news-details
കാലികം

കേരളത്തിന്‍റെ വര്‍ത്തമാനം

ലോകം ഒറ്റ 'മാര്‍ക്കറ്റാ'യി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ത്വരിതഗതിയിലുള്ള ഈ പരിവര്‍ത്തനങ്ങള്‍ കേരളത്തെ സമഗ്രമായി ഗ്രസിച്ചിരിക്കുന്നു. സാമ്പത്തിക -സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെല്ലാം മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്‍റെ ബഹുമുഖസ്വാധീനതകളുടെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് എളുപ്പത്തില്‍ നിര്‍ണയിക്കാനാവില്ല. എങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ജീവിതത്തിന്‍റെ ഭിന്നതലങ്ങളില്‍ തിരിച്ചറിയാനാവും.

അമേരിക്ക ഒരു പ്രതീകം

'അമേരിക്ക നമ്മുടെ വീട്ടുപടിക്കലെത്തിയിരിക്കുന്നു' എന്നു പറഞ്ഞത് എം. എന്‍. വിജയനാണ്. 'അമേരിക്ക'  എന്നത് ഒരു ജീവിതരീതിയുടെ, സംസ്കാരത്തിന്‍റെ, കാഴ്ചപ്പാടിന്‍റെ പ്രതീകമാണ്. മൂല്യരഹിതമായ ഉപഭോഗത്വരയുടെ, മാത്സര്യത്തിന്‍റെ, ഭൗതിക ജീവിത സമൃദ്ധിയുടെ, ശേഷിയുള്ളതിനെ നിലനിര്‍ത്തുന്ന സംസ്കാരത്തിന്‍റെ സൂചകമാണത്. മലയാളികളും സ്വര്‍ഗത്തെക്കുറിച്ച് സങ്കല്പിക്കുന്നത് 'അമേരിക്കനിസം' എന്ന ജീവിതരീതി നോക്കിയാണ്. അടുത്ത കാലത്ത് ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ സംസ്കാരത്തിന്, ജീവിതരീതിക്ക് വിലയിടിവുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.

എന്തു തിന്നാലും വിശപ്പുതീരാത്തതാണ് ശക്തമായ ഈ ഉപഭോഗസംസ്കാരം. തനതായ എല്ലാറ്റിനെയും ഇത് തിന്നുതീര്‍ക്കുന്നു. ഭാഷ, സംസ്കാരം, കല, സാഹിത്യം, പരിസ്ഥിതി, ഭക്ഷണം, വസ്ത്രം എല്ലാം അങ്ങനെ മാറി മറിയുന്നു. അതിവേഗം കുതിക്കുന്ന ഉപഭോഗസംസ്കാരത്തിന്‍റെ കുത്തൊഴുക്കില്‍ നമ്മുടെ വേരുകള്‍ അറ്റുപോകുന്നു. ആഴത്തില്‍ വേരുകളില്ലാത്ത, വര്‍ത്തമാനകാലം മാത്രം പ്രസക്തമായി കരുതുന്ന, ഉപരിപ്ലവമായ ഒരു 'വസ്തുവായി' മനുഷ്യന്‍ മാറുന്നു. ചരിത്രബോധമോ ഓര്‍മ്മകളോ ഇല്ലാത്ത മനുഷ്യരുടെ കൂട്ടം മാത്രമായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു. മാര്‍ക്കറ്റിന്‍റെ സര്‍വാധിപത്യമാണ് നമ്മെ ഇപ്രകാരം മാറ്റുന്നത്. എന്തും വാങ്ങിക്കൂട്ടുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്ന മിഥ്യാധാരണയാണ് നിലനില്‍ക്കുന്നത്. പണം ആത്യന്തികമൂല്യമാകുമ്പോള്‍ നാം വിലപ്പെട്ടതെന്നു കരുതുന്ന മൂല്യങ്ങള്‍ മാര്‍ക്കറ്റില്‍ വിലയില്ലാത്ത ചരക്കുകളായി നിലംപതിക്കുന്നു. സഹിഷ്ണുത,  ക്ഷമ, അഹിംസ ഇതെല്ലാം ബലഹീനതയായി കാണുന്നു. സമൂഹത്തിന്‍റെ സത്ത ചോര്‍ന്ന് ആള്‍ക്കൂട്ടമായി നാം മാറിക്കൊണ്ടിരിക്കുന്നു. നിറയുന്ന അശാന്തിയാണ് ഇതിന്‍റെ ഫലം. കുടുംബത്തില്‍, സമൂഹത്തില്‍, എല്ലാം ഈ അശാന്തി പ്രതിഫലിക്കുന്നു. പെരുകി വരുന്ന ഹിംസയും അസഹിഷ്ണുതയും അശാന്തിയുടെ ഉപോല്പന്നമാണ്. മൂല്യങ്ങളുടെ ഇലപൊഴിയും കാലത്ത് പൊള്ളയായ ജീവിതത്തിലേക്ക് നാം നിപതിക്കുന്നു.

 

ഇന്ന് ലോകമൊന്നാകുന്നത് ചന്തയിലൂടെയാണ്. വ്യാപകമായ മാര്‍ക്കറ്റ് വത്കരണം എല്ലാ ദര്‍ശനങ്ങളേയും ബാധിച്ചിരിക്കുന്നു. മാര്‍ക്കറ്റില്‍ വിജയിക്കുന്നവനേ സമൂഹത്തില്‍ വിലയുള്ളൂ. മാര്‍ക്കറ്റില്‍ വിജയിക്കാത്ത മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ല. മതവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ഈ പ്രതിസന്ധികളില്‍ നിന്ന് മുക്തമല്ല. തനിമ നഷ്ടപ്പെട്ട മതവും രാഷ്ട്രീയവും സംസ്കാരവും മാര്‍ക്കറ്റിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. അര്‍ത്ഥശൂന്യമായ ആള്‍ക്കൂട്ടമായി മാറുന്ന കൂട്ടായ്മകള്‍ പലപ്പോഴും സംഹാരാത്മകമായ ഊര്‍ജ്ജമാണ് പ്രസരിപ്പിക്കുന്നത്.

 

ആഗോളീകരണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നവര്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ അതിനെ ഏതുതരത്തില്‍ പ്രതിരോധിക്കണമെന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിയുന്നില്ല. ആശയ തലത്തില്‍ എതിര്‍ക്കുന്നവര്‍ തന്നെ ജീവിതത്തില്‍ അതിനെ ആശ്ലേഷിക്കുന്നു. പുതിയ മാര്‍ക്കറ്റ് നല്‍കുന്ന സുഖസൗകര്യങ്ങള്‍ അപ്പാടെ നുകര്‍ന്നുകൊണ്ട് വാക്കുകൊണ്ട് അതിനെ എതിര്‍ക്കുന്നതിലെ കാപട്യം തിരിച്ചറിയണം. സ്വന്തം മണ്ണിനെ, പ്രകൃതിയെ, ആകാശത്തെ തൊടാത്ത ദര്‍ശനങ്ങള്‍ ശൂന്യതയില്‍ തൂങ്ങിക്കിടക്കുക മാത്രമാണ്. ഒരു ചെടി നട്ടിട്ട് എത്രകാലമായി! എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ടതാണ്. ആഗോളീകരണം, അമേരിക്കനൈസേഷന്‍ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനെക്കാള്‍ ചെറിയ പ്രവൃത്തികള്‍ക്ക് വിലയുണ്ട്. 'ഒരു ടണ്‍ തിയറിയെക്കാള്‍ പ്രധാനമാണ് ഒരൗണ്‍സ് പ്രവൃത്തി' എന്ന ആപ്തവാക്യം ഇടയ്ക്കെല്ലാം ഓര്‍ക്കുന്നത് നന്ന്. 'വസ്തുക്കള്‍ പാര്‍ക്കുന്ന' മനസ്സുമായി ജീവിക്കുന്നവര്‍ക്ക് ഒരു പ്രതിലോമശക്തിയെയും ചെറുക്കാന്‍ സാധിക്കില്ല.

 

ഒരു തരത്തില്‍ ആധുനികമാണ് നമ്മുടെ സമൂഹം. ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ഭൗതികമായ ഒരു മാസ്മരികലോകം നമുക്കു മുന്നില്‍ തുറന്നിട്ടു. എന്നാല്‍ മനസ്സുകൊണ്ട് ഏത് പ്രാകൃതത്വത്തെയും വാരിപ്പുണരാന്‍ നാം തയ്യാറാകുന്നു. അത്ഭുതങ്ങളും രോഗശാന്തികളും ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നു. കപടസ്വാമിമാരും സ്വാമിനിമാരും അനുയായികളെ കണ്ടെത്തുന്നു. ഇതെല്ലാം ആഴത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‍റെ രോഗലക്ഷണങ്ങളാണ്. ഈ രോഗലക്ഷണങ്ങളെ ആഗോളീകരണത്തിന്‍റെ ശക്തിയുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ സ്വയം തിരിച്ചറിയാനാവാത്തവിധം നമ്മുടെ വീക്ഷണങ്ങള്‍ കലുഷമാകുന്നു.

 

ശരീര കേന്ദ്രീകൃത സംസ്കാരം

മാര്‍ക്കറ്റുമായി മാത്രം ബന്ധപ്പെട്ട ഉപഭോഗസംസ്കാരത്തില്‍ ശരീരത്തിന്‍റെ ആഘോഷമാണ് നടക്കുന്നത്, 'മനുഷ്യന്‍' എന്നത് ശരീരം മാത്രമാണെന്ന ചിന്തയാണ് മാര്‍ക്കറ്റ് നമുക്കു നല്‍കുന്നത്. പൊള്ളയായ തൊണ്ടുമാത്രമായി മനുഷ്യനെ കാണുന്ന പാര്‍ശ്വ വീക്ഷണത്തിന്‍റെ സംസ്കാരമാണ് ഇന്നിനെ ഭരിക്കുന്നത്. കൗമാരക്കാരില്‍, യുവാക്കളില്‍ മാര്‍ക്കറ്റും മാധ്യമങ്ങളും ഈ സംസ്കാരം കുത്തിനിറയ്ക്കുന്നു.

 

പണം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് മാര്‍ക്കറ്റ്. പണം നേടുന്നവന്‍ വിജയിച്ചവനാകുന്നു. പണമില്ലാത്തവന്‍ പിണമായി മാറുന്നു. മൂല്യരഹിതമായ ആഘോഷം സന്തോഷത്തിന്‍റെ പര്യായമാകുന്നു. പണം നേടുക, ശാരീരികാഘോഷങ്ങളില്‍; മദ്യപാനത്തില്‍ ആണ്ടുമുങ്ങുക. എന്ന ഏകലക്ഷ്യത്തിലേക്കു തിരിഞ്ഞിരിക്കുന്ന സമൂഹം മഹത്തായ പലതിനെയും കൈവിടുന്നു. വിദ്യാഭ്യാസവും മതവും എല്ലാം പുതിയ തലമുറയില്‍ മൂല്യങ്ങള്‍ നിറയ്ക്കുന്നതില്‍ പരാജയപ്പെടുന്നു. വിജയത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങള്‍ പരസ്പരം മാറിമറിയുന്നു. നവോത്ഥാനമൂല്യങ്ങള്‍ കടപുഴകി വീണ കാലത്ത് രാഷ്ട്രീയവും മതവും മൂല്യവ്യവസ്ഥയുമെല്ലാം പിന്നോട്ടു സഞ്ചരിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയൊരു തിരിച്ചറിവിലൂടെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ- ആരോഗ്യത്തിന്‍റെ പുതിയ സംസ്കാരം നാം വളര്‍ത്തിയെടുക്കണം.

 

ആഗോളീകരണത്തിന്‍റെ വേലിയേറ്റത്തെ ചെറുക്കണമെങ്കില്‍ നാം സ്വയം തിരിച്ചറിഞ്ഞേ പറ്റൂ. നമ്മുടെ സംസ്കാരത്തെ, പ്രകൃതിയെ വേരുകളെ കണ്ടെത്താതെ നമുക്ക് ഇച്ഛാശക്തിയുണ്ടാവില്ല. മാര്‍ക്കറ്റിന് നമ്മെ നിയന്ത്രിക്കാന്‍ കഴിയുന്നത് ഇച്ഛാ ശക്തിയില്ലാത്ത സമൂഹമായി നാം മാറുന്നതുകൊണ്ടാണ്. അനാരോഗ്യകരമായ മത്സരം രോഗലക്ഷണമാണ്. 'എനിക്കു ജീവിക്കാനുള്ളത് എന്‍റെ ജീവിതമാണ്' എന്നു തറപ്പിച്ചു പറയാനുള്ള ധൈര്യം കൈവരിക്കുകയാണ് ഇതിനു പരിഹാരം. നമ്മുടെയെല്ലാം ഉള്ളില്‍ വളര്‍ന്നുവരുന്ന 'അമേരിക്കയെ' തിരസ്കരിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഇത് എളുപ്പത്തില്‍ സാധിക്കുന്നതല്ല. എങ്കിലും നമുക്കു നിലനില്‍ക്കണമെങ്കില്‍ അതു ചെയ്തേ പറ്റൂ. ശുഭാപ്തി വിശ്വാസത്തിന്‍റെ പുതിയ ആകാശങ്ങള്‍ നമ്മുടെ കാല്‍ചുവട്ടില്‍ നിന്നുതന്നെ ജ്വലിച്ചുയരട്ടെ. 'അടുക്കളയെ തിരിച്ചുപിടിക്കുക' എന്ന മുദ്രാവാക്യം പോലെ നമ്മുടെ സംസ്കാരത്തെ തിരിച്ചുപിടിക്കുക എന്ന മന്ത്രം എന്നും മനസ്സില്‍ മുഴങ്ങി നില്‍ക്കട്ടെ.

You can share this post!

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്‍ട്ട്

(മൊഴിമാറ്റം: ടോം മാത്യു)
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts