പ്ലസ്ടൂ കഴിഞ്ഞു സിനിമ പഠിക്കാന്‍ വന്നവരാണു ക്ലാസില്‍ നിറയെ. ആദ്യദിവസംതന്നെ തിയറി പഠിപ്പിക്കുന്നത് ശരിയല്ലല്ലോ. എല്ലാവരെയും പരിചയപ്പെടാനുള്ള ആഗ്രഹത്തില്‍ പൊതുവായ ചില സംസാരങ്ങള്‍. പേരും നാടുമൊക്കെ ചോദിച്ചു. ഒരു പേരുപോലും മനസില്‍ നില്‍ക്കുന്നില്ല. ആദ്യക്ലാസ് കഴിയാന്‍ ഇനിയും സമയം. എന്തു ചെയ്യും... ഇന്ന് ഒന്നും പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞ വാക്കുപാലിക്കണമല്ലോ. പുതിയ ഒരു ടാസ്ക് കൊടുക്കാമെന്നു മനസ്സു പറഞ്ഞു. ഞാന്‍ പറഞ്ഞു തുടങ്ങി. എല്ലാവരും പന്ത്രണ്ട് വര്‍ഷത്തെ പഠനമൊക്കെ കഴിഞ്ഞു വന്നതല്ലേ.. എല്ലാവരോടും ഒരേ ഒരു ചോദ്യം. "കഴിഞ്ഞുപോയ പഠനകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്ന ദിവസം, സംഭവം, അനുഭവം ഏതാണ്?" പല ഭാഷകള്‍... വിഷയങ്ങള്‍... പല പരീക്ഷകള്‍... വിജയപരാജയങ്ങള്‍... പലതും കടന്നുപോയെങ്കിലും ഏതാണ്ട് എല്ലാവരും തന്നെ പറയാന്‍ ശ്രമിച്ചതു കൂട്ടുകാരുകൂടി മരച്ചുവട്ടിലിരുന്നു ഭക്ഷണം കഴിച്ചതും ഓട്ടവും ചാട്ടവും പാട്ടും നാടകവുമൊക്കെയായി കലാകായിക മത്സരങ്ങള്‍ക്കും മറ്റും തയ്യാറെടുത്തതുമാണ്.
ഒരു അധ്യാപകന്‍റെ റോളില്‍ കുട്ടികള്‍ക്കു മുന്നില്‍നിന്ന ഞാന്‍ എന്നോട് തന്നെ ആദ്യം ചോദിച്ചു... പിന്നെ അവരോടും ചോദിച്ചു. കൂടുതലും സമയം ക്ലാസ് റൂമുകളില്‍ ആയിരുന്നില്ലേ, കുറെ അറിവ് സമ്പാദിച്ചില്ലേ, നല്ല മാര്‍ക്ക് കിട്ടിയില്ലേ, പത്രത്തിലും കവലയിലെ ട്യൂഷന്‍ സെന്‍ററിന്‍റെ മുന്നിലെ ഫ്ളക്സ്ബോര്‍ഡിലുമൊക്കെ പടം അടിച്ചുവന്നില്ലേ. പിന്നെന്തേ അതൊന്നുമോര്‍ക്കാതിരുന്നത്? നല്ല ഓര്‍മകള്‍ക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. ഹൃദയത്തിലാവും അവയുടെ സ്ഥാനം. ഹൃദയത്തിന്‍റെ അങ്ങ് വടക്കു കിഴക്കേ അറ്റത്ത് മറ്റാര്‍ക്കും കടന്നുചെല്ലാനാവാത്ത ഏതോ കോണില്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍മകളായി സ്ഥാനം പിടിക്കും. ഹൃദയമിടിപ്പിനൊപ്പം അതും അങ്ങനെ ചലിച്ചുകൊണ്ടേയിരിക്കും. ഞരമ്പുകളിലൂടെ ശരീരത്തെയും മനസ്സിനെയും അവ ചലിപ്പി ച്ചുകൊണ്ടുമിരിക്കും.
ഇടവകകളിലെ വാര്‍ഡുതല പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ വാര്‍ഷികങ്ങള്‍ നടത്തുക പതിവാണ്. കിട്ടാവുന്നതില്‍ നല്ല വിശിഷ്ടാതിഥികളും അവരുടെ പ്രഭാഷണങ്ങളും കഴിഞ്ഞകാലങ്ങളിലായി ചെയ്ത ഒട്ടനവധി കാര്യങ്ങളുടെ റിപ്പോര്‍ട്ട് അവതരണവും കുറെ കലാപരിപാടികളുമൊക്കെയായി ഏതാണ്ട് ഒന്നര-രണ്ട് മണിക്കൂര്‍ നീളുന്ന പരിപാടികള്‍. മിക്കപ്പോഴും ഈ ആഘോഷപരിപാടികള്‍ അവസാനിക്കുന്നത് ഭക്ഷണത്തോടെയുമായി രിക്കും. പതിവുപോലെ ഞാന്‍ മൈക്ക് എടുത്തു. ഈ വര്‍ഷത്തെ പരിപാടികളൊക്കെ നന്നായിരുന്നു എന്ന നല്ല വാക്കുകള്‍ക്കു ശേഷം എന്‍റെ ചോദ്യം.. "എല്ലാര്‍ക്കും സുഖാണോ... ദേ നമ്മള്‍ ഇങ്ങനൊരു ആഘോഷം കൂട്ടായ്മതലത്തില്‍ സംഘടിപ്പിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഈ ഒരുവര്‍ഷത്തിനിടയില്‍ പലകാര്യങ്ങള്‍ സംഭവിച്ചു. കുറേപേര്‍ നമ്മെ വിട്ടുപിരിഞ്ഞു. കുറച്ചുപേര്‍ കൂടിച്ചേര്‍ന്നു. ചെറുതും വലുതുമായ പല പല കാര്യങ്ങള്‍. ഏതൊക്കെ കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. നമ്മളെല്ലാവരും പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ കൂട്ടായ്മ വാര്‍ഷികം എവിടെവച്ചാ നടന്നതെന്ന് ഓര്‍ക്കുന്നുണ്ടോ? അതില്‍ പ്രധാന സന്ദേശം നല്‍കാന്‍ വന്നതാരെന്ന് ഓര്‍ക്കുന്നുണ്ടോ? അതിലെ പ്രധാന പരിപാടികള്‍ ഓര്‍ക്കുന്നുണ്ടോ?" എല്ലാവരും എന്തൊക്കെയോ ഓര്‍ക്കുന്നുണ്ട്. എല്ലാവരും ഓര്‍ക്കുന്നത് പലകാര്യങ്ങളാണ്. എന്നാല്‍ എതാണ്ട് എല്ലാവരും ഓര്‍ത്തിരിക്കുന്ന ഒരു കാര്യമുണ്ട്, അന്ന ത്തെ ഭക്ഷണം. ഇതിനര്‍ത്ഥം എല്ലാവരും ഭക്ഷണ പ്രിയരാണെന്നോ, കൊതിയന്മാരാണെന്നോ അല്ല. മറിച്ച് ആ ഭക്ഷണം എല്ലാവര്‍ക്കും നാവിന്‍തുമ്പിലെ രുചിയുടെ ആസ്വാദനത്തെക്കാള്‍ ഹൃദയത്തെ ചലിപ്പിക്കുന്ന അനുഭവമായിരുന്നു എന്നാണ്.
കോവിഡ്കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളിലും കുട്ടികള്‍ക്ക് അറിവുകൊടുക്കണം എന്നു കരുതി അധ്യാപകര്‍ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നുണ്ടായിരുന്നു. സണ്‍ഡേക്ലാസിലെ ചെറിയ ക്ലാസുകളിലൊന്നില്‍ നല്ല സമരിയാക്കാരന്‍റ ഭാഗമായിരുന്നു പഠിക്കാന്‍. കുട്ടികളുടെ ഭാവഭേദങ്ങളറിയാന്‍ കഴിയാതെ കമ്പ്യൂട്ടറിന്‍റെ സ്ക്രീനിലും ക്യാമറയിലും നോക്കി ടീച്ചര്‍ നന്നേ കഷ്ടപ്പെട്ടു പരമാവധി ദൃശ്യഭാഷയില്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു. പലതും കേട്ടും കേള്‍ക്കാതെയും ഗ്രഹിച്ചും ഗ്രഹിക്കാതെയും ക്ലാസു കഴിഞ്ഞു. മക്കളേ നിങ്ങളിന്ന് പഠിച്ചതെന്താണെന്ന് ആരെങ്കിലും ചോദി ച്ചാല്‍ അവര്‍ അതിന് എങ്ങനെ ഉത്തരം പറയുമോ ആവോ. എന്നാല്‍ ക്ലാസില്‍ അധ്യാപകന്‍ ആ പാഠഭാഗം വായിപ്പിച്ച കുട്ടികളും പണ്ടെപ്പൊഴോ നല്ല സമരിയാക്കാരനെ ഈ അധ്യാപകന്‍റെ സഹായത്തോടെ രംഗത്ത് അവതരിപ്പിച്ച കുറച്ച് കുട്ടികളും അതു കണ്ടവരും ഉത്തരം പറയാന്‍ സാധ്യതയുണ്ട്. കാരണം, വെറും കേള്‍വിയേക്കാള്‍ നല്ല സമരിയാക്കാനെ രംഗവേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ ലഭിച്ച കാഴ്ചയുടെ അനുഭവവും രംഗത്ത് അവതരിപ്പിച്ചവര്‍ അതിന്‍റെ പിന്നാമ്പുറങ്ങളില്‍ വിയര്‍പ്പൊഴുക്കിയ പരിശീലനത്തിന്‍റെ അനുഭവകഥകളും നല്ല സമരിയാക്കാരനെ അവര്‍ പോലും അറിയാതെ പകര്‍ത്തിയിട്ടുണ്ടാവും. അങ്ങനെ നല്ല സമരിയാക്കാരന്‍ അവരുടെ ഹൃദയത്തെ ചലിപ്പിക്കുന്ന അനുഭവമായി.
