news-details
കഥ

വളരെ പണ്ട് വിശുദ്ധനായ ഒരു മനുഷ്യനുണ്ടായിരുന്നു. ഒരുനാള്‍ അയാള്‍ ദേവാലയത്തിലെ തോട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തി നില്ക്കുകയായിരുന്നു. അപ്പോള്‍, തോട്ടത്തിലെ റോസാച്ചെടികളില്‍ ഒന്നിലിരുന്ന് ഒരു ചെറുകിളി പാടുന്നത് അയാള്‍ കേട്ടു. ആ പാട്ടിനോളം ദിവ്യവും മധുരവുമായി ഒന്നും അയാള്‍ കേട്ടിരുന്നില്ല.

ആ വിശുദ്ധന്‍ ഗാനം ശ്രവിക്കാനായി പ്രാര്‍ത്ഥനയ്ക്കിടയില്‍ സ്വയമറിയാതെ എണീറ്റു. ആ ചെറുകിളിയാവട്ടെ, റോസാച്ചെടിമേലിരുന്ന് അല്പം പാടിയശേഷം കുറച്ചകലെയുള്ള മരത്തിലേക്ക് പറന്നകന്നു.

അയാള്‍ അതിനെ പിന്തുടര്‍ന്നുപോയി. ചെറുകിളി അപ്പോള്‍ മറ്റൊരു മരത്തിലേക്കു പറന്നു പോയി. അവിടെയിരുന്ന് അല്പനേരം പാടി പിന്നീട് മറ്റൊരു മരത്തിലേക്ക്, പിന്നെയും മറ്റൊരു മരത്തിലേക്ക്...

എന്നാല്‍ ആ ചെറുകിളി ദേവാലയത്തില്‍നിന്ന് ബഹുദൂരം അകന്നുപോവുകയും വിശുദ്ധന്‍ എല്ലാം മറന്ന് അതിനെ പിന്തുടര്‍ന്നു പോവുകയും ചെയ്തു. അയാള്‍ ആ പാട്ടിന്‍റെ അലൗകിക സാന്ത്വനത്തില്‍ എല്ലാം മറന്നുപോയിരുന്നു. പക്ഷേ, ഒടുവിലയാള്‍ അതിനെ ഉപേക്ഷിക്കാന്‍തന്നെ തീരുമാനിച്ചു.

പകലറുതിയില്‍ അയാള്‍ ദേവാലയത്തിലേക്കു മടങ്ങി. അവിടെയെത്തുമ്പോള്‍ ഇരുള്‍ മൂടിയിരുന്നു. അയാള്‍ കണ്ടതിലെല്ലാം വല്ലാത്ത മാറ്റം!

അവിടെ കണ്ട മുഖങ്ങളെല്ലാം അപരിചിതങ്ങളായി അയാള്‍ക്കു തോന്നി. മുമ്പൊരിക്കലും കാണാത്തതുപോലെ. വളരെ പരിചിതമായ ദേവാലയ പരിസരങ്ങളെല്ലാം പാടെ മാറിയിരിക്കുന്നു! ചെറുകിളിയുടെ പാട്ടുകേള്‍ക്കുമ്പോള്‍ ഞാന്‍ മുട്ടുകുത്തിയിരുന്ന ആ തോട്ടവും അവിടെയില്ല!

വിശുദ്ധന്‍ അവിടെ കണ്ട കാഴ്ചകളെപ്പറ്റിയെല്ലാം ഓര്‍ത്ത് അമ്പരന്നു നിന്നു. അപ്പോള്‍ പള്ളിക്കകത്തുനിന്നും ഒരു സന്ന്യാസി പുറത്തു വന്നു.

വിശുദ്ധന്‍ ചോദിച്ചു: "സോദരാ, ഇവിടെ രാവിലെ മുതല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായതിന്‍റെ കാരണമെന്താണ്?"

സന്ന്യാസിയാവട്ടെ ആ ചോദ്യം കേട്ട് ആശ്ചര്യപ്പെടുകയാണ്. "രാവിലെ മുതലുണ്ടായ മാറ്റങ്ങള്‍ എന്നതുകൊണ്ട് അങ്ങുദ്ദേശിക്കുന്നതെന്താണ്?"  സന്ന്യാസി ചോദിച്ചു. 'കാരണം, ഇവിടെ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. എല്ലാം മുമ്പുള്ളതുതന്നെയാണ്."

അനന്തരം അയാള്‍ ആരാഞ്ഞു: "സോദരാ ഈ ആശ്ചര്യകരമായ ചോദ്യങ്ങള്‍ അങ്ങ് ഉന്നയിക്കുന്നത് എന്തുകൊണ്ടാണ്? അങ്ങയുടെ പേരെന്താണ്? ഞങ്ങളുടെ സമ്പ്രദായത്തിലാണ് അങ്ങ് വസ്ത്രമണിഞ്ഞിരിക്കുന്നതെങ്കിലും അങ്ങയെ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ."

അപ്പോള്‍ വിശുദ്ധന്‍ തന്‍റെ പേരു പറഞ്ഞു. അന്നുകാലത്ത് ആ ചെറുകിളി റോസാച്ചെടിയിലിരുന്ന് പാടുന്നതിനുമുമ്പ് താന്‍ ഈ പള്ളിയിലുണ്ടായിരുന്നുവെന്നും. ആ സഹോദരസന്ന്യാസിയവാട്ടെ അയാളെ ആകാംക്ഷയോടെ തുറിച്ചുനോക്കുകയും അനന്തരം പള്ളിയില്‍ അയാളുടെ പേരുള്ള ഒരാള്‍ ഇരുന്നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  അവിടം വിട്ടുപോയെന്നും അയാള്‍ക്ക് എന്തുപറ്റിയെന്ന് പിന്നെ അറിഞ്ഞതില്ലെന്നാണ് കേട്ടത് എന്നും പറഞ്ഞു.

അപ്പോള്‍ വിശുദ്ധന്‍ മൊഴിഞ്ഞു: "എന്‍റെ മരണസമയം വന്നെത്തിയിരിക്കുന്നു. സോദരാ, കുമ്പസാരം സ്വീകരിച്ചാലും. എന്തെന്നാല്‍ എന്‍റെ ആത്മാവ് പിരിയുകയാണ്..."
അന്നുരാത്രി ആ മഠത്തിന്‍റെ ഉമ്മറത്ത് കനിവേറിയ ഒരു പുഞ്ചിരിയോടെ അയാള്‍ യാത്ര അവസാനിപ്പിച്ചു...

You can share this post!

ഗുബിയോയിലെ ചെന്നായ

അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts