news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

സ്ത്രീയെക്കുറിച്ചുള്ള ഒരു ചര്‍ച്ചാക്ലാസ്സിനു ശേഷം അനുദിന ജീവിതത്തിലെ ഏതെങ്കിലും സംഭവത്തെക്കുറിച്ച് എഴുതാന്‍ ആനിമേറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പെണ്‍കുട്ടി എഴുതിയതിന്‍റെ ഏകദേശ രൂപമിതാണ്: പോസ്റ്റ് ഗ്രാജ്വേഷനു പഠിക്കുന്ന അവളുടെ വീട്ടിലെ മറ്റംഗങ്ങള്‍ മാതാപിതാക്കള്‍, ഏഴില്‍ പഠിക്കുന്ന സഹോദരന്‍, അഞ്ചില്‍ പഠിക്കുന്ന സഹോദരി എന്നിവരാണ്. എന്നും അത്താഴത്തിനു അപ്പനും ഇളയകുട്ടികളും തീന്‍മേശയ്ക്കു ചുറ്റുമിരിക്കും. അമ്മ ചൂടുചപ്പാത്തി കൊണ്ടുവന്നു മൂവര്‍ക്കും കൊടുക്കും. മിക്കപ്പോഴും ഏറ്റവും മൂത്ത അവള്‍ക്കും അതു കിട്ടും. പക്ഷേ, ഒട്ടുമിക്ക ദിവസങ്ങളിലും അമ്മയുടെ അത്താഴം ഉച്ചക്കു ബാക്കിവന്ന ചോറായിരിക്കും. ഇതെന്നും കാണുന്ന ഏഴാംക്ലാസ്സുകാരന്‍ വളര്‍ന്ന് ഭര്‍ത്താവായിത്തീരുമ്പോള്‍ ചൂടുചപ്പാത്തി തന്‍റെ അവകാശമാണെന്നു കരുതിപ്പോകുന്നു.  അഞ്ചാംക്ലാസ്സുകാരിയാകട്ടെ വളര്‍ന്നു ഭാര്യയായിത്തീരുമ്പോള്‍ തണുത്ത ചോറാണ് തന്‍റെ സായൂജ്യമായി കരുതുക. ആണിനെ ആണാക്കുന്നതും പെണ്ണിനെ പെണ്ണാക്കുന്നതും അവരവരുടെ ശാരീരിക പ്രത്യേകതകള്‍കൊണ്ടുമാത്രമല്ല, ഇരുവര്‍ക്കും അനുവദിച്ചുകൊടുത്തിരിക്കുന്ന വ്യത്യസ്തമായ അവകാശങ്ങള്‍കൊണ്ടും ഇരുവരില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്ന വ്യത്യസ്തമായ കടമകള്‍കൊണ്ടും കൂടിയാണ്. അതുകൊണ്ടാണ് അതിഥി വീട്ടില്‍ വരുമ്പോള്‍ അമ്മയെ അടുക്കളയില്‍ സഹായിക്കുന്നവന്‍ ശാരീരികമായി ആണായിരുന്നിട്ടും 'പെണ്ണിനെപ്പോലെ നാണം കുണുങ്ങി' എന്നു കളിയാക്കപ്പെടുന്നത്. മുന്നൂറ്ററുപത്തഞ്ചു ദിവസവും താന്‍ നില്ക്കേണ്ട ഭര്‍തൃഗൃഹം വിവാഹത്തിനു മുമ്പ് ഒന്നു കാണണമെന്ന് ഒരുവള്‍ ആഗ്രഹിച്ചാല്‍ അവള്‍ 'തന്‍റേടി'യാകുന്നതും അതുകൊണ്ടാണ്. ചിലതൊക്കെ ചിലര്‍ക്കു നിഷിദ്ധമത്രേ: ആണിന് അടുക്കള, പെണ്ണിനു സ്വന്തം ഇഷ്ടം. അതുകൊണ്ടാണ് സിമോണ്‍ ഡി ബുവ്വ പറയുന്നത്, സ്ത്രീ ജനിക്കുകയല്ല, നിര്‍മ്മിക്കപ്പെടുകയാണ് എന്ന്.

പെണ്ണിനെ (ആണിനെയും)  സമൂഹം നിര്‍മ്മിച്ചെടുക്കുന്നതുകൊണ്ട് പോളണ്ടിലെ പെണ്ണും കേരളത്തിലെ പെണ്ണും തമ്മിലുള്ള വ്യത്യാസം തൊലിയുടെ നിറത്തില്‍ മാത്രമല്ല. ഐര്‍ലണ്ടില്‍ ജോലിചെയ്യുന്ന ഒരു മലയാളിയുടെ നിരീക്ഷണമിതാണ്: പോളണ്ടില്‍ നിന്നുള്ള നഴ്സുമാര്‍ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുമ്പോഴേയ്ക്കും മറ്റു ജോലിയൊന്നുമില്ലാത്ത ഭര്‍ത്താക്കന്മാര്‍ വീട്ടുജോലികള്‍ തീര്‍ത്തുവച്ചിരിക്കും. അവരുടെ സായാഹ്നം അതുകൊണ്ട് വിശ്രമ- വിനോദ സമയമാണ്. പക്ഷേ, ഭര്‍ത്താവിനു ജോലിയില്ലെങ്കില്‍ക്കൂടി, മലയാളി നഴ്സുമാര്‍ക്കു പാതിരായാകുവോളം അടുക്കളയില്‍ പണിയെടുക്കേണ്ടി വരുന്നു. മലയാളി സ്ത്രീ സ്ത്രീയാകുന്നത് ആത്യന്തികമായും അടുക്കളപ്പണിയിലൂടെയത്രേ.

സ്ത്രീകളെക്കുറിച്ചുള്ള ധാരണ ഒരു സമൂഹത്തില്‍ നിര്‍മ്മിച്ചെടുക്കുന്നത് അവിടെയുള്ള കഥകളും ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെയാണ്. ഭര്‍ത്താവിനു കാഴ്ചയില്ലെങ്കില്‍ തനിക്കും അതു വേണ്ടെന്നുവച്ച ഗാന്ധാരിയെന്ന 'മഹിളാരത്ന'ത്തിന്‍റെ കഥ ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയും ജീവിക്കേണ്ടെന്ന ധാരണയ്ക്കു വിത്തു പാകിയിട്ടുണ്ടാകണം. ഇസഹാക്കിനെ രക്ഷിക്കാന്‍ ആടുമായി വരികയും (ഉല്‍പത്തി 22) മകളെ ബലിയര്‍പ്പിക്കുമ്പോള്‍ കണ്ണുതിരിക്കുകയും (ന്യായധിപന്മാര്‍ 11) ചെയ്യുന്ന ഒരു ദൈവത്തെ ആരാധിക്കുന്ന സമൂഹത്തില്‍ പെണ്ണു പന്നിക്കു സമാനം ചിത്രീകരിക്കപ്പെട്ടു. ഒരുമിച്ചു നടക്കാന്‍ തീരുമാനിക്കുന്ന ആദ്യദിവസംതന്നെ ഭര്‍ത്താവ് ഭാര്യയോട് "വിവേകത്തോടെ പെരുമാറണ"മെന്നും "ഭാര്യ ഭര്‍ത്താവിനു വിധേയയായിരിക്കണ"മെന്നും പഠിപ്പിക്കുമ്പോള്‍ രൂപപ്പെടുന്ന സ്ത്രീ-പുരുഷബന്ധം എത്തരത്തിലുള്ളതായിരിക്കും?
ഇവയ്ക്കു ബദല്‍ പാഠങ്ങള്‍ ക്രിസ്തു നല്കുന്നുണ്ട്. 'പെണ്ണിനെപ്പോലെ പെരുമാറരുത്'  എന്നാണ് ഇന്നും ആണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ ക്രിസ്തുവാകട്ടെ തന്നെക്കുറിച്ചുതന്നെ പറയുന്നത് കളഞ്ഞുപോയ നാണയം അന്വേഷിക്കുന്ന സ്ത്രീയെപ്പോലെയാണ് താനെന്നാണ്. ("ഞാന്‍ നല്ലയിടയനാണ്" എന്നതു മാത്രമാണല്ലോ നമുക്കു പരിചിതമായ പ്രയോഗം.) താന്‍ തള്ളക്കോഴിയെപ്പോലെയാണെന്നു മറ്റൊരിടത്ത് അവന്‍ പറയുന്നു. വിശുദ്ധയിടങ്ങളിലൊക്കെ ഇന്നും സ്ത്രീക്ക് വിലക്ക് കല്പിക്കപ്പെടുന്നു. പക്ഷേ, അവന്‍ അവരുടെ ചാരത്തേയ്ക്കു ചെല്ലുകയും അവരുമായുള്ള സൗഹൃദം ആസ്വദിക്കുകയും ചെയ്തു. ക്രിസ്തു സ്വന്തം അമ്മയെപ്പോലും വിളിച്ചത് 'സ്ത്രീയേ' എന്നാണ്. അവള്‍ ആത്യന്തികമായും സ്ത്രീയാണ്. അവള്‍ക്ക് അമ്മയാകാം, പെങ്ങളാകാം, സഖിയാകാം. പക്ഷേ അതു മാത്രമല്ല അവള്‍. പുരുഷനില്‍ നിന്നു വ്യതിരിക്തമായ വ്യക്തിത്വവും സ്വതന്ത്രമായ നിലപാടുകളും തന്‍റേതായ ജീവിതവും ഉള്ളവളാണ് അവള്‍. നല്ല അമ്മയാകുന്നതുകൊണ്ടും നല്ല പാചകക്കാരിയാകുന്നതുകൊണ്ടും മാത്രം അവള്‍ ജീവിതത്തില്‍ തികവ് അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് ക്രിസ്തു മര്‍ത്തായോട് അടുക്കളയുടെ പുറത്തേയ്ക്ക് വരാനും ആദ്ധ്യാത്മിക-ബൗദ്ധിക വ്യാപാരങ്ങളിലേര്‍പ്പെടാനും പറയുന്നത്. അവള്‍ കവിതയെഴുതേണ്ടതുണ്ട്, വായനശാലയില്‍ പോകേണ്ടതുണ്ട്, സുഹൃദ് സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്, നിലാവുള്ള രാത്രി ആസ്വദിക്കേണ്ടതുണ്ട്. പക്ഷേ ഇവിടെ സാറാ ജോസഫ് ടീച്ചര്‍പോലും പറയുന്നത് കറി വയ്ക്കുന്നതിനിടയിലാണ് കഥയെക്കുറിച്ച് ആലോചിക്കുന്നതെന്നാണ്. സൂര്യന്‍ അസ്തമിക്കുന്നതോടെ സ്ത്രീയും നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായേ മതിയാകൂ. പഞ്ചായത്തു പ്രസിഡന്‍റ് പദവി രാജിവച്ചിട്ട് സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്യൂണ്‍ പണിയിലേക്കു തിരികെപ്പോയ സ്ത്രീയെക്കുറിച്ച് നാം വാര്‍ത്ത കേട്ടിട്ട് അധിക നാളായില്ല.

മേലാള-കീഴാള ബന്ധം കീഴാളന്‍റെ മാത്രമല്ല, മേലാളന്‍റെ കൂടി ജീവിതത്തിന്‍റെ സൗന്ദര്യം ചോര്‍ത്തിക്കളയുന്നുണ്ട്. കീഴാളന്‍റെ തീന്മേശയില്‍ പങ്കുപറ്റാനോ, അയാളുടെ തോളത്തു കൈയിട്ടു നടക്കാനോ മേലാളനാകുന്നില്ല. ഇതു ആണ്‍-പെണ്‍ ബന്ധത്തിനും ബാധകമാണ്. അവളുടെ ചിരിയില്‍ പങ്കുചേരാനും അവളുടെ സൗഹൃദത്തില്‍ സ്വയം മറക്കാനും അവളുടെ കൈകോര്‍ത്തു പിടിക്കാനും അവനാകുന്നില്ല. അവളും അവനും കൂട്ടുകാരെപ്പോലെ തോളോടുതോള്‍ചേര്‍ന്നു നില്ക്കുമ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിന്‍റെ നിറവും തികവും ഇരുകൂട്ടര്‍ക്കും നഷ്ടമാകുന്നു. അവളെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ശ്രമത്തില്‍ അവനു നഷ്ടമാകുന്നത് ഒരു പുരുഷായുസ്സാണ്. ആ ശ്രമത്തില്‍ ജയിച്ചാല്‍ അവന്‍റെ ഉള്ളില്‍ നിറയുന്നത് തോല്പിച്ചവന്‍റെ ഹുങ്കാണ്. തോറ്റാലാകട്ടെ ലഭിക്കുന്നത് ക്രമം തെറ്റിയ ഒരു ജീവിതവും. ജയിച്ചാലും തോറ്റാലും നഷ്ടമാകുന്നത് സഖിത്വത്തിന്‍റെ സൗരഭ്യവും സൗന്ദര്യവുമാണ്.

സ്രഷ്ടാവിന്‍റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടത് പുരുഷന്‍ മാത്രമല്ല, സ്ത്രീ കൂടിയാണ് (ഉല്‍പത്തി 1:27). ആണും പെണ്ണും ഒരേപോലെ ദൈവത്തിന്‍റെ പൂര്‍ണ്ണതയെന്ന സാധ്യത ഉള്ളില്‍ പേറുന്നവരാണ്. ഒരുവിധ ഉച്ചനീചത്വവും ദൈവകല്പിതമല്ല. അവള്‍ക്കായി കല്പിച്ചു കൊടുത്തിരിക്കുന്ന അതിരുകളെ ബോധപൂര്‍വ്വം അവളും അവനും ഉല്ലംഘിക്കേണ്ടതുണ്ട്. ഖലീല്‍ ജിബ്രാന്‍ പറയുന്നതുപോലെ ആണു പെണ്ണും ഒരു ക്ഷേത്രത്തിന്‍റെ രണ്ടു തൂണുകള്‍ പോലെയാണ്: അധികം അകലെയാകരുത്, അധികം അടുത്തുമാകരുത്. ഇരുവര്‍ക്കും വ്യതിരിക്തമായ വ്യക്തിത്വമുണ്ട്. അവയെ പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യകുലമെന്ന ക്ഷേത്രം കരുത്തോടെ നില്ക്കുക. 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts