news-details
കവർ സ്റ്റോറി

അങ്ങേയറ്റത്തെ ആശ്ചര്യത്തോടെയല്ലാതെ ഫ്രാന്‍സിസിനെ നോക്കിക്കാണാന്‍ കഴിയില്ല.  ഫ്രാന്‍സിസ്: ബുദ്ധിയുള്ള ഭ്രാന്തന്‍, ജ്ഞാനമുള്ള ഭോഷന്‍, വിനയമുള്ള കലാപകാരി. സ്വതവേ വിശുദ്ധാത്മാക്കളെല്ലാം അല്പം ഉന്മാദികള്‍ ആണ്. എന്നാല്‍ വിശുദ്ധമായ ഉന്മാദത്തിന്‍റെ ഹിമവല്‍ശൃംഗം ഫ്രാന്‍സിസില്‍ നാം ദര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെതന്നെ വാക്കുകളില്‍ 'ഈ ലോകത്തിലെ ഒരു പുതിയതരം വിഡ്ഢിയാകുവാന്‍ ദൈവം എന്നെ വിളിച്ചു.'

ലോകം വിഡ്ഢികളെ എളുപ്പം തിരിച്ചറിയുന്നു, അവഹേളിക്കുന്നു, കല്ലെറിയുന്നു. ഫ്രാന്‍സിസിനും ഇതുതന്നെ ലഭിച്ചു. എന്നാല്‍ പെട്ടെന്ന് ലോകം അദ്ദേഹത്തിന്‍റെ മുന്‍പില്‍ ആദരവോടെ തല കുനിച്ചു. സമാധാനത്തിന്‍റെ ഉപകരണമായും പ്രകൃതിയുടെ മധ്യസ്ഥനായും ക്രിസ്തുവിന്‍റെ ജീവിതത്തെ സ്വന്തം ജീവിതത്തില്‍ അനുകരിച്ചയാളാണ് ഫ്രാന്‍സിസ്. ക്രിസ്ത്യന്‍ വിശുദ്ധരുടെ പേരുകളില്‍, ദേശഭാഷക്കതീതമായി നില്‍ക്കുന്ന പേരാണ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെടുന്നഫ്രാന്‍സിസ്. വാക്കുകള്‍ പറയേണ്ടത് അത്യാവശ്യമുള്ളപ്പോള്‍ മാത്രം എന്നു  ബോധ്യമുണ്ടായിരുന്ന ഫ്രാന്‍സിസ് മലയാളിയുടെ ചര്‍ച്ചയിലും വിരുന്നുമുറിയിലും കേറിക്കൂടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്‍റ്' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ ഒരു തൃശൂര്‍കാരന്‍റെ പേച്ചോടെയും, ഫ്രാൻസിസ് പാപ്പായുടെ വരവോടെ ദരിദ്രന്‍റെ പേച്ചോടെയും വിശുദ്ധന്‍ നമുക്ക് അയല്പക്കത്തെ ഫ്രാന്‍സിസ് ആയി.

 

ബൈബിള്‍, പ്രത്യേകിച്ച് പുതിയനിയമ  സംസ്കാരം രൂപപ്പെടുന്നത്  'ബ്രദര്‍' സങ്കല്പങ്ങളോടെയാണ്. അമ്മയും സഹോദരങ്ങളും പുറത്തു കാത്തുനില്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ ആരാണ് എന്‍റെ അമ്മയും സഹോദരങ്ങളൂം എന്നു ചോദിച്ചുകൊണ്ട് പുതിയൊരു സംസ്കാരത്തിന് യേശു തുടക്കം കുറിച്ചു. തന്‍റെ വചനപാലനം എന്ന നൂലിഴകൊണ്ട് യേശു സാഹോദര്യത്തിനു നവമാലിക കൊരുത്തു. 'സഹോദരന്‍' എന്നാണ് ക്രൈസ്തവര്‍ ആദ്യകാലം മുതല്‍ അഭിസംബോധന ചെയ്തിരുന്നത്. യേശു രൂപപ്പെടുത്തിയ പുതിയ സാഹോദര്യത്തിന്‍റെ ഉടല്‍രൂപമായിരുന്നു ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്‍റെ സാഹോദര്യത്തിന്‍റെ ചുറ്റളവ് ഈ പ്രപഞ്ചത്തോളം വലുതായിരുന്നു. സര്‍വ്വചരാചരവും അദ്ദേഹത്തിനു സഹോദരീസഹോദരന്മാരായിരുന്നു- എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ് എന്ന് സ്കൂള്‍ കുട്ടികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലുന്നപോലെ... സഹോദരന്‍ സൂര്യന്‍, സഹോദരി ചന്ദ്രന്‍, സഹോദരന്‍ ചെന്നായ, എന്തിന്...ആശ്രമത്തില്‍ കയറിയ കള്ളന്‍ പോലും സഹോദരന്‍ കള്ളന്‍ ആയിരുന്നു ഫ്രാന്‍സിസിന്.

 

വായിച്ചറിഞ്ഞ ഒരു സംഭവകഥ ഇങ്ങനെയാണ്. തന്‍റെ മുറ്റത്തെ മരക്കൊമ്പില്‍ വന്നിരിക്കാറുള്ള കിളികളുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍. അവക്കുവേണ്ടി തീറ്റയും വെള്ളവുമൊക്കെയായി അവയുടെ മനസ്സ് ഇളക്കാന്‍ അയാള്‍ ശ്രമിക്കുന്നു. കിളികളിലൊന്നുപോലും അത്  തിരിഞ്ഞുനോക്കിയില്ല. അവയെ നിരീക്ഷിച്ചുകൊണ്ട് അവ പറന്നു പോകുന്ന ദിശ നോക്കി ആ മനുഷ്യന്‍ കിളികളെ പിന്തുടരാന്‍ നിശ്ചയിച്ചു. അവയെ പിന്തുടര്‍ന്ന് എത്തിയ ആ മനുഷ്യന്‍ കണ്ടത് അത്ഭുതകരമായ ഒരു കാഴ്ചയാണ്.  താഴ്വാരത്തിലെ ഒരു മനുഷ്യന്‍റെ ചുറ്റിലും കിളികള്‍ വട്ടമിട്ടു പറക്കുകയും, അദ്ദേഹത്തിന്‍റെ തോളിലും തലയിലും ഒക്കെ കയറി ഇരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, കിളികളോട് അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നു, 'സഹോദരങ്ങളെ' എന്ന് വിളിച്ചുകൊണ്ട് കിളികളെ അഭിസംബോധന ചെയ്യുന്നത് കണ്ട് അയാള്‍ അത്ഭുതപരതന്ത്രനായി. ഇത് ഫ്രാന്‍സിസ് അല്ലാതെ മറ്റാരുമായിരിക്കില്ല എന്ന് അയാള്‍ക്ക് ഉറപ്പായി. ചുറ്റിലും നോക്കിയ അയാള്‍ക്ക് തീര്‍ച്ചയായി ഇത് അസ്സീസി പട്ടണം തന്നെ.

ആ സമയം വളരെ അഴകുള്ള ഒരു കിളി പറന്നുവന്നു ഫ്രാന്‍സിസിന്‍റെ തോളിലിരുന്നു. നവാതിഥിയെ കണ്ട് ഫ്രാന്‍സിസ് അതിനോട് ഊരും പേരും ചോദിച്ചു. കൂട്ടത്തില്‍ ഒരു ചോദ്യം, 'അല്ലയോ പൊന്‍കിളി നീ ആണോ പെണ്ണോ?' മന്ദഹസിച്ചുകൊണ്ട് കിളി ചോദിച്ചു: 'എന്തിനാ, എന്നെ കല്യാണം കഴിക്കാനോ...?' 'അല്ല'  ഫ്രാന്‍സിസ് പറഞ്ഞു, 'നീ എന്‍റെ സഹോദരനോ സഹോദരിയോ എന്നറിയാനാ.'

പ്രിയ കവി ഓ എന്‍ വി കുറുപ്പിന്‍റെ 'കോതമ്പുമണികള്‍' എന്ന കവിതയുടെ അവസാനവരികളില്‍ ഓരോ പുരുഷനിലും പെണ്‍കുട്ടി തിരയുന്ന സഹോദരന്‍റെ കമനീയ ചിത്രം എത്ര ഭംഗിയായിട്ടാണ് കവി വരഞ്ഞിരിക്കുന്നത്! (വരികള്‍ താഴെ കൊടുത്തിരിക്കുന്നു). 

പേരറിയാത്തൊരു പെണ്‍കിടാവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടുന്നു!
.............................................................................
............................................................................
പേടിച്ചരണ്ടനിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?

 

ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനില്ക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ചയില്‍നിന്ന് പുതിയൊരു സാഹോദര്യാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പല്‍ ഇന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്. ഭാരതത്തില്‍  രാഖി കെട്ടുന്ന ആചാരം 'കോതമ്പുമണിക'ളോട് ചേര്‍ത്തു വായിക്കുക. വീട്ടില്‍ ആങ്ങളമാരില്ലാത്ത  പെണ്‍കുട്ടികളും, കൂടെ പഠിക്കുന്ന പെണ്‍കുട്ടികളും ഒക്കെ കാംക്ഷിക്കുന്നത് നല്ല സഹോദരന്മാരെയാണ്. ഒരു വര്‍ണ്ണചരടുകൊണ്ടുപോലും സാഹോദര്യത്തിന്‍റെ ഇഴയടുപ്പങ്ങള്‍ മെനയാന്‍ കഴിയുന്ന ഈ  ഭൂമിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ലാതെയാകുന്ന കാലത്തിലൂടെയാണ് നമ്മള്‍ യാത്ര ചെയ്യുന്നത്. ആസക്തിയുടെയും കലാപത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭൂമികയില്‍ സാഹോദര്യത്തിന്‍റെ പൊന്‍നൂലുകൊണ്ട് കോര്‍ക്കപ്പെട്ട പുതിയൊരു പുലരി സ്വപ്നം കണ്ടുകൊണ്ട്....

 

** ** **
ഞാന്‍ ബദാം മരത്തോട് ചോദിച്ചു: 'സഹോദരീ, ദൈവത്തെക്കുറിച്ച് എന്നോട് പറയാമോ? ബദാം മരം ഉടനെ പൂത്തുലഞ്ഞു. അവളുടെ ചില്ലകളില്‍ പുഷ്പങ്ങള്‍ നിറഞ്ഞു.' ഫ്രാന്‍സിസുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു ഹൈകുവാണിത്. എഴുതിയത് കസാന്‍ദ്സാക്കിസ് 'ദൈവത്തിന്‍റെ നിസ്സ്വന്‍' എന്ന പുസ്തകത്തില്‍.

You can share this post!

അസ്സീസിയിലെ വിശുദ്ധ വികൃതി

റ്റോംസ് ജോസഫ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts