news-details
കാലികം.

കര്‍ത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു

20-ാം നൂറ്റണ്ടിലെ ഏറ്റവും അത്ഭുതകരമായ കണ്ടുപിടുത്തമാണ് സെല്‍ഫോണ്‍. സെല്‍ഫോണിന്‍റെ ആവൃതി അനന്തമായതോടെ നമ്മുടെ ശബ്ദം കേള്‍ക്കാനാവാത്ത സ്ഥലങ്ങള്‍ ഇല്ല എന്നുവന്നു. ഓഫീസില്‍ല്‍ നിന്നുവരാന്‍ ഒരു മണിക്കൂര്‍ വൈകും എന്ന് ഭാര്യയോടും പോരുമ്പോള്‍ ഒരു ബ്രഡ് വാങ്ങാന്‍ മറക്കേണ്ട, ആറ് കോഴിമുട്ടയും എന്ന് ഭര്‍ത്താവിനോടും, ശ്ശോ, ഒന്നു വിളിച്ചിട്ട് വരാമായിരുന്നില്ലോ എന്ന് ഓര്‍ക്കാപ്പുറത്ത് എത്തുന്ന അതിഥികളോട് പരിഭവപ്പെടാനും, ഇന്നത്തെ അത്താഴത്തിന് എന്താണ് സ്പെഷ്യല്‍, നീ കുളിച്ചൊരുങ്ങി നിന്നോ, ഇന്ന് സിനിമ കാണാന്‍ പോകാം... തുടങ്ങിയ കൊച്ചുവര്‍ത്തമാനങ്ങള്‍ മുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍വരെ ചര്‍ച്ച ചെയ്യാനും പങ്കുവയ്ക്കാനുമൊക്കെ ഈ കൊച്ചു യന്ത്രം നമ്മെ പ്രാപ്തരാക്കുന്നു. ഇന്നത്തെ യുവതലമുറയുടെ ലൈഫ് ലൈൻ സെല്‍ഫോണ്‍ ആണ് എന്നു തന്നെപറയാം. ഈ കോവിഡ് മഹാമാരിയുടെ ഭീതിദമായ അന്തരീക്ഷത്തില്‍പോലും വാക്കുകളില്‍ല്‍ കൂടെയും സ്ക്രീനില്‍ല്‍ തെളിയുന്ന നേര്‍ക്കാഴ്ച്ചകളിലൂടെയും വിവരങ്ങള്‍ അറിയാനും കാണാനും കേള്‍ക്കാനും ഈ സാങ്കേതിവിദ്യ നമ്മെ സഹായിച്ചു. എന്തിന്, പള്ളിയും പള്ളിക്കൂടവും പൂട്ടിയിടേണ്ടിവന്നപ്പോള്‍ സ്വന്തം വീട്ടില്‍   ദിവ്യബലിയും, വീട്ടില്‍തന്നെ ക്ലാസ്മുറികള്‍ ഒരുക്കിയതും ഈ സാങ്കേതികവിദ്യയുടെ മികവിലൂടെയാണ്.

സെല്‍ഫോണ്‍ നമ്മുടെ ഇന്ദ്രിയ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായതോടെ, അത് നമ്മുടെ മനുഷ്യ ശരീരത്തിന്‍റെ ഭാഗംതന്നെയായി മാറി. തൊടിയില്‍ പണിയുന്നവന്‍റെ തൊപ്പിപ്പാളയ്ക്കകത്തും, വല്യമ്മച്ചിയുടെ മടിയിലെ മുറുക്കാന്‍ പൊതിക്കകത്തും യുവാക്കളുടെ പോക്കറ്റിലും യുവതികളുടെ ഹാന്‍ഡ്ബാഗിലും ഇവന്‍ സ്ഥാനം കണ്ടെത്തി. കൈവശമോ അല്ലെങ്കില്‍ കൈയെത്തും ദൂരത്തോ ഈ യന്ത്രം ഇല്ലെങ്കില്‍ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ് എല്ലാവര്‍ക്കും. സെല്‍ഫോണ്‍ സര്‍വ്വവ്യാപിയും സന്തതസഹചാരിയും ആയതോടെ ഒരു പുതിയ കഴിവുകൂടി നാം സ്വായത്തമാക്കി - സെല്‍ഫോണിക്ക് സെലക്ടീവ് മ്യൂട്ടിസം (cellphonic selective mutism) എന്ന് ആ സ്വാഭാവത്തിന് പേര് നല്കാം. ഫോണ്‍ ശബ്ദിക്കുമ്പോള്‍ ശബ്ദാതി വേഗത്തില്‍ എടുത്ത് സ്ക്രീനില്‍ല്‍തെളി യുന്ന നമ്പരോ പേരോ നോക്കി വിളിക്കുന്ന ആളെ മനസ്സിലാക്കുന്നു. നിമിഷനേരം കൊണ്ട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നു. സംഭാഷണം തുടങ്ങാം, അല്ലെങ്കില്‍ ഏതാനും നിമിഷ ങ്ങള്‍ക്കുള്ളില്‍ യന്ത്രം തന്നെ പ്രതികരിച്ചോളും താങ്കള്‍ വിളിച്ച വ്യക്തി ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നോ പരിധിക്ക് പുറത്താണെന്നോ ദയവായി വീണ്ടും വിളിക്കുക എന്നോ മാന്യമായി പറഞ്ഞ് സമാധാനിപ്പിക്കാനുള്ള മര്യാദ ഈ യന്ത്രത്തില്‍ ഒരുക്കിയിട്ടുണ്ട് നമുക്ക് ഇഷ്ടപ്പെടാത്ത ആരെങ്കിലുമാണ് വിളിക്കുന്നതെങ്കില്‍ല്‍കുറച്ച് ശ്രമങ്ങള്‍ക്കുശേഷം വിട്ട്പൊയ്ക്കൊള്ളും അല്ലെങ്കില്‍ നമുക്ക് സൗകര്യപ്പെടുമ്പോള്‍ കുറച്ച് കെട്ടിചമച്ച  വിശദീകരണങ്ങള്‍ നല്കി ബന്ധം പുനഃസ്ഥാ പിക്കാം.

വൈദ്യശാസ്ത്രം 'സെലക്ടീവ് മ്യൂട്ടിസം' എന്ന് വിവരിക്കുന്നത് കുട്ടിക്കളില്‍ കാണുന്ന ഒരു സ്വഭാവ വൈകല്യത്തിനെയാണ്. ഈ വൈകല്യം ഉള്ള കുട്ടികള്‍ സുരക്ഷാബോധവും സ്നേഹവുമുള്ള അന്തരീക്ഷം ലഭിക്കുന്ന ഇടങ്ങളില്‍ സന്തോഷിക്കാനും ഉല്ലസിക്കാനും താത്പര്യം കാണിക്കും. മറിച്ച് ഭയവും ഉത്കണ്ഠയും തോന്നുന്ന ഇടങ്ങളില്‍ല്‍ അവര്‍ മിണ്ടാപ്പൊട്ടന്‍മാരാകും. ഈ വൈക ല്യത്തിന്‍റെ ചുവട് പിടിച്ചാണ്  ചിലപ്പോഴൊക്കെ നമ്മള്‍ പ്രയോഗിക്കുന്ന ഈ പെരുമാറ്റ രീതിയെ സെല്‍ ഫോണിക് സെലക്ടീവ് മ്യൂട്ടിസം എന്ന പേര് നല്കി വിവരിച്ചത്.

സെല്‍ ഫോണുകളും, ഐഫോണുകളും, ഐപ്പോഡുകളും കണ്ടുപിടിക്കുന്നതിന് വളരെ വളരെ മുമ്പ് ശീലോഹ് ദേവാലയത്തിന്‍റെ ഇടനാഴിയില്‍ എവിടെയോ ചുരുണ്ടുകൂടി കൂര്‍ക്കം വലിച്ചുറങ്ങുന്ന സാമൂവല്‍ എന്ന ഒരു 12 വയസ്സുകാരനെ ദൈവം വിളിച്ചു, സാമുവല്‍ ഒന്നല്ല, രണ്ടു, മൂന്നു തവണ. കോളര്‍ ഐഡി (caller ID) ഇല്ലാത്ത വിളി ആയതിനാല്‍ അവന്‍ വിചാരിച്ചു തന്‍റെ രക്ഷാകര്‍ത്താവും ഗുരുവുമായ ഏലി പുരോഹിതന്‍ ആണ് ഈ പാതിരായ്ക്ക് വിളിച്ചത് എന്ന്. രണ്ടുപ്രാവശ്യം വിളിപ്പുറത്ത് ചെന്നപ്പോഴും ഏലി പറഞ്ഞു ഞാനല്ല വിളിച്ചത്. അത്ര നല്ല പൗരോഹിത്യ ശുശ്രൂഷകനല്ല ഏലി എങ്കിലും, പയ്യന് നല്ലത് പറഞ്ഞുകൊടുത്തു. ഇനി അടുത്തവിളിക്ക് നീ പ്രതി കരിക്കുക, 'നാഥാ അരുള്‍ ചെയ്താലും അടിയന്‍ ഇതാ ശ്രവിക്കുന്നു.' ഏലി അല്ല വിളിച്ചത് എന്ന് മനസ്സിലാക്കിയ സാമൂവല്‍, സെലക്ടീവ് മ്യൂട്ടിസം പ്രയോഗിച്ചില്ല. ഇത് യഹോവയുടെ വിളിയാണ് എന്ന് ബോധ്യപ്പെട്ട ഏലിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് സാമുവല്‍ല്‍ ചെയ്തത്. ദൈവത്തിന്‍റെ സന്ദേശം സന്തോഷപ്രദമോ,  ആശ്വാസദായകമോ അല്ലായിരുന്നു. പൗരോഹിത്യ ശുശ്രൂഷയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ജീവിതരീതികളും ഭരണ സമ്പ്രദായങ്ങളും ആയിരുന്നു ഏലിയുടെയും ഏലിയുടെ രണ്ട് പുത്രന്‍മാരുടെയും പൗരോഹിത്യ ശുശ്രൂഷാകാലത്തിന്‍റ മുഖമുദ്ര. ഇസ്രായേല്‍ ജനത വാഗ്ദത്തഭൂമി കീഴടക്കി പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ അവര്‍ പഴയതൊക്കെ മറന്നു. അവരുടെ ജീവിതം ദൈവേഷ്ടത്തിനനുസരിച്ചല്ല, മറിച്ച് അവരുടെ തോന്ന്യാസത്തിനനുസരിച്ചായിരുന്നു. (ന്യായാധിപന്‍മാര്‍ 21:25) ദൈവം മടുത്തു. സാമുവേലിനു മുന്നറിയപ്പുനല്കി -ഞാന്‍ ഇടപെടും, പാപത്തില്‍ മുങ്ങിയ ഇവരെ ഞാന്‍ ശിക്ഷിക്കും. തുടര്‍ന്നുണ്ടായ ഫിലിസ്റ്റ്യരുമായുള്ള ഏറ്റുമുട്ടലില്‍ ഏലിയുടെ മക്കള്‍ കൊല്ലപ്പെട്ടു ഇസ്രായേല്‍ ജനതയുടെ ഏറ്റം പൂജ്യവസ്തുവായ  ഉടമ്പടി പേടകം പോലും കൊള്ളയടിക്കപ്പെട്ടു. ഈ ദുഃഖ വാര്‍ത്ത അിറഞ്ഞ ഏലി പിന്നോട്ട്  മറിഞ്ഞു വീണ് കഴുത്ത് ഒടിഞ്ഞ് മരിച്ചു. എന്നാലും നിരാശയുടെയും നിത്യ ദുരിതങ്ങളുടെയും കരകാണാക്കയത്തിലും പരമകാരുണികനായ ദൈവം തന്‍റെ ജനതയെ കൈവിടുന്നില്ല. സാമുവേലിലൂടെ ദൈവം തന്‍റെ രക്ഷാകരദൗത്യം തുടരുകയാണ്. കടന്നുപോയ ഏതാനും വര്‍ഷങ്ങളിലെ നമ്മുടെ ജീവിതരീതികള്‍ ആത്മീയമൂല്യങ്ങളുടെയും ധാര്‍മ്മിക തത്വങ്ങളുടെയും ലെന്‍സിലൂടെ ഒന്നു വിലയിരുത്തിയാല്‍ ഏലിപ്പുരോഹിതന്‍റയും മക്കളുടെയും കാലഘട്ടത്തെ അപേക്ഷിച്ച് വലിയ മേന്മ ഒന്നും ഇല്ല എന്നുമാത്രമല്ല അന്നത്തേതിനേക്കാള്‍ പതിന്മടങ്ങ് ദൈവകോപത്തിന് അര്‍ഹരാണ് നാമൊക്കെ എന്ന സത്യം ബോദ്ധ്യമാകും. ഇന്നു നാം കടന്നുപോകുന്ന ദുരനുഭവങ്ങള്‍ ദൈവം നമ്മുടെ മനസ്സാക്ഷിയിലേക്കയച്ച സെല്‍ ഫോണ്‍ സന്ദേശങ്ങള്‍ നിരാകരിച്ചു ജീവിച്ചതിന്‍റെ പരിണതഫലമാണ് എന്ന് ചിന്തിച്ചുപോയാല്‍  അതിശയിക്കാനില്ല പുതിയ നിയമത്തിലെ നമ്മുടെ ദൈവം പ്രതികാരനീതി (Retributive Justice)  നടപ്പാക്കുന്നവനല്ല എന്നതുമാത്രമാണ് സമാധാനിപ്പിക്കുന്ന ചിന്ത. ജനസമൂഹങ്ങള്‍മൊത്തത്തിലും പുരോഹിതന്‍മാരില്‍ ചുരുക്കം ചിലരും പത്തുകല്പനകളും തലപ്പെട്ടദോഷങ്ങള്‍ ഏഴും  ലംഘിക്കുന്നതിന് മത്സരിക്കുന്നതാണ്  ഇന്നത്തെ നമ്മുടെ സമൂഹത്തിന്‍റെ നേര്‍ക്കാഴ്ച.

കഴിഞ്ഞുപോയ ഏതാനും സന്ദര്‍ഭങ്ങളിലെങ്കിലും ദൈവം നമ്മുടെ മനസ്സാക്ഷിയാകുന്ന സെല്‍ ഫോണില്‍നാമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടാകും തീര്‍ച്ച. കോളര്‍ ഐഡിയില്‍ (Caller ID) കര്‍ത്താവ് എന്ന് തെളിഞ്ഞപ്പേള്‍ ഫോണ്‍ കട്ട് ചെയ്ത് തിരക്കേറിയ നമ്മുടെ ലൗകിക വ്യാപരങ്ങളില്‍ല്‍മുഴുകിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാകും എന്നതിനും തര്‍ക്കമില്ല. ഇങ്ങനെ ഒരു വിചിന്തനത്തില്‍ ഭാവനയുടെ നിറച്ചാര്‍ത്താണ് എന്ന് പുച്ഛിച്ചുതള്ളാം. പക്ഷെ കുടുംബപ്രാര്‍ത്ഥന മുടക്കിയതിനും വിശുദ്ധഗ്രന്ഥ പാരായണത്തിനു സമയം കണ്ടെത്താതിരുന്നതിനും ദൈവസ്തുതിക്കും ആരാധനയ്ക്കും കൈവന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കിയതിനും തമ്പുരാനോട് പൊറുതി പറഞ്ഞ് ജീവിതം നവീകരിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നതിന്  ആത്മാര്‍ത്ഥമായ ദൈവാശ്രയബോധം മാത്രം മതി. ഈശ്വരോപാസനയുടെ ഈ ധന്യവേളകളിലാണ് ദൈവംതമ്പുരാന്‍റെ മൃദുസ്വരം നമുക്ക് വ്യകതമായി ശ്രവിക്കാനാവുക.

ലൗകിക വ്യാപാരങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതാന്തരീക്ഷത്തില്‍ പ്രസരിപ്പിക്കുന്ന വിദ്യുത് - കാന്തിക തരംഗങ്ങളുടെ ശല്യംമൂലം  Electro Magnetic Interference – EMI) ദൈവം നമുക്ക് തനതായി നല്കുന്ന രക്ഷാകരസന്ദേശങ്ങള്‍ വ്യക്തമായെന്നുവരില്ല. ദൈവം സംസാരിക്കുന്നു, നിങ്ങള്‍ കാതോര്‍ക്കുന്നുവോ? കര്‍ത്താവേ സംസാരിച്ചാലും അടിയനിതാ ശ്രവിക്കുന്നു. എന്ന് ആത്മാര്‍ത്ഥമായി പറയാനാകുമോ അതോ കര്‍ത്താവേ നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ അടിയന്‍ ശ്രദ്ധിക്കുന്നില്ല എന്ന നിസംഗതയാണോ?

ദൈവം സംസാരിക്കുമ്പോള്‍ സാമുവേലിനെപ്പോലെ നാഥാ അരുളിച്ചെയ്താലും അടിയനിതാ ശ്രവിക്കുന്നു എന്ന് പ്രത്യുത്തരിക്കാനുള്ള ഹൃദയ നൈര്‍മല്യവും ദൈവപരിപാലനയിലുള്ള വിശ്വാസവും പൂര്‍ണസമര്‍പ്പണവുമാണ് നമ്മുടെ ജീവിതം ധന്യവും അര്‍ത്ഥപൂര്‍ണവും ആക്കിതീര്‍ക്കന്നത്. അതാണ് വിശുദ്ധഗ്രന്ഥം നല്കുന്ന സന്ദേശവും സാക്ഷ്യവും. ദൈവിക സന്ദേശങ്ങള്‍ കേള്‍ക്കുകയല്ല ശ്രവിക്കണം, (Auditio) ശ്രവണം മനനത്തിലേക്കും (Meditatio) മനനം നിദിദ്ധ്യാസനത്തിലേക്കും നയിക്കണം നിദിദ്ധ്യാസനം (Contemplatio) നമ്മെ പ്രവര്‍ത്തനോന്മു മുഖരാക്കണം. 'പ്രവൃത്തികൂടാതെയുള്ള വിശ്വാസം  നിര്‍ജ്ജീവമാണ്' എന്നാണ് പൗലോസ് അപ്പസ്തോലന്‍ റോമ 10-17 ല്‍ ഉത്ബോധിപ്പിക്കുന്നത്.

കോടമഞ്ഞില്‍ തണുത്തുവിറയ്ക്കുന്നവനോട്  സമാധാനത്തില്‍ പോകുക, നല്ലതുവരട്ടെ എന്നാശംസിച്ച് മടക്കി അയയ്ക്കുന്നവന്‍റെ വിശ്വാസം അവനു നിത്യരക്ഷയ്ക്ക് ഉതകുകയില്ല എന്നു തന്നെയാണ് അപ്പസ്തോലന്‍റെ വാക്കുകളുടെ വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും. വിശ്വാസം എന്നത് പ്രായോഗികതലത്തില്‍ അപരന് ആശ്വാസമേകുന്ന ഐ - ദൗ (I-Thou)ബന്ധത്തിലേയ്ക്ക് നയിക്കണം. അതാണ് ജീവിക്കുന്നതിലെ ക്രിസ്തീയത- (Living Christianity) ക്രിസ്തുവിനെ പിന്തുടരുക എന്നതിനര്‍ത്ഥം ക്രിസ്തു ശിഷ്യനാകുക എന്നതുതന്നെയാണ്. ശിഷ്യത്വം സമഗ്രമായ ജീവിത വ്യതിയാനത്തിനു ഉതകണം. കുടുംബജീവിതത്തിലും തൊഴിലിടങ്ങളിലും സാമൂഹ്യബന്ധങ്ങളിലും ക്രിസ്തീയമൂല്യങ്ങള്‍ വിളങ്ങിനില്ക്കുന്ന ജീവിതമായിരിക്കണം ക്രിസ്ത്യാനിയുടെ  ലക്ഷ്യം. ഞാനും, താങ്കളും, നമ്മുടെ ദൈവവും  (I, Thou  and God)  ചേര്‍ന്നൊരുക്കുന്ന മറ്റൊരു Trinitarian Dance   ആയിമാറണം ക്രിസ്തീയ ജീവിതം.   നിത്യതയോളം നീളുന്നതും ഒന്ന് ഒന്നില്‍ല്‍നിന്നും വേര്‍ തിരിക്കാനാകാത്തവിധം  മൂവരും ചേര്‍ന്നുള്ള ഒരു ആത്മീയ നൃത്തശില്പമാണ് ദൈവം ആഗ്രഹിക്കുന്ന ഇഹലോക ജീവിതം; അതുതന്നെയാണ്  Perichoresis  എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥവും..

You can share this post!

ശ്രദ്ധ

ഡോ. റോബിന്‍ മാത്യു
അടുത്ത രചന

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts