സന്യാസം ഒരു വ്യക്തിയെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണല്ലോ. ആത്മീയവും ശാരീരികവും മാനസികവുമായ തലങ്ങളെ സന്യാസം നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. സ്ത്രീമനസ്സ് അടിസ്ഥാനപരമായി പുരുഷമനസ്സില്‍നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിച്ചല്ലോ. ഒരാളുടെ മനസ്സിന്‍റെ സന്യാസത്തെ നയിക്കാന്‍ ഏറ്റവും നന്നായി കഴിയുന്നത് അതേ ജീവിതശൈലി ജീവിക്കുന്ന അതേ ലിംഗത്തില്‍പെട്ടവര്‍ക്കായിരിക്കും. ഒരു സന്യാസിനിയെ ആത്മീയമായി നയിക്കാന്‍ മെച്ചമായി കഴിയുന്നത് ഒരു സന്യാസിനിക്ക് തന്നെയാണ്.
സഭയില്‍ സന്യാസം രൂപപ്പെട്ടത് ആ ജീവിതശൈലി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആന്തരിക ചോദനയുടെ ബഹിര്‍സ്ഫുരണം എന്ന നിലയിലാണ്. ഇതൊരു ജീവിതശൈലി ആയതുകൊണ്ട് അവ പിന്‍പറ്റുന്ന ആത്മീയതയുടെ ചിന്താധാരയും ജീവിതത്തിന്‍റെ തനിമയുമാണ് അതില്‍ പ്രധാനം. എന്നാല്‍ സന്യാസത്തിനുമേല്‍ പൗരോഹിത്യം മേല്‍ക്കോയ്മയെടുക്കാന്‍ തുടങ്ങിയതു മുതല്‍, ഭാരതസഭയില്‍ പുരോഹിതര്‍ കൊണ്ടുനടക്കുന്ന ധാരണ സന്യാസവും പുരോഹിതര്‍ അനുഷ്ഠിക്കുന്നതു പോലെ ഒരു സഭാസേവനമാണ് എന്നാണ്. അധികാരവും തലയെടുപ്പുമുള്ള 'സേവനങ്ങള്‍' പുരോഹിതര്‍ അനുഷ്ഠിക്കും, അവരെ 'സഹായിക്കാന്‍' സന്യാസികളും സന്യാസിനികളും തയ്യാറായി വന്നുകൊള്ളണം.