news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഒരു വസ്തുവിനു ഉപയോഗമൂല്യവും വിപണനമൂല്യവുമുണ്ടെന്നുള്ളത് ലളിതമായ സാമ്പത്തികശാസ്ത്ര തത്ത്വമാണ്. വായു ഉപയോഗിക്കാതെ മനുഷ്യനു ജീവിക്കുക അസാധ്യമായതിനാല്‍ അതിന്‍റെ ഉപയോഗമൂല്യം അപരിമിതമാണ്. ഒരു വസ്തു വില്‍ക്കപ്പെടുമ്പോള്‍ ലഭിക്കുന്ന പണമാണ് അതിന്‍റെ വിപണന മൂല്യം. ഒരു വസ്തു സുലഭമാണെങ്കില്‍ അതിനു വിപണനമൂല്യം കുറഞ്ഞിരിക്കും. അതുകൊണ്ടാണ് ഉപയോഗമൂല്യം ഉയര്‍ന്നതെങ്കിലും സുലഭമായതുകൊണ്ട് വായുവിനു വിപണനമൂല്യമില്ലാത്തതും, ഉപയോഗമൂല്യം കാര്യമായിട്ടില്ലെങ്കിലും ദുര്‍ലഭമായതുകൊണ്ട് സ്വര്‍ണ്ണത്തിനു വലിയ വിപണനമൂല്യമുള്ളതും. അതായത്, ചരക്കിന്‍റെ ദൗര്‍ലഭ്യം അതിന്‍റെ വിപണനമൂല്യം ഉയര്‍ത്തുന്നു. ചരക്കിന്‍റെ വിപണനമൂല്യം ഉയര്‍ത്തുന്ന മറ്റൊരു ഘടകം അതു വാങ്ങിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ്. 'ഇതു കൂടാതെ എനിക്കു ജീവിക്കാനാവില്ല' എന്നൊരാള്‍ ഒരു വസ്തുവിനെക്കുറിച്ചു കരുതിയാല്‍ എന്തു വില കൊടുത്തും അയാള്‍ അതു വാങ്ങിയിരിക്കും. ആസക്തികള്‍ വളര്‍ത്തുകയെന്നതാണല്ലോ പരസ്യങ്ങളുടെ ധര്‍മ്മം. അതില്‍ അവര്‍ വിജയിക്കുന്നതുകൊണ്ടാണ് ഒരു ചാക്ക് അരിയെക്കാള്‍ ഒരു ജോഡി ഷൂസിനു വിലയേറിയിരിക്കുന്നത്.

ചുരുക്കത്തില്‍, വസ്തുക്കളുടെ വിപണനമൂല്യം ഉയര്‍ത്തുന്നത് അവയുടെ ദൗര്‍ലഭ്യവും ഉപഭോഗാസക്തിയും ആണ്. വിപണിയെ സ്വാധീനിക്കുന്നത് ഉയര്‍ന്ന വിപണനമൂല്യമുള്ള വസ്തുക്കളാണ്. അതുകൊണ്ട് വിപണിയിലധിഷ്ഠിതമായ ലോകസാമ്പത്തിക ക്രമത്തിനു മുമ്പോട്ടു പോകണമെങ്കില്‍ ഉപഭോഗിക്കുന്നവരുടെ ആസക്തികളും ഉപഭോഗവസ്തുക്കളുടെ ദൗര്‍ലഭ്യവും ഏറിക്കൊണ്ടേയിരിക്കണം. ദുര്‍ലഭമല്ലാത്തതും അതുകൊണ്ട് വാങ്ങിക്കാനാളില്ലാത്തതുമായ വസ്തുക്കള്‍ വിപണിയെ സ്വാധീനിക്കുന്നതേയില്ല. അതുകൊണ്ടാണ് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയുടെ പിതാമഹനായ ആഡംസ്മിത്തിന്‍റെ രചനകളിലൊന്നും വെള്ളം, വായു തുടങ്ങിയവ പരിഗണിക്കപ്പെടാത്തത്. 1991 ല്‍ പോലും പ്രശസ്തമായ 'സയന്‍സ്' മാസിക എഴുതി: "ധഅമേരിക്കയിലെപ മൊത്ത ദേശീയോല്‍പാദനത്തിന്‍റെ മൂന്നുശതമാനം മാത്രമേ കൃഷിയില്‍നിന്നു ലഭിക്കുന്നുള്ളു. കാലാവസ്ഥയിലെ മാറ്റംകൊണ്ട് കാര്‍ഷികോല്‍പാദനം പകുതികണ്ട് കുറഞ്ഞാലും മൊത്ത ദേശീയ വരുമാനത്തിന്‍റെ ഒന്നരശതമാനമേ കുറയുന്നുള്ളു." അതായത്, വിപണിയുടെ വികാസത്തിനു വിപണനമൂല്യമില്ലാത്ത മണ്ണിനും വായുവിനും വെള്ളത്തിനും കാര്യമായ ഒരു പങ്കുമില്ല. അതുകൊണ്ട് പാടം നികത്തി നമുക്കു ചെരുപ്പു കമ്പനി തുടങ്ങാം. അന്തരീക്ഷം പൊടിപടലം കൊണ്ടു നിറയ്ക്കുന്ന ഖനനത്തിലൂടെ മലകള്‍ തുരന്നു സ്വര്‍ണ്ണം വലിച്ചുപുറത്തിടാം. നദികള്‍ അഴുക്കുചാലുകളാക്കി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാം.

മുന്‍പറഞ്ഞ പ്രക്രിയയ്ക്കു നാം കൊടുത്തിരിക്കുന്ന പേരാണ് ഉല്‍പാദനം. ഇല്ലാതിരുന്ന എന്തോ ഒന്നു പുതുതായി നിര്‍മ്മിക്കപ്പെടുന്നു എന്ന് ഈ പദം നമ്മെ ധരിപ്പിക്കുന്നു. ഉണ്ടായിരുന്ന പലതും എന്നന്നേയ്ക്കുമായി ഇല്ലാതാക്കപ്പെടുന്നു എന്ന വസ്തുത  ഈ പദം നമ്മെ  ഒട്ടു ധരിപ്പിക്കുന്നില്ലതാനും. സകല ജീവജാലങ്ങളുടെയും പൊതുമുതലായിരുന്ന വെള്ളവും വായുവും മണ്ണും മലിനപ്പെടുത്തി, മലിനപ്പെടുത്തി ചരക്കുകള്‍ ഉല്‍പാദിപ്പിച്ച്, ഉല്‍പാദിപ്പിച്ച് വലിയ ലാഭം കുറച്ചു കൈകളിലാക്കുന്ന പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ ഉല്‍പാദനം. ഈ ഉല്‍പാദനരീതി മൂലം പണ്ടു സുലഭമായിരുന്ന  വെള്ളവും മണ്ണും ഇന്നു ദുര്‍ലഭമായിരിക്കുന്നു. അങ്ങനെ അവയ്ക്കും വിപണനമൂല്യമേറി. വിപണിയില്‍ പുതിയ രണ്ടു ചരക്കുകള്‍ കൂടിയെത്തി. ആരുമൂലം വെള്ളവും മണ്ണും ദുര്‍ലഭമായോ അവര്‍ തന്നെ അവ വിറ്റ് കൂടുതല്‍ കൂടുതല്‍ ലാഭംകൊയ്യുന്നു. അതെ, വിപണി വളരുകയാണ്. ഒപ്പം കുറച്ചു മനുഷ്യര്‍ വിജയിക്കുകയുമാണ്. അവര്‍ മണിക്കൂറില്‍ 3400 ലിറ്റര്‍ ഇന്ധനം കത്തിച്ചുകളയുന്ന വാലി പവര്‍ 118 എന്ന ക്രീഡാനൗകയില്‍ സാഗരസഞ്ചാരം നടത്തി തങ്ങളുടെ വിജയം ആഘോഷിക്കുന്നു.
 നാലായിരം ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ മണ്ണില്‍ മനുഷ്യന്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര ലക്ഷം വര്‍ഷമേ ആയിട്ടുള്ളു. ഓരോ പേജിലും നാല്പതു വരികളുള്ള ആയിരം പേജുള്ള ഒരു പുസ്തകത്തില്‍ ഈ മണ്ണിന്‍റെ ചരിത്രമെഴുതിയാല്‍, മനുഷ്യന്‍റെ ചരിത്രം ആയിരത്താമത്തെ പേജിന്‍റെ അവസാനത്തെ രണ്ടു വരികളോളമേ വരൂ. എന്നിട്ടും ഈ മനുഷ്യനാണ് താനാണു സൃഷ്ടിയുടെ മകുടമെന്നും തനിക്കുവേണ്ടിയാണ് മുഴുവന്‍ പ്രപഞ്ചവുമെന്നൊക്കെ വിചാരിച്ചുവശായിരിക്കുന്നത്. അവന്‍ വിജയിക്കുമ്പോള്‍ പ്രകൃതി മുഴുവന്‍ പരാജയപ്പെടുകയാണ്. തവളകളും പറവകളും മണ്ണിരകളും അപ്രത്യക്ഷമാവുകയാണ്. സമുദ്രങ്ങള്‍ സകലതും നക്കിത്തുടച്ചുനീക്കാന്‍ കാത്തുനില്‍ക്കുകയാണ്.

മനുഷ്യന്‍ മറന്നുപോയത് പ്രകൃതി വെറും വിപണിയല്ല എന്ന സത്യമാണ്. വിപണി നിയമങ്ങളല്ല പ്രകൃതിനിയമങ്ങള്‍. അതുകൊണ്ടാണ് സാമ്പത്തിക നിയമങ്ങള്‍ക്കനുസരിച്ച് വിപണി വിജയിക്കുമ്പോഴും ഭൂമി പരാജയപ്പെടുന്നത്. ഒപ്പം സകല ജീവിതങ്ങളും പരാജയപ്പെടുന്നത്. 'അവസാനത്തെ മത്സ്യത്തെയും പിടിച്ചു വിറ്റതിനുശേഷം, അവസാനത്തെ മരവും വെട്ടിയെടുത്തതിനുശേഷം, അവസാനത്തെ നദിയും വിഷലിപ്തമാക്കിയതിനു ശേഷം -അതിനുശേഷം മാത്രം- പണം തിന്നാനാകില്ലെന്നു മനുഷ്യന്‍ തിരിച്ചറിയും' എന്ന് ഒരു സുഹൃത്ത് അയച്ച ഇ-മെയില്‍ സന്ദേശം. നമ്മുടെ വിജയങ്ങള്‍തന്നെ അവസാനം നമ്മെ പരാജയപ്പെടുത്തുമോ ? എല്ലാ കായ്കനികളും തല്ലിക്കൊഴിക്കരുതെന്നും കാവുകളുടെ മുമ്പില്‍ കൈകൂപ്പണമെന്നും നദികളെ ദേവതകളായി ആദരിക്കണമെന്നും പറഞ്ഞ ആത്മീയതകളിലേക്കും ഗോത്രപാഠങ്ങളിലേക്കും തിരിച്ചു പോകാതെ മനുഷ്യനു മുമ്പോട്ടു പോകാനാകുമോ

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts