ഒറ്റപ്പെടലിന്‍റെയും, ഒറ്റപ്പെടുത്തലുകളുടെയും സമയമായിട്ട് കൊവിഡ് കാലത്തെ അടയാളപ്പെടുത്താം. സുഖപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷ ഹ്രസ്വമായ ഒറ്റപ്പെടലിന് (ഏകാന്തവാസം/ ക്വാറന്‍റൈന്‍) തയ്യാറാകാന്‍ പലരും ഹൃദയം കൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. അതേസമയം രോഗം ഉണ്ടെന്നു സംശയിക്കുന്നവരെ പരിസരത്തു പോലും അടുപ്പിക്കാനാവാത്തവിധം ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ മലയാളി സമൂഹത്തിന്‍റെ അസഹി ഷ്ണുതകളെയും, യുക്തിഹീനമായ ഭയങ്ങളെയും, സാമൂഹിക തരംതിരിവുകളെയും വെളിച്ചത്തു കൊണ്ടുവന്നു.
ഇക്കാലത്ത് ഒറ്റപ്പെട്ടുപോയ മറ്റൊരു യാഥാര്‍ഥ്യമായിരുന്നു ദൈവം. വിശ്വാസികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനായി യുക്തിവാദികള്‍ തന്ത്ര പൂര്‍വം വാര്‍ത്തെടുത്ത 'ദൈവം എവിടെപ്പോയി?' എന്ന ചോദ്യത്തിന് മുന്നില്‍ വിശ്വാസികള്‍ പതറിയപ്പോള്‍ ദൈവംപോലും ഒന്ന് പകച്ചു കാണണം. സത്യത്തില്‍ ദൈവം ദൂരെമാറി പോകുമോ? താന്‍ വിശുദ്ധീകരിച്ച ആലയത്തില്‍ നിന്നും, അവന്‍ സ്ഥാപിച്ച സഭയില്‍ നിന്നും ദൈവം തന്‍റെ സാന്നിധ്യം പിന്‍വലിക്കുമോ? കൊവിഡ് കാലത്തു വിശ്വാസികള്‍ ആലോചനാ വിഷയമാക്കേണ്ട ഒരു ചോദ്യമാണിത്.
കവോദ്, ഷെക്കിന 'കര്‍ത്താവിന്‍റെ മഹത്വം'
ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെ കുറിക്കാന്‍ പഴയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് 'കവോദ്', 'ഷെക്കിന' എന്നിവ. ഈജിപ്തില്‍നിന്ന് പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്‍റെ കൂടെ വസിക്കാനായി (കൂടെ തീര്‍ത്ഥാടനം ചെയ്യാനും) ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ ചിത്രം (പുറ.25:8;29:46) വിശ്വാസിയുടെ ഏറ്റവും വലിയ ആത്മീയ ഗൃഹാതുരത്വമാണ്. ഇത് സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന 'ഷെക്കിന' എന്ന പദം ക്രിയാരൂപത്തില്‍ 'വസിക്കുക' എന്നും, നാമരൂപത്തില്‍ 'സാന്നിധ്യം' എന്നും അര്‍ത്ഥമാക്കുന്നു. 'ഷെക്കിന' എന്നാല്‍ അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ ആവിഷ്കരണം ആണ്. അതിനാല്‍ തന്നെ അത് സ്ഥലകാല പരിമിതമാണ് (പുറ. 33:7).
'കര്‍ത്താവിന്‍റെ മഹത്ത്വം' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന കവോദ് (പുറ 29:43) ആകട്ടെ സ്ഥലകാല പരിമിതികളെ അതിശയിപ്പിക്കുന്ന 'ഭയഭക്തിജനകമായ രഹസ്യമാണ്.' മോശ താത്കാലികമായി നിര്‍മ്മിച്ച സമാഗമകൂടാരത്തിനും (പുറ. 40:34) സോളമന്‍ പണികഴിപ്പിച്ച പ്രതാപഭരിതമായ ജറുസലേം ദേവാലയത്തിനും (2 ദിന 7:2) ദൈവസാന്നിധ്യത്തിന്‍റെ പ്രാധാന്യം കൈവരുന്നത് തന്‍റെ മഹത്ത്വം -കവോദ്- കൊണ്ട് അത് നിറയാന്‍ ദൈവം കരുണയായി എന്നതിലാണ്. ദൈവത്തിന്‍റെ മഹത്ത്വം വസിക്കുന്നില്ലെങ്കില്‍ ദേവാലയം നിര്‍ജ്ജീവമായ ഒരു വാസ്തു നിര്‍മ്മിതിയായി തരംതാഴും (2 ദിന. 7:2; എസെ. 43:2-4). സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവം മനുഷ്യ നിര്‍മ്മിതമായ ആലയത്തില്‍ പാര്‍ക്കുമോ എന്ന ആശങ്ക ദേവാലയം പണിത സോളമന്‍റെ പ്രാര്‍ത്ഥനയില്‍ സ്പഷ്ടമാണ് (1 രാജ. 8: 27, 29).
ഒറ്റപ്പെടുന്ന ദൈവം.
തന്‍റെ നിത്യമായ വാസസ്ഥലമാക്കാന്‍ സീയോനെ തിരഞ്ഞെടുത്ത (സങ്കീ. 132: 13-14) കര്‍ത്താ വിന്‍റെ സാന്നിധ്യം തങ്ങളോടൊപ്പം എന്നേക്കും ഉണ്ടാവും എന്നത് ഇസ്രായേലിന്‍റെ പ്രതീക്ഷയും വിശ്വാസവും ആയിരുന്നു (നിയ. 31:8; സെഫാ. 3:17). ദൈവത്തിന്‍റെ സാന്നിധ്യത്തെ അത്ര മാത്രം ലളിതവത്കരിച്ച ഇസ്രായേല്‍ ജനത്തോടു പക്ഷെ ജെറമിയ പ്രവാചകന്‍ വഴി ദൈവം അരുളിച്ചെ യ്യുന്നു: "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം' എന്ന പൊള്ള വാക്കില്‍ ആശ്രയിക്കരുത്... അതു നിങ്ങള്‍ക്കു "മോഷ്ടാക്കളുടെ ഗുഹയോ? ഷീലോയെ പരിത്യക്തമാക്കിയ പോലെ ഞാന്‍ ജറുസലേമിനോടും ചെയ്യും" (ജറ 7: 4, 10-11, 14).
ശ്രീകോവിലും ദേവാലയവും വിശുദ്ധ നഗരവും ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ദൈവത്തെ എസെക്കിയേല്‍ പ്രവാചകന്‍ അവതരിപ്പിക്കുന്നത് ഞടുക്കത്തോടു കൂടി മാത്രമേ നമുക്കു വായിക്കാനാവു. ദൈവത്തിന്‍റെ കല്പനകളുടെ ലംഘനം അവിടുത്തെ ക്രോധം വിളിച്ചുവരുത്തും (എസെ. 5:6-8). ഇസ്രായേലിന്‍റെ തെറ്റുകള്‍ ദേവാലയത്തില്‍ നിന്ന് "ദൈവത്തെ തുരത്തുവാനുള്ള" നേതാക്കന്മാരുടെ ശ്രമം ആയി ദൈവം മനസ്സിലാക്കുമ്പോള്‍ (എസെ. 8:6) ഒറ്റപ്പെടലിന്‍റെ നോവ് അനുഭവിക്കുന്ന ദൈവത്തെ നാം കാണുന്നു. ഇസ്രായേലിന്‍റെ പൂജാഗിരികളെ തകര്‍ത്ത് (എസെ.6:3-7) തന്‍റെ സാമീപ്യം ദേവാലയത്തില്‍ നിന്നും പട്ടണത്തില്‍ നിന്നും പിന്‍വലിച്ച് (എസെ.10:4,18,23) ജനത്തെ പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിടാന്‍ ദൈവം തീരുമാനിക്കുന്നു. അങ്ങനെ കവോദ് ദൈവത്തിന്‍റെ മഹത്ത്വം ഇസ്രായേല്‍ ജനത്തെയും ജറുസലേമിനെയും ഉപേക്ഷിച്ചു പോകുന്നു!
ശരിയായ ആത്മീയത പകര്‍ന്നുനല്‍കാതെ ജനത്തെ തെറ്റിലേക്കു വലിച്ചിഴച്ച ഇസ്രായേലിന്‍റെ നേതാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും എതിരെ പ്രവചിക്കുന്നു എന്നത് എസക്കിയെലിന്‍റെ സവിശേഷത ആണ്. ആരാധനാവിധികളിലെ പോരായ്മകളെ കുറിച്ചല്ല, ആരാധനയുടെ ശ്രദ്ധാകേന്ദ്രമായ വിഗ്രഹം തന്നെയാണ് പ്രവചനങ്ങളുടെ ഉള്ളടക്കം. പുരോഹിതര്‍ കേവലം അനുഷ്ഠാന നിര്‍വഹണത്തിന്‍റെ കാര്‍മ്മികന്‍ മാത്രമല്ല, ജനത്തിന്‍റെ സുരക്ഷയും സമൃദ്ധിയും സമാധാനവും ഉറപ്പുവരുത്തേണ്ട വ്യക്തികള്‍ കൂടെയാണ് (എസെ. 34: 3-4, 8) എന്ന വലിയ വെളിപാട് എസക്കിയേല്‍ നല്‍കുന്നുണ്ട്.
ക്രിസ്തു ദൈവത്തിന്‍റെ കവോദ്.
പുതിയനിയമത്തില്‍ ക്രിസ്തു കവോദും (ഹെബ്രാ. 1:3), ഷെക്കിനയും ആണ് (യോഹ. 1:14). ദേവാലയത്തിന്‍റെ സ്ഥലകാല പരിമിതിയിലും അഗ്നി, മേഘം, തേജസ് എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളിലും മാത്രം ദൈവത്തിന്‍റെ സാമീപ്യം അനുഭവിച്ചിരുന്ന ഒരു ജനതയ്ക്ക് പച്ചയായ മനുഷ്യന്‍റെ രൂപവും ഗന്ധവും ഉള്ള ദൈവത്തിന്‍റെ മഹത്ത്വം കവോദ് ഗോചരവും അനുഭവവേദ്യവും ആക്കി ക്രിസ്തുവിന്‍റെ മനുഷ്യാവതാരം. ക്രിസ്തുവിനെ ദൈവത്തിന്‍റെ മഹത്ത്വം വ്യാപിക്കുന്ന ദേവാലയമായി ലൂക്ക അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ആദ്യ രണ്ടദ്ധ്യായങ്ങളുടെ പശ്ചാത്തലത്തില്‍ ജറുസലേം ദേവാലയം നിറഞ്ഞുനില്‍ക്കുന്നതു പോലെ തന്നെ സുവിശേഷം അവസാനിക്കുന്നതും ജറുസലേം ദേവാലയത്തിന്‍റെയും നഗരത്തിന്‍റെയും പരാമര്‍ശത്തോടെയാണ്. ക്രിസ്തുവിന്‍റെ സ്വത്വം ലൂക്കാ നിര്‍വചിക്കുന്നത് കവോദിന് തുല്യമായിട്ടാണ് (ലൂക്കാ 2:14; 19: 38). രൂപാന്തരീകരണവും (ലൂക്കാ 21:27) ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനവും (ലൂക്കാ 9 :29-31) ക്രിസ്തുവില്‍ കവോദ് പൂര്‍ണമായും അനന്യ മായും വെളിപ്പെടുന്നു എന്നതിന്‍റെ നിദര്‍ശനമാണ്.
ദൈവത്തിന്‍റെ മഹത്ത്വവുമായി അവന്‍ പൂര്‍ണ്ണമായി താദാത്മ്യപ്പെട്ടിരിക്കുന്നതിനാല്‍ (യോഹ 17: 4,22) കവോദിനുണ്ടാകുന്ന ക്ഷയം ക്രിസ്തുവിനെ അലോസരപ്പെടുത്തുന്നു (യോഹ 2:17). ദേവാലയം തന്നെ വിഗ്രഹമാകുന്ന സാഹചര്യം (യോഹ. 2:16) ക്രിസ്തു മുന്നില്‍ കാണുന്നു. പൗരോഹിത്യ ജീര്‍ണതയില്‍ ജനങ്ങളും പുരോഹിതരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നത് നിരീക്ഷിക്കുന്ന ഈശോ എസക്കിയേലിനെപോലെ ദേവാലയം ദൈവത്താല്‍ 'പരിത്യക്തമായിരിക്കുന്നു' (ലൂക്കാ 13:35) എന്ന് വിലപിക്കുന്നുണ്ട്. ദേവാലയവും അതിനോട് ബന്ധപ്പെട്ട പദവികളും ചൂഷണത്തിനുള്ള വേദികളായി മാറുമ്പോള്‍ ദൈവമഹത്ത്വം അന്യമായ ഒരു കെട്ടിടമായി ദേവാലയം അധഃപതിക്കും. ദേവാലയ ശുദ്ധീകരണം ഈശോയുടെ ജറുസലേം പ്രവേശനത്തിന്‍റെ പ്രധാന ഉദ്ദേശ്യ മാകുന്നത് അപ്പോഴാണ് (ലൂക്കാ 19:46).
സ്ഥലകാലപരിമിതി ഇല്ലാത്ത കവോദ്.
ക്രിസ്തുവിനുശേഷം പെന്തക്കൂസ്തയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ദേവാലയം (സഭ) കാലദേശങ്ങളെ അതിജീവിക്കുന്നതും ദൈവിക പ്രത്യക്ഷീകരണത്തിന്‍റെ (തെയോഫനി) നവഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതും ആത്മാവിന്‍റെ നിറവുള്ളതുമാണ്. ശ്ലീഹന്മാരുടെമേല്‍ ഇറങ്ങി വരുന്ന അഗ്നിനാവുകള്‍ കവോദിന്‍റെ പുതിയ രൂപമാണ്. വെളിപാട് പുസ്തകത്തിന്‍റെ അന്ത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പുതിയ നഗരവും, പുതിയ ദേവാലയവും ദേവാലയത്തിന്‍റെ നവീകരിക്കപ്പെട്ട വീക്ഷണമാണ് അവതരിപ്പിക്കുന്നത്. ദേവാലയം ഇല്ലാത്ത നഗരത്തെയാണ് വെളിപാടിന്‍റെ പുസ്തകം അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സര്‍വശക്തനും, ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം (വെളി 21:22). സ്ഥലകാലങ്ങളെ അതിജീവിക്കുന്ന ആരാധനാ അനുഭവം നേടുവാനും വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവത്തിന്‍റെ മഹത്ത്വത്തെ മുഖാമുഖം ദര്‍ശിക്കാനുമുള്ള ക്ഷണമാണ് ദേവാലയത്തെ കുറിച്ചുള്ള ഈ പുതിയ കാഴ്ചപ്പാട് നല്‍കുന്നത്.
ദേവാലയത്തെകുറിച്ചും കവോദിനെ കുറിച്ചു മുള്ള സങ്കല്‍പ്പങ്ങള്‍ ക്രിസ്തുവും, അപ്പസ്തോ ലന്മാരും പുനര്‍നിര്‍വചിക്കുന്നുണ്ട്. 'ആത്മാവിലും സത്യത്തിലുമാണ്' യഥാര്‍ത്ഥ ആരാധന നടക്കേണ്ടത് (യോഹ 4:23) എന്ന് ഓര്‍മ്മിപ്പിക്കുന്ന ക്രിസ്തു ദേവാലയമെന്ന ഭൗതിക ഘടനയുടെ പരിമിതികളില്‍ ആത്മീയതയെ തളച്ചിടരുത് എന്നതിനെ അനിഷേധ്യമാക്കുകയാണ്. പുതിയനിയമത്തില്‍ ക്രിസ്തു തന്നെയാണ് ദേവാലയം, അത് ദേവാല യത്തെക്കാള്‍ മഹത്തരവുമാണ് (മത്താ 12:6). 'മനുഷ്യ നിര്‍മ്മിതമായ ആലയങ്ങളില്‍ ദൈവം വസിക്കുന്നില്ല' എന്ന് സ്തേഫാനോസും (നട 7:48) പൗലോസും (നട.17:24) സധൈര്യം പ്രസംഗിക്കുമ്പോള്‍ ക്രൈസ്തവര്‍ ദൈവത്തെ ദേവാലയത്തില്‍ മാത്രം സന്നിഹിതമാകുന്ന ഒരു യാഥാര്‍ഥ്യമായി കരുതണ്ട എന്ന് അര്‍ത്ഥശങ്കക്കിട നല്‍കാതെ സ്ഥാപിക്കയാണ്. ദൈവത്തിന്‍റെ സാന്നിധ്യം കേവലം ദേവാലയത്തില്‍ മാത്രമല്ല, അവന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്ന കൂട്ടായ്മയിലും ഉണ്ട് (മത്താ 18: 20). മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും (1 കൊറി 3:16-17), സഭയും ആത്മാ വിന്‍റെ ആലയങ്ങളാണ് (2 കൊറി 6:16; എഫേ 2:21).
അങ്ങനെ നോക്കുമ്പോള്‍ ദൈവത്തിന്‍റെ മഹത്ത്വം ഇന്ന് യഥാര്‍ത്ഥത്തില്‍ കുടികൊള്ളുന്നത് വിശ്വാസികളുടെ കൂട്ടായ്മയിലാണ്. ദേവാലയം എന്ന ഭൗതിക നിര്‍മ്മിതിയില്‍ ദൈവത്തിന്‍റെ പ്രതീകാത്മക സാന്നിധ്യം ഉണ്ടെങ്കിലും അതിനു ധര്‍മ്മബദ്ധമായ (functional) ലക്ഷ്യം മാത്രമേ ഉള്ളൂ. അതെ സമയം, സ്ഥല-കാലാതിശായിയായ വിശ്വാസികളുടെ കൂട്ടായ്മ ദൈവത്തിന്‍റെ ആലയമെന്ന നിലക്ക് 'വിശുദ്ധ ജനമാകാന്‍' (1 പത്രോ. 2: 5, 9) വിളിക്കപ്പെട്ടവരും കടപ്പെട്ടവരുമാണ്.
കവോദും സഭയും.
പഴയ നിയമത്തിലേതുപോലുള്ള വിഗ്രഹങ്ങളെ ഇന്നത്തെ ക്രൈസ്തവസമൂഹം ആരാധിക്കുന്നില്ല എന്നിരിക്കിലും ആന്തരികത നഷ്ടപ്പെട്ട ആരാധനയുടെ പ്രണേതാക്കള്‍ ആയി ആരാധന തന്നെ വിഗ്രഹവത്കരിക്കപ്പെടുന്ന പ്രവണതകള്‍ ഇക്കാലത്തു കണ്ടുതുടങ്ങിയിട്ടുണ്ട്.
ജീര്‍ണതകള്‍ ഉള്ള സഭയില്‍ ദൈവം കുടികൊള്ളുന്നുണ്ടാവുമോ? പടുത്തുയര്‍ത്തുന്ന ദേവാലയങ്ങളിലോ, ബലിയര്‍പ്പണത്തിന്‍റെ മോടിയിലോ അല്ല ദൈവം പ്രസാദിക്കുന്നത് (യേശ. 1:11-20; മത്താ. 9:13). അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ദേവാലയം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെടുമല്ലോ (ലൂക്കാ 21:6).
ദൈവത്തിന്‍റെ മഹത്ത്വം സഭയില്‍ പുനരുജ്ജീ വിപ്പിക്കാനുള്ള ഏക വഴി സദ്ഫലങ്ങള്‍ പുറപ്പെടു വിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരാവുക എന്നതാണ് (യോഹ 15:8). ദൈവത്തിന്‍റെ മഹത്ത്വം ഇതരമതസ്ഥര്‍ക്ക് ദര്‍ശനീയമാകുന്നതും നമ്മുടെ സദ്പ്രവൃത്തികളുടെ വെളിച്ചം അവരുടെ മുന്നില്‍ പ്രകാശിക്കുമ്പോഴാണല്ലോ (മത്താ 5:16). ദൈവത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും, ദൈവം, പിതാവും പുത്രനും അവരില്‍ വാസം ആരംഭിക്കുകയും ചെയ്യും (യോഹ 14:23). ഫലങ്ങള്‍ പുറപ്പെടുവിക്കണമെങ്കില്‍ പിതാവിനാല്‍ വെട്ടിയൊരുക്കപ്പെടുന്ന വേദനാജനകമായ അനുഭവത്തിലൂടെ തന്നെ കടന്നു പോകണം. എന്നാല്‍ ഇതിന്‍റെ ഉത്തരവാദിത്തം വിശ്വാസി സമൂഹത്തിന്‍റയും പൗരോഹിത്യത്തിന്‍റെയും നവീകരണത്തില്‍ നിന്ന് തുടങ്ങണം എന്നാണു എസക്കിയേലും ക്രിസ്തുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
വിശ്വാസികളുടെ കൂട്ടായ്മ ദൈവത്തിന്‍റെ യഥാര്‍ത്ഥ വാസസ്ഥാനം ആണ് എന്ന നിലയില്‍ കൂട്ടായ്മ എത്രമാത്രം ശക്തവും, പാരസ്പരികത ഉള്ളതും ആകുന്നുവോ അത്രമാത്രം ദൈവത്തിന്‍റെ മഹത്ത്വം കവോദ് സഭയില്‍ ദൃശ്യമാകും. മാത്സര്യത്തിന്‍റെ ഭാഷ സംസാരിക്കുന്നതും, അസൂയ-വി ദ്വേഷാദികള്‍ സ്വഭാവത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ കാവോദ് ഉണ്ടെന്നു പറയുന്നതുതന്നെ വിരോധാഭാസം ആയിരിക്കും. എല്ലാവരും 'ഒന്നു ചേര്‍ന്ന് ദൈവവുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികള്‍' ചെയ്യുമ്പോഴാണല്ലോ നമ്മുടെ ബലികളില്‍ ദൈവം പ്രീതിപ്പെടുന്നതും, സഭയാകുന്ന ആലയം ദൈവമഹത്ത്വത്താല്‍ കവോദ് നിറയുന്നതും.