ആകാശം നക്ഷത്രമാലകൊണ്ട് എന്താണീ രാവില്‍ എഴുതുന്നത്? ഇളംപ്രായത്തിലെ ആവൃതി തിരഞ്ഞെടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി അത് വായിച്ചെടുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. നിറമിഴികളോടുകൂടിയാണ് അവള്‍ അതു കണ്ടെത്തിയത്. ആദ്യത്തേത് T എന്നാണ്. അതെന്‍റെ പേരിന്‍റെ ആദ്യാക്ഷരമാണ് - തെരേസ്. ലിസ്യുവിലെ തെരേസയാണത്.
ആകാശമായിരിക്കണം ഒരാള്‍ വായിച്ച ആദ്യത്തെ ധ്യാനപുസ്തകം. നമ്മുടെ കുഞ്ഞുമനസ്സിന്‍റെ സൗന്ദര്യശിക്ഷണങ്ങള്‍ക്ക് വിത്ത് വീണത് മേലെ വാനത്തില്‍ നിന്നാണ്. ഒരു പാലറ്റിലുമില്ലാത്ത ഒട്ടനവധി വര്‍ണ്ണങ്ങള്‍ ഭൂമിയിലുണ്ടെന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തലോടു കൂടിയാണതാരംഭിച്ചത്. ദൈവം ഭൂമിയോട് ഉടമ്പടിയിലായത് അതില്‍ തന്‍റെ വര്‍ണങ്ങളെല്ലാം ചാലിച്ചുചേര്‍ത്താണ് എന്ന നോഹയുടെ കഥ പിന്നീടാണു കേട്ടത്. അന്തിയില്‍ വെള്ളമേഘങ്ങള്‍ കുഞ്ഞാട്ടിന്‍പറ്റങ്ങളായി കൂടണയുന്നതും ഏതോ ഒരിടയന്‍ അവര്‍ക്കു കൂട്ടുപോകുന്നതും വാനമാണ് കാട്ടിത്തന്നത്. രാത്രി വാല്‍നക്ഷത്രങ്ങള്‍ പൂത്തിരിയായി കത്തി. ഭ്രമണപഥങ്ങളില്‍നിന്ന് പുറത്തു കടന്ന ഉല്‍ക്കകള്‍ വീട് വിട്ടവരെപ്പോലെ അതിവേഗം സഞ്ചരിച്ച് എരിഞ്ഞടങ്ങി.
ചന്ദ്രബിംബത്തിലെ മുയലിനെക്കുറിച്ചു പലതരം കഥകള്‍ കേട്ടു. മഴ പെയ്യുമ്പോള്‍ മേഘവിതാനങ്ങള്‍ക്കു മീതെ ആരോ മറച്ചുപിടിച്ച തടാകങ്ങളെ ഓര്‍ത്ത് അത്ഭുതം പൂണ്ടു. തെല്ലു മുതിര്‍ന്നപ്പോള്‍ വിദൂരത്താണെങ്കിലും നമ്മള്‍ ഒരേ ആകാശം കാണുന്നു എന്ന് ദൂരെയുള്ള ഒരാള്‍ക്ക് കത്തെഴുതി. ഇളംഭാവനയെ ആകാശമുണര്‍ത്തിയതുപോലെ മറ്റൊന്നും ഉണര്‍ത്തുന്നില്ല. ഫ്ളാറ്റിലെ കുഞ്ഞുങ്ങളോടുള്ള ഒരേയൊരു സങ്കടം ഇതാണ് ആകാശം കാണുന്നില്ല- അല്ല കാട്ടുന്നില്ല. 'നീ ഒരിക്കലേ നിന്‍റെ ആകാശത്തെ കാണുകയുള്ളൂ, കശാപ്പുശാലയില്‍ വച്ചെന്ന്' അറബി അയാളുടെ ആടിനെ പരിഹസിക്കുകയാണ്.
ടിബറ്റന്‍ ഗുരുപാരമ്പര്യങ്ങളില്‍ ഇപ്പോഴുമവരത് ചെയ്യുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളെ കുന്നിന്‍ചരിവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ആകാശത്തെ നോക്കി കിടക്കാന്‍ അവരോട് അനുശാസിക്കുന്നു. പതുക്കെ പതുക്കെ അവരുടെ ആന്തരികലോകം പ്രഭാപൂരിതമാകുന്നു. തങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ എത്ര ചെറുതാണെന്ന് അവര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നു. സ്വന്തം നിസ്സാരതയും, ആ പരാശക്തിയുടെ അപാരതയും തിരിച്ചറിയുന്നതിനെക്കാള്‍ വലിയ ധ്യാനമെന്തുണ്ട്? സ്വാഭാവികമായി ഈ നീലമേഘങ്ങളെ നോക്കി നോക്കി ഈ കുഞ്ഞമക്കളുടെ ജീവിതത്തിന് ഭാരമില്ലാതെയാകുന്നു. കുഞ്ഞുപ്രാണനെ വലിഞ്ഞുമുറുക്കുന്ന ചരടുകള്‍ താനേ പൊട്ടുന്നതുകൊണ്ടാണത്. മെല്ലെ മെല്ലെ അവരൊരു ചെറിയ മേഘത്തുണ്ടായി മാറുന്നു. ആകാശം ഭൂമിയോട് ജ്ഞാനം മന്ത്രിക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ പാടുന്നത് വെറുതെയല്ല. അതുകൊണ്ട് തന്‍റെ ചുറ്റിനും നില്ക്കുന്നവരോട് നസ്രത്തിലെ ആ പ്രിയപ്പെട്ട തച്ചന്‍ ഇടയ്ക്കിടെ ഇങ്ങനെ ഓര്‍മ്മിപ്പിക്കും- മിഴിയുയര്‍ത്തി നോക്കുക.
അനന്തതയുമായി ബന്ധപ്പെട്ടു ജീവിക്കാനുള്ള ക്ഷണമാണത്. സ്വന്തം കാല്‍പ്പാദങ്ങളിലേക്ക് മാത്രം നോക്കി ലില്ലിപ്പുട്ടിലേതിനെക്കാള്‍ കുറിയ മനുഷ്യരാകുന്നു നമ്മള്‍. ഐവാന്‍ എന്നയൊരാളുടെ കഥ കുഞ്ഞുങ്ങളോട് പറയാറുള്ളതിങ്ങനെയാണ്: നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, സ്കൂളിലേക്കുള്ള വഴിയില്‍വച്ച് ഐവാന്‍ എന്ന നാലാം ക്ലാസ്സുകാരന് ഒരു നാണയം കളഞ്ഞുകിട്ടി. അതോടൂകൂടി അവന് വല്യ സങ്കടമായി. ഇത്രയും കാലം നിലത്തോട്ടു നോക്കാതിരുന്നതിനാല്‍ എത്ര ചെമ്പുനാണയങ്ങളാണ് കാണാതെ പോയത്. മേലില്‍ മുകളിലേക്ക് നോക്കി നടക്കില്ലെന്ന് കുട്ടി തീരുമാനിച്ചു. കളിക്കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു: ഐവാ, ഈ മൈതാനത്തിലേക്ക് വരിക. വൃക്ഷത്തലപ്പുകള്‍ വിളിച്ചു പറഞ്ഞു: ഈ തണലിലേക്ക് വരിക. പള്ളിമണികള്‍ മുഴങ്ങി: ഈ സ്വച്ഛതയിലേക്ക് വരിക. പാടില്ല ഒരു നാണയം തടഞ്ഞാലോ. അങ്ങനെ നിലത്തു മാത്രം നോക്കിയയാള്‍ വൃദ്ധനായി. കൂനുപിടിച്ച ഒരു ശരീരം, അതിനെക്കാള്‍ കൂനുപിടിച്ച മനസ്സ്, പിന്നെ ഒരാക്രിപ്പെട്ടിയും! ഈ കാണുന്നവയ്ക്കപ്പുറം കാഴ്ചകളില്ലെന്നും ഈ കേള്‍ക്കുന്നവയ്ക്കപ്പുറം സംഗീതമില്ലെന്നും കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല ഗുരുമൊഴികളൊന്നും. പുതിയ മനുഷ്യര്‍ക്ക് വേണ്ടിയാണത്. ആരാണ് ഈ പുതിയ മനുഷ്യന്‍? ജീവനില്‍ നിത്യതയുടെ ചില അടയാളങ്ങള്‍ കണ്ടെത്തിയ ഒരാള്‍ തന്നെ.
ചീട്ടു കശക്കി കുത്തിയടുക്കുന്നതുപോലെ അയാളുടെ മൂല്യശ്രേണി ഇനി കീഴ്മേല്‍ മറിയും. അത്തരം ചില വിചാരങ്ങള്‍ എന്‍റെ ജീവിതത്തെ കുറെക്കൂടി ആഴത്തിലേക്കും നിശ്ശബ്ദതയിലേക്കും കൂട്ടിക്കൊണ്ടു പോകും. ഒരു ബുദ്ധഗുരു തന്‍റെ നഗരത്തെ നിശ്ശബ്ദമാക്കിയതുപോലെ. ഒരു പ്രഭാതത്തില്‍ തെരുവില്‍ കണ്ടുമുട്ടിയവരൊടൊക്കെ അയാള്‍ ചോദിച്ചു: എവിടേക്കാണ് പോകുന്നത്. കൃത്യമായ ഉത്തരങ്ങള്‍ അയാള്‍ക്ക് കിട്ടി. പിറ്റേന്നും അയാള്‍ അവിടെത്തന്നെയുണ്ട് അതേ ചോദ്യവുമായി. ഇപ്പോള്‍ നഗരവാസികള്‍ സന്ദേഹികളായി. അടുത്തദിവസവും അയാളത് ആവര്‍ത്തിച്ചു. അതോടുകൂടി ജപ്പാനിലെ തിരക്കുള്ള ഒരു നഗരം നിശ്ശബ്ദമായി. അവരിപ്പോഴും മിണ്ടിത്തുടങ്ങിയിട്ടില്ല. മിഴിയുയര്‍ത്തിയവര്‍ക്കൊക്കെ പൊള്ളയായ ആരവങ്ങളില്‍നിന്ന് അങ്ങനെ മുക്തി കിട്ടുന്നു!
വാനം ദൈവമേഖലയാണ്. അതത്ര യുക്തിഭദ്രമായ വിചാരമായിട്ടൊന്നുമല്ല. എന്നിട്ടും പ്രാര്‍ത്ഥനയുടെ ശരീരഭാഷ ആകാശത്തിലേക്കുയര്‍ത്തിയ മിഴികളും കരങ്ങളുമാണല്ലോ. ക്രിസ്തുവങ്ങനെ നില്‍ക്കുന്നത് കാണുക. നിലനില്‍പ്പിനാവശ്യമായ മന്നയൊക്കെ ആ ആകാശത്തിന്‍റെ കരുണയാണ്. ക്രിസ്തുവിന്‍റെ തന്നെ അധരങ്ങളില്‍നിന്ന് നല്കപ്പെട്ട ഏക പ്രാര്‍ത്ഥന ആരംഭിക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ- ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ പിതാവേ. അതില്‍ അര്‍ത്ഥിക്കുന്ന അന്നന്നുവേണ്ടുന്ന ആഹാരം പഴയനിയമത്തിലെ മന്ന തന്നെയാണ്. ആ വാക്കിന് ഓരോ ദിവസത്തേക്ക് വേണ്ട ജ്ഞാനമെന്നു കൂടി അര്‍ത്ഥമുണ്ട്. ആകാശം ദൈവത്തെ വിശദീകരിക്കാനുതകുന്ന അതീവ ലാവണ്യമുള്ള ഒരു മെറ്റഫര്‍ തന്നെയാവണം. ഭൂമിയിലുള്ള ഏതു ബിംബത്തിനും ആവശ്യത്തിലേറെ പരിമിതികളുണ്ട്. എന്നാല്‍ ആകാശത്തിന് അതിരുകളില്ല. സര്‍വ്വദാ സാന്നിദ്ധ്യമെന്ന ദൈവവിചാരത്തെ ആകാശമോര്‍മ്മിപ്പിക്കുന്നതുപോലെ മറ്റെന്തിനാവും. സമാനതകളില്ലാതെ എന്നെ പൊതിഞ്ഞു നില്ക്കുന്ന അനുഭവം. ഹീബ്രു ബൈബിളില്‍ ദൈവകാരുണ്യത്തിനും ഗര്‍ഭപാത്രത്തിനും ഒരേ പേരാണ്- റഹാമാ.
പ്രാര്‍ത്ഥിച്ചിരുന്നവരെയൊക്കെ ആകാശത്തിന്‍റെ ഒരു തുണ്ട് വന്ന് പൊതിഞ്ഞു നിന്നതായുള്ള അനവധി സാക്ഷ്യപ്പെടുത്തല്‍ വേദത്തിന്‍റെ താളുകളിലുണ്ട്. മോശയോടൊപ്പം അത് സംഭവിക്കുന്നത് നോക്കൂ. സീനായി മലമുകളില്‍, സമാഗമകൂടാരത്തിനു മീതെ, പിന്നെ മരുഭൂമിയുടെ അലച്ചിലുകളിലൊക്കെ ഒരു മേഘം കൂട്ടു വരുന്നു. സോളമന്‍റെ ദേവാലയ പ്രതിഷ്ഠയിലുമതുണ്ട്. പുതിയനിയമത്തില്‍ രൂപാന്തരീകരണമലയിലെത്തിയ ക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും മീതെയത് ആവര്‍ത്തിക്കപ്പെടുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള ക്ഷണമാണ്, ആകാശത്തിന്‍റെ നിശ്ശബ്ദ സുവിശേഷം. കിളികള്‍ കാണുന്ന കിനാവിന്‍റെ പേരാണ് ആകാശം. എത്രമാത്രം ചെറിയ കളങ്ങളിലേക്ക് കുരുങ്ങി എത്ര പരിക്ഷീണിതരായി നമ്മള്‍. പരല്‍മീനുകളെക്കാണാന്‍ മാത്രം ഉയരത്തില്‍ പറക്കുന്ന പക്ഷിക്കൂട്ടങ്ങളില്‍നിന്ന് ഇനി ജോനാഥന്‍ എന്നൊരു കിളി ഉണ്ടാവില്ലെന്നാണോ? കുഞ്ഞുങ്ങളെയൊക്കെ കുറെക്കൂടി സ്വാതന്ത്ര്യത്തില്‍ വളര്‍ത്താന്‍ തയ്യാറാവേണ്ടേ? അവരെ ശരിക്കും ആകാശം കാട്ടി വളര്‍ത്തുക. ഒരതിരുകളിലേക്കും കുരുങ്ങരുതെന്ന് ഓര്‍മ്മിപ്പിക്കുക.
യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ് ആകാശത്തിന്‍റെ മറ്റൊരു ധര്‍മ്മം. എത്രമാത്രം ഹുങ്കുകളിലാണ് ഓരോരുത്തരുടെയും സഞ്ചാരം. അധികം കളിപ്പാട്ടങ്ങളൊന്നും ഇല്ലാത്തൊരു ബാല്യമായിരുന്നു. എന്നാലും ഒരു ചെറിയ ബൈനാക്കുലറിനെയെങ്ങനെ മറക്കാന്‍. കോപ്പര്‍ നിക്കസിന്‍റെ ഭാവത്തോടെ ആകാശത്തെ നോക്കിയിരിക്കുമ്പോളാണ് എത്ര നിസ്സാരമാണീ നരജന്മമെന്ന വിചാരത്തിന്‍റെ വിത്ത് ഉള്ളില്‍ വീഴുന്നത്. നമ്മളൊന്നുമല്ല - നമ്മുടെ ശാഠ്യങ്ങളുമൊന്നുമല്ല. അവനവന്‍ കുറയുന്ന പ്രക്രിയയാണ് ആത്മീയതയെങ്കില്‍ ആകാശമെന്ന ധ്യാനപുസ്തകം നിങ്ങളെയതില്‍ ഇനിയും സഹായിക്കാനിരിക്കുന്നതേയുള്ളൂ.
പിന്നെയും കുറെയധികം പാഠങ്ങള്‍. തെളിഞ്ഞ ആകാശംകൊണ്ട് കുഴഞ്ഞു കലങ്ങിയ നമ്മുടെ അകത്തെ ദൈവം പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. എല്ലാ രാത്രിയിലും നക്ഷത്രങ്ങള്‍ കാണേണ്ടതല്ലേ. എന്നിട്ടും അതങ്ങനെയല്ലാത്തതെന്തുകൊണ്ട്. ഏതൊക്കെയോ കാര്‍മേഘങ്ങള്‍ വന്ന് ആ നക്ഷത്ര കാഴ്ചകളെ മറച്ചുകളഞ്ഞെന്നോര്‍ത്താല്‍ മതി. തെളിഞ്ഞ ആകാശംപോലെ തെളിഞ്ഞ മനസ്സ്. അതില്‍ കവിതയുടെയും ധ്യാനത്തിന്‍റെയും പ്രണയത്തിന്‍റെയും പരസഹസ്രം നക്ഷത്ര ചിരാതുകള്‍... വീണ്ടും പിറവികൊണ്ട് ക്രിസ്തു അര്‍ത്ഥമാക്കുന്നതും അതുതന്നെ - നിഷ്കളങ്കതയുടെ വീണ്ടെടുപ്പ്.
ആകാശത്തെ നോക്കുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്‍റെ ഉപമയാണീ കഥ. ക്രിസ്തു കടന്നുപോകുമ്പോള്‍ അവന്‍റെ വശങ്ങളിലായുയര്‍ന്ന രണ്ടു കുരിശുകള്‍. ഒരാള്‍ ക്രിസ്തുവിനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ രക്ഷപ്പെടുക. എന്നെ രക്ഷപ്പെടാന്‍ അനുവദിക്കുക. അങ്ങനെ രക്ഷപ്പെട്ടിട്ട് അയാള്‍ക്ക് എത്ര ദിവസം കൂടി ഈ വാഴ്വിലുണ്ടായിരിക്കും. അപരന്‍ ദൂരത്ത് നിന്നെന്നോ ക്രിസ്തുവിനെ കേട്ടിട്ടുണ്ട്. അതുകൊണ്ട് അയാള്‍ ആകാശങ്ങളിലേക്ക് മിഴിയുയര്‍ത്തി. അങ്ങനെ അനന്തതയിലേക്ക് ഒരു കിളിവാതില്‍ തുറന്നു കിട്ടി. നിന്‍റെ രാജ്യത്തില്‍ എനിക്ക് ഇടം തരണമേ. മൂന്നുപേരുടെയും ശരീരം നിലത്തിറക്കി കിടത്തി. അതിനിടയില്‍ അയാളില്‍ ജീവന്‍റെ അതിദുര്‍ബലമായ മിടിപ്പുണ്ടെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അവരത് ആരോടും മിണ്ടിയില്ല. അയാളെ സംസ്ക്കരിക്കാമെന്നേറ്റ് താഴ്വാരങ്ങളിലേക്കിറങ്ങി. സ്ത്രീ സഹജമായ കരുതലോടെ ശുശ്രൂഷിച്ചു, സംരക്ഷിച്ചു. അണയാമായിരുന്ന ജീവന്‍റെ നാളത്തെ തിരികെ പിടിച്ചു. മാസങ്ങള്‍ക്കു ശേഷം വീടിന്‍റെ ഇരുട്ടില്‍ നിന്ന് ഒരു ഊന്നുവടിയുടെ സഹായത്തോടെ തെരുവിന്‍റെ ബഹളങ്ങളിലേക്ക് ഇടറയിടറി ഇറങ്ങി. ആരോ വിളിച്ചു പറഞ്ഞു, മരണത്തിനു പോലും വേണ്ടാത്തവന്‍റെ പോക്കു കണ്ടില്ലേ. അവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി. അവന്‍ അവനോടു തന്നെ സംസാരിച്ചു: അവര്‍ വിചാരിക്കുന്നു ഞാന്‍ നടന്നു പോകുന്നത് അവരുടെ ഇടവഴികളിലൂടെയാണെന്ന്. അല്ല; അവനെന്നോട് പറഞ്ഞിട്ടുണ്ട്, അന്നുതൊട്ട് ഞാന്‍ അവനോടൊപ്പം പറുദീസയിലാണെന്ന്. നക്ഷത്രവിളക്കുകള്‍ തെളിഞ്ഞുനില്ക്കുന്ന ആകാശവീഥികളിലൂടെ അവന്‍റെ കൈപിടിച്ചാണല്ലോ അന്നുതൊട്ട് എന്‍റെ സഞ്ചാരം.
ചില മനുഷ്യര്‍ നമ്മളോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മെക്കാള്‍ പരിക്കേറ്റ് ജീവിക്കുന്നുണ്ട്. എങ്കിലും അവര്‍ നമ്മുടെ ലോകത്തിന്‍റെ ഭാഗമല്ല. മറ്റെതോ ലോകത്തിന്‍റെ അവകാശികളും ഉടയവരുമാണവര്‍. കാരണം, അവര്‍ മിഴിയുയര്‍ത്തി നില്ക്കുവാന്‍ ധൈര്യപ്പെട്ട മനുഷ്യരാണ്. ദൈവത്തെപ്പോലെ എല്ലായിടത്തുമുണ്ടായിരിക്കുകയും എന്നാല്‍ എങ്ങുമില്ലാതിരിക്കുകയും ചെയ്യുന്ന ആകാശത്തിന് സ്വസ്തി. വാനമേഘങ്ങളില്‍ അവന്‍ വീണ്ടും വരുമെന്ന പാട്ടുപാടി ഇപ്പോഴും ഭൂതലം മിഴി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. അരവിന്ദന്‍റെ 'ചിദംബര'ത്തിലെ അവസാന ഫ്രെയിം ഓര്‍ക്കുക. ആവശ്യത്തിലേറെ കുറ്റബോധവുമായി അലയുന്നൊരാള്‍. അയാള്‍ ക്ഷേത്രപ്രദക്ഷിണത്തിലാണ്. പുറത്തു കടക്കുമ്പോള്‍ ചെരുപ്പു സൂക്ഷിക്കാന്‍ ഏല്പിച്ച വൃദ്ധയെ കണ്ട് അമ്പരക്കുന്നു. അത് അവള്‍ത്തന്നെയാണ് - അയാളുടെ കുറ്റബോധത്തിന്‍റെ കനല്‍. ക്യാമറ ഉയര്‍ന്നുയര്‍ന്ന് ക്ഷേത്രത്തിന്‍റെ മുകളിലേക്ക് പോയി. ആകാശത്തിന്‍റെ ഒരു കാഴ്ചയില്‍ അവസാനിക്കുന്നു. ജ്ഞാനത്തിന്‍റെ അംബരമാണത്.