കേരളമെന്നു കേട്ടാല്‍ ഞരമ്പുകളിലെ ചോര തിളയ്ക്കണമെന്നു കവി. ചോര തിളയ്ക്കുന്നത് വസ്തുതകള്‍ക്കുപരി ചില വിശ്വാസങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുമ്പോഴാണ്. ഞാന്‍ മാത്രം ശരി എന്നതാണ് ചോരതിളയ്ക്കുന്നതിനുപിന്നിലുള്ള ബോധ്യം. എന്നില്‍ നിന്നു വ്യത്യസ്തമായതെല്ലാം സ്രഷ്ടാവിന്‍റെ ഏതോ കൈപ്പിഴയാണെന്നുള്ളതാണ് അതിന്‍റെ വിശ്വാസം. ഇത്തരത്തിലുള്ള വിശ്വാസവും ബോധ്യവും ഉള്ളപ്പോള്‍ നാമെല്ലാം ഇന്ത്യക്കാര്‍ എന്ന വസ്തുത വിസ്മരിച്ച് തമിഴനെതിരെ കേരളത്തിന്‍റെ ചോര തിളയ്ക്കും. കേരളീയരെല്ലാം മലയാളികളെന്ന യാഥാര്‍ത്ഥ്യം കാറ്റില്‍പ്പറത്തി ഹിന്ദുവിനെതിരെ ക്രിസ്ത്യാനിയുടെ ചോര തിളയ്ക്കും. ക്രിസ്ത്യാനികളെന്ന പൊരുത്തം വെടിഞ്ഞ് ഒരു കുടുംബത്തിനെതിരെ മറ്റൊരു കുടുംബത്തിന്‍റെ ചോര തിളയ്ക്കും. ഒരേ കുടുംബക്കാര്‍ എന്ന വൈകാരിക ബന്ധമുപേക്ഷിച്ച് ജ്യേഷ്ഠനെതിരെ അനിയന്‍റെ ചോര തിളയ്ക്കും. കേരളമെന്നു കേട്ടാല്‍ ചോര തിളയ്ക്കാമെങ്കില്‍, ഞാനെന്നു കേട്ടാലും ചോര തിളയ്ക്കാം. ഞാനല്ലാത്തതും എന്‍റേതല്ലാത്തതുമായ എന്തിനെതിരെയും എനിക്കു വികാരം കൊള്ളാം.
വികാരം കൊള്ളുന്നവന് ശരിതെറ്റുകളെക്കുറിച്ച് നിശിതമായ അന്വേഷണത്തിന്‍റെയാവശ്യമില്ല. ഞാന്‍ മാത്രം ശരിയെങ്കില്‍ പിന്നെയെന്തന്വേഷണം? അവന് ആക്രോശിക്കാനേ അറിയൂ. കേള്‍ക്കേണ്ടത് ഒരാവശ്യമാണെന്നേ അവനു തോന്നുന്നില്ല. ആക്രോശങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാകുമ്പോള്‍ നിശ്ശബ്ദമാക്കപ്പെടുന്നത് സംവാദമാണ്. അമേരിക്കയുടെ കൂടെയല്ലാത്തവന്‍ (അതായത്, എന്നെപ്പോലെ ചിന്തിക്കാത്തവന്‍) അമേരിക്കക്കെതിരാണ് (അതായത്, എനിക്കെതിരാണ്) എന്ന് പണ്ടൊരു അമേരിക്കന്‍ പ്രസിഡന്‍റ് ആക്രോശിച്ചു. തന്‍റെ കൂടെയുള്ളവരെ സംരക്ഷിക്കാന്‍ കോട്ടകള്‍ തീര്‍ത്തു. കൂടെച്ചേരാത്തവര്‍ തിന്മയുടെ അച്ചുതണ്ടാണെന്നു വിധി കല്പിച്ചു. ഇതുപോലെ കേരളത്തിലും കോട്ടകള്‍ ഉയരുകയാണ്: കമ്മ്യൂണിസ്റ്റ് കോട്ട, കോണ്‍ഗ്രസ് കോട്ട, നായര്‍ കോട്ട, നസ്രാണി കോട്ട... കോട്ട കെട്ടി, അതിനകത്തിരുന്നു, ചോര തിളയ്ക്കുകയാണ്. കൊടുക്കാനും വാങ്ങാനും ഒന്നുമില്ല; അറിയാനും അറിയിക്കാനും ഒന്നുമില്ല.
കേരള പരിസരം കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുവാകുന്നില്ലേ? വെല്ലുവിളികളും പോര്‍വിളികളും മുഴക്കുന്ന നേതാക്കന്മാര്‍ ടി. വി. സ്ക്രീനുകളിലെ സാധാരണ കാഴ്ചകളല്ലേ? തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന പരിപാടികളില്‍ ഒരിക്കലെങ്കിലും ആദരവോടും തുറവിയോടും കൂടിയുള്ള സംവാദങ്ങള്‍ കേരളജനതയ്ക്കു കേള്‍ക്കാനായോ? തങ്ങളുടെ ഇത്തിരി വെട്ടത്തിലിരുന്ന് ചില സാര്‍വത്രിക സത്യങ്ങള്‍ മെനയാനും അപരനെക്കുറിച്ച് വിധിതീര്‍പ്പുകള്‍ നടത്താനും നമുക്കിന്ന് എളുപ്പത്തില്‍ കഴിയുന്നു.
കോട്ടകള്‍ക്കപ്പുറത്തെ വിശാലമായ ഭൂമികയെ ഒന്നു കാണുക. അപ്പോള്‍ വൈജാത്യങ്ങള്‍ക്കപ്പുറത്ത് ഒട്ടേറെ സമാനതകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടും. മതവിശ്വാസവും രാഷ്ട്രീയവിശ്വാസവുമൊക്കെ വ്യക്തിയെ സ്വാധീനിക്കുന്നു എന്നത് ശരിതന്നെ. എന്നാല്‍ അവ മാത്രമല്ല വ്യക്തിയെ സ്വാധീനിക്കുന്നത്. ക്രിസ്ത്യാനിയായ മലയാളിക്ക് അതേ വിശ്വാസത്തില്‍പ്പെട്ട ആഫ്രിക്കക്കാരനോടു തോന്നുന്നതിലും എത്രയോ അധികം മനപ്പൊരുത്തം ഹൈന്ദവനായ മലയാളിയോട് അനുഭവപ്പെടും. മതവിശ്വാസം മാത്രമാണ് ഒരുവനെ നിര്‍ണ്ണയിക്കുന്നതെങ്കില്‍ ഈ മനപ്പൊരുത്തം എങ്ങനെ അനുഭവവേദ്യമാകുന്നു? മലപ്പുറത്തും കൊല്ലത്തുമുള്ള രണ്ടു കമ്മ്യൂണിസ്റ്റുകാര്‍ തമ്മിലുള്ള സമാനതകളെക്കാള്‍ എത്രയോ അധികമാണ് മലപ്പുറത്തുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും അവിടുത്തുകാരനായ ഒരു കോണ്‍ഗ്രസുകാരനും തമ്മിലുള്ളത്? ഞാനും നീയും ക്രിസ്തുമതവിശ്വാസികളാണെന്നിരിക്കട്ടെ. പക്ഷേ, ഞാന്‍ ചെങ്ങറ സമരത്തെ അനുകൂലിക്കുന്നവനും നീ എതിര്‍ക്കുന്നവനുമാണെങ്കില്‍, നമുക്കെത്രത്തോളം ഒരുമിച്ചു പോകാനാകും?
ചുരുക്കത്തില്‍, ഒരേ വിശ്വാസ സംഹിത പിന്തുടരുന്നവരില്‍ അനേകം വൈജാത്യങ്ങളുണ്ട്. വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്നവരില്‍ അനേകം സമാനതകളുമുണ്ട്. എങ്കില്‍പ്പിന്നെ മാറാടിന്‍റെ കാര്യത്തിലോ നിലയ്ക്കലിന്‍റെ കാര്യത്തിലോ ചോര തിളയ്ക്കേണ്ടതുണ്ടോ? എത്ര വൈജാത്യങ്ങളുണ്ടായാലും മനുഷ്യനെന്ന സമാനതയെ ആര്‍ക്കു വിസ്മരിക്കാനാകും?
സാമൂതിരി എന്ന ഹിന്ദുരാജാവ് കുഞ്ഞാലി മരയ്ക്കാരെന്ന മുസ്ലീമിനെ സൈന്യാധിപനാക്കിയ നാടാണിത്. പന്തിഭോജനം നടത്തി മതിലുകള്‍ ഇടിച്ചു നിരത്തിയ അയ്യങ്കാളിയുടെ നാടാണിത്. അല്‍ഫോന്‍സാമ്മയും ലക്ഷ്മിക്കുട്ടിയും ഒരുമിച്ചു കളിച്ചുവളര്‍ന്ന നാടാണിത്. കടലുണ്ടിയില്‍ തീവണ്ടിയപകടമുണ്ടായപ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് ആശുപത്രികളുടെ മുമ്പില്‍ രക്തദാനത്തിനു മതരാഷ്ട്രീയഭേദമെന്യേ തടിച്ചുകൂടിയ ജനങ്ങളുടെ നാടാണിത്. അപരന്‍റെ മുമ്പില്‍ നമ്മുടെ ചോര തിളയ്ക്കാതിരിക്കട്ടെ. അണികളുടെ ചോര തിളയ്ക്കണമെന്ന് ആക്രോശിക്കുകയും സ്വയം സുഖശയനം നടത്തുകയും ചെയ്യുന്ന നേതാക്കള്‍ ഈ മണ്ണിന്‍റെ സംസ്കാരത്തെ തച്ചുടയ്ക്കാന്‍ അനുവദിക്കാതിരിക്കുക.