാറ്റി. ഭൗമിക പൈതൃകങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി അഴിച്ചെറിഞ്ഞപ്പോള്‍ ഫ്രാന്‍സിസ് തിരിച്ചറിഞ്ഞതും ലോകം കണ്ടതും ഗോതമ്പുമണിയുടെ നിലത്തുവീണുള്ള അഴിയലാണ്. ഉള്ളില്‍ ബന്ധിക്കപ്പെട്ടു കിടന്ന ദൈവികജീവന്‍ സ്വതന്ത്രമാക്കപ്പെട്ട അനുഭവം. സത്യത്തോടു മുഖാമുഖം നില്‍ക്കാന്‍, തന്നെത്തന്നെ അഭിമുഖീകരിക്കാന്‍ മുമ്പൊരിക്കലും സ്വന്തമാകാതിരുന്ന ഒരു ധൈര്യം അവനിലവന്‍ തിരിച്ചറിഞ്ഞു. ക്രൂശിതന്‍ തുറന്നു കൊടുത്ത, അഹത്തോടുള്ള ഏറ്റുമുട്ടലിന്‍റെ ആ സമരമുഖത്തുനിന്നും പിന്നെയാ ജീവിതം പിന്‍വാങ്ങിയിട്ടില്ല.

 

സ്വാതന്ത്ര്യത്തിനും നിര്‍ഭയത്വത്തിനും അന്നുവരെ ആരും കാണിച്ചുകൊടുക്കാത്ത പുതിയ അര്‍ത്ഥവും മാനവും ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു.  മതിമറന്നു ദാരിദ്ര്യത്തെ പുല്‍കുമ്പോഴും മരണത്തെത്തന്നെ മറികടന്ന് കുഷ്ഠരോഗിയെ മാറോടു ചേര്‍ത്തു ചുംബിക്കുമ്പോഴും ഫ്രാന്‍സിസ് തിരിച്ചറിഞ്ഞത് ഏറെ നാളായി സ്വന്തം വ്യക്തിത്വത്തിനുള്ളില്‍ അനുസ്യൂതം അടരാടിക്കൊണ്ടിരുന്ന ധര്‍മ്മയുദ്ധത്തിന്‍റെ നിര്‍ണ്ണായക വിജയമാണ്. തന്‍റെ വ്യക്തിത്വത്തിന്‍റെ ഒരംശത്തിലും എന്തിനെയെങ്കിലും ഭയപ്പെടുന്ന ഒന്നും അവശേഷിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞ നിമിഷം. ഒന്നിന്‍റെ മുമ്പിലും സ്വയം പ്രതിരോധിക്കേണ്ടതില്ലാത്ത നിര്‍ഭയത്വത്തിന്‍റെ തികവ്.

 

ശാക്തീകരണം, ശാക്തീകരണം, ഇതു കാലഘട്ടത്തിന്‍റെ മുറവിളിയാണ്. അതു സംഭവിക്കുക തന്നെ വേണം. പക്ഷെ എവിടെ, എങ്ങനെ, ഏതളവില്‍ ആര്‍ക്കതു നടത്താനാകും. അടിമകളെയും ആശ്രിതരേയും സൃഷ്ടിക്കാതെ, ആത്മവിശ്വാസത്തിന്‍റെ അടിത്തറയിലുറപ്പിക്കപ്പെട്ട പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്ന ചരിത്രം കണ്ട ഏക ശാക്തീകരണപര്‍വ്വം യേശുവിന്‍റെതു മാത്രമാണ്. അവന്‍ ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുകയായിരുന്നു എന്നു പറയുന്നതിനേക്കാള്‍, ഏതൊരുവനും ആവശ്യമായത് അവന്‍റെ സാന്നിദ്ധ്യത്തില്‍, അവരവരുടെ ഉള്ളില്‍ നിന്നുതന്നെ സംഭവിക്കുകയായിരുന്നു എന്നുപറയുന്നതാണ് ശരി. ഭൂമിയില്‍ വിതക്കപ്പെട്ട എത്ര ചെറിയതിനും അഴിയാനും വളരാനും ഫലമണിയാനും ആവശ്യമായ പരിസ്ഥിതിയൊരുക്കാന്‍ പരംപൊരുള്‍ പാകപ്പെടുത്തിയ ശാക്തീകരണപദ്ധതിയാണ് പാരസ്പര്യം എന്നായിരുന്നു യേശുവിലൂടെയുള്ള വെളിപാട്.

 

ശാക്തീകരണം സംഭവിക്കേണ്ടത് ശരീരത്തിനു പുറത്തൊ, പുറത്തുനിന്നൊ അല്ല. അതുള്ളില്‍ നിന്നുതന്നെ നടക്കേണ്ടതാണ്. കാര്യക്ഷമത തെളിയിച്ച മാരകായുധങ്ങളും ശക്തിദുര്‍ഗ്ഗങ്ങളും ആര്‍ക്കും അല്‍പംപോലും നിര്‍ഭയത്വവും ഭദ്രതയും നേടിക്കൊടുക്കുന്നില്ല. നിരായുധന്‍റെ നിര്‍ഭയത്വത്തെ നേരിടാന്‍ ഒരായുധധാരിക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല എന്ന് ചരിത്രം തന്നെ എത്രയോ പ്രാവശ്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ആധുനിക മനുഷ്യന്‍ ഇന്നേറ്റവും കൂടുതല്‍ ഭയപ്പെടുന്നത്, അണുവായുധങ്ങളെയല്ല, ജൈവായുധങ്ങളെയാണ്. കീടങ്ങളുടെ മാരകശേഷിക്കുമുമ്പില്‍ പകച്ചും പതറിയും നില്‍ക്കുന്ന ശാസ്ത്രസാങ്കേതികലോകം.

 

ഒന്നും ഫ്രാന്‍സിസിനെ കൊല്ലില്ല. കാരണം അവന്‍ എല്ലാവര്‍ക്കും സഹോദരനാണ്. പ്രപഞ്ചത്തില്‍ എന്തിനും ഏതിനും അര്‍ഹമായ ഇടം അനുവദിച്ചുകൊടുക്കുന്ന ഔദാര്യമൂര്‍ത്തി എന്നതിനെക്കാള്‍ എല്ലാറ്റിനെയും അനുഗ്രഹിച്ചുണര്‍ത്തുന്ന സൂര്യതേജസ് തന്നെ. എന്തിനും ഏതിനും സൗഖ്യദായക തണല്‍ വിരിക്കുന്ന വടവൃക്ഷം. ഒരു വേടന്‍റെയും അസ്ത്രങ്ങള്‍ എത്താത്ത മരച്ചില്ലയാണ് അവന്‍റെ വിരല്‍ത്തുമ്പെന്ന് ഏതു കുരുവിക്കുഞ്ഞും തിരിച്ചറിയുന്നു. ചിതലരിക്കാത്ത, കള്ളന്‍ മോഷ്ടിക്കാത്ത സമ്പാദ്യങ്ങളുടെ ഉടമ. അവന്‍റെ മനസ്സാക്ഷി സൂക്ഷിക്കാന്‍ അവന്‍ മറ്റാരെയുമനുവദിച്ചില്ല. അതവന്‍ തന്നെ സൂക്ഷിച്ചു. എന്നും കൈയിലെടുത്ത് രാകി, ക്രൂശിതന്‍റെ മൂശയില്‍ മൂര്‍ച്ച കൂട്ടി. ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള ആരെയും എന്തിനെയും സ്വന്തം വിടുപണിക്കായി ഹൈജാക്കു ചെയ്യുന്ന ഒരുപഭോഗ സംസ്കാരത്തിന് ഇനിയും പിടികൊടുക്കാത്ത ഒരു വിശുദ്ധന്‍ എന്ന് പൊതുജനം. ഇടം തേടുന്നവര്‍ക്കിടയനാദമായി കാലം ഫ്രാന്‍സീസിനെ തിരിച്ചറിയുന്നു, ശ്രദ്ധിക്കുന്നു, ശ്രവിക്കുന്നു.

You can share this post!

(ജൂലൈ 28 ലോകപരിസ്ഥിതിസംരക്ഷണദിനം) പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്‍റെ അടിത്തറ

സി. സെലിന്‍ പറമുണ്ടയില്‍ എം. എം.എസ്. (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts