ലോകമെമ്പാടുമുള്ള മനുഷ്യര്‍ ജീവിതത്തെ വ്യത്യസ്തമായിട്ടാണ് പരിചരിക്കുന്നത്. ഒരൊറ്റ മനുഷ്യായുസില്‍ എണ്ണിയാലൊടുങ്ങാത്ത സംഭവപരമ്പരകളിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. ജീവിതം ഒരു പരിശീലന കളരിയാണെന്ന് പറയാറുണ്ട്. അവിടെ അവര്‍ കണ്ടു മുട്ടുന്ന ഓരോ അനുഭവവും വ്യത്യസ്തമാണ്. ചിലത് അവരെ സ്വാംശീകരിക്കുന്നു, കാരിരുമ്പിന്‍റെ കരുത്തിലേക്ക് ഉരുക്കിച്ചേര്‍ക്കുന്നു. ചില അനുഭവങ്ങള്‍ ജീവിതത്തെ ആയാസരഹിതമാക്കുന്നു, അനുഭവവേദ്യമാക്കുന്നു. ചിലര്‍ക്ക് ജീവിതം ഇടറിപ്പോകുന്നതും ഓരോ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാകാം. എന്തുതന്നെയാകാം ജീവിതം എന്നത് മറ്റൊന്നിനും സമ്മാനിക്കാന്‍ കഴിയാത്ത അനുഭവ ലഹരി തന്നെയാണ് മനുഷ്യന് സമ്മാനിക്കുന്നത്.
വിഭിന്നങ്ങളായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യരും ആനന്ദം കണ്ടെത്തുന്നത് വ്യത്യസ്ത അനുഭവങ്ങളിലൂടെയാകാം. ചിലര്‍ക്കത് യാത്രകളാകാം, സംഭാഷണങ്ങളാകാം, ഒരുമിച്ചുള്ള കൂടിച്ചേരലുകളാകാം, സിനിമകളാകാം, മദ്യവും മയക്കുമരുന്നുകളുമൊക്കെയാകാം. എന്നാല്‍ ജീവിതം തന്നെ ആനന്ദമായും ലഹരിയായും കാണുന്ന മനുഷ്യജീവിതങ്ങളുണ്ട്. ചുറ്റുമുള്ള മറ്റെല്ലാതിക്താനുഭവങ്ങളെയും ജീവിതത്തിന്‍റെ ഭാഗമായികാണുകയും അത്തരം അനുഭവങ്ങളുടെ തീവ്രതയേക്കാളുപരി ജീവിതത്തെ സ്നേഹിക്കുന്നവര്‍. അവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത്. അങ്ങനെയുള്ളവരുടെ ജീവിതങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ടാകണമെ ന്നില്ല, മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരണമെന്നില്ല. അവനവന്‍റെ ജീവിതം അവനവന് തന്നെ ആനന്ദം കണ്ടെത്തുന്നതിനുള്ള വഴിയാക്കുകയും മറ്റ് അനൂര്‍ജ്ജ സാഹചര്യങ്ങളെ നിരാകരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ സകലവിധ പ്രതികൂലസാഹചര്യങ്ങളെയും ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജ്ജമാക്കിമാറ്റുന്ന, തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ആയുധങ്ങളാക്കിമാറ്റുന്ന ജീവിതങ്ങളെ ചിത്രീകരിക്കുന്ന സിനിമയാണ് 2018-ല്‍ പുറത്തിറ ങ്ങിയ ഇറാനിയന്‍ ചലച്ചിത്രമായ ബോംബ്-എ ലവ് സ്റ്റോറി എന്ന ചിത്രം പറയുന്നത്. പെയ്മന്‍ മാഡി സംവിധാനം ചെയ്ത 97 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രത്തില്‍ ലൈല ഹത്താമി, പെയ്മാന്‍ മാഡി, സൈമക് അന്‍സാരി, ഹബീബ് റെസായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. 2013-ല്‍ പുറത്തിറങ്ങിയ അസ്ഹര്‍ ഫര്‍ഹാദി ചിത്രമായ എസെപ്പറേഷനിലെ അതുല്യമായ നടനവൈഭവത്താല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ഇരുവരും.
പേര്‍ഷ്യന്‍ സംസ്കാരം ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ സംസ്കാരങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇറാനിയന്‍ ചലച്ചിത്രങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അവിടുത്തെ രാഷ്ട്രീയഭൂമികയുടെ ചുറ്റുപാടുകള്‍ മാറിമറിയുകയും കലാപരമായ സംഗതികള്‍ക്ക് പലതരത്തിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുള്ളതിനാലുമാകണം ഇറാനിയന്‍ സംസ്കാരത്തിന്‍റെ യഥാതഥമായ പ്രതിഫലനം സിനിമകളില്‍ പൂര്‍ണ്ണമായും ചിത്രീകരിക്കപ്പെ ടുന്നുണ്ടോയെന്നത് സംശയകരമാണ്.
ഗള്‍ഫ് മേഖലയൊട്ടാകെ മാറ്റത്തിന് വിധേയമായ യുദ്ധമായിരുന്നു 1980 മുതല്‍ 1988 വരെ നീണ്ടു നിന്ന ഇറാക്ക്-ഇറാന്‍ യുദ്ധം. ഈ യുദ്ധവുമായി ബന്ധപ്പെടുത്തിയ ധാരാളം ചലച്ചിത്രങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ട്. ബോംബ്-എ ലവ് സ്റ്റോറി അതില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നത് അത് യുദ്ധത്തെയല്ല പഠിപ്പിക്കുന്നത് ജീവിതത്തെയാണ് എന്നതുകൊണ്ടാണ്.
ഇറാന്‍-ഇറാക്ക് യുദ്ധകാലത്ത് ടെഹ്റാന്‍റെ തെരുവുകളിലാകെ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന സാഹചര്യമായിരുന്നു. നടന്നോ വാഹനങ്ങളിലോ പോകുമ്പോഴോ, വീടിനുള്ളിലായിരിക്കുമ്പോഴോ ഏതു സാഹചര്യത്തിലും ആക്രമണം ഉണ്ടായേക്കാവുന്ന അവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്. ഇത്തരം അനിശ്ചിതാവസ്ഥ ഓരോ മനുഷ്യനെയും ജീവിതത്തിന്‍റെയും മരണത്തിന്‍റെയും മുനമ്പുകളില്‍ കൊണ്ടുനിര്‍ത്തുകയും അത്തരം സാഹചര്യങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അവരുടെ പ്രതീക്ഷകള്‍ക്കും ജീവിതത്തോടുള്ള അഭിനിവേശത്തിനും മങ്ങലേല്‍പ്പിക്കേണ്ടതാണ്. എന്നാല്‍ മിത്രയുടെയും, ഇറാജിന്‍റെയും ജീവിതങ്ങള്‍ യുദ്ധത്തിനപ്പുറം സ്നേഹം കൊണ്ട് പൊതിഞ്ഞെടുത്തവയായിരുന്നു. ലൈല ഹക്കീമിയും പെയ്മാന്‍ മാഡിയുമാണ് മിത്രയേയും, ഇറാജിനെയും അവത രിപ്പിച്ചിരിക്കുന്നത്.
സമാധാനത്തിന്‍റെ അന്തരീക്ഷത്തില്‍ ഭവനങ്ങളിലായിരിക്കുമ്പോള്‍ പെട്ടെന്നൊരു ബോംബ് വീഴുന്ന സാഹചര്യം ആ വീട്ടിലെ മുഴുവന്‍ ജീവിതങ്ങളുടെയും സ്വപ്നങ്ങളെയുമാണ് അവസാനിപ്പിക്കുന്നത്. അവരുടെ ആശകളെയും ആഗ്രഹങ്ങളെയും അത് ചാമ്പലാക്കുകയും അവരുടെ സ്നേഹത്തെയും പ്രതീക്ഷകളെയും അപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. മറ്റുള്ളവരോടും തന്നോടുതന്നെയുമുള്ള സ്നേഹസംവാദങ്ങളെയും സ്നേഹപ്രകാശനങ്ങളെയും അത് നിഷ്ഫലമാക്കുകയും ചെയ്യുന്നു. ഇങ്ങനെ വീടിനുള്ളില്‍ നിന്നും പുറത്തുവരാനാകാതെ മരണപ്പെട്ടുപോകുന്നവര്‍ എപ്പോഴും അവരുടെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലാണ്ടാകും. ഒരു പരിക്കുമേല്‍ക്കാതെ, മുറിവുകളേല്‍ക്കാതെ അവരുടെ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കു കയും ചെയ്യും.
ബോംബ്-എ ലവ് സ്റ്റോറി പറയുന്നത് ലളിതവും മാനുഷികവുമായ പ്രണയകഥയാണ്. അവിശ്വസനീയ കഥകളുടെ പിന്നാമ്പുറങ്ങളോ, മറ്റ് സാങ്കേതികയുടെ സമ്മേളനമോ ഇല്ലാതെ അയത്ന ലളിതമായി ആ കഥ നമ്മെ സ്നേഹത്തിന്‍റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ സിനിമ പ്രണയത്തിലാകാനും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാനും തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ജീവിതത്തെ പാകപ്പെടുത്താനും അതിന നുസരിച്ച് തങ്ങളുടെ ജീവിതം ജീവിച്ചുതീര്‍ക്കാനും അവസരം നിഷേധിക്കപ്പെട്ട ജീവിതങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മറ്റ് പലരുടെയും സ്വേച്ഛാധിപത്യത്തിന്‍റെയും അധികാരമോഹങ്ങളുടെയും വലകളില്‍ കുടുങ്ങിപ്പോയവരാണവര്‍. ഇത്തരത്തില്‍ മോഹങ്ങളും പ്രതീക്ഷകളും അവസാനിപ്പിക്കേണ്ടിവന്നവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നമ്മളെ ഓര്‍മ്മകള്‍ കൊണ്ട് കുത്തിനോവിക്കാറുമുണ്ട്.
ഈ ചലച്ചിത്രം സത്യത്തില്‍ പുറത്തുനില്‍ക്കുന്നവരുടെ പ്രതീക്ഷയാണ്. ഇതിലെ ഓരോ കഥാപാത്രവും തങ്ങളുടെ ജീവിതത്തിലെ സ്വപ്നങ്ങള്‍ ഇവിടെ അവശേഷിപ്പിച്ച് അകന്നുപോയവരാണ്. പക്ഷേ ഈ ദുരിതങ്ങളില്‍ സ്വയം കൂട്ടിനുള്ളിലേ ക്കൊതുങ്ങന്നതിനുപകരം അവര്‍ ഉപേക്ഷിച്ചുപോയ ജീവിതങ്ങളെ ആഘോഷമാക്കുകയാണ് ചലച്ചിത്രകാരന്‍ ചെയ്യുന്നത്. യുദ്ധവും അതൊരുക്കുന്ന നരകവും പിന്നിലേക്ക് ആഞ്ഞുതള്ളി ജീവിതത്തെ ആഘോഷമാക്കുന്ന ശൈലിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
2018-ലെ ബോസ്ഫോറസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിനര്‍ലാന്‍ ഫിലിം ഫെസ്റ്റി വല്‍, ഫജ്ര് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്രമേളകളില്‍ മികച്ച ചിത്രത്തിനും, സംവിധാനത്തിനും, സംഗീതത്തിനും പുരസ്കാരങ്ങള്‍ നേടിയ ഈ ചലച്ചിത്രത്തിന്‍റെ മനോഹരമായ സംഗീതം പില്‍ക്കാലത്ത് ഇറാനിയന്‍ ടെലിവിഷനിലെ പല പരിപാടികള്‍ക്കും പശ്ചാത്തല സംഗീതമാകുകയും ചെയ്തിട്ടുണ്ട്.
ജീവിതം മറ്റ് ലഹരികളുടെ ആധിക്യത്താല്‍ നശിപ്പിക്കപ്പെട്ടുപോകുന്ന ഇക്കാലത്ത് ജീവിതം തന്നെ ലഹരിയാക്കിമാറ്റുകയാണ് ചെയ്യേണ്ടത്. അത്രക്ക് അഭിനിവേശവും ആഗ്രഹവും ജീവിക്കുന്ന ഓരോ നിമിഷത്തോടുമുണ്ടാകണം. പ്രശ്നങ്ങളും തടസ്സങ്ങളുമല്ല നമ്മെ ലോകത്തില്‍ സന്തോഷഭരിതമായി നിലനിര്‍ത്തുന്നത് ജീവിതമെന്ന ലഹരി മാത്രമാകണം എന്ന സന്ദേശമാണ് ഈ ചലച്ചിത്രം പങ്കുവെക്കുന്നത്.