നീ സാഫോയുടെ 'ഓഡ് ടു അഫ്രഡൈറ്റി' വായിച്ചിട്ടുണ്ടോ?' ഒരു വലിയ കവിള്‍ നിറയെ വിസ്കി വലിച്ചുകുടിച്ചിട്ട് വയലറ്റ് നിറമുള്ള ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ മെല്ലെ ഒപ്പി അവള്‍ എന്നോട് ചോദിച്ചു. അവളുടെ മുടിയിഴകള്‍ അനുസരണമില്ലാതെ മുഖത്തേക്കു പാറിവീണു കൊണ്ടിരുന്നു. ആ പൂച്ചക്കണ്ണുകളില്‍ ചുവപ്പു ഫ്രോക്കിട്ട ഞാന്‍ പ്രതിഫലിച്ചു.
തെംസിന്‍റെ തീരത്തുള്ള ഒരു പബ്ബില്‍ വെളിയിലിട്ടിരിക്കുന്ന തടിമേശക്കിരുവശവും ഇരിക്കുകയായിരുന്നു ഞങ്ങള്‍. വലതുവശത്തുള്ള കസേരകളില്‍ മൂന്നു യുവതികളും രണ്ടു യുവാക്കളും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ടിരിന്നു. അവരുടെ കയ്യില്‍ നുരയുന്ന ഗ്ലാസ്സുകള്‍ വിശ്രമിച്ചു. ഇടതുവശത്ത് അറുപതുവയസ്സോളം തോന്നിക്കുന്ന ഒരാള്‍ നദിയിലേക്ക് ഉറ്റുനോക്കി ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ കാല്‍ക്കീഴിലായി കറുത്ത നിറമുള്ള ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ് തലതാഴ്ത്തി കിടന്നു.
മഞ്ഞുകാലം വസന്തത്തിന് വഴിമാറിയെങ്കിലും നദിയില്‍നിന്നും തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. ആ തണുപ്പിനെ തോല്‍പ്പിക്കാന്‍ വേണ്ടി ഞാന്‍ കയ്യിലിരുന്ന മുള്‍ഡ് വൈന്‍ വേഗം വേഗം മൊത്തിക്കുടിച്ചു. അകത്തു കയറി ഇരിക്കാമെന്ന് അവളോട് പറഞ്ഞാലോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചതാണ്. പക്ഷെ ഈ സായന്തനഭംഗി ആസ്വദിക്കാന്‍ വേണ്ടി ഇവിടെത്തന്നെ വരണമെന്നുള്ളത് അവളുടെ തീരുമാനമായിരുന്നു. അതുകൊണ്ട് അകത്തു കയറി ഇരിക്കാം എന്നവളോട് പറയുന്നത് മോശമാണെന്ന് എനിക്ക് തോന്നി. ഞാന്‍ ജാക്കറ്റിന്‍റെ സിബ്ബ് കുറച്ചു കൂടി വലിച്ചിട്ട് കഴുത്തു മൂടി. സ്കാര്‍ഫ് തലയില്‍ ചുറ്റി.
ബിഗ് ബെന്നില്‍ നിന്നും എട്ടുമണിയായി എന്നറിയിച്ചു കൊണ്ടുള്ള നാദം ഉച്ചത്തില്‍ മുഴങ്ങി. പക്ഷെ നേരം ഇരുട്ടിയിരുന്നില്ല. അപ്പോഴും തെളിഞ്ഞു നിന്ന സൂര്യവെളിച്ചം നാലുമണിയുടെ പ്രതീതി ഉളവാക്കി. സ്വര്‍ണ്ണ വെയില്‍ തട്ടി പാര്‍ലമെന്‍റ് മന്ദിരം തിളങ്ങി. പളുങ്കു മുത്തുകള്‍ പിടിപ്പിച്ച വലിയൊരു ചക്രംപോലെ ലണ്ടന്‍ ഐ മെല്ലെ കറങ്ങിക്കൊണ്ടിരുന്നു. കുറച്ചു ദൂരെ മറ്റു കെട്ടിടങ്ങളെ ഉയരത്തില്‍ തോല്‍പ്പിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഷാര്‍ഡിന്‍റെ ഇളം നീലനിറത്തില്‍ വെയില്‍ സ്വര്‍ണ്ണം പതിച്ചു.
