ഇതുവരെ നാം കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കമായിരുന്നു ഇവിടുണ്ടായത്. ഈ ദുരന്തവുമായി ബന്ധപ്പെട്ട് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ നാം കടന്നുപോയി. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യത്വത്തിന്‍റെ ഉയര്‍ന്നവിതാനവും മനുഷ്യത്വരാഹിത്യത്തിന്‍റെ താഴ്ന്നവിതാനവും നാം നേരിട്ടുകണ്ടു. സര്‍ക്കാര്‍ സംവിധാനങ്ങളും സുരക്ഷാസേനകളും മീന്‍പിടുത്തക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും വിവിധ സംഘടനകളും സാധാരണക്കാരും യുവജനങ്ങളും വാട്സാപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മകളും എല്ലാം ചേര്‍ന്ന് വലിയ ദുരന്തത്തെ നേരിട്ടു. ഇനിയും തുടരുന്ന ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാ മനുഷ്യസ്നേഹികളെയും നന്ദിയോടെ ഓര്‍ക്കാം. കരയ്ക്കിരുന്ന് കാഴ്ചകണ്ട്, വിമര്‍ശിച്ചവര്‍ അവിടെ നില്‍ക്കട്ടെ. ആകെ വിലയിരുത്തുമ്പോള്‍ നന്മയ്ക്കു തന്നെയാണ് മേല്‍ക്കൈ. അതാണ് നാളേയ്ക്കുള്ള നമ്മുടെ പ്രതീക്ഷ.
ഇപ്പോള്‍ നിലനിര്‍ത്തുന്ന കൂട്ടായ്മ എന്നന്നേയ്ക്കും നിലനിര്‍ത്തുക പ്രധാനമാണ്. ജാതിമതചിന്തകളും രാഷ്ട്രീയപരിഗണനകളും മറ്റൊരു ഛിദ്രവിചാരങ്ങളും നമുക്കിടയില്‍ പടര്‍ന്നുപിടിക്കാന്‍ അനുവദിക്കരുത്. മതത്തിന്‍റെ നേതൃസ്ഥാനത്തുള്ളവര്‍ മനുഷ്യപ്പറ്റിനെക്കുറിച്ച് വിളിച്ചുപറയേണ്ട സന്ദര്‍ഭമാണിത്. വിശുദ്ധ ഗ്രന്ഥങ്ങളെ മനുഷ്യപക്ഷത്തുനിന്ന് വ്യാഖ്യാനിക്കാനാണ് നാം ശ്രമിക്കേണ്ടത്. ജീവിതത്തിന്‍റെ കൊടിപ്പടം താഴ്ത്താന്‍ ഒന്നിനെയും അനുവദിച്ചുകൂടാ എന്ന ദൃഢചിന്തയാണ് ഉണ്ടാവേണ്ടത്.
"വെല്ലട്ടേയവര്‍ ലോകം
നീതിബോധത്താല്‍, മര്‍ത്യ-
സ്നേഹത്താല്‍, ചരാചര-
മാകവേ പുല്‍കീടുന്ന
കാരുണ്യത്തിനാല്‍, മൈത്രീ-
ഭാവത്താല്‍ തഥാഗത-
നോതിയ സമ്യഗ് വാക്കാല്‍,
സ്നേഹത്താല്‍, ചരാചര-
മാകവേ പുല്‍കീടുന്ന
കാരുണ്യത്തിനാല്‍, മൈത്രീ-
ഭാവത്താല്‍ തഥാഗത-
നോതിയ സമ്യഗ് വാക്കാല്‍,
സമദര്‍ശനത്തിനാല്‍" എന്ന് സച്ചിദാനന്ദന്‍ കുറിക്കുന്നത് വീണ്ടും വീണ്ടും ഓര്‍ക്കേണ്ടതാണ്.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഏറെക്കാര്യങ്ങള്‍ ചെയ്ത മനുഷ്യസ്നേഹികളെ ഇപ്പോള്‍ ഓര്‍ക്കാം. കടകളില്‍ നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി വീട്ടിലെത്തിച്ചവരും ധാരാളം. പെട്രോള്‍ പമ്പില്‍ ക്യൂ നിന്ന് വാഹനത്തിന്‍റെ ടാങ്കുനിറയെ എണ്ണയടിച്ച് വീട്ടില്‍ കൊണ്ടുപോയിട്ടവരുമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ നിഷേധാത്മകവും മനുഷ്യത്വവിരുദ്ധവുമായ ഇടപെടലുകള്‍ നടത്തിയവരും നമുക്കിടയിലുണ്ട്. അധമവികാരത്തെ പോറ്റിവളര്‍ത്തുന്നവരെ, വര്‍ഗീയവാദികളെ നമുക്കൊരിക്കലും തിരുത്താനാവില്ല എന്ന സത്യം കൂടുതല്‍ ബോദ്ധ്യമായി. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത ഈ വര്‍ഗം ന്യൂനപക്ഷമാണെന്നതാണ്; അതാണ് നാടിന്‍റെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും. ഇരുട്ടിന്‍റെ സന്തതികളെ ചെറുക്കാനുള്ള ശക്തി പ്രകാശത്തിന്‍റെ മക്കള്‍ക്കുണ്ട് എന്ന് നാമറിയുന്നു. എല്ലാത്തരത്തിലുമുള്ള വിഭാഗീയതകളെയും ചെറുത്തുതോല്പിക്കാനുള്ള കരുത്ത് നമുക്കുണ്ട് എന്ന് തെളിയിക്കുകയാണ് പ്രധാനം.
ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും നല്ലനിലയില്‍ കഴിഞ്ഞവരാണ്. അവരൊന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്. വലിയ മതിലുകള്‍ക്കുള്ളില്‍ വലിയ വീടുകളില്‍ ജീവിച്ച അവര്‍ ജീവിതത്തില്‍ വിജയിച്ചവരാണ്. മറ്റുള്ളവരുടെ അധികം സഹായം അവര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമൂഹവുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ആരുടെയൊക്കെ സഹായം നമുക്കാവശ്യമായി വരും എന്ന് ആര്‍ക്കും പറയാനാവില്ല. വീഴുമ്പോള്‍ താങ്ങാന്‍ ആരാണ് വരിക എന്നറിയാത്തതുകൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ പരിഗണന നാം നല്‍കാറില്ല. അവനവനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഒന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. നമുക്കു ചുറ്റും തുടിക്കുന്ന ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതും ഇടപെടുന്നതും മനുഷ്യത്വത്തിലേക്കുള്ള വളര്‍ച്ചയാണെന്നതാണ് സത്യം.
ഇപ്പോള്‍ നാം പരിസ്ഥിതിയെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. ദുര്‍ബലമേഖലകള്‍ തിരിച്ചറിഞ്ഞ്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയേ മതിയാകൂ. നമ്മുടെ നിലനില്പ് ഭൂമിയുടെ നിലനില്പുമായി ബന്ധപ്പെട്ടതാണ്. ജീവന്‍റെ വലയിലുണ്ടായ ക്ഷതങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ദുരന്തം കൂടുതല്‍ മാരകമാകാം. വലിയ തിരുത്തലുകള്‍ വരുത്താന്‍ നാം തയ്യാറാകേണ്ടതുണ്ട്. നാം പ്രകൃതിയോടു ചെയ്യുന്നത് നമ്മോടുതന്നെ ചെയ്യുന്നതിനു തുല്യമാണെന്നു മനസ്സിലാക്കണം. ഇനി ഒട്ടും താമസിക്കാതെ ഭൂമിയുടെ മുറിവുകള്‍ ഉണക്കാനുള്ള ശ്രമങ്ങള്‍ നാം നടത്തേണ്ടതുണ്ട്. വെള്ളമിറങ്ങിയ ചില ഭാഗങ്ങളില്‍ കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. നാമെന്താണ് ഇങ്ങനെയാകുന്നത് എന്ന് സ്വയം ആലോചിക്കേണ്ടതാണ്. നമ്മെ രക്ഷിക്കാന്‍ നമുക്കുമാത്രമേ സാധിക്കൂ. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം എന്തെങ്കിലും ചെയ്യുക എന്നതാണ് പ്രധാനം. ഭൂമിയെ കുപ്പത്തൊട്ടിയായി കാണാതിരിക്കുക. ചില പാഠങ്ങള്‍ ആദ്യംമുതല്‍ പഠിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പഴയ തലമുറയുടെ കാഴ്ചപ്പാടില്‍ യുവതലമുറയെക്കുറിച്ച് അത്ര മതിപ്പില്ല. എന്നാല്‍ ദുരിതക്കയത്തില്‍ മുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനുവേണ്ടി സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികളും മറ്റു ചെറുപ്പക്കാരും പ്രതീക്ഷ നല്കുന്നതാണ്. നാം വിചാരിക്കുന്നതിനേക്കാള്‍ നന്മ ഇവരുടെ ഹൃദയത്തിലുണ്ട് എന്നതാണ് സത്യം. അത് തിരിച്ചറിയാനും പുറത്തുകൊണ്ടുവരാനും ഈ സന്ദര്‍ഭം അവര്‍ വിനിയോഗിച്ചു. ഈ കൂട്ടായ്മ എന്നും നിലനില്‍ക്കണമെന്നാണ് ആഗ്രഹം. വിഭാഗീയചിന്തകള്‍ക്കിടം നല്‍കാതെ മനസ്സുകള്‍ എന്നും മുന്നോട്ടു പോകട്ടെ. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്ന കവിവാക്യം ഇവരോടു ചേര്‍ന്നുനില്‍ക്കുന്നു. കൂലിപ്പണി ചെയ്യുന്നവരും സാധാരണക്കാരുമായ ചെറുപ്പക്കാര്‍ വിദ്യാഭ്യാസമുള്ളവരെയും സമൂഹത്തില്‍ വിജയികളായെണ്ണുന്ന യുവാക്കളെയും ലജ്ജിപ്പിക്കുന്നു. എല്ലാ നിലയിലും വിജയിച്ചവരെന്നു കരുതുന്നവരെക്കാള്‍ മനുഷ്യസ്നേഹം ഈ സാധാരണക്കാര്‍ പ്രകടിപ്പിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. അവസാന ബെഞ്ചിലെ, ചീത്തകേട്ടു വളര്‍ന്നവര്‍ ഇന്ന് നമുക്കു വഴികാട്ടുന്നു. മനുഷ്യപ്പറ്റില്ലെങ്കില്‍ മറ്റെന്തെല്ലാമുണ്ടെങ്കിലും എന്തു കാര്യം!
സാങ്കേതിക വിദ്യയിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ നാം ചിലപ്പോള്‍ വിമര്‍ശനവിധേയമാക്കാറുണ്ട്. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം സമഗ്രമാണ്. ദുരന്തസമയത്ത് ഈ മാധ്യമങ്ങള്‍ ചെയ്ത സേവനം നിസ്തുലമാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാധ്യമങ്ങള്‍ ഏറെ പിന്തുണ നല്കി. ഈ മാധ്യമങ്ങളെ നല്ല രീതിയില്‍ ഉപയോഗിച്ചു ലക്ഷക്കണക്കിനാളുകള്‍ നല്‍കിയ സേവനം സ്മരിക്കേണ്ടതുതന്നെയാണ്. നിഷേധാത്മകമായ ചില ഇടപെടലുകള്‍ ഈ രംഗത്തുണ്ടായിട്ടുണ്ടെങ്കിലും 'ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നവരെ' നാം ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രതീക്ഷയ്ക്ക് വക നല്കുന്ന പലതും സോഷ്യല്‍ മീഡിയായുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട് എന്നറിയുക.
കോടികളുടെയും ലക്ഷങ്ങളുടെയും സംഭാവനകളെക്കുറിച്ച് നാം വായിക്കുന്നു. എന്നാല്‍ തമിഴ്നാട്ടിലെ അനുപ്രിയയുടെയും ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത സഹോദരങ്ങളുടെയും കുടുക്കകള്‍ പൊട്ടിച്ച് നാണയത്തുട്ടുകള്‍ സംഭാവന ചെയ്ത കുട്ടികളുടെയും പെന്‍ഷന്‍തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി ദുരിതാശ്വാസക്യാമ്പിലേക്ക് യാത്രചെയ്യുന്ന മുത്തശ്ശിയുടെയും സംഭാവനകള്‍ നമ്മുടെ കണ്ണുതുറക്കുന്നു. എല്ലാവര്‍ക്കും വലിയ തുക കൊടുക്കാനാവില്ലല്ലോ. 'ഒരു രൂപ ഒരു മെഴുകുതിരിയാണ്' എന്ന ചിന്ത പ്രകാശമുള്ളതാണ്. അതാണ് പ്രധാനം. നമുക്കാകുംവിധം നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ശ്രമിക്കാം. നമുക്കു തോറ്റുകൊടുക്കാനാവില്ല. നമ്മുടെ സഹോദരങ്ങളെ തോല്‍വിയിലേക്ക് നിപതിക്കാന്‍ അനുവദിച്ചുകൂടാ. ആര്‍ഭാടങ്ങള്‍ പരമാവധി കുറയ്ക്കാം. നാമെന്തുചെയ്യുമ്പോഴും ദുരന്തമനുഭവിക്കുന്നവരുടെ മുഖം മുന്നിലുണ്ടാവട്ടെ. എല്ലാ പ്രാര്‍ത്ഥനകളിലും അവര്‍ കടന്നുവരട്ടെ. ദുരന്തങ്ങളില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തിയത് സഹജീവികളെ സഹായിക്കാനാണ് എന്നറിയുക. നാളെ നമുക്കും ഇതൊക്കെ സംഭവിക്കാം. ആരും സുരക്ഷിതരല്ല എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഈ ഭൂമിയില്‍ ഒരുമിച്ചു ജീവിക്കുന്നതാണ് സന്തോഷം. പരസ്പരം കൈകോര്‍ത്താണ് മനുഷ്യസമൂഹം എന്നും മുന്നേറിയത്. പുതിയകാലം നമ്മെ പലതരത്തില്‍ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ സംസ്കാരത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല. 'മനുഷ്യസമൂഹത്തിന് എന്തെങ്കിലും നല്കിയാല്‍ അതിനേക്കാള്‍ മഹത്തായത് നമുക്ക് തിരികെ ലഭിക്കും' എന്ന നെരൂദയുടെ വാക്കുകള്‍ നമുക്കോര്‍ക്കാം. എല്ലാ സുമനസ്സുകളെയും നന്ദിയോടെ സ്മരിക്കാം.