news-details
കവർ സ്റ്റോറി

പ്രചണ്ഡമാണ് നമ്മുടെ ഈ കാലഘട്ടം. മുന്‍കാലങ്ങളില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള,  ചരിത്രത്തിന്‍റെ പടംപൊഴിക്കലിന്‍റെ സന്ധിയാണിന്ന് എന്നു തോന്നുന്നു. അത് ഒരു ഈറ്റുനോവിന്‍റെ ഘട്ടമാണ്. മൊത്തത്തില്‍ ഒരു കലക്കല്‍ കാണാം. കലക്കല്‍ നല്ലതാണ്. കൂടുതല്‍ തെളിയാനാണ് അത് ഉപകരിക്കുക. ലോകചരിത്രത്തില്‍ത്തന്നെ സമൂഹം ഇത്രകണ്ട് യൗവ്വനഗ്രസ്തമായ ഒരു കാലം ഉണ്ടായിക്കാണില്ല. ഇന്ന് ഇരുപതു വയസ്സിനു താഴെയുള്ളവരാണു മൊത്തം ലോക ജനസംഖ്യയുടെ 33.3%വും. ഇരുപതു മുതല്‍ മുപ്പത്തൊമ്പതുവരെ പ്രായത്തിലുള്ളവര്‍ അടുത്ത 30% -ത്തോളം വരും. അതായത് ലോക ജനസംഖ്യയുടെ 66 ശതമാനവും നല്പതുവയസ്സില്‍ താഴെയുള്ളവരാണ്. ചുരുക്കത്തില്‍, ലോക ജനസംഖ്യയുടെ അമ്പതു ശതമാനത്തോളം 33 വയസ്സില്‍ താഴെയാണ്. ലോകം ഡിജിറ്റലൈസ് ചെയ്യപ്പെട്ടത് വളരെപ്പെട്ടെന്നായിരുന്നു. കോവിഡ് -19 എന്നതിനെ മഹാമാരി എന്നാണെല്ലാവരും വിളിക്കുന്നതെങ്കിലും ആയത് മനുഷ്യകുലത്തിന്‍റെ ചിന്തയിലും സമീപനങ്ങളിലും വരുത്തിക്കഴിഞ്ഞ മാറ്റങ്ങള്‍ ചില്ലറയല്ല. സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കാണ് അത് വഴിമരുന്നിട്ടത്. ലോകത്തിന്‍റെ നിയന്ത്രണം  കൗമാരക്കാരുടെ കൈകളിലെത്തിക്കഴിഞ്ഞു. അതിന്‍റെ നല്ലതും ദുഷിച്ചതുമായ പ്രതിഫലനങ്ങള്‍ എന്നു പറയുന്നതിനു പകരം, നിലനില്ക്കാന്‍ പോകുന്നതും നിലനില്ക്കില്ലാത്തതുമായ പ്രതിഫലനങ്ങള്‍ നാം നമുക്കു ചുറ്റും കാണുകയാണ്. അത് ഇതള്‍ വിടര്‍ത്താന്‍ തുടങ്ങുന്നതേയുള്ളൂ. എല്ലാവരുടെയും നേത്രങ്ങള്‍ക്ക് എത്രകണ്ടത് ഗോചരമാണെന്നറിയില്ല.

 

എന്നാല്‍, മാറുന്ന സാഹചര്യത്തില്‍ കാലുറയ്ക്കാതെ പോകുന്ന തലമുറയാണ് നമുക്കു ചുറ്റുമുള്ള അന്തരീക്ഷത്തെയും പരിസ്ഥിതിയെയും വിഷം നിറഞ്ഞ നോക്കിനാലും വാക്കിനാലും മലീമസമാക്കുന്നത് എന്നതാണ് എന്‍റെ വായന. ലോകത്തിലെ ആക്റ്റിവിസ്റ്റുകളുടെ പ്രായം എത്ര പെട്ടെന്നാണു കുത്തനെ കൂപ്പുകുത്തിയത്! ഗ്രേറ്റ തണ്‍ബര്‍ഗും എമ്മ ഗൊണ്‍സാലസും മാര്‍ളി ഡയസും മെലാത്തി-ഇസബല്‍ സഹോദരിമാരും അങ്ങനെ അങ്ങനെ ആയിരങ്ങളാണ് പുതിയ ടെക്നോളജിയുടെ സഹായത്തോടെ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നത്.

 

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും കമല ഹാരിസിന്‍റെയും ഉദ്ഘാടന ചടങ്ങില്‍ സ്വന്തം കവിത ചൊല്ലാന്‍ വിളി കിട്ടിയ ഇരുപത്തിരണ്ടുകാരിയായ കറുത്തമുത്ത് അമാന്‍ഡാ ഗോര്‍മന്‍ എഴുതി ചൊല്ലിയ 'ദ ഹില്‍ വി ക്ലൈമ്പ്' ലോകത്തെ അമ്പരിപ്പിച്ചു കളഞ്ഞു. 'പ്രഭാതം വരുമ്പോള്‍ ഞങ്ങള്‍ ചോദിക്കുന്നു, ഒരിക്കലും തീരാത്ത ഈ നിഴലിനടിയില്‍നിന്ന് എന്നാണ് ഞങ്ങള്‍ വെളിച്ചം കാണുക എന്ന്' എന്നു തുടങ്ങുന്ന കവിത ഏതാനും വരികള്‍ക്കകത്ത് പറയും 'എങ്കിലും പ്രഭാതം ഞങ്ങളുടേതാണ്' എന്ന് ഏറ്റെടുത്തുകൊണ്ടാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, ആഫ്രിക്കയിലും ഏഷ്യയിലും നമ്മുടെ നാട്ടിലും യുവത വളരുകയാണ്, സ്വന്തം ഭാഗധേയം അടയാളപ്പെടുത്തിക്കൊണ്ട്.

ലോകമെമ്പാടുമുള്ള പുതുതലമുറയുടെ പൊതുവായ ട്രെന്‍റ് നോക്കിയാല്‍, ഭാവി അസ്സീസിയിലെ നിസ്വന്‍റേതായിരിക്കും എന്നാണ് പ്രവചിക്കാന്‍ തോന്നുന്നത്. പുണ്യാളന്‍ എന്നും വിശുദ്ധന്‍ എന്നുമുള്ള വിശേഷണങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കി പറയട്ടെ, സഹോദരന്‍ ഫ്രാന്‍സിസ് ഭൂമിക്ക് നല്കിയ സംഭാവനകള്‍ എന്തായിരുന്നു? ഒറ്റവാക്കില്‍ പറഞ്ഞാല്‍, മാംസമുടുത്ത ദൈവത്തോടുള്ള പെരുത്ത സ്നേഹം. ഇന്‍കാര്‍ണേഷനെ ധ്യാനിക്കാത്ത സമൂഹങ്ങള്‍ക്ക് സഹോദരന്‍ ഫ്രാന്‍സിസ് അന്യനായിത്തന്നെ നിലകൊള്ളും. മാംസമുടുത്ത അഥവാ ഇന്‍കാര്‍ണേറ്റഡ് ആയ ദൈവത്തെ പിന്നീട് നമ്മള്‍ ഒത്തിരിയൊന്നും കണ്ടിട്ടില്ല. കാണിച്ചുകൊടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്കൊന്നും അത് കിട്ടിയിട്ടുമില്ല. എന്നാല്‍, അദ്ദേഹം ഭൂമിക്ക് നല്കിയ മറ്റുചില സംഭാവനകളുണ്ട്. മാംസമുടുത്ത ദൈവത്തോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹപ്രകടനങ്ങളായിരുന്നു അവയെല്ലാമെങ്കിലും, മാനവകുലത്തിന് അവയെല്ലാം നന്നായി ബോധിച്ചു.

അയാള്‍ ചിട്ടപ്പെടുത്തി സംഗീതംനല്കി സ്വശിഷ്യരെ പാടിപ്പഠിപ്പിച്ച ഒരു കീര്‍ത്തനമുണ്ട്. സൂര്യനും ചന്ദ്ര താരങ്ങള്‍ക്കും അഗ്നിക്കും കാറ്റിനും ഋതുക്കള്‍ക്കും ജലത്തിനും ഭൂമിയമ്മക്കും അവയ്ക്കുനടുവില്‍ പൊറുക്കുന്നവനും വിനയാന്വിതനുമായ മാനവനും അവനെ നിത്യതയുടെ തിരത്തടുപ്പിക്കുന്ന മൃത്യുവിനും വേണ്ടി സ്രഷ്ടാവിനു സ്തുതിപാടുന്ന സൃഷ്ടികീര്‍ത്തനം. ഫ്രാന്‍സിസ് സാഹോദര്യത്തിലേക്ക് മാനസാന്തരപ്പെടുംമുമ്പ് കുഷ്ഠരോഗികളെ കാണുന്നത് അയാളില്‍ ഭയവും വെറുപ്പും മനംപുരട്ടലും ഉളവാക്കിയിരുന്നു. തന്‍റെ ഈ ഫോബിയയെ അതിതരണം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് തന്‍റെ മാനസാന്തരം കൊണ്ടാടിയത്. ആദ്യമായി അയാള്‍ സഹോദരനായത് അവര്‍ക്കായിരുന്നു. ആദരവോടെ അവരെ ശുശ്രൂഷിച്ചുകൊണ്ട്. ഉപവാസകാലത്ത് വിശന്ന് രാത്രിയില്‍ വയറിനകം കോച്ചി നിലവിളിച്ചു പോയ സഹോദരനെ കൂട്ടിക്കൊണ്ട് അടുക്കളയില്‍ പോയി, അവിടെ ഉണ്ടായിരുന്നതെന്തോ അതെടുത്ത് സൂപ്പുണ്ടാക്കി അയാളോടൊപ്പം സഹോദരന്‍ ഫ്രാന്‍സിസും കഴിച്ചത് ഓര്‍ക്കുന്നു ഞാന്‍. ബ്രഹ്മചര്യവ്രതത്തില്‍ വഴുതിപ്പോയ വൈദികനെതിരേ അന്നത്തെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടപ്പോള്‍ അദ്ദേഹത്തിനടുത്ത് ചെന്ന് മുട്ടുകുത്തി, അദ്ദേഹം ക്രിസ്തുവിന്‍റെ തിരുശരീരം വാഴ്ത്തി നല്കിയ കരങ്ങളെ ചേര്‍ത്തുപിടിച്ച് ആദരവോടെ ചുംബിച്ചതും ഓര്‍ക്കുന്നു ഞാന്‍. ഈ സാധുക്കളുടെ ആശ്രമത്തില്‍ സഹായം ചോദിച്ചു വന്നു, ഒരിക്കല്‍ ഒരു സാധു. അലസനാണ് അയാള്‍ എന്ന് ആരെങ്കിലും പറഞ്ഞ് ആ ബ്രദര്‍ അറിഞ്ഞിരുന്നിരിക്കണം. അയാള്‍ മദ്യപിക്കാറുണ്ടെന്നും ആരെങ്കിലും പറഞ്ഞ് ഒരുപക്ഷേ, ആ ബ്രദര്‍ അറിഞ്ഞിരിക്കാം. ഏതായാലും ശകാരിച്ച് ആഗതനെ ആ ബ്രദര്‍ ആട്ടിപ്പായിച്ചു. ഇതറിഞ്ഞ സഹോദരന്‍ ഫ്രാന്‍സിസ്, അയാളുടെ വീടന്വേഷിച്ച് പോയി, മുട്ടില്‍ വീണ് അദ്ദേഹത്തോട് ക്ഷമയാചിക്കാന്‍ പറഞ്ഞു, ആ ബ്രദറിനോട്. ഒരാളും അനാദരം അര്‍ഹിക്കുന്നില്ലത്രേ!

ഒരിക്കല്‍ ഒരാള്‍ ഈ സാധു മനുഷ്യരെ അധിക്ഷേപിക്കുന്നതിനായി, തന്‍റെ കഴുതയെ കൊണ്ടുവന്ന് അവരുടെ കുടിലില്‍ കെട്ടിയല്ലോ. ആദരവോടെതന്നെ തന്‍റെ ശിഷ്യരെയും വിളിച്ചുകൊണ്ട് സഹോദരന്‍ ഫ്രാന്‍സിസ് മറ്റൊരു താവളം അന്വേഷിച്ച് പോയതും ഓര്‍ക്കുന്നുണ്ട് ഞാന്‍. കെണിവച്ച് പിടിച്ച ചങ്ങാലി പ്രാക്കളെ വില്ക്കാനായി ചന്തയിലേക്ക് പോകുകയായിരുന്ന ബാലനോട്, അവയെ തനിക്ക് തരാമോ എന്നു ചോദിച്ചുവാങ്ങിയ ശേഷം ആകാശത്തേക്കവയെ പറപ്പിച്ചു വിട്ട ശേഷം ആ ബാലനോട് അദ്ദേഹം പറഞ്ഞത് നീ വളരുമ്പോള്‍ നിനക്കു തരാനായി ഞാനൊരു സമ്മാനം വച്ചിട്ടുണ്ട് എന്നായിരുന്നു. ആ ബാലന്‍ വളര്‍ന്ന് ഫ്രാന്‍സിസ്കന്‍ സന്യാസം സ്വീകരിച്ചുപോല്‍.

 

'ദൈവത്തിന്‍റെ ചെമ്മരിയാട്ടിന്‍കുട്ടി' എന്നാണ് സ്നാപകന്‍ യേശുവിനെ പരിചയപ്പെടുത്തുന്നത്. യോഹന്നാന്‍റെ വെളിപാടിലും അവന്‍ ചെമ്മരിയാട്ടിന്‍കുട്ടിയാണ്. ലോകമെമ്പാടുമുള്ള അള്‍ത്താരകളിലും സക്രാരികളിലും ഈ ആഞ്ഞൂസ് ദേയിയെ കണ്ട് വളര്‍ന്ന ക്രൈസ്തവര്‍ പോലും അമ്പത്താറിഞ്ച് നെഞ്ചളവുള്ള ഇരട്ടച്ചങ്കന്മാരായ സിംഹങ്ങളെ വാഴ്ത്തിപ്പാടുന്ന ഒരു കാലത്ത്, കൊല്ലാന്‍ കൊണ്ടുപോകുന്ന ഒരു ചെമ്മരിയാട്ടിന്‍കുട്ടിയെ കണ്ട് സഹോദരന്‍ ഫ്രാന്‍സിസിന്‍റെ ഹൃദയം നുറുങ്ങി പോല്‍. അദ്ദേഹം പണം നല്കി അതിനെ വാങ്ങി വഴിയില്‍ കണ്ട ഒരു കര്‍ഷകന് വളര്‍ത്താനായി അതിനെ വെറുതേ നല്കിയത്രേ!

 

(തങ്ങള്‍ സംഭരിച്ചു വച്ചതത്രയും മനുഷ്യര്‍ കവര്‍ന്നതിന്‍റെ പേരില്‍) ഒരു പൂവും വിടരില്ലാത്ത മഞ്ഞുകാലത്ത് തേന്‍ തേടിയിറങ്ങുന്ന തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് സഹോദരന്‍ നമ്മോട് പറഞ്ഞു. തേനീച്ചകള്‍ പോലും നൂറാം സങ്കീര്‍ത്തനം മൂളുന്ന ക്രിസ്തുമസ് ദിനത്തില്‍ ചുറ്റുമുള്ള പക്ഷിജാലങ്ങള്‍ക്കായി മുറ്റത്ത് ധാന്യം വിതറണമെന്ന് വിശ്വാസിസമൂഹത്തോട് ആ സഹോദരന്‍ പറഞ്ഞു. വിറകിനായി മരം വെട്ടുമ്പോള്‍ കുറ്റിയടക്കം വെട്ടരുതെന്നും, വേരില്‍ ജീവനുള്ള മരം കുറ്റിയില്‍ നിന്ന് തഴച്ചോളുമെന്നും അദ്ദേഹം തന്‍റെ ശിഷ്യരോട് നിര്‍ദ്ദേശിച്ചു. പൂന്തോട്ടം നട്ടുപിടിപ്പിക്കുമ്പോള്‍ അരികിലായി ഒരു തുണ്ട് ഭൂമി കാട്ടുപുല്ലിന് സ്വാഭാവികമായി വളരാനായി വിട്ടുനല്കണമെന്നും അദ്ദേഹം തന്നെയാണ് നമ്മോട് പറഞ്ഞത്. നടവഴി മുറിച്ചു കടക്കുന്ന പുഴുവിനെ ആദരവോടെ എടുത്ത് അതിനു പോകേണ്ട ദിശയിലെ മരത്തില്‍ എത്തിച്ചു കൊടുത്തിരുന്നു പോല്‍ സഹോദരന്‍ ഫ്രാന്‍സിസ്!

'വാളിനെ വണങ്ങായ്ക വാക്കതില്‍ മീതെയല്ലോ'
എന്ന് ഓ എന്‍ വിക്കും ഏറെ മുമ്പ് അദ്ദേഹം നിനച്ചുവോ?! അലക്ഷ്യമായി നിലത്തെറിയപ്പെട്ട ഏതെങ്കിലും വാക്കുകുറിച്ച കടലാസു തുണ്ട് ആദരവോടെ പെറുക്കിയെടുത്ത് സുരക്ഷിതമായ ഒരിടത്ത് അദ്ദേഹം നിക്ഷേപിക്കുന്നതിന് കാരണമായി പറഞ്ഞതാണ് ഏറ്റവും രസകരം: വാക്കുകള്‍ കൊണ്ടാണത്രേ വിശുദ്ധ ഗ്രന്ഥം എഴുതിയിരിക്കുന്നത്! അതിനാല്‍, ഓരോ വാക്കിനെയും ആദരിക്കുക!

ഗൂബ്ബിയോയിലെ ചെന്നായയുടെ കഥയൊന്നും ഇനിയും പറയേണ്ടതില്ലല്ലോ!

വിശ്വാസം ഒരു ദാനമാണ്. അത് എല്ലാവര്‍ക്കും നല്കപ്പെട്ടിട്ടില്ല. അത് നല്കപ്പെട്ടിട്ടുള്ളവരാകട്ടെ, അതിന്‍റെ അവിഭാജ്യ മറുപുറം തന്നെയായ സാഹോദര്യം മറന്ന് ദൈവത്തെ ഒരു കോമാളിയാക്കിയിരിക്കുന്നു! ഇത്രയും വിഡ്ഢിവേഷം ദൈവം മുമ്പൊരിക്കലും കെട്ടിക്കാണില്ല. അതിനാല്‍, സഹോദരന്‍ ഫ്രാന്‍സിസിന്‍റേതായി ഭൂമിയില്‍ ഇനി അവശേഷിക്കുന്നത് reverence, care, gentleness എന്നീ കേന്ദ്ര മനോഭാവങ്ങളാണ്. എങ്ങനെ വായിച്ചാലും വിട്ടുപോകാത്തവയാണവ - ആദരവ്, കരുതല്‍, സൗമ്യത.

നമ്മുടെ കാലഘട്ടത്തിലെ മാധ്യമങ്ങളെ നോക്കുക. നമ്മളൊക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന സോഷ്യല്‍ മീഡിയയെ നോക്കുക. നിര്‍മ്മിക്കപ്പെടുന്നതോ പങ്കുവയ്ക്കപ്പെടുന്നതോ ആയ ഓരോ വാര്‍ത്തയുടെയും കുറിപ്പിന്‍റെയും വീഡിയോയുടെയും അടിയില്‍ ഓരോരുത്തര്‍ നല്കുന്ന 'സംഭാവന'കള്‍ക്ക് എന്തുമാത്രം ദുർഗന്ധമാണ്. ആദരവ് എന്നത് ഈ ഭൂമുഖത്തേ ഇല്ലെന്നു തോന്നും.

'പകയറ്റ നോട്ടവും
പതിരറ്റ മൊഴികളും
പരുഷതയെ സുസ്നിഗ്ദ്ധ
മാക്കിടും സ്പര്‍ശവും
അപരന്‍റെ ദാഹത്തി-
നെന്‍റേതിനേക്കാളുമധികമാം
കരുതലും കരുണയും
കുടിപാര്‍ക്കുമൊരു വീടെനിക്കുണ്ട് ...'

എന്നുപാടിയ ഒ.എന്‍.വി. ഇന്നില്ലാത്തതെത്ര നന്നായി! കെയര്‍ (care) എന്ന ആംഗലപദത്തിന് ജാഗ്രത, ശ്രദ്ധ, സൂക്ഷ്മത, കരുതല്‍, അവധാനത, താല്പര്യം എന്നെല്ലാം അര്‍ത്ഥമുണ്ടല്ലോ. അവയെല്ലാം ഫ്രാന്‍സിസില്‍ സമൃദ്ധമായുണ്ടായിരുന്നു എന്നോര്‍ക്കുന്നു.

 ഒന്നും തന്‍റേതല്ലെന്നും എല്ലാ നന്മകളും ദൈവത്തില്‍ നിന്നാണ് വരുന്നതെന്നും (1 കോറി. 4. 7) ഒരാള്‍ തിരിച്ചറിയുമ്പോഴാണ് അയാള്‍ വിനയാന്വിതനാകുന്നത്. മറ്റുള്ളവരെയും ഇതര സൃഷ്ടികളെയും ആദരവോടെ കാണാന്‍ ആരംഭിക്കുമ്പോഴാണ്  (ഫിലി. 2. 3) ഒരാള്‍ സൗമ്യനാണെന്നു വരിക. വിനയവും അപര ബഹുമാനവും കൈവരിച്ചൊരാള്‍ സൗമ്യത (gentleness)യിലേക്ക് സ്വാഭാവികമായും വളരും. വിനയം ദൈവത്തോട് നമ്മെ ബന്ധപ്പെടുത്തുമ്പോഴുള്ള മാനസിക ഭാവമാണെങ്കില്‍, സൗമ്യത മറ്റുള്ളവരോടും മറ്റുള്ളവയോടുമുള്ള നമ്മുടെ സമീപനത്തിന്‍റെ ഭാവമാണ് (ഗലാ.5. 23).

വളര്‍ച്ചയെത്തിയവര്‍ അക്കങ്ങളെ ഇഷ്ടപ്പെടുന്നു ... നീ ഒരു പുതിയ കൂട്ടുകാരനെ ഉണ്ടാക്കി എന്ന് നീ അവരോട് പറയുമ്പോള്‍, അവരൊരിക്കലും കാതലായ ചോദ്യങ്ങള്‍ ചോദിക്കില്ല. 'അവന്‍റെ സ്വരം എങ്ങനെയാണ്? ഏതെല്ലാം കളികളാണ് അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്? അവന്‍ ചിത്രശലഭങ്ങളെ ശേഖരിക്കാറുണ്ടോ?' എന്നൊന്നും അവര്‍ ചോദിക്കില്ല. പകരം, 'അവന് എത്ര വയസ്സായി? അവന് എത്ര തൂക്കമുണ്ടാവും? അവന്‍റെ അപ്പന്‍ എത്ര പണമുണ്ടാക്കുന്നുണ്ട്? എന്നെല്ലാമാണ് അവര്‍ക്കറിയേണ്ടത്. ഈ സംഖ്യകളില്‍നിന്നു മാത്രമേ അവനെക്കുറിച്ച് എന്തെങ്കിലും തങ്ങള്‍ക്ക് മനസ്സിലായി എന്ന് അവര്‍ കരുതൂ' എന്ന് കൊച്ചുരാജകുമാരന്‍ പറയുന്നുണ്ട്.

 

ആദരവും കരുതലും സൗമ്യതയുമില്ലാത്തൊരു തലതിരിഞ്ഞ തലമുറയില്‍ നിന്ന് ഇന്നത്തെ ബാല്യകൗമാരങ്ങള്‍ തീര്‍ച്ചയായും അകലം പാലിക്കുന്നതു നോക്കൂ. അവര്‍ 'മുതിര്‍ന്നവരില്‍' നിന്ന് അകലം പാലിക്കുന്നതുതന്നെയാകുമോ നല്ല നാളേക്ക് നല്ലത്?! ഏതായാലും ദൈവത്തെ കോമാളി വേഷം കെട്ടിക്കുന്നവരുടെ, സാഹോദര്യത്തെക്കുറിച്ച് അറിവില്ലാതിരിക്കുന്നവരുടെ, ആദരവും കരുതലും സൗമ്യതയും അയലത്തുകൂടിപ്പോലും പോയിട്ടില്ലാത്തവരുടെ ലോകം അവസാനിക്കാന്‍ ഇനി ഏറെ കാലതാമസമുണ്ടെന്നു തോന്നുന്നില്ല. ഏതായാലും നാളെ ഒരു ലോകമുണ്ടെങ്കില്‍ ഇന്നില്ലാത്തവയേ അവിടെ കാണൂ!

You can share this post!

(ജൂലൈ 28 ലോകപരിസ്ഥിതിസംരക്ഷണദിനം) പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്‍റെ അടിത്തറ

സി. സെലിന്‍ പറമുണ്ടയില്‍ എം. എം.എസ്. (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts