എല്ലാവരും പരിചയപ്പെടുത്തലില്‍ എഴുത്തിലേക്ക് വരാനുണ്ടായ സാഹചര്യങ്ങളൊക്കെ എഴുതുന്നു. ഞാനാണെങ്കില്‍ അതെഴുതാന്‍ മറന്നും പോയി. അതുകൊണ്ട് ഒരു പോസ്റ്റ് ആയി ഇടാമെന്നു വിചാരിച്ചു.
 
എനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നടന്ന ഒരു സംഭവമാണ്. പപ്പയുടെ കയ്യില്‍ നിന്നും അടികിട്ടിയതിന്‍റെ ഓര്‍മ്മ തുടങ്ങുന്നത് ഈ ലവ് ലെറ്ററിലാണ്. അമ്പടീ...നീയാളു കൊള്ളാമല്ലോ... എന്ന് ചിലരെങ്കിലും മനസ്സില്‍ പറയുന്നത് എനിക്ക് കേള്‍ക്കാം. ചിലരുടെ മുഖത്തെങ്കിലും ഒരു ഗൂഢമായ ചിരിയുണരുന്നത് കാണുകയും ചെയ്യാം. പക്ഷെ നിങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടു പറയട്ടെ , ഇത് എഴുതുന്ന പ്രേമലേഖനമല്ല. മൈദയോ ഗോതമ്പ് മാവോ കൊണ്ട് കട്ടി കുറച്ചു ദോശ പോലെ ഉണ്ടാക്കി അതിനുള്ളില്‍ ശര്‍ക്കരയും തേങ്ങയും വച്ച് മടക്കിയെടുക്കുന്ന ഒരു പലഹാരമാണ്. പലഹാരമാ ണെങ്കിലും പേര് ഇതായതു കൊണ്ടാവും അടിക്കു നല്ല വേദനയായിരുന്നു.
 
ഞങ്ങളുടെ തറവാട്ട് വീട്ടില്‍ കുടുംബ കൂട്ടായ്മ പ്രാര്‍ത്ഥന നടക്കുകയാണ്. മുകളില്‍ പറഞ്ഞ പലഹാരവും കട്ടന്‍ കാപ്പിയുമാണ് പ്രാര്‍ത്ഥന കഴിഞ്ഞുള്ള ഫുഡ്. ഇന്നത്തെപ്പോലെ എന്തുണ്ടാ ക്കിയാലും പിള്ളേര്‍ക്ക് ആവശ്യത്തിലധികം കൊടുക്കുന്ന പതിവൊന്നും അന്നില്ല. അതിഥികള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ കിട്ടും. എന്തായാലും ഈ പലഹാരമുണ്ടാക്കുന്നതിന്‍റെ മണമടിച്ച് കൊതി സഹിക്കാന്‍ വയ്യാതെ ഞാനും അനിയനും അടുക്കളയുടെ വാതില്‍ക്കല്‍ പോയി എത്തി നോക്കി. കഴിക്കുന്നവര്‍ക്ക് കൊതികിട്ടണ്ട എന്ന് കരുതീട്ടാവും അമ്മ ഒരെണ്ണം എടുത്തു മുറിച്ച് രണ്ടു ചെറിയ കഷണങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. ഞാന്‍ അതും തിന്നുകൊണ്ട് അപ്പുറത്തു ചെന്ന് രൂപക്കൂട്ടില്‍ പൂക്കള്‍ അറേഞ്ച് ചെയ്തു കൊണ്ടിരുന്ന കോളേജ് കുമാരിയായ ആന്‍റിയോട് ചോദിച്ചു .
 
'കുഞ്ഞാന്‍റീ ഈ അപ്പത്തിന്‍റെ പേരെന്താ?'
 
ആന്‍റി ഒരു പുഞ്ചിരിയോടെ പറഞ്ഞു...'ഇതാണ് മോളെ ലവ് ലെറ്റര്‍'.
കടിക്കുമ്പോള്‍ ശര്‍ക്കര പാനി ഒഴുകുന്ന നേര്‍മ്മയുള്ള ആ അപ്പത്തിന്‍റെ പേര് എനിക്ക് വല്ലാതിഷ്ടപ്പെട്ടു.
 
അങ്ങനെ പ്രാര്‍ത്ഥന തുടങ്ങി. എന്‍റെ മനസ്സില്‍ മുഴുവനും ആ അപ്പത്തിന്‍റെ രുചിയും മധുരവുമായിരുന്നു. പ്രാര്‍ത്ഥന ദീര്‍ഘമായി തുടര്‍ന്നപ്പോള്‍ ക്ഷമ നശിച്ച ഞാന്‍ അച്ചന്‍റെ പ്രാര്‍ത്ഥനയെ വകവയ്ക്കാതെ ഉറക്കെ അമ്മയോട് പറഞ്ഞു.
'അമ്മേ... എനിക്കിനിയും ലവ് ലെറ്റര്‍ വേണം'.
 
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന അച്ചന്‍ ഞെട്ടിയാണെന്നു തോന്നുന്നു, ഒന്ന് നിര്‍ത്തി എന്നെ നോക്കി. ഒരു നുള്ളിന്‍റെ അകമ്പടിയോടെ അമ്മ എന്നെ നോക്കി കണ്ണുരുട്ടി. പിതാമഹി 'നിന്‍റെയല്ലേ മോള്' എന്ന അര്‍ത്ഥത്തില്‍ അമ്മയെ നോക്കി. ബാക്കിയുള്ളവര്‍ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. പപ്പയെ ഞാന്‍ നോക്കാതിരുന്നത് കൊണ്ട് ആ മുഖത്തെ ഭാവമെന്താണെന്ന് കണ്ടില്ല
.
രാത്രിയില്‍ ഞങ്ങള്‍ തിരിച്ചു പോകാന്‍ റെഡിയായി. പക്ഷെ ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് ഞാന്‍ അടുക്കളയില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നും കുറെ ലവ് ലെറ്റേഴ്സ് കൂടി ഒരു പാത്രത്തില്‍ മൂടപ്പെട്ടിരിക്കുന്നതു കണ്ടെത്തി. അവയെ അങ്ങനെ ഉപേക്ഷിച്ചു പോരാന്‍ മനസ്സ് വരാതിരുന്നത് കൊണ്ട് ഞാന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി. മൂന്നു വയസ്സുകാരന്‍ അനിയനും അതേറ്റു പിടിച്ചു. കുഞ്ഞാന്‍റി ഈ സമയത്ത് ഓടിപ്പോയി രണ്ടു ലവ് ലെറ്റര്‍സ് എടുത്തു കൊണ്ട് വന്നു തന്നെങ്കിലും പപ്പയുടെ മുഖഭാവത്തില്‍ നിന്നും അത് വാങ്ങിച്ചാല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അടി ഉറപ്പാണെന്ന് മനസ്സിലായതോടെ ഞാന്‍ അതു നിരസിച്ചു. മുഖഭാവങ്ങള്‍ നോക്കി പഠിക്കാന്‍ പ്രായമാകാതിരുന്നത് കൊണ്ട് അനിയന്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു.
 
വീട്ടിലേയ്ക്കു കുറച്ചു നടക്കാനുണ്ട്. അപ്പം മേടിക്കാത്തതു കൊണ്ട് അടി കിട്ടില്ല എന്നായിരുന്നു എന്‍റെ പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ട് മുറ്റത്തേയ്ക്ക് കയറിയതെ, അവിടെ നിന്ന ഒരു പയര്‍ ചെടിയില്‍ നിന്നും ഒരു വള്ളി പൊട്ടിച്ചെടുത്ത്, എനിക്കിട്ടും അനിയനിട്ടും പപ്പാ പൊതിരെ തല്ലി. അങ്ങനെ എനിക്ക് ലവ് ലെറ്റര്‍ ചോദിച്ചതിനും അനിയന് തിന്നതിനും അടികിട്ടി. പക്ഷെ ഞാന്‍ തളര്‍ന്നില്ല. ഒരു അപ്പത്തിലുപരി ആ വാക്കിനെ ഞാന്‍ ഇഷ്ടപ്പെട്ടു. വലുതായപ്പോള്‍ സ്വന്തമായും കൂട്ടുകാര്‍ക്കുവേണ്ടിയും ലവ് ലെറ്റേഴ്സ് എഴുതി...അങ്ങനെ എഴുതി എഴുതിയാണ് ഞാനൊരു എഴുത്തുകാരി ആയത്.

You can share this post!

രാഖി റാസ്
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts