news-details
കാലികം.

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ചരിത്രത്തിലെ ഏറ്റവും പരിഹസിക്കപ്പെട്ട ദൈവം ഈശോ ആണ്. പ്രത്തോറിയത്തിന് പുറത്തു അത്യന്തം അക്രമണോത്സുകമായി നിന്നിരുന്ന ഭ്രാന്തമായ ജനക്കൂട്ടത്തിനു മുന്നില്‍ ചമ്മട്ടികളാല്‍ മുറിവേല്‍പ്പിക്കപ്പെട്ട ശരീരവും, അപഹാസ്യനാകും വിധം മുള്‍ക്കിരീടവും, ചുവന്ന മേലങ്കിയും ധരിപ്പിച്ചു ദൈവപുത്രനെ അവതരിപ്പിക്കാന്‍ പീലാത്തോസ് കണ്ടെത്തിയ വാക്കുകള്‍ 'ഇതാ മനുഷ്യന്‍' (പുരുഷന്‍) എന്നതാണ്. ന്യായ വിധി മുതല്‍ കുരിശു മരണം വരെ വിവസ്ത്രനായപ്പോഴും,  മാനസികവും ശാരീരികവുമായ പീഡ സഹിച്ചപ്പോഴും പരിഹസിക്കപ്പെട്ടത് ഈശോയുടെ ആത്മീയ സ്വത്വത്തോടൊപ്പം അവന്‍റെ പൗരുഷം കൂടിയായിരുന്നു.

മധ്യകാല യൂറോപ്യന്‍ കലാകാരന്മാര്‍ ഈശോയെ മെലിഞ്ഞവനായും, കൊഴുത്തവനായും, സുമുഖനായും, ശാന്തനായും ഒക്കെ ചിത്രീകരിച്ചിട്ടുണ്ട്. കലാകാരന്മാരുടെ  അഭിരുചികളും, കാലഘട്ടത്തിന്‍റെ സാംസ്കാരിക മുന്‍ഗണനകളും ആ രചനകളെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രപുരുഷനായ ഈശോയുടെ ആകാര സൗഷ്ഠവത്തെകുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം നമുക്ക് അജ്ഞാതമാണ് എന്നിരിക്കിലും വേദപുസ്തകത്തിലെ ഈശോയെ കുറിച്ചുള്ള ഭാവാത്മക വര്‍ണ്ണനകള്‍ ഒരു പക്ഷെ നമ്മുടെ പൗരുഷ ബോധങ്ങളെ വെല്ലുവിളിക്കുന്നതാണ്.

 

ശക്തിയുടെയും അധികാരത്തിന്‍റെയും കാര്യത്തില്‍ രണ്ടാമതല്ലാത്ത യാഥാര്‍ഥ്യമായതിനാല്‍ ആണ് ദൈവം ഈശ്വരന്‍ എന്ന് വിളിക്കപ്പെടുന്നത്. ക്രൈസ്തവേതര മതങ്ങളിലെയും മിത്തോളജികളിലെയും ഈശ്വര സങ്കല്‍പ്പങ്ങള്‍ ബലിഷ്ഠകായങ്ങളായ പൗരുഷത്തെ പ്രതിനിധാനം ചെയ്യുന്നവ ആണ്. ഗ്രീക്ക്കാരുടെ ഏയ്റിസും, റോമാക്കാരുടെ മാര്‍സും, ഹിന്ദു പുരാണത്തിലെ ഇന്ദ്രനും, ശിവനും ഒക്കെ പൗരുഷത്തിന്‍റെ ആദര്‍ശരൂപം ആണ്. അതില്‍ നിന്നൊക്കെ വിഭിന്നമായ പൗരുഷ സങ്കല്പമാണ് ലോകരക്ഷകനും മനുഷ്യപുത്രനുമായ ഈശോ എടുത്തണിഞ്ഞിട്ടുള്ളത്.

 

രക്ഷകന്‍: ദുര്‍ബലമായ പൗരുഷം

ക്രിസ്തുവിനെകുറിച്ചുള്ള പ്രവചനങ്ങള്‍ ആക്കാലഘട്ടത്തില്‍ പ്രചരിതമായിരുന്ന പൗരുഷത്തിന്‍റെ വാര്‍പ്പ് മാതൃകകളില്‍ നിന്ന് അചിന്ത്യമാം വണ്ണം വിഭിന്നമാണ്. 'അഴകോ, അകാരഭംഗിയോ, ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും പരിത്യക്തനാവുകയും ചെയ്തു. അവന്‍ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു. അവന്‍ നിന്ദിക്കപ്പെട്ടു, ആരും അവനെ ബഹുമാനിച്ചതുമില്ല... അവന്‍ മര്‍ദിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്തു എന്നിട്ടും അവന്‍ ഉരിയാടിയില്ല.' എന്നാണു രക്ഷകന്‍റെ പൗരുഷത്തെ കുറിച്ച് ഏശയ്യ (53: 27) പ്രവചിച്ചിട്ടുള്ളത്.

തന്‍റെ ജീവിതം കൊണ്ടും, പഠനങ്ങള്‍ കൊണ്ടും പൗരുഷത്തിന്‍റെ അത്യന്തം വിഭിന്നമായ വീക്ഷണം ക്രിസ്തു നല്‍കുന്നുണ്ട്. ദൈവത്വം മനുഷ്യത്വം എന്നീ രണ്ടു സ്വഭാവങ്ങള്‍ ക്രിസ്തുവിന് ഉണ്ട്. ക്രിസ്തുവിന്‍റെ പൗരുഷം അവിടുത്തെ ശരീരത്തിലും ആത്മാവിലും ആണ് കുടികൊള്ളുന്നത്. പൗരുഷത്തെകുറിച്ച് ക്രിസ്തുനല്‍കുന്ന നിര്‍വചനം അവിടുത്തെ പൂര്‍ണ്ണസ്വത്വത്തെ ചൂഴ്ന്നു നില്‍ക്കുന്നതാണ്.

സ്ത്രീപക്ഷ ചിന്ത (ഫെമിനിനിറ്റി) കളോടുള്ള പ്രതികരണം എന്ന നിലയിലാണ് പൗരുഷ പഠനങ്ങള്‍ (മാസ്കുലിനിറ്റി) ആവിര്‍ഭവിച്ചത്. സ്ത്രൈണതയുമായി താരതമ്യപ്പെടുത്തി ഈശോയുടെ പൗരുഷത്തെകുറിച്ചുള്ള ഒരു ചിത്രം സൃഷ്ടിക്കാം. ഈശോ സ്ത്രീകളെ ബഹുമാനിച്ചിരുന്നു (മത്തായി 26: 13), അവര്‍ക്ക് പറയാനുള്ളത് ക്ഷമയോടും ശ്രദ്ധയോടും ശ്രവിച്ചിരുന്നു (മര്‍ക്കോസ് 7: 24-30), അവരെ അവന്‍ സഹചാരികളാക്കിയിരുന്നു (ലൂക്ക 8:2; മര്‍ക്കോ 15: 40-41). അവന്‍ സ്ത്രീകളെ ശിഷ്യകളായും (ലൂക്കാ 10: 39, 42), സുവിശേഷ പ്രചാരകരായും സാക്ഷികളെയും (യോഹ 4: 28-42; 20:17) പരിഗണിച്ചു എന്ന് മാത്രമല്ല, സ്ത്രീകള്‍ സമ്പാദിച്ച പണം കൊണ്ടാണ് ചിലപ്പോഴൊക്കെ ഈശോ തന്‍റെ ദൗത്യം നിര്‍വഹിച്ചതും (ലൂക്ക 8:3). ഈശോയുടെ പൗരുഷം അതില്‍ കലര്‍ന്നിരുന്ന സ്ത്രൈണ ഗുണങ്ങളായ അലിവ്, സഹാനുഭൂതി, കരച്ചില്‍ എന്നിവ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. താന്‍ 'ഹൃദയശാന്തതയും എളിമയും ഉള്ള ആളാണ്' എന്നു പറയുക വഴി ക്രിസ്തുതന്‍റെ പൗരുഷത്തിന് സമുന്നതമായ സ്ത്രൈണഭാവം കൂടി പകരുന്നുണ്ട്. സ്ത്രൈണഭാവങ്ങളെ പൗരുഷത്തിന്‍റെ ഭാഗമാക്കി മാറ്റുന്നത് വഴി ക്രൈസ്തവ പൗരുഷത്തിനു അചിന്ത്യവും, അനന്യവുമായ ഒരു മാതൃക ക്രിസ്തു രൂപപ്പെടുത്തുന്നു.

പൗരുഷത്തിന്‍റെ ചിരപ്രതിഷ്ഠാഭാവമായ മാത്സര്യത്തെ ഇകഴ്ത്തുകയും നിരുത്സാഹിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിന്‍റെ പുരുഷബോധത്തിന്‍റെ മുദ്രയാണ്. അഴുകിയാല്‍ മാത്രമാണ് ഗോതമ്പുമണി ഫലം പുറപ്പെടുവിക്കുന്നത് എന്നും, പിമ്പന്മാര്‍ മുമ്പന്മാര്‍ ആകുമെന്നും, ദുഖിതരെ, പീഡിതരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്നും, നിങ്ങളെ ദ്രോഹിക്കുന്നവക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും ഒക്കെ ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. തന്‍റെ നാമത്തെപ്രതി ക്രിസ്തുശിഷ്യന്മാര്‍ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യും എന്നു ക്രിസ്തു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്; എന്നാല്‍ അത് ഭാഗ്യമായി കണക്കാക്കണം എന്നും, അതിനോടുള്ള പ്രതികരണം 'ആനന്ദാഹ്ലാദ'ത്തിന്‍റേതാവണമെന്നും പറയുകവഴി നമ്മുടെ പുരുഷബോധങ്ങളെ ക്രിസ്തു വെല്ലുവിളിക്കുകയാണ്. വിചാരണ വേളയിലും കുരിശിന്‍ ചുവട്ടിലും അവനോളം പരിഹസിക്കപ്പെട്ട ദൈവമില്ല. ഇന്ന് ഈശോയുടെ പേരില്‍ ക്രൈസ്തവര്‍ പരിഹസിക്കപ്പെടുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തു പരിഹസിക്കപ്പെടുന്നില്ല, ഊതിവീര്‍പ്പിച്ച ക്രൈസ്തവ പുരുഷബോധം മാത്രമാണ് നിന്ദിക്കപ്പെടുന്നത്.

ദൈവരാജ്യം: പൗരുഷ വിഹീന രാജ്യം

ദൈവരാജ്യത്തെ കുറിച്ച് ക്രിസ്തു ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട് എങ്കിലും അവന്‍റെ ശിഷ്യന്മാരും ജനവും സാമാന്യേന വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു രാഷ്ട്രം അല്ല അതെന്നു വ്യക്തമാക്കുന്നത് വഴി ശക്തനായ ഒരു രാജാവിന്‍റെ പ്രതിച്ഛായയില്‍ നിന്ന് ക്രിസ്തു സ്വയം അന്യനാക്കുന്നുണ്ട്. 'ആരാണ് എന്നെ നിങ്ങളുടെ ന്യായാധിപനാക്കിയത്' എന്ന് മറ്റൊരിടത്ത് ക്രിസ്തു ചോദിക്കുന്നുണ്ട്. അതിനാല്‍ തന്നെ, തങ്ങള്‍ ഭാവനയില്‍ കണ്ട ഐഹിക രാഷ്ട്രത്തിലെ ഉന്നത പദവികള്‍ക്കായി ശിഷ്യന്മാര്‍ ശണ്ഠ കൂടുമ്പോഴും എല്ലാവരുടെയും ദാസരായിരിക്കുന്നതാണ് പൗരുഷം എന്ന് ക്രിസ്തു അവരെ ശാസിക്കുന്നു. ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യത്തിന്‍റെ  പ്രതീകമായി സഭയെ സ്ഥാപിക്കും എന്ന് ശിഷ്യന്മാര്‍ക്ക് വാക്കു കൊടുത്ത ഉടനെ തന്നെ ക്രിസ്തു തന്‍റെ പീഡാസഹനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. തന്‍റെ മഹത്വം താന്‍ അനുഭവിക്കാന്‍ പോകുന്ന പീഡകളോടും, അതിഹീനമായ മരണത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആ മുന്നറിയിപ്പില്‍ ക്രിസ്തു സൂചിപ്പിക്കുന്നത്. 'അങ്ങനെ സംഭവിക്കാതിരിക്കട്ടെ' എന്ന് പറഞ്ഞു പത്രോസ് അതിന് തടയിടുമ്പോള്‍ 'നിന്‍റെ ചിന്ത മാനുഷികമാണ് എന്നും, ദൈവികമായി ചിന്തിക്കാത്തത് എന്താണ്' എന്നും ചോദിച്ച് ഈശോ പത്രോസിനെ ശാസിക്കുന്നു. അങ്ങനെ ശിഷ്യന്മാര്‍ കരുതിയിരുന്ന ശക്തിയില്‍ അധിഷ്ഠിതമായ പൗരുഷ ബോധത്തെ ഉടയ്ക്കുന്നതായിരുന്നു ഈശോയുടെ ഓരോ പ്രവര്‍ത്തിയും.

ധാര്‍മ്മിക പൗരുഷം

അതെ സമയം, നൈതികതയില്‍ ഊന്നിയ വ്യക്തി പ്രഭാവത്തിലും, ആത്മ ബലത്തിലും ആണ് പൗരുഷം അടങ്ങിയിരിക്കുന്നത് എന്ന് ഈശോ സ്ഥാപിക്കുന്നുണ്ട്. വാസ്തവത്തില്‍ പുരുഷന് മാത്രം പ്രാധാന്യം കൈവരുന്ന പക്ഷപാതപരമായ പൗരുഷത്തില്‍ ഈശോ വിശ്വസിച്ചിരുന്നില്ല. മാനുഷികതയിലായിരുന്നു ക്രിസ്തു മഹത്വം കണ്ടത്. അതില്‍ പുരുഷനും സ്ത്രീയും (ഇപ്പോഴാണെങ്കില്‍ മറ്റു ലിംഗ സവിശേഷതകളുള്ള വ്യക്തികളും) തുല്യ മഹത്വം ഉള്ളവരാണ്. പൗരുഷത്തിനു വിശേഷിച്ചു എന്തെങ്കിലും മേന്മ ഈശോ കല്പിക്കുന്നതായി നമ്മുടെ ശ്രദ്ധയില്‍ പെടുന്നില്ല.

 

തന്‍റെ പൗരുഷത്തെ നിര്‍വചിക്കുന്ന ഏറ്റവും ഹൃദയഹാരിയായ സംഭവം ഈശോ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നതാണ്. അക്കാലത്തെ പാരമ്പര്യം അനുസരിച്ചു പാദം കഴുകുന്നതിനു വിവിധ അര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ രണ്ടു കാരണങ്ങളാലാണ് ക്രിസ്തു പാദം കഴുകിയത് എന്നത് വ്യക്തമാണ്. അത് ആചാരപരമോ, ആതിഥ്യ മര്യാദയോ ആയ കാരണങ്ങള്‍ ആയിരുന്നില്ല. മറിച്ചു നൈതിക ശുദ്ധിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു (യോഹ 13:10-11).

 

വിരുന്നുകളില്‍ പങ്കെടുക്കുമ്പോള്‍ അഴുക്കുപുരണ്ട കാലുകള്‍ ശുദ്ധി വരുത്തേണ്ടിയിരുന്നു. ക്രിസ്തുവാകട്ടെ, ശിഷ്യന്മാരുടെ ധാര്‍മ്മിക ബോധത്തിന്‍റെ അശുദ്ധികളെ ആണ് ക്ഷാളനം ചെയ്യുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന പീഡകളില്‍ ശിഷ്യന്മാര്‍ തന്നെ ഒറ്റിക്കൊടുക്കുമെന്നും, ഒറ്റപ്പെടുത്തുമെന്നും, തള്ളിപ്പറയുമെന്നും ഈശോ പ്രതീക്ഷിക്കുന്നു. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും വലിയ വഞ്ചനകളാണ് നടക്കാന്‍ പോകുന്നത്. ആ നൈതികശോഷണത്തെ ശുദ്ധീകരിക്കുമ്പോഴാണ് ശിഷ്യന്മാര്‍ ഉത്തമ പുരുഷന്മാര്‍ ആകുന്നതെന്ന് ഈശോക്ക് ബോധ്യമുണ്ട്. രണ്ടാമതായി പാദം കഴുകുന്നതിനുമുന്നേ തന്‍റെ ദൈവിക ഉറവിടത്തെക്കുറിച്ചുള്ള അവബോധം ക്രിസ്തുവിനെ ഭരിക്കുന്നു (യോഹ 13:3). അടിമ യജമാനന്‍റെ പാദങ്ങള്‍ കഴുകുക എന്നത് നാട്ടുനടപ്പ് ആയിരിക്കുന്ന ഒരു സംസ്കാരത്തില്‍ ദൈവികത അടിമയുടെ ഭാവംസ്വീകരിച്ചു തന്‍റെ സൃഷ്ടികളായ സാധാരണ മനുഷ്യരുടെ പാദം കഴുകുന്നു. അധികാര സംബന്ധങ്ങളുടെയും (പവര്‍ റിലേഷന്‍സ്) പൗരുഷ ബോധങ്ങളുടെയും ഉടച്ചുവാര്‍ക്കല്‍ ആണ് പാദം കഴുകല്‍ കര്‍മ്മം വഴി ക്രിസ്തു നിര്‍വഹിക്കുന്നത്.

ഭൂമിയുടെ അതിരുകള്‍ വരെ ക്രൈസ്തവര്‍ കീഴടക്കേണ്ടത് സമാധാനം ആശംസിച്ചു കൊണ്ടാണ് എന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നുണ്ട് (മത്താ 28:18-20; 10:12). അതിനു കടകവിരുദ്ധമായ പ്രതികരണം പത്രോസില്‍ നിന്ന് ഉണ്ടായപ്പോള്‍, വാള്‍ അതിന്‍റെ ഉറയിലിടുക എന്ന് ക്രിസ്തു പത്രോസിനെ ശാസിക്കുന്നു. അടി കിട്ടിക്കഴിഞ്ഞും മറുകരണം കാട്ടിക്കൊടുക്കുന്നതിലെ പൗരുഷരഹിതമായ യുക്തി പത്രോസിന് അപ്പോഴും പിടികിട്ടിയിരുന്നില്ല. കരണത്തു വീഴുന്ന അടികള്‍ നിസ്സഹായനായി സഹിക്കണം എന്ന് ഈശോ ആഗ്രഹിക്കുന്നുണ്ടാവില്ല. തന്‍റെ അന്യായ വിചാരണയുടെ അവസരത്തില്‍ ഒരാള്‍ ഈശോയെ അടിക്കുന്നുണ്ട്. തന്‍റെ വാദങ്ങള്‍ തെറ്റാണ് എങ്കില്‍ അത് തെളിയിക്കുക, അല്ലെങ്കില്‍ നീ എന്തിനാണ് എന്നെ അടിച്ചത് എന്ന് തിരിച്ചു ചോദിക്കാന്‍ ഈശോ മടിക്കുന്നില്ല. പൗരുഷം യുക്തിഭദ്രമായ പ്രതികരണങ്ങളും, സംവാദത്തിലും, അതില്‍ നിന്ന് ഉണ്ടാകുന്ന അനുരഞ്ജനത്തിലും സമാധാനത്തിലും ആണ് അടങ്ങിയിരിക്കുന്നത് എന്ന കാര്യത്തില്‍ ക്രിസ്തുവിന് സന്ദേഹമില്ലായിരുന്നു. 'ശാന്തശീലര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമിയുടെ അവകാശികള്‍ ആവും' എന്ന അനുഗ്രഹം നല്‍കുക വഴി ബലപ്രയോഗത്തിലൂടെ അല്ല വിജയം ഉണ്ടാവുന്നത് എന്ന പുതിയ ദര്‍ശനം ക്രിസ്തു മുന്നോട്ടു വെക്കുന്നു. പോരാടി നേടിയെടുക്കേണ്ട ഒന്നല്ല രാജത്വവും പൗരുഷവും എന്ന ക്രിസ്തുവിന്‍റെ നിലപാട് അല്പം പോലും മനസിലാക്കാന്‍ കേവല രാഷ്ട്രീയ അധികാരിയായ പീലാത്തോസിനും സാധിച്ചില്ല. യഥാര്‍ത്ഥ ദൈവമക്കളുടെ പൗരുഷബോധം (സ്ത്രൈണബോധവും) സമാധാനം സ്ഥാപിക്കുമ്പോഴാണ് (മത്താ 5:9) കൈവരുന്നത് എന്ന് ഈശോ അഷ്ഠസൗഭാഗ്യങ്ങ ളില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ടല്ലോ.

വിഷലിപ്തമായ പുരുഷത്വം

വിശ്വാസത്തിലും, ആത്മീയതയിലും, നൈതികതയിലും ആഴപ്പെട്ടു വളര്‍ന്നിരുന്ന കേരള ക്രൈസ്തവ സഭ കഴിഞ്ഞ കുറെ കാലങ്ങളായി അത്യന്തം വിഷമയമായ പൗരുഷബോധത്തിലേക്കു വളര്‍ന്നിരിക്കുന്നു. യഥാര്‍ത്ഥ മതബോധം തങ്ങളുടെ പൗരുഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊരു വികലമായ കാഴ്ചപ്പാട് വികസിപ്പിക്കപ്പെട്ടു കഴിഞ്ഞു. സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത വരും, തങ്ങളുടെ സമുദായബോധത്തെ സംരക്ഷിക്കാന്‍ കഴിയാത്തവരുമായ ദുര്‍ബല ശരീരപ്രകൃതി ഉള്ള പുരുഷന്മാരുടെ വിശ്വാസവും മതബോധവും ദുര്‍ബലമാണ് എന്നൊരു ചിന്ത ക്രൈസ്തവരുടെ ഇടയില്‍ വളര്‍ന്നു കഴിഞ്ഞു. ഈ ബോധത്തെ വളര്‍ത്താന്‍ കരിസ്മാറ്റിക് പ്രചാരകന്മാരുടെയും, ചില യുവ വൈദികരുടെയും പ്രബോധനങ്ങള്‍ വഴിമരുന്നു ഇടുന്നുണ്ട്.

തങ്ങളുടെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നും, അവര്‍ക്ക് സ്വയം തീരുമാനം എടുക്കാന്‍ ശേഷിഇല്ല എന്നും ആവര്‍ത്തിക്കുന്നത് തങ്ങളുടെ പൗരുഷത്തെ ഊട്ടിയുറപ്പിക്കുന്ന സംഘാത മനോബോധം വളത്തുന്നതിന്‍റെ പടികള്‍ ആണ്. തങ്ങളുടെ പൂര്‍വികര്‍ക്ക് ഉണ്ടായിരുന്നത് പോലെ തങ്ങള്‍ക്കു സമ്പത്തു ഇല്ലെന്നും, ഇപ്പോഴുള്ള യുവത ദരിദ്രരാണ് എന്നും, സമ്പത്തു ഉണ്ടാക്കാന്‍ അവര്‍ക്കു ശേഷിയും സിദ്ധിയും കുറവാണ് എന്നുള്ള രോദനവും തങ്ങളുടെ പൗരുഷത്തിന്‍റെ ക്ഷയം ആയിട്ടാണ് ചിലര്‍ കരുതുന്നത്. അവര്‍ ആഗ്രഹിക്കുന്ന വിധം സമ്പത്തു കൈകാര്യം ചെയ്യാന്‍ പുരുഷന്മാരായ തങ്ങളുടെ ശ്രേഷ്ഠ നേതാക്കന്മാര്‍ക്ക് അധികാര പിന്തുണ കൊടുക്കുന്നത് ഈ പുതിയ പൗരുഷബോധത്തിന്‍റെ പ്രത്യക്ഷ പ്രകടനം ആണ്. രാഷ്ട്രീയമായ അധികാര സ്ഥാനങ്ങളിലെ പ്രാതിനിധ്യ കുറവും പൗരുഷ ക്ഷയത്തിന്‍റെ ലക്ഷണമായി കാണുന്നു.

 

തങ്ങള്‍ക്കു ചുറ്റും പുതുതായി രൂപമെടുക്കുന്ന പൗരുഷ ബോധങ്ങളുടെ മുന്നില്‍ ഒരു സ്വത്വ സംഘര്‍ഷത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ് ക്രൈസ്തവ യുവത്വം. ഇതര മതങ്ങളിലെ പൗരുഷ ബന്ധിയായ തീവ്ര സ്വഭാവങ്ങളുടെ അഭാവം തങ്ങളെ രണ്ടാംകിട വിശ്വാസികള്‍ ആക്കുന്നു എന്നും, അത് വഴി സമൂഹത്തിലുള്ള തങ്ങളുടെ സ്ഥാനം നഷ്ടമാകുന്നു എന്നും ക്രൈസ്തവ പൗരുഷ വീക്ഷണങ്ങളോട് സമരസപ്പെടാത്ത ചിലര്‍ കരുതുകയും, തീവ്ര പൗരുഷം വികസിപ്പിക്കണം എന്ന തരത്തിലുള്ള തീവ്ര സന്ദേശങ്ങള്‍ പരസ്യമായും രഹസ്യമായും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു. പൗരുഷമെന്നാല്‍ ധീരോദാത്ത സ്ഫോടനങ്ങളിലൂടെ മനുഷ്യ ജീവനുകളെ നിഷ്ടുരമായി ഇല്ലായ്മ ചെയ്യുന്ന ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിലെ പുരുഷന്മാരുടേതോ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാമുദായിക കലാപങ്ങളിലൂടെ മനുഷ്യക്കുരുതി നടത്തുന്ന ഹൈന്ദവ ദേശീയവാദി പൗരുഷത്വമോ  ആണ് എന്ന് ക്രൈസ്തവ യുവത തെറ്റിദ്ധരിച്ചിരിക്കുന്നു. യുക്തിഭദ്രമായ സംവാദങ്ങളാണ് നൈതിക പൗരുഷത്തിന്‍റെ കാതല്‍ എന്ന ഈശോയുടെ പഠനം പാടെ മറന്ന്, അടിക്ക് അടിയാണ് ഉത്തരം എന്ന് ചില ക്രൈസ്തവ പുരോഹിത രെങ്കിലും പൊതുവേദികളില്‍ പ്രബോധിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

 

പുതിയ മനുഷ്യനായ യേശുവിലാണ് ക്രൈസ്തവ പൗരുഷം വേരൂന്നിയിരിക്കുന്നത്. ലോകത്ത്  ഇത് വരെ ആരും പ്രദാനം ചെയ്തിട്ടില്ലാത്ത സദ്ഭാവന കളുടെ പൗരുഷരൂപമാണ് ക്രിസ്തു. വിശ്വാസിയോ അവിശ്വാസിയോ ആയ ആര്‍ക്കും അനുകരിക്കാവുന്ന പൗരുഷ പ്രതിരൂപമാണ് യേശു. യേശുവിന്‍റെ സുവിശേഷം സ്വയം തെളിയിക്കുന്നതിനോ അളക്കുന്നതിനോ ഉള്ള സുവിശേഷമല്ല. അത് സ്വീകാര്യതയുടെ സുവിശേഷമാണ്; സ്വതന്ത്രമായി നാം അതിനോട് ചെയ്യുന്ന അര്‍പ്പണമാണ് സുവിശേഷ വിത്തുകള്‍ നമ്മുടെ ഉള്ളില്‍ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നത്. ഏതെങ്കിലും മതബോധം സ്വയം തെളിയിക്കപ്പെടേണ്ടത് അനാവശ്യമാണ്. ക്രൈസ്തവ മതബോധം ശക്തിയുടെ ആഘോഷമല്ല, പൗരുഷത്തിന്‍റെ ഉന്മാദം അല്ല. അത് ഹൃദയശാന്തതയില്‍ പടര്‍ത്തപ്പെടുന്ന സമാധാനം ആണ്.

You can share this post!

കര്‍ത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു

ജോയി ഫ്രാന്‍സിസ് എം. ഡി.
അടുത്ത രചന

മഠങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത്?

ജിജോ കുര്യന്‍
Related Posts