ഞാന്‍ ശ്രദ്ധിച്ചില്ലെന്നു കരുതിയാവണം അവള്‍ വീണ്ടും ചോദിച്ചു
.
'നീ സാഫോയെക്കുറിച്ചു കേട്ടിട്ടുണ്ടോ?'
ഞാന്‍ ഇല്ലെന്നു തലയാട്ടി. അവള്‍ തുടര്‍ന്നു.
'അവരാണ് ലെസ്ബിയന്‍സിന്‍റെ അറിയപ്പെടുന്ന ആദിമാതാവ്. ആ വാക്ക് വന്നത് പോലും അവര്‍ താമസിച്ചിരുന്ന 'ലെസ്ബോസ്' എന്ന ഐലണ്ടിന്‍റെ പേരില്‍ നിന്നുമാണ്. തനിക്ക് ഒരു പെണ്‍കുട്ടിയിലുണ്ടായ പ്രണയത്തെക്കുറിച്ച് പ്രണയ ദേവതയായ അഫ്രഡൈറ്റിക്കെഴുതിയിരിക്കുന്ന സങ്കീര്‍ത്തനമാണ് 'ഓഡ് ടു അഫ്രഡൈറ്റി' ; അതും 600 ബി സിയില്‍. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും അവളുടെ നാട്ടുകാരിയായ എനിക്ക് ഇന്നും ഇതൊരു നാണക്കേടുണ്ടാക്കുന്ന രഹസ്യമാണ്.
'
ഞാന്‍ സാഫോയെ വിഭാവനം ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ കണ്ട അവര്‍ക്ക് അവളുടെ അതേ മുഖച്ഛായ ആയിരുന്നു. തോളൊപ്പം മുറിച്ച മുടിക്ക് പകരം പിന്നിയിട്ട നീണ്ട മുടിയും ജീന്‍സിനും ഷര്‍ട്ടിനും പകരം നീളന്‍ ഉടുപ്പും മാത്രമേ ഞാന്‍ വ്യത്യാസമായി കണ്ടുള്ളൂ. ആ കണ്ണുകളും രഹസ്യങ്ങള്‍ ഉറങ്ങുന്നവയായിരുന്നു.
ഗ്ലാസ്സിലവശേഷിച്ചത് ഒറ്റവലിക്കു കുടിച്ചു തീര്‍ത്തിട്ട് അവള്‍ വീണ്ടും പബ്ബിനുള്ളിലേക്കു കയറിപ്പോയി. ഒരല്‍പ്പം കഴിഞ്ഞ് മറ്റൊരു നിറഗ്ലാസ്സുമായി മടങ്ങി വന്നു. തണുപ്പ് അധികരിച്ചിരുന്നതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുള്‍ഡ് വൈന്‍ കൂടി വാങ്ങിച്ചു. അതിന്‍റെ ചവര്‍പ്പ് കലര്‍ന്ന മധുരവും ചൂടും എനിക്ക് പ്രത്യേക ഉന്മേഷം നല്‍കി. നദിയിലൂടെ പോകുന്ന ഒരു വലിയ ബോട്ട് കണ്ടപ്പോള്‍ എനിക്ക് ടൈറ്റാനിക് ഓര്‍മ്മ വന്നു. ട്യൂബ് സ്റ്റേഷനില്‍ വച്ച് വളരെ യാദൃച്ഛികമെന്ന പോലെ ദിനവും കണ്ടുമുട്ടാറുള്ള ചെറുപ്പക്കാരനെയും അവന്‍റെ കണ്ണുകളിലെ തിളക്കവും ഓര്‍മ്മിച്ചു കൊണ്ട് കണ്ണടച്ച് കൈകള്‍ വിരിച്ചുപിടിച്ച് ഞാന്‍ 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍' പാടിത്തുടങ്ങി. പക്ഷെ അവള്‍ എന്നെ ശ്രദ്ധിക്കാത്തതുപോലെ തുടര്‍ന്നു.
'വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സാഫോ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി എന്നു കേള്‍ക്കുമ്പോള്‍ പലരും മൂക്കത്ത് വിരല്‍വയ്ക്കും. പക്ഷെ അതെന്തുകൊണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടാകുമോ? അവളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കിയിട്ടും നാട്ടുനടപ്പനുസരിച്ച് ഇരട്ടിയിലധികം പ്രായമുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്ത് ഭാരമൊഴിച്ച മാതാപിതാക്കളും എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അതൊക്കെ ഒരു കൗമാരക്കാരിയുടെ ജല്‍പനങ്ങളായിക്കണ്ട് ബലാല്‍സംഗത്തിലൂടെ ശരീരം സ്വന്തമാക്കിയ ഭര്‍ത്താവും അവളോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റു തന്നെയാണ്.
അവള്‍ എന്‍റെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി ഒരു രഹസ്യം പറയുന്നതു പോലെ പറഞ്ഞു.
'പ്രണയം ഗര്‍ഭപാത്രത്തിലുരുവായ ജീവന്‍ പോലെയാണ്.... എന്നെങ്കിലും അതിനു പുറത്തു വന്നേ പറ്റൂ.'
ആ കണ്ണുകളെ നേരിടാനാവാതെ ഞാന്‍ നോട്ടം നദിയിലേക്കാക്കി. ഗ്ലാസ്സിലുള്ളത് പകുതിയോളം ഒറ്റ വലിക്ക് കുടിച്ചിട്ട് അവള്‍ തുടര്‍ന്നു.
'എന്‍റെ അഭിലാഷങ്ങള്‍ ഒരു പുരുഷന്‍റെതാണ്. റോമന്‍ കഥാകാരനായ ഫ്രിഡസ് പറഞ്ഞതെന്താണെന്നറിയാമോ? പ്രോമിത്യുസ് ഒരു പാര്‍ട്ടിയില്‍ നിന്നും കുടിച്ചു ലക്കുകെട്ട് വന്ന ഒരു രാത്രിയില്‍ സൃഷ്ടിച്ചതാണത്രേ ഞങ്ങളെ. ബോധമില്ലാതെ സൃഷ്ടിനടത്തിയപ്പോള്‍ കുറച്ചു പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ജനനേന്ദ്രിയങ്ങള്‍ പരസ്പരം മാറിപ്പോയി.'
ഉറക്കെ പൊട്ടിച്ചിരിച്ചിട്ട് ഒരു കവിള്‍ കൂടി കുടിച്ച് ദുഃഖസ്വരത്തില്‍ അവള്‍ കൂട്ടിച്ചേര്‍ത്തു.
'ഈ പെണ്‍ശരീരം എനിക്കൊട്ടും ചേരാത്ത കുപ്പായമാണ്. പക്ഷെ ഊരിക്കളയാന്‍ പറ്റില്ലല്ലോ!'
ഞാന്‍ എന്ത് പറയണമെന്നറിയാതെ ഇരുന്നു. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ ഒരേ ഓഫീസിലാണ് ജോലി ചെയ്യുന്നത്. കുറെ ദിവസങ്ങളായി അവള്‍ വളരെ വിഷാദമൂകയായിരുന്നു. ഡിപ്രെഷനിലേക്ക് വഴുതി വീഴുകയാണോ എന്ന് സംശയം ജനിപ്പിക്കുമാറായായിരുന്നു അവളുടെ ആ മാറ്റം. ' ഐ ആം സോ ലോണ്‍ലി ...ഐ ഫീല്‍ ലൈക് ക്വിറ്റിങ്' എന്ന് പലതവണ അവള്‍ എന്നോടു പറഞ്ഞു. അവള്‍ക്കൊരു മാറ്റത്തിന് വേണ്ടി ഞാന്‍ മുന്‍കൈ എടുത്ത് ഞങ്ങള്‍ നാലുപേരു കൂടി പ്ലാന്‍ ചെയ്തതാണ് ഈ ഔട്ടിങ്. പക്ഷെ ജെസീക്ക എന്തോ അസൗകര്യമുണ്ടെന്നും വരാന്‍ പറ്റില്ലെന്നും നേരത്തെ അറിയിച്ചു. ജൂലി ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. പക്ഷെ 'മോള്‍ക്ക് വയ്യ, ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയാണ്' എന്നു പറഞ്ഞ് അവള്‍ ടെക്സ്റ്റ് അയച്ചത് കുറച്ചു മുന്‍പാണ്. ഇങ്ങനെയൊരു സാഹചര്യം ഞാന്‍ പ്രതീക്ഷിച്ചതേ അല്ല.
ഗ്ലാസ് കാലിയാക്കി എഴുന്നേറ്റ് വീണ്ടും കൗണ്ടറിലേക്കു പോകാന്‍ തുടങ്ങിയ അവളെ ഞാന്‍ തടഞ്ഞു. എന്‍റെ കൈ തട്ടി മാറ്റിയിട്ട് അവള്‍ വേച്ചു വേച്ച് അകത്തേക്ക് പോയി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒഴിഞ്ഞ കയ്യുമായി തിരിച്ചു വന്നു.
ക്യാബ് വിളിച്ച് നഗരമധ്യത്തില്‍ തന്നെയുള്ള അവളുടെ ഫ്ളാറ്റിലെത്തിയപ്പോഴേക്കും അവള്‍ നല്ല ഉറക്കത്തിലായിരുന്നു. ബാഗും ഷൂസുമെടുത്ത് അവളെയും താങ്ങി ഞാന്‍ ലിഫ്റ്റ് കാത്തു നിന്നു. തോളില്‍ ചുറ്റിയിരുന്ന ആ കൈകള്‍ എന്നില്‍ അസ്വസ്ഥതയുളവാക്കി.
ഫ്ളാറ്റിലെത്തി അവളെ സോഫയിലിരുത്തി ഞാന്‍ പോകാനിറങ്ങി. അപ്പോള്‍ അവള്‍ വേച്ചെഴുന്നേറ്റു കൊണ്ട് ഇടറിയ സ്വരത്തില്‍ പറഞ്ഞു.
'ഈ ഒരൊറ്റ ദിവസമേ ഞാന്‍ തനിച്ചായി
പോകാതിരിക്കാന്‍ ആഗ്രഹിക്കുന്നുള്ളു. ഇന്നാണ് ആ ദിവസം. ദൈവത്തിനു കൈയബദ്ധം പറ്റിയ ദിവസം.'
അവളുടെ ജന്മദിനമാണെന്ന് അറിയാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും ഒരു സമ്മാനം കരുതാമായിരുന്നു.
ഇനിയിപ്പോള്‍ അവള്‍ക്കീ ദിവസം കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം തനിച്ചാക്കാതിരിക്കുക എന്നതാണ്. ഞാന്‍ അന്നവിടെ താമസിക്കാന്‍ തീരുമാനിച്ചു.
സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരുന്ന ഒരു ഒറ്റമുറി ഫ്ളാറ്റ് ആയിരുന്നു അത്. ഡ്രസ്സ് പോലും മാറാതെ അവള്‍ സോഫയില്‍ കിടന്ന് ഉറക്കം തുടര്‍ന്നു.
ഞാന്‍ അവളുടെ മുറിയിലേക്ക് കയറി. കട്ടിലിലുണ്ടായിരുന്ന തുണികളും വൈബ്രേറ്ററും ഒരു അരികിലേക്ക് മാറ്റിവച്ച് അലമാരയില്‍ നിന്നും ഒരു ഷീറ്റെടുത്ത് അതിന്‍റെ മുകളിലൂടെ വിരിച്ച് ഞാനും കിടന്നു. വാതിലിന് സാക്ഷയില്ല എന്നത് ഒരു അരക്ഷിതബോധമായി എന്നെ പൊതിഞ്ഞു.
രാത്രിയിലെപ്പോഴോ അവളുടെ വിരലുകള്‍ എന്‍റെ മുടിയിഴകളെ തഴുകുന്നത് ഞാനറിഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ ഞാനതാസ്വദിച്ചു. പക്ഷെ ആ വിരലുകള്‍ കഴുത്തിലൂടെ ഒഴുകി മാറിലേക്കെത്തിയപ്പോള്‍ കൈകള്‍ തട്ടി മാറ്റിക്കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. വാതില്‍ അപ്പോഴും അടഞ്ഞു കിടന്നിരുന്നു. വാതിലിനപ്പുറം അവള്‍ സുഖമായി ഉറങ്ങുകയായിരുന്നു.
****** ******* ******* ********
ഗ്രീക്കു പുരാണങ്ങളിലെ ദേവകളുടെ വാസസ്ഥലമായ ഒളിംപസ് പര്‍വ്വതത്തെ ഞാന്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. പകുതിയില്‍ മേഘങ്ങള്‍ മറയ്ക്കുന്ന ആ പര്‍വ്വതത്തിന് സ്വര്‍ഗത്തിലേക്ക് തുറക്കുന്ന ഒരു വാതില്‍ ഉണ്ടായിരിക്കാം എന്ന് ഞാന്‍ സംശയിച്ചു. എന്നെങ്കിലും അതിന്‍റെ ഉയരങ്ങളില്‍ കയറി സീയൂസിന്‍റെ സിംഹാസനം തിരഞ്ഞു കണ്ടു പിടിക്കണമെന്ന് എന്‍റെയുള്ളില്‍ അവശേഷിച്ചിരുന്ന കുട്ടിത്തം ആഗ്രഹിച്ചു.
ട്രക്കിങ്ങിനു പോകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തണുപ്പ് എന്‍റെ ആസ്ത്മ വഷളാക്കിയേക്കാം എന്നുള്ളതുകൊണ്ട് ഞങ്ങള്‍ അന്ന് 'എനിപീസ്'
എന്ന വെള്ളച്ചാട്ടം കാണാനാണ് പോയത്. കിളികളുടെ കളകളാരവവും ജലപാതത്തിന്‍റെ ഇരമ്പവും ആസ്വദിച്ച് പര്‍വ്വതത്തിന്‍റെ ഓരം ചേര്‍ന്നുള്ള നടപ്പു വഴിയിലൂടെ ഞങ്ങള്‍ കൈകള്‍ കോര്‍ത്തു പിടിച്ച് നടന്നു.
അവിടെ എത്തിച്ചേര്‍ന്ന എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മഴവില്ലു പൊട്ടിച്ചിതറി തെറിക്കുന്നതുപോലെ പലവര്‍ണ്ണങ്ങളിലുള്ള അനേകായിരം ചിത്രശലഭങ്ങള്‍ അവിടെയെങ്ങും പറന്നു കളിച്ചിരുന്നു. മഞ്ഞയില്‍ കറുത്ത വൃത്തങ്ങളുള്ള വലിയ ചിറകുകളോടു കൂടിയ ഒരു ശലഭം പറന്നുവന്ന് എന്‍റെ തോളിലിരുന്നപ്പോള്‍ ഞാന്‍ അത്ഭുതത്താല്‍ ഒരു സീല്‍ക്കാര ശബ്ദമുണ്ടാക്കി. ആ സീസണില്‍ മാത്രം കാണാന്‍ പറ്റുന്ന പ്രതിഭാസമാണതെന്നും അതുപോലെയുള്ള ഒരുപാടു 'ഫോന'കളുടെയുടെയും 'ഫ്ലോറ'കളുടെയും സങ്കേതമാണാ പര്‍വ്വതം എന്നും അവള്‍ എനിക്കു പറഞ്ഞു തന്നു.
ആ ദൃശ്യത്തിന്‍റെ ഭംഗിയും പ്രകൃതിയുടെ ശബ്ദവും എന്‍റെ മനസ്സിനെ ഒരു പ്രത്യേകമായ ശാന്തതയിലേക്കുയര്‍ത്തി. ഉള്ളില്‍ കനത്തു നിന്ന ഭാരം ഒഴിഞ്ഞ് മനസ്സ് ഒരു അപ്പൂപ്പന്‍താടി പോലെയായി. ഒരു കൊച്ചു കുടിലുണ്ടാക്കി അവിടെ അവളുടെയൊപ്പം എന്നേക്കും താമസിക്കാനായെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. എന്‍റെ ലോകം അവളിലേക്കു മാത്രമായി ഒതുങ്ങിയിരുന്നു. ഹൃദയം അവള്‍ക്കു വേണ്ടി മാത്രം മിടിച്ചു.
എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ മറ്റൊരു വശത്ത് വിദൂരതയിലേക്ക് മിഴിനട്ട് നില്‍ക്കുകയായിരുന്നു. ഞാന്‍ മെല്ലെ അടുത്തു ചെന്ന് ഇരുതോളിലൂടെയും കയ്യിട്ട് മുഖം കവിളോട് ചേര്‍ത്തു പിടിച്ചു കൊണ്ട് 'ഐ ലവ് യു ടു ദി മൂണ്‍' എന്ന് കാതരമായി കാതില്‍ മൊഴിഞ്ഞു. സാധാരണ ചെയ്യാറുള്ളതുപോലെ എന്നെ കൂടുതല്‍ ചേര്‍ത്തു പിടിച്ച് 'ഐ ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന് പറയുമെന്നും ചുണ്ടുകളില്‍ ചുംബിക്കുമെന്നും ഞാന്‍ കരുതി. പക്ഷെ അത് ശ്രദ്ധിക്കാത്ത രീതിയില്‍, വൈകിട്ട് ഒരു സ്ഥലംവരെ പോകണമെന്നു പറയുകയാണ് അവള്‍ ചെയ്തത്. എനിക്കു വിഷമവും നിരാശയും തോന്നി. പക്ഷേ അത് പുറത്തു കാണിക്കാതെ ഞാന്‍ സമ്മതം മൂളി.
ഒളിംപസ് പര്‍വ്വതത്തിന്‍റെ അടിവാരത്തുള്ള കൊച്ചുപട്ടണമായ 'ലിറ്റോക്കോറോ'യിലുള്ള ഒരു ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്നത്. അവിടെനിന്നും തൊണ്ണൂറു കിലോമീറ്റര്‍ അകലെയുള്ള 'തെസ്സലോനിക്കി' എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു. യാത്രയിലുടനീളം ഞങ്ങള്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. അവള്‍ എന്തൊക്കെയോ ഗഹനമായ ചിന്തകളിലായിരുന്നു. അതെന്നെ അസ്വസ്ഥയാക്കിയെങ്കിലും അവളുടെ സ്വകാര്യതയിലേക്കു കടന്നു കയറേണ്ട എന്ന് കരുതി ഞാന്‍ ഒന്നും ചോദിച്ചില്ല.
നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഒരു വീടിനു മുന്‍പില്‍ കാര്‍ നിന്നു. പണം കൊടുത്ത് കാര്‍ മടക്കി അയച്ചിട്ട് അവള്‍ കാളിങ് ബെല്‍ അടിച്ചു. തുറക്കാന്‍ താമസിച്ചപ്പോള്‍ അക്ഷമയായി വീണ്ടും വീണ്ടും വിരലമര്‍ത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ നരച്ചു തുടങ്ങിയ ഒരു മധ്യവയസ്ക്കന്‍ വന്നു വാതില്‍ തുറന്നു. അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവള്‍ മുകളിലെ നിലയിലേക്ക് കയറിപ്പോയി. ഞാനെന്നൊരാള്‍ കൂടെയുണ്ടെന്നത് അവള്‍ മറന്നു പോയതുപോലെ തോന്നി.
ഒരു പരിചയവുമില്ലാത്ത അയാളുടെ മുന്‍പില്‍ ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. മുഖത്ത് ഒരു കൃത്രിമച്ചിരിയോടെ അയാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒരു പഴയ വീടായിരുന്നു അത്. പഴമയെ പ്രൗഢമാക്കുന്ന രീതിയില്‍ അത് മനോഹരമായി അലങ്കരിച്ചിരുന്നു. കാപ്പിപ്പൊടിയുടെ നിറമുള്ള സോഫയില്‍ പാല്‍പ്പാട നിറത്തിലുള്ള കുഷ്യന്‍സ്; ഇരുവശത്തേക്കും കെട്ടിവച്ചിരിക്കുന്ന, വെള്ള നൂലിനാല്‍ ചിത്രപ്പണി ചെയ്ത തവിട്ടുനിറമുള്ള കര്‍ട്ടനുകള്‍; അതിനടിയില്‍ കാറ്റിലിളകുന്ന വെള്ള നെറ്റ്; മങ്ങിയ വെളിച്ചമുള്ള ചെറിയ വൈദ്യുതദീപങ്ങള്‍ ഘടിപ്പിച്ച സീലിങ്; നടുക്കായി നക്ഷത്രശോഭ ചൊരിയുന്ന ഒരു വലിയ തൂക്കുവിളക്ക്. തുറന്നിട്ട ജാലകത്തിലൂടെ ഒഴുകിയെത്തിയ ഇളംകാറ്റില്‍ അതിന്‍റെ വെളിച്ചക്കുഞ്ഞുങ്ങള്‍ നിറം മങ്ങിയ ചുമരിലൂടെ ഓടിക്കളിച്ചു.
അവയെ പിന്തുടര്‍ന്ന എന്‍റെ കണ്ണുകള്‍ ഭിത്തിയില്‍ തറച്ചിരുന്ന ഒരു ചിത്രത്തിലുടക്കി. അതൊരു വിവാഹ ഫോട്ടോ ആയിരുന്നു. അതില്‍ സ്യൂട്ടിട്ട് മനോഹരമായി ചിരിച്ചുകൊണ്ട് നിന്ന ചെറുപ്പക്കാരന്‍ അയാളായിരുന്നു. വെളുത്ത ഗൗണില്‍ കനത്ത മുഖവുമായി നിന്നത് അവളും. ഞാന്‍ അവിശ്വാസത്തോടെ അതിലേക്കു തുറിച്ചു നോക്കി. പിന്നെ അയാളെയും.
അന്തിച്ചു നില്‍ക്കുന്ന എന്നെ നോക്കി വിഷാദഗ്രസ്തമായ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു.
'നാളെ ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. എല്ലാവര്‍ഷവും നിന്നെപ്പോലെ സുന്ദരികളായ ഓരോ പെണ്‍കുട്ടികളുമായി അവളിടെ വരും. മോള്‍ക്ക് സുഹൃത്ത് എന്നും എനിക്ക് പാര്‍ട്ണര്‍ എന്നും പരിചയപ്പെടുത്തും. അതാണ് എനിക്കുള്ള വിവാഹവാര്‍ഷിക സമ്മാനം.'
അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അത് കേള്‍ക്കാതിരിക്കാനായി ഞാന്‍ കാതുകള്‍ പൊത്തിപ്പിടിച്ചു. പിന്നെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.