news-details
കാലികം

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്‍ട്ട്

ഗവണ്‍മെന്‍റുകള്‍ക്കുള്ള റിപ്പോര്‍ട്ടിന്‍റെ രത്നചുരുക്കം (9 ആഗസ്റ്റ് 2021)

 

I. കാലാവസ്ഥയുടെ നിലവിലെ സ്ഥിതി


1. കരയിലെയും കടലിലെയും അന്തരീക്ഷത്തെ മനുഷ്യന്‍റെ ഇടപെടലുകള്‍ ചൂടുപിടിപ്പിച്ചുവെന്നത് അസന്ദിഗ്ദ്ധമായ വസ്തുതയാണ്. സമുദ്രത്തിലെയും മഞ്ഞുമൂടിയ മേഖലകളിലെയും (Cryosphere) ജൈവമണ്ഡലത്തിലെയും (Biosphere) അന്തരീക്ഷം വ്യാപകമായി അതിവേഗത്തില്‍ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

2. കാലാവസ്ഥയില്‍ ആകമാനവും അതിന്‍റെ പല ഘടകങ്ങളിലും അടുത്തയിടെയുണ്ടായ മാറ്റങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടോ നൂറ്റാണ്ടുകള്‍കൊണ്ടോ ഉണ്ടായതിലും ഗൗരവതരമാണ്.

3. മനുഷ്യന്‍റെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാവ്യതിയാനം ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ അതിവൃഷ്ടിയും അത്യുഷ്ണവും സൃഷ്ടിച്ചുകഴിഞ്ഞു. ഉഷ്ണക്കാറ്റ്, മേഘവിസ്ഫോടനം, വരള്‍ച്ച, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ എന്നിവയുടെയൊക്കെ രൂക്ഷത വര്‍ദ്ധിച്ചതില്‍ മനുഷ്യ ഇടപെടലിനുള്ള പങ്കിന്‍റെ തെളിവ് ഇതോടകം ലഭ്യമായിട്ടുണ്ട്.

4. ഭൗമാന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവു കൂടിയിരിക്കുന്നു. ഭൂമിയോടടുത്ത അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും അന്തരീക്ഷതാപനിലയും തമ്മിലുള്ള സന്തുലനത്തിനു വര്‍ദ്ധിച്ച തോതില്‍ കോട്ടം തട്ടിയിരിക്കുന്നു.

 

II. കാലാവസ്ഥയുടെ ഭാവി


1. ഈ നൂറ്റാണ്ടിന്‍റെ പകുതിവരെയെങ്കിലും ഭൗമാന്തരീക്ഷത്തില്‍ ചൂടു വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. കാര്‍ബണ്‍ ഡയോക്സൈഡിന്‍റെയും മറ്റു ഹരിതഗൃഹവാതകങ്ങളുടെയും അളവ് അതിഗണ്യമായി കുറച്ചില്ലെങ്കില്‍ ഇപ്പോള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്ക്കുന്ന ആഗോളതാപനം ഈ നൂറ്റാണ്ടില്‍ തന്നെ വര്‍ദ്ധിക്കും.

2. കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങള്‍ ആഗോളതാപനം മൂലമാണെന്നു വ്യക്തമായിക്കഴിഞ്ഞു. അടിക്കടിയുള്ള അതിരൂക്ഷമായ വരള്‍ച്ച, സമുദ്ര ഉഷ്ണതരംഗം, മേഘവിസ്ഫോടനം, കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും കനത്ത ആഘാതമേല്പ്പിക്കുന്ന ജലദൗര്‍ലഭ്യം, ഉഷ്ണമേഖലാ ചുഴലിക്കാറ്റ്, ആര്‍ട്ടിക്ക് കടലിലെ മഞ്ഞുപാളികളുടെ ഉരുകല്‍, ഹിമമേഖലകളിലെ മഞ്ഞുപാളികളുടെ ഉരുകല്‍ എന്നിവയ്ക്കെല്ലാം നേരിട്ടുകാരണം ആഗോളതാപനം തന്നെ.

3. അന്തരീക്ഷത്തിലേക്കു വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വിക്ഷേപിക്കപ്പെടുന്നതുമൂലം കരയിലും കടലിലും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് കുന്നുകൂടുന്നതു  തടയുന്ന കാര്‍ബണ്‍ സിങ്കിന്‍റെ പ്രവര്‍ത്തനം ഫലപ്രദമല്ലാതെ വരുന്നു.

4. ആഗോളതാപനം മൂലം മഴക്കാലത്തിന്‍റെയും ചൂടുകാലത്തിന്‍റെയും പതിവുചിട്ടകള്‍ തെറ്റിയിരിക്കുന്നു.

5. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം മൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകള്‍ മുതല്‍ നൂറ്റാണ്ടുകള്‍ വരെ മാറ്റമില്ലാതെ തുടര്‍ന്നേക്കാം. പ്രത്യേകിച്ചും കടലിലും മഞ്ഞുപാളികളിലും സമുദ്രനിരപ്പിലും ഉണ്ടായ പ്രത്യാഘാതങ്ങള്‍.

 

III. പ്രത്യാഘാതങ്ങള്‍  വിലയിരുത്തുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും വേണ്ടിയുള്ള കാലാവസ്ഥാ വിവരങ്ങള്‍.


1. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന ആഗോളതാപനത്തിനു പ്രാദേശികതലത്തില്‍ പ്രകൃതിസംരക്ഷണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കാണാവുന്നതാണ്. ആഗോളതാപനത്തെ നേരിടുന്നതിനുള്ള പദ്ധതിയുടെ ആസൂത്രണത്തില്‍ പ്രാദേശികതലത്തിലുള്ള പ്രകൃതിസംരക്ഷണ പരിപാടികള്‍ക്കു പ്രാമുഖ്യം നല്കണം.

2. ആഗോളതാപനം വര്‍ദ്ധിക്കുന്നതോടൊപ്പം കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന ഘടകങ്ങളും ആഗോളവ്യാപകമായി മാറ്റത്തിനു വിധേയമാകും. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായിരിക്കുമ്പോള്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന ഘടകങ്ങളില്‍ (പ്രത്യേകിച്ച് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍) ഉണ്ടാകുന്ന മാറ്റത്തേക്കാള്‍ വളരെ വലുതായിരിക്കും ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസിലെത്തുമ്പോള്‍.

3. മഞ്ഞുപാളികളുടെ  കൂട്ടിയിടിക്കല്‍, സമുദ്രപ്രവാഹത്തിലെ മാറ്റങ്ങള്‍, സുനാമിപോലുള്ള അതിതീവ്രദുരന്തങ്ങള്‍ തുടങ്ങിയ അത്യപൂര്‍വ സംഭവങ്ങള്‍ അടിക്കടി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണം.

 

കാലാവസ്ഥ വ്യതിയാനത്തെ ഭാവിയില്‍ പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗം


1. മനുഷ്യന്‍റെ ഇടപെടല്‍ മൂലമുള്ള ആഗോളതാപനം നിയന്ത്രിക്കുന്നതിനു ഭൗതികശാസ്ത്ര കാഴ്പ്പാടില്‍, കാര്‍ബണ്‍ഡയോക്സൈഡിന്‍റെയും മറ്റു ഹരിതഗൃഹവാതകങ്ങളുടെയും ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കണം. മീതേയ്ന്‍ വാതകത്തിന്‍റെ ബഹിര്‍ഗമനത്തോത് അതിവേഗം തുടര്‍ച്ചയായി കുറയ്ക്കുന്നതിന് അതിശക്തമായ ഇടപെടല്‍ നടത്തണം. വായു ശുദ്ധീകരിക്കുന്നതിനും വിഷമഞ്ഞിന്‍റെ അളവു കുറയ്ക്കുന്നതിനും അത് അനിവാര്യമാണ്.

2. കുറഞ്ഞതോ  വളരെ കുറഞ്ഞതോ ആയ അളവിലുള്ള ഹരിതഗൃഹവാതക ബഹിര്‍ഗമനം കൂടിയ അളവിലുള്ളതിനെ അപേക്ഷിച്ച് ഹരിതഗൃഹവാതകങ്ങളുടെയും വിഷമഞ്ഞിന്‍റെയും ഉറഞ്ഞുകൂടലിനും വായുമലിനീകരണത്തിനും ഹ്രസ്വകാലാടിസ്ഥാനത്തില്‍ കാരണമാകുന്നു. പരസ്പരവിരുദ്ധമായ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനു ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും വ്യത്യസ്തമായ കര്‍മ്മപദ്ധതികള്‍ക്കു രൂപം നല്കേണ്ടതുണ്ട്.

You can share this post!

അര്‍ത്ഥം

സഖേര്‍
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts