അശരണരുടെ സുവിശേഷം
പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് ഫ്രാന്‍സിസ് നൊറോണ. കഥകളിലൂടെ മനുഷ്യജീവിതത്തിന്‍റെ സവിശേഷമുഖങ്ങള്‍ ആവിഷ്കരിച്ച അദ്ദേഹത്തിന്‍റെ നോവലാണ് 'അശരണരുടെ സുവിശേഷം'. കടപ്പുറത്തിന്‍റെ കഥയാണ് ഈ നോവലില്‍ സൂക്ഷ്മമായി ആവിഷ്കരിക്കുന്നത്. ഒരു ജനസമൂഹത്തിന്‍റെ കഥ പറയുമ്പോഴും ചരിത്രത്തെ കൂടെ കൂട്ടാന്‍ നോവലിസ്റ്റിനു കഴിയുന്നു. "ഫ്രാന്‍സിസ് നൊറോണ ഒരു പുതിയ ദേശത്തിലേക്കും അതിന്‍റെ ചരിത്രത്തിലേക്കും അതിന്‍റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പുനല്കുകയും ചെയ്യുന്നു" എന്നാണ് ബെന്യാമിന്‍ കുറിക്കുന്നത്. ഒരു കടപ്പുറത്തിന്‍റെ കഥ പറയുന്നതിലൂടെ എല്ലാ കടപ്പുറങ്ങളുടെയും കഥ പറയുകയാണ് നോവലിസ്റ്റ്.
അശരണരായ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം വിശ്വാസത്തിലേക്കും ക്രിസ്തുവിലേക്കും മതത്തിലേക്കുമെല്ലാം നോവലിസ്റ്റിന്‍റെ നോട്ടമെത്തുന്നു. ഫാ. റൈനോള്‍ഡ്സിന്‍റെ ജീവിതം നമ്മുടെ മതവിശ്വാസത്തെയും ആത്മീയതയെയും വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നു. അദ്ദേഹം നടത്തുന്ന അനാഥാലയവും അവിടുത്തെ അന്തേവാസികളുടെ പട്ടിണിയും വേദനയുമെല്ലാം നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നു. "പട്ടിണി ഒറ്റപ്പെടുത്തിയവന്‍റെ അനാഥത്വംപോലെ കടല്‍ കറുത്തിളകുന്നതും" ഞാന്‍ കാണുന്നു. "കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നത് അപ്പനില്ലാതെ പോകുന്നതിനാലാണെന്ന വാക്ക് ഹൃദയത്തില്‍ എഴുത്താണികൊണ്ട് വരഞ്ഞതുപോലെ" അനുഭവപ്പെട്ട റൈനോള്‍ഡ്സ് അനാഥക്കുട്ടികളുടെ അപ്പനാകാന്‍ ശ്രമിക്കുന്നു. ആ പരിശ്രമങ്ങളില്‍ അനുഭവിക്കുന്നതെല്ലാം അദ്ദേഹത്തെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുന്നു. "ബൈബിള്‍ മുഴുവന്‍ ഉപ്പു നിറഞ്ഞ കടലാണ്. യേശു നടന്നതും കടലിനു മീതേ. കടലിലെ നൂറ്റമ്പതില്‍പ്പരം മീനുകളെക്കുറിച്ച് ഈശോ ഉപമയില്‍ പറയുന്നുണ്ട്. ഞങ്ങള്‍ സിറിയന്‍ പട്ടക്കാരുടെ കുപ്പായത്തിനു പിറകിലുമുണ്ട് അഞ്ചപ്പത്തിന്‍റെയും മീനിന്‍റെയും പടം. എന്തിന് തോമാശ്ലീഹാപോലും മീന്‍പിടിക്കുന്നവനായിരുന്നു. എന്നിട്ടും മീന്‍ പിടിക്കുന്നവരോട് അകലം" എന്ന പരാമര്‍ശനം പല വിതാനങ്ങളില്‍ പരിശോധിക്കേണ്ടതാണ്.
'പൊടിപിടിച്ചു കിടക്കുന്നതിനൊക്കെ തിളക്കമുള്ള ഒരു പൂര്‍വ്വകഥ പറയാനുണ്ടാകും. നാം അതിന്‍റെ അരികില്‍ മനസ്സുതുറന്ന് ഒന്നു നിന്നാല്‍ മതി" എന്നതാണ് യാഥാര്‍ത്ഥ്യം. മനസ്സുതുറന്നുള്ള കാഴ്ചകള്‍ക്കാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ചിലതെല്ലാം മനസ്സുതുറന്നു കാണാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിശപ്പിലെ ദൈവശാസ്ത്രം നാം പരിചയിച്ച ദൈവശാസ്ത്രമല്ല എന്ന് റൈനോള്‍ഡ്സച്ചന്‍ മനസ്സിലാക്കിയിട്ടുണ്ട്. 'നാലഞ്ചുദിവസം തിന്നാതിരുന്നിട്ട് തിന്നാ നെഞ്ച് പറിയണ വേദനയാ' എന്ന ദാസന്‍റെ വാക്കുകള്‍ അദ്ദേഹം ഇടയ്ക്കിടെ ഓര്‍ക്കും. അനാഥാലയത്തിലെ കുട്ടികളുടെ വിശപ്പാണ് അച്ചനെ ഏറ്റവും അലട്ടിയ പ്രശ്നം. വിശപ്പിനു മുന്നില്‍ എല്ലാ ദൈവസങ്കല്പവും വിശ്വാസാവിഷ്കാരങ്ങളും തകിടം മറിയുന്നു. "ഉള്ളതീന്ന് പകുത്തുകൊടുക്കുമ്പോഴുള്ള സന്തോഷം മനുഷ്യന്‍ അനുഭവിക്കാനല്ലേ ഈ ദാരിദ്ര്യം" എന്ന ചിന്ത ഇതിനോടൊപ്പം വായിക്കാം. എല്ലാവരും പങ്കുവയ്ക്കാന്‍ തയ്യാറായാല്‍ ലോകത്ത് വിശപ്പുണ്ടാവില്ല. ചിലര്‍ സമ്പത്തു കൂട്ടിവയ്ക്കുന്നതാണ്, അസമത്വമാണ് ലോകത്തില്‍ വിശപ്പു നിറയ്ക്കുന്നത്.
ജീവിതം പോലെതന്നെയാണ് പൗരോഹിത്യത്തിന്‍റെ ഭിന്നമുഖങ്ങള്‍. പല വഴികളിലൂടെയാണ് അവരുടെ സഞ്ചാരം. "രൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിയാല്‍ വീണ്ടും അതില്‍ നിന്നും മാറി വേറൊന്നിലേക്ക് പോകാന്‍ ഓരോന്നും കൊതിച്ചുകൊണ്ടിരിക്കും. മനുഷ്യമനസ്സിലാണ് ഈ രൂപമാറ്റങ്ങള്‍ അനുനിമിഷം നടക്കുന്നത്." ഈ മാറ്റങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തെ മാറ്റുന്നു. ചില യാത്രകള്‍ ആത്മീയമാകുന്നത് നാമിവിടെ തിരിച്ചറിയുന്നു. "ലക്ഷ്യത്തിലെത്തുംവരെ നിതാന്തജാഗ്രതയോടെ ഓടുക. ഓടിക്കൊണ്ടേയിരിക്കുക" എന്നതാണ് മനുഷ്യന്‍റെ നിയോഗം. എല്ലാ യുക്തികള്‍ക്കും മേലേയാണ് വിശ്വാസവും ദൈവപരിപാലനവുമെന്ന് പഠിപ്പിച്ചവന്‍റെ സ്നേഹം നിറയുന്ന തത്ത്വശാസ്ത്രങ്ങളാണ് റൈനോള്‍ഡ്സ് പിന്‍തുടരാനാഗ്രഹിച്ചത്. "നാമിന്ന് ആഘോഷപൂര്‍വ്വം കൊണ്ടുനടക്കുന്ന ആരാധനകളും ജപങ്ങളും വിശക്കുന്നവന്‍റെ മുന്നില്‍ ഉപയോഗശൂന്യമായ അധരവ്യായാമമാണ്' എന്നു തിരിച്ചറിഞ്ഞവന് സഞ്ചരിക്കാനുള്ളത് വ്യത്യസ്തമായ പാതയാണ്. ആരെയാണ് തന്നോട് ചേര്‍ത്തുനിര്‍ത്തേണ്ടതെന്ന് അപ്പോള്‍ സന്ദേഹമുണ്ടാകില്ല. "സെമിനാരിയില്‍ നിന്ന് ലാറ്റിനും സുറിയാനിയും പഠിച്ചിറങ്ങിയ നമ്മള്‍ പഠിക്കാന്‍ മറന്നുപോയ ഒരു ഭാഷയുണ്ട്. അതു മനുഷ്യരുടെ നിസ്സഹായതയുടെ ഭാഷയാണ്. അതു പഠിക്കാതെ എങ്ങനെയാണ് നിലത്തുവീണ് അഴുകുന്ന ഗോതമ്പുമണികളായി നമ്മള്‍ മാറുക" എന്ന ചോദ്യം അപ്പോള്‍ പ്രസക്തമാകുന്നു.
"നഷ്ടപ്പെടുന്ന സ്നേഹത്തിനു പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല" എന്ന സത്യമാണ് അനാഥര്‍ക്കിടയിലെ ജീവിതത്തില്‍ നിന്ന് റൈനോള്‍ഡ്സച്ചന്‍ പഠിച്ചത്. ആ നഷ്ടം ഓരോ വ്യക്തിയെയും അപൂര്‍ണനാക്കും. അവിടെയാണ് തന്‍റെ ദൗത്യമെന്തെന്ന് അദ്ദേഹം നിരീക്ഷിച്ചറിയുന്നത്. ഈ തിരിച്ചറിവ് ഒരു ദൈവവിളിയായി അദ്ദേഹം സ്വീകരിക്കുന്നു. അവസാനം വരെ അദ്ദേഹം ആ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതം നോവലില്‍ പ്രകാശഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്നു.
പതുപതുത്ത പൂക്കളെ ചവിട്ടാന്‍ മടിച്ച് എപ്പോഴും വഴി മാറി നടക്കുന്ന അനാഥരുടെ ആ പുരോഹിതന്‍ എപ്പോഴും ഒറ്റയ്ക്കായിരുന്നു. ഈ ഒറ്റപ്പെടല്‍ ക്രിസ്തുവും അനുഭവിച്ചതാണ്. വിശ്വാസികളുടെ ആള്‍ക്കൂട്ടം എന്താണ് സൃഷ്ടിക്കുന്നതെന്ന ആലോചന ഉചിതമാണ്. "ലോകത്തില്‍ ഒരുപാട് നീതിയുണ്ട്; ഉള്ളവന്‍റെ, ഇല്ലാത്തവന്‍റെ, പക്ഷേ, ഏറ്റവും മികച്ചത് ക്രിസ്തുനീതിയാണ് എന്ന സത്യമാണ് നോവലിസ്റ്റ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ ഏതു നീതിയോടൊപ്പമാണ് നാം നിലകൊള്ളുന്നത് എന്നതാണ് കാതലായ പ്രശ്നം. പടുത്തയര്‍ത്തപ്പെടുന്ന കുംഭഗോപുരങ്ങള്‍ ഈ നീതിയില്‍ നിന്നെത്ര അകലെയാണെന്നും നാം അറിയുന്നു. "വിശക്കുന്നവന് അപ്പവും വിറയ്ക്കുന്നവന് പുതപ്പുമാണ് ദൈവം. അത് അപഹരിക്കുന്നവന്‍ സാത്താനാണ്" എന്നു പറയുമ്പോള്‍ നമ്മുടെ ദൈവശാസ്ത്രസങ്കല്പനങ്ങളെയും വിശ്വാസാചാരരീതികളെയും വിമര്‍ശബുദ്ധിയോടെ കാണണമെന്നു തന്നെയാണ് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത്. (അശരണരുടെ സുവിശേഷം, ഫ്രാന്‍സിസ് നൊറോണ, ഡി. സി. ബുക്സ്).
സ്മൃതിപഥദീപ്തി
ചില ഗ്രന്ഥങ്ങള്‍ വായിക്കാനുള്ളതാണ്, ചിലതാകട്ടെ അനുഭവിക്കാനുള്ളതും. അനുഭവിക്കുന്ന പുസ്തകമാണ് നമ്മെ ആന്തരപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത്. നമ്മുടെ ചിന്തയില്‍, പ്രവൃത്തിയില്‍ അത്തരം ഗ്രന്ഥങ്ങള്‍ പ്രകാശം നിറയ്ക്കും. ഓരോ ചുവടുവയ്പിലും നമ്മുടെ ജീവിതത്തെ കൂടുതല്‍ അനുഭവിച്ചറിയാന്‍ അതു സഹായിക്കും. നാം കാണുന്ന ഓരോ കാഴ്ചയിലും ജീവിതത്തിന്‍റെ അഗാധമായ പൊരുളിനെ അത് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ബിജു മഠത്തിക്കുന്നേലിന്‍റെ 'സ്മൃതിപഥദീപ്തി' എന്ന ഗ്രന്ഥം അനുഭവിക്കേണ്ട ഗ്രന്ഥമാണ്. ബിജു മഠത്തിക്കുന്നേലിന്‍റെ ആന്തരയാത്രയാണ് ഈ പുസ്തകം. തന്‍റെ ജീവിതത്തില്‍ നിന്ന് വഴുതിപ്പോയ പ്രിയപ്പെട്ടവരെ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മരണമെന്ന സത്യത്തിനു മുന്നില്‍ എത്തിനില്‍ക്കുമ്പോഴാണ് നാം ജീവിതത്തിന്‍റെ മനോഹാരിതയും ആഴവും മനസ്സിലാക്കുക. മരണമെന്ന സത്യം നമ്മെ പുതിയ ദര്‍ശനത്തിലേക്ക് നയിക്കും.
കത്തിന്‍റെ രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന സ്മൃതിപഥദീപ്തി ശ്രേഷ്ഠമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്. "സൗഹൃദങ്ങളുടെ മുനമ്പുകളെ ചേര്‍ത്തിണക്കുന്ന അദൃശ്യനൗകകളാണ് കത്തുകള്‍. നമ്മുടെ സൗഹൃദത്തിന്‍റെ ആഴത്തിലേക്ക് ഞാനെന്‍റെ ഓര്‍മ്മകളെ ഒഴുക്കിവിടട്ടെ. സൗഹൃദം ചിലപ്പോള്‍ ഒരു സ്നാനഘട്ടമാണ്. ജലത്തിലാമഗ്നമായി കുളിച്ച്, കുളിച്ച് ഒടുവില്‍ വൃത്തിയോടെ, ശരീരത്തെയാദരിച്ച് നാം നടന്നു കയറിപ്പോകുന്നത് പിറവിയിലേക്കു തന്നെയല്ലേ?" എന്ന് ബിജു ചോദിക്കുന്നു. സ്നേഹബന്ധങ്ങളില്‍ നിന്ന് ഓരോരുത്തര്‍ മരണത്തിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ അത് മനസ്സില്‍ നിറയ്ക്കുന്ന മുദ്രകള്‍ നിരവധിയാണ്. 'ഒരു ഊര്‍ജ്ജതരംഗത്തിന്‍റെ കയറ്റിറക്കങ്ങള്‍പോലെ മരണവും ജീവിതവും ഇടകലര്‍ത്തിയുള്ള വാക്കുകളാണ് ഇനിയുള്ള താളുകളില്‍ വിതയ്ക്കാന്‍ പോകുന്നത്" എന്ന എഴുത്തുകാരന്‍റെ സൂചന പുസ്തകത്തിലേക്കുള്ള വാതിലാണ്. ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്ന സ്നേഹിക്കുന്നവരുടെ മൗനസാമീപ്യമാണ് ഈ പുസ്തകത്തില്‍ വന്നു നിറയുന്നത്. പപ്പായും മമ്മിയും ബോബിയുമെല്ലാം ആവര്‍ത്തിച്ച് കടന്നുവരുന്നത് അവരുടെയെല്ലാം മൗനസാന്നിദ്ധ്യം അത്ര ശക്തമായതുകൊണ്ടാണ്. ഓരോരുത്തരും ഭൗതികസാന്നിധ്യമില്ലാത്തവരാകുമ്പോഴാണ് അവരെല്ലാം നമ്മുടെ ഭാഗമായിരുന്നെന്ന് നാം തിരിച്ചറിയുന്നത്. ജീവിച്ചിരുന്നപ്പോള്‍ അവരോടു ചെയ്തതും ചെയ്യാതിരുന്നതും ചെയ്യാമായിരുന്നതും നാം വിലയിരുത്തുന്നു. അവനവനെ വളര്‍ത്തുന്നതില്‍ മറ്റുള്ളവരുടെ പങ്കെന്തെന്നും നാം മനസ്സിലാക്കുന്നു. അതിനോടൊപ്പം ജീവിതയാത്രകളുടെ വഴിത്തിരിവുകളില്‍ സംഭവിച്ച ഓരോന്നും എഴുത്തുകാരന്‍ പെറുക്കികൂട്ടിവയ്ക്കുന്നു. കുട്ടിക്കാലവും വിദ്യാഭ്യാസകാലവും വീടും ചുറ്റുപാടുകളും രുചികളും ഗന്ധങ്ങളുമെല്ലാം ബിജു സമാഹരിച്ചിരിക്കുന്നു. നാം കഴിച്ച ആഹാരങ്ങളും നാം കണ്ട കാഴ്ചകളും നാം നടന്ന വഴികളും നാം സ്നേഹിച്ചവരും വെറുത്തവരും എല്ലാം ചേര്‍ന്നാണ് നമ്മുടെ സത്ത രൂപം കൊള്ളുന്നത്. നമ്മുടെ ചുറ്റുമുള്ള മനുഷ്യര്‍ക്കും പ്രകൃതിക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം ഈ ഗ്രന്ഥത്തില്‍ സ്ഥാനം ലഭിക്കുന്നു. കുറച്ചുകാലം മുമ്പ് കുട്ടിക്കാലം പിന്നിട്ട ഗ്രാമീണരായ കുട്ടികളുടെ അനുഭവങ്ങളുടെ പച്ചപ്പിലേക്കാണ് ഗ്രന്ഥകാരന്‍ നമ്മെ ക്ഷണിക്കുന്നത്.
തന്‍റെ ആത്മീയവളര്‍ച്ചയുടെ പശ്ചാത്തലവും ബിജു അവതരിപ്പിക്കുന്നുണ്ട്. വായനയും എഴുത്തും യാത്രകളുമെല്ലാം ഹൃദ്യമായി ആവിഷ്കരിക്കുന്നു. ഹൃദയം തുറന്ന ആത്മസംവാദമായി ഗ്രന്ഥം മാറുന്നു. ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട നൈതികതയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കാനും ഗ്രന്ഥകാരനു സാധിക്കുന്നു. "ഞാന്‍ സ്നേഹത്തിന്‍റെ ഒരു ഭ്രാന്തന്‍ സ്വപ്നം സൂക്ഷിക്കുന്നുണ്ട്. അവിടെ ലോകം മുഴുവന്‍ ഹൃദയത്തിലേറ്റി ഞാനൊറ്റയ്ക്ക് സംസാരിക്കുമായിരിക്കും. മരുഭൂമിയോട് കഥ പറയുമായിരിക്കും. നക്ഷത്രങ്ങളില്‍ നിന്നും പാട്ടുകള്‍ കേള്‍ക്കുമായിരിക്കും. മരണത്തിന് മുദ്രവയ്ക്കാന്‍ ഒരു പുഞ്ചിരി മാത്രമേ എനിക്കുണ്ടാവുകയുള്ളൂ. ചുരുങ്ങിയ പക്ഷം അതാണെന്‍റെ ആഗ്രഹം. ലോകം എനിക്കെന്തു വിലയിടും എന്നെനിക്കറിഞ്ഞുകൂടാ. കാരണം ഞാന്‍ വര്‍ത്തമാനത്തില്‍ മാത്രമേ ജീവിച്ചിട്ടുള്ളൂ. വാര്‍ത്തകള്‍ വരുന്നത് ഭാവികാലത്തിലാണ്, വിധിയും" എന്നെഴുതുന്ന ബിജുമഠത്തിക്കുന്നേല്‍ തന്‍റെ ജീവിതയാത്രയുടെ സ്വഭാവം വെളിവാക്കുന്നു.
കവിതയും തത്ത്വചിന്തയും ജീവിതയാത്രയിലെ നുറുങ്ങോര്‍മ്മകളുമെല്ലാം വന്നു നിറയുന്ന 'സ്മൃതിപഥദീപ്തി' മരണത്തെക്കുറിച്ചുള്ള ധ്യാനമായി മാറുന്നു. മരണത്തോടു ചേര്‍ത്ത് ജീവിതത്തെ പഠിക്കുമ്പോള്‍ അതിന് പുതിയൊരു മാനം ലഭിക്കുന്നു. ഈ ഗ്രന്ഥം തീര്‍ച്ചയായും നമ്മുടെ ജീവിതാവബോധത്ത അഗാധമാക്കുന്നു. (സ്മൃതിപഥദീപ്തി- ബിജു മഠത്തിക്കുന്നേല്‍ - ജീവന്‍ബുക്സ്).
കത്തുകളുടെ മനോഹാരിത
മലയാളത്തിലെ എഴുത്തുകാരികളില്‍ സവിശേഷസ്ഥാനമാണ് അഷിതയ്ക്കുള്ളത്. അഷിതയുടെ കഥകള്‍ സ്ത്രൈണാനുഭവത്തിന്‍റെ സൂക്ഷ്മതകളോടൊപ്പം ജീവിതത്തിന്‍റെ സത്യാത്മകചിത്രീകരണവുമാകുന്നു. 'അഷിതയുടെ കത്തുകള്‍' ഇതിനോടൊപ്പം വായിക്കാവുന്ന പുസ്തകമാണ്. കത്തുകള്‍ മാനവസഞ്ചാരത്തിന്‍റെ ഭാഗമായിരുന്ന കാലത്തിന്‍റെ തിരുശേഷിപ്പാണ് ഈ കത്തുകള്‍. അനേകമാളുകള്‍ അയച്ച ഈ കത്തുകള്‍ എഴുത്തുകാരിയുടെ മനസ്സിലേക്കുള്ള ജാലകം തുറക്കുന്നു. 'കത്തുകള്‍ വെറും അക്ഷരങ്ങളെ മാത്രമല്ലല്ലോ വഹിക്കുന്നത്. അതെഴുതിയ ആളുടെ ഹൃദയം കൂടിയാണല്ലോ" എന്ന് നാമിവിടെ അനുഭവിച്ചറിയുന്നു.
"Universe എപ്പോഴും നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല, ശ്രദ്ധിക്കാന്‍ ചെവികള്‍ മാത്രം പോരാ, ഹൃദയവും കൂടി വേണം" എന്നാണ് അഷിത കുറിക്കുന്നത്. "ഒറ്റയ്ക്കിരിക്കുമ്പോള്‍ എതിരെ ദൈവം വന്നിരിക്കും. അഗാധമായ മൗനത്തില്‍ ഞങ്ങള്‍ കൈകോര്‍ക്കും. നഷ്ടമായതെല്ലാം എന്നില്‍ വീണ്ടും പൂക്കും" എന്നാണ് അവര്‍ പറയുന്നത്. ഈ കത്തുകളില്‍ നിറയെ ഇത്തരത്തിലുള്ള സവിശേഷാനുഭവങ്ങളാണ് പെയ്തിറങ്ങുന്നത്.
"ജീവിതം ചില്ലറക്കാര്യങ്ങളിലും നിസ്സാരചിന്തകളിലും വഴക്കുകളിലും പാഴാക്കാതിരിക്കൂ" എന്നാണ് അഷിത ഒരു കത്തില്‍ എഴുതുന്നത്. ഓരോ മനസ്സിലേക്കും അതിര്‍ത്തികള്‍ മായ്ച്ച് ഒഴുകുന്ന സമുദ്രംപോലെ അഷിത ഒഴുകുന്നു. 'മെഴുകുതിരികള്‍ ഇല്ലാത്തതുകൊണ്ട് അവര്‍ വാക്കുകള്‍' കൊളുത്തുന്നു. ഈ വാക്കുകളുടെ വെളിച്ചം നമ്മെ കൂടുതല്‍ നിറവുള്ളവരാക്കുന്നു.
"കത്തുകളില്‍ ഞാന്‍ പരിപൂര്‍ണമായും നിറയുന്നുണ്ട്. നിറഞ്ഞുതുളുമ്പുന്നുമുണ്ട് ചിലപ്പോള്‍. ഞാന്‍ കത്തുകള്‍ എഴുതിക്കൊണ്ടാണ് പലപ്പോഴും എന്നോടുതന്നെ സംവദിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചതും ഉത്തരങ്ങള്‍ കണ്ടെത്തിയതും" എന്ന സത്യം നാം ഈ കത്തുകളില്‍ കണ്ടെത്തുന്നു. "ടെക്നോളജിക്ക് സ്നേഹത്തിനായുള്ള വിശപ്പ് മാറ്റാന്‍ കഴിയില്ല" എന്ന യാഥാര്‍ത്ഥ്യവും നാം അറിയുന്നു. തന്‍റെ കത്തുകളെ തണ്ണീര്‍പ്പന്തലാക്കുകയാണ് അഷിത. അങ്ങനെ കത്തുകള്‍ ഒരു തലമുറയെ അടയാളപ്പെടുത്തുന്നത് നാം കാണുന്നു.
ചില സ്നേഹങ്ങള്‍ക്കു കാരണങ്ങള്‍ അന്വേഷിക്കരുത് എന്നാണ് അഷിത പറയുന്നത്. "വീടുവിട്ടു പുറത്തുകടക്കേണ്ട അകത്തേക്കു തിരിഞ്ഞുപോയ" ആളുടെ ആത്മവിചാരങ്ങളാണ് അഷിതയുടെ കത്തുകള്‍.
തന്‍റെ മനസ്സിന്‍റെ യാത്രകള്‍ കത്തുകളിലൂടെ അഷിത ചിത്രീകരിക്കുന്നു. "കൂട്ടം തെറ്റി മേയുന്നതിന്‍റെ, പ്രധാന പാതവിട്ട് ഇടവഴികളിലലയുന്നതിന്‍റെ, ഒരു രാഗം താഴ്ന്ന ശബ്ദത്തില്‍ പാടിനോക്കുന്നതിന്‍റെ, ജീവിതം സൗമ്യമായി ചിലപ്പോഴൊക്കെ ജീവിച്ചുതീര്‍ക്കുന്നതിന്‍റെ രസം" അവര്‍ അറിയുന്നുണ്ട്. വ്യക്തിത്വത്തിന്‍റെ ആന്തരശ്രുതികളാണ് ഈ കത്തുകളില്‍ കാണുന്നത്. ജീവിതത്തിന്‍റെ ചെറിയ ചെറിയ ഭംഗികള്‍ നേര്‍ചിന്തകളായി ഒഴുകിപ്പരക്കുന്നു. 'ഞാനെന്ന എഴുത്തുകാരിയില്‍ നിന്ന് കൊഴിയുന്നതാണ് എന്‍റെയീ കത്തുകള്‍. Part of me.. ഇവ മാറ്റിയാല്‍ കാണുന്ന അഷിത അപൂര്‍ണയായിരിക്കും' എന്നാണ് അഷിത ഒരു കത്തില്‍ കുറിച്ചത്.
അഷിതയെന്നെ വ്യക്തിയെ, എഴുത്തുകാരിയെ ഈ കത്തുകളിലൂടെ നമുക്കറിയാന്‍ സാധിക്കുന്നു. അവരുടെ ആത്മാവിന്‍ വേരുകളുള്ള വാക്കുകളാണ് കത്തുകളിലുള്ളത്. ജീവിതത്തിന്‍റെ ചിന്തയുടെ ചില സൂക്ഷ്മചലനങ്ങള്‍ നാം കണ്ടെത്തുന്നു. അകത്തേക്കു നോക്കുന്നതിന്‍റെ മനോഹാരിതയാണീ കത്തുകള്‍ നല്കുന്നത്. 'അഷിതയുടെ കത്തുകള്‍' എന്ന പുസ്തകം നമ്മെ ആത്മീയമായി വളര്‍ത്തുകയും നമ്മെ ആഴത്തില്‍ തൊടുകയും ചെയ്യുന്നു. (അഷിതയുടെ കത്തുകള്‍, മാതൃഭൂമി ബുക്സ്)