പരിചയപ്പെടലും കുശലം പറച്ചിലും അവസാനിപ്പിച്ച് ചലച്ചിത്രക്ലാസുകളുടെ ആദ്യമണിക്കൂറി ലേയ്ക്ക് കടക്കുമ്പോള്‍ മുന്നില്‍ കണ്ണും മിഴിച്ച് സിനിമ സ്വപ്നം കണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ അധ്യാപകര്‍ വരച്ചുചേര്‍ക്കാന്‍ ശ്രമിക്കുന്നത് ഇതാണ്. 'ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരോ ചിത്രവും. ഒരോ കാഴ്ചയും'. ഒരു കാഴ്ച തന്നെ ശക്തമാണെങ്കില്‍; ഒന്നിലധികം കാഴ്ചകള്‍ (ദൃശ്യങ്ങള്‍, ചിത്രങ്ങള്‍) ഉണ്ടാകുമ്പോള്‍ കാഴ്ചകളുടെ എണ്ണം കൂടുമ്പോള്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന ഭാഷയും ആശയവും ശക്തമായിക്കൊണ്ടിരിക്കും.
അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നതുപോലെ, വാക്കുകള്‍ ചേര്‍ന്ന് വാക്യങ്ങള്‍ രൂപപ്പെടുന്നതുപോലെ, കാഴ്ചകളുടെ കൂടിച്ചേരലുകള്‍, ആവര്‍ത്തനങ്ങള്‍, ഇടകലര്‍ത്തലുകള്‍, കാഴ്ചയുടെ ഭാഷ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് വ്യത്യസ്തമായി നില്‍ക്കുന്നവപോലും മറ്റൊന്നിനോട് കൂടിച്ചേരുമ്പോള്‍ വ്യത്യസ്തമായ അര്‍ത്ഥങ്ങളും ആശയങ്ങളും ഉരുത്തിരിയുന്നത്.
ഉദാഹരണത്തിന് കൃത്യമായി ഏതു ഭാവമാണെന്നു തിരിച്ചറിയാത്ത ഒരു മുഖത്തോട് ഓരോ തവണയും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ ഓരോ തവണയും ആ മുഖത്തിന് വ്യത്യസ്തഭാവങ്ങളും അര്‍ത്ഥവും കിട്ടിക്കൊണ്ടിരിക്കും.
വാക്കുകള്‍കൊണ്ടെന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാഷകൊണ്ട് പറഞ്ഞിട്ടുള്ളവരാണ് പലരും. യഥാര്‍ത്ഥ ജീവിതങ്ങളില്‍ ഹൃദയത്തെ ചലിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കു പിന്നില്‍ നാടകത്തിലേതുപോലെ കടുകട്ടി ഭാഷാപ്രയോഗങ്ങളോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ഒന്നും ഉണ്ടാവില്ല. അതു പലതും നിശ്ശബ്ദവും അധികം ചലനങ്ങളുപോലുമി ല്ലാത്ത കാഴ്ചകളാകാം. മുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ങനെ പലരും പറയുന്നത് കേട്ടിട്ടുണ്ട് "അധികം വാചകമൊന്നുമടിക്കണ്ട, പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്"!
വിശുദ്ധ ഗ്രന്ഥത്തിന്‍റെ അകമ്പടിയില്‍ അവസാനി പ്പിക്കാന്‍ ഒരു ഇഷ്ടം. അവന്‍ പറഞ്ഞതും അവനെപ്പറ്റി പറഞ്ഞതുമെല്ലാം അവന്‍ ജീവിച്ച് ... ചെയ്ത് കാണിച്ചു. അതുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥം വായിച്ചു തുടങ്ങുമ്പോഴേ പല ചിത്രങ്ങളും മനസില്‍ നുരഞ്ഞുപൊന്തുന്നത്. പലതും പലരിലൂടെയും ഇന്നിന്‍റെ കാഴ്ചകളായി രൂപമാറ്റം സംഭവിച്ചതും. അവരൊക്കെയും കുരിശിനും... കുരിശോട് ചേര്‍ന്ന് ഇല്ലാതായവനും ഇക്കാലഘട്ടത്തില്‍ പുതിയ മുഖവും, പുതിയ കാഴ്ചകളും നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. പൂജ്യമെന്ന കാഴ്ച ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള കാഴ്ചകളുടെ പിന്നാലെ ചേരുമ്പോള്‍ വലിയ എന്തൊക്കെയോ അര്‍ത്ഥങ്ങള്‍ കിട്ടുന്നതുപോലെ. ജീവിതത്തിലെ, എണ്ണിത്തീര്‍ക്കാനാവാത്ത ഓരോ ഫ്രെയിമും, പറഞ്ഞതൊക്കെയും ജീവിച്ച് കാണിച്ചവന്‍റെ ജീവിതത്തോട് ചേരുന്നതാ വട്ടെ. അവിടെ ആ കാഴ്ചകള്‍ ആരുടെയെങ്കിലുമൊക്കെ ഹൃദയങ്ങളില്‍ മറക്കാത്ത കാഴ്ചകളുമാവും... തീര്‍ച്ച.
ഫാ. ലൈജു കണിച്ചേരില്‍ (മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി)